✍🏻ഹാഫിള് മുഹമ്മദ് സിനാന്‍ വെട്ടം
ഇന്ത്യയിലേക്ക് ആദ്യമായി കടന്നുവന്ന അധിനിവേശ ശക്തികളായ പോർച്ചുഗീസുകാരുടെ കൊളോണിയൽ താല്പര്യങ്ങൾ ആദ്യമേ തിരിച്ചറിഞ്ഞ് ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ മലബാറിലെ ധീര ദേശാഭിമാനികളാണ് കുഞ്ഞാലിമരക്കാർമാർ.കുഞ്ഞാലിമരക്കാർമാർ എന്നറിയപ്പെടുന്നവർ ധാരാളം പേരുണ്ടെങ്കിലും അവരിൽ പ്രധാനികൾ കൂട്ട്യാലി മരക്കാർ,കുട്ടി പോക്കർ,പട്ടുമരക്കാർ, മുഹമ്മദലി മരക്കാർ എന്നീ നാലു പേരാണ്.കോഴിക്കോട് സാമൂതിരിയുടെ നാവിക തലവന്മാരായിരുന്ന ഇവർ ചരിത്രത്തിൽ യഥാക്രമം കുഞ്ഞാലി ഒന്നാമൻ,രണ്ടാമൻ, മൂന്നാമൻ,നാലാമൻ എന്നറിയപ്പെടുന്നു.അക്കാലത്തെ ഏറ്റവും വലിയ നാവിക ശക്തികളായ പറങ്കിപ്പടക്കെതിരെ ചെറുവള്ളങ്ങളും ആയുധങ്ങളും ഉപയോഗിച്ച് ഒരു നൂറ്റാണ്ട് കാലത്തോളം കുഞ്ഞാലിമാർ നടത്തിയ പോരാട്ടങ്ങൾ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആവേശം ജനിപ്പിക്കുന്ന ഒരദ്ധ്യായം തന്നെയാണ്.
കുടുംബം
കൊച്ചിയിലെ വ്യാപാര പ്രമുഖർ ആയിരുന്നു മരക്കാർ കുടുംബം.കൊച്ചിയിലെ രാജാക്കന്മാർ പോർച്ചുഗീസുമായി സഖ്യത്തിൽ ഏർപ്പെട്ടപ്പോൾ മരക്കാർ കുടുംബത്തിന്റെ സമുദ്ര വാണിജ്യ പ്രവർത്തനങ്ങൾ ഇല്ലാതായി.അതിനെ തുടർന്ന് മരക്കാർ കുടുംബത്തിലെ മുഹമ്മദലി മരക്കാറും മറ്റു പ്രമുഖരും തങ്ങളുടെ അനുയായികളോടൊപ്പം കൊച്ചി വിട്ട് കോഴിക്കോടത്തി.ഭരണാധികാരിയായിരുന്ന സാമൂതിരിയെ കണ്ട് പോർച്ചുഗീസുകാരുമായുള്ള യുദ്ധത്തിൽ തങ്ങളുടെ കപ്പലുകളും മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്തു.തുടർന്ന് സാമൂതിരി മുഹമ്മദ് അലി മരക്കാർക്ക് ‘കുഞ്ഞാലി’ എന്ന സ്ഥാനപ്പേര് നൽകുകയും ഒരു നാവികസേന രൂപീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.വിശ്വസ്തൻ,പ്രിയങ്കരൻ എന്നൊക്കെയാണ് ‘കുഞ്ഞാലി’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
തുടർന്നു ഗുജറാത്ത് മുതൽ സിലോൺ വരെയുള്ള കടലോ രങ്ങളിൽ തമ്പടിച്ച് മരക്കാർ പറങ്കികളെ നിരന്തരം ശല്യപ്പെടുത്തി.ചെറിയ ചെറിയ യുദ്ധങ്ങളിൽ പറങ്കികളെ പരാജയപ്പെടുത്താൻ മുഹമ്മദ് അലി മരക്കാർക്ക് കഴിഞ്ഞെങ്കിലും ഈ യുദ്ധങ്ങൾ മരക്കാർ സംഘത്തിന് കനത്ത ആൾനാശവും ധനനഷ്ടവും ഉണ്ടാക്കി.ഒടുവിൽ സിലോണിൽ വച്ച് നടന്ന ഒരു പോരാട്ടത്തിൽ കുഞ്ഞാലിമരക്കാർ ചതിയിൽ പെടുകയും പോർച്ചുഗീസുകാരാൽ കൊല്ലപ്പെടുകയും ചെയ്തു.
