| മുഹമ്മദ് ഫാഇസ് കെ. വള്ളിക്കാപ്പറ്റ |
‘ഫിത്ര്‍ സകാത്ത് നോമ്പുകാരനെ റമളാനില്‍ വന്നു ചേര്‍ന്ന എല്ലാവിധ ന്യൂനതയില്‍ നിന്നും വീഴ്ചയില്‍ നിന്നും ശുദ്ധീകരിക്കുന്നതാണ്’ (അബൂ ദാവൂദ്)
ഫിത്ര്‍ സകാതിന്റെ പ്രധാന്യത്തെ അറിയിക്കുന്ന നബി വചനമാണ് മുകളില്‍ ഉദ്ധരിച്ചത്. നിസ്‌കാരത്തില്‍ മറവി സംഭവിച്ചതിനുള്ള സഹ്വിന്റെ സുജൂദ് പോലെതന്നെയാണ് നോമ്പില്‍ ഫിത്ര്‍ സകാത്. അവ നോമ്പിന്റെ കുറവുകളും പോരായ്മകളും പരിഹരിക്കുമെന്ന് ഇമാം ശാഫി (റ)ന്റെ ഗുരുവായ ഇമാം വഖിഹ് (റ) പറഞ്ഞിട്ടുണ്ട്. റമദാനിലെ ഏറ്റവും അവസാനത്തെയും ശവ്വാലിലെ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളില്‍ ജീവിച്ചിരിപ്പുള്ള വ്യക്തിയില്‍ നിര്‍ബന്ധമാവുന്നതാണ് ഫിത്വര്‍ സകാത്. അതിനാല്‍ റമളാന്‍ അവസാനത്തോടെ ജനിച്ച കുഞ്ഞിനും ശവ്വാല്‍ ആദ്യത്തോടെ മരണപ്പെട്ട വ്യക്തിക്കും ഫിത്വ്ര്‍ നല്‍കപ്പെടണം.
ഒരാള്‍ക്ക് സ്വന്തം ശരീരത്തിനും, താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് വേണ്ടിയും ഫിത്ര്‍ സകാത് നല്‍കല്‍ നിര്‍ബന്ധമാവും. പെരുന്നാള്‍ ദിവസത്തിലെ രാത്രിയിലേയും പകലിലേയും ഭക്ഷണം വസ്ത്രം, പാര്‍പ്പിടം, സ്വന്തം കടം എന്നിവ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ ഫിത്ര്‍ സക്കാത്ത് എല്ലാവരുടെയും മേല്‍ നിര്‍ബന്ധമാവും. അനുയോജ്യമായ തൊഴില്‍ ചെയ്‌തെങ്കിലും പണം സമ്പാദിക്കാന്‍ കഴിയുന്ന ഒരാള്‍ ഭാര്യക്ക് (ഒന്നിലധികമുണ്ടെങ്കിലും) അതാത് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണത്തിനും വസ്ത്രങ്ങള്‍ക്കും ചെലവ് ചെയ്യല്‍ നിര്‍ബന്ധമാണ്. ശേഷം മിച്ചമുണ്ടെങ്കില്‍ മാതാപിതാക്കള്‍, മക്കള്‍, പേരമക്കള്‍ എന്നിവര്‍ക്കെല്ലാം (അവര്‍ക്ക് സാധിക്കില്ലെങ്കില്‍) ചെലവ് കൊടുക്കല്‍ നിര്‍ബന്ധമാണ്. പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് അനുയോജ്യമായ ജോലി ഉണ്ടായിട്ടും ആ ജോലി ചെയ്യാതിരിക്കുകയാണെങ്കില്‍ അവര്‍ക്ക് ചെലവ് കൊടുക്കേണ്ടതില്ല. പിന്നെ മാതാവിന്റേയോ മകന്റേയോ കല്യാണം കഴിഞ്ഞാല്‍ അവര്‍ക്കും ചെലവ് കൊടുക്കേണ്ടതില്ല. പ്രായപൂര്‍ത്തിയായ മക്കളുടെ ഫിത്ര്‍ സകാത് പിതാവ് നല്‍കേണ്ടതില്ല. മറിച്ച് അവരുടെ സമ്മതം ഉണ്ടെങ്കില്‍ പിതാവ് നല്‍കിയാല്‍ സ്വീകാര്യമാവും. അപ്രകാരം തന്നെ സാമ്പത്തികശേഷിയുള്ള ചെറിയ കുട്ടിയുടെ ഫിത്വ്ര്‍ സകത്തും പിതാവ് നല്‍കേണ്ടതില്ല. നല്‍കിയാല്‍ ശരിയാകും. പിതാവിന്റെയോ, പിതാവിന്റെ പിതാവിന്റെയോ സമ്പത്തില്‍ നിന്നാണ് ആ കുട്ടിയുടെ ഫിത്ര്‍ സകാത്ത് നല്‍കുന്നെതെങ്കില്‍ ആ കുട്ടിയുടെ പേരില്‍ കൊടുക്കുമ്പോള്‍ കുട്ടിയുടെ സമ്പത്തില്‍ നിന്ന് എടുക്കും എന്ന് കരുതിയാല്‍ പിന്നെ അവന്റെ സമ്പത്തില്‍ നിന്ന് എടുക്കാവുന്നതാണ്. കരുതല്‍ നിര്‍ബന്ധം ഇല്ല. കരുതിയിട്ടില്ലെങ്കില്‍ കുട്ടിയുടെ സമ്പത്തില്‍ നിന്ന് എടുക്കാന്‍ പാടില്ലെന്ന് മാത്രം. ഭാര്യ എത്ര സമ്പന്ന ആണെങ്കിലും അവളുടെ ഫിത്വ്ര്‍ സകാത് ഭര്‍ത്താവ് നല്‍കണം. എന്നാല്‍ അത്തരം ഭാര്യമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് സമ്പത്തില്ലെങ്കില്‍ അവളുടെ ഫിത്ര്‍ സകാത്ത് അവള്‍ തന്നെ കൊടുക്കല്‍ സുന്നത്താണ്. മാത്രമല്ല, അമുസ്ലിമായ മാതാപിതാക്കളുടെ ഫിത്ര്‍ സക്കാത്ത് മക്കള്‍ നല്‍കേണ്ടതില്ല .എന്നാല്‍ ജാരസന്തതികള്‍ക്ക് ഫിത്വര്‍ സകാത് കൊടുക്കണം.അത് അവരുടെ മാതാവാണ് നല്‍കേണ്ടത്.
നല്‍കേണ്ട സമയം
റമളാന്‍ ഒന്നു മുതല്‍ തന്നെ ഫിത്ര്‍ സകാത് നല്‍കല്‍ അനുവദനീയമാണ്. ശവ്വാല്‍ പിറവി കണ്ടതുമുതല്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പോവുന്നത് വരെയാണ് ഏറ്റവും ശ്രേഷ്ഠമായ (അഫ്‌ളല്‍) സമയം. അത്യാവശ്യമായ കുടുംബക്കാര്‍ വരാനുണ്ടെങ്കില്‍ അവരെ പ്രതീക്ഷിക്കുന്നതില്‍ കുഴപ്പമില്ല. അകാരണമായി പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം ഫിത്ര്‍ സകാത് പിന്തിപ്പിക്കല്‍ കറാഹത്താണ്. പെരുന്നാള്‍ ദിവസത്തെ സൂര്യാസ്തമയത്തിനു ശേഷം അതിനെ അല്‍പം പോലും കാരണം കൂടാതെ പിന്തിപ്പിക്കല്‍ ഹറാമാണ്. പെട്ടെന്ന് ഖളാ വീട്ടല്‍ നിര്‍ബന്ധമാവും. ഷാഫിഈ മദ്ഹബ് അനുസരിച്ചാണിത് (ഫത്ഹുല്‍ മുഈന്‍ -171-172).
ഫിത്ര്‍ സകാതില്‍ പരിഗണനീയ വസ്തു
ആ നാട്ടിലുള്ള സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന മുഖ്യഭക്ഷ്യ ധാന്യമാണ് നല്‍കേണ്ടത്. സകാത് നിര്‍ബന്ധമാവുന്ന സമയത്ത് അവന്‍ നിലകൊള്ളുന്ന സ്ഥലത്താണ് സകാത് നല്‍കേണ്ടത്. ഓരോരുത്തര്‍ക്കും ഓരോ صاع (നാലുമുദ്ദുകള്‍) അഥവാ 3.200 ലിറ്റര്‍ തോതിലാണ് നല്‍കേണ്ടത്. അരിയില്‍ തൂക്കവും അളവും വിത്യാസം ഉണ്ടാകും. അത് ശ്രദ്ധിക്കണം. ധാന്യങ്ങളില്‍ അളവ് വ്യത്യാസപ്പെടുന്നതിനാല്‍ സൂക്ഷ്മത മാനിച്ച് മൂന്നു കിലോ കൊടുക്കലാണ് നല്ലത് (ഫത്ഹുല്‍ മുഈന്‍ -172).
ഫിത്ര്‍ സകാതിന്റെ ഫര്‍ളുകള്‍ രണ്ട്:
1) നിയ്യത്ത്
ഈ ധാന്യം എന്റെ ഫിത്ര്‍ സകാതാകുന്നു എന്ന് അതിനെ മാറ്റി വെക്കുന്ന സമയത്തോ അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ നിയ്യത് കരുതുക. ഫിത്ര്‍ സകാത് വീട്ടിയ ശേഷം നാഥാ ‘ഞങ്ങളില്‍ നിന്നും സ്വീകരിക്കേണമേ… നിശ്ചയം നീ കേള്‍ക്കുന്നവനും കാണുന്നവനും അറിയുന്നവനുമാണ്’ എന്ന് ദുആ ചെയ്യല്‍ സുന്നത്താണ്.
