+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ആഗോളതാപനം; പരിസ്ഥിതിയെ വിസ്മരിക്കുന്ന ആധുനിക മനുഷ്യൻ

നമ്മുടെ ഭൂമിയുടെ അവിഭാജ്യ ഘടകമാണ് പരിസ്ഥിതി. ഉത്ഭവം മുതലേ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചും അതിനോട് ബന്ധപ്പെട്ടുമാണ് മുന്നോട്ടുപോകുന്നത്.മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായ വായു, ജലം എന്നിവയെല്ലാം ലഭിക്കുന്നത് പ്രകൃതിയിൽ നിന്നാണ്. അതിനാൽ തന്നെ പരിസ്ഥിതിയെ സംരക്ഷിക്കലും സുസ്ഥിരമായി നിലനിർത്തലും ഭൂമിയിലെ ജീവിവർഗ്ഗത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. പക്ഷേ ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയായ മനുഷ്യൻ തന്നെ പ്രകൃതിയെ കൊല്ലാക്കൊല ചെയ്യുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. സമ്പത്തിനോടുള്ള അത്യാർത്തി മൂത്ത് ആധുനിക മനുഷ്യൻ മറ്റു ജീവജാലങ്ങളെയും പ്രകൃതിവിഭവങ്ങളെയും ഒരു നിയന്ത്രണവുമില്ലാതെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ ഫലമായി ഭീകരമായ പാരിസ്ഥിതിക അപകടങ്ങളും പ്രകൃതി ദുരന്തങ്ങളുമാണ് ഭൂമിയിൽ തുടർച്ചയായി പൊട്ടിപ്പുറപ്പെട്ടു കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ലോകം പരിസ്ഥിതി ദിനമായി ആചരിക്കുന്ന ജൂൺ അഞ്ചിന് ഓരോ വർഷവും പ്രസക്തി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1973 മുതൽ എല്ലാവർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാറുണ്ട്.മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് അവബോധം വളർത്തലും വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണലും പ്രകൃതി സംരക്ഷണത്തിനുള്ള കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യലുമാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഓരോ വർഷവും പരിസ്ഥിതി ദിനാചരണത്തിന് ഐക്യരാഷ്ട്രസഭ പ്രത്യേക തീമും അവതരിപ്പിക്കാറുണ്ട്. ഈ വർഷം(2024) ‘ഭൂമിയുടെ പുനരുദ്ധാരണം,മരുഭൂവത്കരണം, വരൾച്ചയെ പ്രതിരോധിക്കൽ’ എന്നാണ് തീം. ദിനാചരണത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ 2 മുതൽ 13 വരെ സൗദി അറേബ്യയിൽ വച്ചാണ് നടക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭക്കു കീഴിൽ ജനീവ ആസ്ഥാനമാക്കി ലോക പരിസ്ഥിതി സംഘടനയും പ്രവർത്തിക്കുന്നുണ്ട്.

