+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

മദ്ഹബുകള്‍ ഇമാമുകള്‍

സമ്പൂര്‍ണ്ണവും സമഗ്രവുമായ മതമാണ് ഇസ്‌ലാം. ഇതര മതങ്ങളില്‍ നിന്ന് അത് വ്യതിരക്തമാകുന്നത് മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളേയും സ്പര്‍ശിക്കുന്ന കുറ്റമറ്റ നിയമ സംഹിത ഉള്‍ക്കൊള്ളിക്കുന്നതിനാലാണ് . ലോകത്ത് അറിവിന്റെയും പ്രശ്നങ്ങളുടേയും വാതായനങ്ങള്‍ ദിനം പ്രതി മലര്‍ക്കെ തുറന്നിടുമ്പോഴും അന്ത്യ നാള്‍ വരെയുള്ള മുസ്ലിം സമൂഹത്തിന് അവലംബിക്കാനും ആശ്രയിക്കാനുമുള്ളത് ഖുര്‍ആനും പ്രവാചകചര്യയുമാണ്.
ആറായിരത്തില്‍ പരം വരുന്ന ഖുര്‍ആന്‍ വചനങ്ങളിലും ലഭ്യമായ ഹദീസുകളില്‍ നിന്നും വിധി വിലക്കുകളുമായി ബന്ധപ്പെട്ടവ വളരെ പരിമിതമാണെന്നത് അവിതര്‍ക്കിതമാണ് . അള്ളാഹുവോ പ്രവാചകർ(സ) യോ ലോകത്ത് സംഭവിക്കുന്ന സകല വിഷയങ്ങള്‍ക്കുമുള്ള മതവിധി ഖണ്ഡിതമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അള്ളാഹു ഖുര്‍ആനിലൂടെ പറയുന്നത് ,ഈ ഗ്രന്ഥം താങ്കള്‍ക്ക് നാം അവതരിപ്പിച്ചത് സര്‍വ്വ കാര്യങ്ങള്‍ക്കുമുള്ള പ്രതിപാദനമായിട്ടാണ് എന്നാണ് (നഹ്‌ല് 89 ) . ഇതില്‍ നിന്ന് മനസ്സിലാകുന്നത് പരിശുദ്ധ ഖുർആന്‍ മനസ്സിലാക്കാനായാല്‍ ലോകത്ത് സംഭവിക്കുന്ന സകല വിഷയങ്ങള്‍ക്കുമുള്ള പ്രതിവിധി കണ്ടെത്താന്‍ സാധിക്കും . ഇവിടെയാണ് ഇജ്തിഹാദിന് അര്‍ഹരായ ഇമാമുമാരുടെ ഗവേഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്നത് .
മുആദ്ബ്‌നു ജബല്‍ (റ) നെ യമനിലെ ഗവര്‍ണ്ണറായി നിയമിച്ചപ്പോള്‍ പ്രവാചകര്‍ (സ) ചോദിച്ചു: നിങ്ങളുടെ മുമ്പില്‍ ഒരു പ്രശ്‌നം വന്നാല്‍ എങ്ങനെയാണ് വിധി കല്‍പ്പിക്കുക. മുആദ് (റ) പറഞ്ഞു :ഞാന്‍ അള്ളാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധി കല്‍പ്പിക്കും . പ്രവാചകര്‍ (സ) തിരിച്ചു ചോദിച്ചു : അതില്‍ കണ്ടത്തിയില്ലെങ്കിലോ..?മുആദ് (റ) മറുപടി നല്‍കി :ഞാന്‍ അങ്ങയുടെ ചര്യയനുസരിച്ച് വിധി കല്‍പ്പിക്കും . പ്രവാചകര്‍ (സ)ചോദിച്ചു:അതിലും കണ്ടത്തിയില്ലെങ്കിലോ.? മുആദ് (റ) മറുപടി നല്‍കി :ഞാനെന്റെ ബുദ്ധിയുപയോഗിച്ച് ഗവേഷണം നടത്തി വിധി പറയും . ഈ അനുമതിയിലൂടെ പ്രവാചകര്‍ (സ) യുടെ അസാന്നിദ്ധ്യത്തില്‍ ഉടലെടുക്കുന്ന വിഷയങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ടത് എങ്ങനെയാണന്ന് അനുയായികളെ തര്യപ്പെടുത്തുകയായിരിന്നു.
മതത്തില്‍ അഭിപ്രായം പറയുക എന്നത് പ്രയാസകരവും അതിസങ്കീര്‍ണവുമായത് കൊണ്ട്തന്നെ സകല വിജ്ഞാനങ്ങളിലും അവഗാഹവും അസാമാന്യ പ്രാവീണ്യവും നേടിയവര്‍ക്കേ അതിന് മുതിരാനാവൂ.
മദ്ഹബിന്റെ ഇമാമുമാരുടെ കാലശേഷം മഹാ വിജ്ഞാനങ്ങള്‍ക്കുടമകളായിരുന്ന ആയിരക്കണക്കിന് പണ്ഡിതന്മാര്‍ ജീവിച്ച് പോയിട്ടും അവരെല്ലാം നാല് മദ്ഹബുകളെ തന്നെ അനുധാവനം ചെയ്തത് ഇതിന്റെ സങ്കീര്‍ണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വിഷയത്തിലൂന്നിയ വ്യക്തമായ ആയത്തോ നബിചര്യയോ കണ്ടെത്താതിരുന്നാല്‍ തത്തുല്ല്യമായതിനോട് തുലനം ചെയ്യുകയോ ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടോ നബിചര്യ കൊണ്ടോ
വ്യാഖാനിക്കുകയോ ആയിരുന്നു മദ്ഹബിന്റെ ഇമാമുമാര്‍ ചെയ്തിരുന്നത്.

