| മുഹമ്മദ് ഫാഇസ് കെ. വള്ളിക്കാപ്പറ്റ |
മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള വിലപ്പെട്ട അനുഗ്രഹങ്ങളാണ് സമയവും ആരോഗ്യവും. നഷ്ടപ്പെട്ടുപോയാല്‍ എത്ര വില കൊടുത്താലും സമയത്തെ തിരികെ ലഭിക്കുകയില്ലായെന്നത് പരമാര്‍ത്ഥമാണ്. ഈ യാഥാര്‍ഥ്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഏറ്റവും ഫലപ്രദമായ രൂപത്തില്‍ സമയത്തെയും, ആരോഗ്യത്തെയും വിനിയോഗിക്കുമ്പോഴാണ് ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കുന്നത്. ജീവിതത്തില്‍ ഉന്നത നിലവാരത്തില്‍ എത്തിയവരും, വിജയം കൈവരിച്ചവരും സമയവും, ആരോഗ്യവും കാര്യക്ഷമമായ രൂപത്തില്‍ പ്രയോഗത്തില്‍ കൊണ്ടുവന്നവരായിരുന്നെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. രാവും പകലും മാറി കൊണ്ടിരിക്കുമ്പോഴാണ് സമയം കടന്നുപോകുന്നത്. അല്ലാഹുവാണ് രാവിനെയും, പകലിനെയും മാറ്റി കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ സമയത്തിന്റെ ഉടമസ്ഥന്‍ ഏകനായ അല്ലാഹു ആണെന്ന് നാം തിരിച്ചറിയുക. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: രാത്രിയും അവര്‍ക്ക് ഒരു ദൃഷ്ടാന്തമെത്രേ… അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു… അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. സൂര്യന്‍ അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും, സര്‍വ്വജ്ഞാനിയുമായ അള്ളാഹു കണക്കാക്കിയതാണത് (വി:ഖു 36/37-38).
ഐഹിക ജീവിതം നശ്വരമാണ്. ഏതുനിമിഷവും അവസാനിക്കുന്നത്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും വിലപ്പെട്ടതാണ്. മാത്രമല്ല നാളെ അല്ലാഹുവിന്റെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നതാണ് സമയമെന്നതിനാല്‍ ഒരു നിമിഷം പോലും വെറുതെ കളയാന്‍ വിശ്വാസികള്‍ക്കാവില്ല. നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ പറയുന്നു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ പരലോകത്ത് പാദങ്ങള്‍ നീങ്ങുക സാധ്യമല്ല.
1.തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചത്?
2. തന്റെ അറിവുകൊണ്ട് എന്താണ് പ്രവര്‍ത്തിച്ചത്?
3. തന്റെ സമ്പത്ത് എവിടെ നിന്നാണ് സമ്പാദിച്ചത്, എന്തിലാണ് ചെലവഴിച്ചത്?
4. തന്റെ ശരീരം എന്തിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തിയത് (തുര്‍മുദി)
ചുരുക്കത്തില്‍ സമയമെന്ന അനുഗ്രഹത്തെ കൃത്യമായി മൂല്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ചിലവഴിക്കുമ്പോഴാണ് പ്രസ്തുത അനുഗ്രഹത്തിന് നന്ദി പ്രകടമാകുന്നത്. ആയുസ്സ് എന്നാല്‍ ജനനം മുതല്‍ മരണം വരെയുള്ള ദിവസങ്ങളല്ല, മറിച്ച് എത്ര സമയമാണ് ആഖിറത്തിന് വേണ്ടി അധ്വാനിക്കാനും, അറിവ് പഠിക്കാനും ചിലവഴിച്ചത് എന്നതാണ്. നബി (സ്വ) പറയുന്നു: രണ്ട് അനുഗ്രഹങ്ങളുണ്ട് അധിക ജനങ്ങളും അതില്‍ വഞ്ചിതരാണ്, ആരോഗ്യവും ഒഴിവ് സമയവുമാണത്.
