| മുഹമ്മദ് ആമിര്‍ ഒ.സി മുക്കം |
സമീപകാലങ്ങളില്‍ ഭാരതം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്‌ലാമോഫോബിയ ഇന്ത്യയില്‍ വളര്‍ന്നത്. വളര്‍ന്നതല്ല വളര്‍ത്തിയത് എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. ഇതര സമുദായത്തില്‍പെട്ട ഒരു സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയില്‍ കേള്‍ക്കാനിടയായ ചില പരാമര്‍ശങ്ങളാണ് എത്രത്തോളം സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കാരണമായത്. ഏതായാലും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെ കുറിച്ച് സംസാരിക്കുമ്പോഴും, ചര്‍ച്ചയ്ക്ക് വിധേയമാക്കുമ്പോഴും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ്. അല്ലെങ്കിലും പശുവിന്റെ പേരിലും പൗരത്വ ഭേദഗതി ബില്ല് പാസാക്കിയും മറ്റും ഒരു വിഭാഗത്തിന്റെ തലയിലേക്ക് കുതിര കയറുന്ന മനുഷ്യത്വം മരവിച്ച ചില സങ്കുചിത ചിന്താഗതിക്കാര്‍ക്ക് വീണുകിട്ടിയ കച്ചിത്തുരുമ്പായിരുന്നു നിസാമുദ്ദീന്‍ സമ്മേളനം. ഈ ആരോപണത്തിന്റെ അകത്തളങ്ങളിലേക്കൊന്ന് ഇറങ്ങിച്ചെല്ലുകയാണെങ്കില്‍, ഇതെല്ലാം മനപ്പൂര്‍വ്വം ചില വര്‍ഗീയ ചിന്താഗതിക്കാര്‍ മഹിതമായ ഭാരതത്തിന്റെ മത മൈത്രിയെ തച്ചുതകര്‍ക്കാന്‍ വേണ്ടി പടച്ചുവിട്ട ചിലവ് കുറഞ്ഞ ജുഗുപ്‌സാവഹമായ കാര്യങ്ങളാണെന്ന് മനസ്സിലാകും. ഇവിടെ നിസാമുദ്ദീന്‍ സമ്മേളനവും അതില്‍ വിദേശികളടക്കം വലിയ ജനക്കൂട്ടം തന്നെ പങ്കെടുത്തുയെന്നതുമൊക്കെ യാഥാര്‍ത്ഥ്യമാണ്. പക്ഷേ ആ ദിവസം പരിശോധിച്ചു നോക്കിയാല്‍ ആ സമ്മേളനം നടന്നത് വൈറസ് ഭീതി വലിയതോതില്‍ ഭാരതത്തെ പിടികൂടാത്ത, ഡല്‍ഹികലാപ അരോചകങ്ങള്‍ അതിനെയെല്ലാം മറ സൃഷ്ടിച്ച അവസരത്തിലായിരുന്നു. വളരെ കൃത്യമായി പറഞ്ഞാല്‍ വിദേശികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത സമ്മേളനം നടന്നത് മാര്‍ച്ച് 8 മുതല്‍ 10 വരെയുള്ള ദിവസങ്ങളിലായിരുന്നു. എന്നാല്‍ ആദ്യമായി പ്രധാനമന്ത്രി ജനത കര്‍ഫ്യു പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 22 നാണ്. അന്ന് വൈകിട്ടാണ് ഡല്‍ഹിയില്‍ അവിടുത്തെ മുഖ്യമന്ത്രി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇവിടെയാണ്, മാര്‍ച്ച് 22 ന് ശേഷം പ്രഖ്യാപിതമായ കര്‍ഫ്യൂ ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാതെയാണ് വിദേശികള്‍ പങ്കെടുത്തത് എന്ന് പറയുന്നതിലെ വിരോധാഭാസം നാം മനസ്സിലാക്കേണ്ടത്. സമ്മേളനം നടക്കുമ്പോള്‍ യാതൊരു വിധത്തിലുള്ള വിലക്കോ നിരോധനമോ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. മാത്രമല്ല അധികൃതരില്‍നിന്ന് ലഭിച്ച പൂര്‍ണ്ണ അനുമതിയോടെ മാത്രമാണ് സമ്മേളനം നടന്നത്. അന്ന് അനുമതി നിഷേധിച്ചിരുന്നെങ്കില്‍ അവിടെ സമ്മേളനം നടക്കുമായിരുന്നില്ല.
