+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഹാറൂൻ റഷീദ്; പ്രതിഭാധനനായ ഭരണാധികാരി

ഇസ്ലാമിക ഖിലാഫത്തിൻ്റെ പതിമൂന്ന് നൂറ്റാണ്ട് കാലത്തെ ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തനായ ഭരണാധികാരിയാണ് ഹാറൂൻ റഷീദ്.ഉമവികൾക്ക് ശേഷം ഖിലാഫത്തിൻ്റെ നേതൃത്വം വഹിച്ച അബ്ബാസീ ഖലീഫമാരിൽ അഞ്ചാമനായ ഹാറൂൻ റഷീദിനോളം പ്രഗൽഭനായ ഒരു ഭരണാധികാരി ലോകചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. ഹാറൂൻ്റെ രാഷ്ട്രീയപാടവവും മതപ്രബുദ്ധതയും അക്കാലത്ത് മുസ്ലിംകൾ കൈവരിച്ച സാമ്പത്തിക സാംസ്കാരിക പുരോഗതികളും ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തപ്പെട്ടവയാണ്.ഒരു പക്ഷേ യൂറോപ്യർക്ക് ഏറ്റവും കൂടുതൽ അറിയുന്ന, അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട മുസ്ലിം ഭരണാധികാരി കൂടിയാകും ഹാറൂൻ റഷീദ്. അറേബ്യൻ നൈറ്റ്സ് അഥവാ അറബിക്കഥകളിലൂടെ ഹാറൂൻ അവർക്കും സുപരിചിതനാണ്.

ജനനം കുടുംബം
മൂന്നാമത്തെ അബ്ബാസി ഖലീഫയായിരുന്ന മുഹമ്മദ്ബിൻ അബ്ദുല്ല അൽ മഹ്‌ദിയുടെ പുത്രനായി ഹിജ്റ.146ൽ റയ്യിലാണ് ഹാറൂൺ റഷീദ് ജനിച്ചത്.മഹ്‌ദിയുടെ പിതാവും ഹാറൂൻ്റെ പിതാമഹനുമായ അബൂ ജഅ്ഫരിൽ മൻസൂർ ആയിരുന്നു അന്ന് ഖലീഫ.മൻസൂറിൻ്റെ പിതാവ് അബുൽ അബ്ബാസ് അബ്ദുല്ലാഹ് അസ്വഫ്ഫാഹ്(ഇബ്നു അബ്ബാസ്(റ)ൻ്റെ പ്രപൗത്രൻ) ആണ് അബ്ബാസി ഖിലാഫത്തിൻ്റെ സ്ഥാപകൻ. അടിമത്തത്തിൽ നിന്നും മോചിപ്പിച്ച് മഹ്ദി വിവാഹം കഴിക്കുകയും പിൽകാലത് അബ്ബാസികളുടെ ഭരണകാര്യങ്ങളിൽ വലിയ സ്വാധീനഘടകമായി മാറുകയും ചെയ്ത ഖൈസുറാൻ ആയിരുന്നു ഹാറൂൻ്റെ മാതാവ്.ഹിജ്റ.158ൽ മൻസൂർ നിര്യാതനായപ്പോൾ ഹാറൂൻ്റെ പിതാവ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ മഹ്‌ദി ഖലീഫയായി.സഹൃദയനും സമാധാനപ്രിയനുമായിരുന്ന മഹ്ദി ഒരു മികച്ച ഭരണാധികാരിയായിരുന്നു.

