സ്വഹാബികളിലൂടെ ആഗമനം
കേരളത്തിലെ ഇസ്ലാമിക ആഗമനത്തെ സംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രവാചക കാലഘട്ടത്തില്‍ ഇസ്ലാം എത്തിയിട്ടുണ്ടെന്നും ഇല്ലെന്നും, മാലിക് ബിനു ദീനാറിലൂടെയാണ് ഇസ്ലാം എത്തിയതെന്നും അല്ലെന്നും, മാലിക് ബ്നു ദീനാര്‍ സ്വഹാബി ആണെന്നും അല്ലെന്നും അഭിപ്രായങ്ങള്‍ നിരവധിയുണ്ട്. ഇതില്‍ പ്രബലമായത് ഇങ്ങനെ: സിലോണിലെ ആദം മല കാണാന്‍ പുറപ്പെട്ട അറബ് സംഘം വഴിമധ്യേ കൊടുങ്ങല്ലൂരില്‍ ഇറങ്ങുകയും അന്നത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാളിനെ സന്ദര്‍ശിക്കുകയും ചെയ്തു. സംസാരത്തിനിടയില്‍ ഇസ്ലാമിനെക്കുറിച്ചും മുഹമ്മദ് എന്ന പ്രവാചകരെക്കുറിച്ചും പ്രവാചകര്‍ ശത്രുക്കളുടെ വെല്ലുവിളി സ്വീകരിച്ച് ചന്ദ്രനെ പിളര്‍ത്തിയ സംഭവത്തെ കുറിച്ചും സംഘത്തില്‍നിന്നു കേട്ടറിഞ്ഞ രാജാവ്, ഇസ്ലാം മതത്തിലും പ്രവാചകന്‍ മുഹമ്മദ് നബിയിലും ആകൃഷ്ടനായി. തുടര്‍ന്ന് അറബ് സംഘത്തോടൊപ്പം മക്കയിലേക്ക് പോകാന്‍ രാജാവ് ആഗ്രഹം പ്രകടിപ്പിച്ചു. സംഘം സിലോണില്‍ നിന്നു തിരിച്ചുവരുമ്പോള്‍ കൊടുങ്ങല്ലൂരില്‍ വരികയും രാജാവ് അറബ് സംഘത്തോടൊപ്പം മക്കയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. രാജാവ് മക്കയിലെത്തി പ്രവാചകനെ കണ്ടു ഇസ്ലാംമതം സ്വീകരിച്ചു. താജുദ്ദീന്‍ എന്ന നാമം സ്വീകരിച്ച് അല്‍പകാലത്തിന് ശേഷം സ്വരാജ്യത്തേക്കുതന്നെ മടങ്ങി. വഴിമധ്യേ മരണപ്പെട്ടു. ഒമാനിലെ സലാലയില്‍ മറമാടുകയും ചെയ്തു. രാജാവിന്റെ നിര്‍ദ്ദേശപ്രകാരം മാലിക് ദീനാര്‍(റ)ന്റെ നേതൃത്വത്തിലുള്ള യാത്രാസംഘം ഇസ്ലാമിക പ്രചാരണത്തിന് കൊടുങ്ങല്ലൂരില്‍ എത്തുകയും ചേരമാന്‍പെരുമാള്‍ ഏല്‍പ്പിച്ച കത്ത് അന്നത്തെ രാജാവിനു നല്‍കി. രാജാവ് സംഘത്തിന് ഊഷ്മള സ്വീകരണം നല്‍കുകയും താമസസൗകര്യവും പളളി നിര്‍മിക്കാനുള്ള സ്ഥലവും അനുവദിച്ച് നല്‍കുകയും ചെയ്തു.
പ്രസിദ്ധ ചരിത്രകാരന്‍ സുഹ്‌റവര്‍ദി തന്റെ ”രിഹ് ലത്തുല്‍ മുലൂക്ക്” എന്ന ഗ്രന്ഥത്തില്‍ പറയുന്നു: മാലിക് ബ്നു ദീനാര്‍ (റ), ശറഫു ബ്‌നു മാലിക് (റ), മാലിക് ബ്‌നു ഹബീബ് അദ്ദേഹത്തിന്റെ ഭാര്യ ഖമരിയ എന്നിവരടങ്ങുന്ന പന്ത്രണ്ടംഗ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു. അവരോടുകൂടെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 20 പേരും ബസ്വറക്കാരായ മറ്റ് ചിലരും ഉണ്ടായിരുന്നു. ആകെ 44 പേരായിരുന്നു അവര്‍. ഇവര്‍ 18 പള്ളികള്‍ നിര്‍മ്മിക്കുകയും അവിടങ്ങളില്‍ ഖാളിമാരെ നിശ്ചയിക്കുകയും ചെയ്തു. കേരളത്തിനുപുറമെ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും അവര്‍ പള്ളികള്‍ നിര്‍മ്മിച്ചു.
