പതിമൂന്ന് നൂറ്റാണ്ട് കാലത്തോളം നിലനിന്ന ഇസ്ലാമിക ഖിലാഫത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന അധ്യായമാണ് ഖലീഫ ഉമർ ബിൻ ഖത്താബ്(റ)വിന്റെ ഭരണം. അന്ത്യപ്രവാചകർക്കുശേഷം ലോക മുസ്ലിംകളുടെ ഭരണസാരഥ്യമേറ്റെടുത്ത ഖുലഫാഉരാശിദുകളിൽ രണ്ടാമനായ ഉമർ(റ) മനുഷ്യവർഗ്ഗത്തിന് മുന്നിൽ കാണിച്ചു വച്ച ഭരണ മാതൃകകൾ ചരിത്രത്തിൽ എന്നും വെട്ടിത്തിളങ്ങുന്നവയാണ്. ‘സ്വതന്ത്ര ഇന്ത്യയിൽ ഞാൻ ആഗ്രഹിക്കുന്നത് മദീനയിലെ ഉമറിന്റെ ഭരണമാണെന്ന്’ ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രഖ്യാപിക്കാൻ മാത്രം ലോകത്ത് സ്വീകാര്യതയും അംഗീകാരവും നേടിയ ഭരണമായിരുന്നു പത്തര വർഷം നീണ്ടുനിന്ന ഉമർ(റ)ന്റെ ഖിലാഫത്ത്.മഹാനവർകളുടെ ഭരണസംവിധാനം,നീതിനിർവഹണം,ലളിതജീവിതം എന്നിവയെല്ലാം ചരിത്രത്താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടവയാണ്.
രണ്ടാം ഖലീഫ
പ്രവാചകത്വത്തിന്റെ ആറാം വർഷമാണ് ഉമർ(റ) ഇസ്ലാം സ്വീകരിച്ചത്. മഹാനവർകളുടെ ഇസ്ലാമാശ്ലേഷണത്തോടെയാണ് പരസ്യപ്രബോധനം ശക്തിപ്പെടുന്നത്. ധീരനായിരുന്ന ഉമർ(റ) ഇസ്ലാമിന്റെ ശത്രുക്കളുടെ പേടിസ്വപ്നമായിരുന്നു. എല്ലാവരും മദീനയിലേക്കുള്ള ഹിജ്റ അതീവ രഹസ്യമായി പോയപ്പോൾ പരസ്യമായിട്ടായിരുന്നു ഉമർ(റ) പോയത്.തുടർന്ന് എല്ലാ യുദ്ധങ്ങളിലും നബി(സ്വ) തങ്ങളോടൊപ്പം ഉമർ(റ) പങ്കെടുത്തു. ‘ഫാറൂഖ്'(സത്യാസത്യ വിവേചകൻ) എന്നാണ് നബി(സ്വ) തങ്ങൾ ഉമറി(റ)ന് നൽകിയ സ്ഥാനപ്പേര്. പ്രവാചക പത്നി ഹഫ്സ ബീവി(റ)യുടെ പിതാവുമാണവർ. പ്രവാചകരുടെ വഫാത്തിന് ശേഷം അബൂബക്കർ(റ) പ്രഥമ ഖലീഫയായപ്പോൾ ഉമർ(റ) ഖലീഫക്ക് താങ്ങും തണലുമായി വർത്തിച്ചു. ഇസ്ലാമിക പ്രബോധനത്തിനും ജിഹാദിനും സൈന്യങ്ങൾക്കൊപ്പം പറഞ്ഞയക്കാതെ തനിക്ക് ഉപദേശനിർദേശങ്ങൾ സ്വീകരിക്കാൻ അബൂബക്കർ(റ) ഉമർ (റ)നെ മുഴുസമയം മദീനയിൽ തന്റെ കൂടെ നിർത്തിയിരുന്നു. യമാമ യുദ്ധശേഷം ഖുർആൻ ക്രോഡീകരിക്കാൻ സിദ്ധീഖ്(റ) മുതിർന്നത് ഉമർ(റ)ന്റെ നിർദ്ദേശം സ്വീകരിച്ചായിരുന്നു.