പോർച്ചുഗീസ് ക്രൂരതകൾ
പതിനാറാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തികൾ ആയിരുന്നു പറങ്കികൾ.വാസ്കോഡഗാമ കോഴിക്കോട് എത്തി ഒരു നൂറ്റാണ്ടിനകം എല്ലാ ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളും പാശ്ചാത്യ ശക്തികളുടെ കീഴിലാവുകയോ മേൽക്കോയ്മ അംഗീകരിക്കുകയോ ചെയ്തു.സ്വേച്ഛാധിപതങ്ങളായ പോർച്ചുഗലുകാർക്ക് വലിയ കപ്പലുകളും ആയുധങ്ങളുമുണ്ടായിരുന്നു.നാവികശക്തിയിൽ പറങ്കികളെ വെല്ലുവിളിക്കാൻ പോന്ന ഒരു സൈന്യം അന്നുണ്ടായിരുന്നത് തുർക്കിയിലെ ഉസ്മാനികൾക്ക് മാത്രമായിരുന്നു.മെഡിറ്ററേനിയൻ കടലിൽ തുർക്കികളുടെ ഖൈറുദ്ധീൻ ബാർബറോസയുടെ വെല്ലുവിളി കഴിഞ്ഞാൽ പറങ്കികൾക്ക് പിന്നീട് ലോകത്ത് കടലിൽ എതിരാളികൾ ഉണ്ടായിരുന്നത് മലബാറിലെ മരക്കാർമാർ മാത്രമായിരുന്നു.
വിജയലഹരിയിൽ പോർച്ചുഗലുകാർ സംസ്കാര ശൂന്യരായി.കുട്ടികളെ ആട്ടുകല്ലും അമ്മിക്കല്ലുമുപയോഗിച്ച് ചതച്ചുകൊല്ലാൻ പറങ്കിക്കപ്പിത്താൻ അസ്വാഡോ അമ്മമാരെ നിർബന്ധിച്ചു.പിന്നെ കുട്ടികളുടെ തലയ റുത്തു,കുന്തമുനയിൽ കുത്തിയെടുത്ത് അവരുടെ ദയനീയ കരച്ചിൽ കേട്ട് സന്തോഷിച്ചു.കുട്ടികളുടെ കരച്ചിൽ പോർച്ചുഗലിലെ ഒരു പക്ഷിയുടെ കരച്ചിൽ പോലെ ആയതുകൊണ്ട് അതാസ്വദിക്കാനാണത്രേ ആ ക്രൂരത കാട്ടിയത്.ശ്രീലങ്കയിലെ പാലത്തിൽനിന്ന് ആളുകളെ വെള്ളത്തിലേയ്ക്കു തള്ളിയിട്ട്,അവരെ മുതലകൾ കടിച്ചു കീറിത്തിന്നുന്നത് കണ്ട് ആഹ്ലാദിച്ചു.
