+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

എൻആർസിയും മോദി ഇന്ത്യയിലെ മുസ്ലിംകളും

“ഏതാണ്ടെല്ലാ മതങ്ങൾക്കും അവരുടേതായ വർഗീയത ഉണ്ടെങ്കിലും ഹിന്ദു വർഗീയത കൂടുതൽ വിനാശകരമാണ്, കാരണം അതിന് ദേശീയതയുടെ മുഖംമൂടി അണിയാനും എല്ലാവിധ എതിർപ്പുകളെയും ദേശവിരുദ്ധമായി വരുത്തി തീർക്കാനും കഴിയും”

ഇന്ത്യയിലെ സോഷ്യലിസ്റ്റ് ആചാര്യൻ ആയിരുന്ന ജയപ്രകാശ് നാരായണന്റെ വാക്കുകളാണിത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ജെപിയുടെ വാക്കുകളുടെ നേർസാക്ഷ്യങ്ങളാണ് ഇന്ത്യ മഹാരാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ ഫാസിസം ഫണം വിടർത്തിയിരിക്കുന്ന സമകാലിക ഇന്ത്യയിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും മുസ്ലീങ്ങൾ അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.രാജ്യം ഭരിക്കുന്ന ബിജെപിയുടെ പാർലമെന്റ് അംഗങ്ങളിൽ (ലോക്സഭയിലും രാജ്യസഭയിലുമായി 400 ലധികം എംപിമാർ) ഒരു മുസ്ലിം നാമധാരി പോലുമില്ല എന്നതിൽ നിന്ന് സംഘപരിവാർ ഭരണകൂടത്തിന്റെ മുസ്ലിംകളോടുള്ള ‘അയിത്തം’ മനസ്സിലാക്കാം.വ്യാപകമായ വിദ്വേഷ പ്രചാരണങ്ങൾ, ഗോവധത്തിന്റെ പേരിൽ അരങ്ങേറുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, മുത്വലാഖ് യുഎപിഎ കരിനിയമങ്ങൾ, കാശ്മീരിലെയും ലക്ഷദ്വീപിലെയും പ്രശ്നങ്ങൾ,അയോധ്യയിലെ രാമക്ഷേത്രം തുടങ്ങി മുസ്ലിം വിരുദ്ധതയുടെ ഭാഗമായി മോദി ഇന്ത്യയിൽ സംഭവിച്ച കാര്യങ്ങൾ നിരവധിയാണ്.ഏറ്റവും ഒടുവിൽ എൻആർസിയും ഏക സിവിൽ കോഡും നടപ്പിലാക്കാനിരിക്കുമ്പോൾ രാജ്യത്ത് മുസ്ലീങ്ങളുടെ അസ്ഥിത്വം വരെ ചോദ്യം ചെയ്യപ്പെടുകയാണ്.

വിദ്വേഷ പ്രചരണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും
                  2014ൽ നരേന്ദ്രമോദി അധികാരത്തിലെത്തിയത് മുതൽ രാജ്യത്തെ മുസ്ലീങ്ങൾക്കെതിരെ നിരന്തരമായ വർഗീയ – വിദ്വേഷ പ്രചരണങ്ങളാണ് നടക്കുന്നത്.കഴിഞ്ഞമാസം
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗം രേഖപ്പെടുത്തുന്ന വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഇന്ത്യാ ഹേറ്റ് ലാബ് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, 2023-ൽ മാത്രം മുസ്ലീങ്ങളെ ലക്ഷ്യമിട്ട് 668 വിദ്വേഷ പ്രസംഗ സംഭവങ്ങളാണ് ഇന്ത്യയിൽ അരങ്ങേറിയത്. അതിൽ 75 ശതമാനവും(498) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു.അതുപോലെ 36%വും മുസ്ലിംകൾക്കെതിരെ നേരിട്ടുള്ള കലാപാഹ്വാനമായിരുന്നു എന്നും കണക്കുകൾ പറയുന്നു.പരിപാടികളിൽ 216 എണ്ണവും സംഘടിപ്പിച്ചത് വിഎച്ച്പി,ബജറംഗ്ദൾ തുടങ്ങി തീവ്ര ഹിന്ദുത്വ സംഘടനകളായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.

