|Basith Elamkulam|
ഇന്ത്യന്‍ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ സംസ്‌കാര സമ്പന്നതയും സഹിഷ്ണുതയുമുള്ള ഒരു ജനതയുടെ ജീവിതമാണ് നമുക്ക് മുമ്പില്‍ ചുരുളഴിയുന്നത്. ‘നാനാത്വത്തില്‍ ഏകത്വം’ ഈ സംസ്‌കാരത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു. വ്യത്യസ്തമാര്‍ന്ന ജാതിമത ഇസങ്ങളാല്‍ സമ്പന്നമായ ഭാരതം ഒരുമയില്‍ എന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു.
ജൈന-ബുദ്ധ ചരണങ്ങള്‍ അലയടിച്ച മണ്ണില്‍ സര്‍വ്വമത സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി നന്മയറിയാനും ഉള്‍കൊള്ളാനും താല്‍പര്യം കാണിച്ചവരാണ് പുരാതന ഭാരതീയര്‍. വേദങ്ങളും ഉപനിഷത്തുകളും ഐതിഹാസിക ഗ്രന്ഥങ്ങളും ജന്മം കൊണ്ട മണ്ണില്‍ ജൈനനും ബുദ്ധനും ശ്രീശങ്കരാചാര്യരും തങ്ങളുടെ പാദസ്പര്‍ശം കൊണ്ട് മീംമാംസകളെഴുതി. പില്‍കാലത്ത് പുതിയ ചരിത്രതാളുകള്‍ തുന്നിക്കൂട്ടി മുഗള്‍ചക്രവര്‍ത്തിമാരും മാതൃകാ ജീവിതം സമ്മാനിച്ചു. മിഷനറിമാരും തങ്ങളുടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇവരെല്ലാം ഒന്നായി ഒട്ടനവധി മാഹാത്ഭുതങ്ങളും സൗധങ്ങളും ഇവിടമില്‍ പണിതുയര്‍ത്തി. എന്നാല്‍ ആധുനിക ഇന്ത്യാചരിത്രം നമുക്ക് മുന്നില്‍ തുറന്നുവെക്കുന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാര്‍ന്ന മതാന്തക നരനായാട്ടുകളാണ്. കാലം ചര്‍ച്ചചെയ്യുന്ന ഈ വിഷയത്തിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണിത്.
ഇന്ത്യന്‍ മതേതരത്വം: അര്‍ത്ഥവും ആഴവും
എല്ലാ മതങ്ങള്‍ക്കും തുല്ല്യ പ്രധാന്യം നല്‍കുകയും രാജ്യത്ത് ഒരു ഔദ്യോഗിക മതം ഇല്ലാതിരിക്കുകയും ചെയ്താല്‍ അതിനെയാണ് മതേതര രാഷ്ട്രം എന്ന് പറയുന്നത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. മതേതരത്വം എന്ന പദം ഇന്ത്യന്‍ ഭരണഘടനയിലെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത് 1976-ല്‍ 42-ാം ഭരണഘടനാ ഭേതഗതി പ്രകാരമാണ്. ഈ പദം ആദ്യമായി ഉപയോഗിച്ചത് 1851-ല്‍ ബ്രിട്ടീഷ് എഴുത്തുകാരനായ ജോര്‍ജ് ഹോളയക് ആണ്.
ഇന്ത്യയില്‍ മതേതരത്വം എന്ന ആശയം മതങ്ങളോടുള്ള നിസംഘത എന്ന അര്‍ത്ഥത്തിലല്ല ഉപയോഗിക്കുന്നത്. മറിച്ച് എല്ലാ മതങ്ങളോടും തുല്ല്യമായി പെരുമാറുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരം വിവേചനം കാണിക്കുന്നത് ഭരണഘടന കര്‍ശനമായിത്തന്നെ നിരോധിച്ചിരിക്കുന്നു.