ഇബ്‌നു മസ്ഊദ് (റ) പറയുന്നു : ഒഴിവ് സമയം ഉണ്ടായിട്ടും ഇഹലോകത്തിനോ, പരലോകത്തിനോ വേണ്ടി യാതൊരു പ്രവര്‍ത്തനവും ചെയ്യാത്തവരോട് ഞാന്‍ കഠിനമായി കോപമുള്ളവനാകുന്നു. ഒഴിവുസമയം വരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ തിന്മകളിലേക്ക് സഞ്ചരിക്കുന്നത്. സമയം പോയി കിട്ടാന്‍ എന്തു മാര്‍ഗ്ഗമെന്ന് ചിന്തിക്കുന്നതിനു പകരം എന്തൊക്കെ സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുന്നവരാണ് സത്യവിശ്വാസികള്‍.
ഒഴിവുവേളകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്ക് സാധിക്കണം. നിന്റെ തിരക്കുകള്‍ക്ക് മുമ്പ് നിന്റെ ഒഴിവുവേളകള്‍ നീ ഉപയോഗപ്പെടുത്തുക എന്ന പ്രവാചകാധ്യാപനം ഇവിടെ പ്രസക്തമാണ്. ഓരോ ദിവസവും രാത്രിയും പകലും വിളിച്ചുപറയുമെത്രേ… ആദം സന്തതിയെ നീ അവസരം ഉപയോഗപ്പെടുത്തുക ഒരുപക്ഷേ എനിക്കുശേഷം നിനക്കൊരു പകലോ, രാത്രിയോ ഇല്ലായിരിക്കും. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സമയം മറ്റെന്തിനെക്കാളും വിലയേറിയതാണ്. പണത്തേക്കാള്‍ മൂല്യം സമയത്തിനു തന്നെ. നമുക്ക് കൂടുതല്‍ പണം നേടാന്‍ സാധിക്കും, പക്ഷേ കൂടുതല്‍ സമയം നേടാന്‍ സാധിക്കില്ലല്ലോ. അതിനാല്‍ ദൈനംദിന ജീവിതത്തില്‍ ഒഴിവുസമയം ലഭിക്കുമ്പോള്‍ നാഥന്റെ അനുഗ്രഹമാണെന്ന തികഞ്ഞ ബോധത്തോടെ ഇഹപര ഗുണമുള്ള നിമിഷങ്ങളാക്കി മാറ്റാന്‍ ശ്രദ്ധിക്കുക. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ആകയാല്‍ നിനക്ക് ഒഴിവുകിട്ടിയാല്‍ അധ്വാനിക്കുക’ (വി:ഖു 94/7). ഒരു ദിവസം കഴിഞ്ഞു പോയാല്‍ ആ ദിവസത്തില്‍ എനിക്കിനി നന്മകള്‍ ചെയ്യാന്‍ കഴിയില്ലല്ലോ എന്ന സങ്കടമായിരുന്നു മുന്‍ഗാമികള്‍ക്ക് ഉണ്ടായിരുന്നത്.
മഹാനായ ഹസനുല്‍ ബസ്വരി (റ) പറഞ്ഞു: ‘ദുനിയാവ് മൂന്ന് ഘട്ടങ്ങളാകുന്നു. 1. ഭൂതകാലം അത് അതിലുള്ളതുമായി കടന്നുപോയി 2. ഭാവികാലം അത് നിനക്ക് കിട്ടിയെന്നുവരില്ല 3. വര്‍ത്തമാനകാലം അതില്‍ നീ പ്രവര്‍ത്തിക്കുക, സുകൃതങ്ങളെ കൊണ്ട് മനോഹരമാക്കുക, ജീവിത പുരോഗതി വര്‍ദ്ധിപ്പിക്കുക.
ഇബ്‌നു മസ്ഊദ് (റ) ഒരിക്കല്‍ പറഞ്ഞു : ഒരു കാര്യത്തെപ്പറ്റിയും ഞാന്‍ ദുഃഖിച്ചിട്ടില്ല. എന്റെ ദുഃഖം… സൂര്യന്‍ അസ്തമിച്ചിരിക്കുന്നു എന്റെ അവധി അവസാനിച്ചിരിക്കുന്നു….. ഇന്നേദിവസം ഇനി കൂടുതലായി ഒന്നും ചെയ്യാന്‍ എനിക്ക് സാധിക്കുകയില്ല എന്നതാണ്. ഒരു ദിവസം കഴിഞ്ഞാല്‍ മുന്‍ഗാമികള്‍ക്ക് ഉണ്ടായിരുന്ന ദുഃഖം പ്രസ്തുത സംഭവത്തിലൂടെ മനസിലാക്കാം.
