+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

Constantinople - Darshanam Magazine Article about Old Istanbul

ചരിത്രം മാറ്റിമറിച്ച യുദ്ധം; ഉസ്മാനികളുടെ കോൺസ്റ്റാന്റിനോപ്പിൾ വിജയം

1453 മെയ് 29, ലോക ചരിത്രം മാറ്റിമറിച്ച ദിനം. ആയിരത്തിലേറെ വർഷം കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ ഉസ്മാനിയ്യ തുർക്കികളിലൂടെ മുസ്ലിംകൾക്ക് കീഴടങ്ങിയത് അന്നായിരുന്നു. വിജയശേഷം ഇസ്ലാംപൂൾ ആയി മാറി ആ മഹാനഗരം തുടർന്ന് നാല് നൂറ്റാണ്ട് കാലത്തോളം ഉസ്മാനിയ്യ ഖിലാഫത്തിന്റെ തലസ്ഥാന നഗരിയായി മുസ്ലിം ലോകത്തിന്റെ കേന്ദ്രമായി മാറി. തനിക്ക് മുമ്പ് പല പ്രഗൽഭരായ ഭരണാധികാരികളും കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാതെ പോയ ആ മഹത്തായ യുദ്ധവിജയം കൈവരിച്ചതോടെ സുൽത്താൻ മുഹമ്മദ് രണ്ടാമൻ ദി കോൺക്വെറർ , അൽ ഫാത്തിഹ് എന്ന പേരിൽ ചരിത്രത്തിൽ വിശ്രുതനുമായി. എല്ലാത്തിനുമുപരി ഉത്തമനായൊരു നേതാവിന്റെ മഹത്തായൊരു സൈന്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുക തന്നെ ചെയ്യുമെന്ന അന്ത്യപ്രവാചകരുടെ പ്രവചനത്തിന്റെ സത്യസാക്ഷാത്കാരം കൂടിയായിരുന്നു ആ മഹത്തായ വിജയം.

കോൺസ്റ്റാന്റിനോപ്പിൾ; ഒരു മഹാ നഗരം

ആധുനിക തുര്‍ക്കിയിലെ വളരെ പുരാതന നഗരമാണ് ഇസ്താംബൂള്‍ അഥവാ പഴയ കോൺസ്റ്റാന്റിനോപ്പിൾ. ആദ്യ പേര് ബൈസാന്റിയോണ്‍ എന്നായിരുന്നു. AD 330 ല്‍ റോമന്‍ സാമ്രാജ്യത്തിലെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി നഗരം പുനര്‍നിര്‍മിക്കുകയും നഗരത്തിന് തന്റെ പേര് നൽകുകയും ചെയ്തു.കൂടാതെ കോൺസ്റ്റാന്റിനോപ്പിളിനെ റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്തു. പിന്നീട് ക്രി.395ല്‍ റോമന്‍ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായി മാറി. തുടര്‍ന്ന് ആയിരം വര്‍ഷത്തിലേറെ കാലം അതങ്ങനെ തന്നെ തുടര്‍ന്നു. ബോസ്ഫറസ് കടലിടുക്കിന്റെ പടിഞ്ഞാറന്‍ കരയില്‍ മര്‍മറാ കടലിനും ഗോള്‍ഡന്‍ ഹോണിനുമിടയില്‍ മൂന്ന്ഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ ഒരേ സമയം ഏഷ്യയിലും യുറോപ്പിലുമായാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടായിരിക്കും ലോകമൊന്നാകെ ഒരു രാജ്യമാക്കുകയാണെങ്കില്‍ അതിന്റെ തലസ്ഥാനമാക്കാന്‍ ഏറ്റവും യോഗ്യമായ സ്ഥലം ഇസ്താംബുള്‍ ആണെന്ന് നെപ്പോളിയന്‍ ബോണപ്പാട്ട് പറഞ്ഞത്. അനുഗ്രഹീത ഭൂപ്രകൃതികൊണ്ടും നഗരത്തിനു മുമ്പില്‍ പണികഴിപ്പിച്ച ഭീമാകാരമായ കോട്ട കൊണ്ടും കീഴടക്കല്‍ അതിസാഹസികമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ ലോകത്തെ ഏറ്റവും സുരക്ഷിതത്വ നഗരമായിട്ടാണ് അറിയപ്പെട്ടത്. മുഹമ്മദുല്‍ ഫാതിഹിന് മുമ്പ് രണ്ടേ രണ്ട് സൈന്യങ്ങള്‍ മാത്രമാണ് ഈ മഹാ നഗരം കീഴടക്കിയത്. 1204ല്‍ നാലാം കുരിശുയുദ്ധസേനയും 1261ല്‍ മിഖായേല്‍ രണ്ടാമന്റെ സൈന്യവും.