                                      പ്രധാനമന്ത്രിയടക്കമുള്ള ചെറുതും വലുതുമായ ബിജെപി,സംഘപരിവാർ നേതാക്കളെല്ലാം വിദ്വേഷ പ്രചരണത്തിൽ ഭാഗവാക്കായിട്ടുണ്ട്.ഗോവധം,ലൗ ജിഹാദ് അടക്കമുള്ള വിവിധതരം ജിഹാദുകൾ,പള്ളി- മദ്രസ പോലെയുള്ള മതസ്ഥാപനങ്ങൾ,വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർത്ഥികൾ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതലായും വിദ്വേഷ പ്രചാരണങ്ങൾ അരങ്ങേറിയത്. ഗോമാംസം കഴിക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകുക,മുസ്ലിംകളുടെ വ്യാപാരസ്ഥാപനങ്ങൾ ബഹിഷ്കരിക്കുക,സർക്കാർ സർവീസിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കുക തുടങ്ങിയവ മുസ്ലിംകൾക്കെതിരെയുള്ള വിഷം ചീറ്റലുകളിൽ ചിലത് മാത്രമാണ്.പലപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണ വേദികളും റാലികളുമായിരുന്നു വിദ്വേഷ പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. തെരഞ്ഞെടുപ്പ് ഗോദയിൽ ഹിന്ദു വർഗീയ കാർഡിറക്കുന്ന ബിജെപി നേതാക്കളുടെ പ്രധാന തുറപ്പ് ചീട്ടാണ് മുസ്ലിംകൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങൾ.ഒരുവേള ജനാധിപത്യത്തിന്റെ ശ്രീകോവിൽ ആയ പാർലമെന്റ് വരെ വിദ്വേഷ പ്രസംഗത്തിന് സാക്ഷിയായി. കഴിഞ്ഞവർഷം പാർലമെന്റിൽ പ്രസംഗിക്കവേ ബിജെപിയുടെ രമേശ് ബിദോരി ബി എസ് പി അംഗമായ ഡാനിഷ് അലിക്കെതിരെ തുടങ്ങി വാക്കുകൾ ഉപയോഗിച്ചാണ് വിഷം ചീറ്റിയത്.അതുപോലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നടക്കുന്ന ഹിന്ദുക്കളുടെ മതപരമായ ചടങ്ങുകളേയും ഘോഷയാത്രകളെയും പലപ്പോഴും തങ്ങളുടെ വിദ്വേഷ പ്രസംഗങ്ങളിലൂടെ സംഘപരിവാർ കലാപാഹ്വാന വേദിയാക്കി മാറ്റി.ഏറ്റവും വലിയ സംസ്ഥാനവും ഏറ്റവും കൂടുതൽ മുസ്ലിംകൾ താമസിക്കുന്ന സംസ്ഥാനവുമായ ഉത്തർപ്രദേശിൽ വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തന്നെയാണ്.യോഗിക്ക് പുറമേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ,ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി തുടങ്ങിയവരും വിദ്വേഷം വിളമ്പുന്നതിൽ ഒട്ടും മോശക്കാരല്ല. 2014 ന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും രക്തപങ്കിലമായ കലാപമായ 2020ലെ ഡൽഹി കലാപത്തിന് മുഖ്യ കാരണമായത് ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ പ്രസംഗമായിരുന്നു.ഏറ്റവുമവസാനം ഹരിയാനയിലെ നൂഹിൽ നടന്ന കലാപത്തിന് പിന്നിലും പ്രവീൺ തൊഗാഡിയ അടക്കമുള്ള വിഎച്ച്പി നേതാക്കളുടെ വിഷം ചീറ്റുന്ന വാക്കുകളായിരുന്നു. നേതാക്കളുടെ വർഗീയ പ്രസംഗങ്ങൾക്ക് പുറമേ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചും മുസ്ലിംകൾക്കെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങളാണ് സംഘപരിവാർ നടത്തുന്നത്. മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ വേണ്ടി മാത്രം നൂറുകണക്കിന് യൂട്യൂബ് ചാനലുകളും ഫേസ്ബുക്ക്,ട്വിറ്റർ അക്കൗണ്ടുകളുമാണ് സംഘപരിവാർ നേതൃത്വത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.വെറുപ്പിന് ശ്രോതാക്കളാകാൻ പ്രേക്ഷകർ കൂടുമെന്നതിനാൽ റേറ്റിംഗ് കൂട്ടാൻ വെറുപ്പുൽപാദനത്തിന് മത്സരിക്കുകയാണ് ഇന്ത്യയിലെ പല മാധ്യമങ്ങളും.

