ഖാസിം
മുഹമ്മദ് നബി(സ്വ) തങ്ങളുടെ ആദ്യസന്തതിയാണ് ഖാസിം എന്നവർ.ഖദീജ ബീവി(റ)യുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടാം വർഷമാണ് തങ്ങൾക്ക് പ്രഥമസന്താനം ജനിക്കുന്നത്.പുത്രന്മാരുടെ പേരിലേക്ക് ചേർത്തുവച്ചുകൊണ്ട് നബി(സ്വ) ഏറ്റവും കൂടുതൽ അറിയപ്പെട്ടതും ഈ പുത്രനിലേക്ക് ചേർത്തുവെച്ച് കൊണ്ടുള്ള ‘അബുൽ ഖാസിം’ എന്ന നാമത്തിലാണ്.
ഓമനിച്ചു വളർത്തിയ ആദ്യ പുത്രനെ നബി(സ്വ) തങ്ങൾക്ക് വളരെ ചെറുപ്പത്തിൽ ത്തന്നെ നഷ്ടമായി. രണ്ടാം വയസ്സിൽ തന്നെ ഖാസിം മരിച്ചുവെന്നാണ് പ്രബലാഭിപ്രായം. (ഏതാനും മാസങ്ങൾ മാത്രമായിരുന്നു ജീവിച്ചിരുന്നത് എന്നും അഭിപ്രായപ്പെട്ടവരുണ്ട്). ജനിച്ചതും വഫാത്തായതുമെല്ലാം മക്കയിൽ വെച്ച് തന്നെ.മക്കയിലെ ഹജൂൻ എന്ന സ്ഥലത്താണ് ഖബറിടം. ഖദീജ ബീവി(റ)യേയും അവിടെയാണ് മറവ് ചെയ്തിട്ടുള്ളത്.
അബ്ദുല്ല
മുഹമ്മദ് നബി(സ്വ)യുടെ ആറാമത്തെ സന്താനവും രണ്ടാമത്തെ മകനുമാണ് അബ്ദുല്ല.ത്വയ്യിബ്, ത്വാഹിർ എന്നി ഓമനപ്പേരുകളിൽ ഈ പുത്രൻ അറിയപ്പെടുന്നു. നബി(സ്വ)തങ്ങൾക്ക് പ്രവാചകത്വ ലബ്ധിക്കു ശേഷം ജനിച്ച ആദ്യത്തെ മകനുമാണ് അബ്ദുല്ല. ഏതാനും മാസങ്ങൾ മാത്രമാണ് അബ്ദുല്ല ജീവിച്ചിരുന്നത്. മകൻ വഫാത്തായപ്പോൾ ആസ് ബിൻ വാഇലിനെ പോലെയുള്ള ശത്രുക്കൾ നബി(സ്വ) തങ്ങളെ ‘വംശം മുറിഞ്ഞവൻ’ എന്ന് പറഞ്ഞു പരിഹസിക്കുകയുണ്ടായി. അപ്പോൾ അല്ലാഹു നബിതങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടും, ശത്രുക്കളെ ആക്ഷേപിച്ചു കൊണ്ടും സൂറത്തുൽ കൗസർ ഇറക്കി.അബ്ദുല്ല ജനിച്ചതും വഫാത്തായതുമെല്ലാം മക്കയിൽ തന്നെയായിരുന്നു.