പ്രവാചക പ്രവചനവും ആദ്യകാല നീക്കങ്ങളും

ഖന്‍ദഖ് യുദ്ധവേളയിലാണ് തന്റെ അനുചരന്മാരോട് കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്‌ലിംകള്‍ കീഴടക്കുമെന്ന സുവിശേഷം നബി(സ്വ) തങ്ങള്‍ അറിയിക്കുന്നത്. തുടര്‍ന്ന് നബി(സ്വ)തങ്ങളുടെ പ്രവചനം തങ്ങളിലൂടെ സാക്ഷാത്കരിക്കാന്‍ പില്‍ക്കാലത്ത് വന്ന ഒരുപാട് മുസ്‌ലിം ഭരണാധികാരികള്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിട്ടുള്ളത്. ആദ്യ ശ്രമം നടത്തിയത് ഹി.52ല്‍ മുആവിയ(റ) ആണ്.തന്റെ പുത്രന്‍ യസീദിന്റെ നേതൃത്വത്തില്‍ വമ്പിച്ചൊരു സൈന്യത്തെ തന്നെ അന്ന് അയച്ചെങ്കിലും ഏഴ് വര്‍ഷം ഉപരോധിച്ചിട്ടും അവര്‍ക്ക് നഗരഭിത്തി ഭേദിക്കാനായില്ല. പ്രസ്തുത സൈന്യത്തിലുണ്ടായിരുന്ന പ്രമുഖ സ്വഹാബിവര്യന്‍ അബൂ അയ്യൂബില്‍ അന്‍സ്വാരി(റ) യാത്ര മദ്ധ്യേ മരണപെടുകയും തന്റെ വസിയ്യത് പ്രകാരം കോണ്‍സ്റ്റാന്റിനോപ്പിള്‍ കോട്ടമതിലിനരികില്‍ മറമാടുകയും ചെയ്തു. പിന്നീട് ഉമവിയ്യ ഖലീഫ സുലൈമാനുബ്‌നു അബ്ദുല്‍ മലിക് എണ്ണൂറോളം കപ്പലുകളും 1,20,000 ത്തോളം വരുന്ന സൈന്യത്തെയും അയച്ചെങ്കിലും അവര്‍ക്കും നഗരം കീഴടക്കാനായില്ല. തുടര്‍ന്നും വിവിധ ഘട്ടങ്ങളില്‍ അഞ്ചിലധികം മുസ്‌ലിം ഭരണാധികാരികള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് സൈന്യത്തെ അയച്ചെങ്കിലും ആര്‍ക്കും തന്നെ നഗരത്തിന്റെ അപ്രമാദിത്വത്തിനു വിള്ളല്‍ വീഴ്ത്താനായില്ല.

