| സയ്യിദ് അമീറുദ്ധീന്‍ പി.എം.എസ് കാര്യാവട്ടം |
ലോക മഹാമാരിക്കിടയിലും വിശുദ്ധമായ ഈദുല്‍ ഫിത്വര്‍ നമ്മിലേക്ക് ആഗതമായിരിക്കുന്നു. പ്രാര്‍ത്ഥനാനിര്‍ഭരമായ പാതി രാവുകളും, ത്യാഗനിര്‍ഭരമായ മദ്ധ്യാഹ്നങ്ങളും, ആത്മീയ സായൂജ്യത്തിന്റെ സന്ധ്യകളും നമ്മോട് സലാം ചൊല്ലി പിരിഞ്ഞിരിക്കുന്നു. റയ്യാനെന്ന കവാടം വ്രതമനുഷ്ഠിച്ച, തഖ്വസിദ്ധിച്ച സത്യവിശ്വാസികള്‍ക്കായി ആമോദത്തോടെ കാത്തിരിക്കുന്നു. പെരുന്നാള്‍ ത്യാഗത്തിന്റെ, പരിപൂര്‍ണ്ണതയുടെ ആഹ്ലാദമാണ് അല്ലാഹുവിനുവേണ്ടി മോഹങ്ങളെ തിരസ്‌കരിച്ച ആത്മാവിന്റെ ആഘോഷമാണ്. ആത്മീയതയും സൂക്ഷ്മതയും നിറഞ്ഞുനിന്ന മനോഹരമായ ഭൂതകാല പെരുന്നാളിന്റെ ഓര്‍മ്മകള്‍ വര്‍ത്തമാനകാലത്ത് ഒരു പകലിന്റെ വിരസതയാര്‍ന്ന ആഘോഷമായി മാറിയിട്ടുണ്ടോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. മഹത്തായ പെരുന്നാള്‍ അതിരുവിട്ട ആഹ്ലാദങ്ങളുടെയും,ആഘോഷങ്ങളുടെയും ദിനമല്ല പ്രാര്‍ത്ഥനയോടെ ദിനമാണ്. എന്നാല്‍ ആഘോഷിക്കേണ്ട എന്നൊന്നും ഇതിനര്‍ത്ഥമില്ല. അതിരുകള്‍ ഭേദിക്കാത്ത രീതിയില്‍ ഒരു സത്യവിശ്വാസി ആഘോഷിക്കുക തന്നെ വേണം. വൈറസ് കാരണം ലോകം കരയുമ്പോള്‍, ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സഹോദരന്മാര്‍ പട്ടിണിയിലും ദുരിതത്തിലും അകപ്പെട്ട പ്രയാസപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവുമായിരിക്കണംപെരുന്നാള്‍. ഒരുമാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം രാത്രിയിലെ നീണ്ട നിസ്‌കാരം എല്ലാത്തില്‍നിന്നും വിശ്വാസി നേടിയെടുത്ത ആത്മീയമായ പരിശുദ്ധി അതിന്റെ സമര്‍പ്പണമാണ്,സന്തോഷമാണ് പെരുന്നാള്‍. ആത്മീയമായ ഏതൊരു നേട്ടം കൈവരിക്കുമ്പോഴും അതിനെ സന്തോഷത്തോടുകൂടി ആഘോഷിക്കുക എന്നതാണ്ഇതിന്റെ പിന്നില്‍
അരുത് ഇനി മടങ്ങരുത്
റജബില്‍ വിത്തുവിതച്ച് ശഅ്ബാനില്‍ അതിനെ നനച്ച് പരിപാലിച്ചു റമളാനില്‍ അതിനെ കൊയ്‌തെടുക്കണംഎന്ന ഉദ്ദേശത്തോടുകൂടി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ശരീരത്തെയും, ആത്മാവിനെയും അല്ലാഹുവിലേക്ക് സമര്‍പ്പിച്ചവരാണ് നാം. പരിശുദ്ധ റമദാനിലെ ഓരോ രാപ്പകലുകളും നിസ്‌കാരത്തിലും, ഖുര്‍ആന്‍ പാരായണത്തിലും, ഇല്‍മ് സ്വീകരിക്കുന്നതിലും നാം കഴിച്ചു കൂട്ടി. ഇതു മൂലം പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത രൂപത്തിലുള്ള വലിയ ആത്മീയാനന്ദം നേടാന്‍ നമുക്ക് സാധിച്ചു. നമ്മുടെ മനസ്സുകളില്‍ ആഞ്ഞുവീശിയ കാലമായിരുന്നു റമദാന്‍ അത് പ്രതീക്ഷിച്ചതു പോലെ തന്നെ നമ്മുടെ ഉള്ളുകളെ കുളിരണിയിച്ചു ദാനധര്‍മ്മങ്ങളിലും നന്മകളിലും മനസ്സ് സന്തോഷവും സംതൃപ്തിയും കണ്ടു. സ്വഭാവങ്ങളും ശീലങ്ങളും മൂല്യങ്ങളിലേക്ക് മടങ്ങിയെത്തി അങ്ങനെ മനസ്സിന്റെ മട്ടും ഭാവവും മാറി. ഏറ്റവും കുറഞ്ഞത് തിന്മകളോടുള്ള ഒരുതരം വിരക്തിയും നന്മകളോടുള്ള ആസക്തിയും റമദാനിനെ മാനിക്കുന്ന ഏതൊരാളിലും ഉണ്ടാകുന്നു. ഒരുപാട് കാലമായി തിന്മകളുടെ ഊടുവഴികളിലൂടെ കൂലം കുത്തിയൊഴുകിയ പലരുടെയും തിരിച്ചുവരവ് തിന്മകളില്‍ അഭിരമിച്ചിരുന്ന പലരുടെയും പശ്ചാത്താപം നിസ്‌കാരമടക്കം ആരാധനകളില്‍ കൃത്യനിഷ്ഠത ഇല്ലാതിരുന്ന പലര്‍ക്കും കൃത്യനിഷ്ഠത ഉണ്ടായത് തുടങ്ങി റമദാനിന്റെ സ്വാധീനത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരവധിയാണ്. റമദാന്‍ എന്ന ആത്മീയ വസന്തത്തിന് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന് തെളിയിക്കുകയാണ് ഈ അനുഭവങ്ങള്‍ ഈ രൂപത്തില്‍ റമദാന്‍ നമ്മുടെ ജീവിതത്തില്‍ സ്വഭാവത്തില്‍ മാറ്റങ്ങള്‍സംഭവിപ്പിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും റമദാന്‍ നമുക്ക് അനുകൂലമായിരിക്കുന്നുവെന്ന് ഉറപ്പിക്കാം. കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നമ്മുടെ വ്രതം വെറും പട്ടിണി കിടക്കല്‍ മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാം. സുകൃതങ്ങള്‍ പെയ്തിറങ്ങിയ നന്മകളുടെ സുന്ദരമായ ഈ വഴികളില്‍ നിന്ന് ഇനി ഒരു മടക്കം ഉണ്ടാവരുത്. കാരണം റമദാന്‍ നമ്മെ സംസ്‌കരിച്ചത് വെറും മുപ്പത് ദിവസങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല. നോക്കൂ റമദാനിലെ കര്‍മ്മങ്ങളും സ്വഭാവങ്ങളും ശീലങ്ങളും എല്ലാം റമളാന്‍ അല്ലാത്ത കാലത്തും നാം ചെയ്യേണ്ടവയാണ്. ഫര്‍ളായ നോമ്പിനെഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം ഏതു കാലത്തേക്കുമുള്ള സ്രഷ്ടാവിന്റെ കല്‍പ്പനകളും നിയമങ്ങളുമാണ്. അവ ഓരോന്നും നാം തുടങ്ങി കഴിഞ്ഞു ഇനി അത് തുടരുക എളുപ്പമാണ്. അതിനാല്‍ വിശുദ്ധ റമദാന്‍ നമുക്ക് നേടിത്തന്ന ആത്മീയ തണല്‍ നശിപ്പിക്കരുത് റമളാന്‍ കഴിഞ്ഞാല്‍ നന്മകളില്‍ നിന്നും തിരിഞ്ഞു നടക്കുന്നവര്‍ ഗുരുതര പാതകമാണ് ചെയ്യുന്നത്. കാരണം അത് നന്ദികേടാണ് നന്നാകുവാനുള്ള അവസരം തന്നു നന്നാക്കിയെടുത്ത സൃഷ്ടാവിനോടുള്ള നന്ദികേട്. ചെയ്യുന്ന കാര്യങ്ങള്‍ പതിവായി ചെയ്യുക എന്നത് ഇസ്‌ലാമിന്റെ സംസ്‌കാരത്തില്‍ പെട്ടതാണ്. അങ്ങനെ ചെയ്യുമ്പോഴാണ് അവ ജീവിതത്തെ സ്വാധീനിക്കുക. വേദനിക്കുന്നവരുടെ വേദന കാണാന്‍ കഴിയുന്ന ഒരു കണ്ണ്, സങ്കടപ്പെടുന്നവരുടെ നിലവിളി കേള്‍ക്കാന്‍ കഴിയുന്ന ഒരു ശ്രവണേന്ദ്രിയം, കനിവ് തേടുന്നവരുടെ കിനാവുകള്‍ക്ക് കനവ് പകരാന്‍ കഴിയുന്ന ഒരു ഹൃദയം ഇതൊക്കെയാണ് റമദാന്‍ നമുക്ക് നേടിത്തന്നതെങ്കില്‍ പരിശുദ്ധ റമദാന്‍ നമുക്ക് സമ്മാനിച്ച ഈ ഒരു മാനസികാവസ്ഥ ഒരു പെരുന്നാളിന്റെ പകലില്‍ തീര്‍ക്കേണ്ടതല്ല. അതുകൊണ്ട് അടിച്ചുപൊളിക്കാന്‍ ഉദ്ദേശിക്കുമ്പോഴും അതിരു മറന്ന് ആവേശതിമിര്‍പ്പിലേക് അമരാന്‍ ശ്രമിക്കുമ്പോഴും നാം ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. റമദാന്‍ നമുക്ക് ലഭ്യമാക്കി തന്ന ആ ഒരു വിശുദ്ധിയെ കളങ്കം ചെയ്യുന്ന ഒരു ആഘോഷവും സത്യവിശ്വാസിക് ഭൂഷണമല്ല. അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും, അവനെ സ്മരിക്കുകയും, അവന്റെ വഹ്ദാനിയ്യത്തിനെ പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് പെരുന്നാള്‍. എത്ര സമയം പട്ടിണി കിടക്കാനും ഞാന്‍ സന്നദ്ധനാണ് എത്രസമയം നിന്ന് നിസ്‌കരിക്കാനും ഞാന്‍ തയ്യാറാണ് അങ്ങനെയുള്ള ആ സന്നദ്ധത യില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത മാനസികമായ കരുത്ത് ജീവിതത്തിലുടനീളം ഇനിയങ്ങോട്ട് വരുന്ന മാസങ്ങളിലും ആ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് തികഞ്ഞ സത്യസന്ധതയോടെയും, സമര്‍പ്പണ ബോധത്തോടെയും സംതൃപ്തിയോടെയുമാണ് വിശ്വാസി ജീവിക്കേണ്ടത്.
ഇസ്‌ലാമിലെ ആഘോഷങ്ങള്‍
എല്ലാ മതങ്ങള്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ പരിഗണിച്ചുകൊണ്ട് ഒരുപാട് ആഘോഷങ്ങള്‍ ഉണ്ട്. ഏറ്റവും ഉന്നതവും സത്യമതവുമായ പരിശുദ്ധ ഇസ്ലാമിലും ആഘോഷങ്ങളുണ്ട്. എന്നാല്‍ ചില പ്രത്യേക ഇബാദത്തുകള്‍ നിര്‍ണയിച്ചു കൊണ്ടുള്ള ആഘോഷങ്ങള്‍ ഇസ്ലാമില്‍ രണ്ടെണ്ണം മാത്രമേയൊള്ളു. അത് ചെറിയ പെരുന്നാളും, ബലി പെരുന്നാളുമാണ്. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളും ഇവ തന്നെയാണ്. അനസ് (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം ഇസ്ലാമിന്റെ ഉദയ കാലത്ത് നബി (സ്വ) മദീനയിലേക്ക് വന്നപ്പോള്‍ ജനുവരി ഒന്നിന് നൈറൂസ് എന്ന പേരിലും തുലാം ഒന്നിന് മഹര്‍ജാന്‍ എന്ന പേരിലും ജനങ്ങള്‍ ആഘോഷങ്ങള്‍ കൊണ്ടാടുന്നതായി കാണാന്‍ സാധിച്ചു. കേവലം, തീറ്റയും കുടിയും കൂത്താട്ടവും മാത്രമായി ചുരുങ്ങിയ അവരുടെ ആഘോഷങ്ങള്‍ കണ്ട നബി (സ്വ) തങ്ങള്‍ അതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു:’ ഞങ്ങള്‍ വിനോദത്തിനു വേണ്ടി നീക്കിവെച്ച രണ്ടു ദിവസങ്ങളാണവ’.. അപ്പോള്‍ നബി (സ്വ) തങ്ങള്‍ പറഞ്ഞു: ഈ രണ്ടു ദിവസങ്ങള്‍ക്ക് പകരമായി അല്ലാഹു നിങ്ങള്‍ക്ക് മറ്റ് രണ്ട് ദിവസങ്ങള്‍ നിശ്ചയിച്ചു തന്നിരിക്കുന്നു. ഈദുല്‍ ഫിത്വറും, ഈദുല്‍ അള്ഹയുമാണ് ആ രണ്ട് ദിനങ്ങള്‍ (അബൂദാവൂദ്).
