+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

കെടി ഉസ്താദ് ഞങ്ങള്‍ക്ക് മോല്യോരായിരുന്നു…ഒരുപാട് മോല്യേമ്മാരുള്ള നാട്ടിലെ ഒരേയൊരുമോല്യോര്


 അബുദുസ്സമദ് ടി. കരുവാരകുണ്ട് 

ഓര്‍മവച്ച കാലം മുതല്‍ കേട്ടുതുടങ്ങിയ വാക്കായിരുന്നു മോല്യേര്… അദ്ദേഹം കെ.ടി മാനു മുസ്‌ലിയാരായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞു തുടങ്ങിയത്… എന്റെ പഠനകാലം കൂടുതല്‍ തൃശൂരായിരുന്നതിനാല്‍ ആ വലിയ ജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍ അവസരം കിട്ടിയില്ല എന്നതാണ് അന്നും ഇന്നും എന്നും വലിയ നിരാശയായി തോന്നുന്നത്… എന്നാലും ഉസ്താദിനെ പില്‍കാലത്ത് പഠിക്കാന്‍ വലിയ അവസരങ്ങള്‍ ഉണ്ടായി… പഠിക്കുന്തോറും വിസ്മയപ്പെടുത്തുന്ന ജീവിതമായിരുന്നു ഉസ്താദിന്റേത്… ഉസ്താദിനെകുറിച്ച് ഒരു സ്വതന്ത്രമായ പുസ്തകം തന്നെ ചെയ്യണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്… ഈ തോന്നലുകള്‍ സഹോദരങ്ങളായ ഹുദവിക്കും ഫൈസിക്കും തോന്നിയത് നിരവധി തവണ എന്നോടു പങ്കുവച്ചിരുന്നു… അവസാനം ഉസ്താദിന്റെ സംഘാടനത്തെകുറിച്ച് ഒരു പഠനം തയ്യാറാക്കാനായിരുന്നു എന്നോട് ആവശ്യപ്പെട്ടിരുന്നത്… നജാത്തില്‍ നിന്ന് മുമ്പ് പുറത്തിറങ്ങിയ പുസ്തകത്തില്‍ ഞാന്‍ തയ്യാറാക്കിയ ആ സംഘാടന ജീവിത്തെ ഇങ്ങനെ വായിക്കാം:


മഹാ പണ്ഡിതനായിരുന്നു അരിപ്ര മൊയ്തീന്‍ ഹാജി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. പ്രമുഖ പണ്ഡിതരായ കൈപ്പറ്റ കുഞ്ഞി മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍തുടങ്ങിയവരുടെ ദര്‍സുകളിലാണ് മൊയ്തീന്‍ ഹാജി ഓതിപ്പഠിച്ചത്. ശേഷം മക്കയിലെ ഹറമിലെത്തി  സ്വാതന്ത്ര്യ സമര നേതാവ് കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെ പിതാവ് കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു അവിടെ താമസിച്ചു. ഹറമില്‍ ദര്‍സ് നടത്തിയിരുന്ന പ്രധാന ഗുരുക്കളില്‍ നിന്നെല്ലാം വിവിധ ജ്ഞാന ശാഖകളില്‍ അവഗാഹം നേടി. ശേഷം മദീനയിലേക്ക് പുറപ്പെട്ടു. മഹാ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് യൂസുഫ് ബിന്‍ ഇസ്മാഈല്‍ നബ്ഹാനിയുടെയും മറ്റു പ്രമുഖരുടേയും ശിഷ്യത്വം സ്വീകരിച്ചു. ശേഷം നാട്ടില്‍ തിരിച്ചെത്തി. അരിപ്ര വേളൂരില്‍ ദര്‍സ് ആരംഭിച്ചു. മലബാര്‍ ബ്രിട്ടീഷ് അധിനിവേഷ പോരാട്ടത്തിലേക്ക് പിച്ച വെക്കുന്ന കാലമായിരുന്നു അന്ന്. ഇതിനൊന്നും മുഖം കൊടുക്കാതെ ഹാജി നേരെ പോയത് വെല്ലൂരിലേക്ക് വണ്ടി കയറി. ബാഖിയാത്തില്‍ തുടര്‍ പഠനം നടത്തി, അല്‍പകാലം അവിടെക്കൂടി. ശേഷം നാട്ടിലേക്ക് മടങ്ങ വിവിധ കേന്ദ്രങ്ങളില്‍ ദര്‍സ് നടത്തി കഴിച്ചു കൂട്ടി. പാങ്ങ്, പെരിന്തല്‍മണ്ണ കക്കൂത്ത്, മണ്ണാര്‍ക്കാട്, ആലത്തൂര്‍പടി, തിരൂരങ്ങാടി, വള്ളുവങ്ങാട് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ശേഷം പൗര പ്രമുഖനായിരുന്ന നെച്ചിക്കാടന്‍ ഉണ്ണീന്‍കുട്ടി ഹാജിയുടെ അഭ്യര്‍ത്ഥന പ്രകാരം കരുവാരകുണ്ട് ജുമാമസ്ജിദില്‍ ദര്‍സ് ആരംഭിച്ചു. ഹിജ്‌റ 1364മുതല്‍ 1376 വരെ ഒരു വ്യാഴവട്ടക്കാലം അദ്ദേഹം കരുവാരകുണ്ടിന്റെ ആത്മീയ സാന്നിധ്യമായി നിലകൊണ്ടു. 1940കളിലായിരന്നു അത്. 
