ദൈവീക ഗ്രന്ഥമായ വിശുദ്ധ ഖുർആന്റെ അർത്ഥതലങ്ങൾക്കും ആശയങ്ങൾക്കും അഗാധമായ ആഴവും പരപ്പും ഉണ്ട്. കേവലം ഭാഷാപരിജ്ഞാനം കൊണ്ട് മാത്രം ഗ്രഹിച്ചെടുക്കാൻ കഴിയുന്ന ഗ്രന്ഥമല്ല ഖുർആൻ. അല്ലാഹുവിന്റെ കല്പനപ്രകാരം ജിബ്‌രീൽ വിശുദ്ധ ഖുർആന്റെ സൂക്തങ്ങളും അവയുടെ വ്യാഖ്യാനവും നബി(സ്വ)ക്ക് വിവരിച്ചു കൊടുത്തിരുന്നു. തന്റെ മേൽ അവതീർണ്ണമാകുന്ന ഓരോ സൂക്തങ്ങളും അനുചര വൃന്ദങ്ങൾക്ക് നബി(സ്വ) വ്യാഖ്യാനിച്ചു കൊടുക്കുകയും അതുൾക്കൊള്ളുന്ന ആശയങ്ങൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.ഈ ഉത്തരവാദിത്വം കൂടി നിർവഹിക്കാൻ വേണ്ടിയാണ് അല്ലാഹു പ്രവാചകനെ നിയോഗിച്ചത്.“നാം നിങ്ങൾക്ക് ഗ്രന്ഥം ഇറക്കി തന്നത് നിങ്ങൾ അത് ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കാൻ വേണ്ടിയാണ്” എന്ന ഖുർആനികാധ്യാപനം ഈ വസ്തുതയിലേക്കാണ് വിരചൂണ്ടുന്നത്.
സഹാബികളുടെ കാലഘട്ടം
വിശുദ്ധ ഖുര്‍ആന്റെ വ്യാഖ്യാനത്തിനായി സ്വഹാബികള്‍ ഖുര്‍ആനെ തന്നെയും നബി(സ്വ)യെയും ഉപയോഗപ്പെടുത്തിയിരുന്നു. കാരണം ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ മറ്റു ചിലതിന്റെ വിശദീകരണങ്ങളാണ്. ഇത്തരം സ്ഥലങ്ങളില്‍ വ്യാഖ്യാനത്തിനായി സഹാബത്ത് ഖുര്‍ആനിനെ തന്നെ അവലംബിച്ചു.ഇനി സ്വഹാബത്തില്‍ നിന്ന് ആര്‍ക്കെങ്കിലും ഏതെങ്കിലും സൂക്തത്തില്‍ സംശയമുണ്ടായാല്‍ അവര്‍ അത് നബി(സ്വ)യുടെ അടുത്ത് ചെന്ന് സംശയനിവാരണം നടത്തും.അപ്പോള്‍ നബി(സ്വ) അവര്‍ക്ക് അവ്യക്തമായ സൂക്തങ്ങളെ വിശദീകരിച്ചു കൊടുക്കുകയും ചെയ്യും. അതുപോലെ തങ്ങള്‍ക്ക് അവ്യക്തമായ സൂക്തങ്ങളുടെ വ്യാഖ്യാനം ഖുര്‍ആനില്‍ ഇല്ലാതിരിക്കുകയും നബി(സ്വ)യോട് സംശയനിവാരണം നടത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ സഹാബികള്‍ അവരുടെ സ്വന്തം ഇജ്തിഹാദിനെയാണ് അവലംബിച്ചിരുന്നത്. ഗാഢമായ ചിന്തയും ഗവേഷണവും ആവശ്യമായി വരുന്നിടങ്ങളില്‍ മാത്രമേ അവര്‍ ഇജ്തിഹാദിനെ അവലംബിച്ചിരുന്നു.
