| Muhammed Favas Akambadam |
നവയുഗത്തിൽ സോഷ്യൽ മീഡിയകളിലും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ‘യുക്തിവാദം’
പലപ്പോഴും സമൂഹത്തിൽ യുക്തി- ഭൗതിക വാദങ്ങൾ നിരത്തി ഇസ്ലാമിന്റെ മഹിതമായ ആശയാദർശങ്ങളെ കരിവാരിത്തേക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ വ്യക്തമായ ധാരണകളും പഠനങ്ങളും നടത്തിയിട്ടില്ലാത്ത ഭൂരിപക്ഷം വരുന്ന ജനങ്ങളും ഇത്തരം വാദങ്ങൾ കണ്ണടച്ച് വിശ്വസിക്കുകയും അതിൽ അകപ്പെടുകയും ചെയ്യുന്നു എന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം ഘട്ടത്തിൽ നേരായ പഠനങ്ങളിലൂടെയും വീക്ഷണങ്ങളിലൂടെയും യാതാർത്ഥ്യത്തെ ഉൾക്കൊള്ളാൻ സാധിച്ചവർക്ക് യുക്തി -ഭൗതിക വാദങ്ങൾ പൊള്ളയാണെന്ന് മനസ്സിലാക്കാനും വിശ്വാസ തീരത്ത് തന്നെ അടിയുറച്ചു നിൽക്കാനും സാധ്യമായിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ ഇസ്ലാമിനെ കരിവാരിത്തേക്കാനും വേട്ടയാടാനും മാത്രമായി ഇസ്ലാമോഫോബിയകളുടെ വലിയൊരു സംഘം തന്നെ ഇന്ന് പ്രവർത്തനാസജ്ജമായി നിലകൊള്ളുന്നുണ്ട്. വിക്കി ഇസ്ലാം പോലോത്ത ഇസ്ലാംവിരുദ്ധ പോർട്ടലുകളും സൈറ്റുകളും മാത്രം എടുത്ത് പരിശോധിച്ചാൽ തന്നെ ഇസ്ലാം വിരുദ്ധത നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കേവലം ഭൗതിക വാദങ്ങൾ മറയാക്കി ഇസ്ലാമിനെ ക്രൂരമായി വേട്ടയാടുന്നവർ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനിറ്റിക്കെതിരെയൊ, മറ്റു മതവിഭാഗങ്ങൾക്കെതിരെയൊ ഇത്തരം വിക്കി ക്രിസ്ത്യാനിറ്റി, വിക്കി ഹിന്ദുത്വം, വിക്കി ബുദ്ധിസം തുടങ്ങിയ യാതൊരു പോർട്ടലുകൾക്കും തുടക്കം കുറിച്ചതായി കേട്ടുകേൾവി പോലും ഇല്ലാത്തതും ഇസ്ലാം വിരോധത്തിന്റെ ആഴം കൂടുതൽ മനസ്സിലാക്കി തരുന്നതാണ്.
നവനാസ്തിക ചിന്താഗതികൾക്ക് ഊടും പാവും നൽകി ഭൗതികവാദങ്ങൾ പ്രചരിപ്പിക്കുന്നവർ ഇന്ന് യഥാർത്ഥത്തിൽ സ്വയം കണ്ണടച്ചിരുട്ടാക്കുക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഖുർആനിക ഭ്രൂണശാസ്ത്രത്തെയും മറ്റും വിമർശിച്ച് സമൂഹ മധ്യേ മണിക്കൂറുകൾ നീണ്ട പഠന ക്ലാസുകൾ നടത്തുന്നവർ പ്രാഥമികമായി ചെയ്യേണ്ടത് വിമർശന വിധേയമാക്കാൻ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളെ പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക എന്നതാണ്. എന്നാൽ അത്തരത്തിലുള്ള യാതൊരു ഒരുക്കങ്ങളും ഇല്ലാതെ എല്ലാത്തിനെയും വിമർശിച്ച് ഇദംപ്രഥമമായ തരത്തിൽ പുതിയ കണ്ടെത്തലുകൾ നടത്തി, അതിനെ പ്രചരിപ്പിക്കുക എന്നത് ഒരു നിലക്കും സ്വീകരിക്കാൻ സാധിക്കുകയില്ല.
