| Usthad CK Abdurahman Faizy Aripra |
കെട്ടഴിക്കുക എന്നതാണ് ത്വലാഖിന്റെ ഭാഷാര്‍ത്ഥം. ചില പ്രത്യേക വാചകങ്ങള്‍ കൊണ്ട് വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിനാണ് സാങ്കേതികമായി ത്വലാഖ് എന്ന് പറയുന്നത്. സമൂഹ നില നില്‍പിന്റെ അടിത്തറയായ വൈവാഹിക ബന്ധം സുദൃഢമായി മരണം വരെ നിലനില്‍ക്കണമെന്നാണ് ഇസ്്‌ലാമിന്റെ താല്‍പര്യം. അതുകൊണ്ടാണ് ‘മുതഅ’ (സമയബന്ധിത വിവാഹം) നിഷിദ്ധമാക്കപ്പെട്ടത് ഈ ബന്ധം അറുത്തു മാറ്റുന്നത് പരിശുദ്ധ മതം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ശാരിഇന് ഇഷ്ടമില്ലാത്ത കര്‍മ്മങ്ങളുടെ ഗണത്തിലാണ് ത്വലാഖിനെ പരിഗണിച്ചിട്ടുള്ളത്. അനുവദനീയ കാര്യങ്ങളില്‍ അല്ലാഹുവിന് ഏറ്റവും കോപമുള്ളത് ത്വലാഖാണെന്നാണ് പ്രവാചകാദ്ധ്യാപനം.
ത്വലാഖിന്റെ സാംഗത്യം
ധാരാളം തെറ്റിദ്ധാരണകള്‍ക്ക് വിധേയമായ ഒരു പദമാണ് ത്വലാഖ്, ഇഷ്ടം പോലെ കെട്ടാനും ഒഴിവാക്കാനും പുരുഷന് അനുവാദം നല്‍കുന്ന പുരുഷ മേധാവിത്വ മതമാണ് ഇസ്്‌ലാം എന്ന് ജല്‍പിക്കുന്ന പുരോഗമന വാദികളും ഫെമിനിസ്റ്റുകളുമാണ് ത്വലാഖിന്റെ പേരില്‍ സ്ത്രീകള്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നത്. ഏത് സമയത്തും പെണ്ണിനെതിരെ ഉപയോഗിക്കാവുന്ന ആയുധമാണ് ത്വലാഖ് എന്നാണ് ഇവരുടെ ധാരണ. ഇസ്്‌ലാമിക പ്രമാണങ്ങള്‍ പോയിട്ട് ഈ പദത്തിന്റെ ഭാഷാ അര്‍ത്ഥം പോലും വശമില്ലാത്തവരാണ് ഇവിടെ നാക്കിട്ടടിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ എന്താണ് ത്വലാഖ് ? ഏതെങ്കിലും സാഹചര്യത്തില്‍ ദാമ്പത്യ ബന്ധങ്ങള്‍ ശിഥിലമാവുകയും രമ്യതയിലെത്താനുള്ള സകല വഴികളും അടയുകയും ചെയ്യുന്ന സാഹചര്യത്തില്‍ നടക്കുന്ന അന്തിമ പരിഹാരമാണ് ത്വലാഖ്. ഈ രൂപത്തിലാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ത്വലാഖിന്റെ സാംഗത്യം. സ്ഥാനത്ത് മാത്രം ഇത് ഉപയോഗിക്കണമെന്നാണ് പ്രമാണങ്ങളുടെ അദ്ധ്യാപനം. ആരെങ്കിലും അസ്ഥാനത്ത് ഉപയോഗിക്കുന്നത് ഇസ്്‌ലാമിന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കുന്നത് വിഢിത്തമാണ്.
ഖുര്‍ആന്‍ പറയുന്നു
وَعَاشِرُوهُنَّ بِٱلۡمَعۡرُوفِۚ فَإِن كَرِهۡتُمُوهُنَّ فَعَسَىٰٓ
أَن تَكۡرَهُواْ شَيۡٔٗا وَيَجۡعَلَ ٱللَّهُ
فِيهِ خَيۡرٗا كَثِيرٗا
أَن تَكۡرَهُواْ شَيۡٔٗا وَيَجۡعَلَ ٱللَّهُ
فِيهِ خَيۡرٗا كَثِيرٗا
‘ ഭാര്യമാരോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക’ ഇനി നിങ്ങള്‍ അവരെ വെറുത്താല്‍ (നിങ്ങള്‍ ക്ഷമിക്കുക) കാരണം നിങ്ങള്‍ വെറുക്കുന്ന കാര്യത്തില്‍ അല്ലാഹു ധാരാളം നന്മകള്‍ നിശ്ചയിച്ചിരിക്കാം (നിസാഅ് 19).
