ലോകപ്രശസ്ത പണ്ഡിത ശ്രേഷ്ഠരും ആത്മീയ ലോകത്തെ വിശ്രുതനുമാണ് ശൈഖ് അബ്ദുല്‍ഖാദര്‍ ജീലാനി(റ). ‘സുല്‍ത്താനുല്‍ ഔലിയ’, ‘അല്‍ ഗൗസുല്‍ അഅളം’, ‘മുഹ്‌യുദ്ദീന്‍’ എന്നിങ്ങനെ അപരനാമത്തിലാണ് മുസ്ലിം ലോകത്ത് ശൈഖ് ജീലാനി(റ) അറിയപ്പെടുന്നത്.ഖുത്ബിയ്യത്ത്,മുഹ്‌യുദ്ദീന്‍ മാല തുടങ്ങി മാലമൗലിദുകളിലൂടെ നമ്മുടെ കേരളക്കരയിലും മഹാനവര്‍കള്‍ സുപരിചിതനാണ്.അബൂ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ ബിന്‍ മൂസ ബിന്‍ അബ്ദുല്ല എന്നാണ് പൂര്‍ണ്ണനാമം.
ജനനം കുടുംബം
ഹിജ്‌റ 470ല്‍ ഇറാനിലെ ത്വബ്രിസ്ഥാന്‍ പ്രവിശ്യയോട് ചേര്‍ന്ന് കിടക്കുന്ന ജീല്‍ എന്ന പ്രദേശത്താണ് ശൈഖ് ജീലാനി(റ) ജനിച്ചത്.പിതാവ് സൂഫിവര്യനായ അബൂ സ്വാലിഹ് അബ്ദുല്ലാഹ് ബിന്‍ ജന്‍കി ദോസ്ത് ഹസന്‍(റ)ന്റെ പിന്‍തലമുറക്കാരനാണ്.മാതാവ് ഉമ്മുല്‍ ഖൈറിന്റെ വംശാവലി ഹുസൈന്‍(റ)ലേക്കും ചെന്നെത്തുന്നു.നാല് ഖലീഫമാരുമായും കുടുംബപരമായി ബന്ധമുണ്ട്.പിതൃകുടുംബവും മാതൃ കുടുംബവും ദീനിരംഗത്ത് നിറഞ്ഞു നില്‍ക്കുന്നവരായിരുന്നു.ചെറുപ്പത്തിലെ പിതാവ് നഷ്ടപ്പെട്ട ശൈഖവറുകളെ പിന്നീട് സംരക്ഷിച്ചത് ജീലാനിലെ പ്രമുഖ സൂഫിയായ മതാമഹന്‍ സയ്യിദ് അബ്ദുല്ല സൗമഈ(റ) ആണ്.ഇത് കാരണത്താല്‍ ‘ഇബ്‌നുസ്സമഈ’ എന്ന പേരിലും മഹാന്‍ അറിയപ്പെട്ടു.
മഹാനവര്‍കളുടെ ശൈശവും ബാല്യവുമെല്ലാം അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു.റമളാന്‍ ഒന്നിന് പിറന്ന ജീലാനി(റ) റമളാനിന്റെ പകലില്‍ മുല കുടിച്ചിരുന്നില്ല.മഹാനവര്‍കളുടെ മാതാവ് പറയുന്നു:’‘ഒരിക്കല്‍ റമളാന്‍ മാസം പിറന്നോ എന്ന കാര്യത്തില്‍ ജീലാനില്‍ അനിശ്ചിതത്വമുണ്ടായി.ജീലാനുകാര്‍ എന്റെ അടുത്ത് വന്നു. കുട്ടി മുലപ്പാല്‍ കുടിച്ചോ എന്നറിയാനായിരുന്നു അത്.ഇന്ന് കുട്ടി മുലപ്പാല്‍ കുടിച്ചില്ല എന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി. അന്നേദിവസം റമളാനില്‍ പെട്ടതായിരുന്നു എന്ന് പിന്നീട് വ്യക്തമായി”.