അധികാരവഴിയില്‍
സമര്‍ത്ഥനായ തന്റെ പിതാവിന്റെ ഭരണകാലത്ത് തന്നെയാണ് ഹാറൂന്‍ ഭരണരംഗത്തേക്ക് കടന്നു വരുന്നതും.അക്കാലത്ത് മുസ്ലിംപ്രദേശങ്ങള്‍ ആക്രമിച്ചു അവിടങ്ങളില്‍ കൊള്ളയും കൊലയും നടത്തിയ ബൈസന്ത്യന്‍(റോമന്‍) സാമ്രാജ്യത്തിനെതിരെ ഖലീഫ തന്നെ നേരിട്ട് യുദ്ധം നയിക്കുകയും മകന്‍ ഹാറൂനെ ഒപ്പം കൂട്ടുകയും ചെയ്തു.തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ മുസ്ലിംകള്‍ ശത്രുക്കളെ തുരത്തി നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുകയും റോമക്കാരുടെ കയ്യില്‍ നിന്ന് സാലിമോന്‍ എന്ന പ്രദേശം പിടിച്ചടക്കുകയും ചെയ്തു. തുടര്‍ന്ന് ഈ പ്രദേശങ്ങളുടേയും അസര്‍ബൈജാന്‍,അര്‍മീന തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പശ്ചിമമേഖലയുടെയും ഗവര്‍ണറായി ഹാറൂണ്‍ നിയമിതനായി.വീണ്ടും അതിര്‍ത്തിയില്‍ റോമന്‍ ആക്രമണം നടന്നു. ശക്തമായി തിരിച്ചടിച്ച ഹാറൂന്‍ റോമക്കാരെ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ അതിര്‍ത്തിവരെ തുരത്തി.ഹാറൂന്റെ സൈനിക മുന്നേറ്റത്തിനു മുന്നില്‍ തങ്ങളുടെ വിശുദ്ധ നഗരമായ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനം സുനിശ്ചിതമാണന്ന് മനസ്സിലാക്കിയ റോമക്കാര്‍ ഗത്യന്തരമില്ലാതെ ഹാറൂനോട് സമാധാനത്തിന് അഭ്യര്‍ത്ഥിച്ചു. കനത്ത സംഖ്യ വര്‍ഷം തോറും കപ്പം കൊടുക്കണമെന്ന വ്യവസ്ഥയില്‍ അങ്ങനെ യുദ്ധം അവസാനിച്ചു.

പ്രതിസന്ധികൾക്കൊടുവിൽ ഖലീഫ
ഹിജ്റ169ഖലീഫ അൽമഹ്‌ദി നിര്യാതനായി. തുടർന്ന് ഒന്നാം കിരീടാവകാശിയായ ഹാറൂൻ്റെ സഹോദരൻ മൂസൽഹാദിയാണ് ഖലീഫയായി അവരോധിതനായത്. അദ്ദേഹം ധീരനും പരാക്രമിയും പ്രതാപിയും ആയിരുന്നു. എന്നാൽ കാർക്കശ്യത്തോടെയുള്ള അദ്ദേഹത്തിൻ്റെ പെരുമാറ്റം ധാരാളം ശത്രുക്കളെ അദ്ദേഹത്തിനു സമ്മാനിച്ചു. മാത്രമല്ല സ്വന്തം മാതാവിൻ്റെ പോലും അപ്രീതിക്കു അദ്ദേഹം കാരണമായി. ഭരണരാജ്യങ്ങളിൽ മാതാവിൻ്റെ ഇടപെടലുകളെ അൽഹാദി എതിർത്തതാണ് അവർക്കിടയിൽ അകൽച്ചക്കിടയാക്കിയത്. മാതാവിന് അനുജൻ ഹാറൂനോടാണ് കൂടുതൽ പ്രിയമെന്ന് അൽഹാദി ധരിച്ചതും അവർക്കിടയിൽ അകൽച്ചക്ക് കാരണമായി.അങ്ങനെ ഖലീഫക്കെതിരെ അകത്തും പുറത്തും നീക്കങ്ങൾ നടക്കുമ്പോഴാണ് തൻ്റെ പിതാവിൻ്റെ തീരുമാനത്തിനെതിരായി കിരീടാവകാശി സ്ഥാനത്തുനിന്ന് അനുജൻ ഹാറൂനെ നീക്കം ചെയ്തു പകരം പുത്രൻ ജഅ്ഫറിനെ അവരോധിക്കാൻ അൽഹാദി തീരുമാനിച്ചത്.കുടുംബത്തിലെയും ഭരണത്തിലെയും പല ഉന്നതരും എതിർപ്പു പ്രകടിപ്പിച്ചെങ്കിലും, അവയെല്ലാം തള്ളിക്കളഞ്ഞും, എതിർക്കുന്നവരെ കാരാഗൃഹത്തിലടച്ചും അൽഹാദി തൻ്റെ പദ്ധതിയുമായി മുന്നോട്ടു പോയി.ഇതിനെ തുടർന്ന് ഹാറൂന് പ്രാണരക്ഷാർത്ഥം സിറിയയിലെ റാഖയിലേക്ക് രക്ഷപ്പെടേണ്ടി വന്നു.

എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.ഭരണം ഏറ്റെടുത്തു ഒരു വർഷം കഴിഞ്ഞതും അൽഹാദി നിര്യാതനായി.തുടർന്ന് സിറിയയിൽ നിന്നും തിരിച്ചു വന്ന ഹാറൂൻ അന്നു തന്നെ ഖിലാഫത്ത് ഏറ്റെടത്തു.അന്ന് തന്നെയാണ് ഹാറൂൻ്റെ പുത്രനും പിന്നീട് ഖലീഫയാവുകയും ചെയ്ത മഅ്മൂൻ്റെ ജനനവും. അങ്ങനെ ഒരു ഖലീഫ അന്തരിക്കുകയും മറ്റൊരു ഖലീഫ സ്ഥാനമേൽക്കുകയും മറ്റൊരു ഖലീഫ ജനിക്കുകയും ചെയ്‌ത ദിവസമെന്ന നിലക്ക് ഹിജ്റ.170 റബീഉൽ അവ്വൽ 15 ചരിത്രത്തിലിടം നേടി.

ഭരണം; സുവർണ്ണയുഗം
ഹാറൂൻ്റെ 23 വർഷക്കാലത്തെ ഭരണം അബ്ബാസികളുടെ മാത്രമല്ല മുസ്ലിം ഖിലാഫത്തിൻ്റെ തന്നെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. സമ്പദ് സമൃദ്ധിയും ഐശ്വര്യവും സാമ്രാജ്യത്തിൻ്റെ സർവ്വദിക്കിലും നിറമാടി.ഇസ്ലാമിക ഖിലാഫത്ത് സാമ്രാജ്യത്വമായി രൂപാന്തരപ്പെട്ട ശേഷം ഹാറൂൻ്റെ കാലത്തെയത്ര സമൃദ്ധിയും പ്രൗഢിയും മറ്റൊരു കാലത്തും അനുഭവപ്പെട്ടിട്ടുണ്ടാവില്ല. അദ്ദേഹത്തിൻ്റെ ഭരണത്തിൻ്റെ അപ്രമാദിത്വത്തിനും പ്രതാപത്തിനും തെളിവാണ് തൻ്റെ ഭരണത്തിൻ്റെ നിലനിൽപ്പിനും സ്ഥിരതക്കും ഒരിക്കൽപോലും ഭീഷണി നേരിട്ടിരുന്നില്ല എന്നത്. വളരെ സുശക്തവും വ്യവസ്ഥാപിതമായ ഭരണ സംവിധാനമായിരുന്നു ഹാറൂൻ്റെത്.ഇസ്ലാമിനകത്ത് തന്നെ ധാരാളം പുത്തൻ പ്രസ്ഥാനങ്ങളും വിവിധ വംശങ്ങളും, ഇസ്ലാമിന് പുറത്ത് ബൈസന്ത്യൻ സാമ്രാജ്യം പോലെയുള്ള പ്രബല വൈദേശിക ശക്തികളും ഉണ്ടായിട്ടും അവരാരും ഹാറൂനെതിരെ കാര്യമായ കലാപങ്ങൾക്കോ ആക്രമണങ്ങൾക്കോ മുതിർന്നില്ല. ഛിത്രതക്ക് ശ്രമിച്ചവരെയെല്ലാം ഹാറൂൻ നിശ്ശേഷം പരാജയപ്പെടുത്തി.സമാധാനത്തിൻ്റെ പാതയിലൂടെയും ചിലപ്പോൾ സൈന്യത്തെ ഉപയോഗിച്ചും.

