സയ്യിദ് അമീറുദ്ധീൻ കാര്യവട്ടം
കോവിഡ് ’19 ലോക വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നു. ഓരോ ദിവസവും വൈറസ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോ മണിക്കൂറിലും പ്രസ്തുത വൈറസ് കാരണം മരണങ്ങൾ സംഭവിക്കുന്നു.ഇന്ത്യയിൽ കോവിഡ് രോഗികൾ എട്ട് ലക്ഷമെത്തിയിരിക്കുന്നു. മരണം ഇരുപത്തൊന്നായിരത്തിലധികവും. ലോകത്തൊട്ടാകെയുള്ള കോവിഡ് രോഗികൾ ഒരു കോടി ഇരുപത്തിരണ്ട് ലക്ഷത്തിലധികമാണ്. ആറ് ലക്ഷത്തോളം മരണങ്ങളും ഇതിനോടകം നടന്നു കഴിഞ്ഞു. ഇറ്റലി, അമേരിക്ക, ചൈന തുടങ്ങിയ വൻകിട രാഷ്ട്രങ്ങളിലെ ഭരണകൂടവും, ആരോഗ്യ വകുപ്പും നിസ്സഹായരായി നില്കുന്നത് നാം കാണുന്നു. വളരെ സങ്കീർണമായ ഘട്ടത്തിലൂടെയാണ്കാര്യങ്ങൾനീങ്ങിക്കൊണ്ടിരിക്കുന്നത്.വീണ്ടും ഒരു സമ്പൂർണ്ണ ലോക്ക് ടൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്. കോവിഡ് മുക്ത സംസ്ഥാന മായി മാറാൻ അടുത്തെത്തിയിരുന്ന നമ്മുടെ കൊച്ചു കേരളത്തിൽ ഇപ്പോൾ ഓരോ ദിവസവും മുന്നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.രോഗ പ്രതിരോധ പ്രവർത്തന ങ്ങളിൽ ലോകത്തിന് തന്നെ മാതൃകയായ നമ്മുടെ കേരളത്തിൽ ആറായിരത്തോളം കേസുകളാണ് ഇന്നലെവരെ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സമ്പർക്കം മൂലമുള്ള കേസുകൾ 133 ണ്ണമാണ്. കാര്യങ്ങൾ നമ്മൾ മനസ്സിലാക്കിയ തിനേക്കാൾ ഗുരുതരമാണ്. അലസമായ മനോഭാവം വലിയ ദുരന്തമായിരിക്കും സമ്മാനിക്കുക.
വൈറസിനെ ഇല്ലായ്മ ചെയ്യാൻ വേണ്ടിമാസങ്ങളോളം ലോകം മുഴുവൻ അടഞ്ഞു കിടന്നു. എന്നാൽ അതൊന്നും വേണ്ടത്ര ഫലം ചെയ്തില്ലെന്നാണ് യാഥാർത്ഥ്യം.മാസങ്ങൾ പിന്നിടുമ്പോൾ ഇന്ന് തികഞ്ഞ ഭീതിയോടെ മനുഷ്യനും, പ്രകൃതിയും കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. കടുത്ത സുരക്ഷയുടെയും ജാഗ്രതയുടെയും ബലത്തിലാണെന്ന് മാത്രം. രാജ്യം ഭരിക്കുന്നവരുടെ മൗനം ഏറെ ആശങ്ക സൃഷ്ടിക്കുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും കാരണം ഒരു മുഴം കയറിൽ അവസാനിക്കുന്ന ജീവിതങ്ങളേറെയാണ്.
വൈറസിനെ ഇല്ലായ്മ ചെയ്യാൻ വേണ്ടിമാസങ്ങളോളം ലോകം മുഴുവൻ അടഞ്ഞു കിടന്നു. എന്നാൽ അതൊന്നും വേണ്ടത്ര ഫലം ചെയ്തില്ലെന്നാണ് യാഥാർത്ഥ്യം.മാസങ്ങൾ പിന്നിടുമ്പോൾ ഇന്ന് തികഞ്ഞ ഭീതിയോടെ മനുഷ്യനും, പ്രകൃതിയും കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. കടുത്ത സുരക്ഷയുടെയും ജാഗ്രതയുടെയും ബലത്തിലാണെന്ന് മാത്രം. രാജ്യം ഭരിക്കുന്നവരുടെ മൗനം ഏറെ ആശങ്ക സൃഷ്ടിക്കുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും കാരണം ഒരു മുഴം കയറിൽ അവസാനിക്കുന്ന ജീവിതങ്ങളേറെയാണ്.
എവിടെയും ആഘോഷങ്ങളില്ല, ഒത്തു ചേരലുകളില്ല, കൂട്ടമായ പ്രാർത്ഥനകളോ പൊതുപരിപാടികളോ ഇല്ല,നിർബന്ധമായ ചടങ്ങുകളും, മതപരമായ കർമ്മങ്ങളും അതീവ ശ്രദ്ധയോടെ ലളിതമായ രൂപത്തിൽ മാത്രം നടത്തുന്നു, മതപാഠ ശാലകളും, വിദ്യലയങ്ങളും, പൊതു നിരത്തുകളും ഭൂതകാല ഓർമകളിലേക്ക് കണ്ണോടിക്കുമ്പോൾ ഇപ്പോഴും നിശബ്ദമാണ്. ഒരർത്ഥത്തിൽ വിശുദ്ധ ഭൂമികൾ ഇപ്പോഴും ശൂന്യമാണ്. അടഞ്ഞു കിടന്ന ആരാധനാലയങ്ങൾ ഇളവുകളോടെ തുറന്നിരിക്കുന്നു എങ്കിലും എല്ലാ വിശ്വാസികൾക്കും ഒരുപോലെ പ്രവേശിക്കാൻ സാധ്യമല്ല. നിഷ്കളങ്കരായ വിശ്വാസികളും, പണ്ഡിത സമൂഹവും ഹൃദയം പൊട്ടുന്ന വേദനയോടെ എല്ലാം ഉൾകൊള്ളുന്നു.ജനജീവിതവും ദൈനദിന പ്രവർത്തനങ്ങളും കോവിഡിനൊപ്പം സഞ്ചരിക്കുമ്പോൾ ഉറവിടമറിയാത്ത കോവിഡ് കേസുകൾ ഏറെ ഭീതിയും, ഭയവും വർദ്ധിപ്പിക്കുന്നു. നാം ആഹ്രഹിക്കുന്നത് പോലെ ലോകം പഴയ അവസ്ഥയിലേക്ക് മാറണമെങ്കിൽ മാസങ്ങളും, വർഷങ്ങളും വേണ്ടി വന്നേക്കാം. എന്നാൽ കർശനമായ സുരക്ഷയും, അതീവ ജാഗ്രതയും, കാര്യക്ഷമമായ പ്രതിരോധ പ്രവർത്തങ്ങളും ഒരു പക്ഷെ പെട്ടെന്നുള്ള ഒരു മാറ്റത്തിലേക്ക് സാധ്യമായേക്കാം. കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയുള്ള, വിവേകത്തോടെയുള്ള ചലനങ്ങളും പ്രാർത്ഥനയുമാണ് വേണ്ടത്. അതിജീവനത്തിനുള്ള പോരാട്ടത്തിലാണ് മനുഷ്യർ ജീവിച്ചിരിക്കലാണ് ഇപ്പോൾ പ്രധാനം. കരുതലാണ് ഇനിയും നമുക്ക് വേണ്ടത്, മനുഷ്യനായി മടങ്ങിയെത്താൻ മനുഷ്യത്വ ത്തോടെ വീട്ടിലിരിക്കാമെന്ന് ലോകം മുഴുവൻ ഒരേ സ്വരത്തിൽ പറഞ്ഞു കൊണ്ടിരിക്കുന്നു.