ഹാജിയുടെ കരുവാരകുണ്ടിലെ ദര്‍സില്‍ പ്രമുഖരായ പല വിദ്യാര്‍ത്ഥികളും ഓതിത്താമസിച്ചിരുന്നു. അവരില്‍ പ്രമുഖനായിരുന്നു കണ്ണത്ത് കാരാട്ടുതൊടിക അബ്ദുറഹ്മാന്‍ എന്ന കുഞ്ഞാറ മൊല്ലയുടെ മകന്‍ മുഹമ്മദ് എന്ന് കെ.ടി മാനു മുസ്‌ലിയാര്‍. മാനു മുസ്‌ലിയാര്‍ പ്രാഥമിക ഓത്തുപള്ളി പഠന ശേഷം അല്‍പ കാലം മൊല്ലാക്കയായി കുട്ടികള്‍ക്ക് ഓതിക്കൊടുത്തു. ശേഷം കരുവാരകുണ്ടില്‍ ദര്‍സ് നടത്തിയിരുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടുകണ്ടന്‍ കുഞ്ഞമ്മദ് മുസ്‌ലിയാരുടെ(കെ.കെ അബ്ദുല്ല മുസ്‌ലിയാരുടെ പിതാവ്) ദര്‍സില്‍ ചേര്‍ന്നു. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കരുവാരകുണ്ടിലെ ദര്‍സ് അവസാനിപ്പിച്ചു പോയപ്പോള്‍, മാനു മുസ് ലിയാര്‍ അവിടെത്തന്നെ തുടര്‍ന്നു. പിന്നീട് മുദരിസായി അരിപ്ര മൊയ്തീന്‍ ഹാജിയാണ് വരുന്നതെന്ന് അറിഞ്ഞപ്പോഴാണ് അവിടെത്തന്നെ കൂടാന്‍ തീരുമാനിച്ചത്. 
കാരാട്ടുതൊടിക മുഹമ്മദ് എന്ന ശരാശരി കിഴക്കനേറനാടന്‍ മുതഅല്ലിമില്‍ നിന്ന് കെ.ടി മാനു മുസ്‌ലിയാരിലേക്കുള്ള വളര്‍ച്ച അവിടെയാണ് തുടങ്ങുന്നത്. കേരളത്തിലെ മുസ്‌ലിം പൊതു മണ്ഡലമായി സമസ്ത വളര്‍ന്നു വരുന്ന കാലത്താണ് മൊയ്തീന്‍ ഹാജി കരുവാരകുണ്ടിലെത്തുന്നത്. അതും സമസ്തയുടെ മുന്നണിപ്പോരാളിയായിത്തന്നെ. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്നും പാങ്ങില്‍ അഹ്മദ് കുട്ടി മസ്‌ലിയാരില്‍ നിന്നും സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും വേണ്ടുവോളം അനുഭവിച്ച ആ ഗുരുശ്രേഷ്ഠന്‍ തന്റെ കുട്ടികളിലും ആ ആവേശം പകരുന്നതില്‍ കുറവു കാണിച്ചില്ല. മൊയിതീന്‍ ഹാജിയുടെ ദര്‍സിലെ മാനു മുസ്‌ലിയാര്‍ എന്തുകൊണ്ടും പരിഗണന അര്‍ഹിക്കുന്ന കുട്ടിയായിരുന്നു. നാട്ടില്‍ സമുദായ രാഷ്ട്രീയത്തിലും പൊതു കാര്യങ്ങളിലും സജീവമായി ഇടപെടുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകനായണ് അദ്ദേഹമെന്ന് ഉസ്താദ് നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രചാരകനാകാന്‍ എന്തുകൊണ്ടും അദ്ദേഹം യോഗ്യനാണെന്ന് ഉസ്താദ് കരുതി. മക്കയിലും മദീനയിലും വിദ്യഅഭ്യസിച്ച ആ പണ്ഡിതന്‍ സമസ്തയുടെ യോഗങ്ങള്‍ക്കും മീറ്റിംഗുകള്‍ക്കും പോകുമ്പോള്‍ മാനു മുസ്‌ലിയാരരെ ഖാദിമായി കൂടെക്കൂട്ടി. 