സ്വഹാബത്തിന്റെ കൂട്ടത്തില്‍ തഫ്‌സീര്‍ കൊണ്ട് പ്രശസ്തരായവര്‍ വളരെ ചുരുക്കമാണ്. ഇമാം സൂയൂഥി(റ) ഇത്ഖാനില്‍ പറഞ്ഞത് പ്രകാരം സ്വഹാബത്തില്‍ നിന്ന് തഫ്‌സീറില്‍ പ്രശസ്തരായത് പത്താളുകളാണ്.അബൂബക്ര്‍(റ),ഉമര്‍(റ),ഉസ്മാന്‍(റ),അലി(റ),ഇബ്‌നു അബ്ബാസ് (റ),ഉബയ്യു ബ്‌നു കഅ്ബ് (റ),ഇബ്നു മസ്ഊദ് (റ),സൈദു ബ്‌നു സാബിത്(റ), അബൂ മൂസല്‍അശ്അരി(റ),അബ്ദുല്ലാഹി ബ്നു സുബൈര്‍(റ) എന്നിവരാണവര്‍.ഈ പത്ത് സ്വഹാബികളും വ്യത്യസ തോതിലാണ് വിശുദ്ധ ഖുർആനിനെ വ്യാഖ്യാനിച്ചത്. അബൂബക്ർ(റ), ഉമർ(റ), ഉസ്‌മാൻ(റ) എന്നിവരിൽ നിന്ന് തഫിസീറിൽ വളരെ കുറച്ച് മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.അവരുടെ വഫാത്ത് നേരത്തെയായി എന്നതും ഖിലാഫത്തിന്റെയും ഇസ്‌ലാമിക സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെയും കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടിയിരുന്നു എന്നതിനാലുമാണത്. നാലു ഖലീഫമാരിൽ ഏറ്റവും കൂടുതൽ ഖുർആൻ വ്യാഖ്യാനിച്ചയാളെന്ന ഖ്യാതി മഹാനായ അലിയ്യു ബ്നു അബീത്വാലിബ് (റ)വിനാണ്.ഇസ്‌ലാമിക സാമ്രാജ്യം ഒരുപാടു വികസിക്കുകയും അനറബികൾ ഉൾപ്പെടെ അനവധിയാളുകൾ ഇസ്‌ലാമിലേക്ക് കടന്നുവരികയും അവർക്ക് ഖുർആൻ വിശദീകരിച്ച് കൊടുക്കാൻ ഒരാളെ ആവശ്യമായി വരികയും ചെയ്ത കാലഘട്ടത്തിലാണ് അലി(റ) ജീവിച്ചിരുന്നത് എന്നതിനാൽ അദ്ദേഹത്തെ തൊട്ട് മറ്റുള്ളവരുടേതിനേക്കാൾ കൂടുതൽ തഫ്സീർ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സ്വഹാബാക്കളിൽ നിന്നും കൂടുതൽ തഫ്സീർ ഉദ്ധരിക്കപ്പെട്ട മറ്റുള്ളവർ ഇബ്നു അബ്ബാസ്(റ), ഇബ്നു മസ്ഊദ്(റ), ഉബയ്യു ബ കഅ്ബ്(റ) എന്നിവരാണ്. അനസുബ്നു മാലിക്(റ),അബൂഹുറൈറ(റ), ഇബ്നു ഉമർ(റ), ജാബിർ ബ്‌നു അബ്‌ദുല്ലാഹ്(റ), അബ്ദുല്ലാഹി ബ്നു അംറുബ്‌നിൽ ആസ്(റ), ആയിശ(റ) എന്നിവരും ഖുർആൻ വ്യാഖ്യാതാക്കളാണ്. എന്നാൽ, അവരൊക്കെ വളരെ കുറച്ച് മാത്രമേ വ്യാഖ്യാനിച്ചിട്ടുള്ളൂ. ഖുർആൻ അവതീർണ്ണമായ കാലഘട്ടത്തിൽ ജീവിക്കുകയും നബി(സ)യിൽ നിന്ന് നേരിട്ട് ഖുർആൻ പഠിക്കാൻ അവസരം ലഭിക്കുകയും ചെയ്‌തവരായതിനാൽ സ്വഹാബത്തിന്റെ തഫ്സീറിന് വളരെയധികം പ്രാധാന്യമുണ്ട്.