നഗ്ന നേത്രങ്ങൾക്ക് അവ്യക്തമായ കേവലം ഒരു വൈറസ് കാരണമാണിതെല്ലാം. മനുഷ്യൻ എത്ര നിസാരനാണെന്ന് ദൈവം വീണ്ടും ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു.നിസാരമായ അളവ് മാത്രമേ ലോകത്ത് ഈ വൈറസിനൊള്ളു പക്ഷെ അപ്പോഴേക്കും ലക്ഷകണക്കിന് ആളുകളുടെ ജീവൻ എടുത്തു കഴിഞ്ഞിരിക്കുന്നു. നിയമങ്ങളുടെയും, സുരക്ഷയുടെയും വലയങ്ങൾക്കുള്ളിലൂടെ നീങ്ങുമ്പോഴും സമ്പർക്കം മൂലമുള്ള കോവിഡ് കേസുകൾ ചിലരുടെ പിഴവിനെയും, അശ്രദ്ധയെയുമാണ് സൂചിപ്പിക്കുന്നത് . ഈ നില തുടരുകയാണെങ്കിൽ നമ്മുടെ ആരോഗ്യ രംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ കൈവിട്ട് പോകും. രോഗം ബാധിക്കുന്നവരെ പോയിട്ട് സീരിയസ് ആയവരുടെ ചികിത്സ വരെ സാധ്യമാവാതെ വരും. അപ്പോളുള്ള I. C. U വും, വെന്റിലെറ്ററുമൊക്കെ ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടി വരും.
കേരളത്തിലെ ചില ആരോഗ്യ നിരീക്ഷകർ ഗൗരവപൂർവ്വം സൂചിപ്പിക്കുന്ന കാര്യങ്ങൾ ചുവടെ കൊടുക്കുന്നു :-
Lock down നീട്ടി.. Lock down നീട്ടി ..എന്ന് കേൾക്കുന്നത് നമ്മുക്കിഷ്ടമല്ല.
വേണ്ട.എന്നാൽ ലോക് ഡൗൺ അല്ലാതെ നമ്മുക്ക് അതിജീവിക്കാൻ ഒരു മാർഗവുമില്ല.നൂറ്റിമുപ്പത് കോടി ആളുകൾ അധിവസിക്കുന്ന.താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് നാം ഉള്ളത്.കേരളത്തിൽ ഇപ്പോഴത്തെ നിലയിൽ നമ്മുടെ ആരോഗ്യരക്ഷാ സംവിധാനത്തിന് സുഗമമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ട്.ഒരാൾക്ക് രോഗമുണ്ടെങ്കിൽ അപ്പോൾ 108 ആംബുലൻസ് വരും.വെൻറിലേറ്റർ സൗകര്യം ഉൾപ്പെടെ ഉള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികത്സിക്കും..അസുഖം മാറ്റി വീട്ടിൽ കൊണ്ടു വന്നാക്കും. പരമാനന്ദം.
ഈ ഒരു സുരക്ഷിതത്വബോധം നമ്മളെ ചീത്തയാക്കുന്നുണ്ട്.. നമ്മുടെ ശ്രദ്ധ കുറയുന്നുണ്ട്..നമ്മൾ അലക്ഷ്യമായി നടക്കുന്നുണ്ട്..പോലീസിനെ പേടി ഉള്ളതുകൊണ്ട് മാത്രം അൽപ്പസ്വൽപ്പം ശ്രദ്ധിക്കുന്നുണ്ട് എന്ന് മാത്രം.കേരളത്തിൽ എത്ര 108 ആംബുലൻസ് ഉണ്ടാവും.?എത്ര ആശുപത്രികളിൽ വെൻ്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും.?