മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂർ
1299 മുതൽ 1923 വരെ ഉസ്മാനിയ്യ ഖിലാഫത്തിന്റെ കേന്ദ്രമായിരുന്നു തുർക്കി. ഒന്നാം ലോക മഹായുദ്ധത്തോടെ ഉസ്മാനിയ്യ സാമ്രാജ്യം തകര്‍ന്നു. 1923 ഒക്ടോബർ 29 ന് റിപ്പബ്ലിക് ഓഫ് ടർക്കി രൂപംകൊണ്ടു. പിന്നീട് മുസ്ത്വഫ കമാൽ പാഷയുടെ യുഗമായിരുന്നു. തുർക്കിയുടെ പിതാവ് എന്നർത്ഥമുള്ള അത്താതുർക്ക് എന്ന പേരിലാണ് അദ്ദേഹം പ്രശസ്തനായത്.
ഒരു മുസ്ലിം രാഷ്ട്രമായിരുന്ന തുർക്കിയിൽ ശരീഅത്ത് നിയമമായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതിന് മാറ്റം വരുത്തിയായിരുന്നു കമാൽ പാഷയുടെ തുടക്കം. തുർക്കിയുടെ ഇസ്ലാമിക പാരമ്പര്യം തുടച്ചു മാറ്റുകയും ശരീഅത്തിന് പകരം യൂറോപ്യൻ മോഡൽ സിവിൽ നിയമം പ്രാബല്യത്തിൽ കൊണ്ടു വരികയും ചെയ്തു. ഒട്ടേറെ പള്ളികൾ മ്യൂസിയമാക്കി മാറ്റി. ലോകശക്തികൾക്കിടയിൽ മതേതരവാദിയായി അറിയപ്പെടുന്ന ഇദ്ദേഹം യഥാര്‍ത്ഥത്തിൽ ഇസ്ലാമിക വിരുദ്ധ ചേരിയിലായിരുന്നു.
കമാൽ പാഷയുടെ മരണത്തോടെ ചരിത്രം വഴിമാറി. തുടര്‍ന്ന് അധികാരത്തിലെത്തിയവർ കാലക്രമേണ കമാൽ പാഷയുടെ ആശയത്തിൽ നിന്ന് തുർക്കിക്ക് മോചനം നൽകി.
ഏറ്റവുമൊടുവിൽ, റജബ് ത്വയ്യിബ് ഉർദുഗാനിലൂടെ തുർക്കി പഴയകാല പ്രൗഢിയിലേക്കുള്ള തിരിച്ചു വരവിലാണ്.
1954 ൽ ജനിച്ച ഉർദുഗാൻ ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടി. തന്റെ പതിനെട്ടാം വയസ്സിൽ രാഷ്ട്രീയ പ്രവേശനം നേടിയ അദ്ദേഹം നഖ്ശബന്ദി സരണിയിലൂടെ ജീവിതം ചിട്ടപ്പെടുത്തി. ഇസ്താംബൂൾ നഗരസഭാ മേയറായിട്ടായിരുന്നു അധികാരജീവിതത്തിന്റെ തുടക്കം.
1997 ൽ കുർദിശ് മേഖലയിൽ വർഗ്ഗീയ പ്രസംഗം നടത്തി എന്നാരോപിച്ച് പത്ത് മാസം ജയിലിലടക്കുകയും തിരഞ്ഞെടുപ്പ് മത്സരത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
2001 ആഗസ്റ്റിൽ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കീഴിൽ എ.കെ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 550 ൽ 364 സീറ്റിൽ വിജയിച്ചു എ.കെ പാര്‍ട്ടി അധികാരത്തിലേറി. മത്സരത്തിന് വിലക്കുണ്ടായിരുന്ന ഉർദുഗാന് പകരം അബ്ദുല്ല ഗുൽ പ്രധാന മന്ത്രിയായി. തുടര്‍ന്ന്,ഉർദുഗാന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിലക്ക് നീക്കി. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 84 ശതമാനം വോട്ട് നേടി വിജയിച്ചു. ആദ്യം പ്രധാനമന്ത്രിയാവുകയും പിന്നീട് പ്രസിഡന്റ് ആവുകയും ചെയ്തു.
തുർക്കിയിലെ ജനകീയ നേതാവായി മാറിയ ഇദ്ദേഹത്തിലൂടെ ഒട്ടേറെ ഇസ്ലാമിക ശൈലികൾ തിരിച്ചു വന്നു. ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ തുർക്കി ജനതയുടെ ഹൃദയത്തിലാണ് ഉർദുഗാന്റെ ജീവിതം എന്ന് മനസ്സിലാക്കാൻ കൂടുതൽ പ്രയാസപ്പെടേണ്ടതില്ല. ഏറ്റവുമൊടുവിൽ, കമാൽ പാഷ മ്യൂസിയമാക്കി മാറ്റിയ അയാ സോഫിയയെ വീണ്ടും പള്ളിയാക്കി മാറ്റി…
https://m.facebook.com/story.php?story_fbid=3005645922880146&id=100003043043112