മതം ചങ്ങലക്കിട്ട മതേതരത്വം
18-ാം നൂറ്റാണ്ടില്‍ ഇന്ത്യയെ കേവലം തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഉറവിടവും തങ്ങളുടെ ഉല്‍പന്നള്‍ വിറ്റഴിക്കാനുള്ള കമ്പോളവും മാത്രമാക്കി മുഷ്ടിയില്‍ ചുരുട്ടി മേല്‍കോയ്മ നടിച്ച ബ്രിട്ടീഷ് പടയെ ആട്ടിയോടിക്കാന്‍ ഇന്ത്യക്കാര്‍ ഒന്നിച്ചു പോരാടി. അന്ന് ഓരോ ഇന്ത്യന്‍ പൗരനെയും ഭാരതീയന്‍ എന്ന ശീര്‍ഷകത്തിന് കീഴില്‍ മാത്രമാണ് പ്രപിതാക്കള്‍ പരിചയപ്പെടുത്തിയത്. അതിനാല്‍ തന്നെയാണ് മതേതരത്വം എന്ന ആശയം ഇന്ത്യന്‍ ഭരണഘടനയില്‍ തുന്നിച്ചേര്‍ത്തതും. ഇന്ത്യയിലെ ഓരോ വ്യക്തിക്കും തങ്ങള്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും അതു പ്രചരിപ്പിക്കുവാനും ആരാധന നടത്തുവാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഗവണ്‍മെന്റ് അനുവദിച്ച് തന്നതും ഭരതീയന്റെ ഐക്യം കാത്തുസൂക്ഷക്കാന്‍ വേണ്ടി മാത്രമാണ്. എന്നാല്‍ ഭാരതീയ ആശങ്ങളേയെല്ലാം പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് രാജ്യത്തെ മതകീയവത്കരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ഫാസിസം മസ്തിഷ്‌കത്തില്‍ അലിഞ്ഞുചേര്‍ന്ന ഭരണകര്‍ത്താക്കള്‍ രാജ്യം ഹൈന്ദവ വത്കരിക്കാനുള്ള അജണ്ഡകള്‍ ശരകൃതിയില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണിവിടെ. ന്യൂനപക്ഷത്തോടുള്ള കടുത്ത വെറുപ്പിന്റെ പ്രകടനോദാഹരങ്ങളാണ് ഓരോ പ്രഭാതത്തിലേയും പത്രത്താളുകള്‍ ബോധ്യപ്പെടുത്തുന്നത്. ഗോ മാംസം കയ്യില്‍ വെച്ചെന്നാരോപിച്ച് ആര്‍.എസ്.എസ് രാക്ഷസന്മാര്‍ കഠാരക്കിരയാക്കിയ അഖ്‌ലാക്കുമാരേയും ജുനൈദുമാരേയും മതേതര ഇന്ത്യ മറന്നിട്ടുണ്ടാകില്ല. പശുവിനെ കൊന്നുതിന്നുവര്‍ തന്നെയാണ് ഇത്തരം നരനായാട്ടുകള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്ന പച്ചയാര്‍ന്ന യാഥാര്‍ത്യത്തില്‍ നിന്ന് ഗോമാതാവിനോടുള്ള തഖ് വയും ഇഖ്‌ലാസും അല്ല അവരുടെ ലക്ഷ്യമെന്ന് ഗ്രഹിക്കാവിന്നതെയുള്ളു. നൂനപക്ഷ പീഢനങ്ങളും ജാതീയ ജീര്‍ണ്ണതകളും തൂലികകൊണ്ടു വരച്ചുകാട്ടിയ കല്‍ബുര്‍ഗിയും പാന്‍സാരയും അനന്ദമൂര്‍ത്തിയും ഗൗരി ലങ്കേഷും അടങ്ങുന്ന ഒരു വലിയ നിരയെതന്നെ ആര്‍. എസ്. എസ് കഴുകന്മാര്‍ പുഴുതെറിഞ്ഞപ്പോഴും രാജ്യത്തെ നിയമവും നിയമപാലകരും നോക്കുകുത്തിയായി നില്‍ക്കുന്ന രംഗം ഇന്ത്യന്‍ ജനാതിപത്യത്തിന്റെ അന്തസത്തയെയാണ് ചോദ്യം ചെയ്യുന്നത്.
ഏകസിവില്‍കോഡും മോദി സര്‍ക്കാരും
ജാതി, മതം, വേഷം, ഭാഷ, ലിപി, സംസ്‌കാരം എന്നിവയില്‍ തികച്ചും വൈവിദ്യമാര്‍ന്ന ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും ഇവിടെയുള്ള ജനങ്ങള്‍ക്ക് ഏകത്വമാണ് വേണ്ടതെന്നും പ്രക്യാപിച്ച് രാജ്യത്ത് ഏകസിവില്‍കോഡ് എന്ന ആശയം ഉയര്‍ത്തിപിടിച്ച് ജനങ്ങളില്‍ ആശയഭിന്നതക്ക് തിരിക്കൊളുത്തുകയാണ് മോദി സര്‍ക്കാര്‍.
ഭരണഘടനയിലെ നാല്‍പത്തിയഞ്ചാം വകുപ്പില്‍ പറയുന്ന നിര്‍ബന്ധിത വിദ്യാഭ്യാസവും നാല്‍പ്പത്തിയേഴാം വകുപ്പില്‍ പറയുന്ന സ്ത്രീ സംരക്ഷണവും നടപ്പിലാക്കാതെ നാല്‍പ്പിത്തിനാലാം വകുപ്പില്‍ പറയുന്ന കേവലം നിര്‍ദേശക തത്വം മാത്രമായ ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ ലക്ഷ്യം മനസ്സിലാക്കാന്‍ അബ്ദുല്‍ കലാമിനോളം ബുദ്ധിവേണമെന്ന് തോന്നുന്നില്ല.
