അങ്ങാടിയില്‍ നിന്നും പ്രവാസിയായ ഒരു ചെറുപ്പക്കാരന്‍ തന്റെ കൂടെയുള്ളവരോടായി പറയുകയാണ്. സൗദി തോറ്റു. ഇനി സമാധാനത്തോടെ നടക്കാം. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന സമയമായതിനാല്‍ പറഞ്ഞെതെന്തെന്ന് മനസ്സിലായി. പക്ഷെ ദീനി ചിട്ടയുള്ള ആ യുവാവും ഇതിന്റെ ഭ്രാന്തന്‍ ആയി പ്പോയോ എന്ന് സംശയിക്കവെ അയാള്‍ എന്നോട് പറഞ്ഞു. അവര്‍ ജയിച്ചാല്‍ പിന്നെ നമുക്ക് സൈ്വര്യം നഷ്ടപ്പെടും. അര്‍ദ്ധരാത്രിയില്‍ പോലും ആണും പെണ്ണും അങ്ങാടിയിലിറങ്ങി ചാടിക്കളിക്കുമത്ര. വഴിയിലൂടെ പോവുന്നവരെ പോലും വെറുതെ വിടില്ല. മൂത്രം കവറിലൊഴിച്ച് വഴിയില്‍ വരുന്ന വരെയൊക്കെ എറിഞ്ഞ് അവര്‍ ആഹ്ലാദം പ്രകടിപ്പിക്കും. ഭാഗ്യത്തിന് ഇന്നവര്‍ തോറ്റിരിക്കുന്നു. ലോകത്തെ ഏറ്റവും ഉല്‍കൃഷ്ടര്‍ എന്ന് മുത്ത് നബി(സ) വിശേഷിപ്പിച്ച സ്വഹാബത്തും തിരുദൂതരും ജന്മം കൊണ്ട പുണ്യ ഭൂമിയിലെ പിന്‍ മുറക്കാരാവുന്ന അറബികളുടെ ഇന്നത്തെ അവസ്ഥയാണിത്. എങ്കിലും അവരുടെ രാജ്യത്തിന്റെ കാര്യം എന്ന മുടന്തന്‍ ന്യായമെങ്കിലുമുണ്ട്. അതു പോലുമില്ലാത്ത നമ്മുടെ നാട്ടുകാരാണ് ലോകത്തിലെ നമ്പര്‍ വണ്‍ വിഢികള്‍. ഇത്രയും പറയുമ്പോള്‍ എന്തിനിത്ര വിമര്‍ഷിക്കണം എന്ന ചോദ്യം സ്വാഭാവികമാണ്. ഇവിടെയാണ് കളി നമ്മെ കളിയില്‍ തളച്ചിട്ട കോര്‍പറേറ്റിനെ നാം തിരിച്ചറിയേണ്ടത്.
പ്രധാന അറബ് രാഷ്ട്രങ്ങളിലൊന്നായ ഇറാഖിന്റെ നായകന്‍ സദ്ദാം കൊല്ലപ്പെട്ട നേരം പടിഞ്ഞാറുകാരന്‍ വിളിച്ച് പറഞ്ഞത് ഞങ്ങള്‍ക്കിനി അറബികളില്‍ നിന്നും ഭയപ്പെടാനാരുമില്ല. മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ കളി പന്ത് എറിഞ്ഞ് കൊടുത്തു. അവര്‍ കളിയിലാണ് എന്നതായിരുന്നു. അതെ എണ്ണപ്പണത്തിന്റെ പളപളപ്പില്‍ മേനി മിനുക്കി നടക്കുന്ന അറബിക്കുട്ടികള്‍ ജൂത-സയണിസ്റ്റ് ലോബിയുടെ കാല്‍ പന്തില്‍ തട്ടി ഉരുണ്ട് മറിഞ്ഞ് നട്ടെല്ലൊടിഞ്ഞിരിക്കുകയാണ്. പടിഞ്ഞാറുകാരന്റെ നെറി കെട്ട നിലപാടുകള്‍ക്കെതിരെ ചെറു വിരല്‍ അനക്കാന്‍ പോലും സദ്ദാമിനു ശേഷം അറബ് നാട്ടില്‍ ഒരാളും ഉയര്‍ന്നിട്ടില്ല.