പ്രശസ്ത ഗ്രീക്ക് എഴുത്തുകാരനും ദീനീ പ്രബോധകനുമായ ഹംസ ട്ടട്ടസ്, ടൊറന്റോ യൂണിവേഴ്സിറ്റി ഭ്രൂണ ശാസ്ത്ര ഗവേഷകൻ ക്വീത് മൂർ തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കി എന്നും അതിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ അവർ തന്നെ തിരുത്തിയിട്ടുണ്ടെന്നുമുള്ള വ്യാജപ്രചരണങ്ങൾ നിരത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന ഒരു വിഭാഗം ഇസ്ലാമിക വിരോധത്തിനടിമപ്പെട്ട് എത്രത്തോളം അന്ധൻമാരായിരിക്കുന്നു എന്നത് മനസ്സിലാക്കാൻ ഇവരുടെ ഇത്തരം പ്രവർത്തനങ്ങൾ തന്നെ ധാരാളം.
പരിശുദ്ധ ഖുർആൻ മുന്നിൽ വെക്കുന്ന നിയമ നിർദ്ദേശങ്ങൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് സാക്ഷ്യം വഹിച്ച് ദീനിൽ നില നിന്ന് പോരുന്ന വിശ്വാസികൾ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരാണെന്ന് വാതോരാതെ നാടുനീളെ പ്രസംഗിച്ചു നടക്കുന്നവർ പരിശുദ്ധ ദീനിന്റെ യഥാർത്ഥമായ ആശയാദർശങ്ങളും വിശുദ്ധ മതഗ്രന്ഥമായ ഖുർആൻ ശരീഫിലെ ഒരേടെങ്കിലും യഥാർത്ഥമായി പഠിച്ച് മനസ്സിലാക്കാൻ തുനിഞ്ഞിരുന്നുവെങ്കിൽ, അതിലെ ഒരു വചനമെങ്കിലും ഇരുളടയാത്ത മനസ്സിൽ സ്വീകരിച്ചിരുന്നുവെങ്കിൽ മഹിതമായ ദീനിനെതിരെ കൊഞ്ഞനം കുത്താൻ അവർക്ക് സാധിക്കുമായിരുന്നില്ല എന്നതാണ് വാസ്തവം.
ഇസ്ലാമിക വൈരുദ്ധ്യത നിഴലിച്ചു നിൽക്കുന്ന ലേഖനങ്ങൾ തിരഞ്ഞെടുത്ത് അതിലെ പൊള്ളയായ വാദങ്ങൾ മാത്രം കോപ്പി-പേസ്റ്റ് ചെയ്യുന്ന ‘യുക്തി പണ്ഡിതന്മാർ’ യഥാർത്ഥത്തിൽ വിശ്വാസി സമൂഹത്തിന്റെ ചിന്തകളും മതവാദങ്ങളും എന്താണെന്ന് പോലും മനസ്സിലാക്കാതെ അർത്ഥഗർഭമില്ലാത്ത വിമർശന പഠനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ വേണ്ടവർക്ക് സ്വീകരിക്കാനും അല്ലാത്തവർക്ക് തള്ളിക്കളയാനുമുള്ള അവകാശം ഇസ്ലാം നൽക്കുന്നുണ്ട്. എന്നാൽ മുന്നേ സൂചിപ്പിച്ചതുപോലെ നിയമ നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിക്കാൻ തയ്യാറാണെന്ന് സാക്ഷ്യംവഹിച്ച ഏതൊരു വ്യക്തിക്കും അത് പാലിക്കൽ നിർബന്ധമാണ്. അത് ദീനിൽ എന്നല്ല ഭൗതിക കാര്യങ്ങളിലും അങ്ങനെ തന്നെയാണ്. എന്നാൽ ഇവിടെയും ചിന്താ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നവർ മനസ്സിലാക്കേണ്ടത് ചിന്തകൾക്കും അതിന്റെതായ പരിധികളുണ്ടെന്നും എല്ലാം ചിന്തിച്ചു മാത്രം കണ്ടെത്തുക എന്നത് പ്രായോഗികമല്ലാ എന്ന യാഥാർത്ഥ്യവുമാണ്.
മനുഷ്യ സംസ്കരണത്തിനായി ഇറക്കിയ ഗ്രന്ഥത്തിൽ മാനുഷിക ജീവിതത്തിലെ ഇടനാഴികൾ ഏറെയും ചർച്ച ചെയ്യപ്പെടുമ്പോൾ അതിനെയും ഭൂമിശാസ്ത്രപരമായും, ഗോളശാസ്ത്രപരമായും മാത്രം ചിന്തിച്ച് സ്വയം അന്ധരാകുന്നവരോട് തർക്കിച്ചു ജയിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ വിജയം.
