| മുഹമ്മദ് ആദില്‍ ഒ.സി |
കോവിഡാനന്തരം ലോകം ഓൺലൈൻ യുഗത്തിന് പിറവി നൽകിയിരിക്കുന്നു.കോവിഡിനെ അതിജയിക്കാൻ ആവാത്ത ലോകം അതിനെ അതിജീവിക്കാനുള്ള തുരുത്ത ന്വേഷിക്കുകയാണ്. “കോവിഡിനൊപ്പം ജീവിക്കുക” എന്ന പുതിയ നയത്തിന്റെ കച്ചകെട്ടിയിരിക്കുകയാണിന്ന് ലോകം.പുതിയ ഭാവത്തിലും രീതിയിലുമാണ് ഇനിയുള്ള കാലം മനുഷ്യകുലത്തിന്റെ ചലനം. പുതിയ ചിന്ത, പുതിയ മാനം, പുതിയ സംസ്കാരം തുടങ്ങിയ വ്യത്യസ്തയിലേക്കാണ് കോവിഡ്കാലം നമ്മേകൊണ്ടെത്തിച്ചത്. ടെക്നോളജിയുടെ രുചി അറിയാത്തവന് പരാജയത്തിന്റെ കയ്പുനീർ രുചിക്കേണ്ടിവരുന്ന നവ യുഗം. മനുഷ്യന്റെ അതിജീവനത്തിനായുള്ള അന്യേഷണം ഓൺലൈനിന്റെ പാത നമ്മളിലേക്ക് തുറന്നിട്ടിരിക്കുന്നു.ഉപ്പു മുതൽ കർപ്പൂരം വരെ ഓൺലൈനിനെ ആശ്രയിച്ചിരിക്കുന്ന ഈ കാലത്ത് അടഞ്ഞുകിടക്കുന്ന കലാലയ വാതിലുകളും അതിജീവനത്തിനായി മുട്ടുന്നത് ഓൺലൈനിന്റെ വാതായനങ്ങളാണ്. വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദവും സൂക്ഷിച്ചില്ലെങ്കിൽ ഇരുതലമൂർച്ചയുള്ള കഠാരയുമാണ് യഥാർത്ഥത്തിൽ ഓൺലൈൻ യുഗം. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷയും ആശങ്കയും വിലയിരുത്തപ്പെടേണ്ടതാണ്.
ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രതീക്ഷകൾ
വിദ്യാർത്ഥികൾക്ക് തന്റെ പാഠങ്ങൾ നല്ല രീതിയിൽ ശ്രവിക്കുവാനും ശ്രദ്ധിക്കുവാനും പറ്റും.എന്നതാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മുഖ്യ ഗുണം. മനസ്സിലാവാത്ത ഭാഗങ്ങൾ പലകുറി ആവർത്തിച്ചുകേൾക്കുവാനും നഷ്ടപ്പെട്ടുപോയ ക്ലാസുകൾ അധ്യാപകരിൽനിന്നു തന്നെ വിശദമായി കേൾക്കുവാൻ സാധിക്കും. അത്യാവശ്യ യാത്രകളിൽ ആണെങ്കിൽ പോലും തന്റെ പഠനം മുടങ്ങില്ല എന്നത് മറ്റൊരു പ്രധാന ഗുണമാണ്. ഹോസ്റ്റൽ ഫീസ് യാത്ര ചിലവ് ഭക്ഷണ ചെലവ് തുടങ്ങിയ ചെലവുകളെല്ലാം ഇല്ലാതാകുന്നതോടെ ആപേക്ഷികമായി ചെലവ് കുറഞ്ഞ വിദ്യാഭ്യാസ രീതി നിലവിൽ വരുംവഴി പണത്തിന്റെ ദൗർബല്യം മൂലം മുടങ്ങിക്കിടക്കുന്ന ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെടും. പ്രഗൽഭരായ അധ്യാപകൻ മാരിൽ നിന്നും ലളിതമായ രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന വിദ്യാഭ്യാസസമ്പ്രദായം നിഖില ദിക്കുകളിൽ ഐത്തിക്കാൻ പറ്റുന്നത് വഴി ഉയർന്ന സ്കോർ കരസ്ഥമാക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. ക്ലാസ് നിശ്ചയിച്ച സമയത്ത് എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കിൽ മറ്റൊരു സമയം പൂർവ്വാധികം ഉത്സാഹത്തോടെയും താല്പര്യത്തോടെയും ക്ലാസുകൾ വീണ്ടെടുക്കും വഴി വിദ്യാർത്ഥിയുടെ മനസ്സഘർഷം ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.വിദ്യാർഥികളെ ലക്ഷ്യമിട്ട് കലാലയ തീരങ്ങളിൽ കാത്തിരിക്കുന്ന ലഹരി മാഫിയയുടെ ചതിക്കുഴിയിൽ നിന്നും, പൂവാലൻമാരിൽ നിന്നും വലിയ കവചമാണ് ഓൺലൈൻ വിദ്യാഭ്യാസം എന്നത് എടുത്തു പറയേണ്ട ഒരു ഗുണമാണ്! മറ്റു വിദ്യാഭ്യാസത്തിന്റെ കൂടെ തന്നെ ടെക്നോളജിക്കൽ അറിവുകൾ വിദ്യാർത്ഥിയിൽ ഉയർന്നുവരുന്നു എന്നത് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഒരു പ്രത്യേകതയാണ്.