പോകുന്ന ഇടം എന്ന ഭാഷാര്‍ത്ഥത്തില്‍ നിന്നാണ് “മദ്ഹബ് ” രൂപപ്പെട്ടത്. ഒരാളുടെ ചിന്താനിഗമനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതാവും അവന്റെ അഭിപ്രായം. ഒരു ഇമാമിന്റെ പേരില്‍ അറിയപ്പെടുന്ന മദ്ഹബില്‍ ആ ഇമാമിന്റെ ചിന്താമണ്ഡലത്തിലെ സൂക്ഷ്മ നിരീക്ഷണങ്ങളായിരിക്കും പ്രതിഫലിക്കുക.

ഖണ്ഡിതപ്രമാണങ്ങളായ നസ്വായ ആയത്തുകള്‍, സുന്നത്ത്, ഖിയാസ്, ഇജ്മാഅ് ഇവകൊണ്ട് സ്ഥിരപ്പെട്ട കാര്യങ്ങള്‍ അനിഷേധ്യ പ്രമാണങ്ങളായത് കൊണ്ട് ഇവയില്‍ ഒരു ഗവേഷകന്റെ ചിന്തക്കോ മനനത്തിനോ പഴുതോ പ്രസക്തിയോ ഇല്ല. മൗലിക പ്രമാണങ്ങളായ ഇവയെ നിരാകരിക്കല്‍ വിശ്വാസ നിരാസത്തിലേക്കാണെത്തിക്കുക.

എന്നാല്‍ വിവിധോദ്ദേശ്യങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും സാധ്യത കല്‍പ്പിക്കുന്ന ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും മനനം ചെയ്‌തെടുക്കുന്നവയില്‍ ദീക്ഷണഃവീക്ഷണ വ്യത്യാസങ്ങള്‍ക്കനുസൃതമായി വിധികളിലും ഭിന്നതയുണ്ടാകും. ഖണ്ഡിത പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെടാത്തതും ഗവേഷണത്തിനു പഴുതുള്ളതുമായ ഇത്തരം ഘട്ടങ്ങളിലാണ് മദ്ഹബുകള്‍ വഴി തുറക്കുന്നത് .

അനിതര സാധാരണമായ ബുദ്ധി വൈഭവവും അന്യൂനമായ ചിന്തയും വെച്ച് കൃത്യവും സൂക്ഷ്മവുമായ വിലയിരുത്തലിലൂടെ ഇമാമുമാര്‍ വിധി വിലക്കുകളെ പ്രമാണങ്ങളില്‍ നിന്ന് കണ്ടെത്തുകയും പ്രമാണങ്ങളുപയോഗിച്ച് അവയെ തെളിയിക്കുകയും ചെയ്യുന്നു . ഇപ്രകാരം കടെഞ്ഞെടുക്കുന്ന നിരവധി മത വിധികളുടെ സമാഹാരമായിരിക്കും ഓരോ മദ്ഹബും .