മനുഷ്യമനസ്സുകളിൽ ഇളക്കം സൃഷ്ടിച്ച് വ്യതിചലനങ്ങൾക്ക് വഴിയൊരുക്കുന്ന ‘യുക്തി ബോധം’ പോലും വേണ്ടവിധത്തിൽ ഇല്ലാത്ത കപട വാദികൾ ഏതൊരർത്ഥത്തിലാണ് സമൂഹത്തിൽ ഭൗതിക- മത വാദങ്ങളിൽ താരതമ്യ പഠനം നടത്തുന്നതെന്ന് ഉത്തരമില്ലാത്ത ചോദ്യമാണ്. പരിശുദ്ധ ഖുർആൻ വ്യക്തി നിർമ്മിതമാണെന്ന് പറഞ്ഞു മുന്നേ വന്നവർക്ക് മുമ്പിൽ വെല്ലുവിളി ഉയർത്തിയ ഒരു വലിയ ചോദ്യമുണ്ട്…
“ഇതിനോട് കിടപിടിക്കുന്ന ഒരു വചനക്കെങ്കിലും കൊണ്ടു വരാൻ തയ്യാറുണ്ടോ…?” എന്ന് .
എന്നാൽ ഇതേ വെല്ലുവിളിക്ക് ഇന്നും ഉത്തരം നൽകാൻ സാധിക്കാത്ത പക്ഷവും പുതിയ വാദങ്ങളും ചിന്തകളും നിരത്തി നിങ്ങൾ ആരെയാണ് പൊട്ടന്മാരാക്കുന്നത്?
ഇഖ്‌റഇന്റെ സന്ദേശങ്ങൾ ആശയ ചോർച്ചയില്ലാതെ ജനഹൃദയങ്ങളിൽ പകർന്നുനൽകിയ ലോക നായകരുടെ അനുയായികളെയോ…?
ഇസ്ലാമിനെ എത്രത്തോളം ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നുവോ അതിനനുസരിച്ച് ഇസ്ലാമിന്റെ വളർച്ച ധൃതഗതിയിൽ ആവുന്നുണ്ടെന്ന് ഇത്തരം ഇസ്ലാം വിരോധികൾ മനസ്സിലാക്കിയാൽ നന്ന്. വർഷങ്ങൾക്കപ്പുറം വിമർശകർക്കു മുമ്പിൽ കൂടുതൽ അസൂയാ പരമായ രീതിയിൽ ഇസ്ലാം വളർച്ചയുടെ ഉത്തുംഗതയിൽ എത്തുമെന്ന് ആധുനിക പഠനങ്ങളും തെളിയിച്ച് കൊണ്ടിരിക്കുന്നു. അതിനെല്ലാം പുറമേ കാല്പനികമായ മൂല്യങ്ങളിലൂടെ നേടിയെടുത്ത അടിയുറച്ച വിശ്വാസവും, ആത്മീയ പരമായ ഉൾവെളിച്ചവും സമംചേർന്ന് ഇസ്ലാമിക വ്യതിചലനങ്ങളെ മനസ്സിലാക്കി ദീനീ സംരക്ഷണ വീഥികളിൽ പ്രോഢ്ജ്വലിച്ച് മൺ മറഞ്ഞതും, ജീവിച്ചിരിക്കുന്നതുമായ പണ്ഡിത മഹത്തുക്കളുടെ പിന്മുറക്കാരായി ഇന്നും ഈ കേരളക്കരയിൽ സമസ്ത എന്ന മഹിതമായ പണ്ഡിത പ്രസ്ഥാനത്തിന്റെ കീഴ്ഘടകമായി പ്രവർത്തിച്ച് യഥാർത്ഥമായ ദീനിന്റെ ആശയാദർശങ്ങൾ വരച്ചു കാണിച്ചു മുന്നേറുന്ന ‘ഇബാദിന്റെയും’ ‘ഇസ്തിഖാമ’ യുടെയും നട്ടെല്ലുള്ള നായകൻമാർക്കും പിന്നണി കൾക്കും മുമ്പിൽ നാസ്തിക ചിന്താഗതികൾക്ക് ചൂട്ടുപിടിക്കുന്ന ഇത്തരം കപട വാദികൾ ഉത്തരമില്ലാതെ മുട്ടുമടക്കേണ്ടി വരുന്നുണ്ടെന്നും, ഇതിവിടം നിലനിൽക്കുന്ന കാലത്തോളം ദീനി വെളിച്ചം അസ്തമിക്കില്ലെന്നും വിശ്വാസി സമൂഹം മനസ്സിലാക്കി മുന്നേറാൻ സന്നദ്ധരാവണം.