സുൽത്താൻ മുഹമ്മദ് ജനനവും വളർച്ചയും

സുല്‍ത്താന്‍ മുറാദ് രണ്ടാമന്റെയും ഹുമ ഹാത്തൂന്റെയും മകനായി ക്രി.1432ലാണ് മുഹമ്മദ് രണ്ടാമന്‍ ജനിക്കുന്നത്. പ്രമുഖ പണ്ഡിതന്മാരില്‍ നിന്നും വിദ്യകള്‍ അഭ്യസിച്ച അദ്ദേഹം അതിനിപുണനായാണ് വളര്‍ന്നത്. തുര്‍കിഷിനു പുറമെ അറബിയിലും പേര്‍ഷ്യനിലും പ്രാവീണ്യം നേടിയ മുഹമ്മദിന് ഗ്രീക്ക്,സെര്‍ബിന്‍ ലാറ്റിന്‍,ഇറ്റാലിയന്‍,ഹീബ്രു തുടങ്ങിയ ഭാഷകളും വശമുണ്ടായിരുന്നു. വിദ്യാസമ്പന്നനും കലാപ്രേമിയുമായിരുന്ന മുഹമ്മദിന് തന്റെ വൈജ്ഞാനിക സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ എന്ത്‌കൊണ്ടും അനുയോജ്യമായ നഗരം കൂടിയായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. ബാല്യകാലം മുതല്‍ക്കേ ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്‌ലിംകളുടെ കീഴില്‍ കൊണ്ടുവരണമെന്ന അതിയായ ആഗ്രഹം മുഹമ്മദിനുണ്ടായിരുന്നു. തന്റെ ഗുരുവും വഴികാട്ടിയുമായ ശൈഖ് ആഖ് ഷംസുദീന്റെ(ഹിജ്‌റ 792-863) നിരന്തര പ്രേരണ മൂലമാണ് അദ്ദേഹത്തിന് ഇത്തരമൊരു ആഗ്രഹം ജനിച്ചത്. പ്രവാചക പ്രവചനത്തിലെ ഉത്തമനായ നേതാവ് നീയാണ് ,നിനക്ക് മാത്രമേ അതിനു സാധിക്കൂ എന്ന് ശൈഖ് കുഞ്ഞ് മുഹമ്മദിനെ ഉണര്‍ത്തുകയും ബോധിപ്പിക്കുയും ചെയ്തു. മുഹമ്മദിന്റെ 12ാം വയസ്സില്‍ തന്നെ പിതാവ് സുല്‍ത്താന്‍ മുറാദ് ഖാന്‍ സ്ഥാനമൊഴിയുകയും അധികാരം മകനെ ഏല്‍പ്പിക്കുകയും ചെയ്തു. പക്ഷെ ഇത് അധികം നീണ്ടു നിന്നില്ല. ഉസ്മാനികളുടെ ജാനിസ്റ്ററി സൈന്യം കലാപം സൃഷ്ടിച്ച് ബാലനായ സുല്‍ത്താന്‍ മുഹമ്മദിനെ ധിക്കരിക്കുകയും തലസ്ഥാനനഗരിയായ അഡ്രിനോപ്പിള്‍ കൊള്ളയടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മുറാദ് ഖാന് അധികാരം മകനില്‍ നിന്ന് തിരിച്ചെടുക്കേണ്ടി വന്നു. എങ്കിലും അധികം വൈകാതെ മുറാദ് ഖാന്‍ അന്തരിച്ചതോടെ 1451 ല്‍ ഏഴാമത്തെ ഉസ്മാനി ഭരണാധികാരിയായി സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ അധികാരമേറ്റു. അന്നദ്ദേഹത്തിനു 20 വയസ്സായിരുന്നു.

സൈന്യം ഒരുങ്ങുന്നു

ഉസ്മാനിയ്യ സാമ്രാജ്യത്തിന്റെ അധിപനായി അധികാരമേറ്റതോടെ സുൽത്താൻ മുഹമ്മദ് തന്റെ ചിരകാല സ്വപ്നമായ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി. ലക്ഷ്യം അതികഠനവും സാഹസികവുമായത് കൊണ്ട് തന്നെ വളരെ വിപുലവും ശക്തവുമായ ഒരുക്കങ്ങളാണ് സുൽത്താൻ നടത്തിയത്. ആദ്യമായി ശക്തമായ ഒരു സൈന്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി സൈന്യത്തെ പുനസംഘടിപ്പിക്കുകയും രണ്ടര ലക്ഷത്തോളം പേർക്ക് നിരന്തരവും തീവ്രവുമായ പരിശീലനം നൽകുകയും ചെയ്തു. അതോടൊപ്പം ഉഗ്രമായ സംഹാര ശേഷിയുള്ള പീരങ്കികളും വെടിക്കോപ്പുകളും നിർമ്മിച്ചു.അക്കാലത്ത് യൂറോപ്പിൽ പോലും ലഭ്യമല്ലാതിരുന്ന ടെക്നോളജികൾ ഉപയോഗിച്ച് പീരങ്കികളടക്കമുള്ള ആയുധങ്ങൾ നിർമ്മിച്ച സുൽത്താന്റെ ചീഫ് ടെക്നീഷ്യൻ ഓർബാൻ എന്ന ബൈസാന്തിയനായിരുന്നു. അതോടൊപ്പം കോൺസ്റ്റാന്റിനോപ്പിൾ മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട നഗരമായതിനാൽ ശക്തമായൊരു നാവിക സൈന്യം രൂപീകരിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞ സുൽത്താൻ നാനൂറിലധികം ആധുനിക പടക്കലുകളും നിർമ്മിച്ച് യുദ്ധത്തിന് സജ്ജമാക്കി.