ഇണകള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ കൈകാര്യം ചെയ്യേണ്ട രീതി എത്ര മനോഹരമായിട്ടാണ് ഖുര്‍ആന്‍ വിശദീകരിച്ചിട്ടുള്ളത്. പലഘട്ടങ്ങളായുള്ള പരിഹാര നടപടിളില്‍ ഏറ്റവും അവസാനത്തേതാണ് ത്വലാഖ്. അല്ലാഹു പറയുന്നു:
وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ
فِي ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ
فِي ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ
‘ പിണക്കം ഭയപ്പെടുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പറയില്‍ വെടിയുക, അവളെ (ക്ഷതമേല്‍പ്പിക്കാത്ത വിധം ) അടിക്കുക’ (നിസാഅ് 34)
ഇനി ഇത്തരം പ്രാഥമിക നടപടികളൊന്നും ഫലിക്കാതെ വന്നാല്‍ എന്ത് ചെയ്യണം? ഖുര്‍ആന്‍ പറയുന്നത് കാണുക ‘ അവര്‍ രണ്ടാളുകള്‍ക്കുമിടയില്‍ പിളര്‍പ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ ഇരുവരുടെയും കുടുംബങ്ങളില്‍ നിന്ന് ഓരോ നീതിമാന്‍മാരെ മധ്യസ്ഥരായി നിങ്ങള്‍ അയക്കുക അവര്‍ രണ്ടു പേരും നന്മ കാംക്ഷിക്കുന്നുവെങ്കില്‍ അല്ലാഹു യോജിപ്പിക്കുന്നതാണ്’ (നിസാഅ് 35). ഈ മധ്യസ്ഥ ശ്രമവും പരാജയപ്പെടുമ്പോഴാണ് ത്വലാഖ് കടന്നു വരുന്നത്.
ഇതിലെവിടെയാണ് സ്ത്രീ വിരുദ്ധത? ഈ ഘട്ടത്തിലും വിവാഹ മോചനം അനുവദനീയ്യമല്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ? വിവാഹ മോചനം അനുവദിക്കപ്പെടാത്ത ചില മതക്കാരുണ്ട്. അവര്‍ക്കേ ഇതിന്റെ ഭവിശത്ത് മനസ്സിലാവുകയുള്ളൂ.
ത്വലാഖിന്റെ വിധികള്‍
1. നിര്‍ബന്ധം (വാജിബ്) ഉദാഹരണം:- ഭാര്യയെ സംയോഗം ചെയ്യുകയില്ലെന്ന് സത്യം ചെയ്തവന്‍ മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലങ്കില്‍ ത്വലാഖ് നിര്‍ബന്ധമാണ്.
2. സുന്നത്ത് ഉദാഹരണം:- ഭാര്യയുടെ ബാധ്യതകള്‍ നിര്‍വ്വഹിക്കാന്‍ അശക്തനായവന്‍ അവളെ വിവാഹ മോചനം നടത്തല്‍ സുന്നത്താണ്.
3. നിഷിദ്ധം ഉദാഹരണം:- ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭാര്യയെ ആര്‍ത്തവകാലത്ത് വിവാഹ മോചനം നടത്തല്‍ നിഷിദ്ധമാണ്.
4. മക്‌റൂഹ് മേല്‍ വിധികള്‍ ബാധകമല്ലാത്ത സമയത്ത് വിവാഹ മോചനം കറാഹത്താണ്. (ഫത്ഹുല്‍ മുഈന്‍ 391)
ത്വലാഖിന്റെ ഘടകങ്ങള്‍
1. വിവാഹ മോചനം നടത്തുന്നവന്‍:
പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള നിര്‍ബന്ധിതനല്ലാത്തവന്റെ ത്വലാഖ് സംഭവിക്കുന്നതാണ്. ദേഷ്യത്തോടെ ചൊല്ലിയാലും അറിഞ്ഞു കൊണ്ട് ലഹരി ഉപയോഗിച്ച് ബോധമില്ലാതെ വിവാഹ മോചനം നടത്തിയാലും നിയമത്തില്‍ മാറ്റമില്ല. അവകാശം കൂടാതെ പേടിക്കേണ്ട കാര്യം കൊണ്ട് നിര്‍ബന്ധിക്കപ്പെട്ടവനില്‍ നിന്ന് ത്വലാഖ് സംഭവിക്കുകയില്ല.
2. വാചകം :
വ്യക്തം, വ്യംഗ്യം എന്നീ രണ്ടു രീതിയിലാണ് ത്വലാഖിന്റെ വാചകങ്ങള്‍. ഇവയില്‍ പെടാത്തത് ലഗ്‌വ് അഥവാ നിരര്‍ത്ഥകമാണ്. ത്വലാഖ്, ഫിറാഖ്, സറാഹ് എന്നീ പദങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്നതോ അവയുടെ പരിഭാഷയോ വ്യക്തമായവയാണ്. ത്വലാഖിന് മാത്രം പ്രത്യക്ഷ സാധ്യതയുള്ള പദങ്ങളാണിവ. വിവാഹ മോചനത്തിനും മറ്റും സാധ്യതയുള്ള പദങ്ങള്‍ കിനായത്ത് (വ്യംഗ്യ(മാണ് ഉദാഹരണം:- നീ എന്റെ മേല്‍ നിഷിദ്ധമാണ്. വ്യംഗ്യമായ പദംകൊണ്ട് ത്വലാഖ് സംഭവിക്കണമെങ്കില്‍ വിവാഹമോചനത്തെ ഉദ്ദേശിച്ചുകൊണ്ട് പറയണം.