പഠന കാലം
സ്വദേശത്തെ പ്രാഥമിക പഠനത്തിനു ശേഷം പതിനെട്ടാം വയസ്സില്‍ ജീലാനി(റ) ഉന്നത പണ്ഡിതരുടെ പര്‍ണ്ണശാലയായ ബാഗ്ദാദില്‍ എത്തി(ഹി.488ല്‍).ഹദീസിലും ഫിഖ്ഹിലും മറ്റെല്ലാ വിജ്ഞാന ശാഖകളിലും അവഗാഹം നേടി. ബാഗ്ദാദിലെ വിശ്രുത പണ്ഡിതരില്‍ നിന്ന് അറിവ് ആര്‍ജ്ജിച്ച ശൈഖവര്‍കളുടെ പ്രധാന ഗുരുവര്യര്‍ ശൈഖ് അബൂസഈദ് അല്‍ മുകര്‍റമീ ആണ്. അവരില്‍ നിന്നും ശൈഖ് ഹമ്മാദു ബ്‌നു മുസ്ലലിമുദ്ദബ്ബാസ് എന്നവരില്‍ നിന്നുമാണ് തസ്വവ്വുഫ് ത്വരീഖത് സ്വീകരിച്ചത്.അഹ്‌മദ് ബിന്‍ മുളഫ്ഫര്‍,അബ്ദുല്‍ ഖാസിം അലി ബിന്‍ അഹ്‌മദ്,അബു താലിബ് ബിന്‍ യൂസുഫ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് വീജ്ഞാനവും ഹമ്പലി പണ്ഡിതരായ അബ്ദുല്‍ വഫാ ബിന്‍ അഖീല്‍,അബുല്‍ ഖത്താബ്,അബുല്‍ ഹുസൈന്‍ മുഹമ്മദ്,അബു സഈദ് മുബാറക്ക് എന്നിവരില്‍ നിന്ന് ഫിഖ്ഹും അനുബന്ധ ജ്ഞാനങ്ങളും നുകര്‍ന്നു.അബു സക്കരിയ്യ തിബ്രീസില്‍ നിന്ന് അറബി സാഹിത്യവും പഠിച്ചു.
ആത്മീയദാഹം
ആത്മീയോന്നതി നേടാനായി കഠിന പരിശ്രമങ്ങളാണ് ശൈഖ് ജീലാനി(റ) പഠന പരിശീലന കാലഘട്ടത്തില്‍ നടത്തിയത്.രണ്ടര പതിറ്റാണ്ട് കാലം ഏകാന്തവാസത്തിലും ശരീരേഛകളില്‍ നിന്ന് മുക്തി നേടാനുള്ള ശിക്ഷണത്തിലുമായി മരുഭൂമിയിലും വിജനപ്രദേശങ്ങളിലുമായി കഴിഞ്ഞുകൂടി. ഇക്കാലയളവില്‍ മഹത്തുക്കളെയും പുണ്യപുരുഷന്മാരെയും സമീപിച്ച് അനുഗ്രഹവും സമ്പാദിച്ചു.പഠന – ശിക്ഷണ കാലത്തെ ജീവിതം വളരെ ക്ലേഷകരമായിരുന്നു.വിശപ്പ് സഹിക്കാനാവാതെ പലപ്പോഴും കായ്കളും ഇലകളും തിന്നുകൊണ്ട് മഹാനവര്‍കള്‍ ദിനങ്ങള്‍ തള്ളിനീക്കിയിട്ടുണ്ട്.വിശപ്പിന്റെ കാഠിന്യം മരണത്തിന്റെ വക്കോളമെത്തിയ സന്ദര്‍ഭങ്ങള്‍ വരെ ഉണ്ടായി.അപ്പോഴെല്ലാം ക്ഷമാപൂര്‍വം അല്ലാഹുവിന്റെ തീരുമാനത്തില്‍ സംതൃപ്തിയടയുകയാണ് ശൈഖവര്‍കള്‍ ചെയ്തത്.മറ്റുള്ളവരുടെ കൈവശമുള്ളത് ഒരിക്കലും മഹാന്‍ ആഗ്രഹിച്ചില്ല.പഠനകാലത്ത് തന്നെ തന്റെ ഔന്നത്യം ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നെങ്കിലും വിനയാന്വിതനായി മാത്രമേ അദ്ദേഹം ആളുകളോട് ഇടപഴകിയിരുന്നുള്ളൂ.ജീലാന്‍കാരനായ ഒരു വിദ്യാര്‍ത്ഥി എന്നുമാത്രം പറഞ്ഞാണ് തന്നെ പരിചയപ്പെടുത്തിയിരുന്നത്.
