മുസ്ലിം ലോക ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തപ്പെട്ട നാമമാണ് സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബി (റ). കുരിശു യോദ്ധാക്കളിൽ നിന്നും ബൈത്തുൽ മുഖദ്ദസ് മോചിപ്പിച്ച ‘ഖുദ്സ് ഫാത്തിഹ് ‘ (ഖുദ്സിന്റെ വിമോചകൻ) ആയി കീർത്തി നേടിയ സ്വലാഹുദ്ദീൻ അയ്യൂബിയുടെ ധീരമായ പോരാട്ട ജീവിതം ഇസ്‌ലാമിക ചരിത്രത്തിലെ ആവേശ്വാജ്ജ്വ അധ്യായമാണ്.അയ്യൂബി രാജവംശത്തിന്റെ സ്ഥാപകനായ സ്വലാഹുദ്ദീൻ തന്റെ സഹിഷ്ണുത നിറഞ്ഞ സമീപനം കൊണ്ട് യൂറോപ്പ്യർക്കിടയിൽ പോലും ‘Saleddin the great’ എന്നാണ് അമരത്വം നേടിയത്.
ഇറാഖിൽ പെട്ട കുർദിസ്ഥാനിലെ തിക്രീത് കോട്ടയിൽ ഹി.532ൽ(ക്രി. 1137) നജ്മുദ്ദീൻ അയ്യൂബിയുടെ മകനായാണ് സ്വലാഹുദ്ധീൻ ജനിച്ചത്. ചെറുപ്പം മുതലേ ജിഹാദികാവേഷം കൊണ്ട് അന്തരംഗം തുടികൊട്ടിയിരുന്ന സ്വലാഹുദ്ദീന്റെ വലിയ ആഗ്രഹമായിരുന്നു ബൈത്തുൽ മുഖദ്ദസ് കുരിശു യോദ്ധാക്കളിൽ നിന്ന് മോചിപ്പിക്കുക എന്നത്.ഉമർ ബിൻ ഖത്താബിന്റെ കാലത്ത് ഹി.15ാം വർഷം കീഴടക്കിയത് മുതൽ നാലര നൂറ്റാണ്ട് കാലം നീണ്ടുനിന്ന മുസ്ലിം ഭരണത്തിന് അന്ത്യമിട്ടുകൊണ്ട് ക്രി. 1099ൽ ഒന്നാം കുരിശുദ്ധത്തിൽ വിജയിച്ച ക്രിസ്ത്യാനികൾ ബൈത്തുൽ മുഖദ്ദസും ജെറുസലേമും പിടിച്ചടക്കിയിരുന്നു.
സങ്കി രാജവംശത്തിലെ പ്രശസ്തനായ നൂറുദ്ദീൻ സങ്കിയുടെ കീഴിൽ ഒരു സാധാരണ സൈനികനായാണ് സ്വലാഹുദ്ദീന്റെ പോരാട്ടങ്ങളുടെ തുടക്കം. കുരിശുയുദ്ധക്കാർക്കെതിരെ നിരന്തരം ജിഹാദ് നടത്തിയിരുന്ന നൂറുദ്ദീൻ സങ്കിയുടെ കാലത്ത് മുസ്‌ലിംകൾ ഈജിപ്ത് കീഴടക്കിയപ്പോൾ സൈന്യാധിപനായിരുന്നത് സ്വലാഹുദ്ദീന്റെ പിതൃവ്യനായ ശിർക്കൂഹ് ആയിരുന്നു. അന്ന് ആ സൈന്യത്തിൽ ഉണ്ടായിരുന്ന സ്വലാഹുദ്ദീൻ വിജയശേഷം ഈജിപ്തിന്റെ ഗവർണറായി നിശ്ചയിക്കപ്പെട്ടു. ഹി 569ൽ യമൻ കീഴടക്കിക്കൊണ്ട് സ്വലാഹുദ്ദീൻ തൻ്റെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.