ഇനി മലബാറിലേക്ക് വരാം. ബുള്ളറ്റ് പ്രൂഫിനേക്കാള്‍ കരുത്തും ഉള്‍ബലവുമുള്ള ഈമാനിന്റെ ഉരുക്കുറപ്പിനെ വെടിയുണ്ടകള്‍ കൊണ്ട് തോല്‍പിക്കാനാവില്ലെന്നത് നൂറ്റാണ്ടിനു മുമ്പ് സ്വാതന്ത്ര്യ ഭാരതത്തിന് വേണ്ടി തുല്യതയില്ലാത്ത സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നരും മമ്പുറത്തെ തങ്ങള്‍ തുടങ്ങിയ പുലിക്കുട്ടികള്‍ തെളിയിച്ചതാണ്. നാം നമ്മുടെ ആദര്‍ഷത്തിന്റെ പാതയില്‍ നിന്ന് തെന്നി നില്‍ക്കാത്ത കാലത്തോളം സമുദായത്തെ തൊട്ടുകളിക്കാന്‍ ഒരുത്തനും കഴിയില്ല. ലോകത്തിന്റെ ഇരു ദിക്കിലും അവസ്ഥയിതു തന്നെയാണ്. അവിടെയാണ് ജൂതനും പടിഞ്ഞാറുകാരനും കൂടി പന്തുതട്ടി വന്നത്. പത്രമാധ്യമങ്ങള്‍, മീഡിയകള്‍ വഴി അതിനു വേണ്ട സര്‍വ്വ പ്രോത്സാഹനങ്ങളും നല്‍കി കളിക്കുന്നവനും അവന്റെ രാജ്യത്തിനും പണം എമ്പാടും കിട്ടും. എന്നാല്‍ അതിനു വേണ്ടി സമയവും വാക്കും നാക്കും ചിലവഴിക്കുന്നവന് മിച്ചം സമയ നഷ്ടം മാത്രം. അല്‍പം വിനോദം ഉണ്ടെന്നത് ശരി. മുസ്ലിമിന്നു ജീവിതം വിനോദത്തിനുള്ളതാണോ. നരകവാസികളോട് സ്വര്‍ഗക്കാര്‍ നിങ്ങളെ സഖര്‍(നരകം)ല്‍ പ്രവേശപ്പിച്ചതെന്തെന്ന ചോദ്യത്തിന് മൂന്ന് കാരണങ്ങളിലൊന്ന് ഞങ്ങള്‍ വിനോദക്കാര്‍ക്കൊപ്പം വിനോദിക്കുന്നവരായിരുന്നുവെന്ന മറുപടി ഖുര്‍ആന്‍ പറയുന്നുണ്ട്. നെഞ്ചകത്ത് അല്‍പമെങ്കിലും ഈമാനിന്റെ അംശമുള്ളവന്‍ എങ്ങിനെയാണ് ഇരു ലോകത്തിനും ഗുണമില്ലാത്തതില്‍ ഏര്‍പ്പെടുക?
മലബാറിലെ മുസ്ലിം ചെറുപ്പക്കാര്‍ കളിയുമായി ഇത്രയും അടുപ്പത്തിലായതിന്റെ പിന്നില്‍ ക്യത്യമായ കോര്‍പറേറ്റ് അജണ്ടയുണ്ട്. തോക്കുകൊണ്ട് തോല്‍പ്പിക്കാനാവാത്ത നമ്മുടെ ഈമാനിന്റെ ഇഷ്ടപ്രവര്‍ത്തിയായ വിനോദത്തിലേര്‍പ്പെടുത്തി നമ്മെ തകര്‍ക്കുകയാണ്. ധാര്‍മികമായും ഭൗതികമായും മുസ്ലിം തകരണം. എങ്കിലേ ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് വളരാനാവൂ. ക്രിസ്ത്യന്‍ ഭൂരിപക്ഷ ദേശങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തികള്‍ക്ക് പ്രാത്സാഹനം നല്‍കുന്ന മുത്തശ്ശി പത്രങ്ങള്‍ മലബാറിലെത്തുമ്പോള്‍ കളിക്ക് മുഖ്യ പങ്ക് നല്‍കുന്നതെന്തിനാണ്? അറബിക് സര്‍വകലാശാല മുളയിലേ നുള്ളി ക്കളഞ്ഞും മലപ്പുറത്തുകാര്‍ക്ക് റാങ്ക് വരുമ്പോള്‍ കണ്ണടച്ചും മലബാറിനേയും മുസ്ലിമിനെയും തൂലിക കൊണ്ട് കൊല്ലാന്‍ മാധ്യമങ്ങളുടേയും മീഡിയകളുടേയും ചതിക്കുഴിയില്‍ വീണ് തമ്മില്‍ തല്ലി സമയത്തെകൊല്ലാന്‍ തലച്ചോറുള്ള മുസ്ലിം ഒരുമ്പെടരുത്. നമ്മുടെ സമയത്തെ കളിയില്‍ മുക്കി ജഡ്ജി കസേരയിലും കലക്ടര്‍ കസേരയിലും തുടങ്ങി ഭൗതിക മേഖലയില്‍ മുസ്ലിം അഭാവം കണ്ട് ഉള്ള് നിറഞ്ഞ് ചിരിക്കുന്നവരാണ് ഇതിനു പിന്നിലുള്ളത്. 14 കോടിയാണത്രേ മലബാറിലെ ഫ്‌ളക്‌സിനും കൊടിക്കും ചെലവഴിച്ചത്. നെഞ്ചൂക്കുള്ള പൂര്‍വ്വികര്‍ വൈദേശികരെ ഈ മണ്ണില്‍ നിന്ന് ആട്ടിയതും ചോരകൊടുത്ത് അവര്‍ സ്വാതന്ത്ര്യം വാങ്ങിയതും നമുക്ക് വേണ്ടിയാണ്. എന്നിട്ടും അവരുടെ കൊടി നാട്ടി അര്‍ദ്ധരാത്രിയില്‍ കുറുക്കനെ പോലും ലജ്ജിപ്പിക്കുന്ന, കൂക്കു വിളികളും രാഷ്ട്രീയക്കാരെ വെല്ലുന്ന കൊടി തോരണങ്ങളും നാട്ടുന്നവന്റെ തൊലിക്കട്ടി എത്രയാണ്.
രാഷ്ട്രീയമായ സമുദായത്തിന്റെ ചൊവ്വായ വഴി നടത്താന്‍ ശിഹാബ് തങ്ങളും സി.എച്ച് മുഹമ്മദ് കോയയും വരച്ച് കാട്ടിയ വഴി തന്നെയാണ് ശരി. ആ വഴിയിലാണ് സംസ്‌കാരവും വിവേകവും സംഗമിച്ചിരിക്കുന്നത്. ഇനി ഒരിക്കലും തലച്ചോറുകള്‍ തല തിരിഞ്ഞ് കോര്‍പറേറ്റീവിന്റെ ഗോള്‍ വലയിലെത്തരുത്.
|Ali Karippur|