ഇസ്ലാമിലെ കർമ്മശാസ്ത്ര സരണികളിലൊന്നായ ശാഫിഈ മദ്ഹബിനു രൂപം നൽകിയ വിശ്വോത്തര പണ്ഡിത പ്രതിഭയാണ് ഇമാം ശാഫിഈ(റ).മുഹമ്മദ് ബിൻ ഇദ് രീസ് അൽശാഫിഈ എന്നാണ് പൂർണ നാമം. ഹിജ്റ 150ൽ ഫലസ്തീനിലെ ഗസ്സയിലാണ് ഇമാം ശാഫിഈ(റ)ൻ്റെ ജനനം. ഇമാം അബൂഹനീഫ(റ) വഫാത്തായ അതേ ദിവസമാണ് ഇമാം ശാഫിഈ(റ) ഭൂജാതനാവുന്നത്.“ഖുറൈശി വംശജനായ ഒരാൾ ഭൂമുഖത്ത് വിജ്ഞാനം നിറയ്ക്കും” എന്ന പ്രവാചകാധ്യാപനത്തിൻ്റെ സാക്ഷാത്കാരമായിരുന്നു ഇമാം ശാഫിഈ(റ)ൻ്റെ ജനനം.രണ്ടാം നൂറ്റാണ്ടിലെ നവോത്ഥാന നായകൻ ഇമാം ശാഫിഈ(റ) ആണെന്ന് ഇമാം അഹ്മദ് ബിൻ ഹമ്പലി(റ)നെ പോലുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇമാമവർകളുടെ പിതാമഹന്മാരിലൊരാളും സ്വഹാബിയുമായ ശാഫിഅ് ബിൻ സാഇബ്(റ)ലേക്ക് ചേർത്തിയാണ് ‘ശാഫിഈ’ എന്ന പേര് വന്നത്.
ബാല്യകാലം പഠനം
രണ്ടു വയസ്സ് തികയും മുമ്പ് പിതാവ് വഫാത്തായതിനാല്‍ അനാഥനായാണ് ഇമാം ശാഫിഈ(റ)വളര്‍ന്നത്.പ്രാഥമിക വിജ്ഞാനം നുകര്‍ന്നത് പണ്ഡിതയും പതിവ്രതയുമായ മാതാവ് ഫാത്വിമയില്‍ നിന്നായിരുന്നു.പട്ടിണിയിലും പ്രയാസത്തിലും ആയിരുന്നിട്ടും ഒരു വലിയ പണ്ഡിതനെ വാര്‍ത്തെടുക്കാനുള്ള ഉത്തരവാദിത്വം ആ മാതാവ് ഭംഗിയായി നിര്‍വ്വഹിച്ചു.പിതാവിൻ്റെ മരണശേഷം ഗസ്സയില്‍ നിന്നും മക്കയിലേക്ക് ഇമാമവര്‍കളുടെ കുടുംബം മാറിത്താമസിച്ചു.ആദ്യകാലത്ത് സാഹിത്യത്തിലും കവിതകളിലുമാണ് മഹാനവര്‍കള്‍ താല്‍പര്യം കാണിച്ചിരുന്നത്.സാഹിത്യ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഹുദൈല്‍ ഗോത്രത്തില്‍ നിന്നാണ് മഹാന്‍ കവിതാ പഠനം നടത്തിയത്.ബുദ്ധിപരമായ ഔന്നിത്യം കൊണ്ടും ഗ്രാഹ്യശേഷി കൊണ്ടും സതീര്‍ത്ഥ്യരില്‍ നിന്നും മഹാന്‍ ചെറുപ്പത്തിലേ മികച്ചു നിന്നിരുന്നു.ഏഴാം വയസ്സില്‍ പരിശുദ്ധ ഖുര്‍ആനും പത്താം വയസ്സില്‍ പ്രഥമ ഹദീസ് ഗ്രന്ഥമായ ഇമാം മാലിക്(റ)ൻ്റെ മുവത്വയും ഇമാമവര്‍കള്‍ ഹൃദിസ്ഥമാക്കിയിരുന്നു.ശേഷം അന്നത്തെ മക്കയിലെ മുഫ്തിയായിരുന്ന മുസ്ലിം ബിന്‍ ഖാലിദ് അസഞ്ചി(റ) നിന്നും വിജ്ഞാനം നേടി. പതിനഞ്ചാം വയസ്സില്‍ തന്നെ മതനിയമങ്ങളില്‍ ആധികാരികമായി ഫത്‌വ നല്‍കാനുള്ള അനുമതി മഹാന്‍ സമ്പാദിച്ചു. തുടര്‍ന്ന് മദീനയില്‍ പോയി ഇമാം മാലിക്(റ)ല്‍ നിന്നും വിജ്ഞാനം നുകര്‍ന്നു.
