+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

മക്കളോടും കടമകളുണ്ടേറെ

‎‎മക്കൾ ഭൗതിക ലോകത്തെ ഫലങ്ങളാണെന്നാണ് പ്രമാണ ഭാഷ്യം. ഭൗതിക ലോകം പാരത്രിക ലോകത്തേക്കുള്ള കൃഷിയിടമാണെന്ന് മറ്റൊരിടത്ത് കാണാം. ഫലഭൂഷ്ഠമായ കായ്ഖനികൾ ഫലമായി ലഭിക്കാൻ വെള്ളവും വളവും മികച്ച പരിപാലനവും ആവശ്യ മാണ്. ഇതൊരു പ്രകൃതി യാഥാർഥ്യമാണെന്നിരി ക്കെ, മാനവ ജീവിതത്തിൽ അല്ലാഹു വരദാനമായി നൽകിയ മക്കളുടെ കാര്യത്തിലും ഈ പരിഗണ നയും ഉത്തരവാദിത്ത ബോധവും ആവശ്യമാണെന്ന് ചുരുക്കം. വിവാഹമെന്ന മഹത്തായ കർമത്തിലൂടെ ഒന്നായി തീരുന്ന രണ്ടു ജീവിതങ്ങളിൽ പിറക്കുന്ന മക്കളെ അല്ലാഹു വിൻ്റെ മാർഗത്തിലൂടെ വളർത്താനും അവന്റെ തൃപ്തിയിൽ വഴിനടത്താനും ഓരോ രക്ഷിതാവിന്റെ മേലിലും നിർബന്ധിത ബാധ്യതയാണ്. ഇസ്‌ലാം സന്താനപരിപാലനത്തിനും ശിക്ഷണത്തിനും മഹത്തായ സ്ഥാനമാണ് കൽപിച്ചു നൽകുന്നത്. സന്താന ശിക്ഷണത്തിലുണ്ടാകുന്ന അപാകത കുട്ടിയുടെ ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് പറയേണ്ട കാര്യമില്ല.

രണ്ടാം ഖലീഫ ഉമർ (റ) വിൻ്റെ കാലത്ത് നടന്ന ഒരു സംഭവം ഇങ്ങനെ: അദ്ദേഹത്തിന്റെ സന്നിഹിതിയിലേക്ക് ഒരാൾ തന്റെ കുട്ടിയുടെ അനുസരണക്കേടിനെ കുറിച്ച് പരാതി പറയാൻ വന്നു. ഖലീഫ കുട്ടിയെ വിളിപ്പിച്ചു. പിതാവിനെ അനുസരിക്കാത്തതിന്റെ പേരിൽ ശാസിക്കാൻ ആരംഭിച്ചപ്പോൾ കുട്ടി ഉമർ (റ) വിനോട് ചോദിച്ചു: “അമീറുൽ മുഅ്മിനീൻ, പിതാവിന് മക്കളോട് ബാധ്യതയൊന്നുമില്ലേ?” ഉണ്ടെന്ന് ഖലീഫ പ്രതിവചിച്ചു. അപ്പോൾ അതെന്തെന്നായി കുട്ടി. ഉമർ (റ) വിശദീകരിച്ചു: “നല്ല ഭാര്യയെ തെരഞ്ഞെ ടുക്കുക, കുട്ടിക്ക് നല്ല പേരിടുക, ഖുർആൻ പഠി പ്പിക്കുക.” ഇതു കേട്ടയുടൻ കുട്ടി പ്രതികരിച്ചു: “അമീറുൽ മുഅ്മിനീൻ, എൻ്റെ ഉപ്പ ഈ മൂന്നു കാര്യവും ചെയ്തിട്ടില്ല.” അപ്പോൾ ഖലീഫ പരാതി ക്കാരനായ പിതാവിനോടു പറഞ്ഞു: “നിങ്ങൾ എന്റെ യടുക്കൽ വന്നത് അനുസരണക്കേടു കാണിക്കുന്ന മകനെക്കുറിച്ച് പരാതിപ്പെടാനാണ്. എന്നാൽ, നിങ്ങ ളാണ് അവനോട് ആദ്യം തെറ്റുകാണിച്ചത്. അവൻ നിങ്ങളോട് മോശമായി പെരുമാറുന്നതിനു മുമ്പ് ഞങ്ങളാണ് അവനോട് മോശമായി പെരുമാറിയത്” (തർബിയത്തുൽ ഔലാദി ഫിൽ ഇസ്‌ലാം).