3. മുത്വല്ലഖത്: (ത്വലാഖ് ചെയ്യപ്പെടുന്നവള്‍)
ത്വലാഖ് സംഭവിക്കാന്‍ നികാഹ് ചെയ്യപ്പെട്ട സ്ത്രീ ഉണ്ടായാല്‍ പോര, തുടങ്ങി പറയുന്ന ത്വലാഖിന്റെ വചനങ്ങളില്‍ അവളെ പരാമര്‍ശിക്കുകയോ മറ്റ് സന്ദര്‍ഭങ്ങളില്‍ അവളുടെ മേല്‍ അറിയിക്കുന്ന തെളിവ് ഉണ്ടാവുകയോ വേണം ‘ഞാന്‍ ത്വലാഖ് ചൊല്ലി’ എന്ന് പറയുമ്പോള്‍ ഭാര്യയെ കരുതിയത് കൊണ്ട് സംഭവിക്കുകയില്ല. ‘ ഞാന്‍ ഭാര്യയെ ത്വലാഖ് ചൊല്ലി’ എന്നത് പോലുള്ള അവളുടെ മേല്‍ അറിയിക്കുന്ന പദം കൊണ്ടുവരണം. എന്നാല്‍ ഭാര്യയെ മുമ്പ് പരാമര്‍ശിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ അവളെ പറഞ്ഞില്ലെങ്കിലും സംഭവിക്കുന്നതാണ്. ഉദാഹരണം – ‘ നീ ഭാര്യയെ ത്വലാഖ് ചൊല്ലൂ’ എന്ന് പറയപ്പെട്ടപ്പോള്‍ ‘ ഞാന്‍ ത്വലാഖ് ചൊല്ലി’ എന്ന് പറഞ്ഞാല്‍ തന്നെ സംഭവിക്കുന്നതാണ്. ഭാര്യയെ എന്ന് പറയണമെന്നില്ല.
സുന്നീ-ബിദഈ
ലൈംഗിക ബന്ധം പുലര്‍ത്തിയ ഭാര്യയെ അവളുടെ ആവശ്യപ്രകാരമല്ലാതെ ആര്‍ത്തവ സമയത്ത് വിവാഹ മോചനം ചെയ്യല്‍ നിഷിദ്ധമാണ്. അല്ലാഹു പറഞ്ഞു:
إِذَا طَلَّقۡتُمُ
ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ
ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ
‘നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരുടെ ഇദ്ദയില്‍ (ഇദ്ദഃ തുടങ്ങാന്‍ പറ്റുന്ന സമയം) ത്വലാഖ് ചൊല്ലുക.’ (ത്വലാഖ് 1) ത്വലാഖ് സമയത്തുള്ള ആര്‍ത്തവക്കാലം ഇദ്ദയില്‍ ഗണിക്കപ്പെടാത്തതിനാല്‍ ഇപ്രകാരം ത്വലാഖ് ചൊല്ലുന്നത് സത്രീകളുടെ ദീക്ഷകാലം ദീര്‍ഘിപ്പിക്കാന്‍ കാരണമാകുന്നതാണ്. ഇത്തരത്തില്‍ അവരെ ബുദ്ധിമുട്ടിക്കലിനെ അല്ലാഹു വിരോധിച്ചു. സാങ്കേതികമായി ബിദഈ ത്വലാഖ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.
അതു പോലെ ഗര്‍ഭിണിയാവാന്‍ സാധ്യതയുള്ളവളെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ശുദ്ധികാലത്ത് വിവാഹ മോചനം നടത്തല്‍ ബിദ്ഇയാണ്. ഗര്‍ഭം വ്യക്തമായ ശേഷം നിഷിദ്ധമാവുകയില്ല.
നബി (സ) യുടെ കാലത്ത് ഇബ്‌നു ഉമര്‍ (റ) തന്റെ ഭാര്യയെ ആര്‍ത്തവ സമയത്ത് ത്വലാഖ് ചൊല്ലിയ സംഭവം ഉമര്‍(റ) നബി (സ) യോട് പറഞ്ഞപ്പോള്‍ ‘അവളെ തിരിച്ചെടുക്കാന്‍ അവനോട് കല്‍പ്പിക്കുക, ശുദ്ധിയാകുംവരെ അവളെ നിര്‍ത്തട്ടെ. വീണ്ടും ആര്‍ത്തവ ശേഷം ശുദ്ധിയാവാന്‍ അദ്ദേഹത്തിന് വേണമെങ്കില്‍ നില നിര്‍ത്തുകയോ സ്പര്‍ശിക്കുന്നതിന് മുമ്പ് ഉപേക്ഷിക്കുകയോ ചെയ്യാം. സ്ത്രീകളെ ഒഴിവാക്കാന്‍ അല്ലാഹു നിശ്ചയിച്ച ഇദ്ദ അതാണ് എന്ന് മറുപടി നല്‍കി(ബുഖാരി)
ത്വലാഖിന്റെ രീതികള്‍
1. മടക്കിയെടുക്കാവുന്നത് (റജഈ)
പുതിയ നികാഹോ മഹറോ കൂടാതെ ഭാര്യയെ തിരിച്ചെടുക്കാന്‍ അനുവദിക്കുന്ന വിവാഹ മോചനമാണിത്. അല്ലാഹു പറഞ്ഞു
ٱلطَّلَٰقُ مَرَّتَانِۖ فَإِمۡسَاكُۢ
بِمَعۡرُوفٍ أَوۡ تَسۡرِيحُۢ بِإِحۡسَٰنٖ
بِمَعۡرُوفٍ أَوۡ تَسۡرِيحُۢ بِإِحۡسَٰنٖ
‘(മടക്കിയെടുക്കാവുന്ന) ത്വലാഖ് രണ്ട് തവണയാണ് ശേഷം ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുക ഇല്ലെങ്കില്‍ മര്യാദയോടെ വിട്ടയക്കുക.’ (അല്‍ ബഖറ 229) ലൈംഗിക ബന്ധം സ്ഥാപിച്ചു കഴിഞ്ഞ ഭാര്യയെ ഒന്നോ രണ്ടോ പ്രാവശ്യം വിവാഹ മോചനം നടത്തുന്നതിനെക്കുറിച്ചാണ് മേല്‍ സൂക്തം. ഖുര്‍ആന്‍ പറഞ്ഞു:
وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَٰلِكَ إِنۡ
أَرَادُوٓاْ إِصۡلَٰحٗ اۚ
أَرَادُوٓاْ إِصۡلَٰحٗ اۚ
‘ അവരുടെ ഭര്‍ത്താക്കന്‍മാര്‍ അക്കാലത്ത് അവരെ മടക്കിയെടുക്കാന്‍ തികച്ചും അവകാശമുള്ളവരാകുന്നു.’ യോചിച്ചു കഴിയാന്‍ രണ്ടുപേരും ഉദ്ദേശിക്കുന്നുവെങ്കില്‍ (അല്‍ ബഖറ 228) ത്വലാഖില്‍ ഖേദം തോന്നിയാല്‍ ഭര്‍ത്താവിന് ഇദ്ദ കഴിയുന്നതിന് മുമ്പ് തിരിച്ചെടുക്കാനുള്ള അവസരം നല്‍കുന്ന നിയമമാണിത്. ഇദ്ദ കഴിയുന്നതോടെ ത്വലാഖ് സ്ഥിരപ്പെടും വീണ്ടും ഭാര്യയാവണമെങ്കില്‍ പുതിയ മഹറോട് കൂടെ നികാഹ് ചെയ്യണം. ‘ നിന്നെ ഞാന്‍ നികാഹിലേക്ക് മടക്കി എന്ന് പറഞ്ഞാല്‍’ സാക്ഷികളോ മഹറോ കൂടാതെ റജഇയ്യായ ത്വലാഖിലുള്ളവള്‍ വീണ്ടും ഭാര്യയായി മാറുന്നതാണ്.