ഒരു 500 പേർ ആണ് ഒരു ദിവസം കേരളത്തിലെ രോഗബാധിതർ എന്ന് കരുതുക. ആ ദിവസം നമ്മൾ ഒരു വിധം മാനേജ് ചെയ്തേക്കും.പിറ്റേ ദിവസം 1500 പേർക്കാണ് രോഗം എന്ന് കരുതുക.. അപ്പോൾ ആംബുലൻസ് വിളിക്കുമ്പോൾ നിങ്ങൾ ക്യൂവിലായിരിക്കും. പിറ്റേ ദിവസം രണ്ടായിരം പേരാണ് രോഗബാധിതർ എങ്കിലോ? നിങ്ങൾ കുറച്ചു ദിവസം ക്യൂവിൽ തന്നെ ആയിരിക്കും.നിങ്ങളുടെ ടേൺ വരുമ്പോൾ നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിലെത്തിക്കപ്പെടും. മരുന്ന് കിട്ടുമായിരിക്കാം. വെൻ്റിലേറ്റർ വേണ്ടിവന്നാൽ അപ്പോഴും നിങ്ങൾ ക്യൂവിൽ ആകും .നിങ്ങൾക്ക് 60 വയസ്സുണ്ട് എന്ന് കരുതുക.നിങ്ങളുടെ വെൻ്റിലേറ്റർ ഊഴം വരുമ്പോഴായിരിക്കും 25 വയസുള്ള ഒരു ചെറുപ്പക്കാരൻ ശ്വാസം കിട്ടാതെ ആശുപത്രിയിൽ എത്തിക്കപ്പെടുന്നത്.അപ്പോൾ ഒരു തിരഞ്ഞെടുപ്പ് വേണ്ടി വരും.60 വയസ്സുള്ള നിങ്ങളുടെ ജീവൻ രക്ഷിക്കണോ.? അതോ 25 വയസ്സായ ആളുടെ ജീവൻ രക്ഷിക്കണോ?സ്വാഭാവികമായും നിങ്ങളുടെ ക്യൂവിലെ സീനിയോറിറ്റി പോകും.അപ്പോഴേക്കും ഒരു ദിവസം 5000 ആയിട്ടുണ്ടാകും രോഗികൾ..പിന്നെ ഫോൺ എടുത്താൽ എടുത്തു. എൻഗേജ്ഡ് ആയിരിക്കും മിക്കപ്പോഴും. അവസാനം കിട്ടുമ്പോഴോ? ചേട്ടൻ ഒരു പത്തു ദിവസം വീട്ടിൽ തന്നെ കിടക്ക്, പാരസെറ്റാമോൾ കിട്ടുമെങ്കിൽ കഴിക്ക്. പുറത്തിറങ്ങല്ലേ എന്ന നിർദ്ദേശം കിട്ടും.അതിൻ്റെ പിറ്റേ ദിവസം 20000 ആയിരിക്കും രോഗികൾ. പിന്നെ തിരഞ്ഞെടുത്ത രോഗികൾക്ക് മാത്രമാകും ചികിത്സ. നിങ്ങൾ പ്രയോറിട്ടി ഗ്രൂപ്പിൽ വരാൻ സാദ്ധ്യത കുറവാണ്.ഇങ്ങനെയൊക്കെ സംഭവിക്കുമോ?ഇങ്ങനെ തന്നെയാണ് എല്ലായിടത്തും സംഭവിച്ചിട്ടുള്ളത്.നിങ്ങൾ മാത്രമല്ല എല്ലാവരും ബുദ്ധിമുട്ടിലാണ്.ഒതുങ്ങുക..ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ജീവൻ നിലനിർത്തുകയും രോഗബാധ വരാതെ പരമാവധി നോക്കുകയും ചെയ്യുക.തോറ്റു തുന്നം പാടിയ ഇടങ്ങളിൽ നിന്ന് ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു..
ഇത്രയും ദിവസം നിങ്ങൾ സൂക്ഷിച്ചു എങ്കിൽ വളരെ നല്ലത്. പക്ഷേ അതിൻ്റെ ഫലം ലഭിക്കണമെങ്കിൽ ഇനി സൂക്ഷിക്കണം.
പലതും ചോദിക്കാനുണ്ടാവും.?എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാവില്ല.വേറേ മാർഗ്ഗമില്ല.