ഇബ്രാഹിം
മുഹമ്മദ് നബി(സ്വ)യുടെ അവസാനത്തെ സന്താനവും മൂന്നാമത്തെ പുത്രനുമാണ് ഇബ്രാഹിം. ഹിജ്റക്ക് ശേഷം പിറന്ന ഏക സന്താനം,ഖദീജ ബീവിയിൽ നിന്നല്ലാത്ത ഏക സന്താനം, രൂപത്തിൽ നബി(സ്വ) തങ്ങളോട് ഏറ്റവും കൂടുതൽ സാദൃശ്യമുള്ള സന്താനം ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഇബ്രാഹിം എന്ന ഈ പുത്രനുണ്ട്. മാതാവ് ഈജിപ്ത്യൻ രാജാവ് മുഖൗഖിസ് നബി(സ്വ) തങ്ങൾക്ക് സമ്മാനമായി കൊടുത്തയച്ച മാരിയത് ബിൻത് ശംഊൻ അൽ ഖിബ്തിയ്യ(റ)എന്നവരാണ്.പക്ഷേ ഈ മകനും അധികകാലം ജീവിച്ചിരുന്നില്ല. ഹിജ്റ എട്ടാം വർഷം ദുൽഹിജ്ജ മാസത്തിൽ മദീനയിൽ വെച്ച് ജനിച്ച ഇബ്‌റാഹിം ഹിജ്റ പത്താം വർഷം റബീഉൽ അവ്വൽ പത്തിന് മദീനയിൽ വെച്ച് തന്നെ വഫാത്തായി. അന്ന് മദീനയിൽ സൂര്യഗ്രഹണം ഉണ്ടായ ദിവസമായിരുന്നു. അപ്പോൾ ജനങ്ങൾ ഇബ്രാഹിം മരിച്ചത് കൊണ്ടാണ് ഗ്രഹണം ഉണ്ടായത് എന്ന് പറഞ്ഞു പരത്തി. എന്നാൽ ഇത് അറിഞ്ഞ പ്രവാചകർ “ആരും മരിക്കുന്നത് കൊണ്ടോ ജീവിക്കുന്നത് കൊണ്ടോ അല്ല സൂര്യഗ്രഹണം ഉണ്ടാകുന്നതെന്നും ഇത്തരം സന്ദർഭങ്ങളിൽ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ് ചെയ്യേണ്ടത്” എന്നും പറഞ്ഞു. മദീനയിലെ ജന്നത്തുൽ ബഖീഇൽ ഉസ്മാനുബ്നു മള്ഊനി(റ)ന്റെ ഖബ്റിന് സമീപമാണ് ഇബ്രാഹിമി(റ)നെ ഖബറടക്കിയത്.
സൈനബ്
മുഹമ്മദ് നബി(സ്വ)യുടെ രണ്ടാമത്തെ സന്താനവും മൂത്ത മകളുമാണ് സൈനബ് (റ). നബി(സ്വ)യുടെ മുപ്പതാം വയസ്സിലായിരുന്നു മഹതിയുടെ ജനനം. ഈ മകൾ അടക്കം നബി(സ്വ)തങ്ങളുടെ എല്ലാ പെണ്മക്കളും വിവാഹം കഴിക്കുകയും കുടുംബജീവിതം നയിക്കുകയും ചെയ്തിട്ടുണ്ട്.
ഖുറൈശി പ്രഭു അബുൽ ആസ് ബിൻ റബീഅ് ആയിരുന്നു മഹതിയുടെ ഭർത്താവ്.മാതാവായ ഖദീജ ബീവി(റ)യുടെ സഹോദരീ പുത്രനായിരുന്നു അബുൽ ആസ്.മുഹമ്മദ് നബി(സ്വ) പ്രവാചകത്വം പ്രഖ്യാപിച്ച ഉടനെതന്നെ സൈനബ(റ) ഇസ്ലാം സ്വീകരിച്ചു. പക്ഷേ അബുൽ ആസ് അപ്പോഴും സത്യനിഷേധത്തിൽ തന്നെയായിരുന്നു.മാത്രമല്ല ഖുറൈശികൾ അദ്ദേഹത്തെ സൈനബി(റ)നെ വിവാഹമോചനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം വിവാഹമോചനത്തിന് മുതിർന്നില്ല. ഇത് കാരണം നബി(സ്വ) തങ്ങൾ മദീനയിലേക്ക് ഹിജ്റ പോയപ്പോൾ സൈനബി(റ)ന് തന്റെ ഭർത്താവിന്റേയും മക്കളുടെയും കൂടെ മക്കയിൽ തന്നെ തങ്ങേണ്ടി വന്നു.
ശേഷം ബദ്ർ യുദ്ധത്തിൽ വച്ച് അബുൽ ആസ് ബന്ധിയായി പിടിക്കപ്പെട്ടു.
