|അല്‍സ്വഫ് ചിറ്റൂര്|
ഇന്ത്യ ഒരു മതേതരത്വ രാജ്യമാണ്. ഇന്ത്യയുടെ പാരമ്പര്യ സ്രോതസ്സുകൾ അതിന്റെ ആലങ്കാരികതക്ക് മാറ്റ് കൂട്ടുന്നു. സർവ്വരും പ്രതീക്ഷിച്ച പ്രത്യാശിച്ച ഇന്ത്യ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതാണ്. തദ് മൂല്യങ്ങളെ നിഷ്കാർഷനം ചെയ്യാൻ തൽപരപ്പെടുന്നത് സ്വതാൽപര്യങ്ങളെ ജയിക്കാതെ പോയ സ്വാർത്ഥവൽക്കരികളായ ഭരണാധിപന്മാരാണെന്നതിൽ സംശയമില്ല. അത്തരം ആശകളുടെ പ്രത്യാഘാതമാണ് ഇന്ത്യ ഇന്നനുഭവിക്കുന്നത്. രാജ്യത്ത് വർഗീയ ചേരിതിരിവ് അപകടകരം തന്നെ. വാജ്പേയും ഗോൾവാർക്കറും വിഭാവനം ചെയ്ത വർഗ്ഗീയ ആശയ പാപ്പരത്തമല്ല ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇവിടത്തെ ഓരോ മനുഷ്യനും ഭരണഘടന നൽകുന്ന അവകാശമാണ് ചോദിക്കുന്നത്. ഒരു മതത്തെ ലക്ഷ്യം വെച്ചുള്ള ഏതും പ്രവർത്തനവും എതിർക്കപ്പെടേണ്ടതാണ്.
പൗരത്വ ബില്ല്
കഴിഞ്ഞ രണ്ട് ദിവസമായി രാജ്യം ചർച്ച ചെയ്യുകയാണ് പൗരത്വ ഭേദഗതി ബിൽ. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ലോക്‌സഭയിൽ പാസായ ബിൽ ഇന്ന് രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന്മേൽ പടുത്തുയർത്തിയ, മതേതരത്വം ജീവശ്വാസമായ ഇന്ത്യാ മഹാരാജ്യത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. എന്നാൽ എന്താണ് പൗരത്വ ഭേദഗതി ബിൽ ? അറിയാം…
എന്താണ് സിഎബി (സിറ്റിസൺഷിപ്പ് അമെൻഡ്‌മെന്റ് ബിൽ) അഥവാ പൗരത്വ ഭേദഗതി ബിൽ ?
1955 ലെ പൗരത്വ ബില്ലിലാണ് നിലവിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവരുന്നത്. ഇന്ത്യയിൽ മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് ബില്ല്. മുമ്പ് കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്ക് മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറ് വർഷമായി ചുരുക്കും.
ബിൽ മുസ്ലിംഗൾ, അമുസ്ലീംഗൾ എന്ന രീതിയിൽ രാജ്യത്തെ വിഭജിക്കുകയാണെന്ന് ഡൽഹി അഭിഭാഷകൻ ഗൗതം ഭാട്ടിയ പറയുന്നു. കാരണം മുസ്ലീംഗൾ ഒഴിച്ചുള്ള മതവിഭാഗങ്ങളിൽ പെട്ട അനധികൃത കുടിയേറ്റക്കാർക്ക് മതിയായ രേഖകൾ ഉണ്ടെങ്കിൽ പൗരത്വം നൽകുന്നതാണ് ബിൽ.
1955ലെ പൗരത്വ ആക്ട് പ്രകാരം ഇന്ത്യയിൽ ജനിച്ച വ്യക്തിക്കോ മാതാപിതാക്കൾ ഇന്ത്യൻ സ്വദേശികളായവർക്കോ, ഒരു നിശ്ചിത കാലയളവിൽ കൂടുതൽ കാലം ഇന്ത്യയിൽ ജീവിച്ച് വളർന്ന വ്യക്തിക്കോ ആണ് ഇന്ത്യൻ പൗരത്വം ലഭിക്കുക. ആക്ട് പ്രകാരം അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരനാകാൻ കഴിയില്ല. ഇതാണ് നിലവിൽ ഭേദഗതി ചെയ്യുന്നത്.