അതായത് ആരാണ് ജീവിക്കേണ്ടത്, ആരെയാണ് മരണത്തിന് വിട്ട് കൊടുക്കേണ്ടത് എന്നുള്ള തീരുമാനങ്ങൾ ആരോഗ്യ രംഗത്തുള്ളവർക്ക് എടുക്കേണ്ടി വരും. സ്വന്തം കുടുംബത്തിന്റെ കാര്യം പോലും വിട്ട് സ്വന്തം ജീവൻ മാത്രം നിലനിറുത്താൻ ശ്രമിക്കുന്ന ഒരു മനൊ നിലയിലേക്ക് മനുഷ്യൻ മാറും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ക്വാറന്റീനിൽ ഇരിക്കുന്നവർ വരെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച്പുറത്തിറങ്ങുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. രോഗവ്യാപനം ഇല്ലായ്മ ചെയ്യാൻ ഗവൺമെന്റും ആരോഗ്യവകുപ്പും ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ഇത്തരം ആളുകൾ ചെയ്യുന്നത് തികച്ചും സാമൂഹിക ദ്രോഹം തന്നെയാണ്.
ഒറ്റപെട്ട ചില വീഴ്ചകൾ ഒഴിച്ചാൽ സുരക്ഷാ മാർഗങ്ങളും, പ്രതിരോധ പ്രവർത്തനങ്ങളും മുറപോലെ നടക്കുന്നെണ്ടെങ്കിലും എന്ത് കൊണ്ട് ഈ വൈറസിന്റെ വ്യാപനത്തിൽ കുറവ് സംഭവിക്കുന്നില്ല? അല്ലെങ്കിൽ എന്ത് കൊണ്ട് ഈ മഹാമാരി ലോകം വിട്ട് പോകുന്നില്ല .ഒരു വിശ്വാസി ചിന്തിക്കേണ്ട ചോദ്യമാണിത്.
നോക്കൂ…… വിശ്വാസികളായ നമുക്ക് മനുഷ്യത്വത്തിലേക്കും, സുകൃതങ്ങളിലേക്കും തിരിച്ചെത്താനും, നാഥന്റെ ഇച്ഛക്കനുസരിച് ജീവിക്കാനും ഇതെല്ലാം പ്രേരണയാവേണ്ടതുണ്ട്. വിപത്തുകൾ വരുമ്പോൾ മുൻഗാമികളായ പണ്ഡിതന്മാരും, മഹാന്മാരും പഠിപ്പിച്ചുതന്ന മന്ത്രങ്ങളും, കീർത്തനങ്ങളും, മാലകളും വിശ്വാസികളുടെ സംസാരവും സ്വഭാവവുമായി മാറേണ്ടതുണ്ട്. എന്നാൽ അതെല്ലാം സ്റ്റാറ്റസുകളിലും, സോഷ്യൽ മീഡിയകളിലുമായി ഒതുങ്ങുന്നു എന്നതാണ് യാഥാർത്ഥ്യം. അതല്ലെങ്കിൽ ഇത്തരം ആത്മീയമായ പരിഹാരമാർഗങ്ങൾ ആത്മാർത്ഥമായി നിർവഹിക്കപ്പെടുന്നുണ്ടോയെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. നല്ലൊരു ശതമാനം ആളുകളും കാര്യഗൗരവത്തെ ഗൗനിക്കുന്നില്ല. അവരിപ്പോഴും തമാശകളിലാണ്. കോവിഡ് ’19ന്റെ ട്രോൾ വീഡിയോകളും, ഓഡിയോകളും, ഫോട്ടോകളും, കണ്ട് ചിരിക്കുന്നു, ആസ്വദിക്കുന്നു. നാളെ കോവിഡിനെ കുറിച്ച് എന്താണ് സ്റ്റാറ്റസ് ഇടേണ്ടത് എന്നാണ് അവരുടെ ചിന്ത.കോവിഡിന്റെ ഓരോ ദിവസത്തെയും വിവരങ്ങൾ കേൾക്കുമ്പോൾ ഹൃദയ വേദനയോടെ “ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ”എന്ന് പറയേണ്ടതിന് പകരം ആ വാർത്തകളെയും തമാശ രൂപത്തിൽ അവതരിപ്പിക്കുന്നവരുണ്ട്. കറണ്ട് നിശ്ചലമായാൽപോലും പ്രയാസങ്ങളും മുസീബത്തും എത്തുമ്പോൾ ചൊല്ലേണ്ട ദിഖ്‌റ് ചൊല്ലണമെന്നാണ് പണ്ഡിത സമൂഹം നമ്മെ പഠിപ്പിച്ചത്. കോവിഡ് വൈറസുകൾ സ്വന്തം വീടിന്റെ അകത്തെത്തുമ്പോഴേ ഇത്തരം ആളുകൾ കണ്ണ് തുറക്കുകയുള്ളൂ. എന്നാൽ ഇത്തരം സമീപനങ്ങൾ രംഗം കൂടുതൽ വഷളാക്കുകയേ ചെയ്യൂ. വിപത്തുകൾ വരുമ്പോൾ അവിടെയും തമാശകൾക്കും ആസ്വാദനങ്ങൾക്കും ഇടം കണ്ടെത്തുന്നത് വിശ്വാസികൾക്ക് യോജിച്ചതല്ല.