2. ക്ഷണപ്രാബല്യമുള്ളത്
ത്വലാഖ് സംഭവിച്ച ഉടനെ വിവാഹ ബന്ധം വേര്‍പ്പെടുന്ന രീതിയാണിത്. ഭാര്യ ഭര്‍ത്താക്കന്‍മാര്‍ ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ത്വലാഖ് ചൊല്ലുന്നതോട് കൂടി ഭാര്യയെ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം വേര്‍പിരിയുന്നു. മൂന്ന് പ്രാവശ്യം ചൊല്ലിയിട്ടില്ലങ്കില്‍ പുതിയ നികാഹിലൂടെ ബന്ധം തുടരാം. ഈ രീതിയില്‍ പകുതി മഹര്‍ ഭാര്യക്ക് അവകാശപ്പെട്ടതാണ്.
3. മൂന്ന് തവണ വിവാഹ മോചനം നടത്തല്‍
മൂന്ന് തവണ ഒന്നിച്ചോ അല്ലാതെയോ വിവാഹ മോചനം നടത്തുന്നതിലൂടെ അവര്‍ തമ്മിലുള്ള ബന്ധം അവസാനിക്കുന്നു. ഇദ്ദക്ക് ശേഷം മറ്റൊരാള്‍ അവളെ കല്യാണം കഴിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം അയാളുമായി വേര്‍പിരിഞ്ഞ് ഇദ്ദ കഴിഞ്ഞ ശേഷമേ ആദ്യ ഭര്‍ത്താവിന് അവളെ പുനര്‍ വിവാഹം ചെയ്യാവൂ. ഇന്ത്യന്‍ രാഷ്ട്രീയം അനാവശ്യമായി ഇടപെട്ട ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യല്‍ അനിവാര്യമാണ്. മദ്ഹബ് നിഷേദികളായ ഉല്‍പതിഷ്ണുക്കളും ഇസ്്്‌ലാമിക നിയമ സംഹിതകളറിയാത്ത അവിശ്വാസികളുമാണ് മുത്വലാഖ് വിവാദത്തിന് പിന്നില്‍.
മുത്വലാഖും പ്രമാണങ്ങളും
അനിവാര്യ സാഹചര്യങ്ങളില്‍ ത്വലാഖ് ചൊല്ലുമ്പോള്‍ മൂന്ന് ഘട്ടങ്ങളിലായി ചെയ്യണമെന്നാണ് പ്രമാണങ്ങളുടെ ഭാഷ്യം. ഒരോ ഘട്ടത്തിലും മേല്‍ സൂചിപ്പിച്ച പ്രാരംഭ നടപടികളും അനുരജ്ഞന ചര്‍ച്ചകളും നടക്കുകയും വേണം. ഘട്ടം ഘട്ടമായി അവതാനതയോടെയും ശ്രദ്ധയോടെയും നിര്‍വ്വഹിക്കുന്നതിന് പകരം ചാടിയിറങ്ങി ഒരാള്‍ മൂന്നും ഒന്നിച്ച് നല്‍കുന്നതിനാണ് മുത്വലാഖ് എന്ന് പറയുന്നത്. ഇന്ന് ഏത് സാധാരണക്കാരനും സുപരിചിതമായ ഒരു പദമായി ഇത് മാറിയിരിക്കുന്നു. ഇതിന്റെ വിധിപ്രഖ്യാപിക്കേണ്ടത് ഫെമിനിസ്റ്റുകളോ പുരോഗമണ ചിന്താഗതിക്കാരോ ഇവിടെയുള്ള ഭരണകൂടമോ അല്ല. മറിച്ച് ഇസ്്‌ലാമിക പ്രമാണങ്ങളാണ.് പ്രമാണങ്ങള്‍ എന്ത് പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം. ഇവിടെ രണ്ട് വിഷയങ്ങള്‍ക്ക് ഉത്തരം കാണേണ്ടതുണ്ട്. ഒന്ന്, മൂന്ന് ത്വലാഖും ഒന്നിച്ച് നല്‍കുന്നതിന്റെ വിധിയെന്ത്? രണ്ട്, മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമോ? അതോ ഒന്ന് മാത്രമാണോ സംഭവിക്കുക?