രണ്ടര വർഷത്തോളം നീണ്ടുനിന്ന ഭരണത്തിനുശേഷം അബൂബക്കർ(റ)വഫാത്തായി പിറ്റേന്ന്, ഹിജ്റ പതിമൂന്നാം വർഷം ജമാദുൽ ആഖിർ ഇരുപത്തിരണ്ടിന് ചൊവ്വാഴ്ച പ്രഭാതത്തിലാണ് ഉമർ ബിൻ ഖത്താബ്(റ) ഖിലാഫത്ത് ഏറ്റെടുക്കുന്നത്.തന്റെ വഫാത്തിനു മുമ്പ് അബൂബക്കർ(റ) ഉമറി (റ)നെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുകയും തുടർന്ന് ജനങ്ങൾ ഐക്യകണ്ഠേന ബൈഅത് ചെയ്യുകയുമായിരുന്നു. ‘അമീറുൽ മുഅ്‌മിനീൻ’ എന്ന സ്ഥാനപ്പേരിൽ ആദ്യമായി വിളിക്കപ്പെടുന്നത് ഉമർ(റ) ആണ്.ബൈഅത് സ്വീകരിച്ച ശേഷം മിമ്പറിൽ കയറി ഉമർ(റ) തന്റെ നയപ്രസംഗം നടത്തി. “അറബികൾ നായകന് വഴങ്ങുന്ന ഇണക്കമുള്ള ഒരു ഒട്ടകത്തെ പോലെയാണ്. അതിനാൽ അവരുടെ നായകൻ അവരെ എങ്ങോട്ട് നയിക്കണമെന്ന് ഞാൻ നോക്കട്ടെ, തീർച്ചയായും ഞാൻ അവരെ നേരായ പാതയിൽ കൊണ്ടു പോവുക തന്നെ ചെയ്യും”.
നിശാ പ്രയാണം നടത്തിയ ഖലീഫ
ഭരണാധികാരിയുടെയും ജനനേതാവിന്റേയും പ്രഥമ കടമ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവ രുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കണ്ടറിയുകയും അവരുടെ ക്ഷേമം കൊടുക്കുകയും ആണെന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തു.”യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഒരു ആട്ടിൻകുട്ടി സംരക്ഷണം ലഭിക്കാതെ ചത്തുപോയാൽ അല്ലാഹു അതിൻ്റെ പേരിൽ എന്നെ ചോദ്യം ചെയ്യുമോ എന്ന് ഞാൻ ഭയപ്പെടുന്നു” എന്ന് പ്രഖ്യാപിക്കാൻ മാത്രം കർത്തവ്യബോധമുണ്ടായിരുന്ന ഉമർ (റ)വിൻറെ ഭരണ മാതൃകകൾ ആധുനിക ലോകം അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. രാത്രിയിൽ രഹസ്യമായി രാജ്യത്തിനകത്ത് ചുറ്റിക്കറങ്ങി ജനങ്ങളെ നിരീക്ഷിക്കുന്ന ഭരണാധികാരിയായിരുന്നു ഉമർ(റ).