താബിഉകളുടെ കാലഘട്ടം
സ്വഹാബത്തിന്റെ കാലശേഷം തഫ്സീർ അതിന്റെ വളർച്ചയുടെ പ്രധാന ഘട്ടമായ താബിഉകളുടെ ഘട്ടത്തിലേക്ക് കടന്നു. വിശുദ്ധ ഖുർആനിൽ നിന്ന് അവർക്ക് അവ്യക്തമായ കാര്യങ്ങൾ തങ്ങളുടെ ഗുരുനാഥന്മാരായ സ്വഹാബാക്കളിൽ നിന്ന് താബിഉകൾ പഠിച്ച് മനസ്സിലാക്കി.പ്രവാചകന്റെയും സ്വഹാബത്തിന്റെയും കാലഘട്ടങ്ങൾക്ക് ശേഷം ഇസ്ലാമിക ലോകം വികസിക്കുന്നതിനനുസരിച്ച് അനറബികളായ അസംഖ്യം ആളുകൾ ഇസ്ലാം ആശ്ലേഷിച്ചതോടെ ഖുർആൻ കൂടുതൽ വ്യാഖ്യാനിക്കേണ്ട സാഹചര്യം സംജാതമായി. അങ്ങനെ മഹാന്മാരായ താബിഉകൾ വിശുദ്ധ ഖുർആനിൽ നിന്ന് അക്കാലത്ത് ഉള്ളവർക്ക് അവ്യക്തമായ ഭാഗങ്ങൾ വ്യാഖ്യാനിക്കുകയും അവർക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
നബി(സ്വ)യുടെ കാലത്തും ശേഷം വന്ന ഖലീഫമാരുടെ കാലത്തും നിരവധി പട്ടണങ്ങളും പ്രവിശ്യകളും ഇസ്ലാമിന്റെ അധീനതയിലായി.കീഴടക്കപ്പെട്ട പലസ്ഥലങ്ങളിലും സ്വഹാബത്ത് എത്തുകയും അവിടങ്ങളിലൊക്കെ വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്തു. നിരവധി മഹാന്മാരായ താബിഉകൾ അവരിൽ നിന്ന് അറിവ് നുകർന്നു. മക്കയിലും മദീനയിലും ഇറാഖിലും തഫ്സീർ പഠനകേന്ദ്രങ്ങളുണ്ടായിരുന്നു.മക്കയിൽ ഇതിന് നേതൃത്വം കൊടുത്തത് മഹാനായ ഇബ്‌നു അബ്ബാസ്(റ) ആണ്. നിരവധി താബിഉകൾക്ക് മഹാനവർകൾ തഫ്സീർ പറഞ്ഞുകൊടുത്തു. അവരിൽ പ്രമുഖരായവർ സഈദ് ബ്നു ജുബൈർ(റ), മുജാഹിദ് ബ്നു ജബ്ർ(റ), ഇക്‌രിമ(റ), ത്വാഉസ് ബ്നു കൈസാനുൽ യമാനി(റ), അത്വാഅ് ബ്നു അബീറബാഹ്(റ) എന്നിവരാണ്. അവർ ഇബ്നു അബ്ബാസ്(റ)ൽ നിന്ന് കേട്ടത് പ്രകാരം തങ്ങളുടെ ശേഷം വന്നവർക്ക് പറഞ്ഞുകൊടുത്തു.
മദീനയിൽ നിലവിലുണ്ടായിരുന്ന തഫ്സീർ പഠന കേന്ദ്രത്തിന് നേതൃത്വം കൊടുത്തിരുന്നത് മഹാനായ ഉബയ്യുബ്നു കഅ്ബ്(റ) ആണ്. മഹാനവർകളിൽ നിന്ന് തഫ്‌സീർ കരഗതമാക്കിയവരാണ് അബുൽ ആലിയ (റ), മുഹമ്മദു ബ്‌നു കഅ്ബുൽ ഖുറളി(റ), സൈദു ബ്നു അസ്‌ലം(റ) എന്നിവർ. ഇറാഖിൽ ഇതിന് നേതൃത്വം നൽകിയിരുന്നത് മഹാനായ ഇബ്‌നു മസ്ഊദ്(റ) ആണ്. അൽഖമതു ബ്‌നു ഖൈസ്(റ), മസ്‌റൂഖ്(റ), അസ്‌വദു ബ്‌നു യസീദ് (റ), മുറതുൽ ഹമദാനി(റ), ആമിറുശ്ശഅ്ബി(റ), ഹസനുൽ ബസ്വരി(റ), ഖതാദ(റ) എന്നിവരാണ് മഹാനവർകളുടെ അടുക്കൽ നിന്ന് തഫ്സീറിൽ പാണ്ഡിത്യം നേടിയ പ്രമുഖരായ താബിഉകൾ. ഇവരൊക്കെയും തങ്ങൾക്ക് ശേഷം വന്ന ആളുകൾക്ക് ഖുർആൻ വ്യാഖ്യാനിച്ച് കൊടുത്തു. എന്നാൽ, ഇക്കാലത്തൊന്നും തഫ്സീറിൽ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരുന്നില്ല. മറിച്ച്,വാമൊഴിയായിട്ടായിരുന്നു തഫ്‌സീർ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്.