പോർച്ചുഗീസ് ക്രൂരതകളുടെ പാരമ്യതയാണ് കേരളത്തിൽ കണ്ടത്.ഇസ്ലാമിനെ ആരംഭം മുതൽ തന്നെ ശത്രുതയിലാണ് പറങ്കികൾ കണ്ടിരുന്നത്.ഹിന്ദുമതം നിന്ദ്യത അർഹിക്കുന്ന അന്ധവിശ്വാസം മാത്രമായിരുന്നു അവർക്ക്.കടൽകൊള്ളസാധാരണമായിരുന്നു.1502 ൽ ഗാമയുടെ കേരളത്തിലേക്കുള്ള രണ്ടാം വരവ് സാമൂതിരിയെ ശിക്ഷിക്കാനും ഇന്ത്യ കീഴടക്കാനുമുള്ള പോർച്ചുഗീസ് രാജാവിന്റെ കല്പനയോടുകൂടിയായിരുന്നു.കണ്ണൂരിനടുത്ത് മാടായിയിൽ വച്ച് ഹജ്ജ് യാത്ര ചെയ്തു തിരിച്ചു വരുന്നവരുടെ ഒരു കപ്പൽ ഗാമ പിടിച്ചെടുത്തു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 240 യാത്രക്കാർ ഉണ്ടായിരുന്നു.ജീവനുവേണ്ടി സ്ത്രീകൾ സ്വന്തം സ്വർണാഭരണങ്ങൾ അടക്കം കയ്യിലുള്ളതെല്ലാം കൊടുക്കാൻ തയ്യാറായി.അതവഗണിച്ചു യാത്രക്കാരെ മുഴുവൻ കൂട്ടിക്കെട്ടി ഗാമയും കൂട്ടരും കപ്പലിന് തീയിട്ടു.പറങ്കീ ക്രൂരകൃത്യങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്.മാത്രമല്ല കേരളത്തിലെത്തിയ പിൽക്കാല പറങ്കി സൈന്യാധിപൻമാരെ അപേക്ഷിച്ചു ഗാമ ഭേദപ്പെട്ട മനുഷ്യമൃഗമായിരുന്നു.” ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂ പോർച്ചുഗീസുകാർ മുസ്ലിംങ്ങളോട് ചെയ്ത ക്രൂരതകളെ പറ്റി തന്റെ തുഹ്ഫത്തുൽ മുജാഹിദീനിൽ പറയുന്നു:”അവർ മുസ്ലിംകളുടെ സ്വത്തുക്കൾ കൊള്ളചെയ്തു.അവരുടെ പള്ളി കളും പട്ടണങ്ങളും തീവെച്ചു നശിപ്പിച്ചു,കപ്പലുകൾ പിടിച്ചെടുത്തു.ഖുർആ നും മറ്റു വേദഗ്രന്ഥങ്ങളും ചവിട്ടി മെതിക്കുകയും തീവയ്ക്കുകയും ചെയ്തു.ഹാജിമാരെ കൊല്ലുകയും മറ്റു മുസ്ലിംകളെയും ക്രൂരപീഡനത്തിനിരയാക്കുകയും നബിയെ അവഹേളിക്കുകയും ചെയ്തു…ചിലരെ ശരീരത്തിൽ തീവച്ചു പീഡി പ്പിച്ചു.ചിലരെ അടിമകളായി വിറ്റു.ഉന്നത കുടുംബങ്ങളിൽപെട്ട എത്രയെത്ര മുസ്ലിം സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി.അവരിൽ ജനിക്കുന്ന കുട്ടികളെ ക്രിസ്ത്യാനികളാക്കി.എത്രയോ സയ്യിദന്മാരെയും പണ്ഡിതന്മാരെയും കുലീനരെയും പിടിച്ചു ദേഹോപദ്രവം ചെയ്തു കൊന്നു.എത്രയോ ഹീനവും ക്രൂരവുമായ കൃത്യങ്ങൾ അവർ ചെയ്തു.അതു വിവരി ക്കാൻ നാവു പൊങ്ങില്ല;പറയാൻ വെറുപ്പുള്ള സംഗതികളാണവയെല്ലാം.. “