അപ്പോൾ സൈനബ്(റ) പണവും തന്റെ കല്ലുമാലകൊണ്ടുള്ള മാലയും മോചനദ്രവ്യമായി അയച്ചു. ബീവിയുടെ വിവാഹവേളയിൽ ഖദീജ(റ) അവർക്ക് കൊടുത്ത വിവാഹ സമ്മാനമായിരുന്നു ആ ആഭരണം.ഇത് കണ്ട പ്രവാചകൻ(സ്വ) അതൊന്നും അവരിൽനിന്ന് സ്വീകരിച്ചില്ല. മറിച്ച് അബുൽ ആസിനെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മടക്കിപറഞ്ഞയക്കുകയാണുണ്ടായത്. അതിനുപകരമായി തന്റെ ഭാര്യയായ സൈനബിനെ മദീനയിലേക്ക് അയക്കാനും അബുൽ ആസ് സമ്മതിച്ചു.അങ്ങനെ സൈനബ നബിതങ്ങളുടെ അടുക്കലേക്ക് യാത്രതിരിച്ചു. ഇതറിഞ്ഞ ശത്രുക്കൾ അവരെ അന്വേഷിച്ചു പുറപ്പെടുകയും വഴിമധ്യേ അവരെ കുന്തംകൊണ്ട് ആക്രമിക്കുകയും ചെയ്തു. ഒരിക്കൽ മുഹമ്മദ് നബി പറയുകയുണ്ടായി: “സൈനബ് എന്റെ മക്കളിൽ അത്യുൽകൃഷ്ടയാണ്. എന്റെ പേരിൽ ഉപദ്രവം ഏൽക്കേണ്ടി വന്നവളാണ് അവൾ”.
പിന്നീട് അബുൽ ആസും ഇസ്ലാം സ്വീകരിക്കുകയും മദീനയിലേക്ക് ഹിജ്റ പോവുകയുമുണ്ടായി. അങ്ങനെ അവർ വീണ്ടും ദാമ്പത്യജീവിതം ആരംഭിച്ചു. അബുൽ ആസ് – സൈനബ് ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉണ്ടായിരുന്നത്. അലി, ഉമാമ എന്നിവരാണവർ. ഇവരിൽ അലി ചെറുപ്പത്തിൽതന്നെ മരണപ്പെടുകയുണ്ടായി. ഉമാമ(റ)യെ അലി(റ) വിവാഹം കഴിക്കുകയുണ്ടായി(ഫാത്തിമ ബീവി(റ)യുടെ വഫാത്തിന് ശേഷം). അലി വഫാത്തായപ്പോൾ മുഗീറ ബിൻ നൗഫൽ(റ)എന്നവരും ഉമാമ(റ)യെ വിവാഹം ചെയ്തു.
സൈനബ്(റ) ഹിജ്റ എട്ടാം വർഷം മദീനയിൽ വെച്ച് വഫാത്തായി. അന്ന് അവർക്ക് 31 വയസ്സായിരുന്നു. മദീനയിലെ ജന്നത്തുൽ ബഖീഇൽ ആണ് മഹതി അന്ത്യവിശ്രമം കൊള്ളുന്നത്.
റുഖിയ്യ ബീവി( റ)
നബി(സ്വ) തങ്ങളുടെ മൂന്നാമത്തെ സന്താനവും രണ്ടാമത്തെ പുത്രിയുമാണ് റുഖിയ്യ ബീവി(റ). മുഹമ്മദ് നബി(സ്വ)ക്ക് 33 വയസ്സുള്ളപ്പോഴായിരുന്നു(നുബുവ്വത്തിന്റെ ഏഴുവർഷം മുമ്പ്, ഹിജ്റയുടെ 20 വർഷം മുമ്പ്)മഹതിയുടെ ജനനം. ഉമ്മയായ ഖദീജ ബീവി(റ)യോട് ആയിരുന്നു മഹതിക്ക് കൂടുതൽ രൂപസാദൃശ്യം.