                                     വിദ്വേഷ പ്രചാരണങ്ങളോടൊപ്പം തന്നെ എണ്ണേണ്ടതാണ് ഇന്ത്യയിൽ സമീപവർഷങ്ങളിലായി വർദ്ധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ.ഗോവധം ആരോപിച്ചും ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ടും അരങ്ങേറിയ ഇത്തരം കൊലപാതകങ്ങളിൽ ഇരയാക്കപ്പെട്ടതിൽ ബഹുഭൂരിഭാഗവും മുസ്ലിംകളായിരുന്നു.ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ്,രാജസ്ഥാനിലെ പെഹ്ലുഖാൻ, ഹരിയാനയിലെ ഹാഫിള് ജുനൈദ് തുടങ്ങി നൂറുകണക്കിന് ജീവനുകളാണ് മോദി ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ ഹോമിക്കപ്പെട്ടത്.പലപ്പോഴും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഇത്തരം കൊലപാതകങ്ങളുടെ ദൃശ്യങ്ങൾ പ്രതികൾ തന്നെ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക വരെ ചെയ്തു! ഗോരക്ഷാസേനയുടെയും മറ്റും പേരിൽ പ്രവർത്തിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിലെ പ്രതികൾക്ക് ലഭിക്കുന്ന ലജ്ജിപ്പിക്കുന്ന സാമൂഹ്യ – രാഷ്ട്രീയ പിന്തുണയാണ് ഇതിന് കാരണം.ആള്‍ക്കൂട്ടആക്രമണത്തിനെതിരെയുള്ള രാഷ്ട്രീയ പ്രതികരണം ഒന്നുകില്‍ നിശബ്ദതയോ അല്ലെങ്കില്‍ ഹിംസയെ അനുകൂലിക്കുന്നതോ ആണ്.