ഒരിക്കൽ രാത്രിയിൽ ഖലീഫ ഉമർ(റ) ഒരു വീട്ടിൽ കയറിയിറങ്ങുന്നത് പ്രമുഖ സ്വാഹാബിയായ ത്വൽഹ(റ)വിന്റെ ശ്രദ്ധയിൽപ്പെട്ടു. നേരം പുലർന്നപ്പോൾ എന്താണ് ആ വീട്ടിലെ വിശേഷങ്ങൾ എന്നറിയാൻ ത്വൽഹ(റ) ആ വീട്ടിലേക്ക് ഒന്ന് കയറി നോക്കി. കണ്ണ് കണ്ടു കൂടാത്ത ഒരു കിളവി ഒറ്റയ്ക്ക് താമസിക്കുന്നതായിട്ടാണ് അവിടെ കണ്ടത്. ത്വൽഹ(റ) ആ സ്ത്രീയോട് ചോദിച്ചു: “ഒരാൾ ഇവിടെ രാത്രി വരുന്നത് കണ്ടുവല്ലൊ” അപ്പോൾ ആ കിളവി പറഞ്ഞു: “അതെ…കുറെ കാലമായി അദ്ദേഹം ഇവിടെ വന്ന് എന്നെ പരിചയിക്കാറുണ്ട്.എനിക്ക് ആവശ്യമുള്ളതെല്ലാം തരും,എൻ്റെ മാലിന്യങ്ങളെല്ലാം വൃത്തിയാക്കും” ഇത് കേട്ട് ത്വൽഹ(റ) സ്‌തബ്ധനായിപ്പോയി. താൻ ആരാണെന്ന് പോലും ഉമർ(റ) ആ വൃദ്ധയെ അറിയിച്ചിരുന്നില്ല.മറ്റൊരിക്കൽ ഉമർ(റ) പ്രജകളുടെ ക്ഷേമമന്വേഷിച്ച് രാത്രി സഞ്ചരിക്കുമ്പോൾ ഒരു കൂരയിൽ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു.അവൾ പ്രസവ വേദന കൊണ്ട് പുളയുകയായിരുന്നു. ആ സ്ത്രീയുടെ ദൈന്യത ബോധ്യപ്പെട്ട മഹാന്നവർകൾ വേഗം വീട്ടിലേക്ക് പോയി ഭാര്യ ഉമ്മുകുൽസൂം (റ)യോട് കാര്യങ്ങൾ പറഞ്ഞു: “പ്രിയേ… നിനക്ക് പുണ്യം കിട്ടാൻ ഒരു വഴി പടച്ചവൻ ഒരുക്കി തന്നിട്ടുണ്ട്”. തുടർന്ന് സംഭവിച്ചതെല്ലാം ഭാര്യയോട് വിവരിച്ച ഉമർ(റ) കുറെ ഗോതമ്പ് മാവും നെയ്യും കയ്യിലെടുത്തു.പ്രസവ പരിചരണത്തിന് ആവശ്യമായ സാധനങ്ങൾ ഭാര്യയും എടുത്തു. തുടർന്ന് അവരിരുവരും ആ വീട്ടിലേക്ക് പോയി.അവിടെയെത്തിയപ്പോൾ ഭാര്യ ആ സ്ത്രീയെ പരിചരിക്കാൻ വീട്ടിനകത്തേക്ക് പോയി. ഉമർ(റ) അടുപ്പുണ്ടാക്കി ഗോതമ്പ് പൊടിച്ച് റൊട്ടിയുണ്ടാക്കി. തുടർന്ന് ആ സ്ത്രീയുടെ ഭർത്താവുമൊത്ത് വർത്തമാനം പറഞ്ഞിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മുകുൽസൂം(റ) അകത്തു നിന്ന് വിളിച്ചുപറഞ്ഞു: “അമീറുൽ മുഅ്‌മിനീൻ.. ഒരു സന്തോഷവാർത്ത, നിങ്ങളുടെ സഹോദരന് ഒരു ആൺകുഞ്ഞ് പിറന്നിരിക്കുന്നു” ഇത് കേട്ട ആ സ്ത്രീയുടെ ഭർത്താവ് ഞെട്ടിത്തരിച്ചു.ഖലീഫയാണ് തന്റെ മുമ്പിലിരിക്കുന്നതെന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല!