അംഗീകൃത നാല് മദ്ഹബുകള്‍ക്ക് പുറമെ സുഫ്‌യാനു സ്സൗരി (റ), സുഫ്‌യാനുബ്‌നു ഉയൈന (റ), ദാവൂദുള്ള്വാഹിരി (റ), ലൈസ് ബ്നു സഅദ് (റ), അബ്ദുറഹ്‌മാനില്‍ ഔസഈ (റ), ഇബ്‌റാഹീമ്ബ്നുറാഹവൈഹി (റ), ഇബ്‌നു ജരീര്‍ ത്വബ്രി (റ) ഇവരുടെ മദ്ഹബുകളും മുമ്പ് നിലവിലുണ്ടായിരുന്നു . പക്ഷെ ഇവര്‍ വാര്‍ത്തെടുത്ത അടിസ്ഥാന തത്വങ്ങളോ ഗവേഷണത്തിനുപയോഗിക്കുന്ന മാനദണ്ഡങ്ങളോ രേഖപ്പെടുത്താത്തതിനാല്‍ ഭാവി തലമുറക്ക് അവ കൈമോശം വന്നു . നിലവിലുള്ള മദ്ഹബുകളുടെ ഇമാമുമാരില്‍ ശാഫിഈ (റ) മാത്രമാണ് അടിസ്ഥാന തത്വങ്ങളെ ക്രോഡീകരിച്ചത്. മറ്റു മൂന്നു ഇമാമുമാരുടെ വിശ്വസ്തരായ ശിഷ്യര്‍ തങ്ങളുടെ ഇമാമുമാരുടെ അടിസ്ഥാന തത്വങ്ങള്‍ ഗവേഷണഫലമായി കണ്ടെത്തുകയും ക്രോഡീകരിക്കുകയുമായിരുന്നു.

തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഇച്ഛാനുസരണം മതത്തില്‍ കേവലം ജല്‍പനങ്ങളോ അഭിപ്രായങ്ങളോ പുറപ്പെടീക്കുകയായിരുന്നില്ല ഇമാമുമാര്‍ . പ്രത്യുത ഇമാന്‍ പ്രസരിക്കുന്ന സൂക്ഷ്മാലുക്കളായ മഹാ വിജ്ഞാനത്തിനുടമകളായിരുന്ന അവര്‍ സൂക്ഷ്മ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ മൂല തത്വങ്ങള്‍ ഉപയോഗിച്ചാണ് ഓരോ വിഷയത്തെയും സമീപിച്ചതും മനനം ചെയ്തതും . കര്‍മ്മ നിരതരായ നാല് ഇമാമുമാരും തങ്ങളുടെ ദൗത്യവും ധര്‍മ്മവും ശരിക്കും കര്‍മ്മശാസ്ത്രത്തിനര്‍പ്പിച്ചുവെന്നതിന് രണ്ടഭിപ്രായമുണ്ടാകില്ല . തങ്ങളുടെ മദ്ഹബുകള്‍ക്കന്യമായ ചിന്ത ധാരകള്‍ക്കോ, വീക്ഷണ നിഗമനങ്ങള്‍ക്കോ ഇനിയൊരു പഴുതും ഉപേക്ഷിക്കാത്ത വിധം കര്‍മ്മശാസ്ത്ര വിഷയങ്ങളെ സമൂലം സമര്‍ത്ഥിക്കുകയോ സമര്‍ത്ഥിക്കാനുതകുന്നതോ ആയ കര്‍മ്മശാസ്ത്ര സരണിയായവര്‍ വെട്ടിത്തുറന്നത് .

അന്ത്യ നാള്‍ വരെ ഉണ്ടാകുന്നതും വൈയക്തിക തലം മുതല്‍ സാമൂഹ്യ നിര്‍മാണ തലം വരെയുള്ള സകലമാന നിയമങ്ങള്‍ ആവിഷ്‌കരിക്കപ്പെടാനും
അവ വെളിച്ചത്തു കൊണ്ടുവരാനും പ്രാമാണികമായ മൗലിക തത്വങ്ങളിലൂടെ വിധികളെ നിര്‍ധാരണം ചെയ്‌തെടുക്കാനുതകുന്നതുമായ ഒരു നിയമ സംഹിത ഇമാമുമാര്‍ യഥോചിതം തയ്യാറാക്കി ക്രോഡീകരിക്കുകയും അവ നിത്യ നിദാനവുമായി നില നില്‍ക്കുന്നതിനാല്‍ മറ്റൊന്നിന്റെ ആവശ്യകതയിലേക്ക് മുതിരുന്നത് അര്‍ഥശൂന്യവുമാണ് .

