| Ali Krippur |
പരിശുദ്ധ പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ വരവോടെ സമ്പന്നവും സമ്പൂര്‍ണവുമായ മതമാണ് ഇസ്ലാം. ആദം നബി മുതല്‍ സര്‍വ്വ അമ്പിയാക്കളും കടന്നുപോയ സത്യത്തിന്റെ രേഖയാണിത്. ഈ പാതയ്ക്ക് ഇരുവശങ്ങളിലായി പിശാച് പലവഴികള്‍ വരച്ചിട്ടുണ്ട് അതൊക്കെയും പിഴച്ചതാണ്. സമ്പൂര്‍ണ്ണ മതത്തില്‍ മതനവീകരണവാദമുയര്‍ത്തിയും യുക്തിക്ക് പ്രസക്തി നല്‍കിയും മതത്തെ ‘മോഡിഫൈ’ ചെയ്യാന്‍ തുനിഞ്ഞവര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. മനുഷ്യ നന്മക്കുതകുന്നതും മതത്തിന്റെ മൗലികതക്ക് കോട്ടം തട്ടാത്തതുമായ ഏതൊരു പരിഷ്‌കരണത്തെയും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ മൗലികതയെ പരിക്കേല്‍പ്പിക്കുന്ന പരിഷ്‌കരണവാദം പാടില്ലാത്തതും അത്യന്തം അപകടകരവുമാണ് അത് സമ്പൂര്‍ണ്ണതയെ ചോദ്യം ചെയ്യലാണ്. വിശ്വാസിയുടെ ആചാര-അനുഷ്ഠാനങ്ങള്‍ പ്രമാണബദ്ധമായിരിക്കണം. അഥവാ ഖുര്‍ആന്‍,സുന്നത്ത്,ഇജ്മാഅ്, ഖിയാസ് എന്നിവയുടെ അടിസ്ഥാനത്തിലുള്ളതായിരിക്കണം. ഇതിന്നതീതമായി മതത്തെ യുക്തിയുടെ തുലാസിലിട്ട് അളക്കുമ്പോഴാണ് അപകടങ്ങള്‍ പിണയുന്നത്. മതത്തെ അത്യന്തം വികൃതമാക്കുന്നതും ഇരുലോക പരാജയത്തിനു കാരണമാകുന്നതുമാണിത് ഉസ്മാന്‍ (റ)ന്റെ വധത്തിനുശേഷം പിറവികൊണ്ട ഖവാരിജുകള്‍ മുതല്‍ ജാമിദ വരെ എത്തി നില്‍ക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ വേരുകള്‍.
ഒരുമയുടെ ഉമ്മത്തായ ഇസ്ലാമത വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുടെ കൊടിനാട്ടി ആദ്യം കടന്നുവന്നവരാണ് ഖവാരിജുകള്‍. ‘അല്ലാഹുവിന്റെ മതത്തില്‍ മനുഷ്യരെ വിധികര്‍ത്താക്കളാക്കിയ അലി (റ) കാഫിറായിരിക്കുന്നു’ എന്ന വിചിത്ര വാദമുന്നയിച്ച് കൊണ്ടായിരുന്നു അവരുടെ രംഗപ്രവേശനം.ഉസ്മാന്‍ (റ) വധിക്കപ്പെട്ടതുമുതലാണ് ഭന്നിപ്പിന്റെ നിറം പുറത്ത് വരുന്നത് എങ്കിലും സമുദായ ഛിദ്രതക്ക് പാലം വച്ച അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതന്റെ നേതൃത്വത്തിലാണ് സമുദായത്തിന്നകത്ത് വിള്ളലിന്റെ വിളക്കിന് തിരി കൊളുത്തപ്പെടുന്നത.