മുത്വലാഖ്,യുഎപിഎ കരിനിയമങ്ങൾ
                       രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയ ഉടനെ മുസ്ലിംകളെ ലക്ഷ്യമിട്ടു കൊണ്ടുവന്നതായിരുന്നു മുത്വലാഖ് നിരോധന നിയമവും യുഎപിഎ നിയമത്തിലെ ഭേദഗതിയും. 2019 ഓഗസ്റ്റ് മാസം കേന്ദ്രസർക്കാർ പാർലമെന്റിൽ കൊണ്ടുവന്ന ഓർഡിനൻസ് പ്രകാരം ഒരുമിച്ചു മൂന്ന് തവണ ത്വലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും ചുമത്തും.ബിൽ പാർലമെന്റ് സമിതിയുടെ പരിശോധനക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ച്,ചർച്ചക്ക് പോലും അവസരം നൽകാതെ ഒറ്റയിരിപ്പിൽ തന്നെ ഓർഡിനൻസ് പാസാക്കിയെടുക്കുകയായിരുന്നു കേന്ദ്രസർക്കാർ ചെയ്തത്.രാജ്യത്തുടനീളം മുസ്ലിം സമുദായത്തിലെ സ്ത്രീകളൊന്നടങ്കം മുത്വലാഖ് ഭീതിയിലാണ് എന്ന് തോന്നിപ്പിക്കാനായിരുന്നു ഈ തിടുക്കം കാട്ടിയത്.‘ദോശ കരിഞ്ഞതിനും ചപ്പാത്തി ഉണങ്ങിയതിനും വരെ മൊഴി ചെല്ലുന്നവരാണ് മുസ്ലിംകൾ’ എന്നായിരുന്നു ഓർഡിനൻസ് അവതരിപ്പിച്ചുകൊണ്ട് അന്ന് കേന്ദ്ര നിയമമന്ത്രിയായിരുന്ന രവിശങ്കർ പ്രസാദ് പറഞ്ഞത്.ലിംഗനീതിയുടെയും തുല്യതയുടെയും വിജയമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ബിജെപി ഇട്ട ചൂണ്ടയിൽ കുടുങ്ങി ‘നല്ലത് ആരു ചെയ്താലും അംഗീകരിക്കണമെന്ന മട്ടിൽ’ പല പ്രതിപക്ഷ പാർട്ടികളും ബുദ്ധിജീവികളും വരെ നിയമത്തെ അനുകൂലിച്ചു.മോദിയും കൂട്ടരും മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ ആത്മാർത്ഥമായൊരു സമീപനം സ്വീകരിക്കുമെന്ന് തോന്നിയ അവരുടെ മനസ്സിന്റെ ‘നിഷ്കളങ്കത’യെ ലജ്ജാകരം എന്നേ വിശേഷിപ്പിക്കാനാവൂ.കാരണം ഗുജറാത്തിലും മറ്റു കലാപവേളകളിലും മുസ്ലിം സ്ത്രീകളോട് സംഘപരിവാർ കാണിച്ച ക്രൂരത നമ്മുടെ മുന്നിലുണ്ട്. അവർ മുസ്ലിം സ്ത്രീകളെ രക്ഷിക്കാൻ നിയമം നിർമ്മിക്കുന്നു എന്ന് പറയുന്നത് ചെന്നായ ആട്ടിൻകുട്ടിയെ പ്രണയിക്കുന്നു എന്ന് പറയും പോലെ പരിഹാസ്യമാണ്. മാത്രമല്ല രാജ്യത്ത് മുസ്ലിം സ്ത്രീകളെക്കാളേറെ എത്രയോ ഹിന്ദു സ്ത്രീകൾ മൊഴിചൊല്ലപ്പെടുന്നുണ്ട്.അവരുടെ കാര്യത്തിലൊന്നുമില്ലാത്ത ശ്രദ്ധയും ആശങ്കയും മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ മാത്രം ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാണ്.വിവാഹം സംബന്ധിച്ച് ഇസ്‌ലാമിക ശരീഅത്തിന്റെ കാഴ്ചപ്പാട് കാലഹരണപ്പെട്ടതും സ്ത്രീവിരുദ്ധവുമാണെന്ന് വരുത്തിത്തീർക്കുക,മുസ്ലിം യുവാക്കളെ സംശയമുനയിൽ നിർത്തുകയും അന്യായമായി ജയിലിലടക്കുകയും ചെയ്യുക എന്നിവയാണ് മുത്വലാഖ് നിയമത്തിന് പിന്നിലെ സംഘ്പരിവാർ ഒളിയജണ്ടകൾ.ഇതോടെ സ്ത്രീയുടെ സ്വഭാവദൂഷ്യം കൊണ്ട് സംഭവിക്കുന്ന വിവാഹമോചനങ്ങളിൽ പോലും ഭർത്താവ് പ്രതിയാക്കപ്പെടും. മാത്രമല്ല ഭർത്താവിന്റെ സ്വഭാവദൂശ്യമോ മറ്റോ കാരണത്താൽ ഭർത്താവിനോട് മൊഴി ചോദിച്ചു വാങ്ങാനുള്ള പെണ്ണിന്റെ മതപരമായ അവകാശം കൂടിയാണ് ഈ നിയമത്തിലൂടെ ഇല്ലാതാക്കപ്പെട്ടത്.

