+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

പകരം വെക്കാനില്ലാത്ത പണ്ഡിത പ്രതിഭ






| Sufiyan Kalikavu |


മുസ്ലിം ഉമ്മത്തിന്റെ പണ്ഡിത നേതൃരംഗത്ത് നിറഞ്ഞുനിന്ന മഹത് വ്യക്തിത്വം. വിശദീകരണങ്ങള്‍ക്കതീതമായി ഉന്നത ജീവിത വിശേഷണം കൊണ്ട് ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കര്‍മ്മ ശാസ്ത്ര പ്രതിഭ. ആരവങ്ങളുടെയും ഒച്ചപ്പാടുകളുടെയും കാലത്ത് പത്രാസുകള്‍ മോഹിക്കാതെ ജീവിച്ച മഹാന്‍. 

സമസ്തയുടെ ഒമ്പത് പതിറ്റാണ്ടിനിടയില്‍ ഇല്‍മ് കൊണ്ടും സൂക്ഷമതകൊണ്ടും ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച രണ്ടു സമുന്നത നേതാക്കളായ ശംസുല്‍ ഉലമയുടെയും കണ്ണിയത്തുസ്താതിന്റെയും ആശീര്‍വാദവും അംഗീകാരവും വേണ്ടുവോളം നേടിയെടുത്തവരാണ് ശൈഖുനാ. ഈ രണ്ടു മഹാന്‍മാരുടെ വാര്‍ധക്യ കാലങ്ങളില്‍ കര്‍മ്മശാസ്ത്രപരമായ സംശയങ്ങളുമായി സമീപിക്കുന്നവരോട് സൈനുദ്ദീന്‍ മുസ്ലിയാരുടെ അടുക്കല്‍ ചെന്ന് ചോദിക്കുക എന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്  മഹാനവര്‍കള്‍ക്ക് അവരുടെ അടുക്കലുള്ള അംഗീകാരത്തിന്റെ ഉത്തമ തെളിവാണ് എന്നതില്‍ സംശയമില്ല.
ബഹുമാനപ്പെട്ടവര്‍ ഭൗതിക പഠനം എട്ടാം ക്ലാസിന് ശേഷമാണ് ദര്‍സ് ജീവിതത്തിലേക്ക് കടന്നു വരുന്നത്. മൂന്നുദര്‍സുകളിലായി പത്ത് വര്‍ഷമാണ് അദ്ദേഹം പഠിച്ചത്. ഏഴ് വര്‍ഷം സ്വന്തം പിതാവും വലിയ പാണ്ഡിത്യത്തിനുടമയുമായ മുഹമ്മദ് മുസ്ലിയാര്‍ക്കൊപ്പം കൊണ്ടോട്ടി ഖാദിയാരകം പള്ളിയിലും രണ്ടു വര്‍ഷം ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ മഞ്ചേരി ദര്‍സിലും ഒരു വര്‍ഷം ചാലിയത്ത് ദര്‍സ് നടത്തിയിരുന്ന സുപ്രസിദ്ധനായ കോടക്കല്‍ സൈനുദ്ദീന്‍ മുസ്ലിയാരുടെ അടുത്തുമായിരുന്നു ഓതിപ്പഠിച്ചത്.
തന്റെ ഇളം പ്രായത്തില്‍ തന്നെ ബഹുമാനപ്പെട്ടവര്‍ക്ക് ദര്‍സ് നടത്താനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. ഇരുപത്തി രാണ്ടാമത്തെ വയസ്സില്‍ കോടങ്ങാട്  മുദരിസായി നിയമിതനായി. അവിടെ നാട്ടുകാര്‍ക്ക് വേണ്ടി രാത്രി ദര്‍സ് നടത്തി. രാവിലെ കൃഷിപ്പണിക്കാര്‍ക്കുള്ള ദര്‍സുമുണ്ടായിരുന്നു. തല മുതിര്‍ന്ന പലരും ഉസ്താദിനെ ‘കുട്ടി’എന്നു വിളിച്ചിരുന്നെങ്കിലും നാട്ടുകാര്‍ക്കെല്ലാം അദ്ദേഹം വലിയ ഉസ്താദായിരുന്നു. അന്ന് ദര്‍സില്‍ അറുപതില്‍ പരം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. കോടാങ്ങാടെ ദര്‍സിന് ശേഷം മുദരിസായിക്കൊണ്ട് ചെമ്മാട് ജുമുഅത്ത് പള്ളിയിലെത്തി പില്‍കാലത്ത് സമസ്തയുടെ കാര്യദര്‍ശിയാകുന്ന ഉസ്താദിന്റെ വളര്‍ച്ചയുടെ ഒരു സുപ്രധാന ഘടകമായിരുന്നു ഈ വരവ്. സാമുഹ്യസംഘടനാരംഗത്ത് ഇടപെടുന്നതിനുള്ള അവസരങ്ങള്‍ ഉസ്താദിന് കൈവന്നത് ഈ അവസരത്തിലായിരുന്നു.
