ഇംഗ്ലീഷ് എഴുത്തുകാരൻ ലോറിൻ എം. ഹാല്ലി (LORRAINE M HALLI) യുടെ ഒരു നിരീക്ഷണം വളരെ സമകാലിക പ്രസക്തമാവുകയാണ്. ‘A house A home’ എന്ന അദ്ദേഹത്തിൻ്റെ ഒരു കുട്ടി കവിത പുതിയ കാലഘട്ടത്തിലെ ബന്ധങ്ങളുടെ കൃത്രിമത്വത്തെക്കുറിച്ച് ഏറെ സം സാരിക്കുന്നുണ്ട്. കുറെ ഇഷ്ടികകളും വാതിലു കളും ജനലും ഗ്ലാസുമെല്ലാം ഉള്ളത് house മാത്രമാണെന്നും അവക്ക് ആന്തരികമായി ജീവൻ നൽകി വേണം ഒരു home ആയി മാറ്റാൻ എന്നും അദ്ദേഹം സമർത്ഥിക്കുന്നു. വലുതും ചെറുതുമായ നമ്മുടെ പല വീടുകളും ഇന്ന് ഒന്നാമത്തെ തരത്തിൽ മാത്രം പെടുത്താവുന്ന ഗതി വന്നു കഴിഞ്ഞോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വേണ്ടതിലേറെ ഇലക്ട്രോണിക് ആയ, ഐ.ടി ബന്ധിതമായ ഒന്നാം തരം വീടുകൾ..! പക്ഷേ അവയൊന്നും ഉള്ളിൽ ജീവനുള്ള, ജീവനുകളെ സജീവമാക്കുന്ന സ്നേഹഭവനം (home) എന്ന് പറഞ്ഞു കൂടാ.. “നിങ്ങളുടെ വീട് ഖബറിടമാവരുതേ” എന്ന ആഹ്വാനം അന്ത്യ പ്രവാചകർ മുഹമ്മദ് നബി ﷺ പുതിയ കാലത്തിൻ്റെ സമസ്യകളെ മുൻകൂട്ടി കണ്ടുതന്നെ നൽകിയതാവണം. അത്രമേൽ ആലോചനകൾ വേണ്ടതായി കഴിഞ്ഞിരിക്കുന്നു വീടിനെ കുറിച്ചുള്ള ധാരണകൾക്ക്.
ഒരു സാധാരണ വീട് ‘സ്നേഹവീട്’ ആയി മാറുകയെന്നാൽ അതിൻ്റെ ആന്തരിക ഘടനയിലെ മാറ്റങ്ങൾ തന്നെയാണ് നിരീക്ഷിക്കപ്പെടേണ്ടത്. നല്ല ആശയ വിനിമയം, മതിയായ കൊടുക്കൽ വാങ്ങൽ, ഉള്ളുണർത്തുന്ന പിന്തുണാ സംവിധാനം, സ്നേഹവും ശ്രദ്ധയും ഇഴകിചേർന്ന് നിൽക്കുന്ന പരസ്പര വിശ്വാസം ഇവയെല്ലാം ഒരു സ്നേഹ വീടിന്റെ ലക്ഷണങ്ങളായി വരുന്നു. അതിൽ തർക്കങ്ങളും പരിഹാര ങ്ങളും സ്വാഭാവികമായി വരും. ചോദ്യങ്ങളും ഉത്തരങ്ങളും ഇഴ പിരിയാതെ നിൽക്കും. ഓരോരുത്തർക്കും അംഗീകാരം ഉണ്ടെന്ന് തോന്നുന്ന, എല്ലാവരും അവരവരുടെ ഇടങ്ങളിൽ സംതൃപ്‌തരാകുന്ന ഒരു ആന്തരിക ചൈതന്യം!
ഭയവും ആശങ്കകളും അതോടൊപ്പം തീരാത്ത ആവലാതികളും നിറഞ്ഞു നിൽക്കുന്ന വീടുകൾ ഒട്ടും സർഗാത്മകമല്ല. അതിനകത്ത് ജീവിക്കുന്നവർ തീരെ സന്തോഷത്തിലുമല്ല .അവർക്കിടയിൽ സംശയങ്ങൾ പെരുകുന്നു. ഒരു സംശയം മറ്റൊരു സംശ യത്തെ വളർത്തിക്കൊ ണ്ടുവരുന്നു. മനോവികാരങ്ങൾ അമർത്തിപ്പിടിച്ചും ആഗ്രഹങ്ങളെ സ്വയംചതച്ചരച്ചും ഇതിനകത്ത് കുറേപേർ ഒറ്റപ്പെട്ടു ജീവിക്കുന്നതു കാണാം. ഇത്തരം വീടുകളുടെ ചുമരുകൾ ഭേദിച്ചാണ് കുട്ടികൾ ഒളിച്ചോടിപ്പോകുന്നത്. അത് എത്രവലിയ വീടായാലും സംഭവിച്ചിരിക്കും. ഒളിച്ചോടിപ്പോകുന്ന കുട്ടികളൊന്നും അവരുടെ വീട്ടിൽ കിടന്നുറങ്ങാൻ സൗകര്യമില്ലാത്തതിന്റെ പേരിൽ ആ പാതകം ചെയ്തവരായി നമുക്ക് അറിവില്ല. അങ്ങനെ സംഭവിക്കുകയുമില്ല.