് പ്രത്യക്ഷത്തില്‍ മുസ്ലി മായികൊണ്ട് സമുദായത്തില്‍ ആഭ്യന്തര കലഹം തീര്‍ത്തു. ഖലീഫ ഉസ്മാന്‍(റ)നെവധിക്കുവാനും പിന്നീടുവന്ന അലി(റ)വിനെതിരെ വലിയൊരു വിഭാഗത്തെ നിലനിര്‍ത്താനുംശ്രമിച്ചു. ഇതിന്റെ അനന്തര ഫലം കൂടിയാണ് ഖവാരിജുകള്‍. പരിഷ്‌കരണം എന്ന വാദത്തിലൂടെ മതത്തിന്റെ മരണം കൊതിച്ച ശത്രുകളുടെ നിര്‍മിതികളാണ് ലോകത്ത് ഇന്നേവരെ ഇസ്ലാമില്‍ പ്രത്യക്ഷപ്പെട്ട മുഴുവന്‍ അവാന്തര വിഭാഗങ്ങളും അലി(റ)പുറമെ ഉസ്മാന്‍(റ), മുആവിയ(റ)ഇബ്‌നു അബ്ബാസ്(റ)തുടങ്ങിയ മഹത്തുകളുടെ മേല്‍ വിധി കര്‍തൃത്വം അല്ലാഹുവിന് മാത്രം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കുഫിറിന്റെ പട്ടം ചാര്‍ത്തിയവര്‍ പിന്നീട് പാപം ചെയ്തവര്‍ മതത്തിന്റെ പുറത്താണെന്നും അനുഷ്ടാനങ്ങള്‍ നിര്‍വഹിക്കാത്തവന്‍ മുസ്ലിമല്ല തുടങ്ങി തീവ്രവും നികൃഷ്ടവുമായ യുക്താദിഷ്ടിത നിയമങ്ങള്‍ കൊണ്ടുവന്നു. ഇബിലീസിനെ തെളിവ് പിടിച്ച് മഹാപാപികള്‍ സാശ്വത നരകാവകാശികള്‍ ആണെന്നും തങ്ങള്‍ക്കൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാത്തവരെ കാഫിറാണെന്നും എതിര്‍ പറയാത്ത സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നത് അനുവദനീയമാണെന്നും നിര്‍ലജ്ജം അവര്‍ പറഞ്ഞു. ഇത്തരത്തില്‍ മതത്തിന് കടകവിരുദ്ധമായ വികൃത ആശയങ്ങള്‍കൊണ്ട്ഇസ്ലാമിനെ കരിവാരിത്തേച്ച് ഖവാരിജുകള്‍ക്ക് ശേഷം രൂപപ്പെട്ട ശീഇസവും ഉപഘടകങ്ങളൊക്കെയും ഇതിന്റെ ബാക്കി പത്രങ്ങളാണ്.
മുഅ്ത്തലിസത്തിന്റെ പ്രാരംഭം അഥവാ മത യുക്തിവാതം
അമവികാലത്ത് പിറവികൊണ്ട് അബ്ബാസിയ ഭരണകാലത്ത് പ്രചരിച്ച് ബുദ്ധിശാലികളേയും ഭരണകൂടങ്ങളേയും വിശ്വാസ വ്യതിചലനങ്ങളില്‍ എത്തിച്ചു ഇവരെയാണ് മുസ്ലിംകളിലെ യുക്തിവാതികള്‍ എന്ന പേരില്‍ അറിയപെടുന്നത്. പല പണ്ഡിതരും പരിചയപ്പെടുത്തിയ വിഭാഗമാണ് മുഅ്തലിസം. യുക്തിയുടെ സ്‌കെയില് കൊണ്ട് മതത്തെ അളന്ന ആദ്യ കക്ഷികളാണവര്‍. ഇതിന്റെ സര്‍വവിധ ആശയങ്ങളും ലക്ഷ്യങ്ങളും അടങ്ങുന്ന തരത്തില്‍ മുഅ്ത്തലിസം ഇന്ന് നിലവിലില്ലെങ്കിലും ലോകത്തെ പ്രത്യക്ഷപ്പെട്ട മുഴുവന്‍ അവാന്തര വിഭാഗങ്ങളിലും മുഅ്ത്തലിസത്തിന്റെ ചുവ കാണാവുന്നതാണ്.