ഇതില്‍ പങ്കെടുത്ത ചില വിദേശികള്‍ക്ക് പിന്നീട് രോഗം സ്ഥിതീകരിച്ചെന്ന് വാശി പിടിക്കുന്ന മന്ത്രി സ്ഥാനമലങ്കരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ മനസ്സിലാക്കേണ്ടത് ഒരിക്കലും അവരുടെ അഡ്രസ്സ് സ്വീകരിച്ചല്ല രോഗ വ്യാപനം നടന്നത് എന്നാണ്. വിദേശികള്‍ രോഗബാധിതര്‍ ആണെങ്കില്‍ എന്തുകൊണ്ട് ഇത്തരമൊരു സാഹചര്യത്തില്‍ അവരെ വിമാനത്താവളത്തില്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടില്ല. അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.
മാര്‍ച്ച് 21 നുണ്ടായ അപ്രതീക്ഷിതമായ തീവണ്ടി റദ്ദാക്കലും, 22 ലെ ജനതാ കര്‍ഫ്യൂവും, അന്ന് വൈകിട്ട് തന്നെയുള്ള ഡല്‍ഹിയിലെ ലോക് ഡൗണും എല്ലാം വന്നപ്പോഴേക്കും അവിടെയുള്ള പ്രതിനിധികള്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിപ്പോയി എന്നതാണ് സത്യം. പ്രതീക്ഷിക്കാതെയുള്ള ഇത്തരം തിരിച്ചടികള്‍ അവര്‍ക്ക് റോഡുമാര്‍ഗമെങ്കിലും സ്വദേശത്തേക്ക് പോകാമെന്ന അവസാന കവാടത്തിന്റെയും താഴികപ്പൂട്ടായിരുന്നു. അതുകൊണ്ടുതന്നെ മാര്‍ച്ച് 24 ന് വൈകീട്ട് നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷന്‍ എസ്,എച്ച്, ഒ മര്‍കസ് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആയിരത്തോളം പേര്‍ അവിടെ അകപ്പെട്ടു പോയിരുന്നു. അപ്പൊഴെല്ലാം മര്‍ക്കസില്‍ കുടുങ്ങിപ്പോയവരെ ഒഴിപ്പിച്ചു കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് രേഖാമൂലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയും പോലീസിനെയും സമീപിക്കുകയും ഇവര്‍ക്ക് വേണ്ടി ഒരുക്കിയ 17 വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ കൈമാറുകയും ചെയ്തുവെങ്കിലും അനുമതി നല്‍കാതെ കെജിരിവാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നാണ് മര്‍ക്കസ് അധികൃതരുടെ വാദം.