ഇസ്‌ലാമിന്റെ ആചാരനുഷ്ഠാനങ്ങളിലും ആരാധനാക്രമങ്ങളിലും ആകൃഷടരായി നിരവധിപേര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു. മാലിക് ബ്നു ദീനാര്‍ (റ) മാലിക് ബിന് ഹബീബ്(റ)നെ മലബാറിലെ വിവിധ പ്രദേശങ്ങളില്‍ പള്ളികള്‍ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം കൊല്ലത്തേക്ക് യാത്രതിരിച്ചു. അവിടെ ഒരു പള്ളി നിര്‍മ്മിക്കുകയും ശേഷം ഭാര്യയേയും മക്കളേയും അവിടെ താമസിപ്പിച്ച് ഏഴിമല, മംഗലാപുരം, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയെല്ലാം പള്ളികള്‍ നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് ഏഴിമലയിലേക്കു തിരിച്ചുവരുകയും മൂന്നു മാസം അവിടെ താമസിക്കുകയും ചെയ്തു. ശേഷം ശ്രീകണ്ഠപുരം, ധര്‍മ്മടം, പന്തലായനി, ചാലിയം എന്നീ പ്രദേശങ്ങളിലും അദ്ദേഹം പള്ളികള്‍ നിര്‍മ്മിച്ചു. ശേഷം കൊടുങ്ങല്ലൂരിലേക്ക് തിരിച്ചുവരികയും അമ്മാവന്‍ മാലികുബ്‌നു ദിനാര്‍ (റ)ന്റെ കൂടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷം മലബാറിലെ വിവിധ പ്രദേശങ്ങളില്‍ അദ്ദേഹം നിര്‍മ്മിച്ച പള്ളികള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെല്ലാം നിസ്‌കരിക്കുകയും അവിടെയെല്ലാം ഇസ്‌ലാമിന്റെ പ്രഭ പ്രശോഭിച്ചതു കണ്ടു സന്തോഷവാനാവുകയും ചെയ്തു. പിന്നീട് മാലിക് ബ്നു ദീനാര്‍(റ), മാലിക് ബ്‌നു ഹബീബ്(റ) എന്നിവര്‍ തങ്ങളുടെ കൂട്ടുകാരോടും പരിചാരകരോടുമൊന്നിച്ച് കൊല്ലത്തേക്ക് യാത്രതിരിച്ചു. മാലിക് ബ്നു ദീനാര്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം അവിടെ സ്ഥിരതാമസമാക്കി. മാലിക് ബ്നു ദീനാര്‍ ഷഹര്‍ അല്‍ മുഖല്ലയിലേക്കു പോവുകയും അവിടെ മറവ് ചെയ്യപ്പെട്ട ചേരമാന്‍ രാജാവിന്റെ ഖബര്‍ സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നദ്ദേഹം ഖുറാസാനിലേക്ക് പോവുകയും അവിടെവച്ച് മരണപ്പെടുകയും ചെയ്തു. മാലിക് ബ്‌നു ഹബീബ്(റ) മക്കളില്‍നിന്നും ചിലര്‍ക്കു കൊല്ലത്ത് താമസ സൗകര്യം ചെയ്തുകൊടുത്ത്, ഭാര്യയേയുംകൂട്ടി കൊടുങ്ങല്ലൂരില്‍ വരികയും അവിടെവച്ച് ഇഹലോകവാസം വെടിയുകയും ചെയ്തു.
അജ്ഞാത കാലഘട്ടം
പത്താം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള ഇസ്ലാമിക ചരിത്രം ഏറെക്കുറെ പൂര്‍ണ്ണമായും അജ്ഞാതമാണ്. ഒമ്പതാം നൂറ്റാണ്ടിലെ തരിസ്സാപ്പള്ളി ശാസനവും ചില ചെമ്പേടുകളും ശാസനങ്ങളും പത്താം നൂറ്റാണ്ട് വരെയുള്ള ഇസ്ലാമിക ചരിത്രത്തിന് അല്‍പമെങ്കിലും വെളിച്ചം നല്‍കുന്നുണ്ട്. കേരള മുസ്ലിം ചരിത്രത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഇരുളടഞ്ഞ നൂറ്റാണ്ടാണ് 10 മുതല്‍ 15 വരെയുള്ള നൂറ്റാണ്ട്. അല്‍പമെങ്കിലും ഈ നൂറ്റാണ്ടുകള്‍ക്കിടയിലെ മുസ്ലിം ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് കേരളം സന്ദര്‍ശിച്ച സഞ്ചാരികളുടെ കൃതികളാണ്. ഇബിനു ഫഖീഹ്, ഇബ്നു റുസ്ത, അബൂസൈദ്, മസ്ഊദി എന്നിവര്‍ പത്താം നൂറ്റാണ്ടിലെ മുസ്ലീങ്ങളെ സംബന്ധിച്ചു രേഖപ്പെടുത്തിയ സഞ്ചാര കൃതികളുടെ രചയിതാക്കളാണ്.