അറിവ് തേടിയുള്ള പ്രയാണങ്ങള്‍
അറിവ് സമ്പാദിക്കാനായി പണ്ഡിതരില്‍ നിന്നും പണ്ഡിതരിലേക്കുള്ള യാത്രയായിരുന്നു ഇമാം ശാഫിഈ(റ)യുടേത്.ഗസ്സയില്‍ ജനിച്ച മഹാനവര്‍കള്‍ മക്ക, മദീന, യമന്‍, ബഗ്ദാദ് തുടങ്ങി നാടുകളിലൂടെ വിജ്ഞാന ദാഹവുമായി സഞ്ചരിക്കുകയും അവിടങ്ങളിലെ പണ്ഡിത ശ്രേഷ്ഠരില്‍ നിന്ന് ജ്ഞാനപ്രഭ സ്വീകരിക്കുകയും ചെയ്തു.സര്‍വ്വ മേഖലയിലും തികഞ്ഞ അറിവ് സമ്പാദിച്ച ഇമാമവര്‍കള്‍ ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്രം, വ്യാകരണം, കവിത, വൈദ്യശാസ്ത്രം, അമ്പെയ്ത്ത് തുടങ്ങിയവയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു.
ഇമാം ശാഫിഈ(റ)യുടെ വൈജ്ഞാനിക ജീവിതം പ്രധാനമായും മൂന്ന് ഘട്ടമായി തിരിക്കാം. മദീനയില്‍ നിന്ന് യമനിലേക്ക് പോയ ഇമാമവര്‍കള്‍ ഹിജ്‌റ 184ലാണ് ആദ്യം ബഗ്ദാദിലെത്തുന്നത്.അവിടെ വെച്ച് ഹനഫി മദ്ഹബിലെ പ്രസിദ്ധ പണ്ഡിതന്‍ ഖാളി മുഹമ്മദ് ബിന്‍ ഹസന്‍ അശൈബാനി(റ)വില്‍ അറിവ് സമ്പാദിച്ചു. തുടര്‍ന്ന് മക്കയില്‍ തിരിച്ചെത്തിയത് മുതലാണ് ഒന്നാമത്തെ ഘട്ടം. അന്ന് നിലവിലുണ്ടായിരുന്ന രണ്ട് കര്‍മ്മശാസ്ത്ര സരണികളും(മാലികി – ഹനഫി) സമ്മേളിച്ച ഇമാമവര്‍കളുടെ ചിന്ത വികസിക്കുന്നതും അറിവിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതും ഈ കാലഘട്ടത്തിലാണ്.ഒമ്പത് വര്‍ഷത്തോളം മക്കയില്‍ ചെലവഴിച്ച ഇമാമവര്‍കള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രത്യേക ഹല്‍ഖ സജ്ജീകരിക്കുകയും കര്‍മ്മശാസ്ത്ര സ്രോതസ്സുകളെ പരസ്പരം തുലനം ചെയ്യുകയും ചെയ്തു. ഹി.195ല്‍ ഇമാമവര്‍കള്‍ വീണ്ടും ബഗ്ദാദിലെത്തിയത് മുതലാണ് രണ്ടാംഘട്ടത്തിൻ്റെ ആരംഭം.തൻ്റെ കര്‍മ്മശാസ്ത്ര നിദാനങ്ങള്‍(ഉസ്വൂലുല്‍ ഫിഖ്ഹ്) പ്രചരിപ്പിക്കുകയും വിവിധ കര്‍മ്മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി തൻ്റെ ഉസ്വൂലിനോട് യോജിക്കുന്നവയെ പ്രബലപ്പെടുത്തുകയുമായിരുന്നു ഈ ഘട്ടത്തില്‍ ഇമാം ശാഫിഈ(റ) ചെയ്തത്.ശാഫിഈ കര്‍മ്മശാസ്ത്ര ധാരയുടെ ഖദീം(പഴയ നിയമം) രൂപപ്പെട്ടുവന്നത് ഇക്കാലത്താണ്. ഇമാമവര്‍കളുടെ ‘അല്‍രിസാല’ വിരചിതമാകുന്നതും ഈ സമയത്താണ്.