                                          മുത്വലാഖിന് സമാനമായ അവസ്ഥയാണ് ഉടനെ വന്ന യുഎപിഎ നിയമഭേദഗതിയിലും നാം കണ്ടത്. ഭീകരവാദവും രാജ്യദ്രോഹവും തടയാനെന്നും പറഞ്ഞുള്ള ബിജെപിയുടെ കൺകെട്ട് വിദ്യയിൽ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പോലും ബില്ലിനെ അനുകൂലിച്ചു. പുതിയ ഭേദഗതി പ്രകാരം സർക്കാറിന് സംഘടനകളെ മാത്രമല്ല വ്യക്തികളുടെ മേലും ഭീകരതയുടെ ചാപ്പ കുത്താൻ കഴിഞ്ഞു.മുസ്ലിംകളെയും തങ്ങളെ എതിർക്കുന്നവരെയും രാജ്യദ്രോഹത്തിന്റെ മുദ്രകുത്തി നിശബ്ദരാക്കാനും ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ കൂടാതെ കാലങ്ങളോളം തടങ്കലിൽ പാർപ്പിക്കാനും ഇത് മൂലം സർക്കാറിന് അവസരം കൈവന്നു.ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം, പുറത്തുവന്ന ഒരു കണക്ക് പ്രകാരം 2015 – 20 കാലഘട്ടത്തിൽ 800 ഓളം യുഎപിഎ കേസുകളിൽ പ്രതികളാക്കപ്പെട്ട 13,000 ത്തോളം പേരിൽ 2% മാത്രമാണ് കുറ്റവാളികളായി തെളിയിക്കപ്പെട്ടത് എന്നതാണ്. ഈ നിയമം എത്രത്തോളമാണ് വളച്ചൊടിക്കപ്പെടുന്നത് എന്നതിന്റെയും ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നതിന്റെയും നേർചിത്രമാണ് ഈ കണക്കുകൾ. യുഎപിഎ ചുമത്തി അറസ്റ്റിലാവുകയും പിന്നീട് വർഷങ്ങൾക്ക് ശേഷം നിരപരാധികളാണെന്ന് തെളിഞ്ഞു വിട്ടയക്കപ്പെടുകയും ചെയ്ത പലർക്കും അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ മനസ്സിലാക്കുക കൂടി ചെയ്യുമ്പോഴാണ് നിയമത്തിന്റെ ക്രൗര്യം നമുക്ക് കൂടുതൽ ബോധ്യപ്പെടുക. ശ്രീനഗർ സ്വദേശിയായ ബഷീർ ബാബയെ ഗുജറാത്ത് സന്ദർശനത്തിനിടെ തീവ്രവാദികളെ കാശ്മീരിലേക്ക് റിപ്പോർട്ട് ചെയ്യുന്നു എന്നും പറഞ്ഞ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയും,11 വർഷങ്ങൾക്ക് ശേഷം വിചാരണയിൽ കുറ്റം തെളിയിക്കപ്പെടാത്തതിനാൽ വിട്ടയക്കപ്പെടുകയും ചെയ്തു. അതിനിടക്ക് അദ്ദേഹത്തിന്റെ പിതാവ് മരണപ്പെടുകയും രണ്ട് പെങ്ങന്മാർ വിവാഹിതരാവുകയും ചെയ്തിരുന്നു.അതിലൊന്നും സാന്നിധ്യമാകാൻ തടങ്കലിലായിരുന്ന തീർത്തും നിരപരാധിയായ അയാൾക്ക് കഴിഞ്ഞില്ല. ബഷീർ ബാബ ഒരു ഉദാഹരണം മാത്രമാണ്.അങ്ങനെ ആയിരക്കണക്കിന് പേർ ഇന്നും വിവിധ ജയിലുകളിൽ നിരപരാധികളായി അനീതിക്കടിമപ്പെട്ട് കഴിയുന്നുണ്ട്.