പ്രസിദ്ധ ആഫ്രിക്കന്‍ സഞ്ചാരി ഇബിനുബത്തൂതയുടേതൊഴിച്ച് മറ്റു ചരിത്രകാരന്മാര്‍ മലബാറിനെ സംബന്ധിച്ചു അല്പം മാത്രമാണ് പ്രതിപാദിക്കുന്നത്. ബത്തൂത്തയുടെ സഞ്ചാരകൃതികള്‍ മലബാറിലെ മുസ്ലിങ്ങളെ സംബന്ധിച്ചു വലിയ തോതില്‍ പരാമര്‍ശിക്കുന്നുണ്ട്. പലതവണ കോഴിക്കോട് തുറമുഖം സന്ദര്‍ശിച്ച അദ്ദേഹം കോഴിക്കോടിനെ സംബന്ധിച്ചും അവിടത്തെ രാജാവിനെയും ജനങ്ങളെയും സംബന്ധിച്ചും സൂചനകള്‍ നല്‍കുന്നുണ്ട്. കൊല്ലം സന്ദര്‍ശിച്ച അദ്ദേഹം അവിടത്തെ കച്ചവട സാമൂഹിക ബന്ധങ്ങളെ കുറിച്ച് വിവരണം നല്‍കുന്നുണ്ട്. ഇബ്നു ബത്തൂത്തയുടെ മലബാര്‍ സന്ദര്‍ശനത്തിലൂടെ പതിനാലാം നൂറ്റാണ്ടിലെ കേരള ഇസ്ലാമിനെ സംബന്ധിച്ച് ഏകദേശ ചിത്രം ലഭ്യമായി. ബസറൂര്‍, ഫാക്കനൂര്‍, മംഗലാപുരം, ഏഴിമല, വളപട്ടണം, ധര്‍മ്മടം, പന്തലായനി, കോഴിക്കോട്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ മുസ്ലിം സാന്നിധ്യത്തെ സംബന്ധിച്ചും മുസ്ലിംകളുടെ ജീവിത രീതികളെ സംബന്ധിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. ശൈഖ് ശിഹാബുദ്ദീന്‍ കാസറൂനി (കോഴിക്കോട്), ഹുസൈന്‍ സലാത്ത (ഫാക്കനൂര്‍), ബദറുദ്ദീനുല്‍ മഅ്ബറി(മംഗലാപുരം) തുടങ്ങിയ മുസ്ലിം നേതാക്കളെ കുറിച്ച് എല്ലാം അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ധര്‍മ്മടം, വളപട്ടണം, ഏഴിമല, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളെ കുറിച്ചും 500 അടി നീളവും 300 അടി വീതിയുമുള്ള ചെങ്കല്ലില്‍ പടുത്ത പള്ളിക്കുളത്തെ കുറിച്ചുമെല്ലാം മനോഹരമായി അദ്ദേഹം വര്‍ണിക്കുന്നുണ്ട്.
അറബി സഞ്ചാരികള്‍ക്കു പുറമേ ചൈനീസ് യൂറോപ്യന്‍ സഞ്ചാരികളും മലബാര്‍ സന്ദര്‍ശിക്കുകയും അവരുടെ സഞ്ചാരകൃതികളില്‍ കേരളത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.അവര്‍ കേരളത്തെ സംബന്ധിച്ച് ദീര്‍ഘമായി വര്‍ണിക്കുമ്പോഴും കേരള മുസ്ലിംകളെ സംബന്ധിച്ച് വിവരിക്കുന്നത് വളരെ വിരളമാണ്. ചുരുക്കത്തില്‍ 10 മുതല്‍ 15 നൂറ്റാണ്ടുവരെയുള്ള കേരള ഇസ്ലാമിക ചരിത്രം ഏറെക്കുറെ അജ്ഞാതമാണ്. മഖ്ദൂം കുടുംബത്തിന്റെ കേരള പ്രവേശനത്തോടെയാണ് കേരള മുസ്ലിം ചരിത്രത്തിനു വിലാസവും വെളിച്ചവും ഉണ്ടായത്.