ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി റിസള്‍ട്ട് വന്നത് മുതല്‍ എല്ലാ വര്‍ഷത്തെയും പോലെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയും ചര്‍ച്ചക്ക് വന്നിരിക്കുകയാണ്. ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ട്ടമുള്ള വിഷയം തെരെഞ്ഞെടുക്കാനാവാതിരിക്കുകയും ഉപരിപഠനത്തിന് യോഗ്യത നേടിയ ആയിരക്കണക്കിന് പേര്‍ക്ക് തുടര്‍പഠനത്തിന് അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയാണ് കാലങ്ങളായി മലബാര്‍ ജില്ലകളിലുള്ളത്. ഈ കടുത്ത വിദ്യാഭ്യാസാവകാശ നിഷേധത്തിനെതിരെ വിവിധ വിദ്യാര്‍ത്ഥിസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇപ്രാവശ്യവും സമരത്തിനിറങ്ങി. മലബാറിലെ പ്ലസ് വണ്‍ വിഷയത്തില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യമായ സ്‌കൂളുകളും ബാച്ചുകളും വര്‍ധിപ്പിച്ച് വിഷയത്തിന് ശാശ്വത പരിഹാരം കാണണെമന്നുമാണ് സമരക്കാരുടെ ന്യായമായ ആവശ്യം. പക്ഷെ, എല്ലായ്‌പ്പോഴും ചെയ്യുന്ന പോലെ ആദ്യം തെറ്റായ കണക്കുകള്‍ കാണിച്ചു തെറ്റിദ്ധരിപ്പിക്കുകയും പിന്നീട് പ്രതിഷേധം കനക്കുമ്പോള്‍ അശാസ്ത്രീയമായ ‘സീറ്റ് വര്‍ധന’ പ്രഖ്യാപിച്ച് വിഷയത്തില്‍ നിന്നും തടിയൂരുകയുമാണ് ഇപ്രാവശ്യവും സര്‍ക്കാര്‍ ചെയ്തത്. ഒരു പാടി കൂടി കടന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ‘മലപ്പുറം വികാരമുയര്‍ത്തി ആരും നേട്ടം കൊയ്യാന്‍ ശ്രമിക്കേണ്ട’ എന്ന വളരെ വിചിത്രവും അതിലേറെ പ്രേതിഷേധാര്‍ഹവുമായ പ്രസ്താവന കൂടി ഇത്തവണ നടത്തി.
പക്ഷെ, വളരെ നിഷ്പക്ഷമായി കണക്കുകള്‍ പരിശോധിച്ചാൽ തന്നെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ മലബാര്‍ ജില്ലകളോടുള്ള സര്‍ക്കാര്‍ അവഗണന അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സംഗതിയാണ്. ഇപ്രാവശ്യം സംസ്ഥാനത്തു ആകെ ലഭിച്ച 4,65,960 പ്ലസ് വണ്‍ അപേക്ഷകളില്‍ 2,46,057 അപേക്ഷകളും പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറ് മലബാര്‍ ജില്ലകളില്‍ നിന്നാണ്. പക്ഷെ, ഇവിടെ 1,90,160 സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. അഥവാ 55,897, വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ല. ഇനി സര്‍ക്കാര്‍, എയ്ഡഡ് സീറ്റുകള്‍ക്ക് പുറമെ മാലബാറിലെ 25,508 അണ്‍എയ്ഡഡ് സീറ്റുകള്‍ കൂടി പ്രയോജനപ്പെടുത്തിയാലും 30,389 വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റുണ്ടാവില്ല.
ഏറ്റവും രൂക്ഷമായ സീറ്റു പ്രതിസന്ധിയുള്ളത് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുകയും വിജയിക്കുകയും ഫുള്‍ എ പ്ലസ് നേടുകയും ചെയ്യുന്നത് കാലങ്ങളായി ഇതേ മലപ്പുറത്തു തന്നെയാണ്. ഇപ്രാവശ്യം 79,730 വിദ്യാര്‍ത്ഥികളാണ് മലപ്പുറത്തു നിന്ന് എസ്.എസ്.എല്‍.സി വിജയിച്ചത്. പക്ഷെ,നിലവില്‍ ജില്ലയില്‍ 85 ഗവണ്‍മെന്റ് സ്‌കൂളുകളിലെയും 88 എയ്ഡഡ് സ്‌കൂളുകളിലെയും 839 ബാച്ചുകളിലായി 41,950 സീറ്റുകള്‍ മാത്രമാണുള്ളത്.ഐ.ടി.ഐ, പോളിടെക്‌നിക് തുടങ്ങിയ സംവിധാനങ്ങളിലെ 5,274 സീറ്റുകള്‍ കൂടി ഇതിലേക്ക് ചേര്‍ത്താലും 32,506 സീറ്റുകള്‍ കുറവാണ്. ഇനി പുതുതായി പ്രഖ്യാപിച്ച സര്‍ക്കാര്‍ സ്‌കൂളുകളിലെ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളിലെ 20 ശതമാനവും സീറ്റ് വര്‍ധന വെച്ച് നോക്കിയാല്‍ 59,690 സീറ്റുകളാവും. അപ്പോഴും 20,040 പേർ പുറത്തു തന്നെ.തെക്കന്‍ ജില്ലകളില്‍ വിദ്യാര്‍ഥികളില്ലാതെ ക്ലാസുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് മലപ്പുറത്തു ഈ ദുരവസ്ഥയുള്ളത് എന്നുകൂടി നാം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഉദാഹരണത്തിന് ഈ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ 9,991 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പാസ് ആയത്.പക്ഷെ, അവിടെ 12,800 പ്ലസ് വണ്‍ സീറ്റുകളുണ്ട്. അഥവാ 2809 സീറ്റുകള്‍ വിദ്യാര്‍ഥികളില്ലാതെ ഒഴിഞ്ഞുകിടക്കും.
മാത്രമല്ല, സീറ്റ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്വീകരിക്കുന്ന നിശ്ചിത ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുന്ന രീതിയും അംഗീകരിക്കാവതല്ല.ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ നിയമിച്ച ജസ്റ്റിസ് കാര്‍ത്തികേയന്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി ക്ലാസുകളിലെ സീറ്റുകള്‍ 50 : 1 ആയാണ് ക്രമീകരിക്കേണ്ടത്. പക്ഷെ 2016 മുതല്‍ ഘട്ടം ഘട്ടമായി സീറ്റുകള്‍ വര്‍ധിപ്പിച്ച് ഇപ്പോള്‍ മലബാറില്‍ 65 :1 വരെ ആയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് ക്ലാസ്സടെുക്കുന്ന ഈ രീതി തീര്‍ത്തും അശാസ്ത്രീയവും അപ്രായോഗികവുമാണ് എന്ന് പറയാതെ വയ്യ. യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടും തോറും പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എങ്കില്‍ മാത്രമാണ് ഈ വിഷയത്തില്‍ ഫലപ്രദവും ശാശ്വതവുമായ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന മന്ത്രി
ഏമാനോടും സര്‍ക്കാരിനോടും പറയാനുള്ളത് ഇത്ര മാത്രമാണ്……”ചോദിക്കുന്നത് നിങ്ങളുടെ ഔദാര്യമല്ല സാര്‍, മറിച്ച് ഞങ്ങളുടെ അവകാശമാണ്.ഭരണഘടനാ ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസത്തിനുള്ള , സമത്വത്തിനുള്ള അവകാശം”.
Good article