പടയോട്ടപ്പരമ്പരകൾ
മുഹമ്മദലി മരക്കാരുടെ മരണശേഷം കുട്ട്യാലി മരക്കാർ സാമൂതിരിയുടെ തലവനായി നിയമിതനായി.ഇദ്ദേഹമാണ് ‘കുഞ്ഞാലിമരക്കാർ ഒന്നാമൻ’ എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നത്.വൻനാവികവ്യൂഹങ്ങളുള്ള പറങ്കികളോട് നേരിട്ട് യുദ്ധം ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന് മനസ്സിലാക്കിയ കുട്ട്യാലി തന്റെ നാവികരെ ഗറില്ല യുദ്ധങ്ങൾ അഭ്യസിപ്പിച്ചു.’പറവകൾ’ എന്നു വിളിക്കുന്ന 30 മുതൽ 40 വരെ ആളുകൾ തുഴയുന്ന ചെറു ബോട്ടുകൾ ആയിരുന്നു പറങ്കികൾക്കെതിരെ കുട്ട്യാലിയുടെ തുറുപ്പുചീട്ട്.ശത്രുക്കപ്പലുകളെ ഓർക്കാപുറത്ത് അക്രമിക്കുന്ന ഈ ‘പറവകൾ’ മുഖേന മരക്കാർ പറങ്കികളുടെ നിരവധി കപ്പലുകൾ തകർക്കുകയും പിടിച്ചെടുക്കുകയും ചെയ്തു.പറങ്കി ചരക്ക് കപ്പലുകൾക്ക് വലിയ സൈനിക സന്നാഹത്തോടുകൂടിയ ല്ലാതെ സമുദ്രയാത്ര നടത്താൻ പറ്റാത്ത അവസ്ഥ സംജാതമായി.ഇന്ത്യയിലെ പോർച്ചുഗീസുകാരുടെ ആസ്ഥാനമായിരുന്നു ഗോവയുമായുള്ള മലബാറിലെ പറങ്കികളുമായുള്ള ബന്ധവും വിച്ഛേദിച്ചു.കോഴിക്കോട് നിന്നും പുറങ്കടലിലേക്കുള്ള ചരക്ക് കപ്പലുകൾ പറങ്കികളിൽ നിന്ന് കുട്ട്യാലി സംരക്ഷിക്കുകയും ചെയ്തു.പോർച്ചുഗീസ് നാവികനായിരുന്നു അൽബുക്കർക്ക് ഒരിക്കൽ “ശക്തമായ സൈന്യം കോഴിക്കോട് വേണമെന്നും അതില്ലാഞ്ഞാൽ ലോകത്ത് തനിക്കറിയാവുന്ന മറ്റാരെക്കാളും ശക്തമായ മാപ്പിളമാർ ആക്രമിക്കുമെന്നും പറഞ്ഞു പോർച്ചുഗൽ രാജാവിന് കത്തെഴുതി.1528 ൽ പോർച്ചുഗീസുകാർ കുട്ട്യാലിയെ തടവുകാരനാക്കിയിരുന്നെങ്കിലും മകൻ കുഞ്ഞാലി അദ്ദേഹത്തെ മോചിപ്പിച്ചു.ഏകദേശം 30 വർഷത്തോളം പറങ്കികളുടെ അറബിക്കടലിലെ സ്വൈര്യവിഹാരത്തിന് തടസ്സം സൃഷ്ടിച്ച കുട്ട്യാലി 1531ൽ വധിക്കപ്പെട്ടു.
തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ കുട്ടി പോക്കർ (കുഞ്ഞാലി രണ്ടാമൻ) സാമൂതിരിയുടെ നാവികത്തലവനായി.40 കൊല്ലത്തോളം അദ്ദേഹം പറങ്കികളെ വിറപ്പിച്ചു.ശത്രു സേനക്ക് തുല്യനാണയത്തിൽ തിരിച്ചടി നൽകിയ അദ്ദേഹം ഒരു വർഷത്തിനുള്ളിൽ പറങ്കികളുടെ 50 കപ്പൽ വരെ പിടിച്ചടക്കുകയുണ്ടായി.1538 ൽ ഒരു പോർച്ചുഗീസ് ക്യാപ്റ്റൻ രാജാവിനെ ഇങ്ങനെ അറിയിച്ചു:”ഒരു തുറമുഖത്ത് നിന്ന് പുറപ്പെട്ട 150 പേരുള്ള സംഘം കഴിയുന്നത്ര നാഷനഷ്ടങ്ങൾ വരുത്തുന്നു,ഞാൻ അവരുടെ പിറകെ പോകുമ്പോൾ മറ്റൊരു സംഘം വേറൊരിടത്തുനിന്നും പുറപ്പെട്ടു മറ്റേതെങ്കിലും സ്ഥലത്ത് നാശനഷ്ടങ്ങളുണ്ടാക്കുന്നു.എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കാനാവുന്നില്ല”.
മരക്കാരെ നേരിടാൻ ഗോവയിൽ നിന്ന് പോർച്ചുഗീസ് നാവികർ മാറിമാറി വന്നുകൊണ്ടിരുന്നു.സിലോണിലെ രാജാവിനെതിരെ കലാപം നടത്തിയിരുന്ന അവിടുത്തെ രാജകുമാരനെ സഹായിച്ചുകൊണ്ട് സിലോണിലെ കോട്ടയിൽ ഒരു താവളവും മരക്കാർ തരപ്പെടുത്തി.ഈ യുദ്ധങ്ങളിൽ കുഞ്ഞാലിയും കൂട്ടാളികളും പ്രദർശിപ്പിച്ച ശൂരതയും ധൈര്യവും പോർച്ചുഗീസ് ചരിത്രകാരന്മാരുടെ കൂടി പ്രശംസ പിടിച്ചു പറ്റുന്നവയായിരുന്നു.1566 ൽ പോർച്ചുഗീസുകാർക്കെതിരെ മരക്കാർ നേടിയ ഒരു വിജയത്തെ സൈനുദ്ദീൻ മഖ്ദൂം തന്റെ മുജാഹിദീനിൽ വിവരിക്കുന്നതിങ്ങനെയാണ് “17 ഓടങ്ങളിൽ നിറയെ നാവികരുമായി കുട്ട്യാലിയുടെ നേതൃത്വത്തിൽ ചാലിയത്തിനടുത്ത് പറങ്കികളുടെ ഒരു വലിയ കപ്പൽ നശിപ്പിച്ചിരുന്നു.അതിലാകട്ടെ പടനായകന്മാരുൾപ്പെടെ ആയിരം പേരാണ് ഉണ്ടായിരുന്നത്.പിറ്റേ വർഷം മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന മറ്റൊരു കപ്പലും കുഞ്ഞാലി തകർത്തു.അവരുടെ കോട്ടക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു.അവസാനം 1571ൽ കണ്ണൂർ തീരത്ത് വെച്ച് പോർച്ചുഗീസ് നാവികൻ മെനസിസിന്റെ 40 കപ്പലുമായി നടന്ന ഏറ്റുമുട്ടലിൽ കുഞ്ഞാലി രണ്ടാമൻ കൊല്ലപ്പെട്ടു.തുടർന്ന് പട്ടുമരക്കാർ മൂന്നാം കുഞ്ഞാലിയായി നിയമിതനായി.