ശാഫിഈ മദ്ഹബ് രൂപീകരണം
ഹിജ്‌റ ഹി.199ല്‍(ഹി.200 എന്നും അഭിപ്രായമുണ്ട്) ഈജിപ്തിലേക്ക് പുറപ്പെട്ടത് മുതല്‍ മൂന്നാംഘട്ടം ആരംഭിച്ചു.അതു വരെ കാണാത്ത പല കാര്യങ്ങളും അനുഭവങ്ങളും കണ്ടറിഞ്ഞ ഇമാം ശാഫിഈ(റ), പുതിയ അനുഭവങ്ങള്‍ വെച്ച് തൻ്റെ മുന്‍കാല അഭിപ്രായങ്ങള്‍ വിലയിരുത്തുകയും പലതും തിരുത്തുകയും ചെയ്തു.ഖുര്‍ആനിലും ഹദീസിലും ഇമാമിനുള്ള പ്രവിശാലമായ ജ്ഞാനപരപ്പിൻ്റെ ബലത്തില്‍ ഇമാം നടത്തിയ ഗവേഷണങ്ങള്‍ ഹനഫീ-മാലികീ കര്‍മ്മശാസ്ത്ര ധാരയില്‍ നിന്ന് വ്യത്യസ്തമായ പുതിയൊരു കര്‍മ്മശാസ്ത്ര ധാരയില്‍ കൊണ്ടെത്തിച്ചു. ഇമാമവര്‍കളിലേക്ക് ചേര്‍ത്തി ഈ പുതിയ കര്‍മ്മശാസ്ത്ര സരണി ‘ശാഫിഈ മദ്ഹബ്’ എന്നറിയപ്പെട്ടു.ഈജിപ്തില്‍ വച്ച് മഹാനവര്‍കള്‍ പ്രബലപ്പെടുത്തിയ നിയമങ്ങളാണ് ശാഫിഈ മദ്ഹബിലെ ‘ജദീദ്'(പുതിയ നിയമങ്ങള്‍) എന്നറിയപ്പെടുന്നത്.ഈജിപ്തിലെ നാല് വര്‍ഷത്തെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ മത വിധികളെല്ലാം പ്രമാണബന്ധിതമായി നിര്‍ദ്ധാരണം ചെയ്ത് ഒരു കര്‍മ്മശാസ്ത്ര ചിന്താധാര രൂപപ്പെടുത്തിയെടുക്കാന്‍ ഇമാം ശാഫിഈ(റ)ക്ക് സാധിച്ചു. തൻ്റെ ചിന്തകളെയും ഫത്‌വകളെയും ലോകം മുഴുവന്‍ അനുധാവനം ചെയ്യും വിധം ഇസ്ലാമിക കര്‍മ്മശാസ്ത്രത്തെ ഇമാമവര്‍കള്‍ ജീവസുറ്റതാക്കി.തൻ്റെ വിശ്വപ്രസിദ്ധമായ ‘കിതാബുല്‍ ഉമ്മ്’ രചിക്കുന്നതും ഈജിപ്തില്‍ വച്ചാണ്.പില്‍ക്കാലത്ത് വന്ന ആയിരക്കണക്കിന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ മാതാവായി കിതാബുല്‍ ഉമ്മ് ഗണിക്കപ്പെട്ടു. മാത്രമല്ല ബാഗ്ദാദില്‍ വച്ച് രചിച്ച അല്‍രിസാല പരിഷ്‌കരിച്ച മഹാനവര്‍കള്‍ അല്‍അമാലി, അല്‍ ഇംലാഅ്, അല്‍ ഖസാമ, അല്‍ ജിസ്‌യ തുടങ്ങി രചനകളും ഈജിപ്തില്‍ വച്ച് നിര്‍വഹിച്ചു.