കീഴടക്കാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സുൽത്താൻ മുഹമ്മദ് ചെയ്ത മറ്റൊരു പ്രധാനപ്പെട്ട കാര്യം ബോസ്ഫറസ് കടലിടുക്കിൽ യൂറോപ്പിനോട് അഭിമുഖമായി നിൽക്കുന്ന ഭാഗത്ത് 82 മീറ്റർ ഉയരമുള്ള ഭീമാകാരമായ ഒരു കോട്ട പണി കഴിപ്പിക്കുകയായിരുന്നു. കോൺസ്റ്റാന്റിനോപ്പിളിനെ സഹായിക്കാൻ എത്തുന്ന യൂറോപ്യൻ ശക്തികളെ തുരത്തിയോടിക്കാനായിരുന്നു തന്ത്രപരവും അതോടൊപ്പം ചെലവേറിയതുമായ ഈ നീക്കം സുൽത്താൻ നടത്തിയത്. ഇതേ ആവശ്യാർത്ഥം സുൽത്താന്റെ മുൻഗാമിയായ ബായസീദ് ഒന്നാമൻ (ഭരണത്തിലിരുന്ന സമയത്ത് 1395ലും 1402 ലും അദ്ദേഹം കോൺസ്റ്റാന്റിനോപ്പിൾ ഉപരോധിച്ചിരുന്നു) ഏഷ്യൻ കരയിൽ നിർമ്മിച്ച കോട്ടക്ക് സമാന്തരമായിട്ടായിരുന്നു പുതിയ കോട്ട നിർമ്മിക്കപ്പെട്ടത്.അവസാനമായി ബൈസന്തിയരോട് വിയോജിപ്പുള്ള സമീപപ്രദേശത്തെ രാജാക്കന്മാരുമായി, യുദ്ധത്തിനിടയിൽ അവരുടെ സഹായവും ആവശ്യമായി വന്നേക്കാമെന്ന ധാരണയിൽ സുൽത്താൻ കരാറിൽ ഏർപ്പെടുകയും ചെയ്തു.

ഉപരോധം തുടങ്ങുന്നു

തന്റെ സാമ്രാജ്യത്തെയും നഗരത്തെയും തകർക്കാൻ ഉസ്മാനി സുൽത്താൻ വലിയ രീതിയിലുള്ള പടയൊരുക്കം നടത്തുന്നുണ്ടെന്നറിഞ്ഞ ബൈസന്ത്യൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഭാഗമായി ധാരാളം അമൂല്യമായ സമ്മാനങ്ങൾ സുൽത്താന്റെ സമക്ഷത്തിലേക്കയച്ചു.എന്നാൽ നഗരം പൂർണമായും ഇസ്ലാമിന്റെ കൊടിക്കീഴിൽ വരലല്ലാത്ത ഒരു അനുനയവും സാധ്യമല്ല എന്ന് അറിയിച്ചു സുൽത്താൻ സമ്മാനങ്ങൾ തിരികെ അയച്ചു.തുടർന്ന് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്നു ഉറപ്പിച്ച സുൽത്താൻ, എന്തിനും തയ്യാറായി നിൽക്കുന്ന തന്റെ രണ്ടര ലക്ഷത്തിലേറെ സൈനികരുമായി കോൺസ്റ്റാന്റിനോപ്പിളിലേക്ക് തിരിച്ചു.