ചാലിയം വിജയവും കോട്ടക്കൽ മരക്കാർ കോട്ടയും
ഒരു നൂറ്റാണ്ട് കാലം നിലനില് മരക്കാർമാരുടെ പോരാട്ടങ്ങളിൽ ഏറ്റവും പ്രശസ്തമായ വിജയമാണ് 1571ൽ പറങ്കികളിൽ നിന്നും ചാലിയം കോട്ട തിരിച്ചുപിടിച്ചത്. പട്ടു മരക്കാരുടെ നേതൃത്വത്തിലുള്ള സൈന്യത്തിൽ മുസ്ലിംകൾക്കു പുറമേ ധാരാളം നായർ പടയാളികളും ഉണ്ടായിരുന്നു. നാലുമാസത്തോളം ദീർഘിച്ച കനത്ത ഉപരോധമാണ് മരക്കാരുടെ നേതൃത്വത്തിൽ നടന്നത്.കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും അയച്ചിരുന്ന സാമഗ്രികൾ പിടിച്ചടക്കുകയും കോട്ടയിലേക്കുള്ള സഹായങ്ങൾ തടയുകയും ചെയ്തു.കോട്ടയിൽ ഉള്ളവർ സഹായം ലഭിക്കാതെ നായയേയും മറ്റു മൃഗങ്ങളെയും ഭക്ഷിച്ചു.1571 നവംബർ മാസത്തിൽ മരക്കാർ കോട്ട പിടിച്ചടക്കി.ഈ വിജയത്തോടെ പോർച്ചുഗീസുകാരുടെ മലബാറിലെ ആധിപത്യ ശ്രമങ്ങൾക്ക് കുഞ്ഞാലിയും കൂട്ടരും കനത്ത ആഘാതമേൽപ്പിച്ചു.ചാലിയം വിജയത്തെ പ്രകീർത്തിച്ചു കൊണ്ട് കോഴിക്കോട് ഖാളി ആയിരുന്ന ഖാളി മുഹമ്മദ് രചിച്ച കാവ്യമാണ് ഫത്ഹുൽ മുബീൻ (വ്യക്തമായ വിജയം).ചാലിയം വിജയത്തെ തുടർന്ന് സാമൂതിരി ഒരു കോട്ട കെട്ടാൻ മരക്കാർക്ക് അനുവാദവും നൽകി. അതാണ് ‘കോട്ടക്കൽ മരക്കാർ കോട്ട’. മാത്രമല്ല നായർപടനായകന്മാർക്ക് അനുവദിച്ചു കൊടുത്തിരുന്ന പ്രത്യേകമായ അധികാരാവകാശങ്ങൾ കുഞ്ഞാലി മൂന്നാമനും സാമൂതിരി നൽകുകയും ചെയ്തു.
സാമൂതിരി- പോർച്ചുഗീസ് സന്ധി
ഒരു നൂറ്റാണ്ട് കാലത്തോളം മലബാറിൽ നിന്നും പറങ്കികളെ സമർത്ഥമായി പ്രതിരോധിച്ച സാമൂതിരി – മരക്കാർ ബന്ധത്തിൽ 1580 ഓടെ വിള്ളൽ വീണു തുടങ്ങി.കോട്ടക്കലിലെ മരക്കാർ കോട്ട പറങ്കികളെ പരിഭ്രാന്തരാക്കിയിരുന്നു.സാമൂതിരിയുമായി ഏതെങ്കിലും വിധത്തിൽ സൗഹൃദം ഉണ്ടാക്കിയാൽ മാത്രമേ മരക്കാർ പടയിൽ നിന്ന് രക്ഷപ്പെടാനാവുമെന്ന് പറങ്കികൾ മനസ്സിലാക്കി.തുടർന്ന് പറങ്കികൾ സാമൂതിരിയെ കണ്ട് പൊന്നാനിയിൽ ഒരു കോട്ട കെട്ടാനുള്ള അനുവാദം ചോദിച്ചു.നിരന്തര യുദ്ധം കാരണം തളർന്ന സാമൂതിരി അത നുവദിച്ചു.ഇതു മലബാറിന് ഭീഷണിയാവുമെന്ന് കുഞ്ഞാലി സാമൂതിരിയെ താക്കീത് ചെയ്തെങ്കിലും സാമൂതിരി ചെവി കൊണ്ടില്ല.സാമൂതിരിയും മുസ്ലിങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇതോടെ വിള്ളൽ വീണു.പോർച്ചുഗീസ് രാജാവ് 1582ലെ സന്ധി പ്രകാരം തടവുകാരെ ഗോവയിലേക്കോ കൊച്ചിയിലേക്കോ കൈമാറണമെന്നും പൊന്നാനിയിലെ പോർച്ചുഗീസ് കോട്ട കേന്ദ്രീകരിച്ച് മരക്കാർ മൂന്നാമന്റെ കോട്ട തകർക്കണമെന്നും ഉത്തരവിട്ടു.1591ൽ ഫാദർ ഫ്രാൻസിസ്കോ ഡ കോസ്റ്റ് എന്ന പാതിരിയുടെ സഹായത്തോടെ സാമൂതിരിയുമായി മറ്റൊരു സന്ധിയിൽ കൂടി എത്താൻ പറങ്കികൾക്ക് സാധിച്ചു.