ആർക്കൊക്കെ ഭേദഗതി ബാധകമാകും ?
മതത്തിന്റെ പേരിൽ സ്വന്തം രാജ്യവിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് ബില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളിൽ നിന്ന് ഇത്തരക്കാരെ രക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ വന്നവർക്കാണ് ഈ ആനുകൂല്യം.
കേന്ദ്രസർക്കാർ പറയുന്നതെന്ത് ?
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് തണലാണ് ഈ ബിൽ എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ബിൽ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും ബിൽ ചരിത്ര പരമാണെന്നും അമിത് ഷാ ഇന്ന് രാജ്യസഭയിൽ പറഞ്ഞു. എന്നാൽ എല്ലാ മതവിഭാഗങ്ങൾക്കും ബിൽ സംരക്ഷണം ഒരുക്കുന്നില്ല. പാകിസ്താനിൽ അഹ്മദീയ മുസ്ലിം വിഭാഗവും ഷിയാ മുസ്ലീംഗളും വിവേചനം നേരിടുന്നുണ്ട്. ബർമയിൽ രോഹിംഗ്യൻ മുസ്ലീംഗങ്ങളും ഹിന്ദുക്കളും വിവേചനം നേരിടുന്നുണ്ട്. ശ്രീലങ്കയിൽ ഹിന്ദു, ക്രിസ്ത്യൻ തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. മുസ്ലിംഗങ്ങൾക്ക് മറ്റ് ഇസ്ലാം രാജ്യങ്ങളിൽ അഭയം തേടാമെന്ന് കേന്ദ്രസർക്കാർ പറയുന്നു.
ബിൽ ബാധകമല്ലാത്ത സംസ്ഥാനങ്ങൾ
ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രദേശങ്ങൾക്ക് ഈ ബിൽ ബാധകമാകില്ല. അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവയാണ് ആ പ്രദേശങ്ങൾ.
എൻആർസിയും സിഎബിയും (സിറ്റിസൺഷിപ്പ് അമൻഡ്‌മെന്റ് ബിൽ) തമ്മിലുള്ള വ്യത്യാസം
1971 മാർച്ച് 24ന് മുമ്പ് അസമിൽ എത്തിയവരാണ് തങ്ങളോ തങ്ങളുടെ പൂർവികരോ എന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ മാത്രമേ അസം ജനതയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയുള്ളു. അനധികൃത കുടിയേറ്റക്കാരെ പ്രതിരോധിക്കാനായിരുന്നു ഇത്. എന്നാൽ സിഎബി വ്യക്തമായും മതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ആശങ്കകളില്ല…
ഇന്ത്യൻ ജനത ഇപ്പോഴും ആത്മവിശ്വാസം മുറുകെ പിടിച്ച് ജീവിക്കുകയാണ്. നീതി നിർവ്വഹണത്തിനോടുള്ള സാമിപ്യമാണതിന് കാരണം. ഭരണഘടന ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്ക് അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുന്നു. ആർട്ടിക്കൾ 25 ന്യൂനപക്ഷങ്ങൾ അവരുടെ സംസ്കൃതി അതേപടി നിലനിർത്താൻ അനുവാദം നൽകുന്നു. കാലാനുസൃതായ മാറ്റങ്ങൾ മതമൂല്യങ്ങളെ വ്രണപ്പെടുത്തിയാവരുത്. ഒരു മതവും അക്രമണേത്സുകതയെ പ്രോത്സാഹിപ്പിക്കുന്നില്ല. സമാധാനമാണ് വിഭാവനം ചെയ്യുന്നത്. പൗരത്വ ബില്ലിന്റെ പേരിൽ ഇന്ത്യൻ ജനതയെ തകർക്കാമെന്ന വ്യമോഹം സ്വപ്നത്തിൽ മാത്രമേ നടക്കൂ. ഇത് ഇന്ത്യയാണ്. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ക്രൈസ്തവന്റെയും സിഖുകാരന്റെയും ജൈനന്റെയും തുടങ്ങി വൈവിധ്യങ്ങളുടെ നാട്. ഈ പൂന്തോട്ടത്തിൽ ഉരു പുഷ്പം മാത്രം വിടർന്നാൽ പോര. പല നിറത്തിലും വാസനയിലും നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടമാവണം.
Subscribe
Login
0 Comments
Oldest