വലിയ ഉൾക്കാഴ്ച നൽകുന്ന സംഭവമാണ് മുകളിൽ പരമാർശിച്ചത്. ഇസ്‌ലാമികമായി ജീവിതം നയിക്കുന്നവർ സന്താനപരിപാലനം അല്ലാഹുവിന്റെ പ്രീതിയിലധിഷ്‌ഠിതമാക്കാൻ അടിസ്ഥാനപരമായി വർത്തിക്കേണ്ട കാര്യങ്ങളെയാണ് ഖലീഫ ഉമർ (റ) ഊന്നിപറയുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ച് മക്കളെ വളർത്തിയാൽ അവർ ജീവിതത്തിൽ കൺകുളിർമയാകുമെന്നാണ് ഖുർആൻ പറയുന്നത്. അല്ലാഹു പറയുന്നു: “നാഥാ, സ്വന്തം സഹധർമിണിമാരിലും സന്താനങ്ങളിലും നിന്ന് ഞങ്ങൾക്ക് നീ ആനന്ദം നൽകുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവർക്ക് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യേണമേ എന്നു പ്രാർഥിക്കുകയും ചെയ്യുന്നവരാകുന്നു അവർ” (ഖുർആൻ 25: 74). “നാഥാ, മക്കളെ നല്ലവരും അനുസരണശീ ലമുള്ളവരുമാക്കി ഞങ്ങ ളുടെ കണ്ണുകളെ കുളിര ണിയിക്കണേ..” എന്നാണ് ഈ ആയത്തുകൊണ്ട് അർത്ഥമാക്കുന്നതെന്ന് ഇമാം സമഖ്ശരീ (റ) കശ്ശാഫിൽ വിശദീകരിക്കുന്നുണ്ട്.

‎‎ഉമർ (റ) നിർദേശിച്ച കാര്യങ്ങൾ നോക്കാം. സന്താനങ്ങൾ നല്ലവരാകാൻ അദ്ദേഹം ആദ്യം പറയുന്നത്, നല്ല ഭാര്യയായിരിക്കുക എന്നതാണ്. ഇണയെ തെരഞ്ഞെടുക്കുമ്പോൾ വലിയ ജാഗ്രത കാണിക്കേണ്ടതിന്റെ പ്രസക്തിയാണ് ഇവിടെ മനസ്സിലാക്കേണ്ടത്. ഭാര്യമാരെ കൃഷിയിടത്തോടാണ് ഖുർആൻ ഉപമിക്കുന്നത്. നല്ല കൃഷി ഭൂമിയിലെ നല്ല വിളവ് ലഭിക്കൂ എന്ന് ഇവിടെ ചേർത്തുവായിക്കേണ്ടതാണ്. വിവാഹമലോചിക്കുമ്പോൾ കുടുംബ സാഹചര്യങ്ങൾ സമാനമാവാൻ ശ്രമിക്കണമെന്ന ഇസ്‌ലാമിക അധ്യാപനങ്ങൾ പ്രേരിപ്പിക്കുന്നതിന്റെ പ്രധാന കാരണം, ഭാര്യ-ഭർത്താക്കന്മാർക്കിടയിൽ മനപ്പൊരുത്തം വർധിക്കാൻ വേണ്ടിയാണെന്നു മനസ്സിലാക്കണം. മാനസികമായി പരസ്പര പൊരുത്തമുള്ള മനസ്സുകൾക്കിടയിൽ മാത്രമാണ് സ്നേഹവും അനുകമ്പയും ഉത്തരവാദിത്ത ബോധവും ഉണ്ടാകൂ.അതിനാൽ മതബോധവും ധാർമിക ചിന്തയുമുള്ള ഇണയെ തെരഞ്ഞെടുക്കണം സമ്പത്തിനും സൗന്ദര്യത്തിനും അതു കഴിഞ്ഞേ സ്ഥാനം കൽ പ്പിക്കാവൂ.

