| സയ്യിദ് തസ്ഹീല്‍ എന്‍.വി.എസ് താഴെക്കോട് |
ധിക്കാരിയും അഹങ്കാരിയുമായ മനുഷ്യന്റെ അവസ്ഥ വിചിത്രം തന്നെ! താനാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും തനിക്ക് മുകളില്‍ ആരുമില്ലെന്നും, ശാസ്ത്രീയജ്ഞാനങ്ങള്‍ക്കപ്പുറം ഒന്നുമില്ലായെന്നും കൊട്ടിഘോഷത്തോടെ പറയുന്ന മനുഷ്യന് രോഗങ്ങള്‍ മാത്രം നല്‍കുന്ന ഏറ്റവും ചെറിയ സന്ദേശം… മനുഷ്യാ നീ എത്ര ബലഹീനന്‍ എന്നാണ്. എന്നിട്ടും അവന്‍ തന്റെ ദുര്‍ബലതയെ മനസ്സിലാക്കാത്തതെന്ത്? എല്ലാം തന്റെയും ടെക്നോളജിയുടെയും നിയന്ത്രണത്തിലാണെന്നുള്ള അഹങ്കാര ഭാഷ്യം കാണിക്കുന്ന മനുഷ്യന് എന്താണിവിടെ നിയന്ത്രണത്തിലുള്ളത്? തന്റെ ശരീരത്തിലുള്ള ഏതെങ്കിലും വ്യവസ്ഥയില്‍ അവനു സ്വാധീനമുണ്ടോ? നിയന്ത്രണമുണ്ടോ?.. ഇല്ല
മനുഷ്യര്‍ ഇത്രമാത്രം ദുര്‍ബലരാണെന്നുള്ള സത്യം ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തിക്കൊണ്ട് കൊറോണ വൈറസ് അതിന്റെ സംഹാരതാണ്ഡവം തുടരുകയാണ്.
ശാസ്ത്രം പുരോഗതിയുടെ അത്യുന്നതയിലേക്ക് കുതിക്കുകയാണെന്നത് ശരിയാണ്. എന്നാല്‍ എല്ലാം മനുഷ്യ യുക്തിയുടെയും ശക്തിയുടെയും നിയന്ത്രണത്തിലാണെന്ന ചിന്ത അതിരുവിട്ട അഹങ്കാരമാണ്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാകാത്ത ഈ വൈറസ് എങ്ങനെ ഉത്ഭവിച്ചു എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്.
ഏതായിരുന്നാലും വല്ലാത്തൊരനുഭവമാണിത്! അങ്ങാടിയില്‍ ജനങ്ങളെ കാണാനില്ല! എല്ലാവരും വീടുകളില്‍ അടങ്ങിയിരിക്കുന്നു, ആരാധനാലയങ്ങള്‍ക്ക് താഴിട്ടിരിക്കുന്നു. വാഹനങ്ങളില്ല, എല്ലാ ഗതാഗത മാര്‍ഗങ്ങളും നിര്‍ത്തിവചിരിക്കുന്നു. 130 കോടി ജനങ്ങളുള്ള രാജ്യം വിജനമായതു പോലെ. പതിനായിരങ്ങള്‍ ത്വവാഫ് ചെയ്തിരുന്ന മസ്ജിദുല്‍ ഹറാം ശൂന്യം! ജുമുഅക്ക് പകരമായി ളുഹര്‍ നമസ്‌കരിക്കുന്നു. അങ്ങനെ ജീവിതത്തിലെ അത്യപൂര്‍വ അനുഭവങ്ങള്‍…
ഇത്തരമൊരു സന്ദര്‍ഭത്തില്‍ വിശ്വാസി അവന്റെ ജീവിതത്തെ വളരെ സൂക്ഷ്മമായി ചിട്ടപ്പെടുത്തേണ്ടതുണ്ട്.