എന്നാല്‍ ഏതു വിഷയങ്ങളിലുമുള്ളത് പോലെ തന്നെ നിയമ വലയങ്ങള്‍ക്കുളിലുള്ള ആഘോഷ വിനോദങ്ങളെയാണ് ഇസ്‌ലാം അംഗീകരിക്കുന്നത്. അതിരുകടന്ന ആഘോഷങ്ങള്‍ ആഭാസകരമാണ്. ശരീഅത്തിനോട് വിരുദ്ധമായ രൂപത്തിലല്ലാത്ത പ്രോത്സാഹനര്‍ഹമായ, കായികവിനോദങ്ങളും, പാട്ടുകളും, പെരുന്നാള്‍ ദിനത്തില്‍ അനുവദിക്കപ്പെട്ടതാണ്. പെരുന്നാളിന്റെ പേരില്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുന്ന കുത്തഴിഞ്ഞ പ്രവണത ഇസ്ലാമിലില്ല. മറിച്ച് ഇസ്ലാമിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പരിധി ലംഘിക്കാതെയുള്ള ആഘോഷങ്ങളാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത് ഭക്തിയും, സമൂഹ കെട്ടുറപ്പും, കുടുംബ ബന്ധം പുലര്‍ത്തലും ദൈവമഹത്വം പ്രഘോഷിക്കലും സമസ്ത സൃഷ്ടികളുടെയും നന്മക്ക് വേണ്ടി യത്‌നിക്കലും പരിധി ലംഘിക്കാത്ത ആഘോഷങ്ങളില്‍ പെട്ടതാണ്.
ഒരുപാട് ആഘോഷിച്ചു പരസ്പരം സന്തോഷങ്ങള്‍ കൈമാറി വെറുമൊരു ആഘോഷദിനമാക്കി മാറ്റുക എന്നതിലപ്പുറം സഹകരണത്തിന്റെയും സഹായത്തിന്റെയും ഒരു വലിയ സന്ദേശം ഉള്‍ക്കൊള്ളുന്നുണ്ട് രണ്ട് പെരുന്നാളുകളിലും. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കി ഈ പെരുന്നാളിന്റെ പകലില്‍ ആരും പട്ടിണി കിടക്കരുതെന്ന തീരുമാനം അടങ്ങിയിട്ടുള്ളതാണ് ഇസ്ലാമിന്റെ ഫിത്വര്‍ സകാത്ത്. ബലിപെരുന്നാളിന്റെ മാംസ വിതരണത്തില്‍ പങ്കുവെക്കല്‍ എന്നതും കടന്നുവരുന്നു. കൊടുത്തും വാങ്ങിയും ഒരു സമൂഹത്തിന്റെ പരസ്പര ബന്ധത്തിന് ഭദ്രത ഊട്ടിയുറപ്പിക്കാനും പരസ്പര സ്‌നേഹ കൈമാറ്റങ്ങളും പെരുന്നാളിലൂടെ കടന്നുവരുന്നു. സമൂഹത്തില്‍ ഒരുപാട് നിര്‍ധനരായ രോഗികളുണ്ട് അവരെ സഹായിച്ചു കൊണ്ടായിരിക്കണം നാം ആഘോഷിക്കേണ്ടത്, തങ്ങളുടെ ദുഃഖങ്ങള്‍ പറയാന്‍ പോലും ആരും ഇല്ലാതെ മരിച്ചു ജീവിക്കുന്ന ചിലരെ നമുക്ക് കാണാന്‍ സാധിക്കും അവര്‍ക്ക് സാന്ത്വനമേകി കൊണ്ടായിരിക്കണം നാം ആഘോഷിക്കേണ്ടത്, കോവിഡ് പശ്ചാത്തലത്തില്‍ ഗവണ്മെന്റിന്റെയും, ആരോഗ്യവകുപ്പിന്റെയും എല്ലാ നിര്‍ദ്ദേശങ്ങളും, നിയമങ്ങളും പാലിച്ചുകൊണ്ട് നമ്മുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിച്ചുകൊണ്ട് കുടുംബ ബന്ധം പുലര്‍ത്തി കൊണ്ടുമായിരിക്കണം നാം ആഘോഷിക്കേണ്ടത്, ജീവിച്ചിരിക്കുന്ന നമ്മുടെ മാതാപിതാക്കള്‍ക്ക് സന്തോഷവും സ്‌നേഹവും കൈമാറണം. വൈറസിന്റെ ഭീകര പിടിയില്‍ അകപെട്ടവര്‍ക്കും, മരണപ്പെട്ടുപോയ ബന്ധുക്കള്‍ക്കും സ്‌നേഹ ജനങ്ങള്‍ക്കും പ്രാര്‍ത്ഥിക്കലും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മുസ്‌ലിമായതിന്റെ പേരില്‍ പീഡനവും മര്‍ദ്ദനവും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന നമ്മുടെ മുസ്‌ലിം സഹോദരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലും,ആഘോഷത്തിന്റെ ഭാഗമാക്കണം.