ഉമർ (റ) രണ്ടാമതായി നിർദേശിച്ച കാര്യം നല്ല പേരിടുക എന്നതാണ്. പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം പുതിയ കാലത്ത് പതിവായി കേൾക്കുന്ന വാക്കാണ്. എന്നാൽ പേരിൽ വലിയ പൊരുളടങ്ങിയിരിക്കുന്നുവെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. പ്രസവിക്കപ്പെട്ട ഏഴാം ദിവസം തന്നെ കുഞ്ഞിന് പേര് വിളിക്കൽ സുന്നത്താണ്. നബി ﷺ പറയുന്നു: “നിങ്ങളുടെ പേരുകളിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത് അബ്ദുറഹ്‌മാൻ, അബ്ദുല്ല, എന്നീ പേരുകളാണ്” (മുസ്‌ലിം).
അതുപോലെ മുഹമ്മദ് എന്ന പേരിന് നിരവധി മഹത്തങ്ങളുണ്ട്. മഹാന്മാരുടെയും മഹതിമാരുടെ പേരുകളും സവിശേഷ സ്ഥാനമർഹിക്കുന്നുണ്ട്. മൂന്നമതായി ഖലീഫ പഠിപ്പിച്ചത് കുട്ടിയെ ഖുർആൻ പഠിപ്പിക്കുക എന്നതാണ്. ധാർമിക വിദ്യാഭ്യാസം നൽകണമെന്ന് ചുരുക്കിപറയാം.

മക്കളോടുള്ള ബാധ്യതകൾ ചർച്ച ചെയ്യുമ്പോൾ പ്രധാനമായും അതിന്റെ അടിത്തറ തർബിയ്യത്തു (പരിപാലനം) മായി ബന്ധപ്പെട്ടുകിടക്കുന്നു. പ്രായപൂർത്തി വരെ കൃത്യമായി നടന്നാലേ പിൽകാല ജീവിതത്തിൽ അതവന്റെ ജീവിതത്തിൽ പ്രതിഫലിച്ചു കാണൂ. വിശ്വാസപരമായും പെരുമാറ്റ ശീലങ്ങളാലും ബൗദ്ധികമായും ശാരീരികമായും ആത്മീയമായും സാമൂഹികമായും കുട്ടി തർബിയ്യത്ത് ലഭിച്ചവനായിരിക്കണം. അവന് ഇപ്പറയപ്പെട്ട പരിപാലനങ്ങൾ മുഴുവൻ നൽകണമെന്ന് ചുരുക്കം. മക്കൾക്ക് വിശ്വാസപരമായ തർബിയ്യത്ത് നൽകൽ മാതാപിതാക്കളുടെ മേൽ ബാധ്യതയാണ്. ജനിച്ച ഉടനെ കുട്ടിയുടെ ചെവിയിൽ അല്ലാഹുവിന്റെ വിശേഷണങ്ങളും തിരുനബി ﷺ യുടെ പൊരുളുമടങ്ങുന്ന വാങ്കും ഇഖാമത്തും കേൾപ്പിക്കണമെന്ന് ബോധിപ്പിക്കുന്നത് അതിനാലാണ്. ചെറുപ്പത്തിൽ തന്നെ കുട്ടിക്ക് ഈമാൻ കാര്യങ്ങളും ‎ഇസ്‌ലാം കാര്യങ്ങളും പഠിപ്പിക്കാൻ രക്ഷിതാക്കൾ ബാധ്യസ്ഥരാണ്. വളർന്നു വരുമ്പോൾ തന്നെ അവനെ മതബോധനങ്ങളും മതാധ്യാപനങ്ങളും പഠിപ്പിക്കണം. നമ്മുടെ നാട്ടിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പ്രാഥമിക മതപാഠശാലകളിൽ ചേർത്ത് ഇസ്‌ലാമിക ശരീഅത്തിനെക്കുറിച്ചും പ്രവാചകാധ്യാപനങ്ങളെക്കുറിച്ചും പഠിപ്പിച്ച് ധാർമിക ബോധമുള്ള കുട്ടികളായി മക്കളെ വളർത്തുക. ഈമാനികവും ഇസ്‌ലാമികവുമായ കാര്യങ്ങൾ മനസ്സിലുറച്ച കുട്ടി സത്യനിഷേധികളുടെയും നിരീശ്വരവാദികളുടെയും മുന്നിൽ ഒരിക്കലും പതറിപോകില്ല. കാരണം, അവന്റെ-അവളുടെ മനസ്സകം ഇസ്ലാമിക മൂല്യങ്ങളുടെ സാംസ്കാരിക ചൈതന്യത്താൽ സമ്പന്നമായിരിക്കും.