“സ്നേഹവീട്” എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിലെ സമാധാനവും സന്തോഷവും എല്ലാവരുടെയും സ്വപ്നമാണ്. അതിനുവേണ്ട കരുതൽ പലതും കൈക്കൊള്ളുന്നില്ലെന്നുമാത്രം. സ്നേഹം ലഭിക്കാനുള്ളതാണ് എന്നതിലേറെ കൊടുക്കാനുള്ളതാണ് എന്ന് ചിന്തിക്കുകയാണ് ഇതിൽ ഏറെ പ്രധാനം. മക്കളെ സ്നേഹിക്കാത്ത മാതാപിതാക്കളില്ല; തിരിച്ചും ഉണ്ടാവുന്നില്ല. എന്നാൽ ഓരോരുത്തരുടെയും ഉള്ളം ആഗ്രഹിക്കുന്നതുപോലെ അത് പ്രകടമാവുന്നില്ല എന്നതാണ് പ്രധാനം. സ്നേഹം ഊഷ്മളമായ ഒരനുഭവമാണ്. അത് ഉള്ളിൽ നിന്ന് പുറത്തേക്കു വരുന്നു. പ്രകടിപ്പിക്കുമ്പോൾ മാത്രമാണ് അത് മറ്റൊരാൾക്ക് അനു ഭവിക്കാനാകുന്നത്.”ആയിശ (റ) യുടെ സ്നേഹം നൽകി അനുഗ്രഹിച്ച റബ്ബിനു സ്തുതി” എന്ന് പ്രവാചകർ ﷺ തൻ്റെ പ്രിയപത്നി കേൾക്കെ പറയുമായിരുന്നെങ്കിൽ ഇതിൽ മറ്റൊരു വായന കൂടുതൽ വേണ്ടിവരില്ല. സ്നേഹം അനുഭവപ്പെടാതിരിക്കുമ്പോൾ ഉള്ളിൽ സംശയങ്ങൾ വളരുന്നു. അത് തിരസ്കാരത്തിന്റെ ചിന്ത ഉണർത്തുന്നു. നിരാശ ബാധിച്ചവർ ഒളിച്ചോടുകയോ സ്വയം ഒതുങ്ങുകയോ ചെയ്യും. പുറംലോകത്തെ സാമൂഹ്യ സാഹചര്യങ്ങൾ ഇതിന് ആക്കം കൂട്ടുന്നുവെന്നു മാത്രം.
വികാരങ്ങൾ (emotions) മനസ്സിലാക്കുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നില്ല എന്നതാണ് “സ്നേഹവീട്” അനുഭവിക്കുന്ന വലിയ പ്രശ്നം. ക്ഷമ നന്നേ കുറഞ്ഞ ഒരു സമൂഹമാണ് ഇന്നത്തേത്. സ്വന്തം മാതാപിതാ ക്കളോട് സഹിഷ്ണുത കാണിക്കാൻ സാധിക്കാത്തതുകൊണ്ടാണ് പലരും അണുകുടുംബ ങ്ങളിലേക്ക് ചുരുങ്ങുന്നത്. ഇതിലെ ചെറിയ അസ്വസ്ഥതകൾ പോലും ആർക്കും ഏറ്റെടുക്കാൻ പറ്റുന്നില്ല. പെട്ടെന്ന് ദേഷ്യ പ്പെടുകയും അതിലേറെ സങ്കടപ്പെടുകയും ചെയ്യുന്ന ഇണകൾ പെട്ടെന്ന് പൊരുത്തമില്ലാത്തവരായി മാറുകയാണ്. ഇതിനിടയിൽ കുട്ടികൾ അതിലേറെ അസ്വസ്ഥരാകുന്നു. ഫലമോ വീട് പ്രതിലോമവികാരങ്ങളുടെ (negative emotions) വളർത്തുകൂടാരമായി മാറുന്നു. ഇതിനകത്ത് സമാധാനമില്ലെന്ന് ഓരോരുത്തരും ഉറച്ചു വിശ്വസിക്കുന്നു. എല്ലാം ശാന്തമായി ഇരുന്ന് സ്വയം വിലയിരുത്താനും മറ്റുള്ള വരോടുള്ള പെരുമാറ്റം നേരെയാക്കാനും ആർക്കും സമയമില്ല. ആഗ്രഹിക്കുന്നവർക്കോ ഇതിനുള്ള പരിശീലനം ലഭിക്കുന്നുമില്ല. “ശാന്തത” തന്നെയാണ് പ്രധാനം. നമ്മുടെ പ്രാർത്ഥനകളെ അർത്ഥവത്താക്കിയാൽ മാത്രം മതി അതു ലഭ്യമാകാൻ.