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാണ് ആഗോളതാപനം അഥവാ ഭൂമിയുടെ ശരാശരി താപനില ഉയരുന്ന അവസ്ഥ.കടുത്ത ചൂട്,കാലാവസ്ഥാ വ്യതിയാനം,ദ്രുവപ്രദേശങ്ങളിലെ ഐസ് ഉരുകി സമുദ്രങ്ങളിലെ വെള്ളം ഉയരൽ,ജീവജാലങ്ങൾക്ക് വാസസ്ഥലം നഷ്ടപ്പെടൽ,രോഗവ്യാപനം തുടങ്ങി ഒരുപാട് പ്രശ്നങ്ങൾ ആഗോളതാപനം മൂലം ഉണ്ടാകുന്നുണ്ട്.കാർബൺ ഡൈ ഓക്‌സൈഡ്,മീഥെയ്‌ൻ, സി എഫ്‌ സി തുടങ്ങിയ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നതാണ് ആഗോളതാപനത്തിന് കാരണം. മനുഷ്യ പ്രവർത്തനമായ വ്യാവസായിക ഉത്പാദനങ്ങൾ,ഫോസിൽ ഇന്ധനങ്ങൾ(കൽക്കരി,പെട്രോൾ, ഡീസൽ)കത്തിക്കൽ എന്നിവ വഴിയാണ് പ്രധാനമായും കാർബൺ ഡൈ ഓക്സൈഡും മോണോക്സൈഡും അന്തരീക്ഷത്തിൽ വ്യാപിക്കുന്നത്.അതുപോലെ വിവിധ ധാതുക്കളുടെ ഖനനം വഴി ഭൂമിക്ക് താഴെയുള്ള മീഥെയ്‌നും ഭൂമിയിലേക്ക് ഉയർന്നു വരുന്നു. സി എഫ് സി(ക്ലോറോഫ്ലൂറോ കാർബൺ) ആകട്ടെ എയർകണ്ടീഷണറുകളുടെയും റഫ്രിജറേറ്ററുകളുടെയും അമിതമായ ഉപയോഗം കാരണമാണ് ഉണ്ടാകുന്നത്. സൂര്യന്റെ ഹാനികരമായ അൾട്രാവലി രഷ്മികളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷ പാളിയിൽ(ഓസോൺ പാളി) വിള്ളൽ ഉണ്ടാക്കുന്നത് സി എഫ് സി വാതകങ്ങളാണ്. അതുവഴി ഭൂമിയുടെ താപനിലയും അനിയന്ത്രിതമായി ഉയരുന്നു.

എന്നാൽ ആധുനിക മനുഷ്യൻ അവന്റെ സുഖങ്ങൾക്കായി ഇത്തരം പ്രവർത്തികളിലൊന്നും ഒരു നിയന്ത്രണവും വരുത്താൻ ഒരുക്കമല്ല.ലോക ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമുള്ള അമേരിക്കയാണ് ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങൾ പുറത്ത് വിടുന്നത്(22.5) എന്നത് നാം ഇതിനോട് പ്രത്യേകം ചേർത്തുവായിക്കേണ്ടതാണ്. വ്യാവസായിക വിപ്ലവത്തിനുശേഷം ലോകത്ത് ആഗോളതാപനം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.കോളനിവൽക്കരണവും ആഗോളവൽക്കരണവും പരിസ്ഥിതിക്ക് വരുത്തിവെച്ച നാശങ്ങൾ ചില്ലറയല്ല.പരിസ്ഥിതിക്ക് എത്ര നാശമുണ്ടായാലും പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണത്തിന് ഏതറ്റം വരെയും പോകാം എന്ന നിലയിലേക്ക് ആധുനിക മനുഷ്യ സമൂഹം മാറി . പ്രകൃതിയെ യഥേഷ്ടം ഉപയോഗിക്കുവാനുള്ള ഉപഭോഗവസ്തുക്കളുടേയും അസംസ്കൃതവസ്തുക്കളുടെയും ഒരു ശേഖരം മാത്രമായിട്ടാണ് അവൻ കാണുന്നത്.സ്വയം ശക്തരും സമ്പന്നരുമാവാൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിൽ ലോകരാജ്യങ്ങൾ മത്സരിക്കുകയാണ് എന്ന് പറഞ്ഞാൽ അധികപ്പറ്റാവില്ല.