നബി(സ്വ) തങ്ങളുടെ പിതൃവ്യനും ശത്രുക്കളിൽ പ്രധാനിയുമായിരുന്ന അബൂലഹബിന്റെ മകൻ ഉത്ബതിനെ ആയിരുന്നു റുഖയ്യ ബീവി(റ) ആദ്യം വിവാഹം ചെയ്തിരുന്നത്. പക്ഷേ വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. അതിനു മുമ്പ് തന്നെ അബൂലഹബിനെ അധിക്ഷേപിച്ചു കൊണ്ടുള്ള ഖുർആൻ വാക്യം(സൂറത്തുൽ മസദ്) ഇറങ്ങുകയും, തൽഫലമായി അബൂലഹബ് ആവശ്യപ്പെട്ടതനുസരിച്ച് ഉത്ബത്ത് റുഖിയ്യ(റ)യെ വിവാഹമോചനം ചെയ്യുകയും ചെയ്തു. ഉസ്മാൻ ബിൻ അഫ്ഫാൻ(റ) ആണ് തുടർന്ന് മഹതിയെ വിവാഹം ചെയ്തത്. ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ അബിസീനിയയിലേക്ക് ഹിജ്റ പോയ മുസ്ലിം സംഘത്തിൽ റുഖിയ്യ ബീവി(റ)യും ഭർത്താവ് ഉസ്മാൻ(റ)വും ഉണ്ടായിരുന്നു. ശേഷം മദീനയിലേക്കും ഇരുവരും ഹിജ്റ പോയി. ബദ്ർ യുദ്ധം നടക്കുന്ന സമയത്ത് റുഖിയ്യ ബീവി(റ) രോഗശയ്യയിലായിരുന്നു.അതിനാൽ ഉസ്മാൻ(റ)വിന് യുദ്ധത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. മഹാനവർക്കൾ പ്രിയതമയുടെ പരിചരണത്തിനായി മദീനയിൽ തന്നെ തങ്ങി. പക്ഷേ അധികം വൈകാതെ തന്നെ മഹതി റുഖിയ്യ ബീവി(റ) ഇഹലോകവാസം വെടിഞ്ഞു. ബദ്റിലെ വിജയ വാർത്തയുമായി സൈദ് ബിൻ ഹാരിസ്(റ) മദീനയിലെത്തിയ ദിവസം തന്നെയായിരുന്നു അത്.വഫാത്താകുമ്പോൾ 21 വയസ്സായിരുന്നു മഹതിയുടെ പ്രായം. ജന്നത്തുൽ ബഖീഇൽ മറവ് ചെയ്യപ്പെട്ടു. ഉസ്മാൻ (റ)വുമായുള്ള ദാമ്പത്യത്തിൽ റുഖിയ്യ ബീവി(റ)ക്ക് ഒരു കുഞ്ഞും പിറന്നിരുന്നു(ഹിജ്റ വേളയിൽ അബ്സീനിയയിൽ വച്ചായിരുന്നു ജനനം). അബ്ദുല്ല എന്ന ഈ കുഞ്ഞ് ഹിജ്റ നാലാം വർഷം തന്റെ ആറാം വയസ്സിൽ തന്നെ വഫാത്തായി.
ഉമ്മുകുൽസും
നബി(സ്വ)തങ്ങളുടെ നാലാമത്തെ സന്താനവും മൂന്നാമത്തെ പുത്രിയുമാണ് ഉമ്മുകുൽസൂം ബീവി (റ). ഹിജ്റയുടെ 19 വർഷം മുമ്പ്(നബിതങ്ങളുടെ 34ാം വയസ്സിൽ) മക്കയിലായിരുന്നു ജനനം.അബൂലഹബിന്റെ തന്നെ മറ്റൊരു മകനായ ഉതൈബ ആയിരുന്നു ബീവിയുടെ ആദ്യ ഭർത്താവ്. പക്ഷേ റുഖിയ്യ(റ)യുടെ കാര്യത്തിൽ സംഭവിച്ചത് തന്നെ ഉമ്മുകുൽസൂമിന്റെ കാര്യത്തിലും സംഭവിച്ചു. തുടർന്ന് റുഖിയ്യ ബീവി(റ) വഫാത്തായപ്പോൾ ഉസ്മാൻ(റ)ന് തന്നെ ഉമ്മുകുൽസൂമിനേയും നബി(സ്വ)തങ്ങൾ വിവാഹം ചെയ്തുകൊടുത്തു. ഹിജ്റ മൂന്നാം വർഷം റബീഉൽ അവ്വലിലായിരുന്നു ഇത്.അതിനെ തുടർന്ന് ഉസ്മാൻ(റ) വിനു ‘ദുന്നൂറൈൻ’ (രണ്ടു പ്രകാശം ഉള്ളവൻ) എന്ന സ്ഥാനപ്പേരും ലഭിച്ചു. എന്നാൽ ഹിജ്റ ഒമ്പതാം വർഷം ശഅ്ബാനിൽ തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ ഉമ്മുകുൽസൂം ബീവി(റ) വഫാത്തായി.മഹതിക്ക് സന്താനങ്ങൾ ഉണ്ടായിരുന്നില്ല. മദീനയിലെ ജന്നത്തുൽ ബഖീഇൽ ആണ് ബീവിയുടെ മഖ്ബറ.