എന്നാല്‍ ഖേദകരമെന്നു പറയട്ടെ ഇസ്ലാമിന്റെ പവിത്രമായ ഈ രണ്ട് ആഘോഷങ്ങളും വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് പെരുന്നാളിന് പൊന്നമ്പിളി മാനത്ത് പ്രത്യക്ഷപ്പെടുന്നതോടെ സകല ആഭാസങ്ങള്‍ക്കും തിരികൊളുത്തുന്ന അവസ്ഥ. നിസ്‌കാരം പോലും ഒഴിവാക്കി വിനോദയാത്രകള്‍ സംഘടിപ്പിച്, മദ്യവും മയക്കുമരുന്നുകളുമായി കുത്തഴിഞ്ഞ ആഹ്ലാദഘോഷങ്ങളാണ് ഇന്ന് യുവതലമുറയുടെ ശീലം. ഈദ്ഫെയറും നൃത്തച്ചുവടുകളും തുടങ്ങി ഇതര മതങ്ങളില്‍ നിന്ന് കടമെടുത്ത ഇത്തരം നീച പ്രവണതകള്‍ ദീര്‍ഘ തപസ്സിലൂടെ നാം നേടിയെടുത്ത ആത്മീയ ചൈതന്യം ഒരു നിമിഷം കൊണ്ട് നശിപ്പിച്ചു കളയലാണ്. എന്നാല്‍ അനുഭൂതികളെ പാടെ തിരസ്‌കരിക്കുന്ന പരുക്കന്‍ ശൈലി ഇസ്‌ലാമിലില്ല. പെരുന്നാള്‍ ദിനത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഒരു വിഭാഗം നടത്തിയ കളി നബി (സ്വ) ങ്ങള്‍ നോക്കിനില്‍ക്കുകയും ആയിഷ (റ) ക്ക് കാണാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. മറ്റൊരു പെരുന്നാള്‍ ദിവസത്തില്‍ നബി(സ്വ)തങ്ങളുടെ സാന്നിധ്യത്തില്‍ വെച്ച് ദഫ് മുട്ടി പാട്ട് പാടിയതിന്റെ പേരില്‍ അവരെ സിദ്ദിഖ് (റ) ശകാരിച്ചപ്പോള്‍ നബി (സ്വ) തങ്ങള്‍ പറഞ്ഞു ഇന്ന് പെരുന്നാള്‍ അല്ലേ അവര്‍ പാട്ടുപാടി കൊള്ളട്ടെ. അതുകൊണ്ട് ഇതൊക്കെ ഇസ്ലാമിന്റെ പരിധിക്കുള്ളിലുള്ള ആഘോഷങ്ങളാണെന്ന് മനസ്സിലാക്കാം. ഇസ്ലാമിക ശരീഅത് അംഗീകരിക്കാത്ത വൃത്തികെട്ട ആഘോഷരീതികള്‍ ഇരു പെരുന്നാളിന്റെയും പവിത്രത നഷ്ടപ്പെടുത്തുന്നതും അല്ലാഹുവിന്റെ കോപത്തിന് കാരണമായിത്തീരുന്നതുമാണ്
അവരുടെ പെരുന്നാളുകള്‍
ഇസ്‌ലാമിലെ പവിത്രമായ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് അടിച്ചുപൊളി എന്ന ഒരര്‍ത്ഥം മാത്രം മനസ്സിലാക്കിയ സഹോദരന്മാര്‍ അറിയണം നമ്മുടെ മുന്‍ഗാമികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ എങ്ങനെയായിരുന്നെന്ന്.സച്ചരിതരായ ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ) ന്റെ കാര്യാലയം അന്നൊരു പെരുന്നാള്‍ ദിവസമായിരുന്നു. പ്രജകളില്‍ പ്രമുഖര്‍ പലരും പെരുന്നാളിന്റെ ആശംസകള്‍ കൈമാറുവാന്‍ ഖലീഫയെ കാണാനെത്തി അവരില്‍ ചിലരുടെ കൂടെ അവരുടെ മക്കളും ഉണ്ടായിരുന്നു. പട്ടുടയാടകളെടുത്ത കുഞ്ഞുങ്ങള്‍ പെരുന്നാള്‍ പുളത്തില്‍ എല്ലാ നിറവും തിളക്കവും ഉള്ള കുട്ടികള്‍ എല്ലാവരുടെയും ആശംസകള്‍ സ്വീകരിച്ചു… എല്ലാവര്‍ക്കും തന്റെ പ്രാര്‍ത്ഥന കൈ മാറി. ഖലീഫയുടെ അടുത്ത് സ്വന്തം മകന്‍ ഉണ്ടായിരുന്നു ആഘോഷത്തിന്റെ ഒരു മോഡിയുമില്ലാത്ത ഒരു കുട്ടി പഴയ വസ്ത്രങ്ങളാണ് പെരുന്നാള്‍ ദിനത്തിലും അണിഞ്ഞിരിക്കുന്നത്. വസ്ത്രങ്ങളില്‍ ഒരു പുതുമയുമില്ല ഖലീഫ ഇടയ്ക്കിടെ കണ്ണുവെട്ടിച്ച് മകനെ നോക്കുന്നുണ്ട് തന്റെമുമ്പിലൂടെ നടന്നു പോകുന്ന കുട്ടികളുടെ അലങ്കാരങ്ങള്‍ അവനില്‍ ഒരുനിശ്വാസമായി രൂപാന്തരപ്പെടുന്നുണ്ടോ എന്നാണ്അദ്ദേഹം നോക്കുന്നത് പുത്രവാത്സല്യം കാരണം ഖലീഫയുടെ കണ്ണുകള്‍ നനഞ്ഞു.. മകന്‍അത് കണ്ടുപിടിച്ചു. എന്താണ് പിതാവേ… അങ്ങയുടെ ദുഃഖം മകന്‍ ആരാഞ്ഞു പുതുവസ്ത്രങ്ങളണിഞ്ഞ കുഞ്ഞുങ്ങളെ കാണുമ്പോള്‍ നിന്റെ മനസ്സ് നോവുന്നു ണ്ടാവുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു തുടര്‍ന്ന് അദ്ദേഹം പറഞ്ഞു മോനെ പുതു വസ്ത്രങ്ങള്‍ ധരിച്ചവര്‍ക്കല്ല.. സത്യത്തില്‍ പെരുന്നാള്‍ പരലോകത്തെ കുറിച്ച് ഓര്‍ക്കുന്നവര്‍ക്കാണ് പരലോകത്തെയും അല്ലാഹുവിനെയും കുറിച്ച് ഓര്‍ക്കുന്നവരാണ് യഥാര്‍ത്ഥ അടിമകള്‍ അവര്‍ക്കെ അല്ലാഹു നിശ്ചയിച്ചു തന്ന പെരുന്നാള്‍ ആഘോഷിക്കാന്‍ അര്‍ഹതയുള്ളൂ
ഇസ്‌ലാമിലെ പെരുന്നാളിന്റെ സവിശേഷതകള്‍