ഒരു സദസ്സില്‍ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ ചോദിക്കുന്നു ഇന്ന് ആരാണ് നിങ്ങളില്‍ നോമ്പുകാരനായിരിക്കുന്നത്? ഉടനെ അബൂബക്കര്‍ (റ )പറഞ്ഞു ‘ഞാന്‍…’ പുണ്യനബി രണ്ടാമതായി ചോദിച്ചു: ഇന്ന് ആരാണ് ജനാസയെ അനുഗമിച്ചത്? അപ്പോഴും അബൂബക്കര്‍ (റ) പറഞ്ഞു ‘ഞാന്‍…’ തുടര്‍ന്ന് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ ചോദിച്ചു ആരാണ് അഗതികള്‍ക്ക് ഭക്ഷണം നല്‍കിയത്?, ആരാണ് ഇന്ന് രോഗികളെ സന്ദര്‍ശിച്ചത്? എല്ലാത്തിനും അബൂബക്കര്‍ തങ്ങള്‍ മാത്രം മറുപടി പറയുന്നു. ജീവിതത്തിലെ ഏതു നിമിഷവും പുണ്യകരമായ കാര്യങ്ങളില്‍ മുഴുകാനുള്ള അബൂബക്കര്‍ (റ) ന്റെ ശ്രദ്ധയാണ് ഈ സംഭവത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നത്.
മഹാനായ സുഫ് യാനു സൗരി (റ) ഒരിക്കല്‍ പറയുകയുണ്ടായി: ആരാണോ തന്റെ പ്രായംകൊണ്ട് കളിച്ചത് അവന്‍ തന്റെ വിതക്കാനുള്ള ദിവസങ്ങള്‍ നഷ്ടപ്പെടുത്തും, തന്റെ വിതക്കാനുള്ള ദിവസങ്ങള്‍ ആരാണോ നഷ്ടപ്പെടുത്തിയത് അവന്‍ കൊയ്യുന്ന ദിവസങ്ങളില്‍ ഖേദിക്കും. ആധുനിക സമൂഹം സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്നത് വിലകുറഞ്ഞ വിനോദങ്ങള്‍ക്കും, പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കുമാണ് സമയത്തിന്റെ മൂല്യം തിരിച്ചറിയാതെയുള്ള ജീവിതമാണ് പലരും നിര്‍വഹിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇവയെല്ലാം ആവശ്യത്തിനു മാത്രം ഉപയോഗിക്കാനുള്ള ശ്രദ്ധ നമുക്ക് ഉണ്ടാകേണ്ടതുണ്ട്. സൂക്ഷ്മമായ പ്ലാനിങ്ങോടെ സമയത്തെ സമീപിച്ചാല്‍ നല്ല ഫലം കൊയ്‌തെടുക്കാന്‍ നമുക്ക് സാധിക്കും.
ആരാണ് ബുദ്ധിമാന്‍ എന്ന ചോദ്യത്തിന് നബി (സ്വ) തങ്ങള്‍ നല്‍കിയ മറുപടി ഇതായിരുന്നു… ‘മനസ്സിനെ വിചാരണ നടത്തുന്നവനും, മരണാനന്തര ജീവിതത്തിനായി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവരും’ അതിനാല്‍ ജനന ലക്ഷ്യം മനസ്സിലാക്കി സല്‍കര്‍മ്മങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും മൂല്യമേറിയതാണെന്ന് പറയുമ്പോള്‍ ഒരു നിമിഷം കൊണ്ട് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരുണ്ട്. അത്തരക്കാര്‍ മനസ്സിലാക്കേണ്ടത് സാധ്യതകളുടെ ലോകത്താണ് നാം ജീവിക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെ നെറുകയില്‍ ഇരിക്കുന്ന ആധുനിക മനുഷ്യന് ഒരു നിമിഷം അനന്തസാധ്യതകളുള്ള പല പ്രവര്‍ത്തനങ്ങളും നിഷ്പ്രയാസം ചെയ്യാന്‍ സാധിക്കും. തന്റെ കയ്യിലുള്ള സ്മാര്‍ട്ട് ഉപകരണങ്ങള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തി ലോകത്തുടനീളം നന്മയുടെ മൊഴിമുത്തുകള്‍ വാരി വിതറാന്‍ സാധിക്കും. ലക്ഷക്കണക്കിന് ആളുകള്‍ ആ സന്ദേശം സ്വീകരിച്ച് നന്മയുടെ പൊന്‍ കതിരുകള്‍ക്ക് തുടക്കംകുറിക്കും. അതുപോലെ വീട്ടിലിരുന്ന് ജനസേവനം ചെയ്യാനും, പുതിയ വിജ്ഞാനങ്ങള്‍ ആര്‍ജിച്ചെടുക്കാനുള്ള ഉത്സാഹം കാണിക്കുക, സാമൂഹ്യവ്യവസ്ഥയെ മനസ്സിലാക്കുക, തന്റെ കാലഘട്ട സമകാലിനമായി സംവദിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക, അതിനായി മീഡിയകള്‍, നവമാധ്യമങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തുക, ഇതില്‍നിന്നെല്ലാം തിരിഞ്ഞു നില്‍ക്കുന്നത് പൊതു ബോധത്തില്‍ നിന്നും വൈജ്ഞാനിക മുന്നേറ്റത്തില്‍ നിന്നും നമ്മെ തിരിച്ചു കളയുകയേ ചെയ്യൂ. ഒഴിവുവേളകളില്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് മാനസികമായും ശാരീരികമായും ആനന്ദം ലഭിക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവിടെയും മുഖം തിരിക്കുന്നവര്‍ക്ക് ആലസ്യമല്ലാതെ മറ്റൊരു കാരണം ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല. ദുര്‍ബലനായ വിശ്വാസിയെക്കാള്‍ ശക്തനായ വിശ്വാസിയെയാണ് അല്ലാഹുവിനിഷ്ടം എന്ന പ്രവാചകാധ്യാപനം ഇവിടെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഒരു വ്യക്തിയെ ഉന്നതിയിലേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് അയാളിലുള്ള കഴിവുകളാണ്. ആ കഴിവുകളെ പരിപോഷിപ്പിക്കാനും, വികസിപ്പിക്കാനും ഒഴിവുവേളകള്‍ ഉപയോഗപ്പെടുത്താം. ചുരുക്കത്തില്‍ ഒഴിവുവേളകളെ പഴിചാരാതെ പുതിയ ഒരു മുന്നേറ്റത്തിനുള്ള ഊര്‍ജ്ജ ശേഖരണ കാലമായി മനസ്സിലാക്കുകയാണ് വേണ്ടത്.
സമയ ക്രമീകരണം (Time Management)
ഒരു ജോലിയും ഇല്ലാത്തവര്‍ പോലും ഒന്നിനും സമയമില്ല എന്ന് പരാതി പറയുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. സമയമില്ല എന്ന ഒഴിവുകഴിവ് പറഞ്ഞാണ് പലരും കൃത്യനിര്‍വഹണത്തിലുള്ള വീഴ്ചകള്‍ നീതീകരിക്കാറുള്ളത്. ശാസ്ത്രസാങ്കേതികവിദ്യ മനുഷ്യന്റെ ജോലിഭാരം ലഘൂകരിക്കുകയും, സഞ്ചാരത്തിന്റെ വേഗത കൂട്ടുകയും ചെയ്തിട്ടും സമയം തികയാതെ വരുന്നത് സമയം ഇല്ലാത്തതു കൊണ്ടല്ല മറിച്ച് സമയത്തെ വ്യവസ്ഥാപിതമായി വിനിയോഗിക്കാത്തതു കൊണ്ടാണ്. എന്നാല്‍ ക്ലോക്കിന്റെ സൂചിയെ പിടിച്ചു വെക്കാംമെന്നല്ലാതെ മാനേജ് ചെയ്യാന്‍ സാധിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒഴുകിക്കൊണ്ടിരിക്കുന്ന ആപേക്ഷികമായ സമയത്തെ നിയന്ത്രിക്കുകയോ, നമ്മുടെ കൈവെള്ളയിലൊതുക്കുകയോ സാധ്യമല്ല. പകരം നമ്മുടെ പ്രവര്‍ത്തിയിലും, പെരുമാറ്റത്തിലും മാറ്റങ്ങള്‍ വരുത്തി സമയബന്ധിതമായി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരാവുക എന്നതാണ് മുഖ്യം. അതുവഴി നമ്മുടെ പ്രയത്‌നങ്ങള്‍ക്ക് അനുസൃതമായ പ്രതിഫലവും, സംതൃപ്തിയും ലഭിക്കും. ആദ്യം നമ്മള്‍ നമ്മെ നിരീക്ഷിക്കാന്‍ തയ്യാറാവണം. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്തത് തീര്‍ത്തും അലസത മൂലമാണ്. മറ്റു പല കാര്യങ്ങളിലും അടിമപ്പെട്ടത് കൊണ്ടാവാം, താല്‍പര്യങ്ങള്‍ മറ്റു പലതിലും നിലകൊള്ളുന്നത് കൊണ്ടുമാവാം.
