| Thasneem Javad |
പുണ്യങ്ങളുടെ ദിന രാത്രങ്ങള്‍ സമാഗതമാവുകയാണ്. ദൈവ പ്രീതി ആഗ്രഹിക്കുന്നവര്‍ പുണ്ണ്യങ്ങള്‍ വാരിക്കുട്ടാന്‍ മാനസിക-ശാരീരിക വിശുദ്ധി പാകപ്പെടുത്തി കഴിഞ്ഞു. ത്യാഗം ചെയ്താല്‍ ഇരട്ടികള്‍ ലാഭം കൊയ്യാവുന്ന മുഹൂര്‍ത്തങ്ങളും അമൂല്യ അവസരങ്ങളുമാണ്. റമളാനിലെ ആദ്യ രാത്രി തന്നെ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്യും.
സ്വര്‍ഗത്തിന് റയ്യാന്‍ എന്ന് പേരുള്ള ഒരു കവാടമുണ്ട്. നോമ്പുകാര്‍ക്കുള്ളതാണത്. അതിലൂടെ മറ്റാരും പ്രവേശിക്കുകയില്ല. അല്ലാഹു പറഞ്ഞു: നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ്. ഈ വാക്ക് നോമ്പിന്റെ മാറ്റ് കൂട്ടുന്നു.
നോമ്പ് നിര്‍ബദ്ധമുള്ളവര്‍
പ്രായപൂര്‍ത്തിയും ബുദ്ധിയും നോമ്പനുഷ്ടിക്കാന്‍ ജീവശാസ്ത്രപരമായി ആരോഗ്യവും കഴിവുമുള്ള എല്ലാവര്‍ക്കും റമളാന്‍ വ്രതം നിര്‍ബദ്ധമാണ്. ആരോഗ്യപരമായി നോമ്പെടുക്കാന്‍ സാധിക്കുന്ന ഏഴുവയസ്സായ കുട്ടികളെ നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും പത്ത് വയസ്സായാല്‍ നോമ്പുപേക്ഷിച്ചാല്‍ അവരെ അടിക്കലും രക്ഷിതാക്കളുടെ മേല്‍ നിര്‍ബദ്ധമാണ്.
എന്നാൽ ഗർഭിണിയോ മുല കൊടുക്കുന്നവളോ ആയ സ്ത്രീക്ക് സ്വന്തം ശരീരത്തിനോ സ്വന്തം ശരീരത്തിനും കുട്ടിക്കും ഒരുമിച്ചോ വിഷമം സംഭവിക്കുമെന്ന് ഭയന്ന് നോമ്പൊഴിവാക്കിയാൽ പിന്നീട് ഖളാഅ് വീട്ടിയാൽ മതിയാകുന്നതാണ്. എന്നാൽ കുട്ടിയിൽ വിഷമം പറ്റുമെന്ന കാരണത്താൽ മാത്രമാണ്നോ മ്പൊഴിവാക്കിയതെങ്കിൽ ഖളാഅ് വീട്ടലോടു കൂടി ഒരു നോമ്പിന് ഒരു മുദ്ദ് വീതം ധാന്യം ദാനം ചെയ്യലും നിർബദ്ധമാണ്.
നോമ്പ് മുറിയുന്ന കാര്യങ്ങൾ
സംയോഗം, ഇന്ദ്രിയം സ്കലിപ്പിക്കല്‍, ഉണ്ടാക്കി ഛർദ്ദിക്കൽ, സാധാരണയിൽ ഉള്ള് എന്ന് പറയപ്പെടുന്ന ഭഗത്തേക്ക് വല്ലതും പ്രവേശിക്കൽ തുടങ്ങിയവയെ കൊണ്ട് നോമ്പ് മുറിയുന്നതാണ്. നോമ്പുള്ള സമയത്ത് ആർത്തവം, പ്രസവ രക്തം എന്നിവ സംഭവിച്ചാലും നോമ്പ് മുറിയും. രക്തമോ മറ്റോ കൊണ്ടോ കലർപ്പില്ലാത്ത ഉമിനീർ ഇറക്കുന്നത് കൊണ്ട് വിരോധമില്ല. എന്നാൽ വായയുടെ ബാഹ്യ ഭാഗത്തേക്ക് എത്തിയ കഫം ഇറക്കാൻ പാടില്ല.
സുന്നത്തുകൾ
അത്താഴം കഴിക്കൽ നോമ്പിൻെറ ഒരു പ്രധാന സുന്നത്താണ്. ഈത്തപ്പഴമാണ് ഏറെ ഉത്തമം. രാത്രിയുടെ രണ്ടാം പകുതി ആരംഭിക്കുന്നതോടെ അത്താഴ സമയം ആരംഭിക്കുമെങ്കിലും സുബ്ഹിയോടടുത്ത സമയം വരെ ചിന്തിക്കലാണ് സുന്നത്ത്.
ദാന ധർമ്മങ്ങൾ തുടങ്ങിയ സൽകർമ്മങ്ങൾ വർദ്ധിപ്പിക്കുക, ഖുർആൻ പാരായണം ചെയ്യുക, സുഗന്ധം ഉപയോഗിക്കാതിരിക്കുക, അനുവദനീയമാണെങ്കിലും കണ്ടും കേട്ടുമുള്ള ആസ്വാദനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയെല്ലാം നോമ്പിന്റെ സുന്നത്താണ്.
റമളാന് പ്രത്യേകം സുന്നത്താക്കപ്പെട്ട തറാവീഹ് നിസ്കാരവും ഏറെ പുണ്യമുള്ളതാണ്. വിശ്വാസ പ്രതിഫലാഗ്രഹങ്ങളോടെ തറാവീഹ് നിസ്കരിച്ചാൽ പാപങ്ങൾ പൊറുക്കപ്പെടുമെന്നും പ്രസവിക്കപ്പെട്ടപോലെ പാപമുക്തനാവാൻ അത് കാരണം ആകുമെന്നും പ്രവാചകാധ്യാപനങ്ങളിൽ കാണാം.