തന്റെ ഭരണത്തിന് കീഴിലുള്ള ഓരോ പ്രദേശത്തേക്കും അവിടുത്തെ ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും സഹായങ്ങളും എത്തിക്കാനും അവരുടെ പരാതികൾ കേൾക്കാനും ഉമർ(റ) നേരിട്ട് പോവുമായിരുന്നു.കയ്യിൽ അവിടുത്തെ ജനങ്ങളുടെ ഒരു ലിസ്റ്റും ഉണ്ടാകും. ഉദ്യോഗസ്ഥന്മാരെ പറ്റിയുള്ള പരാതിയും ഖലീഫ ജനങ്ങളിൽ നിന്ന് കേൾക്കും.ഒരിക്കൽ ഉമർ(റ) ഭരണകാലത്ത് കടുത്ത ഭക്ഷ്യ ക്ഷാമം നേരിട്ടു. ചരിത്രകാരന്മാർ അന്നത്തെ വരൾച്ച സൂചിപ്പിച്ചു കൊണ്ട് ആ വർഷത്തെ ‘ആമു റമാഥ്’ (വെണ്ണീർ വർഷം) എന്നാണ് വിശേഷിപ്പിക്കുന്നത്.ആ ദിവസങ്ങളിൽ ഉമർ(റ) ഭക്ഷ്യസാധനങ്ങളുള്ള സ്ഥലങ്ങളിൽ നിന്ന് ഭക്ഷണങ്ങൾ ശേഖരിച്ച് സ്വന്തം ചുമലിലേറ്റി ഗ്രാമങ്ങളിൽ ചുറ്റി നടന്ന് വിശക്കുന്നവർക്ക് വിതരണം ചെയ്തു.തന്റെ കാര്യം ഉമർ(റ) നോക്കിയിരുന്നില്ല. വിശന്ന വയർ ശബ്ദമുണ്ടാക്കുമ്പോൾ മഹാനവർകൾ വയറ്റത്തടിച്ച് വയറിനോട് അടങ്ങാൻ പറയുമായിരുന്നു.മാത്രമല്ല രാത്രിയിൽ പലയിടത്തും ചുറ്റിക്കറങ്ങി ജനങ്ങളുടെ സങ്കടം കണ്ട് മഹാന്നവർകൾ കണ്ണീർ വാർത്ത് പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യും.
നീതിമാനായ ഭരണാധികാരി
ലോകം കണ്ട ഏറ്റവും നീതിമാനായ ഭരണാധികാരികളിൽ ഒരാളാണ് ഉമർ(റ). മഹാനവർകളുടെ ഭരണവും ന്യായാധിപൻ എന്ന നിലക്കുള്ള വിധികളും നീതിയുടെയും സമത്വത്തിൻ്റെയും ഉത്തമ ദൃശ്യങ്ങളാണ്. സർവ്വരാലും പ്രശംസിക്കപ്പെട്ടതുമാണ്. ഓരോ കേസിലും അതിന്റെ പശ്ചാത്തലവും ബന്ധപ്പെട്ട കക്ഷികളുടെ ചുറ്റുപാടുകളും പരിശോധിച്ചിട്ടാണ് ഉമർ(റ) വിധികൾ പുറപ്പെടുവിച്ചിരുന്നത്.നീതി അനുസരിച്ച് വിധി നടപ്പാക്കുന്നതിൽ വ്യക്തികളുടെ വലുപ്പച്ചെറുപ്പമോ ഖലീഫമായുള്ള അടുപ്പമോ അകൽച്ചയോ ഒന്നും പരിഗണനീയമായിരുന്നില്ല. മാത്രമല്ല അദ്ദേഹം എന്തെങ്കിലും ഉപദേശമോ ഉത്തരവോ നൽകുമ്പോൾ ആദ്യം സ്വന്തം വീട്ടിലാണ് അത് നടപ്പാക്കുക. അത്തരം സമയങ്ങളിൽ വീട്ടുകാരെ ഒരുമിച്ചുകൂട്ടി ഉമർ(റ) പറയും: “ഞാൻ ഇന്ന കാര്യം ജനങ്ങളോട് നിരോധിച്ചിട്ടുണ്ട്. പക്ഷികൾ മാംസത്തിലേക്ക് കണ്ണ് വെക്കുന്നത് പോലെയാണ് ജനങ്ങൾ നിങ്ങളെ നോക്കുക. അതിനാൽ തന്നെ ഞാൻ സത്യം ചെയ്‌തു പറയുന്നു, നിങ്ങളിൽ ആരെങ്കിലും ഈ ഉത്തരവ് ലംഘിച്ചാൽ ഞാൻ അവന് ഇരട്ടി ശിക്ഷയാണ് നൽകുക”.