ഇത്തരത്തില്‍ എല്ലാ മേഖലയില്‍ നിന്നുള്ള വിമര്‍ശനങ്ങളും കൊട്ടിയടച്ചതിനുശേഷവും ഇതിനെ രാഷ്ട്രീയ കഴുകക്കണ്ണുകളോടെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍, എല്ലാവരും നിസ്സഹായരായി പരസഹായം തേടുന്ന ഈ കൊറോണ കാലത്തും വര്‍ഗീയവാദികള്‍ അവസരമാക്കി എന്നതാണ് ആഗോളതലത്തില്‍ ഇത് പ്രതിഷേധത്തിനിടയാക്കാന്‍ കാരണമായത്. മാത്രമല്ല ഒരു പരിധി കഴിഞ്ഞപ്പോള്‍ ഇത്തരം കരാളഹസ്തരുടെ വര്‍ഗ്ഗീയ വിഷധൂളികള്‍ തബ്ലീഗുകാരെ വിട്ട് ഈ ഇന്ത്യ മഹാരാജ്യത്തെ 20 കോടിയിലധികം വരുന്ന മുസ്‌ലിം സമുദായത്തിനെതിരെ തിരിഞ്ഞു. മുസ്‌ലീങ്ങള്‍ രാജ്യത്ത് മനപൂര്‍വ്വം കോറോണ പരത്തി എന്ന് തുടങ്ങി, പാക് ചാരസംഘടനയായ ഐ.എസ്.ഐ തബ്ലീഗുകാരെ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ ഈ പകര്‍ച്ചവ്യാധി പകര്‍ത്തുകയായിരുന്നു എന്ന സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള അടിസ്ഥാനരഹിതമായ അസംബന്ധങ്ങള്‍ വരെ വിളിച്ചുകൂവി.അറബ് രാഷ്ട്രങ്ങളുടെ കനിവില്‍ ജീവിതോപാധി തേടിയിരുന്ന വര്‍ഗീയ വിഷം മൂര്‍ധന്യതയില്‍ എത്തിയ ചില സഘികള്‍ മുസ്ലീങ്ങള്‍ക്കെതിരെ ഉറഞ്ഞു തുള്ളുകയും സ്ഥലകാലബോധമില്ലാതെ തന്റെ അവിവേകം കാരണം ജോലി പോലും പണയപ്പെടുത്തി പാര്‍ട്ടിയുടെ കൈയ്യടി നേടി. മാന്യമായി ജോലി ചെയ്യുന്ന ഹൈന്ദവ സുഹൃത്തുക്കള്‍ക്ക് വരെ ദോഷകരമാകുന്ന തരത്തിലായിരുന്നു അവരുടെ കോപ്രായങ്ങള്‍ എന്നത് വളരെ സങ്കടകരമാണ്.
ഇതിന്റെ പ്രതിഫലനമെന്നോണം ഉത്തര്‍പ്രദേശിലെ ഒരു കാന്‍സര്‍ സെന്റര്‍ മുസ്‌ലിങ്ങള്‍ക്ക് ചികിത്സ വേണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വരെ നിര്‍ബന്ധമാക്കി. മുസ്‌ലിമീങ്ങളെ അകറ്റി നിര്‍ത്തണമെന്ന് പല നേതാക്കളും പെരുമ്പറ കൊട്ടി. അവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയോ നല്‍കുകയോ ചെയ്യരുതെന്ന് പ്രസ്താവനയിറക്കി. ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ യഹൂദരാണ് അതിനുത്തരവാദികള്‍ എന്ന് ഭരണകൂടം ആരോപിക്കുകയും അതോടെ പെരുവഴിയില്‍ കാണുന്ന ജൂതരെ കല്ലെറിഞ്ഞ് ഓടിച്ചത് പോലെ ഇവിടെ തബ്ലീഗുകാരെ തല്ലിക്കൊന്ന സംഭവം പോലുമുണ്ടായി.