മേൽ പറഞ്ഞ കാര്യങ്ങളെക്കാൾ കൂടുതൽ ആഗോളതാപനത്തിന് മനുഷ്യൻ നിമിത്തമാകുന്ന മറ്റൊരു കാരണമുണ്ട്,അത് മറ്റൊന്നുമല്ല ലോകത്ത് വ്യാപകവും സുഗമവുമായി നടന്നുകൊണ്ടിരിക്കുന്ന വനനശീകരണമാണ്.മനുഷ്യൻ ശ്വസിക്കുമ്പോൾ പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്തുകൊണ്ട് അവന് ശ്വസിക്കാൻ ആവശ്യമായ ഓക്സിജനാക്കി പുറത്തുവിടുന്നത് വനങ്ങളാണ്. മാത്രമല്ല മേൽപ്പറഞ്ഞ മനുഷ്യന്റെ പ്രവർത്തികൾ കാരണം പുറത്തു പോകുന്ന വിവിധ ഹരിത ഗൃഹ വാതകങ്ങളെ സംഭരിച്ചു വെക്കുന്നതും വനങ്ങൾ തന്നെയാണ്. അതുപോലെ വിവിധ പ്രകൃതി ദുരന്തങ്ങൾ ലഘൂകരിക്കുന്നതിലും മണ്ണൊലിപ്പ് തടയുന്നതിലും വനങ്ങൾക്കുള്ള പങ്ക് വിസ്മരിക്കാവതല്ല.എന്നാൽ ഇന്ന് വ്യവസായ ഫാക്റ്ററികൾ തുടങ്ങാനും വീടുകൾ ഉണ്ടാക്കാനുമായി പടുകൂറ്റൻ ബിൽഡിങ്ങുകൾ ഉയർന്നുപൊങ്ങുന്ന ലോകത്ത് വനങ്ങൾ കൂട്ടത്തോടെ നശിപ്പിക്കപ്പെടുകയാണ്. നിലവിൽ ഭൂമിയുടെ ഭൂപ്രതലത്തിൽ 31%മാണ് വനങ്ങൾ ഉള്ളത്. എന്നാൽ ഇത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 70% അവസാനത്തിൽ 40% ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് ലോകത്ത് നടക്കുന്ന വനനശീകരത്തിന്റെ വ്യാപ്തി നമുക്ക് മനസ്സിലാകുക. കോർപ്പറേറ്റ് കമ്പനികളുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാനായി അധികാരികളുടെ അനുവാദത്തോടുകൂടിയാണ് വനങ്ങൾ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നതും ഒരു ദുഃഖ സത്യമാണ്. വികസനത്തിന്റെ പേരിലും വിവിധ വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിന്റെ പേരിലും മരങ്ങൾ മുറിക്കപ്പെടുന്നത് ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുന്നു. 2000 നും 2012 നും ഇടയിൽ 568 ദശലക്ഷം ഏക്കർ വനങ്ങളാണ് ലോകത്ത് നശീകരണത്തിലൂടെ ഇല്ലാതായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ലോകത്തിലെ ഓക്‌സിജൻ വിതരണത്തിൻ്റെ 20% ഉറവിടമായ ആമസോൺ മഴക്കാടുകൾക്ക് വനനശീകരണം മൂലം ഓരോ മിനിറ്റിലും ഏകദേശം 1.32 ഏക്കർ വിസ്തൃതിയാണത്രേ നഷ്ടപ്പെടുന്നത്. യഥാർത്ഥത്തിൽ ലോകത്ത് ജനസംഖ്യ കൂടിക്കൊണ്ടിരിക്കുന്നതിനനുസരിച് കൂടുതൽ വനങ്ങളും ആവശ്യമാണ്. കാരണം കൂടുതൽ പേർക്ക് ശ്വസിക്കാൻ വനങ്ങൾ കൂടുതൽ ഓക്സിജൻ പുറത്തു വിടണമല്ലോ. എന്നാൽ ആർത്തി മൂത്ത് കൊണ്ടുള്ള പ്രവർത്തികൾ കാരണം മനുഷ്യൻ അവന്റെ ശ്വാസം തന്നെയാണ് മുട്ടിക്കുന്നത് എന്ന് പറയാതെ വയ്യ.