മുത്വലാഖിന്റെ വിധി
ഏത് കര്‍മ്മത്തിനും ഫിഖ്ഹിലെ പ്രസിദ്ധമായ പഞ്ച വിധികളില്‍ ഒന്ന് ബാധകമായിരിക്കും. മൂന്ന് ത്വലാഖും ഒന്നിച്ച് നല്‍കല്‍ ഹറാമാണെന്നാണ് ഹനഫീ, മാലികീ മദ്ഹബുകളിലെ പ്രബല വീക്ഷണം. ഹറാമില്ല പ്രത്യുത നല്ലതിനെ ഉപേക്ഷിക്കലാണ് (ഖിലാഫുല്‍ ഔല) എന്നതാണ് ഇമാം ശാഫി(റ)യുടെ അഭിപ്രായം. ഇമാം അഹ്മദ് ബിന്‍ ഹമ്പലി (റ) ല്‍ നിന്ന് ഇത് രണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട.് ചുരുക്കത്തില്‍ മുത്വലാഖ് അനുചിതമാണെന്നതില്‍ നാലു മദ്ഹബും യോജിക്കുന്നു. ഹറാമാണോ എന്നതില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസം. ഒരു മദ്ഹബില്‍ നിഷിദ്ധമല്ലെങ്കിലും മറ്റു മദ്ഹബിലെ അഭിപ്രായങ്ങളെ ഗൗരവത്തിലെടുക്കണമെന്നത് കര്‍മ്മ ശാസ്ത്രത്തിലെ സുപരിചിത നിയമമാണ്. ഇനി രണ്ടാമത്തെ വിഷയത്തിലേക്ക് കടക്കാം. അനഭിലഷണീയ മുത്വലാഖ് ഒരാളില്‍ നിന്നും ഉണ്ടായാല്‍ എന്ത് സംഭവിക്കും.?
മൂന്നും സംഭവിക്കും
നാല് മദ്ഹബുകള്‍ക്കിടയിലും ഇജ്മാഉള്ള (ഏകാഭിപ്രായം) വിഷയമാണിത്. നമുക്ക് തെളിവുകള്‍ പരിശോധിക്കാം.
ഖുര്‍ആന്‍
അല്ലാഹു പറയുന്നു.
ٱلطَّلَٰقُ مَرَّتَانِۖ فَإِمۡسَاكُۢ
بِمَعۡرُوفٍ أَوۡ تَسۡرِيحُۢ بِإِحۡسَٰنٖۗ وَلَا يَحِلُّ لَكُمۡ
أَن تَأۡخُذُواْ مِمَّآ
ءَاتَيۡتُمُوهُنَّ
شَيًۡٔا إِلَّآ أَن يَخَافَآ
أَلَّا يُقِيمَا حُدُودَ ٱللَّهِۖ فَإِنۡ
خِفۡتُمۡ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيۡهِمَا فِيمَا ٱفۡتَدَتۡ بِهِۦۗ
تِلۡكَ حُدُودُ ٱللَّهِ فَلَا تَعۡتَدُوهَاۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ
فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ٢٢٩ فَإِن طَلَّقَهَا
فَلَا تَحِلُّ لَهُۥ مِنۢ بَعۡدُ حَتَّىٰ تَنكِحَ زَوۡجًا غَيۡرَهُۥ (بقرة
229-230)
بِمَعۡرُوفٍ أَوۡ تَسۡرِيحُۢ بِإِحۡسَٰنٖۗ وَلَا يَحِلُّ لَكُمۡ
أَن تَأۡخُذُواْ مِمَّآ
ءَاتَيۡتُمُوهُنَّ
شَيًۡٔا إِلَّآ أَن يَخَافَآ
أَلَّا يُقِيمَا حُدُودَ ٱللَّهِۖ فَإِنۡ
خِفۡتُمۡ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيۡهِمَا فِيمَا ٱفۡتَدَتۡ بِهِۦۗ
تِلۡكَ حُدُودُ ٱللَّهِ فَلَا تَعۡتَدُوهَاۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ
فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ٢٢٩ فَإِن طَلَّقَهَا
فَلَا تَحِلُّ لَهُۥ مِنۢ بَعۡدُ حَتَّىٰ تَنكِحَ زَوۡجًا غَيۡرَهُۥ (بقرة
229-230)
മടക്കിയെടുക്കല്‍ സാധ്യമാവുന്ന ത്വലാഖ് രണ്ടെണ്ണമാണ്. പിന്നീട് നല്ല നിലയില്‍ അവളെ നിലനിര്‍ത്തുക. അല്ലങ്കില്‍ നല്ല രീതിയില്‍ വിട്ടയക്കുക. മൂന്നാമത്തെ ത്വലാഖ് കൂടി നല്‍കിയാല്‍ മറ്റൊരാളുമായി വിവാഹ ബന്ധത്തിലേര്‍പ്പെടാതെ അവള്‍ അവന് അനുവദനീയമല്ല. (അല്‍ ബഖറ 229-230)
ജാഹിലിയ്യ കാലത്തും ഇസ്്‌ലാമിന്റെ പ്രാരംഭ ദശയിലും ത്വലാഖിന് യാതൊരു പരിധിയും ഉണ്ടായിരുന്നില്ല. അതിനെ പരിധി നിശ്ചയിച്ചു കൊണ്ടാണ് മേല്‍ സൂക്തം അവതരിച്ചത്.
ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖസ്തല്ലാനി (റ) പറയുന്നു. ‘ഈ ആയ്ത് ആം (വ്യാപകാര്‍ത്ഥമുള്ളത്) ആണ്. ഘട്ടങ്ങളായുള്ള ത്വലാഖിനെ പോലെ ഒന്നിച്ച് മൂന്നൂം നല്‍കുന്നതിനെയും ഇത് ഉള്‍കൊള്ളിച്ചിരിക്കുന്നു’ ധാരാളം തഫ്‌സീറുകളില്‍ ഇക്കാര്യം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. മാത്രമല്ല, ഇതേ ആയത്ത് വെച്ച് റഈസുല്‍ മുഫസ്സിരീന്‍ ഇബ്‌നു അബ്ബാസ് (റ) തന്റെ മുമ്പിലെത്തിയ ഒരു വിഷയത്തില്‍ ഫത് വ നല്‍കിയിട്ടുണ്ട്. ആദ്യം അത് വിശദീകരിക്കാം.
ഇമാം അബൂ ദാവൂദ് (റ) ഇമാം മുജാഹിദ്(റ) ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
كنت
عند ابن عباس فجاءه رجل فقال إنه طلق امرأته ثلاثا فسكت حتي ظننت أنه سيردّها إليه
فقال ينطلق أحدكم فيرتكب الأحموقة ثمّ يقول يا ابن عباس. الله قال “ومن يتق الله يجعل له مخرجا
فإنك لم يتق الله فلا أجد لك مخرجا عصيت ربّك وبانت منك امرأتك”
عند ابن عباس فجاءه رجل فقال إنه طلق امرأته ثلاثا فسكت حتي ظننت أنه سيردّها إليه
فقال ينطلق أحدكم فيرتكب الأحموقة ثمّ يقول يا ابن عباس. الله قال “ومن يتق الله يجعل له مخرجا
فإنك لم يتق الله فلا أجد لك مخرجا عصيت ربّك وبانت منك امرأتك”
ഇമാം മുജാഹിദ്(റ) പറയുന്നു’ ഞാന്‍ ഇബ്‌നു അബ്ബാസ് (റ) തങ്ങളുടെ അടുത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: ഞാന്‍ ഭാര്യയുടെ മൂന്ന് ത്വലാഖും നല്‍കിയിട്ടുണ്ട്. ഇത് കേട്ടപ്പോള്‍ ഇബ്‌നു അബ്ബാസ് (റ) അല്‍പ സമയം നിശബ്ദനായിരുന്നു. അപ്പോള്‍ അവളെ അവനിലേക്ക് മടക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്.
പിന്നീട് ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു : നിങ്ങള്‍ ഒരോ വിഢിത്തം പ്രവര്‍ത്തിക്കും എന്നിട്ട് ഇവിടെ വന്നു കൊണ്ട് സഹായമര്‍ത്ഥിച്ച് പറയും ഇബ്‌നു അബ്ബാസ് …., അല്ലാഹു പറയുന്നു: ഒരാള്‍ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന് അല്ലാഹു മോചനത്തിന്റെ വഴി തുറന്ന് കൊടുക്കും (ഇയാള്‍ ഒരെണ്ണം മാത്രമേ ചൊല്ലിയിരുന്നെങ്കില്‍ മടക്കിയെടുത്ത് രക്ഷപ്പെടാമായിരുന്നു) നീ അല്ലാഹുവിനെ സൂക്ഷിച്ചില്ല. അതിനാല്‍ ഞാന്‍ ഒരു മാര്‍ഗ്ഗവും കാണുന്നില്ല. നീ റബ്ബിന് എതിര് പ്രവര്‍ത്തിച്ചു. അതു കൊണ്ട് നിന്റെ ഭാര്യ പൂര്‍ണ്ണ മോചിതയായി ‘
സ്പഷ്ടമായ ഈ സംഭവത്തിനപ്പുറം ഇനി ഒരു തെളിവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. (വിശദ പഠനത്തിന് മേല്‍ ആയത്തിന്റെ തഫ്‌സീറുകള്‍ പ രിശോധിക്കുക.)
ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം സ്വാവീ (റ) പറയുന്നത് കൂടി കാണുക.
والمعني
فإن ثبت طلاقها ثلاثا في مرّة او مرّتين فلا تحلّ الخ وهذا هو المجمع عليه واما
القول بأنّ الطلاق الثلاث في مرّة واحدة لايقع إلاّ طلقة فلم يعرف إلاّ لابن تيمية
من الحنابلة وقد ردّ عليه أئمة مذهب مذهبه حتي قال العلماء إنّه الضالّ المضل
ونسبتها لإمام الأشهب من المالكية باطلة (الصاوي 1/107)
فإن ثبت طلاقها ثلاثا في مرّة او مرّتين فلا تحلّ الخ وهذا هو المجمع عليه واما
القول بأنّ الطلاق الثلاث في مرّة واحدة لايقع إلاّ طلقة فلم يعرف إلاّ لابن تيمية
من الحنابلة وقد ردّ عليه أئمة مذهب مذهبه حتي قال العلماء إنّه الضالّ المضل
ونسبتها لإمام الأشهب من المالكية باطلة (الصاوي 1/107)
ഒരു തവണയായോ തവണകളായിട്ടോ മൂന്ന് ത്വലാഖും സംഭവിച്ചാല്‍ മറ്റൊരാള്‍ വിവാഹം കഴിച്ച ശേഷമേ ആദ്യ ഭര്‍ത്താവിന് അനുവദനീയമാവൂ. എന്നാല്‍ മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാല്‍ ഒന്ന് മാത്രമേ സംഭവിക്കൂ എന്ന അഭിപ്രായം ഹംബലി മദ്ഹബു കാരനായ ഇബ്‌നു തൈമിയ്യക്ക് മാത്രമേയുള്ളൂ. അദ്ധേഹത്തെ തന്റെ മദ്ഹബിലെ ഇമാമുമാര്‍ വിമര്‍ശിക്കുകയും പിഴച്ചവനും പിഴപ്പിക്കുന്നവനുമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. മാലികി പണ്ഡിതനായ ഇമാം അശ്ഹബിന് ഈ വാദമുണ്ടെന്ന അഭിപ്രായം ശരിയല്ല. (സ്വാവി 1/107)
ചുരുക്കത്തില്‍ ഈ വാദം ഇജ്മാഇന് വിരുദ്ധമാണ്. ബാലിശമായ ഈ വാദമാണ് ഇബ്‌നു തൈമിയ്യയുടെ അനുയായികളായ വഹാബികള്‍ ഏറ്റു പാടാറുള്ളത്.