കാശ്മീർ,ലക്ഷദ്വീപ് പ്രശ്നങ്ങൾ
                                   2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370ാം വകുപ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയത്.രാജ്യത്തിന്റെ ഐക്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തങ്ങളുടെ ചിരകാല സ്വപ്നങ്ങളിലൊന്നായ 370ാം വകുപ്പ് കേന്ദ്രസർക്കാർ റദ്ദാക്കിയത്.കാശ്മീരിന്റെ വികസനത്തിന് തടസ്സം 370ാം വകുപ്പാണെന്നും,ഇനി തങ്ങൾ കാശ്മീരിനെ ഭൂമിയിലെ സ്വർഗമാക്കി മാറ്റുമെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. മാത്രമല്ല 370ാം വകുപ്പ് അനുവദിച്ചതിന്റെ പേരിൽ പ്രഥമ പ്രധാനമന്ത്രി നെഹ്റുവിനെ കണക്കറ്റ് വിമർശിച്ച അമിത് ഷാ നെഹ്റുവിന്റെ മണ്ടത്തരമാണ് കാശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും ഭീകരവാദത്തിനും കാരണമെന്നും കൂട്ടിച്ചേർത്തിരുന്നു.ബിജെപിയുടെ തുറുപ്പുചീട്ടായ കപട ദേശീയതയുടെ ഭാഗമായ പ്രചരണങ്ങളായിരുന്നു അതെല്ലാം.യഥാർത്ഥത്തിൽ 370ാം വകുപ്പ് അനുവദിക്കാനിടയായ സ്വാതന്ത്ര്യാനന്തരം കാശ്മീരിലുണ്ടായ രൂക്ഷമായ പ്രതിസന്ധികളേയും പ്രത്യേക സാഹചര്യങ്ങളേയും കുറിച്ച് അമിത് ഷാക്ക് ബോധമില്ലാഞ്ഞിട്ടല്ല,മറിച്ച് തങ്ങളുടെ ‘ഹിന്ദു രാജ്യത്ത്’ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശം പ്രത്യേകാവകാശങ്ങളോടുകൂടി നിലകൊള്ളുന്നതിൽ സംഘ്പരിവാറിനും ബിജെപിക്കുമുള്ള അമർഷമാണ് 370ാം വകുപ്പ് റദ്ദാക്കുന്നതിലേക്ക് കേന്ദ്രസർക്കാറിനെ നയിച്ചത്.പിന്നെ എന്തിനും ഏതിനും നെഹ്റുവിനെ കുറ്റപ്പെടുത്തണമെന്ന നിർബന്ധ ബുദ്ധിയും. നിയമം റദ്ദാക്കിയാലുള്ള പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ട് മൂന്ന് മുൻമുഖ്യമന്ത്രിമാരടക്കമുള്ള കാശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെയെല്ലാം കേന്ദ്രസർക്കാർ തലേദിവസം പൊടുന്നനെ വീട്ടുതടങ്കലിലാക്കിയിരുന്നു.കൂടാതെ നിയമം പ്രാബല്യത്തിൽ വന്ന ഉടനെ കാശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഇന്റർനെറ്റ് മൊബൈൽ സേവനങ്ങൾ കൂടി റദ്ധാക്കി സർക്കാർ കാശ്മീരികളെ പൂർണ്ണമായും ലോക്ക്ഡൗണിലാക്കി. സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ മാസങ്ങളോളം നീണ്ടുനിന്നു.രാഷ്ട്രീയ നേതാക്കളെ ഒരു വർഷത്തിലേറെ കഴിഞ്ഞാണ് മോചിപ്പിച്ചത്.നിയമം റദ്ദാക്കിയതിനു ശേഷം കാശ്മീരിൽ തീവ്രവാദികളുടെയും പാക്കിസ്ഥാന്റെയും ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾ വർധിക്കുകയാണുണ്ടായത്. മാത്രമല്ല എന്നും ഇന്ത്യയോടൊപ്പം നിന്ന കാശ്മീർ ജനതയുടെ ദേശക്കൂറിലും ഇടിവുണ്ടായിട്ടുണ്ടാകുമെന്ന കാര്യവും തീർച്ചയാണ്.പക്ഷെ സംഘപരിവാറിന് വേണ്ടതും അത് തന്നെയാണല്ലോ.

                                        കാശ്മീരിന് സമാനമായിരുന്നു ലക്ഷദ്വീപിലെയും സാഹചര്യം.ഇന്ത്യയിൽ തന്നെ ജനങ്ങൾ ഏറ്റവും കൂടുതൽ സമാധാനപരമായി താമസിക്കുന്ന നാടാണ് ലക്ഷദ്വീപ്. പക്ഷേ അവിടെ ജനസംഖ്യ 90%വും മുസ്‌ലിംകളായതാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്. ദ്വീപിൽ തങ്ങളുടെ വർഗീയ കോർപ്പറേറ്റ് അജണ്ടകൾ നടപ്പിലാക്കാൻ പ്രഫുൽ ഗോഡ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു കൊണ്ടായിരുന്നു തുടക്കം.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ക്രൈം റേറ്റ് കുറഞ്ഞ ലക്ഷദ്വീപിൽ ജനങ്ങളെ കൂട്ടത്തോടെ തുറുങ്കിലടക്കാൻ ഗുണ്ടാ ആക്റ്റ് കൊണ്ടുവന്നു.വിവിധ തസ്തികകളിൽ ജോലി ചെയ്തിരുന്നവരെ അകാരണമായി പിരിച്ചുവിട്ട് പകരം സംഘികളെ തിരുകിക്കയറ്റി.ദ്വീപ് നിവാസികളെ ഒറ്റപ്പെടുത്തിയും കുടിയൊഴിപ്പിച്ചും സ്വകാര്യ നിക്ഷേപകർക്ക് ലക്ഷദ്വീപിലെ ടൂറിസ്റ്റ് സാധ്യതകളെ തീറെഴുതിക്കൊടുക്കാനുള്ള ശ്രമങ്ങൾ നടത്തി.ജനങ്ങളെ സാംസ്കാരികമായി തകർക്കാൻ മദ്യം വലിയതോതിൽ ഇറക്കുമതി ചെയ്തു.15 വയസ്സു കഴിഞ്ഞ മൃഗങ്ങളെ അറുക്കുന്നത് നിരോധിക്കുകയും സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനോടൊപ്പം മെനുവിലുണ്ടായിരുന്ന ബീഫ് ഒഴിവാക്കുകയും ചെയ്തു.ഇങ്ങനെ പോകുന്നു പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന ലക്ഷദ്വീപിലെ കാവിവൽക്കരണം. ഒരു ഘട്ടത്തിൽ ലക്ഷദ്വീപിലെ ബിജെപി ഘടകം വരെ പ്രഫുൽ പട്ടേലിന്റെ ജനദ്രോഹനങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