രണ്ടാമതായി കുട്ടിയെ പഠിപ്പിക്കേണ്ടത് സൽസ്വഭാവമാണ്. അതിന് ആദ്യം കളമൊരുങ്ങേണ്ടത് സ്വന്തം വീടകം തന്നെയാണ്. മാതാപിതാക്കളുടെ സ്വഭാവ ഗുണങ്ങളും ദൂഷ്യങ്ങളും മക്കളിലും പടരുന്നത് സ്വാഭാവികമാണ്. സത്യം മാത്രം പറയാനും മതത്തിന്റെ അന്തസത്ത ഉൾകൊള്ളാനും മക്കളെ നിരന്തരം ഉണർത്തികൊണ്ടിരിക്കണം. അന്തമായ അനുകരണ ഭ്രമവും അതിരുവിട്ട സുഖാസ്വാദനവും കുട്ടികളുടെ സ്വഭാവത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. കൂടെ മ്യൂസിക്ക് പോലെയുള്ള വിനോദങ്ങളിൽ അകപ്പെടുക, സ്ത്രീ-പുരു ഷന്മാർ ഇടകലർന്നുള്ള പെരുമാറ്റവും മറ്റും കുട്ടിയുടെ സ്വഭാവ ഗുണങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ സൗമ്യതയും ആദരവും കാത്തുസൂക്ഷിക്കാൻ കുട്ടികളെ ചെറുപ്പത്തിൽ തന്നെ ശീലിപ്പിക്കേണ്ടത് മാതാപിതാക്കളുടെ മേൽ ബാധ്യതയാണ്. ഈ ബാധ്യതയും ഉത്തരവാദിത്ത ബോധവും രക്ഷിതാക്കളിൽ ഉണ്ടായാലേ കുട്ടികളുടെ സ്വഭാവ പെരുമാറ്റങ്ങളിൽ ധർമം നിറക്കാൻ സാധിക്കു.

കുട്ടിയെ ബൗദ്ധികമായി വളർത്തലും ബൗദ്ധിക അവബോധം നൽകലും മാതാപിതാക്കളുടെ മേൽ ബാധ്യതയാണ്. അവന്റെ താൽപര്യത്തിനനുസരിച്ച മതവിരുദ്ധമല്ലാത്ത വിദ്യാഭ്യാസം കരസ്ഥമാക്കാൻ കുട്ടിക്ക് അവസരമൊരുക്കണം. ജീവിതത്തിന്റെ ഏതു തുറയിലെത്തിയാലും ദൈവിക ഭക്തിയും മത ബോധവും ഉണരേണ്ട ബൗദ്ധിക ബോധം കുട്ടിക്ക് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥരാണ്. കുട്ടിയുടെ ചിന്താശേഷിയെ ഇസ്‌ലാമികമാക്കാനുതകുന്ന അവനിലെ സർഗശേഷിയെ വളരെ ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്.

ശാരീരിക പോഷണം പ്രഥമവും പ്രധാനവുമാണ്. ശരിയായ വളർച്ചക്കാവശ്യമായ പോഷകാഹാരം നൽകലും നൽകുന്നത് ഹലാലായിരിക്കണമെന്ന നിർബന്ധവും ഓരോ മാതാപിതാക്കൾക്കും വേണം. ഹലാലായ ഭക്ഷണത്തിന്റെ വളരെ പ്രസക്തി ചെറുപ്പത്തിൽ തന്നെ കുട്ടികളെ ബോധിപ്പിക്കണം. കുട്ടി ജനിച്ചയുടൻ ഉമ്മയുടെ ആദ്യ മുലപ്പാൽ ഇസ്‌ലാം നിർബന്ധമാക്കിയത് ഇവിടെ പ്രസക്തമായി പരിഗണിക്കേണ്ടതാണ്. ഭക്ഷണത്തോടൊപ്പം മാന്യമായ വസ്ത്രം ധരിക്കാനും മക്കളെ പഠിപ്പിക്കണം. വസ്ത്രധാരണത്തിൽ അനുകരണ സ്വഭാവത്തെ ചെറുപ്രായത്തിൽ തന്നെ നിരുത്സാഹപ്പെടുത്തി, ഇസ്‌ലാമികമായ വസ്ത്രധാരണ ശീലിപ്പിച്ചാൽ അവന്റെ വ്യക്തിത്വവും സംസ്കാരവും ഇസ്‌ലാമികമായിരിക്കും. കുട്ടിക്ക് ആത്മീയ പാഠങ്ങൾ ചെറുപ്രായത്തിൽ തന്നെ നൽകാൻ രക്ഷിതാക്കൾക്കു സാധിച്ചാൽ ജീവിതാവസാനം വരെ അവർ ഖേദിക്കേണ്ടിവരില്ല. മാതാപിതാക്കളെയും കുടുംബത്തെയും ബഹുമാനിക്കാനും ദൈനംദിനജീവിതത്തിലെ നിർബന്ധിത ചര്യകൾക്കു പുറമേ ഐച്ഛിക കാര്യങ്ങളും പെരുമാറ്റ രീതിയും ശീലിപ്പിക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. നിത്യജീവിതത്തിലെ ദിക്റുകളും പ്രാർത്ഥനകളും ശീലിപ്പിക്കാൻ സാധിക്കണം. അർത്ഥമറിയില്ലെങ്കിലും അത്തരം നല്ല ശീലങ്ങളിലൂടെ പ്രകാശമാർന്ന ഒരു ഭാവി ജീവിതമാണ് സന്താനങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുക.