അതുപോലെ നീതി ഉറപ്പാക്കുന്നിടത്ത് അദ്ദേഹം പരിപൂർണ്ണ സമത്വവും കാർക്കഷ്യവും കാണിച്ചിരുന്നു.ഒരിക്കൽ സിറിയയിലെ ഗസ്സാൻ പ്രദേശത്തെ രാജാവായിരുന്ന ജബലുത് ബ്നുൽ അയ്ഹം കഅ്ബ ത്വവാഫ് ചെയ്യാൻ വന്നു.നവമുസ്ലിം ആയിരുന്ന അദ്ദേഹം പരിവാര സമേതമാണ് എത്തിയിരുന്നത്. ത്വവാഫ് ചെയ്യുന്നതിനിയിൽ അദ്ദേഹത്തിന്റെ മുണ്ടിൽ ഒരു ഗ്രാമീണനായ അറബി അറിയാതെ ചവിട്ടി. എന്നാൽ രാജാവ് ആ പാവത്തിൻ്റെ മുഖത്ത് ഒരു അടി വെച്ച്കൊടുത്തു. മർദ്ദിക്കപ്പെട്ട ആ സാധു മനുഷ്യൻ ഉടനെ അമീറുൽ മുഅ്‌മിനീൻ്റെയടുക്കൽ വന്ന് പരാതി പറഞ്ഞു. അപ്പോൾ ഖലീഫ രാജാവിനെ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: “ഒന്നുകിൽ അയാളെ കൊണ്ട് പൊരുത്തപ്പെടീക്കുക.അല്ലെങ്കിൽ താങ്കൾ അടിച്ചത് പോലെ താങ്കളുടെ മുഖത്ത് അടിക്കാൻ അയാളേയും അനുവദിക്കുക”. രാജാവിന് ഈ വിധി സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ചോദിച്ചു: “ഞാൻ രാജാവ്,അവൻ ഒരു സാധാരണക്കാരൻ, ഞങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ലേ”?അപ്പോൾ ഉമർ(റ) പറഞ്ഞു:”ഇല്ല! ഇസ്ലാം നിങ്ങളെ രണ്ടു പേരെയും തുല്യരാക്കിയിരിക്കുന്നു”. മറ്റൊരിക്കൽ ഈജിപ്‌തുകാരനായ ഒരാൾ വന്ന് ഖലീഫയോട് പരാതി പറഞ്ഞു “ഞാനും ഗവർണറുടെ പുത്രനും മത്സരിച്ചോടി. ഞാൻ അവനെ തോൽപ്പിച്ചു. അപ്പോൾ അവൻ ‘ഞാൻ പ്രഭു പുത്രൻ’ എന്നും പറഞ്ഞു എന്നെ അടിച്ചു.ഇതുകേട്ട ഉമർ (റ) ഗവർണറായ അംറ്ബ്‌നുൽ ആസ്(റ)നേയും മകനെയും മദീനയിൽ വിളിച്ചുവരുത്തി. തുടർന്ന് പരാതിക്കാരന്റെ കയ്യിൽ വടി കൊടുത്ത് പറഞ്ഞു.”അടിക്കൂ, പ്രഭു പുത്രനേ…”. കുറെ തല്ലിയ ശേഷം ഖലീഫ ഗവർണറേയും അടിക്കാൻ പറഞ്ഞു.
അതുപോലെ ഒരു തെറ്റിനെ ശിക്ഷിക്കുമ്പോൾ അത് നിശ്ചിത അളവിൽ നിന്ന് ഒരിഞ്ച് കൂടാൻ പാടില്ല എന്നും ഉമർ(റ)ന് നിർബന്ധമുണ്ടായിരുന്നു. ഒരിക്കൽ മദ്യപിച്ചതിനെ തുടർന്ന് ഒരാളെ ഗവർണറായിരുന്ന അബു മൂസൽ അശ്അരി(റ) അടിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മുഖത്ത് കറുത്ത ചായം തേക്കുകയും ജനങ്ങൾക്കിടയിലൂടെ നടത്തിക്കുകയും ചെ യ്തു. മാത്രമല്ല അയാളുമായി സഹവസിക്കുന്നതിൽ നിന്നും കൂടി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽ നിന്നും ജനങ്ങളെ വിലക്കുകയും ചെയ്‌തു.അപമാനം സഹിക്കവയ്യാതെ അയാൾ ഖലീഫയോട് പരാതി പറഞ്ഞു. “നീ മദ്യപിച്ചത് ഏതായാലും ഞാൻ ഇഷ്ടപ്പെടുന്നില്ല. ജാഹിലിയ കാലത്ത് ഞാനും നല്ലൊരു കുടിയനായിരുന്നു”. തുടർന്ന് അബൂമൂസയെ താക്കീത് ചെയ്യുകയും അദ്ദേഹത്തിന്റെ ചെയ്തിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു. മാത്രമല്ല ബഹിഷ്‌കരണം പിൻവലിക്കാൻ ജനങ്ങളോട് കൽപിക്കുകയും 200 ദിർഹം പരാതിക്കാരന് നൽകുകയും ചെയ്‌തു. അതുപോലെ തന്റെ വിധിയിൽ വല്ല തെറ്റും പറ്റിയാൽ യാതൊരു സങ്കോചവും കൂടാതെ ഖലീഫ ഉമർ(റ) അത് തിരുത്തുമായിരുന്നു.
