✍️ജുനൈദ് പുതുപ്പറമ്പ്
(യുവ എഴുത്തുകാരന്‍)
ദേശവും ഭാഷയുമെല്ലാം മാനവികതയുടെ അളവ് കോലാവുന്ന ഈ സത്യാനന്തര കാലത്ത് യുഗങ്ങള്‍ക്കപ്പുറം ഉയിരുകൊണ്ട് വിശ്വമാനവികതയുടെ പ്രതീകമായി അംഗീകരിക്കപ്പെട്ട പ്രവാചകപ്പുങ്കവരുടെ മാനവിക മൂല്യങ്ങള്‍ ഇഴ കീറി സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. പ്രത്യേകിച്ച്, പേരിന് മാത്രം നല്‍കിപ്പോരുന്ന സമാധാനത്തിന്റെ നോബേലിന് ഡൊണാള്‍ഡ് ട്രംപും മറ്റു യുദ്ധക്കൊതിയരായ രാഷ്ട്ര നേതാക്കളും നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നൊരു കാലത്ത് ഈ പ്രമേയത്തിന്റെ ആവശ്യകതയുടെ മാറ്റ് കൂടുന്നു. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ഉസ്വതുന്‍ ഹസനയുടെ മാനവികമായ മാതൃകകളാണ് ഇവിടെ വിചിന്തനം ചെയ്യപ്പെടുന്നത്.
മാനവികത കൊണ്ട് ലക്ഷീകരിക്കപ്പെടുന്നതെന്ത്?, സകലമാന മനുഷ്യരും തൊണ്ടകീറി കവല തോറും മാനവികതയെ കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍, മാനവികതയുടെ യതാര്‍ത്ഥ വ്യവക്ഷ ശ്രദ്ധിക്കപ്പെടാതെ പോവുകയാണുണ്ടായത്. ഐക്യരാഷ്ട്ര സഭയുടെ മാനവിക വികസന സൂചികയില്‍ മാനവികതയെ നാല് കാര്യങ്ങളിലധിഷ്ഠിതമായാണ് പരിഗണിച്ചിട്ടുള്ളത്. സാമൂഹികം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം. ഈ നാല് ദര്‍പ്പണങ്ങളിലും ഒരു പോലെ പ്രോജ്വലിച്ചാണ് പ്രവാചകര്‍ കടന്ന് പോയത്.
ഒരു സമൂഹത്തിന്റെ ആണിക്കല്ലായി ഗോത്ര മത ഭേദമന്യേ അല്‍- അമീന്‍ എന്ന് ഓമനത്തത്തോടെ അറേബ്യര്‍ വിളിച്ചത് വെറുതെയായിരുന്നില്ല. ചെറുപ്പം മുതലേ കച്ചവടങ്ങളിലും മറ്റു സാമൂഹിക രംഗങ്ങളിലും എടുപ്പും മിടുക്കും കാണിച്ചതിനാരുന്നു അത്. ഗോത്ര മഹിമയുടെ ആറാട്ടുപുഴയില്‍ വാശിയുടേയും വൈരാഗ്യത്തിന്റേയും വീഞ്ഞ് കൂടിചേര്‍ന്ന് ചോരയില്‍ അറപ്പ് മാറിയ ഒരു സമൂഹത്തിനോടാണ് ഹജറുല്‍ അസ്വദ് സ്ഥാനനിര്‍ണയത്തില്‍ അത്ര സരളമായ തീരുമാനം നബി കൈ കൊണ്ടത്. ആദ്യം ഒരു ശീല കൊണ്ടുവരാനാവശ്യപ്പെടുകയും അതില്‍ ഹജറുല്‍ അസ്വദ് വെച്ചിട്ട് എല്ലാ ഗോത്രത്തിലേയും തല മൂത്ത നേതാക്കളോട് അതിന്റെ അഗ്രം പിടിക്കാന്‍ പറഞ്ഞ് നബി ചെയ്ത് വെച്ച വിവേ പൂര്‍ണമായ രീതി അത് ചരിത്ര നിമിഷമാണ്. അവസരോചിതമായ ഇടപെടലിലൂടെ നബി വിരാമമിട്ടത് വര്‍ഷങ്ങളോളം നീണ്ട് പോയേക്കാവുന പോര്‍ക്കളത്തെയായിരുന്നു.