ഓൺലൈൻ വിദ്യാഭ്യാസത്തിലെ ആശങ്കകൾ
വിദ്യാർഥികൾ ഭൂരിഭാഗവും കൗമാരക്കാരായതിനാൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിയന്ത്രണങ്ങൾക്ക് അതീതമായി പലരീതിയിലുള്ള അശ്ലീല വീഡിയോകളും മറ്റും കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുവഴി വിദ്യാർത്ഥികൾ പലരീതിയിലുള്ള തെറ്റായ പ്രവണതകൾ ഉള്ളവരും ക്രിമിനൽ ത്വരയുള്ളവരുമായി മാറിയേക്കാം. എല്ലാവർക്കും സ്മാർട്ട്ഫോണുകളും, നെറ്റും ആവശ്യമാണ് എന്നത് ദരിദ്ര കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. രണ്ടും മൂന്നും കുട്ടികൾ ഉള്ള അത്തരം വീടുകളിലെ രക്ഷിതാവ് അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറച്ചൊന്നുമായിരിക്കില്ല.പ്രത്യേകിച്ച് എല്ലാ സംരംഭങ്ങളും മന്ദീഭവിച്ച് നിൽക്കുന്ന ഈ ഘട്ടത്തിൽ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പെരുകും വഴി സമൂഹത്തിൽ അന്യവൽകരണവും ഒറ്റപ്പെടുത്തലും വർദ്ധിക്കും. സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗവും ദുരുപയോഗവും തള്ളിക്കളയാനാവാത്ത സത്യം തന്നെ ഇത് കാരണം വിദ്യാർത്ഥികളിൽ ഏറെ പങ്കും വിഷാദരോഗത്തിന് അടിമപ്പെടും. കൗമാരക്കാരെ വലയിലാക്കാനും അതുവഴിഓൺലൈൻ ലഹരിമാഫിയ വളരുവാനും സജീവമാകാനും കാരണമാകും. കുട്ടികൾ കാണുന്നതും കാണിക്കുന്നതുമായ തെറ്റുകൾ സിംഹഭാഗവും മാതാപിതാക്കളോ, ഗുരുക്കൻമാരോ അറിയാൻ യാതൊരു വഴിയും ഇല്ലാതെയാകും. സൈബർ കുറ്റങ്ങളും കുറ്റവാളികളും അധികരിക്കും ഇത്തരം കുറ്റവാളികളുടെ കടന്നുകയറ്റം ലോക്ക് ഡൗണിൽ തന്നെ അഥവാ രക്ഷിതാവിനെ ഫോൺ ഉപയോഗിക്കുന്ന കൗമാരക്കാർക്കിടയിൽ കൂടുന്നത് പോലീസിന്റെ സൈബർ വിങ്ങും മറ്റും നമുക്ക് മുന്നറിയിപ്പ് നൽകിയതാണ്.അപ്പോൾ സ്വന്തം ഫോണുകൾ കൂടി ആയാൽ ഇതിൽ ഭീമാൽകാരമായ ഒരു വർദ്ധനവ് ഉണ്ടാകും എന്നതിൽ രണ്ടാമതൊരഭിപ്രായമില്ല.