‘അഹ്ലുല്‍ അതില്ലില്‍ തൗഹീദ്’നീതിയുടെയും തൗഹീദിന്റെയും വാക്താക്കള്‍ എന്ന പേരില്‍ സ്വയം വിശേഷിപ്പിക്കുന്നവര്‍ മുഅ്ത്തസിലി,ഖാദിരീയ അദ്‌ലീയ തുടങ്ങിയ പേരിലറിയപ്പെടുന്നു. ഹസനുല്‍ ബസരി തങ്ങളില്‍നിന്നു കുരുത്തക്കേട് സമ്പാദിച്ച് ‘വാസില്‍ ഇബ്‌നു അത്വാ’എന്ന വ്യക്തിയാണ് ഇതിന്റെ ഉപജ്ഞാതാവ് ‘തൗഹീദ്,അദില്‍,വഅ്ദും വഈദും അല്‍ മന്‍സിലത്തൈന്‍’ എന്നീ അഞ്ച് തത്വത്തില്‍ അതിഷ്ടിതമാണ് ഇവരുടെ വാദങ്ങള്‍ അഖീദയുടെ പണ്ഡിതര്‍ വരച്ചുകാട്ടിയ ഇസ്ലാമിന്റെ അടിസ്ഥാനപരമായ തൗഹീദില്‍ നിന്നും ബഹുദൂരം ആണ് ഇവര്‍ പ്രചരിപ്പിക്കുന്ന തൗഹീദ് വാദം അല്ലാഹുവിന്റെ സത്ത അല്ലാത്ത മറ്റും വിശേഷങ്ങളൊക്കെയും ഖദീം അല്ലെന്നും അങ്ങനെ വിശ്വസിച്ചവര്‍ ബഹുദൈത്വം അംഗീകരിച്ചവരാണെന്നുമുള്ള വിചിത്ര വാദമുയര്‍ത്തി.
സംസാരം,കാഴ്ച തുടങ്ങിയ വിശേഷണങ്ങള്‍ അല്ലാഹുവിനുണ്ടെന്ന് പറയുന്നത് അല്ലാഹുവില്‍ മറ്റൊന്നിനെ ചേര്‍ക്കുന്നതാണെന്നും അത് ശിര്‍ക്കാണെന്നും പറഞ്ഞുപരത്തിയ ഇവര്‍ ഇതിലൂടെ പരിശുദ്ധ ഖുര്‍ആന്‍ പോലും സൃഷ്ടിയാണെന്ന ഭീകരമായ കണ്ടെത്തലുകളില്‍ എത്തിച്ചേര്‍ന്നു. പരലോകത്ത് വെച്ച് കൊണ്ട് പടച്ചവന്‍ സൃഷ്ടികള്‍ക്കുമുന്‍പില്‍ പ്രത്യക്ഷനാകുമെന്ന പരിശുദ്ധ ഖുര്‍ആനിന്റെ പച്ചയായ വാക്യത്തെ മറച്ചുവച്ച് അല്ലാഹു ഒരിടത്തും പ്രത്യക്ഷമാകില്ലെന്നും അങ്ങനെ വിശ്വസിക്കുന്നത് ശിര്‍ക്കാണെന്നും തുടങ്ങിയ അഖീദക്കും ഖുര്‍ആനിനും വിരുദ്ധമായ തൗഹീദ് ആയിരിന്നു അവരുടേത.്
ബുദ്ധിയേക്കാള്‍ ദിവ്യ ബോധനത്തിനു പ്രാധാന്യം നല്‍കുന്നതാണ് വിശ്വാസിയുടെ വഴി. എന്നാല്‍ നീതിയും നന്മയും മാത്രമേ പടച്ചവനില്‍ നിന്ന് ഉണ്ടാവൂ എന്ന നീതി സിദ്ധാന്തം കൊണ്ടുവന്ന് പരിമിതമായ ബുദ്ധികൊണ്ട് കിട്ടിയ കാര്യത്തിന് ദിവ്യ ബോധനത്തേക്കാള്‍ പ്രാധാന്യം നല്‍കുന്ന അപകടകരമായ തത്വമാണ് ഇവരുടെ ‘അദ്‌ല്’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. വിശ്വാസ കാര്യങ്ങളിലെ നന്മതിന്മകള്‍ അല്ലാഹുവില്‍നിന്നാണെന്ന് വിശ്വസിക്കല്‍ എന്നതിന് തീര്‍ത്തും വിരുദ്ധമാണിത്.