വിദ്യാഭ്യാസപരമായ വികസനത്തില്‍ നബി കൈ കൊണ്ട ബദ്‌റിലെ ബന്ദികളോട് നബി ആവശ്യപ്പെട്ട മോചന ദ്രവ്യം തന്നെ മതിയാവും നബിയുടെ മാനവിക മൂല്യങ്ങളുടെ മകുടോദാഹരണമായി കണക്കാക്കാന്‍. യുദ്ധത്തടവുകാരില്‍ മോചനദ്രവ്യം നല്‍കാന്‍ കഴിയാത്തവരാല്‍ അടിമച്ചന്ത കൊഴുക്കുന്നൊരു കാലത്ത് നബി അവരോടാവശ്യപ്പെട്ടത് പത്ത് മുസ്ലിംകളെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു. യുദ്ധക്കൊതി പൂണ്ട് ജീവനുകള്‍ കൊണ്ട് അമ്മാനമാടുന്ന രാജാധിപന്മാരേക്കാള്‍ ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തിത്വങ്ങളുടെ നേതാവായി പ്രശസ്ത ഓറിയന്റലിസ്റ്റ് മൈക്കല്‍ ഹാര്‍ട്ട് റസൂലിനെ പട്ടാഭിഷേകം ചെയ്തത് നബിയുടെ മത ഭൗതിക വികസന പ്രവര്‍ത്തനങ്ങളിലെ മാനവിക മൂല്യങ്ങള്‍ കാരണമായിരുന്നു.
കമ്യൂണിസം അടിയറവ് പറയുകയും ക്യാപിറ്റലിസം പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുകയും ചെയ്ത് കൊണ്ടിരിക്കുന്ന ഈ ലോക ക്രമത്തിന് പ്രവാചകരെന്ന രാജ പ്രഭുവിന്റെ സാമ്പത്തിക നയങ്ങളുടെ സുതാര്യത പരിശോധിക്കാം. മഹിതമായ സകാത് സിസ്റ്റത്തിലൂടെ നബി തന്റെ അനുയായികളോട് ഓതിക്കൊടുത്തത് ഒരു സാമ്പത്തികമായ സന്തുലിതാവസ്ഥയായിരുന്നു. ധനികന്റെ ഔ ഭാര്യമായല്ല, ദരിദ്രന്റെ അവകാശമായാണ് സകാതിനെ നബി അവതരിപ്പിച്ചത്. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്റെ സമുദായത്തെ പട്ടിണിയില്‍ നിന്ന് കരകയറ്റിയ മാനവികതയുടെ പ്രതീകമായ ഒരു സോഷ്യലിസ്റ്റ് നേതാവിനെ നിങ്ങള്‍ക്ക് നബിയില്‍ കാണാം.
ഒരു രാജസന്നിധിയുടെ ശേഷിയും സാമ്പത്തിക ഭദ്രതയും കൈവശമുണ്ടായിട്ടും കിടന്ന ഈന്തപ്പന മട്ടലിന്റെ അടയാളം പുറത്ത് പേറുന്നൊരു സമുദായ സേവകനെയാണ് നാം കണ്ടത്. ഒരുപാട് ദേശങ്ങള്‍ കൈവെള്ളയിലുണ്ടായിട്ടും അള്ളാഹു തന്നിലര്‍പ്പിച്ച ദൗത്യ നിര്‍വ്വഹണത്തില്‍ മുഴുകി അവനിലേക്ക് തന്നെ മടങ്ങുമ്പോള്‍ നബിതിരുമേനിയുടെ അങ്കി ഒരു ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു. പൊതു ഖജനാവുകളില്‍ നിന്ന് ഊറ്റിയെടുത്ത കോടിക്കണക്കിന് രൂപകള്‍ കൊണ്ട് രമ്യഹര്‍മം പണിയുന്ന സോ കാള്‍ഡ് ‘സേവന’ നേതാക്കന്മാരോട് പറയാനുള്ളത് ഇങ്ങനെയും ഒരു രാജാവ് ജീവിച്ചിരുന്നു.
കെണി മാറി ആനക്ക് കൊണ്ട വിഷയത്തില്‍ കാള പെറ്റുവെന്ന് കേട്ടപ്പോഴേക്ക് കയറെടുക്കാന്‍ ഓടിയ ചില ഇസ്ലാമിക വിരുദ്ധരുടെ തൊട്ടിനയം ഈ ലോക്ഡൗണ്‍ കാലത്ത് നാം ദര്‍ശിച്ചതാണ്. ക്രൂരതയുടെ മുഖം നിരപരാധിയായ ആ ദേശത്തിനും ആ ദേശത്തിന്റെ സംസ്‌കാരത്തെ സ്വാധീനിക്കുന്ന മതത്തിനുമായി. ചുരുക്കിപ്പറഞ്ഞാല്‍ മലപ്പുറം ഒരു കുട്ടി പാക്കിസ്ഥാനും മുസ്‌ലിംകള്‍ ആയുധമണിയാത്ത ഭീകരരുമായി. എന്നാല്‍ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മത മൈത്രിയുടേയും ഒരായിരം കഥകള്‍ ഉയര്‍ന്ന് കേള്‍ക്കുമ്പോള്‍ അവരാരും മലപ്പുറത്തിന്റെ മതം നോക്കാറില്ലയെന്നതാണ് സത്യം. അതെ, തന്റെ നടപ്പാതയില്‍ വഴിമധ്യേ ചപ്പ് ചവറിടുന്ന ജൂത സ്ത്രീയെ ഒരിക്കല്‍ കാണാതായപ്പോള്‍ അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിച്ച് വീട്ടില്‍ ചെന്ന ആമിന സന്തതിയുടെ മാനവിക മൂല്യങ്ങളാണ് ഇന്നും ഈ ദേശക്കാര്‍ ചോരാതെ സൂക്ഷിക്കുന്നത്.