ക്ഷമയിലൂടെ പരീക്ഷണങ്ങളില്‍ പ്രതിഫലം നേടാം
പരീക്ഷണങ്ങളിലൂടെയാണ് മനുഷ്യജീവിതം മുന്നോട്ട് പോകുന്നത്. വിശ്വാസവും ഭയഭക്തിയും ഉണ്ടായി എന്ന കാരണം കൊണ്ട് പരീക്ഷണങ്ങള്‍ക്ക് വിധേയരാവില്ലായെന്ന ധാരണ തെറ്റാണ്. മറിച്ച് ഒരാളുടെ വിശ്വാസ ദാര്‍ഢ്യത അവന്റെ പരീക്ഷണങ്ങളെ വര്‍ദ്ധിപ്പിക്കുകയും, ദീനീ പ്രതിബദ്ധതയിലും വിശ്വാസത്തിലുമുള്ള കുറവ് പരീക്ഷണങ്ങളിലൂടെ ലഘൂകരിക്കുകയുമാണ് ചെയ്യുന്നത്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍, ക്ഷമ കൈക്കൊള്ളാനാണ് വിശ്വാസിയോട് അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്. ക്ഷമ പ്രതിസന്ധികളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള താക്കോലാണ്.
ക്ഷമയുടെ പ്രാധാന്യവും, അത്യുന്നത സ്ഥാനവും മുന്‍നിര്‍ത്തി ഖുര്‍ആനില്‍ തൊണ്ണൂറോളം സ്ഥലങ്ങളില്‍ പരാമര്‍ശമുണ്ട്. സൂറത്തുല്‍ ബഖറയില്‍ പറയുന്നതിങ്ങനെയാണ് ”സത്യവിശ്വാസികളെ, നിങ്ങള്‍ ക്ഷമയും നിസ്‌കാരവും കൈമുതലാക്കി അല്ലാഹുവിനോട് സഹായം തേടുക. തീര്‍ച്ചയായും അല്ലാഹു ക്ഷമിക്കുന്നവരോട് കൂടെയാകുന്നു.’
ദു:ഖവേളകളിലും പരീക്ഷണ സന്ദര്‍ഭങ്ങളിലും ക്ഷമ മുറുകെ പിടിച്ച് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്കേ ആ സൗഭാഗ്യം ലഭിക്കുകയുള്ളു. ഖുര്‍ആന്‍ പറഞ്ഞു തരുന്നതും അതാണ്. ‘ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും, അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും സംഭവിച്ചാല്‍ അവര്‍ പറയുന്നത്, ‘ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ് അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും’. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്, അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍’ (അല്‍ബഖറ 155).
ഉറച്ച മനസ്സോടെയും സ്ഥൈര്യത്തോടെയും ജീവിത സാഹചര്യങ്ങളെ നേരിടാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചും, അവനെ മുറുകെ പിടിച്ചും അവനിലുള്ള വിശ്വാസം സുദൃഢമാക്കിയും കരുത്തുറ്റവനായി നിലകൊള്ളണം വിശ്വാസി. രാത്രിക്ക് ശേഷം പകലും, പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്.
അല്ലാഹുവിന്റെ തിരുദൂതന്‍ (സ്വ) ഇപ്രകാരം പറയുകയുണ്ടായി: ‘വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണം ചെയ്യുന്നു. ഒരു സത്യവിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കും ഇത് ലഭിക്കുന്നില്ല . സുഖത്തിലും ദുഃഖത്തിലും ക്ഷമിക്കുകയും, നന്ദി ചെയ്യുകയും ചെയ്താല്‍ ഇഹലോകത്ത് മനസ്സമാധാനവും പരലോകത്ത് പുണ്യവുമാണ് വിശ്വാസിക്ക് ലഭിക്കുന്നത്.
എല്ലാത്തരം രോഗങ്ങളും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങളാണ്. അത് ക്ഷമയോടെ നേരിട്ടാല്‍ വലിയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഒരു അസുഖം വന്നത് കൊണ്ട് മാത്രം ആരും മരിക്കണമെന്നില്ല. അല്ലാഹു നിശ്ചയിച്ച അവധി വരുമ്പോള്‍ മാത്രമേ മരണം സംഭവിക്കുകയുള്ളൂ എന്ന ഉറപ്പ് നമ്മുക്ക് ഉണ്ടാകണം. ഒരു അസുഖവും ഇല്ലാതെ ഒരു നിമിഷ നേരം കൊണ്ട് മരണത്തെ പുല്‍കിയ എത്രയോ സംഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്. മരിച്ചുവെന്നു ഉറപ്പിച്ചടത്ത് നിന്നു ജീവിതത്തലേക്ക് തിരിച്ചു വന്നവരെയും നമുക്കറിയാം.