സാഹിത്യ പ്രതിഭ
വലിയ സാഹിത്യ പ്രതിഭയായിരുന്ന ഇമാം ശാഫിഈ(റ)യുടെ കവിതകള്‍ ‘ദീവാനു ഇമാം ശാഫിഈ’ എന്ന പേരില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്.”കവിത പണ്ഡിതന്മാര്‍ക്ക് അലങ്കാരമായിരുന്നെങ്കില്‍ ഞാന്‍ ലബീദിനേക്കാള്‍ മികച്ച കവിയാകുമായിരുന്നു” എന്ന് മഹാനവര്‍കള്‍ തന്നെ പറഞ്ഞിട്ടുണ്ട്.തൻ്റെ സാഹിത്യ സിദ്ധിയുടെ നിദര്‍ശനങ്ങളായ കവിതകളില്‍ മിക്കതും സമൂഹത്തിൻ്റെ നാനാ തുറകളിലുമുള്ള മനുഷ്യരോടുമുള്ള ഉപദേശങ്ങളുടെ രത്‌നഹാരങ്ങളാണ്.എന്നാല്‍ കവിതകളിലും സംവാദങ്ങളിലും ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങള്‍ ഇമാമവര്‍കളുടെ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയില്ല.അത് മഹാനവര്‍കളുടെ ഔചിത്യബോധവും അനുവാചകരോടുള്ള കാരുണ്യവുമാണ് മനസ്സിലാക്കിത്തരുന്നത്. ശിഷ്യന്‍ റബീഅ്(റ) പറയുന്നു:”ഇമാമവര്‍കള്‍ ഞങ്ങളോട് ചര്‍ച്ചകളില്‍ നടത്തുന്നത് പോലെയുള്ള അറബി പ്രയോഗങ്ങളെങ്ങാനും അവിടുത്തെ ഗ്രന്ഥങ്ങളില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല’‘.
ആബിദായ പണ്ഡിതന്‍
ഇല്‍മും അമലും സമ്മേളിച്ച മഹത് വ്യക്തിത്വമായിരുന്നു ഇമാം ശാഫിഈ(റ).അറിവിൻ്റെ ആഴമേറിയ സമ്പാദനത്തിനും വിപുലമായ പ്രസരണത്തിനുമൊപ്പം നിരന്തരം ആരാധനകളില്‍ മുഴുകുന്ന ശീലമായിരുന്നു ഇമാമവര്‍കള്‍ക്കുണ്ടായിരുന്നത്.ഖുര്‍ആന്‍ ഓരോ ദിവസവും ഓരോ ഖത്മ് ഓതിയിരുന്ന മഹാനവര്‍കള്‍ റമളാന്‍ ആയാല്‍ ദിവസവും രണ്ട് ഖത്മ് ഓതിത്തീര്‍ക്കാറുണ്ടായിരുന്നു. ഇമാമവര്‍കളുടെ ജീവിതക്രമം വളരെയധികം മാതൃകാപരവും ചിട്ടപ്പെടുത്തിയതുമായിരുന്നു.ക്ലാസുകളും രചനകളും ഇബാദത്തുമായി കഴിഞ്ഞ് ഇമാമവര്‍കള്‍ അമൂല്യമായ ജ്ഞാനഭണ്ഡാരങ്ങള്‍ ലോകത്തിന് സമ്മാനിച്ചു. ഇമാം നവവി(റ) പറയുന്നു:”ഇബാദത്തുകളിലെ കഠിനപരിശ്രമം,സൂക്ഷ്മതയുടെ മാര്‍ഗം അവലംബിക്കല്‍,ഉദാര ശീലം, ഭൗതികപരിത്യാഗം തുടങ്ങിയവ മഹാനവര്‍കളുടെ വിശിഷ്ട ജീവിത ശീലവും സ്വഭാവവുമാണ്.രാത്രി മൂന്നായി ഭാഗിച്ച് ഒരു ഭാഗം രചനക്കും ഒരു ഭാഗം നിസ്‌കാരത്തിനും ഒരു ഭാഗം ഉറങ്ങാനും വിനിയോഗിച്ചു”.
വഫാത്
ഈജിപ്ത്തില്‍ പ്രഗല്‍ഭ പണ്ഡിതനും സമ്പന്നനുമായിരുന്ന അബ്ദുല്ലാഹിബ്‌നു അബ്ദില്‍ ഹകമിൻ്റെ അതിഥിയായാണ് ഇമാം ശാഫിഈ(റ) കഴിഞ്ഞത്. അവിടെ വെച്ച് ഹി.204 റജബ് 29ന് 54ാം വയസ്സില്‍ മഹാനവര്‍കള്‍ വഫാത്തായി.ഈജിപ്തിൻ്റെ തലസ്ഥാന നഗരിയായ കൈറോയിലെ ഇമാം ശാഫി സ്ട്രീറ്റില്‍ അയ്യൂബി വാസ്തുവിദ്യ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട മനോഹരമായ ഖുബ്ബയോട് കൂടിയ ദര്‍ഗയിലാണ് ഇമാം ശാഫിഈ(റ) അന്ത്യവിശ്രമം കൊള്ളുന്നത്.മഖാമിനു മുകളില്‍ ഒരു കപ്പലിൻ്റെ രൂപമുണ്ട്.താഴെ കിടക്കുന്നവര്‍ വിജ്ഞാനത്തിൻ്റെ സമുദ്രമാണെന്നതിലേക്കുളള സൂചനയാണത്.