പൊന്നാനിയിൽ പോർച്ചുഗീസുകാർ കെട്ടിയ കോട്ടയും ശത്രുപാളവുമായുള്ള സാമൂതിരിയുടെ ബന്ധവും മരക്കാർ നാവിക ശക്തിക്കെതിരെ ഉയർന്ന് വന്ന പുതിയ വെല്ലുവിളിയായിരുന്നു.എന്നാൽ വടകരയിലെ പുതുപ്പണത്ത് ഒരു പുതിയ കേന്ദ്രം പടുത്തുയർത്താൻ കുഞ്ഞാലിക്കു കഴിഞ്ഞു.1595 കുഞ്ഞാലി മൂന്നാമൻ മരണപ്പെട്ടു.
നാലാമന്റെ രക്തസാക്ഷിത്വവും പോരാട്ടങ്ങളുടെ അന്ത്യവും
1895ൽ കോട്ടക്കൽ വച്ച് മുഹമ്മദ് അലി കുഞ്ഞാലി മരക്കാർ നാലാമനായി ചുമതലേറ്റു.സാമൂതിറിയുമായി തകർന്നു കൊണ്ടിരുന്ന ബന്ധങ്ങൾ നാലാമന്റെ കാലത്ത് അതിന്റെ പാരമ്യതയിലെത്തി.കുഞ്ഞാലിയുടെ കടലിലെ ശക്തി വർദ്ധിച്ചതിനാൽ സാമൂതിരി കോട്ടക്കൽ കേന്ദ്രത്തെ ഒരു ഭീഷണിയായി തന്നെ പരിഗണിച്ചു.ഈ ഭിന്നത മൂർച്ഛിക്കുവാൻ പറങ്കികൾ ശ്രമിക്കുകയും ചെയ്തു.സാമൂതിരിയുടെ മേൽക്കോയ്മ കുഞ്ഞാലി അംഗീകരിക്കുന്നില്ലെന്നും രാജകീയ പദവികൾ അദ്ദേഹം സ്വീകരിച്ചു എന്നും അവർ പ്രചരിപ്പിച്ചു.അവസാനം തന്റെ നാവികത്തലവനെതിരെ പോർച്ചുഗീസുകാരുമായി സാമൂതിരി ഒരു കരാറിലെത്തി.ഉടമ്പടി പ്രകാരം കടൽ വഴിയും കര വഴിയും കുഞ്ഞാലിയുടെ കോട്ടയെ ആക്രമിക്കാൻ ഇരു കൂട്ടരും ധാരണയിലെത്തി.