ദരിദ്രനായ ഭരണാധികാരി
മുസ്ലിം ലോകത്തിൻ്റെ ഒന്നടങ്കം ഖലീഫ ആയിട്ടും വളരെ ലളിതമായ ജീവിതമായിരുന്നു ഖലീഫ ഉമർ(റ) നയിച്ചിരുന്നത്. സ്വന്തം ജനതയിൽ ഏറ്റവും ദരിദ്രനായ ഒരാൾ കഴിക്കുന്ന ആഹാരം മാത്രമേ അദ്ദേഹം കഴിച്ചിരുന്നുള്ളൂ.വളരെ തുച്ഛമായ ശമ്പളമായിരുന്നു മഹാനവർകൾ പൊതുഖജനാവിൽ നിന്ന് പറ്റിയിരുന്നത്. അല്ലാഹുവിൻ്റെ സ്വത്തിനെ സംബന്ധിച്ചിടത്തോളം താൻ യതീമിൻ്റെ സ്വത്ത് സംരക്ഷിക്കുന്നവൻ്റെ സ്ഥാനത്താണെന്ന് ഖലീഫ പ്രസ്‌താവിച്ചു. “അല്ലാഹുവിന്റെ സ്വത്തിൽ നിന്ന് എനിക്ക് രണ്ടു വസ്ത്രം മാത്രമേ അനുവദനീയമുള്ളൂ.. ഒന്ന് ശൈത്യ കാലത്തേക്കും മറ്റൊന്ന് ഉഷ്‌ണകാലത്തേക്കും.പിന്നെ ഹജ്ജിനും ഉംറക്കും ഉള്ള വസ്ത്രവും.ഭക്ഷണമായി എനിക്കും എൻ്റെ കുടുംബത്തിനുമുള്ളതും” ഇതായിരുന്നു ഉമർ(റ) നിലപാട്. അതുപോലെ ഖലീഫ ധരിച്ചിരുന്ന വസ്ത്രത്തിൽ 21 സ്ഥലത്ത് കണ്ടം വെച്ച് തുന്നിയിട്ടുണ്ടായിരുന്നു.കേവലം രണ്ട് ദിർഹം മാത്രമായിരുന്നു മഹാനവർക്കൾ ദിവസേന ചെലവിനായി ഉപയോഗിച്ചിരുന്നത്.