പരാതികളും പരിഭവവുമില്ലാത്ത മുദരിസായിരുന്നു ചെറുശ്ശേരി ഉസ്താദ്. പള്ളിയില്‍ താമസിച്ച ഒന്നരപ്പതിറ്റാണ്ട് മഹാന്‍ തിങ്ങളാഴ്ചയും വ്യാഴായ്ചയും നോമ്പെടുക്കുന്ന വിവരം മഹല്ല് നിവാസികള്‍ അറിഞ്ഞിരുന്നില്ല. ഉച്ചനേരത്തെ ഭക്ഷണം നോമ്പുതുറക്കുവാനും രാത്രിയിലേത് അത്താഴത്തിനും വേണ്ടി മാറ്റിവെക്കലുമാണ് പതിവ്.
അതിനു ശേഷമാണ് കേരളീയ ജനതയുടെ അഭിമാനമായ ‘ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി’ യുടെ ചാന്‍സിലറായി ഉസ്താദ് ചാര്‍ജെടുക്കുന്നത് കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും ഇസ്ലാമിക വെളിച്ചമെത്തിക്കാന്‍ പ്രാപ്തരായ ധാരാളം ബഹു ഭാഷാ പണ്ഡിതന്മാര്‍ ഈ വലിയ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങുന്നു. അവര്‍ക്കെല്ലാം ദീനീ വിജ്ഞാനം നുകര്‍ന്നുകൊടുക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് ബഹുമാനപ്പെട്ട ഉസ്താദ്. ഉസ്താദിന്റെ വശ്യമായ ക്ലാസുകള്‍ കുട്ടികള്‍ക്കെല്ലാം വളരെ ആവേശമായിരുന്നു. ഓരോ ക്ലാസുകളും ഒരര്‍ത്ഥത്തില്‍ സംവാദാത്മകമായിരുന്നു. എന്തും ചോദിക്കാനുള്ള അവസരവും ഞൊടിയില്‍ ഉത്തരവും ലഭിക്കുമായിരുന്നു.
ശൈഖുനാ ക്ലാസില്‍ തീര്‍ത്തും മറ്റൊരു വ്യക്തിയായിരുന്നു. കൂഞ്ഞുമനസ്സിന്റെ നിശ്കളങ്കതയും കഥ പറച്ചില്‍കാരുടെ അംഗ വിക്ഷേപങ്ങളും രസകരമായ വിശദീകരണമെല്ലാം ശാഖുനായുടെ പ്രത്യേകതകളാണ്.
പാണ്ഡിത്യത്തോടൊപ്പം വിനയം കൂടെകൊണ്ടുനടക്കുന്ന മഹത് വ്യക്തിയായിരുന്നു അദ്ദേഹം. ജന ലക്ഷങ്ങളുടെ അവസാന വാക്കായി അമരത്തിരിക്കുമ്പോഴും ആ പ്രൗഢിയൊന്നും മുഖത്തും പെരുമാറ്റത്തിലും ഉസ്താദ് കാണിച്ചിരുന്നില്ല. പെരുമാറ്റം തന്നെയായിരുന്നു അവിടുത്തെ വിനയത്തിന്റെ മുഖമുദ്ര. അമലുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് സുന്നത്തായ കര്‍മ്മങ്ങള്‍ പതിവാക്കലാണെന്ന് ഹദീസിലുണ്ട്. ഇത് ചെറുശ്ശേരി ഉസ്താദിന്റെ ജീവിതത്തിലുടനീളം ദര്‍ശിക്കാവുന്നതാണ്. ഏതു തിരക്കുകള്‍ക്കിടയിലും ദിക്‌റുകള്‍ പതിവാക്കുന്ന അദ്ദേഹത്തിന്റെ രീതി ഏറെ മാതൃകാപരമാണ്. അവിടുത്തെ ഉയര്‍ച്ചയുടെ പ്രധാന കാരണവും അത്തരം ചര്യകളായിരിക്കുമെന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയിക്കേണ്ടിവരില്ല. 

രണ്ടു പതിറ്റാണ്ടുകാലം മുസ്ലിം കൈരളിയുടെ മതകീയ ഉന്നമനങ്ങളുടെ നേതൃസ്ഥാനം അലങ്കരിച്ചുകൊണ്ടിരിക്കുന്ന ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറി സ്ഥാനം അലങ്കരിച്ചവരാണ് ശൈഖുനാ. കേരള ജനതക്ക് ശംസുല്‍ ഉലമക്ക് ശേഷം ഒരു പിന്‍ഗാമി ഉണ്ടെങ്കില്‍ അത് സൈനുല്‍ ഉലമയല്ലാതെ മറ്റാരുമല്ല. 
Avatar
 | Website |  + posts
Share this article
Shareable URL
Prev Post

നോമ്പിന്റെ കര്‍മ്മ ശാസ്ത്രം

Next Post

നവ ഭാരതം ചര്‍ദ്ദിക്കുകയാണ്…

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next