ഇതര മത ദര്‍ശനങ്ങള്‍ക്കൊന്നും കാലത്തോട് സംവദിക്കാനോ കര്‍മ്മപരമോ വിശ്വാസപരമോ ആയ കൃത്യത പുലര്‍ത്താനോ ആയിട്ടില്ല . എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഇസ്‌ലാം അതിന്റെ അനുയായികളെ നിയന്ത്രിക്കുന്നത് പതിനാല് നൂറ്റാണ്ട് പഴക്കമുള്ള ഒരു പാര്യമ്പര്യത്തിന്റെ പ്രതലത്തില്‍ നിന്ന് കൊണ്ടാണ് എന്നതിന് മാനവ സംസ്‌കൃതിയില്‍ മറ്റു സമാനതകള്‍ ഉണ്ടാവാനിടയില്ല .

പാര്യമ്പര്യവും പൈതൃകവും പ്രമാണം പോലെ തന്നെ പരിഗണിച്ച് പോരുകയും പകര്‍ന്നു നല്‍കിയും പകര്‍ത്തിയെഴുതിയും തലമുറകളിലേക്കു കൈമാറി പോരുകയും ചെയ്യുന്ന ചലനാത്മകമായൊരു സമൂഹമെന്നായിരിക്കും ആ അര്‍ത്ഥത്തില്‍ മുസ്‌ലിംകള്‍ക്ക് കിട്ടുന്ന മേല്‍വിലാസം.

23 വര്‍ഷത്തെ പ്രബോധന ജീവിതത്തിനൊടുവില്‍ അന്ത്യനാള്‍ വരെ നിലനില്‍ക്കേണ്ട സത്യ മതത്തിന്റെ സമഗ്ര സംഹിതകള്‍ സ്വാംശീകരിച്ചെടുത്ത ഒരു ജനതയെ രൂപപ്പെടുത്തി തിരുനബി(സ) വിടവാങ്ങുമ്പോള്‍ ചൂണ്ടി കാണിച്ചുകൊടുക്കാന്‍ ചുറ്റിലും ആ ജീവിതം ഒപ്പിയെടുത്ത അനുചര വൃന്ദമുണ്ടായിരുന്നു .അവരിലൂടെയായിരുന്നു ലോകത്തിന്റെ അഷ്ട ദിക്കുകളിലേക്ക് ഇസലാമിന്റെ വെളിച്ചം പരന്നത്.

പ്രമാണങ്ങളുടെ പ്രധാന സ്രോതസുകളെല്ലാം രേഖകളായി കൈമാറ്റം ചെയ്യപ്പെടാന്‍ ആരംഭിക്കുന്നത് അക്കാലത്താണ് . ഖുര്‍ആന്‍ ക്രോഡീകരണവും ഹദീസ് സമാഹരണവുമായിരുന്നു അതിന്റെ ആദ്യ ഘട്ടങ്ങള്‍ . ഖുലഫാഉ റാശിദുകളുടെയും അമവീ ഖിലാഫത്തിന്റെയും നാളുകള്‍ മത പ്രമാണ കൈമാറ്റങ്ങളുടെ ശൈശവ നാളുകളായിരുന്നു.
അതേ സമയം പ്രമുഖരായ സ്വഹാബത്തും പ്രഥമ നൂറ്റാണ്ടുകാരായ താബിഉകളും ജീവിച്ച പോയ കാലയളവില്‍ തന്നെ ഇസ്‌ലാമിന്റെ ലേബലില്‍ തല പൊക്കിയ ഖവാരിജ്, ശീഅ: ,മുഅ്തസില തുടങ്ങിയ രാഷ്ട്രീയ ചിന്താ വൈകല്യങ്ങളും പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചിട്ടുണ്ട് .
പിന്നീട് (ഹിജ്‌റ 132 > 656) വരെയുള്ള അബ്ബാസി കാലഘട്ടങ്ങളില്‍ വികല ചിന്താ ഗതികളും വിശ്വാസ വൈകല്യങ്ങളും രൂപപ്പെടുകയും അവ രൂക്ഷമാവുകയും ചെയ്ത ഈ കാലയളവിലാണ് മദ്ഹബുകളുടെ ഇമാമുമാരുടെ രംഗ പ്രവേശനമെന്നും അറിയുമ്പോഴാണ് അവരുടെ നിയോഗ ലക്ഷ്യത്തിന്റെ പ്രാധാന്യം മനസ്സിലാവുക .
വികല ചിന്താഗതികള്‍ ഭരണകൂടത്തെ സ്വാധീനിക്കുകയും അത് നടപ്പാക്കാന്‍ മുന്നിട്ട് ഇറങ്ങുകയും ചെയ്ത കാലങ്ങളിലും മതത്തിന്റെ മൗലികതയും പ്രതാപ പൂര്‍ണമായ അതിന്റെ പൈതൃകവും കൈമോശം വരാതെയും കേടുപറ്റാതെയും കൈമാറിത്തരുന്നതില്‍ വളരെ നിര്‍ണായകമായ പങ്കായിരുന്നു മദ്ഹബിന്റെ ഇമാമുമാര്‍ നിര്‍വഹിച്ചത് .