ഫാത്തിമ ബീവി (റ)
നബി(സ്വ) തങ്ങളുടെ അഞ്ചാമത്തെ സന്താനവും അവസാനത്തെ പുത്രിയുമാണ് ഫാത്തിമ ബീവി(റ).പ്രവാചകന്റെ(സ്വ) കാലശേഷം ജീവിച്ച ഏക സന്താനം,പ്രവാചകനു(സ്വ) ശേഷം അവിടുത്തെ ഉമ്മത്തിൽ നിന്നും ആദ്യമായി വഫാത്തായവർ, നബി(സ്വ) തങ്ങളുടെ കുടുംബപരമ്പര (അഹ്ലുബൈത്) നിലനിറുത്താൻ ഭാഗ്യം ലഭിച്ച ഏക സന്താനം,പ്രവാചകരുടെ പിതൃവ്യപുത്രനും നാലാം ഖലീഫയുമായ ഹസ്രത് അലി(റ)യുടെ പ്രിയ പത്നി, ലോക മുസ്‌ലിം സ്ത്രീകൾക്കൊക്കെയും മാതൃക, സ്വർഗ്ഗീയ ഹൂറികളുടെ നേതാവ്.. തുടങ്ങി ഒട്ടേറെ മഹത്വങ്ങൾ മഹതി ഫാത്തിമ ബീവി(റ)ക്കുണ്ട്.
ഹിജ്റക്ക് 18 വർഷം മുമ്പ്(നുബുവ്വത്തിന്റെ അഞ്ചുവർഷം മുമ്പ്) മക്കയിൽ വെച്ച് തന്നെയായിരുന്നു ഫാത്തിമ ബീവി(റ)യുടെ ജനനം. രൂപത്തിലും ഭാവത്തിലും നടത്തത്തിലും ഇരുത്തത്തിലുമെല്ലാം നബി തങ്ങളുടെ തനി പകർപ്പായിരുന്നു ഫാത്തിമ(റ).നബി(സ്വ) തങ്ങൾക്ക് ഏറ്റവും കൂടുതൽ വാത്സല്യമുണ്ടായിരുന്ന മകളുമായിരുന്നു ഫാത്തിമ(റ).”ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്” എന്നാണ് തിരുമേനി(സ്വ) അരുളിയത്. “ഫാത്തിമ എന്നിൽ നിന്നുള്ള ഒരു ഭാഗമാകുന്നു.അവളെ വെറുപ്പിക്കുന്ന ഏതൊരു കാര്യവും എന്നെയും വെറുപ്പിക്കുന്നതാണ്. അവളെ ആരെങ്കിലും ആക്രമിക്കുന്നുവെങ്കിൽ അതെന്നെ ആക്രമിക്കലായിരിക്കും” എന്നും മഹതിയെപ്പറ്റി നബി(സ്വ)പ്രസ്താവിച്ചിട്ടുണ്ട്. നബി(സ്വ) തങ്ങളും സ്വഹാബികളും അനുഭവിച്ച പല യാതനകൾക്കും ദൃക്സാക്ഷിയായിരുന്ന മഹതി ഇസ്ലാമിന് വേണ്ടി ത്യാഗ സമ്പൂർണ്ണമാണ് ജീവിതമാണ് നയിച്ചത്.