ക്ഷമ, സൂക്ഷ്മ‌ത, സാമ്പത്തിക അച്ചടക്കം, ആത്മധൈര്യം തുടങ്ങിയ നല്ല ശീലങ്ങൾ പകരുകയും അസൂയ, അലസത, ദേഷ്യം, പേടി തുടങ്ങിയ ദുശ്ശീലങ്ങളിൽ നിന്ന് കുട്ടികളെ കരകയറ്റാൻ രക്ഷിതാക്കൾക്ക് സാധിക്കണം. എല്ലാത്തിലുമുപരി നല്ലൊരു പൗരനാക്കി, സാമൂഹിക ബോധത്തോടെ കുട്ടിയെ വളർത്താൻ രക്ഷിതാക്കൾക്ക് സാധിക്കണം. പരിസരവും ചുറ്റുപാടും പരിചയപ്പെടുത്തി അയൽപക്കബന്ധത്തിന്റെയും നാടിന്റെയും സാമൂഹിക വ്യവഹാരങ്ങളിൽ ധാർമികമായി ഇടപെടാൻ സന്താനങ്ങളെ സന്നദ്ധമാക്കാൻ ഓരോ മാതാപിതാക്കളും പരിശീലിക്കണം. ആചാരങ്ങളുടെയും നാട്ടുനടപ്പുകളുടെയും പ്രസക്തിയും പ്രാധാന്യവും ചെറുപ്രായത്തിൽ തന്നെ കുട്ടി ഉമ്മയിൽ നിന്നും ഉപ്പയിൽ നിന്നും കണ്ടും കേട്ടും ശീലിക്കണം. സന്താനങ്ങൾക്ക് നൽകേണ്ട പരിപാലനവും അവർക്ക് വകവച്ചു കൊടുക്കേണ്ട സ്ഥാനങ്ങളും പദവികളും നൽകുന്നതിലൂടെ ഇസ്‌ലാമികമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കാനാണ് ഓരോ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത്. വിശ്വാസി മരണപ്പെട്ടാൽ മൂന്നു കാര്യങ്ങളല്ലാത്ത എല്ലാം അവനിൽ നിന്ന് മുറിഞ്ഞു പോകുമെന്ന് ഹദീസിൽ കാണാം. രഹസ്യധർമവും ഉപകാരപ്രദമായ അറിവും അവനു വേണ്ടി പ്രാർത്ഥിക്കുന്ന സന്താനവുമാണ് ആ മൂന്നു കാര്യങ്ങൾ. മരണ ശേഷവും തനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന സന്താനങ്ങളുണ്ടാവണമെങ്കിൽ മക്കളെ ഇസ്‌ലാമികമായി തർബിയ്യത്ത് ചെയ്യണം. എന്നാലേ മക്കളോടുള്ള ബാധ്യത തീരുന്നുള്ളു..

Avatar
ടി. അബ്ദുസ്സമദ് റഹ്മാനി കരുവാരക്കുണ്ട്
+ posts
Share this article
Shareable URL
Prev Post

വിനയം വിജയം നിദാനം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next
0
Would love your thoughts, please comment.x
()
x