ഇമാം ശഅറാനി (റ )പറയുന്നു : മഹാനായ സയ്യിദ് അലി അൽ ഖവാസ് (റ ) ആർക്കെങ്കിലും ബലാഅ ഇറങ്ങിയാൽ അയാളോട് രാത്രിയും പകലും ഇസ്തിഗ്ഫാർ അധിക രിപ്പിക്കാൻ പറയുമായിരുന്നു. മഹാനവർകൾ പലതവണ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആരെങ്കിലും മുസ്ലിങ്ങൾക്ക് പ്രയാസം ഇറങ്ങിയ ദിനങ്ങളിൽ തമാശപറഞ്ഞ് ചിരിക്കുകയോ, ഭാര്യയുമായി സംയോഗത്തിൽ ഏർപ്പെടുകയോ നല്ല സുഗന്ധം ഉപയോഗിച്ച് വസ്ത്രം ധരിക്കുകയോ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് പോയി ആസ്വദിക്കുകയോ ചെയ്യുന്നുവെങ്കിൽ അവനും മൃഗവും സമമാണ് (ലത്വാഇഫുൽ മിനൻ 172, 171) അഥവാ അത്തരം ആസ്വാദനങ്ങൾക്കുള്ള സമയമല്ല ഇത്തരം സന്ദർഭങ്ങൾ എന്ന് മഹാൻ നമ്മെ ഓർമ്മപ്പെടുത്തുകയാണ്. അല്ലാഹുവിന്റെ പരീക്ഷണം ഇറങ്ങിയിട്ടും തൗബ ചെയ്ത് നാഥനിലേക്കടുക്കാതെ തെറ്റുകൾ ചെയ്ത്, ആസ്വാദനങ്ങൾക്ക് പ്രാധാന്യം നൽകുന്നവർ കരണമായിട്ടായിരിക്കും ഒരു പക്ഷെ ഈ പരീക്ഷണം നീങ്ങാതിരിക്കുന്നത്.
അതുകൊണ്ട് വിശ്വാസികൾ കൂടുതൽ വിശാലമായി ചിന്തിക്കേണ്ടതുണ്ട്, കാര്യത്തിന്റെ ഗൗരവം നഖശിഖാന്തം ഉൾക്കൊള്ളേണ്ടതുണ്ട്, പണ്ഡിതൻമാരും, സാദാത്തുക്കളും പറഞ്ഞുതരുന്ന മന്ത്രങ്ങളും, പരിഹാര മാർഗങ്ങളും ഗവൺമെന്റും, ആരോഗ്യ വകുപ്പും, നിർദ്ദേശിക്കുന്ന കാര്യങ്ങളും കൃത്യമായി ആത്മാർത്ഥമായി നിർവ്വഹിക്കേണ്ടതുണ്ട് നാഥൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന തികഞ്ഞ വിശ്വാസത്തോടെ പ്രാർത്ഥനകളിൽ നിരതരാ വേണ്ടതുണ്ട്.
അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ പ്രയാസങ്ങളും ദൂരീകരിച്ചു നൽകട്ടെ