2) അവകാശികള്‍ക്ക് നല്‍കല്‍
ഫിത്ര്‍ സകാതും നല്‍കേണ്ടത് ഖുര്‍ആനില്‍ പറയപ്പെട്ട സകാതിന്റെ എട്ട് അവകാശികള്‍ക്ക് തന്നെയാണ്.
1. ഫക്കീര്‍ (വരുമാന ചെലവിന് പകുതിയില്‍ എത്താത്തവര്‍)
2. മിസ്‌കിന്‍ (വരുമാന ചെലവിന് പകുതിയില്‍ ഉള്ളവന്‍)
3. സകാതിന്റെ ഉദ്യോഗസ്ഥര്‍ (ഇസ്‌ലാമിക ഭരണം ആണെങ്കില്‍) സകാത് പിരിച്ചെടുക്കുന്നവര്‍, കണക്ക് എഴുതുന്നവര്‍, പിരിച്ചെടുത്തത് സംഭരിക്കുന്നവര്‍, അത് വീതിച്ച് വിതരണം ചെയ്യുന്നവര്‍…
4. പുതു വിശ്വാസി – ഇസ്‌ലാമില്‍ ആകൃഷ്ടരായ അമുസ്‌ലിമീങ്ങള്‍ക്ക് അവര്‍ മുസ്‌ലിം ആവുന്നതിനു മുമ്പ് സകാത്ത് നല്‍കാന്‍ പാടില്ല. മുസ്‌ലിം ആയി കഴിഞ്ഞാല്‍ അവര്‍ ആ സകാത്തിന് അര്‍ഹരാണ്. അവരുടെ ഇസ്‌ലാം മെച്ചപ്പെടുമെന്നോ അല്ലെങ്കില്‍ അവരെ പോലെയുള്ളവര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നോ പ്രതീക്ഷിക്കപ്പെടും എന്നതിനാലാണ് ഇവര്‍ അവകാശികളായത്.
5. മോചനപ്പത്രം എഴുതപ്പെട്ട അടിമ
6. കടം കൊണ്ട് വലഞ്ഞവന്‍
7. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍ – അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ട് യുദ്ധത്തിന് സദാ സന്നദ്ധനായി പ്രവര്‍ത്തിക്കുന്നവര്‍. അവര്‍ ധനികരായാലും ശരി.
8. യാത്രക്കാരന്‍
(തൗബ -60)
ഈ എട്ടു വിഭാഗത്തെയും ഉള്‍പ്പെടുത്തി നല്‍കുന്നതാണ് നല്ലത്. ഇവരില്‍ ചിലര്‍ക്ക് നല്‍കിയാല്‍ മതിയാവും എന്ന് അഭിപ്രായമുണ്ട്. അവകാശികള്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ നിന്ന് മൂന്ന് വ്യക്തികള്‍ക്ക് കൊടുത്താല്‍ മതിയാകും എന്നാണ് ശാഫി മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായം.
നല്‍കേണ്ട സ്ഥലം
പെരുന്നാള്‍ രാവിന്റെ സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് ഒരു വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് അവന്റെ ഫിത്ര്‍ സകാത്ത് കൊടുക്കേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായം. സകാതിന് അര്‍ഹരായ ആളുകള്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത പ്രദേശത്തെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണം.
ഫിത്ര്‍ സകാത്ത് വിതരണത്തിന് പ്രവാചകര്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ പഠിപ്പിച്ച മൂന്ന് മാര്‍ഗ്ഗങ്ങളുണ്ട്.
1. ദാതാവ് അവകാശികള്‍ക്ക് നേരിട്ട് കൊടുക്കുക
2. ഇസ്‌ലാമിക ഭരണാധികാരിയെ (ഇമാമിനെ) ഏല്‍പ്പിക്കുക
3. മറ്റൊരു വ്യക്തിയെ വക്കാലത്ത് ആക്കുക.
സക്കാത് വാങ്ങാന്‍ അര്‍ഹരായവര്‍ വരെ ഒരു പക്ഷേ നല്‍കാനും നിര്‍ബന്ധമായവര്‍ ആയേക്കാം. അവര്‍ക്കും ഫിത്ര്‍ സകാത് വാങ്ങാം. ദരിദ്രരാണെങ്കില്‍ തന്നെയും റമദാനില്‍ സ്വദഖയും സകാതുമായി ലഭിച്ച് സാമ്പത്തികം ഉണ്ടെങ്കില്‍ അവര്‍ക്കും ഫിത്വ്ര്‍ സകാത് നിര്‍ബന്ധമാകുന്നതാണ്.
അടിസ്ഥാന കര്‍മ്മങ്ങളെ അതിന്റെ മൂല്യവും, മഹത്വവും മനസിലാക്കി മുറപോലെ നിറവേറ്റാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ
മുഖ്യഅവലംബം :ഫത്ഹുല്‍ മുഈന്‍