സി എ എ – എൻ ആർ സി

                         മുകളിൽ പറഞ്ഞതും പറയാത്തതുമായ നരേന്ദ്രമോദി അധികാരത്തിലെത്തിയത് മുതലുള്ള രാജ്യത്തെ മുസ്ലിംകളുടെ അവസ്ഥയും ബിജെപി സർക്കാരിന്റെ മുസ്ലിംകളോടുള്ള സമീപനവും മനസ്സിലാക്കുന്ന ഏതൊരാൾക്കും പുതിയ സിഎഎ – എൻആർസി സംഗതികൾക്ക് പിന്നിലെ ലക്ഷ്യവും എളുപ്പത്തിൽ വ്യക്തമാവും. അത് മറ്റൊന്നുമല്ല;മുസ്ലിംകളെ കൂടുതൽ ഒറ്റപ്പെടുത്തുക എന്നതു തന്നെ. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു,സിക്ക്, പാഴ്സി,ജൈന,ബുദ്ധ, ക്രൈസ്തവ മത വിഭാഗക്കാരായ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കി 2024മാർച്ച്‌ 11ന് പ്രാബല്യത്തിൽ വന്ന സി എ എ അഥവാ പൗരത്വ ഭേദഗതി നിയമം.ഈ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളായ മേൽപ്പറഞ്ഞ മതവിഭാഗങ്ങൾ മതപീഡനം നേരിടുന്നുവെന്നും അവരെ പൗരത്വം നൽകി സംരക്ഷിക്കൽ രാജ്യത്തിന്റെ ബാധ്യതയാണെന്നുമാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം.പ്രത്യക്ഷത്തിൽ പ്രശ്നങ്ങളൊന്നും തോന്നുകയില്ലെങ്കിലും ഗുരുതരമായ അപകടങ്ങളാണ് ഈ നിയമത്തിനു പിന്നിൽ ഒളിഞ്ഞു കിടക്കുന്നത്.മതമുള്ളവനും ഇല്ലാത്തവനും ഒരുപോലെ ജീവിക്കാൻ അവകാശമുള്ള ഇന്ത്യ പോലൊരു മതനിരപേക്ഷ രാജ്യത്ത്,പൗരത്വം നൽകാൻ മതം മാനദണ്ഡമാക്കുന്നു എന്നതാണ് സിഎഎയുടെ ഏറ്റവും വലിയ പ്രശ്നം.ഭരണഘടനയുടെ മതേതര മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണത്.പീഡിതരായ അയൽവാസികൾക്ക് സംരക്ഷണം നൽകാനായിരുന്നുവെങ്കിൽ ചൈനയിലെ ഉയ്‌ഗൂർ,മ്യാൻമറിലെ റോഹിംഗ്യൻ മുസ്ലിംകളെയും ശ്രീലങ്കയിലെ സിംഹള വിഭാഗക്കാരെയും ഉൾപ്പെടുത്തണമായിരുന്നു.ഇവരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്ന ചോദ്യത്തിന് കേന്ദ്രസർക്കാരിന് മറുപടിയില്ല. അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ മൂന്ന് രാജ്യങ്ങളെ മാത്രം പരിമിതപ്പെടുത്തിയത് മുസ്ലിംകളെ മാത്രം ഒഴിവാക്കാനും അല്ലാത്തവരെ ഉൾപ്പെടുത്താനുമാണെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്.

