മുഹമ്മദ് ഫവാസ് അകമ്പാടം|
ഹിമകണങ്ങൾ പെയ്തിറങ്ങിയ താഴ്‌വര പോലെ പ്രവിശാലമായ കൊല്ലം ആശ്രാമം മൈതാനിയിൽ വിജ്ഞാനത്തിന്റെ മധു നുകരാനെത്തിയ ശുഭ്ര വസ്ത്രധാരികളെ എല്ലാ നിലയ്ക്കും മനസ്സ് നിറച്ച് തിരിച്ചയക്കാൻ സാധിച്ചതിൽ ഇന്ന് കൊല്ലം അഭിമാനിക്കുകയാണ്.
ചരിത്രം പിറക്കും എന്നതിൽ സംശയം തെല്ലും ഇല്ലായിരുന്നു. കാരണം, സമ്മേളനം വിളിച്ചതും എത്തിയതും വിജയിപ്പിച്ചതും എല്ലാം സമസ്തയുടെ മക്കളായിരുന്നു. മഹിതമായ പണ്ഡിത പാരമ്പര്യത്തിന്റെ ആശിർവാദം അറ്റു പോവാത്ത അഭിമാനമായ ഈ പ്രസ്ഥാനത്തെ അളവറ്റ് സ്നേഹിക്കാനും നെഞ്ചോട് ചേർത്ത് വെക്കാനും അന്ത്യനാൾവരെ ജീവകണികകൾ ഇവിടെ അവശേഷിക്കുമെന്നത് തീർച്ചയാണ്.
വിഖായയുടെയും ത്വലബയുടെയും മക്കൾ ഊണും ഉറക്കവും ഒഴിച്ചെന്നുള്ള കേവല ആലങ്കാരിക പ്രയോഗങ്ങൾക്കും അപ്പുറം അതിനെ പ്രാവർത്തികമാക്കി ഓടി നടന്ന് രാപ്പകലുകൾ കഷ്ടപ്പെട്ടത് ഭൗതിക നേട്ടങ്ങൾക്കൊ രാഷ്ട്രീയ താൽപര്യങ്ങൾക്കൊ വേണ്ടിയായിരുന്നില്ല.
കെ.ടി ഉസ്താദിന്റെ ഓർമ്മകൾ അലയടിച്ചുയർന്ന് സുഗന്ധം പരത്തിയ നഗരി ആഥിതേയർക്കായ് ഒരുക്കിയ ആദിത്യ മര്യാദ അനുഭവിച്ചറിയാൻ അനേകായിരം പേർക്കാണ് ഭാഗ്യം ലഭിച്ചത്.
പ്രാഥമിക കർമ്മങ്ങൾക്കായി ഒരുക്കിയ സംവിധാനങ്ങൾ തീർത്തും സമ്മേളന വിജയത്തിന്റെ ഒരു ഭാഗമായിരുന്നു. ഭക്ഷണത്തിനും വിശ്രമത്തിനും ഇബാദത്തിനുമെല്ലാം കാമ്പ് പ്രതിനിധികൾ യാതൊരു ബുദ്ധിമുട്ടും അറിഞ്ഞില്ല എന്നതിലുപരി സംഘാടകരും വാളണ്ടിയർമാരും
അറിയിച്ചില്ല എന്നതായിരുന്നു ശരി.
രാജ്യത്തിന്റെ കലുഷിതമായ സാഹചര്യങ്ങളിൽ വിശ്വാസ ഹൃദയങ്ങളിൽ ഈമാനും ചുണ്ടുകളിൽ ആശ്വാസത്തിന്റെ സംസവും പകർന്ന് നൽകാൻ സമസ്തയുടെ പടയണി ഇവിടെയും സജ്ജരായിരുന്നു. അബ്ദുല്ലാഹി ബ്നു മുബാറക് ,അബൂദ്ദർ രിഫാഈ, സ്വലാഹുദ്ധീൻ അയ്യൂബി തുടങ്ങിയ വിഖ്യാത മഹത്തുക്കളുടെ സ്വഭാവ മഹിമയുടെയും ഈമാനിന്റെയും
കുഞ്ഞാലി മരക്കാർമാരുടെയും ടിപ്പുവിന്റെയും പഴശ്ശിയുടെയുമെല്ലാം മാനവ സൗഹാർദ്ദത്തിന്റെയും ചരിത്ര പാഠവങ്ങൾ സമകാലിക സാഹചര്യത്തിൽ വിശ്വാസി ഹൃദയങ്ങളിൽ അതിവേഗം ചൊരിഞ്ഞ് നൽകാൻ നാമം പോലെ വ്യത്യസ്ഥത പുലർത്തി സമയബന്ധിതമായി മുന്നോട്ട് നീങ്ങിയ മുഅല്ലിമീൻ പഠന വേദികൾ സഹായകമായി എന്നത് തീർച്ചയാണ്.
ശീതീകരിച്ച ക്ലാസ് മുറികൾ ഒരുക്കി വിരുന്നൊരുക്കിയവർ കാമ്പവസാനം നൽകിയ സ്നേഹ സമ്മാനം ഓർമകളുടെ നിലക്കാത്ത സൂചികയായ് ഗമിക്കുമെന്നതാണ് സത്യം. ചരിത്രത്തിന്റെ അടയാളപ്പെടുത്തലിന് സാക്ഷിയായ് വാനിൽ പാറിപറന്ന ആ അറുപത് പതാകകളിൽ ആത്മാഭിമാനം കൊണ്ട് ഇനിയും ഇത്തരം അനേകായിരം ഹർഷപുളകിതമാക്കുന്ന സമസ്തയുടെ വിളിക്കുത്തരം നൽകാൻ കഴിയണേ …. എന്ന പ്രാർത്ഥനയോടെയാണ് വിശ്വാസി സമൂഹം ഈ കൊല്ലാവസാനം കൊല്ലത്തിന്റെ മണ്ണിനോട് യാത്ര പറഞ്ഞിറങ്ങിയത്…