പ്രവാചക ചരിത്രങ്ങളിലെ യുദ്ധ ക്കണക്കുകളെ ഊതി വീര്‍പ്പിച്ച് പ്രവാചകനെ ഒരു യുദ്ധക്കൊതിയനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നും രണ്ടു മഹാ യുദ്ധങ്ങള്‍ കൊണ്ട് അമ്മാനമാടിയവരാണെന്നോര്‍ക്കണം. പ്രതിരോധമായിരുന്നു ഇസ്‌ലാമിക യുദ്ധങ്ങളുടെ ആത്യന്തിക ലക്ഷ്യം. ഇന്ന് തങ്ങളുടെ ആയുധ പരീക്ഷണ കേന്ദ്രങ്ങളായി അമേരിക്കയും റഷ്യയും സൃഷ്ടിച്ചെടുക്കുന്ന യുദ്ധമുറകളായിരുന്നില്ല പ്രവാചകന്റെ യുദ്ധതന്ത്രങ്ങള്‍. സന്ദിയുടെ സാധ്യതകള്‍ക്ക് അത്രമേല്‍ മങ്ങലേറ്റ അനിവാര്യ ഘട്ടങ്ങളില്‍ ഒന്നിലധികം ദിനം കൂടാത്തതായിരുന്നു ഉഹ്ദും ബദ്‌റുമെല്ലാം. നിങ്ങള്‍ യുദ്ധം ചെയ്യാന്‍ പോകുന്നിടത്തെ പടുവൃദ്ധന്മാരേയും ബലഹീനകളായ സ്ത്രീകളേയും വധിക്കരുത്, ഫലം കായ്ക്കുന്ന മരങ്ങളെ ഛേദിക്കയുമരുത് എന്ന് പ്രഖ്യാപിച്ച പ്രവാചകന്റെ യുദ്ധ നയമാണ് നവരാഷ്ട്ര സിദ്ധാന്തങ്ങള്‍ കൈ കൊള്ളേണ്ടത്.
ഇസ്‌ലാം സ്വീകരിക്കുന്നത് വരെ യമാമ ക്കാരുടെ വെള്ളവും ഭക്ഷണവും തടഞ്ഞ് വെച്ച യമാമയുടെ ഗവര്‍ണര്‍ സുമാമത് ബിന്‍ ഉസാലിനോട് നബി ആ തീരുമാനത്തില്‍ നിന് പിന്തിരിയാനായിരുന്നു ആജ്ഞാപിച്ചത്.. തന്റെ ആശയങ്ങളെ ഒരു സമൂഹത്തിലടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഗീബല്‍സിയന്‍ തന്ത്രങ്ങളല്ല, മനുഷ്യത്വം മുഖമുദ്രയാക്കിയ ലോകത്തിന്റെ നേതാവിന്റെ മൃദു സമീപനങ്ങളാണവിടെ കണ്ടത്. ഈ ഉത്തരാധുനിക യുഗത്തില്‍ ഇസ്‌ലാമിനും പരിശുദ്ധ റസൂലിനും ഇത്രയേറെ ശത്രുക്കളുണ്ടാക്കുന്നത് ഇസ്ലാം പോരാടുന്നത് സാമ്രാജ്യത്വത്തോടാണ്. ഈ അധികാര ദേരികള്‍ കെട്ടിപ്പടുത്ത വാര്‍പ്പു മാതൃകകളോടാണ്. ഇസ്ലാമിന്റെ മാനവിക മൂല്യങ്ങളിലധിഷ്ഠിതമായ നയങ്ങളാണവരുടെ ഉറക്കം കെടുത്തുന്നതും.
ചുരുക്കത്തില്‍ , ഖുര്‍ആന്‍ പ്രവാചകനില്‍ പരിചയപ്പെടുത്തുന്ന ഉസ്വതുന്‍ ഹസനയുടെ ഒരു ഏട് മാത്രമാണ് പ്രവാചക മാനവിക മൂല്യങ്ങള്‍. കാരുണ്യവും സാഹോദര്യവുമെല്ലാം ഒത്ത് ചേര്‍ന്ന നബി തുരുമേനിയെ കുറിച്ച് ഗുരു പാടിയതെത്ര സത്യം.
‘ പുരുഷാകൃതി പൂണ്ട ദൈവമോ
നര ദിവ്യാകൃതി പൂണ്ട ധര്‍മമോ
പരമേശ പവിത്ര പുത്രനോ
കാരുണ്യവാന്‍ നബി മണി മുത്ത് രത്‌നമോ’