നൂറുദ്ദീൻ സങ്കിക്ക് യോഗ്യന്മാരായ പുത്രന്മാരുണ്ടായിരുന്നില്ല. അതിനാൽ അദ്ദേഹത്തിൻറെ മരണശേഷം രാജ്യം മുഴുവൻ സ്വലാഹുദ്ദീന്റെ അധീനതയിൽ വന്നു.തുടർന്ന് തന്റെ ജന്മാഭിലാശമായ ഖുദ്സ് വിമോചനം ലക്ഷ്യമാക്കിയുള്ള പടയോട്ടങ്ങൾക്ക് സ്വലാഹുദ്ദീൻ തുടക്കം കുറിച്ചു. ജിഹാദികാവേഷം മഹാനവർകളിൽ ഉത്കടമായിരുന്നു.ഇരുന്നു ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയിൽ പോലും സ്വലാഹുദ്ധീൻ ആവേശത്തോടെ യുദ്ധം ചെയ്യുമായിരുന്നു. മഹാനവർകൾ തന്നെ ഒരിക്കൽ പറഞ്ഞു:“കുതിരപ്പുറത്ത് ഇരിക്കുമ്പോൾ എന്റെ എല്ലാ വിഷമങ്ങളും എന്നിൽ നിന്നും അകന്നു പോകുന്നു ,കുതിരപ്പുറത്ത് നിന്ന് ഇറങ്ങിയാൽ എല്ലാ വിഷമങ്ങളും തിരിച്ചുവരുന്നു”.
1174ൽ സ്വലാഹുദ്ദീൻ ‘അയ്യൂബിയ’ സാമ്രാജ്യം സ്ഥാപിച്ചു.തുടർന്ന്,സ്വലാഹുദ്ധീൻ ഖുദ്സിനെ ലക്ഷ്യമാക്കിയുള്ള പടയോട്ടങ്ങൾ ഊർജ്ജിതമാക്കുകയും സമീപപ്രദേശങ്ങൾ ഓരോന്നായി കീഴടക്കുകയും ചെയ്തു. എന്നാൽ ജറുസലേം രാജാവായിരുന്ന ബാൾഡ്വിൻ നാലാമൻ സ്വലാഹുദ്ദീൻ അയ്യൂബിയുമായി ഒരു യുദ്ധവിരാമ കരാറിലെത്തി. പക്ഷേ, അതിനോട് വിയോജിപ്പുണ്ടായിരുന്ന ജറുസലേമിലെ സേനാപ്രഭുക്കളിൽ പ്രമുഖനായിരുന്ന റെയ്നോൾഡ് 1182ൽ സ്വലാഹുദ്ദീന്റെ ഹജ്ജ് സംഘത്തെ ആക്രമിക്കുകയും മദീനയിലെ റൗള ശരീഫ് ആക്രമിക്കാൻ തയ്യാറെടുക്കുകയും ചെയ്തു.ഉടനെ റെയ്നോൾഡിനെ ആക്രമിക്കാൻ തുനിഞ്ഞ സ്വലാഹുദ്ദീനെ ബാർഡ്വിൻ നാലാമൻ രാജാവ് പിന്തിരിപ്പിക്കുകയും പകരം അക്രമിയായ റെയ്നോൾഡിനെ തടവിലാക്കുകയും ചെയ്തു.എന്നാൽ 1186 ൽ ബാൾഡ്വിൻ നാലാമൻ അന്തരിച്ചു.തുടർന്ന് തടവിൽ നിന്ന് രക്ഷപ്പെട്ട റെയ്നോൾഡ് ഹജ്ജ് സംഘത്തെ ആക്രമിക്കുകയും സംഘത്തിലുണ്ടായിരുന്ന നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു.
ഇതോടെ റെയ്നോൾഡിനോട് പ്രതികാരം ചെയ്യാനും ഖുദ്സ് തിരിച്ചു പിടിക്കാനുമായി വലിയ സന്നാഹത്തോട് കൂടി സ്വലാഹുദ്ധീൻ അയ്യൂബി പുറപ്പെട്ടു.ക്രി.1187 ജൂലൈ നാലിന് ഹിത്വീനിൽ വെച്ച് സ്വലാഹുദ്ദീന്റെ അയ്യൂബി സൈന്യവും ജറുസലേമിലെ കുരിശുസേനയും തമ്മിൽ ഏറ്റുമുട്ടി. ഇരുസൈന്യവും ഏകദേശം ഇരുപതിനായിരത്തിനടുത്ത് ഉണ്ടായിരുന്നു.ശക്തമായ യുദ്ധത്തിനൊടുവിൽ അയ്യൂബി സൈന്യം കുരിശു സേനയെ നിശ്ശേഷം പരാജയപ്പെടുത്തി.കുരിശുയോദ്ധാക്കളിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ ബന്ധികളായി പിടിക്കപ്പെട്ടു. അക്കൂട്ടത്തിൽ ജറുസലേം രാജാവ് ഗൈ ഓഫ് ലൂസിഗ്നനും റെയ്നോൾഡും ഉണ്ടായിരുന്നു.രാജാവിനെ മോചിപ്പിച്ചെങ്കിലും ക്രൂരനായ റെയ്നോൾഡിന്റെ തല സ്വലാഹുദ്ദീൻ അയ്യൂബി സ്വന്തം കരങ്ങൾ കൊണ്ട് എടുത്തു.