നിലനില്‍ക്കുന്ന ചിന്താവൈകല്യങ്ങളോട് ചെറുത്ത് നിന്ന്‌കൊണ്ട് മതത്തിന്റെ പൈതൃക വഴി സംരക്ഷിച്ച് നിലനിര്‍ത്താനും സാര്‍വ്വ ലൗകീകവും സാര്‍വ്വ ജനീനവുമായ അതിന്റെ സാധ്യതകളെ ലോകത്തിനു പകര്‍ന്നുകൊടുക്കാനും ആയുഷ്‌കാലം ഉഴിഞ്ഞ് വെച്ച മഹാ മനീഷികളായിരുന്നു അവര്‍ .

കാലാന്തരങ്ങളെ അതിജീവിച്ച ആ സേവന സപര്യയാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മുസ്‌ലിം ലോകത്തിന് മതജീവിതത്തിന്റെ മൂല പ്രമാണമായി നിലകൊള്ളുന്നത് . ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മുസ്‌ലിം ലോകത്തെ വഴി നടത്തുന്ന ആ വൈജ്ഞാനിക ഇടപെടലുകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തിയാല്‍ മാത്രം മതി ഇസ്‌ലാമിക പൈതൃകത്തിന്റെ സംരക്ഷണത്തിലും കൈമാറ്റത്തിലും അവര്‍ വഹിച്ച ഭാഗദേയം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ബോധ്യപ്പെടാന്‍ .

ഇമാമുമാര്‍

ഇമാം അബൂ ഹനീഫതുല്‍ കൂഫി (റ), ഇമാം മാലിക്ബ്‌നു അനസ് (റ), ഇമാം മുഹമ്മദ്ബ്‌നു ഇദ്‌രീസുശ്ശാഫിഈ (റ), ഇമാം അഹ്‌മദ്ബ്‌നു ഹമ്പല്‍ (റ), എന്നിവരാണ് യഥാക്രമം ഹനഫീ , മാലികീ , ശാഫിഈ , ഹമ്പലീ മദ്ഹബുകളുടെ ഇമാമുമാര്‍ .

ഇമാം അബൂ ഹനീഫ (റ)