ഹാറൂൻ്റെ കാലത്ത് മുസ്ലിംകൾ സാംസ്‌കാരികമായി ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു.ശാസ്ത്രത്തിനും സാഹിത്യത്തിനും കലക്കും അഭൂതപൂർവമായ വളർച്ചയുണ്ടായി.അക്കാലത്തെ സാംസ്‌കാരിക വളർച്ചയുടെ നിദർശനങ്ങളാണ് അന്ന് രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ.വൈജ്ഞാനികമായി ഹാറൂൻ്റെ ഏറ്റവും വലിയ സംഭാവന തലസ്ഥാന നഗരിയായ ബാഗ്ദ‌ാദിൽ ബൈത്തുൽ ഹിക്മ‌ സ്ഥാപിച്ചതാണ്. അതോടെ മുസ്ലിംകൾ ശാസ്ത്രം, തത്വചിന്ത, ആരോഗ്യശാസ്ത്രം, വിദ്യാഭ്യാസം എന്നിവയിലെല്ലാം ലോകത്തിൻ്റെ നായകരായി മാറി.തലസ്ഥാന നഗരിയായ ബഗ്ദാദ് ലോകത്തിൻ്റെ വൈജ്ഞാനിക കേന്ദ്രവുമായി മാറി.ബൈതുൽ ഹിക്മ‌യിലെ മുസ്ലിം – അമുസ്ലിം പണ്ഡിതന്മാർ പ്രാചീന കാലത്തെ അറിവുകളെല്ലാം ശേഖരിക്കുകയും അറബിയിലേക്ക് തർജ്ജമ ചെയ്യുകയും ചെയ്തു. നഷ്ടപ്പെട്ടു പോകുമായിരുന്ന പല പുരാതന കൃതികളും ഇങ്ങനെ അറബിയിലേക്കും പിന്നീട് പേർഷ്യയിലേക്കും, തുടർന്ന് ടർക്കിഷ്,ഹിബ്രു,ലാറ്റിൻ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടതിനാലാണ് നിലനിന്നത്. അന്യ നാടുകളോടും അവരുടെ സംസ്‌കാരങ്ങളോടും സമ്പർക്കം പുലർത്താൻ ഹാറൂന് കഴിഞ്ഞതും മുസ്ലിംകളുടെ ധിഷണാപരമായ വളർച്ചക്കിടയാക്കി. അറേബ്യൻ തത്വചിന്തയുടെയും ശാസ്ത്രത്തിൻ്റെയും അടിത്തറ ഭദ്രമായതും അക്കാലത്താണ്. ഒട്ടേറെ കാര്യങ്ങളിൽ യൂറോപ്പിനെ ബഹുദൂരം പിന്നിലാക്കാൻ അന്ന് അറബ് ജനതക്ക് കഴിഞ്ഞിരുന്നു.

ഹാറൂൻ്റെ കാലത്ത് സാമ്പത്തികമായും മുസ്ലിംകൾ വളരെയധികം ഉന്നതി പ്രാപിച്ചു.ലോകത്തിലെ അറിയപെട്ട മൂന്ന് വൻകരകളായ ഏഷ്യ, യൂറോപ്പ്,ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് കരമായും രാജഭോഗമായും അന്ന് ബാഗ്‌ദാദിലേക്ക് പണം ഒഴുകി. ഒരു ദിവസം ആകാശത്തേക്ക് നോക്കി ഹാറൂൻ പ റഞ്ഞുവത്രെ… “മേഘമേ,നീ എവിടെ മഴയായി വർഷിച്ചാലും എനിക്ക് വിരോധമില്ല, അതിനാലുണ്ടാകുന്ന ഐശ്വര്യത്തിൻ്റെ പങ്ക് എനിക്ക് ലഭിക്കുന്നതാണ്”. സാമ്പത്തികരംഗത്ത് ഹാറൂൻ കൈവരിച്ച നേട്ടങ്ങൾക്ക് അദ്ദേഹം കടപ്പെട്ടിരിക്കുന്നത് ഇമാം അബൂഹനീഫ(റ)ൻ്റെ പ്രമുഖ ശിഷ്യനായ ഖാളി അബു യുസുഫി(റ)നോടാണ്. മഹാപണ്ഡിതനായ അബൂയൂസഫിനെ ഹാറൂൻ റഷീദ് തൻ്റെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. ഇസ്ലാമിക ഖിലാഫത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു അത്തരമൊരു നിയമനം. മതപ്രശ്‌നങ്ങളിലും നിയമപരമായ സങ്കീർണതകളിലും സാമ്പത്തികരംഗങ്ങളിലും അബൂയൂസുഫി(റ)ൻ്റെ സേവനം ഖലീഫക്ക് വലിയ അനുഗ്രഹമായി.