1453 ഏപ്രിൽ 6ന്(വ്യാഴം) ഉപരോധം തുടങ്ങുന്നതിനു മുന്നോടിയായി സുൽത്താൻ തന്റെ സൈനികരെയെല്ലാം ഒരുമിച്ചുകൂട്ടി ഒരു ലഘു പ്രഭാഷണം നടത്തി. പ്രവാചക പ്രവചനം ഉദ്ധരിച്ച് ജിഹാദികാവേശം ജ്വലിപ്പിച്ച് നടത്തിയ ആ പ്രസംഗത്തെ തക്ബീർ ധ്വനികളോടെയാണ് സൈന്യം സ്വീകരിച്ചത്. തുടർന്ന് രക്തച്ചൊരിച്ചിൽ കൂടാതെ തന്റെ സ്വപ്നഭൂമിയായ നഗരം കൈവശപ്പെടുത്തണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന സുൽത്താൻ കീഴടങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട് ചക്രവർത്തി കോൺസ്റ്റന്റൈന് കത്തയച്ചു.രാജാവിനും കുടുംബത്തിനും പരിവാരസമേതം ഇഷ്ടമുള്ളിടത്തേക്ക് പോകാമെന്നും നഗരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തുമെന്നും ആർക്കും ഒരു ബുദ്ധിമുട്ടും ഉപദ്രവവും ഏൽക്കില്ലെന്നും കത്തിൽ സുൽത്താൻ ഉറപ്പു നൽകിയിരുന്നു. പക്ഷെ അവസാനശ്വാസം വരെ തന്റെ സിംഹാസനത്തിനായും നഗരത്തിനായും പോരാടുമെന്ന നിരാശജനകമായ മറുപടിയാണ് ചക്രവർത്തിയിൽ നിന്ന് ലഭിച്ചത്.മറുപടിക്കത്ത് വായിച്ച സുൽത്താൻ പറഞ്ഞു:“കോൺസ്റ്റാന്റിനോപ്പിളിൽ ഉടനെ എനിക്കൊരു സിംഹാസനം ഉയരും, അല്ലെങ്കിൽ ആറടി മണ്ണിൽ അടക്കം ചെയ്യപ്പെടും”.