അധ്യാപനവും പ്രബോധനവും
നീണ്ട 32 വര്‍ഷത്തെ പഠനത്തിനും ആത്മസംസ്‌കരണത്തിനും ശേഷം ഹിജ്‌റ 521ല്‍ ശൈഖ് ജീലാനി(റ)പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം വിനിയോഗിക്കാന്‍ തുടങ്ങി.അപ്പോഴദ്ദേഹം ഹമ്പലി മദ്ഹബിലെ തന്റെ കാലത്തെ ഇമാമും അധ്യാത്മിക രംഗത്തെ മഹാസാഗരവുമായി തീര്‍ന്നിരുന്നു.തന്റെ ആത്മീയ ഗുരു അബു സഈദില്‍ മുഖര്‍റമീ(റ) സ്ഥാപിച്ച ബാബുല്‍ അസജ്ജിലെ മദ്രസയാണ് ശൈഖവര്‍കള്‍ തന്റെ അധ്യാപന കേന്ദ്രമായി തിരഞ്ഞെടുത്തത്.തഫ്‌സീര്‍,ഹദീസ്,ഫിഖ്ഹ്,ഉസ്വൂല്‍,നഹ്വ് തുടങ്ങി 13 വിജ്ഞാന ശാഖകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു മഹാനവര്‍കളുടെ ദര്‍സ്.ഹമ്പലി മദ്ഹബിലെ ഇമാമായിരിക്കെ തന്നെ ശാഫിഈ മദ്ഹബിലും ശൈഖവര്‍കള്‍ ഫത്വ നല്‍കിയിരുന്നു.ദര്‍സിനും ഫത്വ നല്‍കാനുമായി മഹാനവര്‍കള്‍ ചെലവഴിച്ചത് മുപ്പത്തിമൂന്ന് വര്‍ഷമായിരുന്നു(ഹി. 528 മുതല്‍ 561ല്‍ വഫാത് വരെ). അപ്പോള്‍ സഭയില്‍ പറയുന്നത് എഴുതിവെക്കാന്‍ നാനൂറ് മഷിക്കുപ്പികള്‍ നിരന്നിരുന്നു.
ഉപദേശവും സംസ്‌കരണവും
ജനങ്ങള്‍ക്കുള്ള ഉപദേശങ്ങള്‍ക്കായി ജീലാനി(റ) വളരെ ചിട്ടയോടെ തന്നെ പ്രത്യേകം സമയങ്ങള്‍ നീക്കിവെച്ചിരുന്നു. വാചാലഹൃദ്യവും മനസ്സുകളെ സ്ഫുടം ചെയ്‌തെടുക്കാന്‍ മാത്രം ഫലപ്രദവുമായ മഹാനവര്‍കളുടെ പ്രഭാഷണവേദിയില്‍ രാജാക്കന്മാര്‍,പണ്ഡിതന്മാര്‍,സാധാരണക്കാര്‍ തുടങ്ങി സമൂഹത്തിന്റെ നിഖില മേഖലകളിലുള്ളവരും പങ്കെടുക്കുമായിരുന്നു.ഷെയ്ഖവര്‍കള്‍ ആഴ്ചയില്‍ മൂന്ന് പ്രഭാഷണങ്ങളായിരുന്നു നടത്തിയിരുന്നത്. രണ്ടെണ്ണം തന്റെ പ്രധാന കേന്ദ്രത്തില്‍ വെച്ചും,ഒന്ന് രിബാഥ്വിലെ വരാന്ത്യ പ്രഭാഷണവും.40 വര്‍ഷം(ഹി.521മുതല്‍ 561ല്‍ വഫാത്ത് വരെ) ഇതിനായി ജീലാനി(റ) വിനിയോഗിച്ചു.ദീനി പ്രബോധന സംസ്‌കരണ രംഗത്ത് മഹാനവര്‍കളുടെ ഉദ്‌ബോധനങ്ങള്‍ വരുത്തിയ സ്വാധീനം വിവരണാതീതമാണ്.