ഹിജ്‌റ 80 ല്‍ കൂഫയിലായിരുന്നു ഇമാം അബൂ ഹനീഫ (റ) വിന്റെ ജനനം . യഥാര്‍ത്ഥ പേര് നുഅ്മാനുബ്‌നു സാബിത് . ധനികനായ ഒരു വ്യാപ്യാരി ആയിരുന്നു പിതാവായ സാബിത് . കച്ചവട കാര്യങ്ങളില്‍ പിതാവിനെ സഹായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ശഅബി (റ) വിന്റെ സ്‌നേഹോപദേശ
സ്വാധീനത്തില്‍ മത വിജ്ഞാന രംഗത്തേക്ക് ശ്രദ്ധ തിരിക്കുന്നത്.ഏറെ താമസിയാതെ തന്നെ കൂഫയിലേയും ബസ്വറയിലേയും അക്കാലത്തെ തല മുതിര്‍ന്ന പണ്ഡിതന്മാരെ സമീപിച്ചു മത വിഷയങ്ങളില്‍ പ്രാവീണ്യം നേടി . അറുപതിനായിരത്തോളം മസ്അലകള്‍ പ്രതിപാദിക്കുന്ന അല്‍ ഫിഖ്ഹുല്‍ അക്ബര്‍ , മുസ്‌നദു അബീ ഹനീഫ പോലുള്ള ഗ്രന്ഥങ്ങള്‍ അവരില്‍ നിന്ന് വിരചിതമായിട്ടുണ്ട് .
52 വര്‍ഷം അമവീ ഭരണത്തിലും 18 വര്‍ഷം അബ്ബാസീ ഭരണത്തിലും ജീവിച്ച അബൂ ഹനീഫ (റ) വിന്റെ മത വിഷയങ്ങളിലെ ധീരമായ നിലപാടുകളും വിട്ടു വീഴ്ചയില്ലാത്ത സമീപനങ്ങളും മഹാനവറുകളെ ഭരണാധികാരികളുടെ കണ്ണിലെ കരടാക്കി മാറ്റി . ഭരണകൂടത്തിനെതിരായി ഫത്‌വ നല്‍കിയതിന്റെ പേരില്‍ താമസിയാതെ ജയിലിലുമടച്ചു. അധികാരികളുടെ പ്രീണനപീഡന ശ്രമങ്ങളെ ഈമാനിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിരോധ മുറകള്‍ കൊണ്ടദ്ദേഹം പ്രതിരോധം തീര്‍ത്തു. അതി കഠിനമായ മര്‍ദനങ്ങള്‍ക്കൊടുവില്‍ ഹി: 150 ല്‍ മഹാന്‍ ഈ ലോകത്ത് നിന്ന് യാത്രയായി .

ഇമാം മാലിക് (റ)

ഹിജ്‌റ 93 ല്‍ മദീനയിലാണ് ഇമാം മാലിക്ബ്‌നു അനസ് (റ) വിന്റെ ജനനം . പത്ത് വയസ്സ് പൂര്‍ത്തിയാക്കും മുമ്പ് ഖുര്‍ആന്‍ മന:പാഠമാക്കുകയും വളരെ ചെറിയ പ്രായത്തില്‍ തന്നെ ഗുരുവായ റബീഅ (റ) ഉള്‍പ്പടെയുള്ള ധാരാളം പണ്ഡിതന്മാരില്‍ നിന്ന് ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. മദീനയിലെ പണ്ഡിതനേക്കാള്‍ വിവരമുള്ള ഒരാളെ ലോകത്തെങ്ങും കണ്ടെത്തുകയിലെന്ന പ്രവാചക വചനം പുലര്‍ന്നത് ഇമാം മാലിക് (റ) ലൂടെ ആയിരുന്നു .ഇമാം മാലിക് (റ) മുസ്‌ലിം ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭവനകളിലൊന്ന് ഹിജ്‌റ 159 ല്‍ രചന പൂര്‍ത്തീകരിക്കപ്പെട്ട മുവത്വയെന്ന വിശ്വ പ്രസിദ്ധ ഹദീസ് ഗ്രന്ഥമാണ് .
സവിശേഷമായ ഒട്ടേറെ സംഭവ ഗുണങ്ങളുടെ ഉടമയായിരുന്നു മഹാന്‍. മദീനയും തിരുനബി(സ)യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളേയും സമാനതകളില്ലാത്ത വിധം സ്‌നേഹിച്ചിരുന്നു. ഭരണാധികാരികളോട് ആശയപരമായി ഏറ്റുമുട്ടുന്ന സമീപനം സ്വീകരിക്കാതെ അനുനയത്തിലൂടെ കാര്യം ബോധ്യപ്പെടുത്തുകയും തെറ്റുകള്‍ ഉപദേശിച്ച് നേരെയാക്കുന്ന രീതിയിലുമാണ് മഹാന്‍ അവലംബിച്ചിരുന്നത് . ഹി : 179 ല്‍ തന്റെ 86 ാം വയസ്സിലായിരുന്നു മാലികീ ഇമാമിന്റെ വഫാത്ത്.