ഇതര മത ആഘോഷങ്ങള്‍ താരതമ്യം ചെയ്തുനോക്കുമ്പോള്‍ ഇസ്‌ലാമിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പ്രത്യേകതകളുണ്ട്. കഴിഞ്ഞുപോയ ഏതൊരു സമുദായവും അവരുടെ തീരുമാനപ്രകാരം തിരഞ്ഞെടുത്തതായിരുന്നു അവരുടെ ആഘോഷ ദിനങ്ങള്‍. സാമൂഹികമായോ, സാമുദായികമായോ തങ്ങള്‍ക്കു കൈവന്ന നേട്ടങ്ങളെയോ, അല്ലെങ്കില്‍ ചരിത്രസംഭവങ്ങളെയൊ, ആചാര്യന്മാരുടെ പിറന്നാളുകളെയൊആധാരമാക്കി ഒരു സമുദായം തിരഞ്ഞെടുത്ത ആഘോഷദിനങ്ങള്‍ തലമുറകളിലൂടെ അവരുടെ ആഘോഷ ദിനങ്ങളായി മാറുകയായിരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി അല്ലാഹു നമുക്ക് നിശ്ചയിച്ചു തന്നതാണ് നമ്മുടെ പെരുന്നാളുകള്‍ അവന്‍ നിശ്ചയിച്ച രൂപത്തില്‍ ആഘോഷിക്കുമ്പോള്‍ ആഘോഷവും ഒരു ഇബാദത്തായി മാറുകയാണ്. നമ്മുടെ പെരുന്നാളിന്റെ സവിശേഷതകളാണിത്. മഹത്വവും അതിവിശിഷ്ടവുമായ സല്‍കര്‍മ്മങ്ങളെ കൊണ്ട് ആഹ്ലാദിക്കുകയും ആഘോഷിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്
പെരുന്നാള്‍ ദിനത്തില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം സുന്നത്തുള്ള കാര്യമാണ് തക്ബീര്‍ ചൊല്ലല്‍. നബി (സ്വ) പറഞ്ഞു പെരുന്നാള്‍ ദിനത്തെ നിങ്ങള്‍ തക്ബീര്‍ ധ്വനികള്‍ കൊണ്ട് അലംകൃതമാക്കുക (ത്വബ്‌റാനി) തക്ബീറുകള്‍ പ്രധാനമായും രണ്ട് രൂപത്തിലാണ്. ഒന്ന് മുര്‍സലായ തക്ബീര്‍ പെരുന്നാള്‍ രാവ് മഗ്രിബ് മുതല്‍ പെരുന്നാള്‍ ദിനം ഇമാം നിസ്‌കാരത്തിലേക്ക് ഇഹ്‌റാം കെട്ടുന്നത് വരെയാണ് ഇതിന്റെ സമയം. മുത്വലക്കായ തക്ബീര്‍ എന്നും ഇതിന് പറയപ്പെടുന്നു. പെരുന്നാള്‍ നിസ്‌കാരം . പ്രത്യേക ഉപാധികളൊന്നും കൂടാതെ എപ്പോഴും എവിടെവെച്ചും ചൊല്ലാവുന്ന ഈ തക്ബീര്‍ നിസ്‌കാരശേഷം കൊണ്ടുവരികയാണെങ്കില്‍ നിസ്‌കാരത്തിന്റെ പ്രത്യേക ദുആകളും ദിക്‌റുകളും കഴിഞ്ഞതിനുശേഷമാണ് ചൊല്ലേണ്ടത്. തക്ബീറിന്റെ രണ്ടാമത്തെ രൂപം മുഖയ്യതായ തക്ബീര്‍ ആണ്. ബലിപേരുന്നാളില്‍ മാത്രമുള്ള തക്ബീറാണിത്. ദുല്‍ഹിജ്ജ ഒമ്പതിന് സുബ്ഹ് മുതല്‍ ദുല്‍ഹിജ്ജ പതിമൂന്നിന്റെ അസര്‍ വരെയാണ് ഇതിന്റെ സമയം. നിസ്‌കാരങ്ങള്‍ക്ക് ശേഷം എന്ന ഉപാധി ഉള്ള ഈ തക്ബീര്‍ ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷം മറ്റു എല്ലാ നിസ്‌കാരങ്ങള്‍ക്ക് ശേഷവും സുന്നത്താണ്. ഖളാ വീട്ടുന്ന നിസ്‌കാരമാണെങ്കിലും സുന്നത്ത് നിസ്‌കാരങ്ങളാണെങ്കിലും ജനാസ നിസ്‌കാരമാണെങ്കിലും ശരി. നിസ്‌കാരശേഷം കൊണ്ടുവരുമ്പോള്‍ സലാം വീട്ടിയ ഉടനെയാണ് ചൊല്ലേണ്ടത്. ചെറിയ പെരുന്നാള്‍ ദിനത്തില്‍ മുര്‍സലായ തക്ബീര്‍ മാത്രമേയുള്ളൂ. ദുല്‍ഹിജ്ജ ഒന്ന് മുതല്‍ പത്തു വരെ ആട് മാട് ഒട്ടകം തുടങ്ങിയവയെ കാണുകയും, ശബ്ദം കേള്‍ക്കുകയും ചെയ്യുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്താണ്. ശബ്ദമുയര്‍ത്തിയാണ് തക്ബീറുകള്‍ ചൊല്ലേണ്ടത് എന്നാല്‍ അന്യ പുരുഷന്മാര്‍ ഉള്ളിടത്ത് സ്ത്രീകള്‍ ശബ്ദമുയര്‍ത്താന്‍ പാടില്ല. പെരുന്നാള്‍ ദിവസം കുളിക്കലും സുഗന്ധം ഉപയോഗിക്കലും പുതുവസ്ത്രം ധരിക്കലും പ്രത്യേകം സുന്നത്താണ്. കുളിക്കുമ്പോള്‍ പെരുന്നാളിന്റെ സുന്നത്ത് കുളി എന്ന് കരുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പെരുന്നാള്‍ രാവ് അര്‍ദ്ധരാത്രി മുതല്‍ പെരുന്നാള്‍ ദിനത്തിലെ സൂര്യാസ്തമയം വരെയാണ് കുളിയുടെ സമയം സുബഹിക്ക് ശേഷം കുളിക്കലാണ് ഉത്തമം ആര്‍ത്തവകാരിക്കും നിഫാസ് കരിക്കും പ്രസ്തുത കുളി സുന്നത്തുണ്ട്, വകതിരിവ് എത്താത്ത കുട്ടിയെ കുളിപ്പിക്കല്‍ രക്ഷിതാവിന് സുന്നത്താണ്. മാത്രമല്ല കൈകാലുകളിലെ നഖം വെട്ടിയും, കക്ഷത്തിലെയും ഗുഹ്യത്തിലേയും രോമങ്ങള്‍ നീക്കം ചെയ്തും, മീശ വെട്ടിയും പെരുന്നാള്‍ ദിനം പ്രത്യേകം ഭംഗിയാകല്‍ സുന്നത്തുണ്ട്. നിസ്‌കാരത്തിനു വേണ്ടി പള്ളിയിലേക്ക് പോകുമ്പോള്‍ ദൂരം ഉള്ള വഴിയും മടങ്ങുമ്പോള്‍ ദൂരം കുറഞ്ഞ വഴിയുമാണ് തിരഞ്ഞെടുക്കേണ്ടത്. ചെറിയ പെരുന്നാള്‍ ദിനമാണെങ്കില്‍ എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ടു പോകലും ബലി പെരുന്നാള്‍ ദിനമാണെങ്കില്‍ ഒന്നും കഴിക്കാതെ പോകലുമാണ് സുന്നത്ത്. മരണപ്പെട്ടവരുടെ കബര്‍ സിയാറത്ത് ചെയ്യാനും മറക്കരുത്.