ഫിലോസഫിയുടെ ഗോവണിപ്പടി കയറി മതത്തില്‍ കടന്നുകൂടിയ നിരീശ്വരത്തേയും ക്രൈസ്തവ-ജൂത ആശയ പ്രചരണത്തെയും നേരിടാന്‍ സജ്ജമായ മുഅ്തസിലിയാക്കള്‍ പക്ഷെ ബുദ്ധികൊണ്ട് അളന്നെടുത്ത വാദങ്ങളെയാണ് അതിനു ഉപയോഗിച്ചത.് ഇത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന തരത്തില്‍ ആയിരുന്നു. അല്ലാഹുവിന്റെ വചനമായ ഖുര്‍ആന്‍ അനാദി ആണെങ്കില്‍ അതില്‍ പരാമര്‍ശിക്കപ്പെട്ട യേശു അല്ലാഹുവിന്റെ വചനമാണെന്നത് യേശുവിന്റെയും അനാദിത്വത്തെ വെളിപ്പെടുത്തുന്നതാണ എന്ന ക്രിസ്ത്യാനികളുടെ വാദത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ സൃഷ്ടി വാദവുമായി ഇവര്‍ രംഗത്ത് വന്നത്.
വിശ്വാസത്തെ വികൃതമാക്കുന്നതോടൊപ്പം വിശ്വാസികളെ ചോരയില്‍ മുക്കുന്നതു കൂടിയായിരുന്നു ഇത്. ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ) അടക്കമുള്ള ആയിരക്കണക്കിന് പണ്ഡിതരെയും അതിലേറെ സാധാരണക്കാരെയും കൊന്നും കൊല്ലാക്കൊല ചെയ്തും മുഅ്തസിലികള്‍ യുക്തിയുടെ കുന്തമുനനാട്ടി ഇബ്‌നു സകര്‍
(റ)എന്ന പണ്ഡിതനെ കൊന്ന് കുന്തത്തില്‍ നാട്ടി ബഗ്ദാദിന്റെ തെരുവില്‍ നീണ്ട കാലം പ്രദര്‍ശനത്തിന് വച്ച കാടത്തം ഇതിന്റെ ഭാഗമായിരുന്നു. ന്യായത്തിലും നീതിയിലും താന്തോന്നിത്തം കാണിച്ച മുഅ്തസിലികള്‍ പിന്നീട് പിളര്‍ന്ന് പിളര്‍ന്ന് പലതായി തളര്‍ന്നു അല്ലാഹുവിന് ഒരു വസ്തുവിനെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന വാദം ഉയര്‍ത്തിയ ജാഹിളിയയും ഔലിയാഇന്റെ കറാമത്ത് നിഷേധിച്ച ജുബ്ബാഇയ്യയും ഇതിനുദാഹരണങ്ങളാണ്.
പാശ്ചാത്യ വിദ്യ നേടി,യൂറോപ്പ്യന്‍ ചിന്ത തലയിലേറ്റിയ ചിലര്‍ പില്ക്കാലത്ത് മുഅ്തസിലിസത്തെ പൊടിതട്ടിയെടുക്കാന്‍ ശ്രമം നടത്തി. യുക്തിയുടെ വെളിച്ചത്തില്‍ മതത്തെ മനസ്സിലാക്കാനാണ് അവര്‍ ലക്ഷ്യമിട്ടത.് പത്തൊമ്പതാം നൂറ്റാണ്ടില്‍ കടന്നുവന്ന ജമാലുദ്ദീന്‍ അഫ്ഗാനിയുടെ പാന്‍ ഇസ്ലാമിസം ഓറിയന്റലിസത്തിന്റെ കുടപിടിച്ച് യുക്തികൊണ്ട് ദിവ്യബോധനത്തെ ചോദ്യം ചെയ്തു. ഇസ്ലാമിലെ ബഹുഭാര്യത്വവും ത്വലാക്കും ഹിജാബും തുടങ്ങി മതത്തെ തകര്‍ക്കാന്‍ ശത്രുക്കള്‍ വിവാദത്തിനൊരുമ്പെടുത്തിയ വിഷയങ്ങളെ ഇവര്‍ മതത്തിനതീതമെന്ന് വിളിച്ചുകൂടി എന്നും കാലികമായി നിലകൊള്ളുന്ന ഇസ്ലാമില്‍ അഴിച്ചുപണി അനിവാര്യമാണെന്ന കണ്ടെത്തലിലാണ് ആധുനിക മുഅ്തലിസത്തിന്റെ വാക്താക്കളിലൊരാളായ ഡോ:ഹസന്‍ തുറാബി പറയുന്നത്. മിഅ്‌റാജ് യാത്രയെ സ്വപ്നത്തില്‍ ഒതുക്കി,ഖുര്‍ആന്റെ സാഹിത്യ അമാനുഷികതയെ നിഷേധിച്ച്,ഓറിയന്റലിസത്തിന്റെ പേനകൊണ്ട് നവോത്ഥാന പട്ടികയില്‍ ഇടം പിടിച്ച സര്‍ സയ്യിദ് അഹ്മദ് ഖാന്റെ നിറവും മുഅ്തസിലിസമായിരിന്നുവെന്ന് വിലയിരുത്തപ്പെടുന്നു. മതനവീകരണ പാര്‍ട്ടികളിലെ ഇന്നത്തെ മെമ്പര്‍മാരായ മുജാഹിദും ജമാഅത്തും ഇതിന്റെ അംശങ്ങളാണ്.