ലോകം നേരിടുന്ന മറ്റൊരു പ്രധാന പാരിസ്ഥിതിക പ്രശ്നമാണ് വായുമലിനീകരണം. വനനശീകരണം പോലെ തന്നെ മനുഷ്യന് പുറമേ സസ്യങ്ങളെയും മൃഗങ്ങളെയുമെല്ലാം വായു മലിനീകരണം ബാധിക്കുന്നുണ്ട്. വ്യവസായ ശാലകളും വാഹനങ്ങളും പുറന്തള്ളുന്ന വാതകങ്ങളും പുകകളും, ഖനനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന രാസവസ്തുക്കളും പുകകളും, കൃഷിയാവശ്യാർത്ഥം കീടനാശിനി പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന രാസവസ്തുക്കൾ എന്നിവയാണ് വായുമലിനീകരണത്തിന് പ്രധാനമായും കാരണമാകുന്നത്. ദോഷകരമായ വാതകങ്ങൾ പുറപ്പെടുന്നതു വഴി വായുമലിനീകരണം ആഗോളതാപനത്തിനും കാരണമാണ്. ലോകത്ത് പ്രതിവർഷം മൂന്ന് കോടി ജനങ്ങളാണ് വായുമലീകരണം കാരണം മരണപ്പെടുന്നത്! ഇതിൽ ഭൂരിഭാഗവും ഇന്ത്യയിലാണ് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം. ഇന്ത്യയിലെ മെട്രോ സിറ്റികളിൽ പലതും ലോകത്തെ മാലിന്യപൂരിതമായ നഗരങ്ങളുടെ പട്ടികയിലും മുന്‍പന്തിയിലാണ്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ റോഡുകളില്‍ ഏകദേശം മൂന്നുകോടി വാഹങ്ങള്‍ ഓടുന്നുണ്ട്. ഇതില്‍നിന്നും വായു മലിനീകരണത്തില്‍ വാഹനങ്ങളുടെ പങ്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

അതിനാൽ തന്നെ വായു മലിനീകരണം കുറക്കാനുള്ള പ്രധാനപ്പെട്ട മാർഗവും വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ്.കുറഞ്ഞ ദൂരത്തേക്കുള്ള യാത്രകളിൽ വരെ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നത് നിർത്തി പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ തയ്യാറാക്കണം.ഇതിലൂടെ മലിനീകരണം തടയുക മാത്രമല്ല ഊർജ്ജ സംരക്ഷണവും സാധ്യമാകുന്നു.മാത്രമല്ല പെട്രോളിനും ഡീസലിനും പകരം സിഎൻജി – കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതിലൂടെയും വായുമലിനീകരണം തടയാൻ കഴിയും. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി ധാരാളമായി ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിന് പകരം സിഎഫ്എൽ പോലുള്ള ഊർജ-കാര്യക്ഷമമായ ഉപകരണങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും നാം തയ്യാറാകണം. അതുപോലെ സൗരോർജ്ജം,കാറ്റിൽ നിന്നുള്ള ഊർജ്ജങ്ങളുടെ ഉപയോഗം എന്നിവയും വലിയ തോതിൽ വായു മലിനീകരണവും അതുവഴി ആഗോളതാപനവും കുറയ്ക്കാൻ സഹായിക്കും.

ഹാഫിള് മുഹമ്മദ് മിദ്‌ലാജ് പാങ്‌
Student at Alathurpadi dars |  + posts
Share this article
Shareable URL
Prev Post

മലബാറും പ്ലസ് വൺ സീറ്റും; എന്ന് തീരും ഈ അവഗണന

Next Post

ഉള്ഹിയ്യത്; ചരിത്രവും മസ്അലകളും

5 3 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ഫിത്വർ സകാത്ത്

ശരീരത്തിൻ്റെ ബാധ്യതയാണ് ഫിത്വർ സകാത്ത്.നിസ്‌കാരത്തിൽ വന്ന വീഴ്‌ചകളെ സഹ്‌വിൻ്റെ സുജൂദ് കൊണ്ട് പരിഹരിക്കുന്നത്…