കരയിലൂടെ കപ്പലോടിച്ച സൈന്യം

മുസ്ലിം സൈന്യം ആക്രമണം ആരംഭിച്ചു. ഒരേസമയം കടലിലൂടെയും കരയിലൂടെയും കാലാൾ പടയും നാവികസൈന്യവും അത്യുഗ്രൻ ആക്രമണം അഴിച്ചുവിട്ടു. പീരങ്കികൾ തുരുതുരെ ശബ്ദിച്ചു. വെടിക്കോപ്പുകൾ നിരന്തരം തീ വർഷിച്ചുകൊണ്ടിരുന്നു. കോട്ടയുടെ ഇരട്ട മതിലുകളിൽ ഒന്നിന് ചെറിയ കേടുപാടുകളും സംഭവിച്ചു. പക്ഷെ ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടായ ഒരു അപ്രതീക്ഷിത നീക്കം കാരണം കോട്ടയുടെ പരിസരത്തേക്ക് പോലും എത്താൻ ഉസ്മാനികൾക്ക് കഴിഞ്ഞില്ല. ബൈസന്തിയൻ നാവിക സൈന്യം ഉസ്മാനികളുടെ പടക്കപ്പലുകൾ കോട്ടക്കടുത്തേക്ക് കടന്നുവരാതിരിക്കാനായി മർമറ കടലിൽ ഗോൾഡൻ ഹോൺ ഭാഗത്ത് നീണ്ട ഇരുമ്പിന്റെ ചങ്ങലകൾ ബന്ധിച്ചിരുന്നു. ഈ ചങ്ങലകൾ ഭേദിച്ചു മുന്നേറാൻ ഉസ്മാനി നാവികപ്പടക്ക് സാധിച്ചില്ല. നാവികസൈന്യത്തിന്റെ സഹായമില്ലാതെ കോൺസ്റ്റാന്റിനോപ്പിലേക്ക് കടക്കൽ അസാധ്യവുമായിരുന്നു. ശത്രുവിൽ നിന്ന് ഇത്തരമൊരു നീക്കം സുൽത്താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
                              40 ലധികം ദിവസങ്ങൾ നഗരത്തെ ഉപരോധിച്ചിട്ടും ആ ചങ്ങലകൾ ഭേദിച്ച് മുന്നോട്ടു പോകാൻ ഉസ്മാനി സൈന്യത്തിന് കഴിഞ്ഞില്ല. ഇതോടെ ഉന്നത ഉദ്യോഗസ്ഥരും മറ്റും ഉപരോധം അവസാനിപ്പിച്ചുകൊണ്ട് തിരിച്ചുപോകാൻ സുൽത്താനുമേൽ സമ്മർദ്ദം ചെലുത്താനും തുടങ്ങി. ആ സമയം നിരാശനായ സുൽത്താൻ സാന്ത്വനം തേടി തന്റെ പ്രിയ ഗുരു ഷെയ്ഖ് ഷംസുദ്ദീന്റെ അടുക്കലേക്ക് പോയി,തന്റെ പ്രയാസങ്ങൾ വിവരിച്ചു. അപ്പോൾ മഹാനവർകൾ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കാതെയുള്ള തിരിച്ചുപോക്ക് ആത്മഹത്യാപരമാണെന്നും പ്രവാചകൻ മഹത്തായ സൈന്യം എന്ന് വിശേഷിപ്പിച്ചത് ഈ സൈന്യത്തെ തന്നെയാണെന്നും സുൽത്താനോട് ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല നീ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുമെന്ന സുവിശേഷം തനിക്ക് സ്വപ്നത്തിലൂടെ ലഭിച്ച കാര്യവും ഷെയ്ഖ് സുൽത്താനെ അറിയിച്ചു. വർദ്ധിച്ച ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഷെയ്ഖ്ന്റെ സന്നിധിയിൽ നിന്നും മടങ്ങിയ സുൽത്താൻ ശത്രുവിന്റെ ചങ്ങലകൾ ഭേദിക്കാനുള്ള ആഴവും ഗാഡവുമായ ചിന്തകളിൽ മുഴുകി. അവസാനം അദ്ദേഹം വളരെ തന്ത്രപരവും അങ്ങേയറ്റം വിചിത്രവുമായ ഒരു ഉപായം കണ്ടെത്തി. കപ്പലുകൾ കരയിലൂടെ കൊണ്ടുപോവുക എന്നതായിരുന്നു അത്! അതും ബോസ്ഫറസ് മുതൽ ഖർനുദഹബ് വരെയുള്ള മൂന്ന് മൈൽ ദൂരം… എന്ത് ത്യാഗം ചെയ്തും നഗരം കീഴടക്കണമെന്ന് നിശ്ചയദാർഢ്യം ഉണ്ടായിരുന്ന സുൽത്താൻ ഈ സാഹസിക ദൗത്യം ചെയ്യാനും തന്റെ സൈന്യത്തെ സജ്ജമാക്കി.

                                ആദ്യം മുസ്ലിം സൈന്യം അല്പം പിന്മാറുകയും തങ്ങൾ ഉപരോധം അവസാനിപ്പിക്കുകയാണെന്ന തോന്നൽ ശത്രുക്കൾക്കിടയിൽ വരുത്തുകയും ചെയ്തു. മെയ് 28ന് രാത്രി റോമക്കാർ കോട്ടക്കുള്ളിൽ ഉത്സവലഹരിയിൽ മദ്യപിച്ചും കൂത്താടിയും ആഘോഷിച്ചു. അതേ രാത്രിയിൽ സുൽത്താൻ മുഹമ്മദും സൈന്യവും കോട്ടക്കുപുറത്ത് ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആദ്യപടിയായി ഖർനുദഹബിലേക്കുള്ള കല്ലും മുള്ളും പാറകളും നിറഞ്ഞ ദുർഘടപാത രാത്രിയിലെ ഏതാനും സമയത്തിനുള്ളിൽ സൈന്യം നിരപ്പാക്കിയെടുത്തു. ശേഷം ആ പാതയിൽ ഉരുണ്ട മരത്തടികളും പലകകളും നിരത്തുകയും അവയെ മൃഗത്തിന്റെ നെയ്യും കൊഴുപ്പുമെല്ലാം പുരട്ടി മിനുസപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആ മരത്തടികളുടെ മുകളിലൂടെ എഴുപതോളം കപ്പലുകൾ ഒറ്റരാത്രികൊണ്ട് ഉന്തിയും വലിച്ചും കൊണ്ടുപോയി മൂന്നു മൈൽ ദൂരെയുള്ള ഖർനുദഹബിലെത്തിച്ചു. ബൈസന്ത്യൻ സൈന്യം സമുദ്രത്തിൽ വിരിച്ച ചങ്ങലകൾക്ക് ഒരു ഇളക്കവും തട്ടാതെ തന്നെ സുൽത്താൻ മുഹമ്മദിന്റെ സൈന്യം കോൺസ്റ്റാന്റിനോപ്പിൾ തീരത്ത് നങ്കൂരമിട്ടു! ഒരു പക്ഷെ ലോകം അന്നുവരെ കണ്ടതിൽ വെച്ചേറ്റവും ധീരവും സാഹസികവും നിറഞ്ഞ സൈനിക നീക്കമായിരിക്കും അത്.