കാണുന്നവന്‍,കേള്‍ക്കുന്നവന്‍,എന്നിങ്ങനെ തുടങ്ങി മനുഷ്യന് നല്‍കാവുന്ന വിശേഷണങ്ങള്‍ അല്ലാഹുവിന് നല്‍കല്‍ ശിര്‍ക്കാണെന്ന വാദവുമായി വന്ന മുഅത്തിലത്തലുകള്‍ അവന്റെ പൂര്‍ണ്ണതയെ നിഷേധിച്ചു. എന്നാല്‍ അല്ലാഹുവിന് കൈകാലുകള്‍ രൂപപ്പെടുത്തുകയായിരുന്നു മുജസ്സിമകള്‍ ഇവരും യുക്തിയുടെ വക്താക്കളാണ്. രണ്ടും അത്യന്തം അപകടകരമാണ്. ഭൗതിക ജ്ഞാനത്തിന്റെ അകമ്പടിയില്‍ വികൃത ആചാരങ്ങള്‍ ഇറക്കുമതിചെയ്ത ഖവാരിജുകളേയും അനുബന്ധ പ്രസ്ഥാനങ്ങളേയും പോലെ മതത്തിലെ ഇത്തില്‍ കണ്ണികളാണ് വഹാബിസം. ഇമാം ഇബനു ഹമ്പല്‍(റ)ന്റെ പ്രവര്‍ത്തനംകൊണ്ട് പ്രോജ്ജ്വലിച്ച മുസ്ലിം ലോകം പന്ത്രണ്ടാം നൂറ്റാണ്ടില്‍ വീണ്ടും വഷളായി. ഇബ്‌നു തീമിയയാണ് ഇക്കാലത്ത് വികല ആശയത്തിന് അടിത്തറയിട്ടത്. തൗഹീദിനെ രണ്ടായി നിര്‍വചിച്ചും പൂര്‍വീക മഹത്തുക്കളെ മുഷിരിക്കാക്കിയും ഇയാള്‍ ബിദ്അത്തിന്റെ കൊടിനാട്ടി ഉമ്മത്തിന്റെ ഇജ്മാഅിന് എതിരായ മുത്വലാക്ക് നിഷേധകവാദമുള്ള ഇബ്‌നു തീമിയയുടെ ചിന്തകള്‍ക്ക് നിറം നല്‍കിയ ഇബിനു അബ്ദില്‍വഹാബാണ്് വഹാബിസത്തിന്റെ ഉപജ്ഞാതാവ.് പിശാചിന്റെ കൊമ്പ് ഉദയം ചെയ്യുമെന്ന് തിരുനബി പറഞ്ഞ നജിദില്‍ പിറന്ന ഇയാളെ പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടനാണ് പാലൂട്ടി വളര്‍ത്തിയത്
മഖ്ബറ സിയാറത്ത്, ഇടതേടല്‍ ത്വരീഖത്ത് തുടങ്ങിയവയെ തള്ളിപ്പറഞ്ഞ തീമയന്‍ സിദ്ധാന്തത്തിന്ന് തീവ്രത ചാര്‍ത്തുകയാണ് ഇയാള്‍ ചെയ്തത് സ്വഹാബി പ്രമുഖനായ സൈദ് ബിന്‍ ഖത്താബിന്റെ (റ) മഖ്ബറ പൊളിച്ച് ജൂദായിസത്തെ തോല്‍പ്പിക്കുന്ന വിദ്ദ്വേശികളായ ഇവര്‍ വരുത്തിതീര്‍ത്ത വിനകള്‍ ചെറുതല്ല. ത്വൗഹീദെന്നപേരില്‍ ഇബ്‌നു സഊദിനെ കൂട്ടിപ്പിടിച്ച് ലക്ഷക്കണക്കിന് വിശ്വാസിസമൂഹത്തെ അറുകൊല ചെയ്ത വഹാബിസം യുക്തിയുടെ തുലാസില്‍ മതത്തെ തൂക്കിനോക്കിയവരായിരുന്നു. നിരവധി മഹത്തുക്കളുടെ മഖ്ബറകള്‍ ധ്വംസിച്ച് ഉമ്മ്ത്തിനെ ചോരയില്‍ മുക്കി, പണം കൊള്ളയടിച്ചു അക്രമത്തിന്റെ മൂര്‍ത്തീഭാവമായി വഹാബിസം ലോകത്ത് അഴിഞ്ഞാടി. ഖവാരിജുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയവരാണ്