ഇതിനായി അവര്‍ നവമാധ്യമങ്ങളെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളെയും പരമാവധി ദുരുപയോഗം ചെയ്തു. ചില മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മത്തിന് തന്നെ പേരുദോശം സൃഷ്ടിച്ച് അവര്‍ക്ക് വെള്ളവും വളവും ആവോളം നല്‍കി എന്ന് പറയുന്നതാവും ശരി. രാജ്യത്ത് കൊറോണ പരത്താന്‍ മുസ്‌ലീങ്ങളോട് പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട് എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. മറ്റുള്ളവരുടെ ഭക്ഷണത്തില്‍ തുപ്പാനും ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന സാധനങ്ങളില്‍ തുപ്പുനീര്‍ കുടയാനും ആവശ്യപ്പെടുന്നതായി ഒരു യുവ പണ്ഡിതന്റെ വീഡിയോ ‘ഇന്ത്യന്‍ ടിവി’ ഏപ്രില്‍ 13 ന് സംപ്രേഷണം ചെയ്തു. വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്ത ‘ആള്‍ട്ട്‌ന്യൂസ് ‘ നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് ഫെയ്‌സ് സയ്യിദ് അലി എന്ന യുവ പണ്ഡിതന്‍ 2017 ഒക്ടോബര്‍ 25 ന് യൂട്യൂബിലൂടെ നല്‍കിയ പ്രസംഗത്തിന്റെ ഭാഗമാണത്. പൈശാചിക ബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടതുഭാഗത്ത് മൂന്നുതവണ തുപ്പണമെന്ന് പറഞ്ഞതാണ് കോവിഡ് പരത്താന്‍ എന്നാക്കി മാറ്റിയത്. ഭക്ഷണ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാന്‍ പ്ലേറ്റിലെ ഭക്ഷണമെല്ലാം നക്കി തുടച്ചു കഴിക്കുന്ന വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു വൃദ്ധന്റെ വീഡിയോയും, തന്റെ മാതാവും സഹോദരിയും കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ വിലക്കിയ പോലീസുകാരന്റെ മുഖത്തേക്ക് തുപ്പുന്ന വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കുറ്റവാളിയുടെ വീഡിയോയും എല്ലാം ഇത്തരത്തില്‍ ദുരുപയോഗം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മീഡിയ സ്‌കാനര്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ ഏപ്രില്‍ മാസത്തില്‍ മാത്രം 28 ഇസ്‌ലാമോഫോബിയ അക്രമസംഭവങ്ങളും മതസ്പര്‍ദ്ദ വളര്‍ത്തുന്ന 69 വ്യാജ വീഡിയോകളുമാണ് കണ്ടെത്തിയത്. ലോകരാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന യു.എന്‍ വരെ ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുനല്‍കി. അമേരിക്കയിലെ മതസ്വാതന്ത്ര്യത്തിനുള്ള അന്താരാഷ്ട്ര കമ്മീഷന്‍ അതിക്രൂരമെന്ന് കുറ്റപ്പെടുത്തി. ഭാരത സര്‍ക്കാര്‍ ടെലികോം കമ്പനികള്‍ മുഖേന നല്‍കുന്ന മുന്നറിയിപ്പുകളില്‍ വരെ ‘ടവ്വലുകള്‍ ഉപയോഗിക്കണമെന്ന’ മുന്നറിയിപ്പിനു പകരമായി ‘രോഗികള്‍ക്കടയില്‍ വിവേചനം പാടില്ല നമ്മുടെ പോരാട്ടം രോഗികളോടല്ല രോഗത്തോട് ആണ്’ എന്നുള്ള മുന്നറിയിപ്പ് വരെ രാജ്യത്ത് ഒട്ടാകെയുള്ള ആളുകള്‍ ഫോണ്‍ വിളികള്‍ക്കുമുന്നേ ശ്രദ്ധിക്കാന്‍ തുടങ്ങി. അത്രയധികം ഭയങ്കരമായിരുന്നു കൊറോണ വൈറസിനേക്കാള്‍ ഭീകരമായ ഈ വിദ്വേഷ വൈറസിന്റെ വ്യാപനം.