മതപ്രബുദ്ധത
ഖലീഫ ഹാറൂൻ റഷീദിൻ്റെ മതപ്രബദ്ധതയും സ്നേഹവും സർവ്വത്ര പ്രശംസിക്കപ്പെട്ടതായിരുന്നു. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് അല്പ‌ം അവസരങ്ങളിലൊഴികെ ഒരു വർഷം മക്കയിലേക്ക് തീർത്ഥയാത്ര നടത്തിയാൽ അടുത്തവർഷം യുദ്ധ ഭൂമിയിലേക്ക് പുറപ്പെട്ടിരുന്നു. ഹജ്ജ് യാത്രാവേളയിൽ ഒരു ലക്ഷം പണ്ഡിതന്മാരും അവരുടെ സന്താനങ്ങളും ഉൾക്കൊള്ളുന്ന ഒരു വലിയ സംഘത്തെ ഖലീഫ ഒപ്പം കൊണ്ടുപോകും. തീർത്ഥാടനം നടത്താത്ത വർഷങ്ങളിൽ മൂന്ന് ലക്ഷം പേർക്ക് സർവ്വ ചെലവുകളും നൽകി ഖലീഫ പറഞ്ഞയക്കുകയും ചെയ്യും. അദ്ദേഹം ഒരു ദിവസം 100 റക്അത്ത് നമസ്‌കരിക്കുകയും 1000 ദിർഹം സ്വദഖ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. മത പ്രഭുദ്ധതയിൽ ഖലീഫയുടെ ഭാര്യ സുബൈദയും അദ്ദേഹത്തെക്കാൾ ഒട്ടും പുറകിലായിരുന്നില്ല. അവളുടെ മതഭക്തിക്കും ഔദാര്യത്തിനും തെളിവാണ് പരിശുദ്ധ മക്കയിൽ അവർ നടപ്പിലാക്കിയ ‘ഐനു സുബൈദ’ ജലസേചന പദ്ധതി. 17 ലക്ഷം ദീനാറാണ് മഹതി അതിനു വേണ്ടി സ്വന്തം ചെലവിൽ നിന്ന് വിനിയോഗിച്ചത്.മറ്റൊരിക്കൽ ഒരു ഹജ്ജ് വേളയിൽ 60 ദിവസം മക്കയിൽ താമസിച്ച സുബൈദ അഞ്ചു കോടി നാൽപത് ലക്ഷം ദിർഹം ദാനമായും പാരിതോഷികമായും ചിലവഴിക്കുകയുണ്ടായി.അവരുടെ അരമനയിൽ ഖുർആൻ മനപ്പാഠമായ 100 സ്ത്രീകളെ പാർപ്പിക്കുകയും ഓരോരുത്തരെ കൊണ്ടും ദിനം പ്രതി ഖുർആനിൻ്റെ മൂന്നിലൊന്ന് ഓതി കേൾപ്പിക്കുകയും ചെയ്യുമായിരുന്നു. ലോക പ്രശസ്‌ത അറേബ്യൻ നാടോടി കഥയായ ആയിരത്തൊന്നു രാവുകളിലെ പല കഥകളിലെയും നായകൻ ഹാറൂൻ റഷീദും നായിക സുബൈദയുമാണ്.