ഇവര്‍
നന്മയാര്‍ന്ന പുതിയതിനെ സ്വീകരിക്കാമെന്ന തിരുവചനത്തെ കാറ്റില്‍പറത്തി ദിക് ര്‍ ഹല്‍ഖ, നബിദിനാഘോഷം തുടങ്ങിയവയെ ശിര്‍ക്കിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒരുമ്പെട്ടതിന്റെ കാരണം യുക്തികൊണ്ട് കണ്ടെത്താനാവാത്തതിനാലാണ്.
സ്ത്രീ ഭൗതികതയുടെ പുഷ്പമാണെന്നും പര്‍ദയില്‍ നിന്നും അവള്‍ക്ക് മോചനം നല്‍കി വെളിച്ചത്തിലേക്ക് കൊണ്ടുവന്ന് അവരോടൊപ്പം സല്ലഭിക്കണമെന്ന ഏറ്റവും വലിയ അപകടകരമായ സന്ദേശവുമായി രംഗത്ത് വന്നവരാണ് ബഹായിസം. മതത്തിന്റെ പുറത്തുള്ള ഇവരുടെ കൈപിടിച്ചവരാണ് ഫെമിനിസത്തിനും സ്ത്രീജുമുഅക്കും നേതൃത്വം നല്‍കുന്നത് മുജദ്ദിദ് വാദത്തില്‍ തുടങ്ങി, മസീഹയായും നബിയായും അവസാനം ദൈവമായും വേഷമിട്ട മീര്‍സയുടെ ഖാദിയാനിസവും മതത്തെ രാഷ്ട്രീയ പ്രസ്ഥാനമായി അവതരിപ്പിച്ച് തീവ്രവാദ ചിന്തയിലേക്ക് തൊടുത്ത ബ്രദര്‍ ഹുഡും ഇഖ് വാനും അതിന്റെ ഇന്ത്യന്‍ പതിപ്പായ ജമാഅത്തെ ഇസ്‌ലാമിയും ‘മുറിവൈദ്യന്‍ ആളെ കൊല്ലും’ എന്നപോലെ അല്‍പജ്ഞാനം കൊണ്ട് യുക്തയുടെ സഹായത്തോടെ മതത്തെ നശിപ്പിച്ചവരാണ് മതരാഷ്ട്രവാദമായിരുന്നു ജമാഅത്തിന്റെ സ്ഥാപകനായ മൗദൂദിയും ഉയര്‍ത്തിപ്പിടിച്ചത് ഖുര്‍ആനിനെ തോന്നിയ പോലെ വ്യാഖ്യാനിക്കാം എന്ന വിരണ്ട വാദംപറയാന്‍ തൊലിക്കട്ടി കാണിച്ചവരാണിവര്‍.
മീര്‍സയെ പോലെ സ്വപ്നം കഥ പറഞ്ഞ് തബ്‌ലീഗിസം പണിയുകയാണ് സ്ഥാപകന്‍ ഇല്ല്യാസും ചെയ്തത്. സുന്നി വേഷം കെട്ടി ബിദഅത്ത് വിസര്‍ജ്ജിക്കുന്ന ഇവര്‍ക്കും അമളി പറ്റിയത് ബുദ്ധികൊണ്ടും സ്വന്തമായ വ്യാഖ്യാനം കൊണ്ടും മതത്തെ അളന്നതാണ് യഥാര്‍ത്ഥത്തില്‍ ബിദഅത്തിന്റെ വേരുകള്‍ തഴച്ചതിന്റെ കാരണം യുക്തിയെ ഇമാമാക്കി എന്നതാണ്
യുക്തിവാദത്തെ കയറൂരിവിട്ട കേരള പതിപ്പാണ് ചേകനൂരിസവും മുജാഹിദും.