അത് കൊണ്ട് തന്നെ രോഗത്തില്‍ പരിഭ്രാന്തരാവാതെ അതിനെ ക്ഷമയോടെ നേരിടുക. രോഗങ്ങള്‍ വിശ്വാസിയുടെ പാപങ്ങള്‍ പൊറുക്കുന്നതിനും അവന് പാരത്രിക ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുന്നതിനും വഴി തുറക്കുമെന്ന് ഒട്ടേറെ ഹദീസുകളുമുണ്ട്. ‘ഒരു വിശ്വാസിക്കുണ്ടാകുന്ന അസ്വസ്ഥത, രോഗം, ഉത്കണ്ഠ, ദുഃഖം, ആശങ്ക, വിഷമം തുടങ്ങി അവനേല്‍ക്കുന്നഒരു മുള്ളിന് പോലും പ്രതിഫലമായി അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും.’
(ബുഖാരി).
ക്ഷമയും ദൈവഭയവുമാണ് വിജയത്തിന്റെ താക്കോല്‍. തീര്‍ച്ചയായും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രഭാതം പുലരും, എന്നാല്‍ ഇരുട്ട് നിറഞ്ഞ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് പ്രഭാതോദയം ഉണ്ടാകുക. ക്ഷമയോടെ ജീവിതത്തെ നേരിടുന്നവനെ അല്ലാഹു അനുഗ്രഹിക്കുകയും അവന്റെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്.
പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ആയുധം
ദുആ വിശ്വാസിയുടെ ആയുധമാണ്. ഐഹികവും പാരത്രികവുമായ വിഷമങ്ങളുടെ ദൂരീകരണത്തിന് വിശ്വസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു കനിഞ്ഞു നല്‍കിയ ആയുധമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണ്. പ്രാര്‍ത്ഥന തന്നെയാണ് ആരാധനയെന്ന് പ്രവാചകാധ്യാപനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. മനുഷ്യന്‍ അല്ലാഹു അല്ലാത്തവരില്‍ നിന്ന് എല്ലാ പ്രതീക്ഷകളും വെടിഞ്ഞ്, അവനെ മാത്രം വിളിക്കുന്ന പ്രവര്‍ത്തനമാണ് പ്രാര്‍ത്ഥന. അതുകൊണ്ടു തന്നെ സത്യവിശ്വാസിയുടെ മനസ്സ് എപ്പോഴും പ്രാര്‍ത്ഥനാ നിര്‍ഭരമായിരിക്കണം. പ്രാര്‍ത്ഥനകള്‍ അവന്റെ അധരങ്ങളിലൂടെ ഒഴുകണം. അത് അവന്റെ ജീവിതത്തെ ധന്യമാക്കുന്നു. എത്ര വലിയ ധനികനും ആരോഗ്യവാനും പ്രതാപിയുമായാലും താന്‍ സ്വയംപര്യാപ്തനല്ലെന്നും താന്‍ കാണാത്ത ഒരു കേന്ദ്രത്തില്‍ നിന്ന് തനിക്ക് സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു വെന്നും മനുഷ്യന്‍ ചിന്തിക്കണം.