                                          സിഎഎ പൗരത്വം നൽകുക മാത്രമാണ് ചെയ്യുന്നത് ആരുടെയും പൗരത്വം നിഷേധിക്കുന്നില്ല എന്നതാണ് കേന്ദ്രസർക്കാരിന്റെ മറ്റൊരു വാദം.എന്നാൽ ഇതോടൊപ്പം രാജ്യവ്യാപകമായി നടപ്പാക്കാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി)കൂടി വരുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ കബളിപ്പിക്കൽ വ്യക്തമാകുക.ഇതിനോടകം തന്നെ എൻ ആർ സി നടപ്പിലാക്കിയ അസമിൽ ആദ്യഘട്ടത്തിൽ(2018)40 ലക്ഷം പേരും പുതുക്കിയ പട്ടികയിൽ(2019) 19 ലക്ഷം പേർക്കുമാണ് അധികൃതർ നിർദ്ദേശിച്ച രേഖകളെല്ലാം സമർപ്പിക്കാനാകാതെ പൗരത്വം നഷ്ടപ്പെട്ടത്.19 ലക്ഷത്തിൽ 14 ലക്ഷവും ഹിന്ദുക്കളാണ്.എന്നാൽ സി എ എ നടപ്പിലാക്കുന്നതോടെ ഇവർക്കെല്ലാം പൗരത്വം നേടാനാകും.എന്നാൽ സമാന സാഹചര്യത്തിലുള്ള ബാക്കിവരുന്ന അഞ്ച് ലക്ഷത്തോളം മുസ്ലിംകൾ പൗരത്വമില്ലാത്തവരായി മുദ്രകുത്തപ്പെടും.അവർ പുറത്താക്കപ്പെടുകയോ അത്തരം ആളുകളെ പാർപ്പിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന ജർമ്മനിയിലെ നാസിക്കാലത്തിനു സമാനമായ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ആക്കപ്പെടുകയോ ചെയ്യും. അസമിൽ പൗരത്വം നഷ്ടപ്പെട്ടവരിൽ സാധാരണക്കാർക്ക് പുറമേ സർക്കാർ ജീവനക്കാരും രാജ്യത്തിനായി വർഷങ്ങളോളം സേവനം ചെയ്ത പട്ടാളക്കാരും ഉണ്ടായിരുന്നു.എന്തിനേറെ പറയണം ഇന്ത്യയുടെ അഞ്ചാമത് രാഷ്ട്രപതിയായിരുന്ന ഫക്രുദീൻ അലി അഹമ്മദിന്റെ കുടുംബക്കാർ പോലും തങ്ങളുടെ പൗരത്വം തെളിയിക്കാൻ പ്രയാസപ്പെടുന്ന സാഹചര്യമുണ്ടായി.ഇതാണ് ഇനി രാജ്യവ്യാപകമായി നടപ്പാക്കാനിരിക്കുന്നത്.

                                          ബിജെപി സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന സംഘ്പരിവാർ അജണ്ടകൾ സിഎഎ – എൻആർസി കൊണ്ടും അവസാനിക്കില്ല.ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്നതിന് മതം മാനദണ്ഡമാക്കുന്ന നിയമങ്ങൾ ഇനിയും വരാം.ഈ ഒരു ഘട്ടത്തിൽ “ഒരു രാഷ്ട്രം യഥാർത്ഥത്തിൽ സ്വാതന്ത്ര്യമാണോ എന്നറിയാനുള്ള ഏറ്റവും വ്യക്തമായ മാനദണ്ഡം അവിടെ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സുരക്ഷിതത്വത്തിന്റെ അളവാണ്” എന്ന പ്രശസ്ത ബ്രിട്ടീഷ് രാഷ്ട്രതന്ത്ര്യജ്ഞൻ ആക്ടൻ പ്രഭുവിന്റെ വാക്കുകളാണ് ഓർമ്മ വരുന്നത്. അങ്ങനെ വരുമ്പോൾ 2024ലെ പൊതുതെരഞ്ഞെടുപ്പ് യഥാർത്ഥത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരമാണ്.രാജ്യത്തെ ‘സംഘിസ്ഥാൻ’ ആയി മാറ്റിക്കൊണ്ടിരിക്കുന്ന സംഘപരിവാർ – ബിജെപി വർഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള സമരം.

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ്പരിവാർ ഒളിയജണ്ടകൾ

Next Post

മദ്ഹബുകള്‍ ഇമാമുകള്‍

4 3 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next