ഓന്തിനെപ്പോലെ മാറുന്ന ആദര്‍ശവും തൗഹീദുമാണിവര്‍ക്ക് വഹാബിസം ഏറ്റെടുത്ത് മഖ്ബറ ധ്വംസകരായും പൂര്‍വ്വികരായും തള്ളിയും മുസ്ലിം ഉമ്മത്തിന്റെ മേല്‍ ശിര്‍ക്കിന്റെ പട്ടം ചാര്‍ത്തിയും ഇവര്‍ രംഗത്ത് വന്നതിന്റെ കാരണം യുക്തിക്ക് പ്രസക്തി നല്‍കിയതിനാലാണ്
ബുദ്ധിക്കും ശാസ്ത്രത്തിനും നിരക്കാത്തത് തള്ളണമെന്നും സ്വഹാബത്തിന്റെ വീക്ഷണം കാണേണ്ടതില്ലെന്നും സ്ത്രീ മുഖം മറയ്‌ക്കേണ്ടതില്ലെന്നും ഇവര്‍ കണ്ടെത്തി. പ്രമാണങ്ങള്‍ക്ക് അതീതമായി സ്വന്തം കണ്ടെത്തെലിലൂടെ മതത്തെ ‘പരിഷ്‌കരിച്ച’ ചേകന്നൂര്‍ മൗലവി നിസ്‌കാരത്തെ ചുരുക്കിയും കൃഷ്ണനെ വിശ്വസിച്ചും സ്ത്രീ രംഗപ്രവേശനത്തെ നവോത്ഥാനത്തിന്റെ പട്ടികയില്‍ ചേര്‍ത്തും രംഗത്തുവന്നു.
ആമിന വദൂദിന്റെ നേതൃത്വത്തില്‍ 2005 ല്‍ ഫെമിനിസ്റ്റുകള്‍ നടത്തിയ സ്ത്രീ ജുമുഅക്ക് ‘ചരിത്രത്തിലേക്ക്” എന്ന പ്രോത്സാഹന സമ്മാനം നല്‍കിയത് മീഡിയകള്‍ ആണ്. പടിഞ്ഞാറിന്റെ ഉത്പന്നമായ ഫെമിനിസത്തെ ഇവിടെയെത്തിച്ചത് മുഅ്തസിലിസത്തിന്റെ നിറമുള്ള സര്‍ സയ്യിദ് വഴിയാണ് മതത്തെ വികൃതമാക്കാന്‍ പാശ്ചാത്യര്‍ തൊടുത്തുവിട്ട അമ്പ് മര്‍മ്മത്തില്‍ കൊണ്ടുവന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജാമിദ
ജനാധിപത്യ സംവിധാനത്തെ ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് എന്ത് തെമ്മാടിത്തവും കാണിക്കാം. പരസ്യമായ ഈ പ്രവര്‍ത്തനത്തിന്റെ പിന്നില്‍ ആമിന വദൂദിന് കാവല്‍ നിന്ന പടിഞ്ഞാറുകാരനെ പോലെ ഇവിടെ കാവികള്‍ കാവലിരരിക്കുന്നുണ്ടാവാം. നാം കരുതിയിരിക്കുക യുക്തിയുടെ മൂശയിലിട്ട് മതത്തെ മാന്തിപൊളിക്കാന്‍ ശത്രുക്കളുടെ ഡോളറിന്റെ കൊഴുപ്പില്‍ ഒരുമ്പെട്ട നവീനവാദികള്‍ സ്ത്രീയുടെ സംരക്ഷകരോ കാവല്‍ക്കാരോ അല്ല മറിച്ച് കാലത്തിന്റെ ശത്രുക്കളാണ് മഖ്ബറ പൊളിച്ചും മറ്റു തീവ്രവാദമുയര്‍ത്തിയും ഇസ്ലാമിക വേഷങ്ങള്‍ക്ക് ഭീകരതയുടെ നിറം നല്‍കി ഒടുവില്‍ ദമ്മാജിലേക്ക് ആടിനെ മേക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടതും യുക്തിയില്‍ വിരിഞ്ഞ വൃത്തികേടുകള്‍ മാത്രമാണ്.