ഒട്ടേറെ ജൂതന്മാരും ക്രിസ്ത്യാനികളും ഇസ്ലാം ആശ്ലേഷിച്ചു. ബാഗ്ദാദിലും പരിസരപ്രദേശങ്ങളിലുമുള്ള ഭൂരിപക്ഷമാളുകളും പശ്ചാത്തപിച്ച് പാപമുക്തരായി.അതുപോലെ ശൈഖവര്‍കള്‍ ബാഗ്ദാദിലെത്തുമ്പോള്‍ വിവിധ രൂപത്തിലുള്ള ബിദ്അത്തുകാരും കളം വാഴുന്നുണ്ടായിരുന്നു. ബാത്വിനികള്‍ ആയിരുന്നു അതില്‍ മുന്‍പന്തിയില്‍.മഹാനവര്‍കള്‍ അവരെയും സംസ്‌കരിക്കുന്ന ദൗത്യം നിര്‍വഹിക്കുകയുണ്ടായി.അഹ്ലുസ്സുന്നയുടെ ശാദ്വലതീരത്തേക്ക് അവരെ ജീലാനി(റ) നയിച്ചു.
ശരീഅത് സംരക്ഷണം
വിശ്വാസി ജനസമൂഹത്തെ ഭക്തരും നിഷ്‌കളങ്കിതരും ഉദാരമനസ്‌കരും ദീനിന്റെ വിധിവിലക്കുകള്‍ പൂര്‍ണമായി പാലിക്കുന്നവരുമാക്കി മാറ്റുന്നതിനുള്ള കര്‍മ്മ പദ്ധതിയായിട്ടാണ് ശൈഖ് ജീലാനി(റ) ത്വരീഖതുകള്‍ കൊണ്ട് വിവക്ഷിച്ചത്.ഇസ്തിഖാമത് ആണ് ഏറ്റവും വലിയ കറാമത്ത് എന്നായിരുന്നു മഹാനവര്‍കളുടെ പക്ഷം.സൂഫി ത്വരീഖത് പാതയിലാണെന്ന് അവകാശപ്പെട്ടു കൊണ്ട് ദീനിന്റെ വിധിവിലക്കുകള്‍ പരസ്യമായി ലംഘിക്കുകയും ഒരു പ്രത്യേക സ്ഥാനത്തെത്തിയാല്‍ അതൊന്നും ബാധകമല്ലെന്ന് വാദിക്കുകയും ചെയ്തിരുന്ന കള്ള ത്വരീഖതുകാര്‍ക്കെതിരെ ശൈഖവര്‍കള്‍ ശക്തമായി പോരാടി.തന്റെ മകന്‍ അബ്ദുല്‍ റസാഖിനുള്ള ഉപദേശത്തില്‍ ശൈഖവര്‍കള്‍ പറയുകയുണ്ടായി:”അല്ലാഹുവിന് തഖ്വ ചെയ്യാനും അവനെ അനുസരിക്കാനും ശറഇന്റെ പരിതികള്‍ സൂക്ഷിക്കാനും ഞാന്‍ നിന്നെ വസിയ്യത്ത് ചെയ്യുന്നു.മകനെ.. നമ്മുടെ ഈ ത്വരീഖത്ത്;കിതാബ്,സുന്നത്ത്, ദുര്‍ഗുണങ്ങളില്‍ നിന്ന് മനസ്സ് മുക്തമാക്കല്‍,ഉദാരമനസ്‌കത,പരുക്കന്‍ സ്വഭാവങ്ങളെ നിര്‍മ്മാജ്ജനം ചെയ്യല്‍,വിഷമം സഹിക്കല്‍,സഹോദരങ്ങളുടെ വീഴ്ചകള്‍ക്ക് മാപ്പ് നല്‍കാന്‍ എന്നിവയാല്‍ സ്ഥാപിതമാണ്”. മഹാനവര്‍കളുടെ ആത്മീയ സരണി ‘ഖാദിരിയ്യ’ എന്ന പേരിലറിയപ്പെടുന്നു.