ഓരോ മതത്തിനും അതിന്റെതായ ചട്ടങ്ങളും ആചാരങ്ങളുമാണുള്ളത്. അത് ഒരിക്കലും ഒന്നാക്കിയെഴുതാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഒരു ക്രിസ്ത്യന്‍ വൈദികനെ എടുത്തു നോക്കുകയാണെങ്കില്‍ അവനെ തന്റെ കര്‍മ്മപദം തുടരാന്‍ ബ്രന്മചര്യത്വം അത്യാവിശ്യമാണ്. ഇനി ഒരുത്തന് വേദം പഠിച്ച് പൂജകര്‍മ്മങ്ങളില്‍ ഏര്‍പ്പെടണമെങ്കില്‍ ബ്രന്മചര്യത്തോടോപ്പം ജാതിയും പരിഗണിക്കേണ്ടതായിട്ടുണ്ട്. അത് പോലെ മുസ്്‌ലിമിനും അവരുടെതായ ശരിഅത്ത് നിയമങ്ങളാണുള്ളത് ഇതിനെയെല്ലാം കൂട്ടികുഴച്ച് ഒന്നാക്കിയെടുത്താലും ഇവ വേറിട്ട് തന്നെ നിലകൊള്ളും.
ധര്‍മം മറന്ന നീതിന്യായം
പ്രതിസന്ധികാലഘട്ടങ്ങളില്‍ ന്യൂനപക്ഷങ്ങളൂടെ അത്താണിയും ആശ്വാസവുമായ് മാറി ക്രമസമാധാനം നടപ്പിലാക്കേണ്ട നീതിന്യായവൂം ഇന്ന് വര്‍ഗീയ വിഷം ചീറ്റുന്ന വിഷസര്‍പ്പങ്ങളായി മാറിയിരിക്കുന്നു.ഭരണഘടനയിലെ ഇരുപത്തിയൊന്നാം വകുപ്പില്‍ പറയുന്ന വ്യക്തിസ്വാതന്ത്രൃം മുറിച്ചുമാറ്റിയ ഹാദിയയുടെ വീടുതടങ്കല്‍ നീതിന്യായ വിഭാഗം സമ്മാനിച്ചതാണെന്ന് പറയുമ്പോള്‍ എന്തുക്കൊണ്ടും ഭരണകൂടത്തിന്റെ മൃഗീയതയല്ലാതെ മറ്റെന്താണ് ബോധ്യപ്പെടുത്തുന്നത്. ജുഡീഷറീ തലവന്മാരില്‍ ഒരാളായ ജസ്റ്റിസ് കമാല്‍ പാഷ ഇസ്്‌ലാമില്‍ ഭഹുഭാര്യത്വം എന്തിനെന്ന് ചോദിച്ച് മുസ്്‌ലിം നൂനപക്ഷത്തെ വികൃതമാക്കിയതും മുത്വലാഖ് നിരോധിച്ച കോടതി വിധിയും മതേത്വരത്തത്തെ പിച്ചിചീന്തുക തന്നെയാണ് ചെയ്യുന്നത്.
മാറികൊണ്ടിരിക്കുന്ന ലോകത്തില്‍ മനുഷ്യത്വം പാടെ നശിക്കുകയും മാനുഷിക മൂല്യങ്ങള്‍ക്ക് വിലപറയുകയും ചെയ്യുമ്പോള്‍ മതേതര സ്‌നേഹികള്‍ ഒന്നിക്കേണ്ടതായിട്ടുണ്ട്. അതിനായി നമ്മുടെ പ്രപിതാക്കള്‍ കാത്തുസൂക്ഷിച്ച സ്‌നേഹവും സൗഹാര്‍ദവും വീണ്ടുമിവിടെ വളര്‍ത്തിയെടുക്കണം. മാത്രവുമല്ല വിദ്യാഭ്യാസം കൊണ്ട് ശക്തരായ പ്രതികരണ ശേഷിയുള്ള തലമുറയെ കെട്ടിപടുക്കാനും സാധ്യമാകേണ്ടതുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മുന്നോട്ട്‌വെച്ച ‘സമത്വ സുന്ദരമായ ഇന്ത്യ’ എന്ന ആശയം കൂടുതല്‍ മികവുറ്റതാക്കാന്‍ നാം ആര്‍ജിക്കുന്ന വിദ്യക്ക് സാധിക്കണം. മതേതര സുന്ദര ഭാരതം കെട്ടിപ്പടുക്കുവാന്‍ നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.