ഹിത്വീൻ യുദ്ധത്തിൽ വിജയിച്ച സ്വലാഹുദ്ധീൻ സൈന്യത്തെയും കൊണ്ട് ജറുസലേമിലേക്ക് തിരിച്ചു. 1187 സെപ്റ്റംബർ 20ന് നഗരത്തെ ഉപരോധിക്കാൻ ആരംഭിച്ചു.അധികം വൈകാതെ ഹിത്വീനിൽ തകർന്നടിഞ്ഞ കുരിശു സേനയിൽ അവശേഷിച്ച വിഭാഗം സ്വലാഹുദ്ദീനു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കീഴടങ്ങി.അങ്ങനെ നഗരത്തിൽ പ്രവേശിച്ച സ്വലാഹുദ്ധീൻ ഒരു നൂറ്റാണ്ടിനു ശേഷം ബൈത്തുൽ മുഖദ്ദസ് വീണ്ടും മുസ്‌ലിംകളുടെ അധീനതയിലാക്കി.ക്രി. 1187ഒക്ടോബർ രണ്ടിന്(ഹി.583 റജബ് 27) ഒരു വെള്ളിയാഴ്ചയായിരുന്നു ഇത്.കുരിശു ഭരണാധികാരികൾ കുതിരാലയമാക്കി മാറ്റിയിരുന്ന മസ്ജിദുൽ അഖ്സ സ്വലാഹുദ്ദീൻ അയ്യൂബി ശുദ്ധീകരിക്കുകയും നൂറുദ്ദീൻ സങ്കി പണികഴിപ്പിച്ച മിമ്പർ തന്റെ സ്വന്തം കൈകൊണ്ട് പള്ളിയിൽ വെക്കുകയും ചെയ്തു.
ജറുസലേം കീഴടക്കിയ സ്വലാഹുദ്ദീൻ അയ്യൂബിയുടെ ശത്രുക്കളോടുള്ള സമീപനം അങ്ങേയറ്റം മാതൃകാപരമായിരുന്നു.ഒന്നാം കുരിശുയുദ്ധ സമയത്ത് നഗരം പിടിച്ചടക്കിയ ക്രിസ്ത്യാനികൾ മുസ്‌ലിംകളോട് ചെയ്ത ക്രൂരതകൾക്ക് പകരം ചോദിക്കാൻ എല്ലാ അവസരം ലഭിച്ചിട്ടും വളരെ സഹിഷ്ണുതയോടെയും ദയയോടുമായാണ് സ്വലാഹുദ്ധീൻ പെരുമാറിയത്.നഗരവാസികളെ ആക്രമിക്കാനോ കൂട്ടക്കൊല ചെയ്യാനോ മഹാനവർകൾ മുതിർന്നില്ല.മറിച്ച് എല്ലാവർക്കും സ്വലാഹുദ്ധീൻ മാപ്പ് നൽകി.മോചനദ്രവ്യം സ്വീകരിച്ചുകൊണ്ട് ബന്ധികളെ വിട്ടയക്കുകയും ചെയ്തു. കൂടാതെ കുരിശു സൈനികരായ കത്തോലിക്കക്കാരെ ജന്മ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയും മുസ്ലിംകൾക്കെന്നപോലെ തദ്ദേശീയരായ ഓർത്തഡോക്സ് ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും താമസസൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഈ സഹിഷ്ണുത നയം കാരണം ആധുനിക യൂറോപ്യർക്ക് പോലും സ്വലാഹുദ്ദീൻ ഇന്നും പ്രിയങ്കരനാണ്.