ഹിജ്റ രണ്ടാം വർഷം ബദർ യുദ്ധ ശേഷമായിരുന്നു അലി(റ)മായുള്ള മഹതിയുടെ വിവാഹം. ഒരു കുതിരയും കവചവും മാത്രം സമ്പാദ്യമായി ഉണ്ടായിരുന്ന പരമ ദരിദ്രനായിരുന്നു അലി (റ). തുടർന്ന് നബി(സ്വ) തങ്ങളുടെ നിർദ്ദേശപ്രകാരം അലി(റ) ആ കവചം വിൽക്കുകയും ഉസ്മാൻ(റ) 500 ദിർഹമിന് അത് വാങ്ങുകയും ചെയ്തു.ശേഷം അലി(റ) അതിൽ നിന്ന് 400 ദിർഹം മഹ്റായി നൽകി. അങ്ങനെ തിരുമേനി(സ്വ) മഹതിയെ അലി(റ)ക്ക് നിക്കാഹ് ചെയ്തു കൊടുത്തു. നബി(സ്വ) തങ്ങൾ അലി(റ)യോട് പറഞ്ഞു: “എനിക്ക് എന്റെ കുടുംബത്തിലെ പ്രിയപ്പെട്ടതാണ് നിനക്ക് വിവാഹം ചെയ്തു തരുന്നത്”. വിവാഹസമയത്ത് 21 വയസ്സായിരുന്നു മഹതിയുടെ പ്രായം. ലോക ജനതക്ക് ദാമ്പത്യജീവിതത്തിലെ മാതൃകാ ദമ്പതികളാണ് അലിതങ്ങളും(റ) ഫാത്തിമ ബീവി(റ)യും.അലി-ഫാത്തിമ(റ) ദാമ്പത്യ വല്ലരിയിൽ 5 പുഷ്പങ്ങൾ വിടർന്നു
ഹസൻ,ഹുസൈൻ, മുഹ്സിൻ,ഉമ്മുകുൽസൂം,സൈനബ് എന്നിവരാണവർ.
ഫാത്തിമ ബീവി(റ)യോട് ഒരിക്കൽ നബി(സ്വ) തങ്ങൾ പറയുകയുണ്ടായി: “ഫാത്വിമാ, നീ ദേഷ്യപ്പെടുന്നിടത്ത് നിന്റെ റബ്ബും ദേഷ്യപ്പെടും. നീ തൃപ്തിപ്പെടുന്നിടത്ത് നിന്റെ റബ്ബും തൃപ്തിപ്പെടും”. മറ്റൊരിക്കൽ നബി(സ്വ) തങ്ങളോട് മനുഷ്യരുടെ കൂട്ടത്തിൽ അങ്ങ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആരെയാണെന്ന് ചോദിച്ചപ്പോൾ ‘ഫാത്തിമ’ എന്നായിരുന്നു അവിടുന്നു മറുപടി പറഞ്ഞത്. അതുപോലെ നബി(സ്വ)തങ്ങൾ യുദ്ധം കഴിഞ്ഞു വന്നാൽ ഭാര്യമാരെ സന്ദർശിക്കും മുമ്പ് ഫാത്തിമ ബീവി(റ)യെ സന്ദർശിക്കുമായിരുന്നു.
നബി(സ്വ)തങ്ങൾ മരണശയ്യയിൽ ആയപ്പോൾ തന്റെ അടുത്തിരിക്കുന്ന ഫാത്തിമ ബീവി(റ)യോട് തന്റെ മരണം അടുത്തെന്നും കുടുംബത്തിൽ നിന്ന് തന്നോട് ആദ്യം ചേരുക നീ ആയിരിക്കുമെന്നും ആദ്യമേ ഉണർത്തിയിരുന്നു.അങ്ങനെ നബി(സ്വ)യുടെ വഫാത്ത് കഴിഞ് ആറു മാസങ്ങൾക്കുശേഷം ഫാത്തിമ ബീവിയും വഫാത്തായി. ഹിജ്റ പതിനൊന്നാം വർഷം റമദാൻ മൂന്നിനായിരുന്നു അത്.അന്നവർക്ക് 29 വയസ്സായിരുന്നു മഹതിയുടെ പ്രായം. മയ്യിത്ത് കുളിപ്പിച്ചതും നിസ്കാരത്തിന് നേതൃത്വം നൽകിയതുമെല്ലാം ഭർത്താവ് അലി(റ) തന്നെയായിരുന്നു.ജന്നത്തുൽ ബഖീഇലാണ് ഫാത്തിമ ബീവി(റ)യുടെ ഖബർ സ്ഥിതി ചെയ്യുന്നത്.