ചരിത്രം വഴിമാറിയ ദിനം

മെയ് 29, സുഖനിദ്രയിലാണ്ടു പോയിരുന്ന ചക്രവർത്തി ഉൾപ്പെടെയുള്ള റോമക്കാർ മുസ്ലിം സൈനികരുടെ തക്ബീർ ധ്വനികൾ കേട്ടുകൊണ്ട് ഭയവിഹ്വലരായാണ് അന്ന് ഉണർന്നത്. സുൽത്താൻ രക്തച്ചൊരിച്ചിൽ ഒഴിവാക്കി പട്ടണം അടിയറവെക്കാൻ ആവശ്യപ്പെട്ടെങ്കിലും തോൽവി ഉറപ്പായ ആ ഘട്ടത്തിലും ചക്രവർത്തി കീഴടങ്ങാൻ തയ്യാറായില്ല.അവസാന യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് സുൽത്താൻ സൈനികരോട് ഒരു ദിവസത്തെ നോമ്പ് അനുഷ്ഠിക്കാൻ പ്രത്യേകം ആവശ്യപ്പെട്ടു. തുടർന്ന് കര- കടൽ മാർഗ്ഗങ്ങളിലൂടെ ഒന്നിച്ച് ശക്തമായ ആക്രമണം നടത്തി. പീരങ്കി ആക്രമണം വഴി കോട്ട മതിലിന് ദ്വാരങ്ങൾ സൃഷ്ടിച്ചു. സുൽത്താൻ നേരിട്ട് തന്നെ സൈന്യത്തിന് നേതൃത്വം നൽകിയതോടെ ഉസ്മാനി പടയാളികൾ കോട്ടക്ക് ചുറ്റുമുണ്ടായിരുന്ന കിടങ്ങുകളും മുറിച്ചു കടന്ന് കോട്ടമതിലിന്റെ കോണിപ്പടികളിൽ കയറിപ്പറ്റി. കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾ കോട്ടക്ക് ശക്തമായ പ്രതിരോധം തീർത്തെങ്കിലും അതെല്ലാം തകർത്ത് ഉസ്മാനികൾ പട്ടണത്തിനകത്തേക്ക് പ്രവേശിച്ചു.അതേസമയം തന്നെ മറ്റൊരു വിഭാഗം ഉസ്മാനി പടയാളികൾ കടലിൽ ബൈസാന്ത്യൻ സ്ഥാപിച്ചിരുന്ന ചങ്ങലകൾ എടുത്തുമാറ്റി ഉസ്മാനി കപ്പൽപടക്ക് നഗരത്തിലെത്താനുള്ള വഴിയും തെളിയിച്ചു.തുടർന്ന് ഘോരമായ യുദ്ധം നടന്നു. ഒടുവിൽ അന്ന് തന്നെ നഗരം മുസ്ലീങ്ങൾക്ക് കീഴൊതുങ്ങുകയും ഉസ്മാനി പതാക കോട്ടക്ക് മുകളിൽ പാറുകയും ചെയ്തു. അനിവാര്യമായ പതനം കാത്തിരുന്ന റോമക്കാരുടെ ആ പൈതൃക നഗരം ഉസ്മാനികൾക്കും കേവലം 22 വയസ്സുകാരനായ ധീരനായ അവരുടെ സുൽത്താനും മുന്നിൽ അടിയറവെക്കപ്പെട്ടു . നാൽപതിനായിരം ബൈസാന്തിയക്കാരാണ് യുദ്ധത്തിൽ വധിക്കപ്പെട്ടത്. കൂടാതെ 60,000 പേരെ ബന്ധികളായി പിടികൂടുകയും ചെയ്തു. ധീരമായി പോരാടിയ കോൺസ്റ്റന്റൈൻ ചക്രവർത്തി യുദ്ധക്കളത്തിൽ വച്ച് തന്നെ കൊല്ലപ്പെടുകയാണുണ്ടായത്.

