കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഭൂപടത്തിൽ സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെയും സഹനത്തിന്റെയും അടയാളപ്പെടുത്തലാണ് മലപ്പുറം ജില്ല. 1969 ജൂൺ 16-ന് ജില്ല രൂപീകൃതമാകുമ്പോൾ അത് കേവലമൊരു ഭരണപരമായ വിഭജനമായിരുന്നില്ല, മറിച്ച് മലബാറിലെ പിന്നോക്കം നിൽക്കുന്ന ഒരു ജനതയുടെ സ്വത്വപ്രഖ്യാപനം കൂടിയിരുന്നു. ദശാബ്ദങ്ങളായുള്ള അവഗണനകൾക്ക് അന്ത്യം കുറിച്ചുകൊണ്ട്, വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റം ലക്ഷ്യം വെച്ചാണ് മലപ്പുറം എന്ന സ്വപ്നം യാഥാർത്ഥ്യമായത്. ഇന്ന് 57-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, വൈവിധ്യങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ചും വികസനത്തിന്റെ പുതിയ ആകാശം തേടിയും മലപ്പുറം കുതിക്കുകയാണ്.
പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും ചരിത്രഭൂമി
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മം കൊണ്ട് പവിത്രമായ ഈ മണ്ണ്, ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ഏറനാടിന്റെയും വള്ളുവനാടിന്റെയും ധീരമായ പോരാട്ടചരിത്രം മലപ്പുറത്തിന്റേതാണ്. ഖിലാഫത്ത് സമരവും വാഗൺ ട്രാജഡിയുടെ കഠിനമായ സ്മരണകളും ഇന്നും ഈ മണ്ണിന്റെ വീര്യമായി നിലനിൽക്കുന്നു.
“മലബാർ പ്രദേശത്തെ അവികസിത പിന്നോക്ക പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മലപ്പുറം ജില്ല രൂപീകരിക്കണമെന്ന ആവശ്യം നിഷേധിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല” എന്ന് 1968-ൽ എം.പി.എം. അഹമ്മദ് കുരിക്കൾ പ്രഖ്യാപിച്ചപ്പോൾ, അത് ഒരു നാടിന്റെ വികാരമായിരുന്നു. തുടർന്ന് 1969-ൽ ജില്ല നിലവിൽ വന്നതോടെ വികസനത്തിന്റെ പുതിയ അധ്യായങ്ങൾ തുറക്കപ്പെട്ടു. കേവലം ഒരു പിന്നോക്ക പ്രദേശം എന്ന നിലയിൽ നിന്ന് വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായി മാറാൻ ചുരുങ്ങിയ കാലയളവിൽ ജില്ലയ്ക്ക് സാധിച്ചു.
കുപ്രചാരണങ്ങളെ അതിജീവിച്ച സൗഹാർദ്ദവും വികസനവും
മലപ്പുറത്തെയും അവിടുത്തെ ജനവിഭാഗങ്ങളെയും വർഗീയമായി ചിത്രീകരിക്കാനും താഴ്ത്തിക്കെട്ടാനുമുള്ള ശ്രമങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. മലപ്പുറത്തെ വിദ്യാർത്ഥികളുടെ ഉന്നത വിജയത്തെ രാഷ്ട്രീയമായി പരിഹസിക്കാനും പരീക്ഷ വിജയങ്ങളിൽ സംശയം പ്രകടിപ്പിക്കാനും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർ മുതിർന്നത് ഇതിന്റെ ഉദാഹരണമാണ്. എന്നാൽ, ഇത്തരം ആരോപണങ്ങളെ തങ്ങളുടെ അക്കാദമിക് മികവ് കൊണ്ടും കഠിനാധ്വാനം കൊണ്ടും മലപ്പുറത്തെ വിദ്യാർത്ഥികൾ എന്നും തിരുത്തിക്കുറിച്ചിട്ടുണ്ട്.
വർഗീയമായ വിഭജനങ്ങൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും ഒരിടവും നൽകാതെ മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയാണ് ജില്ല ലോകത്തിന് കാണിച്ചുകൊടുക്കുന്നത്. വികസന കാര്യങ്ങളിൽ മലപ്പുറം പുലർത്തുന്ന സംയമനം ഏറെ ശ്രദ്ധേയമാണ്. രൂപീകരണ സമയത്ത് ജില്ലയുടെ പരിധിയിൽ വന്ന സർവകലാശാലയ്ക്കും ഈ മണ്ണിൽ സ്ഥാപിക്കപ്പെട്ട വിമാനത്താവളത്തിനും അയൽ ജില്ലയുടെ പേര് (കാലിക്കറ്റ് വിമാനത്താവളം, കാലിക്കറ്റ് യൂണിവേഴ്സിറ്റി) നൽകപ്പെട്ടപ്പോഴും, വൈകാരിക പ്രക്ഷോഭങ്ങൾക്കല്ല മറിച്ച് നാടിന്റെ പൊതുവായ പുരോഗതിക്കാണ് ഇവിടുത്തെ ജനത മുൻഗണന നൽകിയത്. ത്യാഗവും വികസനത്തോടുള്ള ക്രിയാത്മക സമീപനവും കൈമുതലാക്കിയ മലപ്പുറം, എല്ലാത്തരം കുപ്രചാരണങ്ങളെയും അതിജീവിച്ച് കേരളത്തിന്റെ വികസന മാതൃകയായി ഇന്നും തലയുയർത്തി നിൽക്കുന്നു.