വിദ്യാർത്ഥികളിലെ പഠിതാക്കൾ മാത്രമേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയുള്ളൂ. മറ്റുള്ളവരിൽ പഠനം വെറും പ്രകടനപരതയായിട്ട് മാറുമെന്നതും ഏറെ പ്രാധാന്യമുള്ള ഒരു വിമർശനമാണ്. എന്നാൽ കുട്ടികളിൽ 25 ശതമാനത്തിന് താഴെ മാത്രമാണ് സ്വയം സന്നദ്ധരായി പഠിക്കുന്നത് എന്നത് പകൽ വെളിച്ചം പോലെ സർവാംഗീകൃത മാണ്.അപ്പോൾ ഇത്തരം ഓൺലൈൻ ക്ലാസുകൾ വെറും നാമമാത്രമായി ചുരുങ്ങാനാണ് സാധ്യത. മാത്രമല്ല വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാധ്യതക്ക് മങ്ങലേൽക്കും. വിദ്യാർത്ഥികളുടെ മുഖത്തുനോക്കി ക്ലാസ്സ് എടുക്കുന്നതിന്റെ അനുഭൂതിയും സംതൃപ്തിയും ഓൺലൈൻ വിദ്യാഭ്യാസത്തിന് അന്യമാണ്. വളരെ കുറച്ചു സമയം മാത്രമാണ് ഗുരു ശിഷ്യ ബന്ധത്തിന് അവസരം ലഭിക്കുന്നുള്ളൂ. അതുകാരണം ഗുരുശിഷ്യബന്ധത്തിന് വിള്ളൽ ഏൽക്കാം. മാത്രമല്ല ഈ കുറഞ്ഞ സമയത്തിനുള്ളിൽ ഗുരുവിന് തന്റെ ശിഷ്യന്മാരെ തെറ്റുകൾ കാണാനോ ഉപദേശിക്കുവാനോ അവസരം ലഭിക്കുന്നില്ല. തന്റെ പാഠഭാഗം കുറഞ്ഞ സമയം കൊണ്ട് എടുത്തു തീർക്കാനാണ് അധ്യാപകൻ ശ്രമിക്കുക അതിനാൽ വിദ്യാഭ്യാസം കൊണ്ട് യഥാർത്ഥത്തിൽ ലക്ഷീകരിക്കുന്നമൂല്യബോധങ്ങളിലേക്ക് വിദ്യാർത്ഥി എത്തുന്നുണ്ടോ എന്നത് വിചിന്തന വിധേയമാണ്.
രക്ഷിതാക്കളോടും ഗുരുക്കന്മാരോടും പിന്നെ സമൂഹത്തോടും
സൂക്ഷിച്ചില്ലെങ്കിൽ അതിജീവനത്തിന്റെ കണ്ണിലെ വലിയ കരടായി ഓൺലൈൻ വിദ്യാഭ്യാസം മാറും എന്ന് ഉറപ്പാണ്. ഒരുപക്ഷേ ഗുണത്തെക്കാൾ കൂടുതൽ ദോഷം ആയിരിക്കും തിക്തഫലം. മുഴുവൻ സമയവും രക്ഷിതാക്കളാണ് കുട്ടിയുടെ കൂടെ ഉണ്ടാവുക. അതിനാൽ കുട്ടി കൗമാരക്കാരനാണ് എന്നബോധത്തോടുകൂടി തന്നെ കാര്യങ്ങൾ ലളിതമായി നേരിടാൻ അവർ സന്നദ്ധരാകണം. പരിധിവിട്ട് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അനുവദിക്കരുത്. കൃത്യമായ കണക്ക് വെക്കണം. ദിനേന ഉണ്ടാവുന്ന ക്ലാസും അത് പഠിക്കാനുള്ള സമയവും ഉത്സാഹത്തിന് ഗെയിമോ മറ്റോ എന്നതിൽ ഒതുക്കണം. ഒരു കാരണവശാലും തന്റെ കുട്ടിക്ക് രാത്രി