മെയ് 29 കോൺസ്റ്റാന്റിനോപ്പിൾ വിജയദിനം

നഗരത്തിൽ പ്രവേശിച്ച സുൽത്താൻ മുഹമ്മദ്‌ വാക്കു കൊടുത്ത പോലെ നഗരവാസികൾക്കെല്ലാം നിരുപാധികം മാപ്പു നൽകി.അവരെ ആക്രമിക്കാൻ പ്രതികാരം ചെയ്യാനോ അദ്ദേഹം മുതിർന്നില്ല. ബന്ധികളായി പിടിച്ചിരുന്നവരെയും ദീർഘകാലാടിസ്ഥാനത്തിൽ ഗഡുക്കളായി അടക്കാവുന്ന തുച്ഛമായ പ്രതിഫലം വാങ്ങി അദ്ദേഹം വിട്ടയച്ചു.ക്രിസ്ത്യാനികൾക്കും മറ്റു മതസ്ഥർക്കും പൂർണ്ണ മതസ്വാതന്ത്ര്യം ഉറപ്പുനൽകി. കൂടാതെ എല്ലാവർക്കും നികുതി ഇളവും റേഷൻ സൗകര്യങ്ങളും ഇതര ക്ഷേമ പ്രവർത്തനങ്ങളും ഏർപ്പാടാക്കുകയും ചെയ്തു. സുൽത്താന്റെ വിശാലമനസ്കതയും വിട്ടുവീഴ്ച മനോഭാവവും കണ്ടുകൊണ്ട് ഒരുപറ്റം ക്രൈസ്തവർ ഉടൻ തന്നെ മുസ്ലിമാവുകയും ചെയ്തു. നഗരം പ്രതിരോധിക്കാൻ അവസാനശ്വാസം വരെ പോരാടിയ കൈസർ കോൺസ്റ്റന്റൈന്റെ ഒരു പൗത്രൻ വരെ പിൽക്കാലത്ത് മുസ്ലിമാവുകയും കോൺസ്റ്റാന്റിനോപ്പിളിൽ വന്ന് സ്ഥിരതാമസമാക്കുകയും ചെയ്തിരുന്നു. ഖലീഫ ഉമറുൽ ഫാറൂഖ്ഉം സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയും ഖുദ്സ് കീഴടക്കിയപ്പോൾ കാണിച്ച ഇസ്ലാമിന്റെ സഹിഷ്ണുത നയം കോൺസ്റ്റാന്റിനോപ്പിളിൽ സുൽത്താൻ മുഹമ്മദും ആവർത്തിച്ചു.

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

മദ്ഹബുകള്‍ ഇമാമുകള്‍

Next Post

മലബാറും പ്ലസ് വൺ സീറ്റും; എന്ന് തീരും ഈ അവഗണന

4.8 4 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Ubaid
Ubaid
9 months ago

ഉസ്മാനി ചരിത്രങ്ങൾ ഇനിയും വരണം 😚

Ameen nishal
Ameen nishal
8 months ago
Reply to  Ubaid

Insha allah ❤️

Read next

മക്ക വിജയ ചരിത്രം

ഇസ്ലാമിക ചരിത്രത്തിലെയും പ്രവാചക ജീവിതത്തിലെയും സുപ്രധാന അധ്യായമാണ് മക്ക ഫത്ഹ്(വിജയം). ഭൂമിയിലെ ആദ്യ ആരാധനാലയമായ…