1599 മാർച്ച് 5 ന് വാസ്കോഡഗാമയുടെ പൗത്രനായ ലൂയി ഡി ഗാമയുടെ നേതൃത്വത്തിലുള്ള പറങ്കിപടയും സാമൂതിരിയുടെ സൈന്യവും മരക്കാർ കോട്ടക്ക് എതിരെ ആക്രമണം തുടങ്ങി. കുഞ്ഞാലി വളരെ ശക്തമായി തിരിച്ചടിച്ചു. പ്രമുഖർ അടക്കം ധാരാളം പോർച്ചുഗീസ് നാവികർ കൊല്ലപ്പെട്ടു.മരക്കാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ലൂയി ഗാമക്ക് കൊച്ചിയിലേക്ക് പിന്മാറേണ്ടി വന്നു.പറങ്കികൾക്ക് അപ്രതീക്ഷിതമായി നേരിട്ട ഈ പരാജയത്തെ പരാമർശിച്ച് ഫെറിയ വൈ സുസ രേഖപ്പെടുത്തിയത് ‘ഏഷ്യയിൽ പോർച്ചുഗീസ് ശക്തിക്ക് നേരിട്ട ഏറ്റവും വലിയ മാനഭംഗം’ എന്നാണ്.
തുടർന്ന് ക്യാപ്റ്റൻ ഫുർത്തദോവിന്റെ നേതൃത്വത്തിൽ ശക്തമായ സൈന്യവുമായി പറങ്കികൾ തിരിച്ചുവന്നു. കടലിൽ നിന്നും കരയിൽ നിന്നും സംഘടിതവും ശക്തവുമായ ആക്രമണം തുടങ്ങി.കോട്ട നാലുഭാഗത്തുനിന്നും വളയപ്പെട്ടതിനാൽ കുഞ്ഞാലിക്ക് പിടിച്ചു നിൽക്കാനായില്ല.കോട്ടക്കകത്തുള്ളവർ അധികവും കൊല്ലപ്പെട്ടതോടെ കീഴടങ്ങുന്നതാണ് കരണീയമെന്ന് കുഞ്ഞാലി തീരുമാനിച്ചു.അങ്ങനെ ജീവന് രക്ഷ നൽകാമെന്നുള്ള ഉപാധിയിൽ സാമൂതിരിക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങാൻ കുഞ്ഞാലിയും കൂട്ടാളികളും തയ്യാറായി.അങ്ങനെ 1600 മാർച്ച് 16ആം തീയതി കുഞ്ഞാലി വാളുവെച്ച് സാമൂതിരിക്ക് മുന്നിൽ വെച്ച് കീഴടങ്ങി. അവസരം കാത്തിരുന്ന ഫർത്താദോ ഉടനെ കുഞ്ഞാലിയെ ബലമായി പിടിച്ചു വിലങ്ങു വച്ചു.മാർച്ച് 25 ന് ഫുർത്താദോ കുഞ്ഞാലിയെയും 40 തടവുകാരെയും കൊണ്ട് ഗോവയിലേക്ക് കൊണ്ട് പോയി തടവിലാക്കി. അവിടെവച്ച് പാതിരിമാർ മതം മാറിയാൽ ജീവൻ രക്ഷിക്കാമെന്ന വാഗ്ദാനങ്ങളുമായി കുഞ്ഞാലിയെയും അനുചരന്മാരെയും സമീപിച്ചു.എന്നാൽ ആ ശ്രമങ്ങളെല്ലാം പാഴായി. അവസാനം ഫ്രഞ്ച് ഗില്ലറ്റിൻ മാതൃകയിൽ ഉണ്ടാക്കിയ ഗില്ലറ്റിൽ ഒരു വലിയ ജനക്കൂട്ടത്തിനു മുമ്പാകെ കുഞ്ഞാലിയെന്ന ധീരനായകനെ പോർച്ചുഗീസ് ഗവൺമെന്റ് തൂക്കിലേറ്റി.എന്നിട്ടും അരിശം തീരാതെ കുഞ്ഞാലിയുടെ തലവെട്ടി ഉപ്പിട്ട് കുന്തത്തിൽ കുത്തി കണ്ണൂരിൽ കൊണ്ടുവന്ന് പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചു.കുഞ്ഞാലി നാലാമന്റെ രക്തസാക്ഷിത്വത്തോടെ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന മലബാറിന്റെ ചരിത്രത്തിലെ ധീരമായ ഒരു ചെറുത്തുനിൽപ്പിനും അന്ത്യം കുറിച്ചു.