മറു കക്ഷിയുടെ തെളിവ്
മുത്വലാഖില്‍ ഒന്ന് മാത്രമേ സംഭവിക്കൂ എന്നതിന് ഇബ്‌നു തൈമിയ്യയും കൂട്ടരും അവതരിപ്പിക്കുന്ന പ്രധാന തെളിവും അതിന് നമ്മുടെ ഇമാമുമാര്‍ നല്‍കിയ മറുപടിയും കാണുക.
തെളിവ്
ഇബ്‌നു അബ്ബാസ് (റ) തങ്ങളില്‍ നിന്ന് ഇബ്‌നു താഊസ് പിതാവ് താഊസ് വഴി ഉദ്ധരിക്കുന്നു. ‘ പ്രവാചകരുടെയും അബൂബക്കര്‍ സിദ്ദീഖ് (റ) തങ്ങളുടെ കാലത്തും ഉമര്‍ (റ)ന്റെ ഭരണ കാലഘട്ടത്തിലെ ആദ്യത്തെ രണ്ട് വര്‍ഷവും ഒന്നിച്ചുള്ള മൂന്ന് ത്വലാഖുകള്‍ ഒന്നായാണ് ഗണിച്ചിരുന്നത്. ഇങ്ങനെ നീങ്ങിക്കൊണ്ടിരിക്കെ ഉമര്‍ (റ) പറഞ്ഞു: സാവകാശം ചെയ്യാവുന്ന ഒരു കാര്യത്തില്‍ ജനങ്ങള്‍ ധൃതി കാണിച്ച് തുടങ്ങിയിരിക്കുന്നു. അതു കൊണ്ട് ഞാന്‍ മൂന്നിനെ മൂന്നായി കൊണ്ട് തന്നെ നടപ്പാക്കുകയാണ് ‘
ഈ ഹദീസിന്റെ ആദ്യ ഭാഗമാണ് ഇബ്‌നു തൈമിയ്യയും കൂട്ടരും തെളിവാക്കിയത്.
മറുപടി
ധാരാളം മറുപടികള്‍ നമ്മുടെ ഇമാമുമാര്‍ വിശദീകരിച്ചിട്ടുണ്ട്. ചിലത് പറയാം,
1. ഈ ഹദീസ് മന്‍സൂഖ് ആണ്.
ഇമാം ശാഫി (റ), അബൂ ദാവൂദ് (റ), ഇമാം ത്വഹാവി (റ) എന്നിവര്‍ ഈ അഭിപ്രായക്കാരാണ്.
ഇമാം ശാഫി (റ) പറയുന്നു. നബി (സ) യുടെ കാലഘട്ടത്തില്‍ മൂന്ന് ഒന്നായാണ് ഗണിച്ചിരുന്നതെന്ന ഇബ്‌നു അബ്ബാസ് (റ)ന്റെ വാക്കിന്റെ ഉദ്ദേശം അത് പ്രവാചകരുടെ അറിവോട് കൂടെയാണ് എന്നായിരുന്നെങ്കില്‍ ആ വിധി പിന്നീട് മന്‍സൂഖ് (വിധി ദുര്‍ബലമാക്കപ്പെട്ടത് ) ആകാനാണ് സാധ്യത. മൂന്നാണെന്ന് ഇബ്‌നു അബ്ബാസ് (റ) ഫത് വ നല്‍കിയതാണ് (ഈ സംഭവം മുമ്പ് വിവരിച്ചിട്ടുണ്ട്) നസ്ഖിന് തെളിവ് (അല്‍ ഉമ്മ് 7/305)
ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. നസ്ഖുണ്ടായിട്ടുണ്ടെങ്കില്‍ എന്ത് കൊണ്ട് ഉമര്‍ (റ) ഭരണ കാലത്തിലെ രണ്ട് വര്‍ഷം വരെ മേല്‍ സ്ഥിതി തുടര്‍ന്നു. മറുപടി ഇപ്രകാരമാണ്. ഹാഫിള് ഇബ്‌നു ഹജര്‍ അസ്ഖലാനി (റ) പറയുന്നു: ഈ വിധി നസ്ഖാണെന്ന വാദക്കാര്‍ ഉമര്‍ (റ) ആണ് അത് ചെയ്തതെന്ന് വാദിക്കുന്നില്ല. നേരെ മറിച്ച് മര്‍ഫൂആയ ഹദീസുകള്‍ (പരമ്പര നബി(സ)യിലേക്ക് ചെന്നെത്തുന്ന ഹദീസുകള്‍) നസ്ഖ് ചെയ്തു എന്നാണ് വിവക്ഷ. അതു കൊണ്ടാണ് റിപ്പോര്‍ട്ടര്‍ ആയ ഇബ്‌നു അബ്ബാസ് (റ) തന്നെ മൂന്നും സംഭവിക്കുമെന്ന് ഫത്‌വ നല്‍കിയത്. നസ്ഖ് നേരത്തെ ഉണ്ടായിരുന്നുവെങ്കിലും അത് പ്രകടമായതും ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധമായതും ഉമര്‍ (റ) തങ്ങളുടെ ഭരണ കാലത്താണ്. സിദ്ദീഖ് (റ) വിന്റെ കാലത്ത് ജനങ്ങള്‍ ചെയ്തിരുന്നു എന്നതിന്റെ ഉദ്ദേശം നസ്ഖ് എത്താത ആളുകള്‍ ചെയ്തിരുന്നു എന്നാണ്.