ആവശ്യ ബോധം ഉണ്ടാകാത്ത കാലത്തോളം ഊര്‍ജ്ജസ്വലത, ഉള്‍പ്രേരണ എന്നിവ ഉണ്ടാവുകയില്ല, എടുക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയുമില്ല. ചുരുക്കത്തില്‍ തന്റെ പ്രവര്‍ത്തനങ്ങളെ സമയബന്ധിതമാക്കി സമയത്തിനൊപ്പം കുതിക്കുക, ജീവിതത്തില്‍ നല്ല ലക്ഷ്യങ്ങള്‍ ഉണ്ടാക്കിയെടുക്കുക, കൃത്യമായ പ്ലാനിങ് ഓരോ ദിവസവും ഉണ്ടാക്കി വയ്ക്കുക, ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ സമയ പരിധി നിശ്ചയിക്കുക, മടി വരികയും അതിനെ തുടര്‍ന്ന് ആ പ്രവര്‍ത്തനം നിര്‍ത്തിവെക്കാതിരിക്കാനും ഇത് സഹായിക്കും. ശ്രദ്ധ നഷ്ടമാവും വിതമല്ലാത്ത രൂപത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ 10-15 വരെ റെസ്റ്റ് എടുക്കുന്നത് നല്ലതായിരിക്കും. മോട്ടിവേഷന്‍ നല്‍കുന്ന ആളുകളുമായി എപ്പോഴും സമ്പര്‍ക്കം പുലര്‍ത്തുക അതൊരുപക്ഷേ കൂട്ടുകാരായിരിക്കാം, മാതാപിതാക്കളായിരിക്കാം, ഗുരുനാഥന്മാരായിരിക്കാം, മറ്റുള്ളവരായിരിക്കാം.
നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേല്‍ക്കല്‍ ശീലമാക്കുക. കാരണം അത് ഒരുപാട് പുരോഗതി സൃഷ്ടിക്കുന്ന കാര്യമാണ്. ലോകത്തിലെ പ്രശസ്തരായ ആളുകള്‍, ലോകത്തെ മാറ്റിമറിച്ച ആളുകള്‍ ഈ രൂപത്തില്‍ അഞ്ചുമണി കലണ്ടര്‍ പിന്തുടരുന്നവരായിരുന്നു. വളരെ മുഖ്യമായ കാര്യങ്ങള്‍ അവര്‍ ചെയ്തിരുന്നത് അതിരാവിലെയായിരുന്നു. ഇതില്‍നിന്നെല്ലാം മനുഷ്യനെ പിന്തിരിപ്പിക്കുന്നത് ദുശീലങ്ങള്‍ തന്നെയാണ്. നേരത്തെ എഴുന്നേല്‍ക്കാന്‍ ആത്മീയമായ ഒരുപാട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതോടുകൂടി അലാറമി ക്ലോക്കിന്റെ സഹായം തേടാം. അലാറം അടിച്ചാല്‍ എന്തെങ്കിലും ടാസ്‌ക്കുകള്‍ ചെയ്യാതെ ഓഫ് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് അലാറമി ക്ലോക്കിന്റെ പ്രത്യേകത.
ഇന്നലെത്തേക്കാള്‍ ഇന്ന് മെച്ചപ്പെട്ടവനാണ് വിജയി. അവന്റെ ജീവിതം പുരോഗതി പ്രാപിക്കുന്നുണ്ട്. ഇന്നത്തേക്കാള്‍ ഇന്നലെ മെച്ചപ്പെട്ടിരുന്നവന്‍ പരാജിതനുമാണ്. സമയത്തിന് മൂല്യം മനസ്സിലാക്കി ഇരുലോകത്തും വിജയം കൈവരിക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.