പ്രിയ പിതാവ് വാക്കോട് ഉസ്താദിൻ്റെ കൂടെ സമസ്തയുടെ മുശാവറ യോഗത്തിനും മറ്റു യോഗങ്ങൾക്കും മിക്ക ദിവസങ്ങളിലും ഉസ്താദ് കൂടെ ഉണ്ടായിരുന്നു. ഉപ്പയുടെ കൂടെ അധിക ദിവസവും ഞാനായിരുന്നതിനാൽ എന്നോട് നല്ല സ്നേഹമായിരുന്നു.ഇടക്ക് കയ്യിൽ കാശൊക്കെ നൽകി ദുആ ചെയ്യാനൊക്കെ ആവിശ്യപ്പെട്ടിരുന്നു. എവിടുന്ന് കണ്ടാലും മോനേ എന്തൊക്കെ വിശേഷം നിൻ്റെ അസുഖമൊക്കെ സുഖായില്ലേ എന്നന്വേഷിക്കാത്ത ദിനം ഞാനോർക്കുന്നില്ല.
വീട്ടിൽ നിന്നും സമസ്തയുടെ യോഗത്തിന് പുറപ്പെട്ടാൽ നേരെ ചെല്ലുന്നത് എം.എം ഉസ്താദിൻ്റെ വീട്ടിലേക്കാണ്. നിറ പുഞ്ചിരിയുമായി വീട്ടുമുറ്റത്ത് ഞങ്ങളേയും പ്രതീക്ഷിച്ച് ഉസ്താദ് നിൽപ്പുണ്ടാവും .ചായ കുടിപ്പിക്കാൻ കരുതിയിട്ടുണ്ടെങ്കിൽ നിർബന്ധിപ്പിച്ച് കുടിപ്പിക്കും. അല്ലെങ്കിൽ യാത്ര ആരംഭിക്കും.
കാറിൽ കയറി അവിടെ എത്തുമ്പോഴേക്കും സമസ്തയുടേയും നേതാക്കളുടേയും പല അനുഭവ ചരിത്രങ്ങൾ ഉസ്താദ് പങ്കു വെക്കലുണ്ട്.ഉസ്താദ് പല നാടുകളിലേക്കും പ്രബോധനത്തിന് പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ കൂട്ടത്തിലുണ്ടാവും.ശംസുൽ ഉലമയാണ് ഉസ്താദിനെ മുശാവറയിലെടുത്തത്.” എടോ, നിന്നെ ഞാൻ മുശാവറയിലെടുക്കാണ്”. ഉസ്താദേ ഞാൻ അതിന് യോഗ്യനല്ല.” പിന്നെ ആരെയെടോ അവിടുന്ന് എടുക്കുവാ ” .തൃശൂർ ജില്ലയിൽ നിന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഹൈദ്രൂസ് ഉസ്താദിൻ്റെ വഫാത്തിന് ശേഷം ശംസുൽ ഉലമയാണ് അദ്ധേഹത്തെ മുശാവറയിൽ എടുക്കുന്നത്.
പിതാവിനോട് വല്ലാത്ത സ്നേഹ ബന്ധമായിരുന്നു.എല്ലാ കാര്യങ്ങളും പിതാവ് ഉസ്താദിനോടും ഉസ്താദ് പിതാവിനോടും മുശാവറ ചെയ്യലുണ്ട്.ഉപ്പാക്ക് ഇടക്ക് ചായ കുടിക്കേണ്ടി വരുമെന്ന് ഉസ്താദ് മനസ്സിലാക്കിയതിനാൽ ഇടവിട്ട് എന്നോട് മെല്ലെ പറയും.ഉപ്പാക്ക് ചായ കുടിക്കേണ്ടി വരും. നമ്മുക്ക് ഒരു കടയുടെ അടുത്ത് നിറുത്തണം. ചായക്കടയുടെ അടുത്ത് നിറുത്തിയാൽ ഉസ്താദിന് ആവിശ്യമുണ്ടെങ്കിൽ ഉപ്പയുടെ കൂടെ ചായ കുടിക്കാൻ പോവും.അല്ലെങ്കിൽ കാറിൽ ദിക്റുകൾ ചൊല്ലിയിരിക്കും. പലപ്പോഴും കോഴിക്കോടിൽ നിന്നും തിരിച്ചു വരുമ്പോൾ മോങ്ങത്ത് എത്തുന്നതിൻ്റെ മുമ്പ് ഒരു ചായക്കടയുണ്ട്.പല തര എണ്ണക്കടികളും ഓർഡർ ചെയ്ത് കഴിക്കും. മുളക് ബെജി കഴിക്കുമ്പോഴൊക്കെ പറയും ഇതൊക്കെ കഴിക്കുന്നത് നല്ലതാണ്.
വഴിയിൽ വെച്ച് മൂന്നു കിലോയുടെ ഓറഞ്ച് ഉസ്താദിൻ്റ വീട്ടിലേക്കും അതുപോലോത്ത ഒന്ന് ഉസ്താദിൻ്റെ വക എൻ്റെ വീട്ടിലേക്കും വാങ്ങും.
തിരിച്ച് വീട്ടിലേക്ക് എത്തുന്നതിൻ്റെ മുമ്പെ ഭാര്യയോട് വിളിച്ച് പറയും.ഞാനും വാക്കോട് ഉസ്താദും മോനും വരുന്നുണ്ട്. ചായ ഉണ്ടാക്കിക്കോ.
ചിലപ്പോഴൊക്കെ ഭാര്യയോട് ചില തമാശ പറഞ്ഞ് കളിയാക്കിയിട്ട് ഞങ്ങളോട് പറയും .ഇവരെ ഇങ്ങനെയൊക്കെ കളിയാക്കുന്നത് ഒരു രസമാണ്.
അവസാന നാളുകളിലൊക്കെ ഫൈസിമോനെ എന്നാണ് എന്നെ വിളിച്ചിരുന്നത്. ഇനി ആ മോനെ എന്ന വിളി കേൾക്കില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു.
നാഥൻ സ്വർഗത്തിൽ ഒരുമിച്ച് സംഗമിക്കാനുള്ള സൗഭാഗ്യം നൽകട്ടെ… ആമീൻ