മൈലാഞ്ചി ഇടല്‍
പെരുന്നാള്‍ പ്രമാണിച്ചോ അല്ലാതെയോ വിവാഹിതകളായ സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍ സുന്നത്താണ്. അവിവാഹിതകളായ സ്ത്രീകള്‍ക്ക് സുന്നത്തില്ല. കാരണം മൈലാഞ്ചി അണിയല്‍ സ്ത്രീകള്‍ക്ക് ഭംഗിയും, ആഡംബരവുമാണ്. എന്നാല്‍ സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ മുന്‍പില്‍ മാത്രമാണ് ഭംഗിയാകേണ്ടത്. അതുകൊണ്ടാണ് വിവാഹിതകളായ സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍ സുന്നത്തുള്ളത്. ഇദ്ദയില്‍ ഇരിക്കുന്ന സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും മൈലാഞ്ചി അണിയല്‍ ഹറാമാണ്. മൈലാഞ്ചി സ്ത്രീകള്‍ക്ക് മാത്രം പ്രത്യേകമാക്കപ്പെട്ടതാണ്. അതിനാല്‍ സ്ത്രീകളോട് സാദൃശ്യമാകുന്നു എന്നതിനാലാണ് പുരുഷന്മാര്‍ക്ക് ഹറാമാകുന്നത്. അതേസമയം പുരുഷന്മാര്‍ക്ക് ചികിത്സയ്ക്ക് വേണ്ടി അനുവദനീയമാണ്. കാലിലുണ്ടാകുന്ന വ്രണങ്ങളിലും, നരച്ച താടിയിലും മുടിയിലും മൈലാഞ്ചിയിടല്‍ പുരുഷന്മാര്‍ക്ക് സുന്നത്താണ്. നര മാറ്റി കളയാനുള്ള ഏറ്റവും നല്ല ഉപാധി മൈലാഞ്ചി ആണെന്ന് നബിതങ്ങള്‍ പറയുന്നതായിഇമാം തുര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാവുന്നതാണ്. വിവാഹിതയായ സ്ത്രീകലാണെങ്കില്‍ തന്നെ ഭര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍ മാത്രമേ മൈലാഞ്ചി ഇടാന്‍ പാടുള്ളൂ.
ട്യൂബ് മൈലാഞ്ചിയും ശര്‍ക്കര മൈലാഞ്ചിയും
സാധാരണയില്‍ മൈലാഞ്ചി ചെടിയില്‍നിന്ന് അതിന്റെ ഇലകള്‍ അരച്ചുണ്ടാക്കുന്നതിനാണ് മൈലാഞ്ചി എന്ന് പറയുക. ഈ രൂപത്തില്‍ മൈലാഞ്ചി ഇട്ടാല്‍ മാത്രമേ സുന്നത്ത് ലഭിക്കുകയുള്ളൂ. സാധാരണ മൈലാഞ്ചി ഇട്ടു കഴിഞ്ഞാല്‍ അത് തേഞ്ഞുമാഞ്ഞു പോവുകയാണ് പതിവ്, അപ്പോള്‍ അവിടെ വുളൂഇന്റെ വെള്ളം ചേരുന്നതിനെ തടയുന്ന തടിയില്ലായെന്ന് മനസ്സിലാക്കാം. എന്നാല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ആധുനിക മൈലാഞ്ചികള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കു ശേഷം അത് പൊളിഞ്ഞു പോകുന്നതായി കാണാറുണ്ട് അപ്പോള്‍ അവിടെ വുളൂഇന്റെ വെള്ളത്തെ തടയുന്ന തടിയുണ്ടെന്ന് മനസ്സിലാക്കാം ഈ സന്ദര്‍ഭത്തില്‍ എടുക്കുന്ന വുളൂകള്‍ സ്വഹീഹാവുകയില്ല. അതുപോലെ തന്നെ കൃത്രിമ മൈലാഞ്ചി കളില്‍ പെട്ട ഒരിനം തന്നെയാണ് ശര്‍ക്കര മൈലാഞ്ചിയും. ഒരു പ്രത്യേക രൂപത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ശര്‍ക്കര ലായനിയില്‍ ചായപ്പൊടിയും, മൈദയും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന ഒരു മിശ്രിതമാണിത്. യഥാര്‍ത്ഥ മൈലാഞ്ചിയുടെ ഒരു കണികപോലും ഇതില്‍ ചേര്‍ക്കുന്നില്ല. ഇടുന്ന സമയത്ത് മഞ്ഞനിറവും പിന്നീട് കട്ടിയുള്ള ചുവപ്പുനിറവുമായി മാറുന്നു, ഇത് ഉപയോഗിച്ച കഴിഞ്ഞാല്‍ സുന്നത്തു ലഭിക്കുകയില്ലായെന്ന് മാത്രമല്ല വുളൂഉകളും ജനാബത്ത് കുളിയും സ്വഹീഹാവുകയില്ല. കാരണം ഇതില്‍ മൈദയും ചായപ്പൊടിയും ചേര്‍ത്തതിനാല്‍ അവ ചുരണ്ടിയാല്‍ പോകുന്നതായി കാണാന്‍ സാധിക്കുന്നു. അത് വുളൂഇന്റെ വെള്ളത്തെ തടയുന്ന തടിയായി പ്രവര്‍ത്തിക്കുന്നു . ചുരുക്കത്തില്‍ അനുവദനീയമായതും സുന്നത്ത് ലഭിക്കുന്നതും മൈലാഞ്ചി ചെടിയുടെ ഇലകള്‍ അരച്ചുണ്ടാക്കുന്ന മൈലാഞ്ചി യാണ്.