സമയങ്ങളിൽ ഫോൺ കൊടുക്കരുത്. അത് അവന്റെ ഉറക്കെത്തെയും ആരോഗ്യത്തെയും മോശമായി ബാധിക്കും. ഉറക്കില്ലാത്ത രാത്രികൾ മുശിപ്പുള്ള പകലുകൾ മാത്രമേ സമ്മാനിക്കുള്ളൂ അത് നിമിത്തം വിദ്യാർത്ഥിക്ക് ക്ലാസിൽശ്രദ്ധിക്കാൻ പറ്റാതെ വരും. പരമാവധി പകലുകളിൽ തന്നെ അന്നത്തെ ക്ലാസുകളും അനുബന്ധകാര്യങ്ങളും കൃത്യമായി ചെയ്തു തീർക്കാൻ ശ്രമിക്കണം. കുട്ടികൾക്ക് അവർക്ക് മടുപ്പോ, വെറുപ്പോ ഉണ്ടാകാത്ത രീതിയിൽ നിരീക്ഷിക്കണം. എന്തെങ്കിലും മോശത്തരം കണ്ടാൽ ഉപദേശിക്കരുത്. കാരണം കൗമാരക്കാർ ഉപദേശം തീരെ ഇഷ്ടപ്പെടാത്ത വരാണ്. സൗമ്യമായി ഉണർത്തി കൊടുത്താൽ മാത്രം മതി. മാതാപിതാക്കൾ മക്കളോട് കൂട്ടുകാരനെ പോലെ പെരുമാറൻ ശ്രദ്ധിക്കണം എന്നാൽ മക്കൾ എപ്പോഴും തുറന്ന് സംസാരിക്കും. സ്കൂളിലെ കളിയും മറ്റും ഇല്ലാത്തതിനാൽ മക്കളുടെ വ്യായാമത്തിലും രക്ഷിതാക്കൾ ശ്രദ്ധിക്കണം. കാരണം വ്യായാമമില്ലാതെ സദാ സമയവും പഠിക്കുന്നത് പഠിതാവിന് മടിയും മടുപ്പും ക്ഷണിച്ചുവരുത്തും.
ഏറെനേരം ക്ലാസ്സുകൾ കേൾക്കാൻ ഭൂരിഭാഗം കുട്ടികൾക്കും വിരക്തിയാണ്. അതിനാൽ അധ്യാപകൻ കുറഞ്ഞ സമയത്ത് തന്റെ ക്ലാസ് എടുത്തു തീർക്കുന്നതിലുപരി ക്ലാസിന്റെതുടക്കത്തിൽ വിദ്യാർഥികളുടെ സുഖവിവരങ്ങൾ അന്വേഷിക്കുവാനും തമാശകൾ പറയാനുമുള്ള സമയം കണ്ടെത്തണം .ഡെക്കറേഷൻ വർക്കുകാർ, ടെക്സ്റ്റൈൽസ് തൊഴിലാളികൾ, ബസ് തൊഴിലാളികൾ തുടങ്ങി സിംഹഭാഗം തൊഴിലാളി സമൂഹവും സാമ്പത്തിക പിരിമുറുക്കത്തിൽ ഞെരിഞ്ഞമരുകയാണ്. അവരുടെ കുട്ടികൾക്ക് പുതിയ സ്മാർട്ട് ഫോൺ വാങ്ങി കൊടുക്കുവാൻ അല്ലെങ്കിൽ സമാനമായ സൗകര്യങ്ങൾ ഒരുക്കുവാനോനന്നേ പ്രയാസമായിരിക്കും. ആയതുകൊണ്ട് നിശ്ചിതസമയത്ത് വിദ്യാർത്ഥികൾ ഓൺലൈനിൽ വരികയും ക്ലാസിൽ പങ്കെടുക്കുകയും ചെയ്യണമെന്ന ഷാട്യം ബന്ധപ്പെട്ടവർ ഒഴിവാക്കണം. പകരം വാട്സ്ആപ്പ് പോലൊത്ത സോഷ്യൽ മീഡിയകളിൽ ഒരു ഗ്രൂപ്പ് തുടങ്ങുകയും അതിൽ ക്ലാസ്സ് അപ്‌ലോഡ് ചെയ്യാം.