എന്നാല്‍ ഇത്തരമൊരു പ്രതിസന്ധികള്‍ക്കിടയിലും മറ്റു പല സമ്മേളനങ്ങളും പരിപാടികളും സര്‍ക്കാര്‍ ഒത്താശയോടെ തന്നെ ഇന്ത്യയുടെ പല കോണിലും നടന്നിട്ടുണ്ട്. എന്നാല്‍ അതിലെല്ലാം കണ്ണടച്ചു ഇരുട്ടാക്കുന്ന നയമാണ് അധികൃതര്‍ സ്വീകരിച്ചത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരത്തില്‍ എത്തിയത്. മാര്‍ച്ച് 22 ന് പ്രഖ്യാപിച്ച ലോക് ഡൗണും ജനത കര്‍ഫ്യൂവുമെല്ലാം കാറ്റില്‍പറത്തി മാര്‍ച്ച് 23 നായിരുന്നു പ്രോട്ടോകോള്‍ പോലും ലംഘിച്ച് വലിയ ജനക്കൂട്ടം സംഘടിച്ച ശിവരാജ് സിംഗ് ചൗഹാന്റെ സത്യപ്രതിജ്ഞ. പ്രോട്ടോകോള്‍ പാലിക്കാന്‍ നിയമസഭ സമ്മേളനം ഇപ്പോള്‍ ചേരാന്‍ കഴിയില്ലെന്നകമല്‍നാഥ് സര്‍ക്കാറിന്റെ വാദം ഗവര്‍ണറും ബിജെപിയും സുപ്രീംകോടതിയും ചെവിക്കൊണ്ടില്ല. എന്നാല്‍ ഇത് കാരണം അവര്‍ നേരിടേണ്ടി വന്ന വളരെ ഭയാനകരമായ കാര്യങ്ങളായിരുന്നു പിന്നീട് രാജ്യം ദര്‍ശിച്ചത്. മന്ത്രിസഭ രൂപീകരിക്കാത്തത് കാരണം സംസ്ഥാനത്തെ ആരോഗ്യ കാര്യങ്ങള്‍ വിലയിരുത്താനും ലോക് ഡൗണ്‍ നിയ ന്തിക്കാനും ആരോഗ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇല്ലാത്ത അവസ്ഥയായിരുന്നു. ഇവരുടെ അഭാവം വലിയ ദുരന്തത്തിന് സാക്ഷ്യംവഹിക്കുന്നതിലേക്ക് അവരെ എത്തിച്ചു. രോഗബാധിതരുടെ എണ്ണം മാര്‍ച്ചില്‍ ഏറെ താഴെയായിരുന്ന മധ്യപ്രദേശ് ഇന്ന് രണ്ടായിരവും കടന്ന് മഹാരാഷ്ട്രക്കും ഡല്‍ഹിക്കും പിന്നാലെ തന്നെയുണ്ട്. രാജ്യത്തെ ഏറ്റവും താളംതെറ്റിയ കോവിഡ് പ്രവര്‍ത്തനമായിരുന്നു മധ്യപ്രദേശിലേത്. കൂടാതെ രോഗികള്‍ കൂടുതലാകലോടുകൂടെ രോഗം ഭേദമായവരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ്. മറ്റൊരു സംസ്ഥാനത്തും സമാന സാഹചര്യം നിലവിലില്ല. രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച മഹാരാഷ്ട്ര പോലും മധ്യപ്രദേശിനേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എങ്ങനെയാണ് രാഷ്ട്രീയക്കാരുടെ അലസത ഒരു സംസ്ഥാനത്തെ തകര്‍ക്കുക എന്നതിന്റെ നേര്‍കാഴ്ചയായിരുന്നു അവിടെ. ഇന്‍ഡോറില്‍ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ രോഗം ബാധിച്ചു മരിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ രാജകുമാര്‍ പാണ്ഡക്ക് രോഗം സ്ഥിതീകരിച്ചു. ഇതിനുപിന്നാലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജെ.വി ജയകുമാര്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ ഡയറക്ടര്‍ വീണ സിന്‍ഹ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗ പ്രതിരോധശേഷി കുറഞ്ഞ 1984 ലെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളില്‍ രോഗം വ്യാപിക്കുകയും അഞ്ചിലധികം പേര്‍ മരിക്കുകയും ചെയ്തു. ഇവരില്‍ രോഗബാധ ഉണ്ടായാല്‍ നിരവധി പേര്‍ മരിക്കും എന്ന പൊതുപ്രവര്‍ത്തകന്റെ മുന്നറിയിപ്പും സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. ഇത്രയധികം നീചമായിരുന്നു മധ്യപ്രദേശിലെ അവസ്ഥ. എന്നിട്ടും തബ്ലീഗ് സമ്മേളനത്തെ വിമര്‍ശിച്ചവര്‍ക്കിടയിലോ കോര്‍പ്പറേറ്റ് മാധ്യമങ്ങളിലോ ഇതൊന്നും വലിയതോതില്‍ കോളിളക്കം സൃഷ്ടിച്ചതായി കണ്ടില്ല. കേവലം മധ്യപ്രദേശ് മാത്രമല്ല ഇതിനുദാഹരണം എന്നതും ഏറെ ഞെട്ടിക്കുന്നതാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി തന്നെയായിരുന്നു മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെ അയോധ്യയില്‍ നടന്ന ആയിരത്തിലധികമാളുകള്‍ പങ്കെടുത്ത രാം നവമി ആഘോഷപരിപാടികള്‍, തബ്ലീഗുകാര്‍ രോഗം പരത്തുന്നു എന്ന് പരിശോധനകള്‍ക്ക് പോലും തയ്യാറാകാതെ ആക്ഷേപിച്ച യുപി മുഖ്യമന്ത്രി പോലും ഇതില്‍ പങ്കെടുത്തു എന്നതാണ് കൂടുതല്‍ വിമര്‍ശനീയം. പാര്‍ലമെന്റ് സമ്മേളനം മുതല്‍ കര്‍ണാടകയിലെ ഹോട്‌സ്‌പോട്ടായ കല്‍ബുര്‍ഗിയില്‍ വരെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സിദ്ധ ലിംഗേശ്വര ക്ഷേത്ര രഥോത്സവമടക്കം അവിടുത്തെ മുഖ്യമന്ത്രി യെദ്യൂപ്പയുടെ മകളുടെ വിവാഹവും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്റെ വിവാഹവും വരെ പൊടിപൊടിച്ചു. നമ്മുടെ കേരളത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല വരെ നടന്നു. പക്ഷേ അവിടെയെല്ലാം നിയമം നോക്കുകുത്തിയായി.
ചൈനയിലെ വുഹാനില്‍ നിന്നാണ് ഈ മഹാമാരിയുടെ ജന്മം എന്നറിയാത്ത നാലാം ക്ലാസുകാരന്‍ പോലും ഒരു പക്ഷേ ലോകത്ത് ഉണ്ടാവില്ല. മാത്രമല്ല അവിടെ നിന്ന് 27 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നു പക്ഷേ ഇതൊരു കമ്മ്യൂണിസ്റ്റ് വൈറസാണെന്ന് തലക്ക് വെളിവുള്ള ആരും പ്രചരിപ്പിച്ചിട്ടില്ല. വത്തിക്കാനില്‍ മാര്‍പാപ്പ ഏകനായി പ്രാര്‍ത്ഥിച്ച് മാതൃക കാണിച്ചെങ്കിലും പല കാര്‍ദിനാള്‍മാരും അത് അംഗീകരിച്ചിട്ടില്ല. ഇറ്റലിയില്‍ നിന്ന് മാത്രം 46 രാജ്യങ്ങളിലേക്ക് രോഗം