ഇമാം ശാഫിഈ (റ)

നാലു മദ്ഹബുകളുടെ ഇമാമുമാരില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം നേടിയ അതുല്യ പണ്ഡിത പ്രതിഭയാണ് ഇമാം മുഹമ്മദ്ബ്‌നു ഇദ്‌രീസുശ്ശാഫിഈ (റ). ഇമാം അബൂ ഹനീഫ (റ) വഫാത്തായ വര്‍ഷം അഥവാ ഹി 150 ല്‍ ഗസ്സയില്‍ ആയിരുന്നു മഹാന്റെ ജനനം.
ഖുറൈശി വംശജനായ ഒരു പണ്ഡിതന്‍ ഭൂമിയുടെ സകല അടുക്കുകളും വിജ്ഞാനം കൊണ്ട് നിറക്കുമെന്ന പ്രവാചകവചനം ഇമാം ശാഫിഈ (റ) നെ സംബന്ധിച്ചാണെന്നത് പരക്കെ അറിയപ്പെട്ട വസ്തുതയാണ്. പ്രഗത്ഭമതികളായ പലരേയും പോലെ അനാഥനായാണ് ഇമാം ജീവിതം ആരംഭിച്ചത്. ഉമ്മയുടെ സംരക്ഷണത്തില്‍ 7 വയസ്സിനുള്ളില്‍ തന്നെ ഖുര്‍ആന്‍ ഹൃദസ്ഥമാക്കുകയും തുടര്‍ പഠനത്തിനായി മസ്ജിദുല്‍ ഹറാമിലേക്ക് അയച്ച മഹാന്‍ കൗമാര പ്രായത്തില്‍തന്നെ ഗുരുവില്‍ നിന്ന് ഇജാസത്തിലൂടെ ഫത്‌വ നല്‍കാന്‍ മാത്രം യോഗ്യനായ പണ്ഡിതനായി വളര്‍ന്നു .വിജ്ഞാന ദാഹിയായ ആ പണ്ഡിത പ്രതിഭ ഇമാം മാലിക് (റ) ഉള്‍പ്പടെയുള്ള പണ്ഡിതരുടെ തണലില്‍ ജ്ഞാനാന്വേഷണം തുടര്‍ന്നു.

ഖുര്‍ആന്‍ , ഹദീസ് , ഫിഖ്ഹ് , കവിത തുടങ്ങിയ സകല വിജ്ഞാന ശാഖകളിലും അവഗാഹവും നൈപുണ്യവും നേടി. ഇമാം മാലിക് (റ) നോട് കൂടെ ഉള്ള മദീന കാലയളവില്‍ താന്‍ സ്വായത്തമാക്കിയ മദീന ഫിഖ്ഹിലും മാലിക് (റ) ന്റെ വഫാത്തിന് ശേഷം ഇറാഖിലെത്തി അവിടെ നിന്ന് ആര്‍ജിച്ചെടുത്ത ഇറാഖീ ഫിഖ്ഹിലും നിരൂപണം നടത്തി ഒരു പുതിയ കര്‍മ്മശാസ്ത്ര സരണി ഇമാം കെട്ടിപ്പടുത്തു .
അല്‍ രിസാലയും അല്‍ ഉമ്മും ഉള്‍പ്പടെയുള്ള ഗ്രന്ഥങ്ങള്‍ മുസ്‌ലിം ലോകത്തിനു സമ്മാനിച്ച ഇമാം ശാഫിഈ (റ) ആദര്‍ശ വൈരികളായ ഒരു വിഭാഗത്തിന്റെ ഉപദ്രവം ശരീരത്തിലേല്‍പ്പിച്ച ക്ഷതം മൂലം വിജ്ഞാന മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. തന്റെ 54 വയസ്സിനിടയിലെ ജീവിത കാലയളവിനുള്ളില്‍ ബുദ്ധിയും വിജ്ഞാനവും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ആ പണ്ഡിത പ്രതിഭ ഹി : 204 റജബ് 28 ന് വെള്ളിയാഴ്ച ലോകത്തോട് വിട പറഞ്ഞു.

ഇമാം അഹ്‌മദ്ബ്‌നു ഹമ്പല്‍ (റ)