ഇങ്ങനെയാകുമ്പോൾ രക്ഷിതാക്കളുടെ ഫോൺ ഉപയോഗിക്കുന്നവർക്ക് രക്ഷിതാവിന്റെയും മക്കളുടെയും സൗകര്യംപോലെ ക്ലാസുകൾ കേൾക്കാനാകും. കുട്ടികൾ ക്ലാസ്സുകൾ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ ഓരോ ദിവസത്തെ ക്ലാസ്സ് നോട്ട് കുട്ടികൾ അവരുടെ ഭാഷയിൽ തയ്യാറാക്കി രക്ഷിതാവിന്റെ പേരും ഒപ്പും താഴെ ചേർത്ത് പിറ്റേന്ന് ക്ലാസ് തുടങ്ങും മുമ്പ് അതെ ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യുന്ന രീതിയും, ഇടയ്ക്കിടെ രക്ഷിതാക്കളെ ഉൽ ബോധിപ്പിക്കുകയും ചെയ്യാമല്ലോ, മാത്രമല്ല ഈ ഗ്രൂപ്പിൽ കുട്ടികളുടെ സംശയനിവാരണത്തിനൊപ്പം തന്നെ അധ്യാപക നിർദ്ദേശങ്ങളും, പരിധി വിടാതെയുള്ള തമാശകളും മറ്റും ചെറിയതോതിലെങ്കിലും കുട്ടികളിൽ കലാലയ ജീവിതത്തിലെ പ്രതീതി സൃഷ്ടിക്കാൻ ഹേതുവാകും. സ്മാർട്ട് ഫോൺ ഉപയോഗത്തിന്റെ ദൂശ്യവശങ്ങളും, അതിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള വഴികളും അധ്യാപകർ ഇടയ്ക്കിടെ തന്റെ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുക്കണം. ചിലപ്പോൾ രക്ഷിതാക്കളുടെ മോട്ടിവേഷനേക്കാൾ വിദ്യാർത്ഥിയിൽ ഫലിക്കുക തന്റെ അധ്യാപകരുടെ മോട്ടിവേഷനായിരിക്കും. ഓരോ കുട്ടിയുടേയും ജീവിതപശ്ചാത്തലം അധ്യാപകൻ അറിഞ്ഞിരിക്കണം, എന്തെങ്കിലും കാരണവശാൽ നോട്ട് തയ്യാറാകാതിരിക്കുകയോക്ലാസിന്റെ കാര്യത്തിൽ അമാന്തം കാണിക്കുകയോ ചെയ്താൽ ന്യായ അന്യായങ്ങൾ മനസ്സിലാക്കി മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ.
യാതനകൾ അനുഭവിക്കന്ന വിദ്യാർത്ഥികളെ ഒരു പരിധിവരെ കൈപിടിക്കാൻ സമൂഹത്തിന് സാധിക്കും. രക്ഷിതാവിന്റെ കയ്യിലെ സാമ്പത്തിക ഞെരുക്കം മൂലം ഇത്തരം സാഹചര്യങ്ങളിൽ നിന്ന് പിന്തള്ളപ്പെടുന്നവരെ അന്വേഷിച്ചു കണ്ടെത്താനും തന്റെ വീട്ടിലോ പരിചയക്കാരിലോ പുതിയ ഫോൺ വാങ്ങിയതിന്റെ പേരിലോ മറ്റോ ഉപയോഗിക്കാത്ത ഫോണുകൾ ആവശ്യമെങ്കിൽ ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം അർഹതപെട്ടവരിലേക്കെത്തിക്കാൻ സമൂഹം വിചാരിച്ചാൽ കഴിയും. സാമ്പത്തിക ചിലവ് വഹിക്കാൻ നാട്ടിലിന്നേറേ സന്നദ്ധസംഘടനകൾ സുലഭമാണ്. മാത്രമല്ല അത്തരം കുട്ടികളുടെ ജീവിതപശ്ചാത്തലം അവരെ പഠനത്തിൽ നിന്ന് പിറകോട്ടടിപ്പിക്കാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ അവരുടെ വീടുകൾ ഇടയ്ക്കിടെ സന്ദർശിക്കുവാനും, സുഖവിവരങ്ങൾ അന്വേഷിക്കാനും, പഠന പുരോഗതിക്ക് വേണ്ടി അവരെ പ്രോത്സാഹിപ്പിക്കുവാനും, മാനസിക ഉത്സാഹം നല്കുവാനും പി.ടി.എ അംഗങ്ങളും മറ്റും തയ്യാറാവണം. ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ടവർ ശ്രദ്ധ പുലർത്തിയാൽ തന്നെ ഓൺലൈൻ വൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാനും ഓൺലൈൻ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമമാക്കാനും നല്ല രീതിയിൽ
പ്രയോഗവൽക്കരിക്കാനും സാധിക്കും..!