2. ത്വലാഖ് ‘അല്‍ബത്ത’യായിരുന്നു
മൂന്ന് ഒന്നായിരുന്നു എന്നത് കൊണ്ടുള്ള വിവക്ഷ ‘അല്‍ബത്ത’ ത്വലാഖായിരുന്നു എന്നാണ് ഒരു വിഭാഗം ഇമാമുമാരുടെ മറുപടി ഒരാള്‍ തന്റെ ഭാര്യയോട് (ത്വല്ലക്തുകി അല്‍ബത്ത) എന്ന് പറഞ്ഞാല്‍ പറയുന്നവന്റെ മനസ്സിലുള്ള ഉദ്ദേശമാണ് പരിഗണിക്കുക. ഒരെണ്ണം ഉദ്ദേശിച്ചാല്‍ അത് സംഭവിക്കും. മൂന്നും ഉദ്ദേശിച്ചു പറഞ്ഞാല്‍ മൂന്നും സംഭവിക്കും ഇതാണ് നിയമം. നബി(സ)യുടെ കാലത്ത് ഒരെണ്ണം ഉദ്ദേശിച്ചായിരുന്നു ജനങ്ങള്‍ ഇങ്ങനെ പറഞ്ഞിരുന്നത്. പില്‍കാലത്ത് ജനങ്ങള്‍ ഇത് തുടര്‍ച്ചയായി ഉപയോഗിക്കുകയും മൂന്ന് തന്നെ ഉദ്ദേശിക്കുകകയും ചെയ്തപ്പോള്‍ അതിന്റെ വിധി ഉമര്‍(റ) നടപ്പാക്കി. (മആലിമുസ്സുനന്‍ 3/126)
ഇമാം ഇബ്‌നു ഹജര്‍ (റ) ഈ വീക്ഷണത്തെ പിന്തുണക്കുന്നു. ഇബ്‌നു ഹജര്‍ (റ) പറയുന്നത് കാണുക ‘ ഇമാം ബുഖാരി ‘ത്വലാഖുസ്സലാസിന്റെ’ അദ്ധ്യായത്തില്‍ അല്‍ബത്തയെന്ന പദം ഉപയോഗിച്ച ഹദീസുകളും മൂന്ന് എന്ന് വ്യക്തമാക്കിയ ഹദീസുകളും ഉദ്ദരിച്ചിട്ടുണ്ട്. അല്‍ ബത്തയും മൂന്നും തുല്യമായതിനാല്‍ പ്രസ്തുത ഹദീസില്‍ അല്‍ബത്തയെന്നതിന് പകരം മൂന്ന് എന്ന് പ്രയോഗിച്ചതാണ്. പ്രവാചക യുഗത്തിലും സിദ്ദീഖ് (റ)വിന്റെ കാലഘട്ടത്തിലും അല്‍ബത്തകൊണ്ട് ത്വലാഖ് നല്‍കുന്നവന്‍ താന്‍ ഉദ്ദേശിച്ചത് ഒന്നാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുമായിരുന്നു. ഉമര്‍ (റ) വിന്റെ ഭരണമായപ്പോള്‍ ജനങ്ങള്‍ യാതൊരു ശ്രദ്ധയും പാലിക്കാതെ ത്വലാഖ് ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ പ്രത്യക്ഷത്തില്‍ അതിനെ മൂന്നാക്കി തന്നെ നിലനിര്‍ത്തി (ഫത്ഹുല്‍ ബാരി 9/299)
3. സ്വഹാബത്തിന്റെ ഇജ്മാഅ്
മൂന്നും സംഭവിക്കുമെന്നതില്‍ സ്വഹാബത്തിന്റെ ഇജ്മാഅ് ഉണ്ട്. ഇതാണ് ഏറ്റവും വലിയ തെളിവ്. ഉമര്‍ (റ) വിന്റെ ഭരണകാലത്ത് ഒന്നിച്ചുള്ള മൂന്നും മൂന്നായിത്തന്നെ പരിഗണിക്കപ്പെട്ടതും സ്വഹാബികളില്‍ ഒരാള്‍പോലും അതിനെ വിമര്‍ശിക്കാതിരുന്നതും ഈ വിഷയത്തില്‍ സ്വഹാബത്തിന് ഏകഖണ്ഡമായ അഭിപ്രായമാണെന്ന് തെളിയിക്കുന്നുണ്ട്. നബി (സ)യുടെ ചര്യ മുറുകെ പിടിക്കുന്നതില്‍ കണിശക്കാരനായ ഉമര്‍(റ) ഹദീസിന് എതിര് ചെയ്തുവെന്ന് ധരിക്കുന്നത് എന്ത് അപരാധമാണ്! ? ആയിരക്കണക്കിന് സ്വഹാബിമാര്‍ അതിന് കൂട്ടു നില്‍ക്കുകയോ? ഒരു വിശ്വാസിക്ക് ഊഹിക്കാന്‍ പോലുമാകുന്നതിനപ്പുറമാണ്.