പെരുന്നാള്‍ ആശംസ കൈമാറല്‍
പെരുന്നാള്‍ ദിവസം പരസ്പരം ആശംസകള്‍ നേരുന്നത് പുണ്യമുള്ളകാര്യമാണ് ഇതിനെക്കുറിച്ച് ഹദീസിന്റെ കിതാബുകളില്‍ പ്രത്യേക അധ്യായം തന്നെ കൊടുത്തിട്ടുണ്ട്. മഹാനായ നബി (സ്വ) യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍ നിന്ന് നബി തങ്ങളും, സ്വഹാബത്തും ആശംസ നേര്‍ന്നതായി കാണാം. ശവ്വാല്‍ പിറവിയോടെ ചെറിയ പെരുന്നാള്‍ ആശംസകളുടെ സമയവും അറഫാദിനം ദുല്‍ഹജ്ജ് ഒമ്പത് സുബ്ഹ് മുതല്‍ ബലി പെരുന്നാളാശംസകളുടെ സമയവും പ്രവേശിക്കും. ചെറിയപെരുന്നാളില്‍ അത് മഗ്രിബ് വരെയും, ബലി പെരുന്നാളില്‍ ദുല്‍ഹിജ്ജ് പതിമൂന്ന് വരെയും ആശംസകള്‍ അര്‍പ്പിക്കാവുന്നതാണ്. മഹാന്‍മാരായ പണ്ഡിതന്‍മാര്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തി വെച്ച വാചകവും, നബി തങ്ങളും സ്വഹാബത്തുമടക്കം മഹാന്മാരായ ആളുകള്‍ ആശംസ അറിയിക്കാന്‍ വേണ്ടി ഉപയോഗിച്ച വാചകവും തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്നാണ്. ഖാലിദ് (റ) എന്നിവരില്‍ നിന്നും നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം ഞാന്‍ വാസിലത്തു ബ്‌നു അസ്‌ഖൈ എന്നവരെ പെരുന്നാള്‍ ദിനത്തില്‍ കണ്ടുമുട്ടിയപ്പോള്‍ തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്ന് പറഞ്ഞു. ഉമര്‍ (റ) പറയുന്നു ഞാന്‍ വാസില്‍ (റ) പെരുന്നാള്‍ ദിനത്തില്‍ കണ്ടുമുട്ടിയപ്പോള്‍ തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്ന് ആശംസിച്ചു. അദ്ദേഹം ഇങ്ങോട്ടും ആശംസിച്ചു. ജുബൈര്‍ ബ്‌നു നുഫൈര്‍ (റ) പറയുന്നു നബിയുടെ (സ്വ) സ്വഹാബത്ത് പെരുന്നാള്‍ ദിവസം തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും എന്ന് ആശംസ അര്‍പ്പിച്ചിരുന്നു. എന്നാല്‍ തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്ന പദം മാത്രമേ ആശംസ വാചകമായി ഉപയോഗിക്കാന്‍ പറ്റുകയുള്ളു എന്നൊന്നുമില്ല. ഇമാം ശര്‍വാനി (റ) പറയുന്നു, ഒരു നാട്ടില്‍ പതിവായി ഉപയോഗിച്ച് വരുന്ന വാചകവും ഇതിനുവേണ്ടി ഉപയോഗിക്കാം. അപ്പോള്‍ നമ്മുടെ നാടുകളിലൊക്കെ സാധാരണ ഉപയോഗിക്കാറുള്ള ‘ഈദ് മുബാറക്ക്’ എന്ന പദം ഉപയോഗിച്ച് ആശംസയര്‍പ്പിച്ചാലും സുന്നത്ത് ലഭിക്കും എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ നബിയും സ്വഹാബത്തും, മഹാന്മാരായ ആളുകളും ആശംസ അര്‍പ്പിക്കുന്നതിനു വേണ്ടി ഉപയോഗിച്ച പദം തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമവും, ആധികാരികതയും. കൂടുതല്‍ ബര്‍ക്കത്ത് ഉള്ളതും ആ പദത്തിനു തന്നെയാണ്. ഈദ് മുബാറക്ക് എന്ന പദം മഹാന്‍മാരായ പണ്ഡിത മഹത്തുക്കള്‍ കിതാബുകളില്‍ രേഖപ്പെടുത്തിയതായി കാണുന്നില്ല. മുന്‍ഗാമികളായ ആരും തന്നെ ഇത് ഉപയോഗിച്ചതായി കാണാന്‍ സാധിക്കുകയില്ല.
ആലിംഗനം വേണ്ട
സാധാരണയായി നമ്മുടെ നാടുകളില്‍ പെരുന്നാള്‍ ദിവസം പരസ്പരം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു സന്തോഷം കൈമാറുന്നതായി കാണാന്‍ സാധിക്കുന്നു. എന്നാല്‍ പെരുന്നാള്‍ ആശംസ യോടൊപ്പം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യല്‍ നമ്മുടെ മദ്ഹബില്‍ സുന്നത്തില്ല. മാത്രമല്ല കറാഹത്ത് കൂടിയാണ്. ദീര്‍ഘദൂര യാത്ര കഴിഞ്ഞു വരുന്നവരയൊ, ദീര്‍ഘ കാലത്തിനു ശേഷം കാണുന്നവരോ, മാത്രമാണ് ആലിംഗനം ചെയ്യല്‍ സുന്നത്തുള്ളത് (തുഹ്ഫ) എന്നാല്‍ ഹസ്തദാനം സുന്നത്തുണ്ട് ഹസ്തദാനത്തിന് ശേഷം സ്വന്തം കൈ ചുംബിക്കല്‍ സുന്നത്താണെന്ന് ഇമാം ഇബ്‌നുഹജര്‍ (റ) പ്രസ്താവിച്ചിട്ടുണ്ട്. മഹാന്മാരുടെ കൈപിടിച്ച് ചുംബിക്കല്‍ സുന്നത്താണ് മുന്‍ഗാമികള്‍ കാണിച്ചുതന്ന മാതൃകയാണ്.