ഒരിക്കൽ ഖലീഫ അനുഭവിക്കുന്ന ജീവിത പ്രയാസങ്ങൾ കണ്ട് സഹിക്കാനാവാതെ വന്നപ്പോൾ ഉസ്മാൻ(റ), അലി (റ), ത്വൽഹ (റ), സുബൈർ(റ) എന്നീ സഹാബിവര്യന്മാർ ഒത്തുചേർന്ന് ഉമർ (റ)വിന് വേതനം കൂട്ടികൊടുക്കുവാനുള്ള മാർഗ്ഗത്തെ പറ്റി കൂടിയാലോചിച്ചു. പക്ഷേ ആ കാര്യം ഉമർ(റ)നോട് സംസാരിക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ തങ്ങളുടെ പേരുകൾ ഒരിക്കലും വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയിൽ ഉമർ(റ)വിൻ്റെ മകളും പ്രവാചക പത്നിയുമായ ഹഫ്‌സ(റ)യെ അവർ ചുമതലപ്പെടുത്തി. അങ്ങനെ ഹഫ്‌സ(റ) പോയി ഉമർ(റ)നോട് കാര്യം പറഞ്ഞു.ഉടനെ ഉമർ(റ) പൊട്ടിത്തെറിച്ചു മകളോട് കൊണ്ട് ചോദിച്ചു: “ആരാണ് ഇത് നിന്നോട് പറഞ്ഞത്? ഞാൻ അവരെ വെറുതെ വിടില്ല”.എന്നാൽ സ്വഹാബിമാരുടെ പേര് വ്യക്തമാക്കാൻ ഹഫ്‌സ (റ)കൂട്ടാക്കിയില്ല. അപ്പോൾ ഉമർ(റ) മഹതിയോട് ചില ചോദ്യങ്ങൾ ചോദിച്ചു: “നിന്റെ വീട്ടിൽ റസൂലിന് എത്ര വസ്ത്രമാണ് ഉണ്ടായിരുന്നത്? “രണ്ടു വസ്ത്രം” ഹഫ്‌സ (റ)മറുപടി പറഞ്ഞു. “എന്തായിരുന്നു റസൂലിൻ്റെ ഭക്ഷണം?” ഉമർ(റ) വീണ്ടും ചോദിച്ചു. അപ്പോൾ ഹഫ്‌സ (റ)മറുപടി പറഞ്ഞു: “ഗോതമ്പിൻ്റെ ഉണക്ക റൊട്ടി.അതിൽ അല്പം എണ്ണ ഒഴിക്കും” കിടക്കാൻ റസൂലിന്റെ വിരിപ്പ് എന്തായിരുന്നു?ഉമർ(റ) ചോദ്യം തുടർന്നു. ഹഫ്‌സ (റ) പറഞ്ഞു: “ഒരു കട്ടിയുള്ള വിരിപ്പ്. വേനൽക്കാലത്ത് അത് നാലായി മടക്കും. ശൈത്യകാലത്ത് പകുതി വിരിച്ചു പകുതി കൊണ്ട് പുതക്കും”. ഇതൊക്കെ കേട്ട ഉമർ(റ) മുൻഗാമികളായ രണ്ടുപേരുടെയും പാതയിൽ നിന്ന് താൻ വ്യതിചലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അത്യാവശ ങ്ങൾ എന്തൊക്കെയെന്ന് റസൂൽ(സ്വ) തങ്ങൾ പഠിപ്പിച്ചു തന്നിട്ടുണ്ടെന്നും അതിനാൽ ഈ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ നിവൃത്തിയില്ലെന്നും മകളെ ധരിപ്പിച്ചു. ഇതൊക്കെ പറയുമ്പോൾ ഉമർ(റ) കരയുന്നുണ്ടായിരുന്നു. പൊതുസൊത്ത് കൈകാര്യം ചെയ്യുന്നതിൽ ഖലീഫ ഉമർ(റ) സ്വീകരിച്ച നിഷ്കർഷതയുടെ ഒരുപാട് ഉദാഹരണങ്ങൾ ഇനിയും കാണാൻ കഴിയും.ഇതുപോലെ ഒരുപാട് സംഭവങ്ങൾ ആ ധന്യ ജീവിതത്തിലും മഹത്തായ ഭരണത്തിലും ഉണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന ഭരണാധികാരികൾക്കൊക്കെയും മാതൃക കാണിച്ച ഉമർ(റ) 10 വർഷവും ആറുമാസവും നീണ്ട ഭരണത്തിനുശേഷം ഹി.23 ദുൽഹിജ്ജ 23 ന് വഫാത്തായി.സുബ്ഹി നിസ്‌കരിച്ചു കൊണ്ടിരിക്കെ അബൂ ലുഅ്ലുഅ് എന്ന മജൂസി അടിമയുടെ വിഷം പുരട്ടിയ കഠാരയുടെ കുത്തേറ്റ് മഹാനവർകൾ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. തന്റെ നേതാവായ തിരുറസൂലിന്റെ(സ്വ)യും അബൂബക്കർ(റ)ന്റേയും ചാരത്ത് റൗളാ ശരീഫിൽ ഉമർ(റ) അന്ത്യവിശ്രമം കൊള്ളുന്നു.