ഹിജ്‌റ 164 റബീഉല്‍ അവ്വല്‍ മാസത്തില്‍ ബാഗ്ദാദിലായിരുന്നു അഹ്‌മദ്ബ്‌നു ഹമ്പല്‍ (റ) വിന്റെ ജനനം. യതീമായിരുന്നെങ്കിലും അതിന്റെ കുറവുകളൊന്നും മകന്റെ വിജ്ഞാന വഴിയില്‍ പ്രതിസന്ധി തീര്‍ക്കരുതെന്ന് നിശ്ചയിച്ചുറപ്പിച്ച കൊണ്ടാണ് ഇമാമിനെ മാതാവ് വളര്‍ത്തിയത് . ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദസ്ഥമാക്കിയ മഹാന്‍ ആദ്യം അബൂ യൂസുഫ് (റ) വിന് കീഴിലും പിന്നീട് ഇമാം ശാഫി (റ) വിന് കീഴിലും തന്റെ ജ്ഞാനതൃഷ്ണ തുറന്നു വെച്ചു.
അബ്ബാസീ ഖലീഫമാരെ മുഅ്തസിലീ ആശയങ്ങള്‍ ശക്തമായി സ്വാധീനിച്ചുകൊണ്ടിരുന്ന ഒരു കാലത്തായിരുന്നു അഹ്‌മദ്ബ്‌നു ഹമ്പല്‍ (റ) വിന്റെ നിയോഗം. ഖുര്‍ആന്‍ സൃഷ്ടി വാദത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക വിശ്വാസമായി പ്രഖ്യാപിക്കപ്പെട്ട ആ കാലത്ത് അതിനെതിരെ ശക്തി യുക്തം നിലകൊണ്ട ധീര പണ്ഡിതനായിരുന്നു മഹാന്‍ .

അതിന്റെ പേരിലേല്‍ക്കേണ്ടി വന്ന പീഡന മുറകള്‍ക്കു മുമ്പില്‍ മുട്ടുമടക്കാനോ ഭരണാധികാരികളുടെ അഭീഷ്ടങ്ങള്‍ക്കനുസരിച്ച് തുള്ളാനോ മഹാന്‍ ഒരുക്കമായിരുന്നില്ല .
ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ രോഗബാധിതനായി മാറിയ ആ പണ്ഡിത പ്രതിഭ ഹിജ്‌റ 241 റബീഉല്‍ അവ്വല്‍ മാസത്തില്‍ ഇഹലോകവാസം വെടിഞ്ഞു

40000 ഹദീസുകള്‍ ഉള്‍കൊള്ളുന്ന മുസ്‌നദ് അഹ്‌മദ് വിജ്ഞാന ലോകത്തിന് ഇമാം അഹ്‌മദ്ബ്‌നു ഹമ്പല്‍ (റ) നല്‍കിയ സംഭാവനയാണ്.
ചുരുക്കത്തില്‍ മദ്ഹബിന്റെ ഇമാമുമാരെല്ലാം ചുരുങ്ങിയ ജീവിത കാലയളവിനുള്ളില്‍ പ്രതിസന്ധികളെ മുഴുവന്‍ തരണം ചെയ്ത് ശരീഅത്തിന് വേണ്ടി നിലകൊള്ളുകയും ചിന്തകളും നിരീക്ഷണങ്ങളും നിലപാടുകളും പില്‍കാലത്ത് മുഴുവന്‍ കര്‍മശാസ്ത്ര നിയമങ്ങളുടേയും നിര്‍ധാരണത്തിനു നിമിത്തമായി ചേരുകയും സ്വതന്ത്രമായി നിലനില്‍ക്കാന്‍ മാത്രമുള്ള സമഗ്രത അവയോരോന്നും ആര്‍ജിച്ചെടുക്കുകയും ചെയ്തു . ഇത് മാത്രം മതി മുസ്‌ലിം ലോകത്ത് അഇമ്മത്തിന്റെ ഇടപെടലുകളുടെ ആഴവും സ്വാധീനവും മനസിലാക്കാന്‍.

Avatar
സലീം ഫൈസി പൊന്ന്യാകുർശ്ശി
+ posts
Share this article
Shareable URL
Prev Post

എൻആർസിയും മോദി ഇന്ത്യയിലെ മുസ്ലിംകളും

Next Post

ചരിത്രം മാറ്റിമറിച്ച യുദ്ധം; ഉസ്മാനികളുടെ കോൺസ്റ്റാന്റിനോപ്പിൾ വിജയം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ഓണം ഇസ്‌ലാമികമാനം

✍🏻അല്‍ഫാസ് നിസാമി ചെറുകുളം   പ്രകടന പരതയിൽ അതിരു കടന്ന ബഹുസ്വരതയും മതേതരത്വവും മുസ്‌ലിംങ്ങൾക്കിടയിൽ സൃഷ്ടിച്ച…

ബാബരി രാഷ്ടീയ മുതലെടുപ്പ്

ശക്തിപ്പെടുന്ന ഹിന്ദുത്വ ഭീകരത രാജ്യത്തെ ന്യൂനപക്ഷാവകാശങ്ങളെ കാറ്റില്‍ പറത്തുകയാണെന്നു വെക്ത്വമാക്കുകയാണ്…