വിനോദയാത്രയും ഇസ്‌ലാമിക കാഴ്ചപ്പാടും
പെരുന്നാള്‍ ദിനത്തില്‍ ആഘോഷത്തിന്റെ ഭാഗമായും അല്ലാത്ത സമയങ്ങളില്‍ പ്രത്യേക കാരണങ്ങളില്ലാതെയും മുസ്ലിം സഹോദരി സഹോദരന്മാര്‍ വിനോദയാത്രകള്‍ നടത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ നമ്മുടെ യാത്രകള്‍ അധാര്‍ ര്‍മികതയും, അശ്ലീലതയും നിറഞ്ഞതും, അല്ലാഹുവിനു ഇഷ്ടമില്ലാത്തതും ആണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. വിനോദ യാത്ര വിരോധിക്കപ്പെട്ട കാര്യമൊന്നുമല്ല. പക്ഷേ വിനോദത്തിനു വേണ്ടി മാത്രമാകരുത്, അല്ലാഹുവിന് ഇഷ്ടമില്ലാത്ത രൂപത്തില്‍ ആടിയും പാടിയും ആണും പെണ്ണും കൂടി കലര്‍ന്ന ഇസ്ലാമിനെ വിധിവിലക്കുകളെ കാറ്റില്‍പറത്തി വെറും ആസ്വാദനത്തിന് വേണ്ടിയുള്ള യാത്രയുമാവരുത്. യാത്ര പോകണം ആ യാത്രകള്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടുകൊണ്ട് ഭൂമിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഈമാനിക ശക്തി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ആയിരിക്കണം. അല്ലാതെ ആണും പെണ്ണും കൂടി കലരുന്ന ഹറാം സംഭവിക്കുന്ന ശൈത്താന്‍ വിളയാട്ടം നടത്തുന്ന ഇടങ്ങളിലേക്കാവരുത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും അല്ലാഹു ഭൂമിയില്‍ സൃഷ്ടിച്ചു വെച്ച അത്ഭുതകാഴ്ചകളും, ഭൂമിയുടെ മനോഹാരിതയും കണ്ടുകൊണ്ട് അല്ലാഹുവിന്റെ കരുണയെയും, കഴിവിനെയും തിരിച്ചറിഞ്ഞുകൊണ്ട് വിശ്വാസം വര്‍ദ്ധിപ്പിക്കാനാണ് ഓരോ വിശ്വാസിയും ശ്രമിക്കേണ്ടത്.
പെരുന്നാള്‍ രാത്രി
രണ്ട് പെരുന്നാള്‍ രാത്രികളെയും ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കണം. ഹദീസില്‍ കാണാം: രണ്ടു പെരുന്നാള്‍ രാത്രികളെ ഇബാദത്തുകളെ കൊണ്ട് സജീവമാക്കിയാല്‍ ഹൃദയങ്ങള്‍ മരിക്കുന്ന ദിവസം അവന്റെ ഹൃദയം മരിക്കുകയില്ല. ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ പറയുന്നു, പരലോകത്തെ കുറിച്ചുള്ള ചിന്ത നഷ്ടപ്പെടുക, ഈമാന്‍ നഷ്ടപ്പെടുക, അന്ത്യനാളിലുള്ള ഭീകരത കൊണ്ട് ആരും ആരെയും തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാവുക എന്നിങ്ങനെ മൂന്ന് വ്യാഖ്യാനങ്ങള്‍ പണ്ഡിതര്‍ ഇതിനു നല്‍കിയിട്ടുണ്ട്. രണ്ട് പെരുന്നാള്‍ രാത്രി ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കിയവന് ഇത്തരം അപകടങ്ങള്‍ ഉണ്ടാവില്ല അതിനാല്‍ രണ്ട് പെരുന്നാള്‍ രാത്രികളിലും പകുതിയിലധികവും നിസ്‌കാരം, പ്രത്യേകിച്ച് തസ്ബീഹ് നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്‌റ് തുടങ്ങിയവയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക.
ശവ്വാലിലെ ആറ് നോമ്പ്
ശവ്വാല്‍ രണ്ടു മുതല്‍ ആറു ദിവസം നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. തുടരെ ആറുദിവസം അനുഷ്ഠിക്കലാണ് ഏറ്റവും ഉത്തമം. എങ്കിലും ശവ്വാലിലെ ഏതെങ്കിലും ആറു ദിവസങ്ങളില്‍ നോമ്പനുഷ്ഠിച്ചാല്‍ തന്നെ സുന്നത്ത് ലഭിക്കുന്നതാണ്. നബി (സ്വ) തങ്ങള്‍ പറഞ്ഞു റമദാനില്‍ നോമ്പ് അനുഷ്ഠിക്കുകയും തുടര്‍ന്ന് ശവ്വാലിന്‍ ഉള്ള ആറുനോമ്പ് അനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം നോമ്പ് അനുഷ്ടിച്ചവനെ പോലെയാണ് (മുസ്ലിം).
സംഗ്രഹം
ലോകം മുഴുവന്‍ പിടിപെട്ടിട്ടുള്ള വൈറസ് കാരണം ലോക ജനത മുഴുവന്‍ പ്രയാസപെടുന്ന ഈ സാഹചര്യത്തില്‍ ആരോഗ്യമുള്ള പുതിയ ലോകത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടുകൂടെ നിയന്ത്രണങ്ങളൂം, നിയമങ്ങളും, നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടുള്ള ജാഗ്രത നിറഞ്ഞ ആഘോഷങ്ങള്‍ക്കാണിന്ന് പ്രസക്തിയുള്ളത്. ഇസ്ലാമിന്റെ അധ്യാപനങ്ങളും ഈ രൂപത്തില്‍തന്നെയാണ്. ഇതെല്ലാം ഉള്‍കൊണ്ടും, ശ്രദ്ധിച്ചുകൊണ്ടും ആഘോഷിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പെരുന്നാള്‍ പോലെയുള്ള ഒരു ആഘോഷം നന്മകളുടെയും പുണ്യങ്ങളുടെയും വലയത്തിനുള്ളില്‍ നിര്‍ത്തപ്പെട്ടിരിക്കുന്നത് ആഭാസമാവാതെ ആഘോഷിക്കാനുള്ള പരിശീലനം നല്‍കുവാനായിരിക്കാമെന്ന് നമുക്ക് ഗ്രഹിക്കാം. അത്തരത്തില്‍ പെരുന്നാളിനെ’ അല്ലാഹു അക്ബര്‍’ എന്ന സന്ദേശത്തിന്റെ പുളകത്തിലായി നമുക്ക് ഗൗരവത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാം…. അല്ലാഹു അക്ബര്‍.