ഗ്രന്ഥങ്ങള്‍ ശിഷ്യന്മാര്‍
അല്ലാഹുവിന്റെ ദാസന്മാരെ അവനിലേക്ക് അടുപ്പിക്കാനുള്ള തിരക്കുപിടിച്ച പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ശൈഖ് ജീലാനി(റ) ഏതാനും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അല്‍ഗുന്‍യതു ലി ത്വാലിബി ത്വരീഖില്‍ ഹഖ്, ഫുതൂഹുല്‍ ഗൈബ്, അല്‍ ഫത്ഹു റബ്ബാനി വല്‍ ഫൈളുല്‍റഹ്‌മാനി എന്നിവയാണവ. ഇതിനുപുറമേ ശിഷ്യന്മാര്‍ കേന്ദ്രീകരിച്ച് ചില കൃതികളും ഉണ്ട്.
ദീര്‍ഘകാലത്തെ അധ്യാപനങ്ങളിലൂടെ ശൈഖ് ജീലാനി(റ)ന് വലിയ ശിഷ്യസമ്പത്തുമുണ്ട്. അവരില്‍ പ്രശസ്തരായ ഒട്ടേറെ പേരുണ്ട്. ശൈഖവര്‍കളുടെ തന്നെ സന്താനങ്ങളായ അബ്ദുല്‍ വഹാബ്, അബ്ദുല്‍ റസാഖ്, തുടങ്ങിയവരും അബ്ദുല്ലാഹ് ബിന്‍ ഖുദാമ, തഖിയുദ്ദീന്‍ അബ്ദുല്‍ ഗനിയ്യ്,ശൈഖ് അലി ബിന്‍ ഇദ്രീസ്,അഹ്‌മദ് ബിന്‍ മുഥീഅ,മുഹമ്മദ് ബിന്‍ ലൈസ്,അക്മല്‍ ബിന്‍ മസ്ഊദ്,അബ്ദുല്ലഥീഫ് ബിന്‍ മുഹമ്മദ് തുടങ്ങി പ്രമുഖര്‍ ശിഷ്യരില്‍ ചിലരാണ്.
വഫാത്
അമ്പത്തിയൊന്നാമത്തെ വയസ്സിലാണ് ശൈഖ് ജീലാനി(റ) വൈവാഹിക ജീവി തത്തിലേക്ക് പ്രവേശിച്ചത്.നബി(സ്വ) തങ്ങളുടെ കല്‍പ്പനക്ക് വിധേയനായി ഭക്തകളും പതിവ്രതകളുമായ നാല് സ്ത്രീകളെ വിവാഹം ചെയ്തു. ഇരുപത്തിയേഴ് ആണ്‍മക്കളും ഇരുപത്തിരണ്ട് പെണ്‍മക്കളുമായി ആകെ 49 സന്താനങ്ങളുണ്ടായി.ഹി.561 റബീഉല്‍ ആഖിര്‍ 11ന് ശൈഖ് അബ്ദില്‍ ഖാദിര്‍ ജീലാനി(റ) ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് ശൈഖവര്‍കള്‍ക്ക് 90 വയസ്സായിരുന്നു.മക്കളും ശിഷ്യഗണങ്ങളുമടങ്ങിയ ഒരു വലിയസംഘത്തിന് ഇമാമായി മകന്‍ അബ്ദുല്‍ വഹാബ് ജനാസ നിസ്‌കാരം നിര്‍വഹിച്ചു.ബാഗ്ദാദിലെ നിസാമിയ്യ യൂണിവേഴ്‌സിറ്റിക്കും മസ്ജിദിനും സമീപത്ത് സ്ഥിതി ചെയ്യുന്ന മഖ്ബറയിലാണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്.