ബൈത്തുൽ മുഖദ്ദസ് മുസ്‌ലിംകൾ തിരിച്ചുപിടിച്ച വിവരമറിഞ്ഞ് യൂറോപ്പിലാകെ പരിഭ്രാന്തി പടർന്നിരുന്നു.എങ്ങും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.സിംഹഹൃദയൻ എന്ന പേരിൽ പ്രസിദ്ധനായ ബ്രിട്ടനിലെ റിച്ചാർഡ് രാജാവ്,ഫ്രഞ്ച് രാജാവ് ഫിലിപ്പ്,ജർമൻ ചക്രവർത്തി ഫെഡറിക് ബർബറൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് ലക്ഷത്തോളം വരുന്ന ക്രിസ്ത്യൻ സൈന്യം സ്വലാഹുദ്ദീൻ അയ്യൂബിക്കെതിരെ അണിനിരന്നു. മൂന്ന് വർഷത്തോളം ഈ വമ്പിച്ച സേനയെ ധീരമായി നേരിട്ട് സ്വലാഹുദ്ദീൻ മുസ്‌ലിംകൾക്കും ഖുദ്സിനും സംരക്ഷണ കവചമൊരുക്കി.ഒടുവിൽ ജറുസലേം പിടിച്ചെടുക്കാൻ സാധിക്കാതെ സലാഹുദ്ദീനുമായി സന്ധി ചെയ്തു ക്രൈസ്തവ സൈന്യത്തിന് തിരിച്ചു പോകേണ്ടി വന്നു.കുരിശു സേനയുടെ പിന്മാറ്റത്തോടെ 1189 മുതൽ 92 വരെ നീണ്ടുനിന്ന മൂന്നാം കുരിശു യുദ്ധത്തിന് അന്ത്യം കുറിക്കപ്പെടുകയും ചെയ്തു.
ധീരവും ആവേശകരവുമായ പോരാട്ടങ്ങൾ കൊണ്ടന്ന പോലെ സ്വലാഹുദ്ദീൻ അയ്യൂബി തന്റെ ജനക്ഷേമപ്രവർത്തനങ്ങൾ കൊണ്ടും പ്രശസ്തനാണ്.വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്.രോമ വസ്ത്രങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. സാധാരണ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. സർക്കാർ വരുമാനങ്ങളെല്ലാം പൊതുക്ഷേമ പ്രവർത്തനത്തിന് വേണ്ടിയാണ് വിനിയോഗിച്ചിരുന്നത്. ഫലസ്തീനിലേക്ക് വരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുടെ സഞ്ചാരത്തിനും വിശ്രമത്തിനും ആതിഥ്യത്തിനും വേണ്ട സൗകര്യങ്ങളെല്ലാം സ്വന്തമായി ഒരുക്കുകയും ചെയ്തു. ഫാത്വിമികളെ കീഴടക്കിയപ്പോൾ കൈറോവിലുള്ള അവരുടെ കൊട്ടാരത്തിൽ കണക്കില്ലാത്ത രത്നങ്ങളും സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളും അവിടെ ശേഖരിച്ചു വെക്കപ്പെട്ടത് കാണപ്പെട്ടു. സലാഹുദ്ദീൻ അവയെല്ലാമെടുത്ത് പൊതു ഖജനാവിലേക്ക് നൽകുകയാണ് ചെയ്തത്.
1193 മാർച്ചിൽ (ഹി.589 ൽ)സ്വലാഹുദ്ധീൻ അയ്യൂബി വഫാത്തായി. മഹാനവർകളുടെ ഭരണം ഇരുപതു വർഷത്തോളം നീണ്ടു നിന്നിരുന്നു.വഫാത്തിനെ പറ്റി ചരിത്രപണ്ഡിതനായ ഇബ്നു ഖല്ലികാൻ എഴുതി: ”അദ്ദേഹത്തിൻറെ മരണദിനം അങ്ങേയറ്റം ദുഃഖനിർഭമായിരുന്നു,ഇത്രയും പ്രയാസകരമായ ഒരു ദിവസം ഇസ്‌ലാമിക ചരിത്രത്തിൽ ഖുലഫാഉ റാഷിദുകൾക്ക് ശേഷം ഉണ്ടായിട്ടില്ല”.സിറിയയിലെ പ്രസിദ്ധമായ അമവിയ്യ മസ്ജിദിൽ ആണ് മഹാനവർകളുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്.
مَا شَاء اللّٰه
Good Content,,,