പടരുകയും ചെയ്തു എന്നിരുന്നാലും ഇതിനെ ഒരു ക്രിസ്ത്യന്‍ വൈറസ് എന്ന് ഒരു സമൂഹ മാധ്യമവും അറിയാതെപോലും പരാമര്‍ശിച്ചിട്ടില്ല. ലോകത്ത് രോഗം ഏറ്റവും കൂടുതല്‍ മരണം വിതച്ച അമേരിക്കയടക്കം മറ്റു രാജ്യങ്ങളൊന്നും അവിടുത്തെ ന്യൂനപക്ഷത്തിന്റെ മേല്‍ കുറ്റം ചുമത്തിയിട്ടില്ല. എന്നാല്‍ ലോകത്ത് ഒരേയോരു രാജ്യത്ത് മാത്രമാണ് കോവിഡിനെ മതവിരോധം തീര്‍ക്കാനുള്ള ആയുധമാക്കി മാറ്റിയത്. അത് ഗാന്ധിജിയെ പോലെയൊരു മനുഷ്യ സ്‌നേഹിയെ രാഷ്ട്രപിതാവായി ലഭിച്ചു എന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇന്ത്യയിലായിരുന്നു. ഇത്തരത്തില്‍ വര്‍ഗീയത മനസ്സില്‍ തളം കെട്ടി നില്‍ക്കുന്ന മന്ത്രിമാരടക്കം പലരും നമ്മുടെ മഹിതമായ രാജ്യത്തിന്റെ സാംസ്‌കാരിക വൈജ്ഞാനിക സമ്പന്നത ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പിച്ചിചീന്തി. എത്ര തന്നെയായാലും വര്‍ഗീയ വാധികളോട് ഒന്നേ പറയാനുള്ളൂ; നിങ്ങള്‍ തന്ന അതേ നാണയത്തില്‍ ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ ഒരിക്കലും തിരിച്ചടിക്കില്ല. ഇവിടെ അബേദ്ക്കറും അലി സഹോദരന്‍മാരും ഗാന്ധിയും നെഹ്‌റുവുമെല്ലാം നേടിത്തന്ന, മത മൈത്രിയെ തകര്‍ത്ത് ഈ ആരോഗ്യ അടിയന്തരാവസ്ഥക്കിടയില്‍ ഒരു രാഷ്ട്രീയ അടിയന്തരാവസ്ഥ സൃഷ്ടിക്കുകയാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ പ്രബുദ്ധ ജനങ്ങള്‍ക്കിടയില്‍ സത്യത്തെ ഒരുപാട് കാലം മറച്ചുവെക്കാന്‍ നിങ്ങള്‍ക്കാവില്ല എന്നോര്‍ക്കുന്നത് നന്നാവും. ഇനി അതല്ല ആധുനിക കാലത്തുള്ള ക്വാറന്റീന്‍ പ്രാക്ടീസിന്റെയും ഐസലോഷന്റെയും പാഠങ്ങള്‍ ‘ഒരു പ്രദേശത്ത് പകര്‍ച്ചവ്യാധി ഉണ്ടായാല്‍ നിങ്ങള്‍ അവിടെക്ക് പോകുകയോ അവിടെ നിന്ന് പുറത്ത് കടക്കുകയോ അരുത്, രോഗമുള്ള ഒട്ടകത്തെ രോഗമില്ലാത്ത ഒട്ടകങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണം’തുടങ്ങിയ നിരവധി പ്രവാചക അധ്യാപനങ്ങളില്‍ നിന്നും ആധുനിക ശാസ്ത്രത്തിനും ഗവേഷകര്‍ക്കും ലഭിക്കുന്നുണ്ടെന്ന ന്യൂസ് വീക്ക് പോലോത്ത ലോകപ്രസ്തമായ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളാണ് നിങ്ങളെ ആലോസരപ്പെടുത്തുന്നതെങ്കില്‍ വളരെ വിനയപൂര്‍വ്വം ഓര്‍മിപ്പിക്കാനുള്ളത്, ഇത്തരത്തില്‍ പുകമറ സൃഷ്ടിച്ചിട്ട് കാര്യമില്ല. കാരണം നാഥന്‍ അവന്റെ വെളിച്ചത്തെ പുര്‍ണ്ണമാക്കുക തന്നെ ചെയ്യും.