അല്ലാഹുവില്‍ എന്നും ആശ്രയം പ്രതീക്ഷിച്ച് ജീവിക്കുന്ന ഒരാളില്‍, അവനില്‍ ഭരമേല്‍പിക്കാനുള്ള മനഃസ്ഥിതിയുണ്ടാക്കുന്നത് പ്രാര്‍ത്ഥനയാണ്. അല്ലാഹുവില്‍ മാത്രം അവലംബിക്കാനുള്ള ഹൃദയത്തിന്റെ ആശ്രിതഭാവമാണ് തവക്കുലിന്റെ രഹസ്യം. അത് ഏറെ പ്രകടമാകുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. എന്തുകൊണ്ടെന്നാല്‍, ഒരാള്‍ പ്രാര്‍ത്ഥനാവേളയില്‍ അല്ലാഹുവില്‍ നിന്നു സകല സഹായങ്ങളും തേടുകയാണ്. തന്റെ സര്‍വ പ്രശ്നങ്ങളും മറ്റൊരാളെയും ആശ്രയിക്കാതെ അവനില്‍ മാത്രം ഏല്‍പിക്കുകയാണ്. തന്റെ ആവശ്യങ്ങളും ആവലാതികളും റബ്ബിന്റെ മുന്നിലവതരിപ്പിക്കുമ്പോള്‍ അവയൊന്നുംതന്നെ പരിഗണിക്കപ്പെടാതെ പോകുന്നില്ലെന്ന ബോധം അവരിലുണ്ടാക്കുന്നത് പ്രതീക്ഷ മാത്രമാണ്. പ്രാര്‍ത്ഥനകള്‍ക്കുള്ള ഫലം അല്ലാഹുവിന്റെ അനുഗ്രഹമായി ഐഹിക ലോകത്തോ പാരത്രിക ലോകത്തോ ലഭിക്കുന്നതാണെന്ന പ്രവാചക വചനങ്ങള്‍ അല്ലാഹുവുമായുള്ള നിരന്തരബന്ധത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
പ്രവാചകന്‍ (സല്ലല്ലാഹുഅലൈഹി വസ്സല്ലം) ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: ‘അള്ളാഹുവേ, വെള്ളപ്പാണ്ട്, കുഷ്ഠം, ഭ്രാന്ത് മറ്റു മോശമായ രോഗങ്ങളില്‍ നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’ (അബൂദാവൂദ്).
‘പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നും ദൈവിക വിധിയില്‍ മാറ്റം വരുത്തുകയില്ല.’ (തിര്‍മിദി) എന്ന പ്രവാചക വചനവും ഇവിടെ പ്രസക്തമാണ്.
ഒരു വിശ്വാസിയെ എപ്പോഴും നയിക്കുന്നത് ഇബ്രാഹിം നബിയുടെ വാക്കുകളാകട്ടെ,
‘അവന്‍ എന്നെ സൃഷ്ടിക്കുകയും എന്നിട്ട് എന്നെ നേര്‍വഴിയിലാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ എനിക്ക് ആഹാരവും പാനീയവും നല്‍കുകയും, രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുകയും, എന്നെ മരണപ്പെടുത്തുകയും അനന്തരം ജീവിപ്പിക്കുകയും ചെയ്യുന്നു.
സത്യവിശ്വാസികള്‍ എല്ലായ്‌പ്പോഴും എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിച്ചു കൊണ്ടേയിരിക്കണം. തന്റെ അടിമ കൈകള്‍ ഉയര്‍ത്തി വിനയാന്വിതനായി വിളിച്ച് തേടുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അത്കൊണ്ട്തന്നെ
നമുക്ക് ഒരു ആവശ്യമോ പ്രയാസമോ വന്നാല്‍ ആദ്യം അത് അല്ലാഹുവിനോട് പറഞ്ഞ് പരിഹാരം അര്‍ത്ഥിക്കുന്ന ഒരു സ്വഭാവം നാം നേടിയെടുക്കേണ്ടതുണ്ട്. അള്ളാഹു തൗഫീഖ് നല്‍കട്ടെ…..
അഹങ്കാരവും ധിക്കാരവും ദൂരെയെറിഞ്ഞ് സ്രഷ്ടാവിന്റെ മുമ്പില്‍ നമ്രശിരസ്‌കരാവുക മാത്രമേ പരിഹാരമുള്ളൂ. പാപങ്ങള്‍ക്ക് പശ്ചാത്തപിക്കുക. സല്‍കര്‍മങ്ങള്‍ കൂടുതലായി ചെയ്യുക. ആരാധനാകര്‍മങ്ങളില്‍ കൂടുതല്‍ ആത്മാര്‍ഥത കാണിക്കുക. പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനകളും ദിക്റുകളും ധാരാളമായി ആവര്‍ത്തിക്കുക. ബന്ധങ്ങള്‍ നന്നാക്കുക. അയല്‍പക്കബന്ധം, സുഹൃദ്ബന്ധം, കുടുംബബന്ധം എല്ലാം നന്നാക്കുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുക. ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക.
മൂല്യങ്ങളിലേക്ക് മടങ്ങിയെത്താനും, പ്രപഞ്ച നാഥനെ ഉള്‍ക്കൊള്ളാനും, മനസ്സിലാക്കാനും നാഥന്‍ തൗഫീഖ് നല്‍കട്ടെ…