സമ്പന്നമായ ദർബാർ
ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ) എന്നീ മൂന്ന് മഹത്തുക്കളുടെ സാന്നിധ്യം ഹാറൂൻ്റെ കാലഘട്ടത്തെ അനുഗ്രഹീതമാക്കിയ ഒരു ഘടകമാണ്.അറബ് ചന്ദ്രശാസ്ത്രത്തിൻ്റെ പിതാവ് ഖലീൽ ബിൻ അഹ്മദ്, വ്യാകരണ കർത്താവ് ഇമാം സീബവൈഹി, പ്രഗൽഭ ഹദീസ് പണ്ഡിതൻ ഇബ്നു മുബാറക്(റ) എന്നിവരും അദ്ദേഹത്തിൻ്റെ സമകാലീനരാണ്. ഖാളി അബൂയൂസുഫിന് പുറമെ ഹാറൂൻ്റെ ദർബാറിനെ അലങ്കരിച്ച മറ്റു ചില പ്രതിഭാധനരാണ് ഭാഷാ ശാസ്ത്രജ്ഞനായ അൽഇസ്മാഈ,വ്യാകരണ പടു അൽകിസാഈ,ഭിഷഗ്വരൻ ജിബ്‌രീൽ, കവി പുംഗവനായ അബൂനുവാസ് എന്നിവർ. ഒരുപക്ഷെ മറ്റൊരു ഖലീഫയുടെ പടിവാതിൽക്കലും ഒരു കാലത്തും ഇത്രയധികം കർമ്മശാസ്ത്രജ്ഞന്മാരും ഖുർആൻ പാരായണപടുക്കളും ന്യായാധിപന്മാരും എഴുത്തുകാരും കവികളും ഗായകരും വിദ്വാന്മാരും വിദൂഷകരും സമ്മേളിച്ചിട്ടുണ്ടാവില്ല. അവർക്കെല്ലാം വലിയ പ്രോത്സാഹനങ്ങളും സമ്മാനങ്ങളുമാണ് ഖലീഫ ൽകിയിരുന്നത്. മാത്രമല്ല ഹാറൂൻ തന്നെയൊരു സഹൃദയനും കവിയും സംഗീതസാഹിത്യ മേഖലയോട് അങ്ങേയറ്റം താല്പര്യമുള്ളവരും ആയിരുന്നു.

ഇങ്ങനെ മുസ്ലിം ഖിലാഫത്തിൻ്റെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായം തന്നെ രചിച്ചു കൊണ്ട് ഹിജ്റ.193ൽ തൻ്റെ 47ാം വയസ്സിൽ തൂസ് നഗരത്തിൻ്റെ പ്രാന്തപ്രദേശമായ സനാബാദിൽ വച്ച് ഹാറൂൻ പരലോകം പുൽകി.തൻ്റെ ഭൗതികശരീരം മണ്മറഞ്ഞെങ്കിലും ചരിത്രത്തിൻ്റെ തങ്കലിപികളിൽ കൊത്തിവെക്കപ്പെട്ട തൻ്റെ സുകൃതങ്ങളിലൂടെ ഹാറൂൻ റഷീദ് ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു.

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

ഉമർ ബ്നു അബ്ദുൽ അസീസ്; നീതിമാനായ ഭരണാധികാരി

Next Post

സ്വലാഹുദ്ദീൻ അയ്യൂബിയും ഖുദ്സ് വിമോചനവും

3.3 3 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Muhammad Anwar
Muhammad Anwar
2 months ago

Wow🔥

Shihab
Shihab
1 month ago
Reply to  Muhammad Anwar

Yes

Shihab
Shihab
1 month ago

Very helpful

Read next

മക്ക വിജയ ചരിത്രം

ഇസ്ലാമിക ചരിത്രത്തിലെയും പ്രവാചക ജീവിതത്തിലെയും സുപ്രധാന അധ്യായമാണ് മക്ക ഫത്ഹ്(വിജയം). ഭൂമിയിലെ ആദ്യ ആരാധനാലയമായ…