സ്നേഹ വീടിനകത്തെ കുട്ടി ഒരു നല്ല സങ്കൽപ്പമാണ്. അവൻ ശാന്തപ്രകൃതനും വൈകാരിക പക്വത നേടിയവനുമായിരിക്കും. അവൻ്റെ സ്വഭാവം നേരെയാക്കി എടുക്കുക വളരെ എളുപ്പമാകും. നല്ല ആത്മ വിശ്വാസവും ആശയവിനിമയ രീതികളും അവൻ സ്വന്തമാക്കിയെടുത്തിട്ടുണ്ടാകും. നന്മയെ ഉൾക്കൊള്ളാനും തിന്മയെ വിപാടനം ചെയ്യാനും അവൻ്റെ തെളിഞ്ഞ മനസ്സ് പാകപ്പെട്ടിരിക്കും. പരസ്‌പര സമ്മതവും പരസ്പര വിശ്വാസവും അവന്റെ മുഖമുദ്രകളായിരിക്കും. മറ്റുള്ളവർക്ക് നൽകേണ്ട അർഹമായ പരിഗണനകൾ അവനു വശമായിരിക്കും. ലക്ഷണമൊത്തൊരു കുട്ടി…! ഇതിന് എതിര് കാണുന്ന കുട്ടികളുടെ വീടിനകത്ത് എന്ത് നടക്കുന്നു എന്ന് പരിശോധിച്ചാൽ മതി! അരുതായ്മകളുടെ ചുരുളഴിയും. പാവം കുട്ടികൾ… അവർ ജനിക്കുന്നതിന് മുമ്പ് തന്നെ വഷളാകുന്നുണ്ട്. സമൂഹം അടിച്ചേൽപ്പിക്കുന്ന ഭാരങ്ങൾ അവനെ കൂടുതൽ വഷളാക്കുന്നുവെന്നു മാത്രം.
കൊട്ടിഘോഷിക്കപ്പെടുന്ന പ്രഭാഷണങ്ങളുടെയും, ചൈതന്യം ശൂന്യമായ പ്രഖ്യാപനങ്ങളുടെയും ഇടയിൽ “സ്നേഹവീട്” ഒരു അജണ്ട മാത്രമായി ചുരുങ്ങി പോവുക സ്വാഭാവികം മാത്രമാണ്. ശാന്തവും സക്രിയവുമായ ഇടപെടലുകളാണ് സമൂഹത്തിൽ ആവശ്യം. അതു നിരന്തര സ്വഭാവത്തിലുള്ളതും മൂല്യനിർണയ സ്വഭാവമുള്ളതുമായിരിക്കണം. മൂല്യങ്ങളിലൂന്നിയ സ്നേഹ സംസ്കാരം വീടുകളിലേക്ക് പകർന്നു ലഭിക്കണം. തിരുത്തലുകൾ വേണ്ട സമയത്ത് വേണ്ട രീതിയിൽ ചെയ്യാനുള്ള പരിശീലനങ്ങൾ ലഭിക്കണം. സ്നേഹമെന്നാൽ എല്ലാം വാരിക്കോരി നൽകുകയാണെന്ന മിഥ്യാ ധാരണകൾ മാറി വരണം. ഇലക്ട്രോണിക്, ഐ. ടി ഹബ്ബുകളായി മാറിയ വീടുകൾ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സ്ഥാപനങ്ങളായി വളരണം. കുട്ടികൾക്കു ലഭിക്കുന്ന ശിക്ഷ പോലും ശാന്ത സ്വഭാവത്തിലുള്ളതായി മാറണം. അല്ലെങ്കിൽ സമ്മർദ്ദങ്ങൾക്കു മീതെ സംഘർഷങ്ങൾ പെയ്‌തിറങ്ങുന്ന രീതിയായി നമ്മുടെ ഇടപെടലുകൾ മാറിപ്പോകും.
കൂടുതൽ കൂടുതൽ ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ലോകമിന്ന്. തലച്ചോറ് വളരുകയും ഹൃദയം ചുരുങ്ങിപ്പോവുകയും ചെയ്യുന്ന അവസ്ഥയാണ് കാണാനാവുന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ ഒരു ലോകത്തിനപ്പുറത്തയാളിനെ നമ്മുടെ ബെഡ്‌റൂമിൽ എത്തിക്കുന്നുവെന്നത് ശരി തന്നെ. എന്നാൽ ഹൃദയങ്ങൾ തമ്മിലുള്ള അകലം വലിയ ദൂരമായി തന്നെ നിലനിൽക്കുകയാണിന്ന്. ഈ അവസ്ഥ നമ്മുടെ ജീവിതത്തെ സമ്മർദ്ദങ്ങളിലേക്ക് തള്ളി വിടുകയും സന്തോഷങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയാണ്. ഇത്തരം കാര്യങ്ങൾ ഇന്ന് എല്ലാവർക്കു മറിയാം. എന്നാൽ വിവേകപൂർണമായ തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഇതൊരു കരുതലാണ്. ഇന്നത്തെ ലോകം ഇത് നമ്മോടിത് കൂടുതൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.