1952 ഡിസംബര്‍ 10ന് സമസ്ത പ്രസിടണ്ടായിരുന്ന മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ വാളക്കുളത്തെ വസതിയില്‍ മൗലാനാ പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന് ഉസ്താദിന്റെ കൂടെ ഖാദിമായി പോയ മാനു മുസ്‌ലിയാരുടെ സംഘടനാ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു അത്. അവിടെ വെച്ചാണ് അദ്ദേഹം സമസ്തയുടെ പ്രമുഖരായ പല പണ്ഡിത മഹത്തുക്കളേയും കണ്ടതും പരിചയപ്പെട്ടതും. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, മൗലാനാ അബ്ദുല്‍ബാരി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.കെ സദഖത്തുള്ള മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരെ വാളക്കുളത്തു വെച്ചാണ് മാനു മുസ്‌ലിയാര്‍ ആദ്യം കാണുന്നത്. 
മാനു മുസ്‌ലിയാരിലെ സംഘാടകനെ അന്വേഷിക്കുമ്പോള്‍ തീര്‍ത്തും പരാമര്‍ശിക്കേണ്ട ചില വസ്തുതകളാണ് മുകളില്‍ പരാമര്‍ശിച്ചത്.  ചെറുപ്പം മുതല്‍ തന്നെ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു കെ.ടി ഉസ്താദ്. പഠനകാലത്തു തന്നെ സജീവമായ പ്രാദേശിക രാഷ്ട്രീയവും മദ്രസാ നിര്‍മാണവുമെല്ലാം അതിന്റെ ഭാഗമായി ഉസ്താദിന്റെ ജീവിതത്തില്‍ കാണാനാകും. പഠനവും പ്രവര്‍ത്തന മേഖലയും മതാധിഷ്ഠിത  സാഹചര്യത്തിലായിരുന്നെങ്കിലും മാനു മുസ്‌ലിയാര്‍ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിനു മുമ്പ് കരുവാരകുണ്ടിലെ സാമുദായിക രാഷ്ട്രീയത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുന്ന കാഴ്ച മാത്രമാണ് അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. കല്യാണ പാട്ടുകളില്‍ സാന്നിധ്യമറിയിച്ചും പ്രഭാഷണ സദസ്സുകളില്‍ സജീവമായി പങ്കെടുത്തുമുള്ള ഉസ്താദിനെയാണ് കരുവാരകുണ്ടുകാര്‍ ആദ്യകാലത്ത് കാണുന്നത്. എന്നാല്‍ കെ.ടി മാനു മുസ് ലിയാരിലെ സംഘാടകനെ പിന്നീട് ലോകമറിയുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളില്‍ പിച്ചവെക്കുന്നതോടുകൂടിയാണ്. പ്രിയ ഗുരു മൊയ്തീന്‍ ഹാജിയില്‍ നിന്നുകിട്ടിയ ഊര്‍ജം അദ്ദേഹത്തെ സമസ്തയുമായും അതിന്റെ പ്രവര്‍ത്തനങ്ങളുമായും കൂടുതല്‍ അടുപ്പിച്ചു. 
ഇന്നത്തെ സംഘടനാ കീഴ്‌വഴക്കം പോലെ ബാലവേദിയോ വി്ദ്യാര്‍ത്ഥി പ്രാസ്ഥാനമോ ഇല്ലാത്ത കാലത്ത് സുന്നി യുവജന സംഘത്തിലൂടെയാണ് പലരും പൊതു രംഗത്തെത്തിയിരുന്നത്. കെ.ടി ഉസ്താദിലെ സംഘാടകനും യുവജന സംഘത്തിന്റെ സംഭാവന തന്നെയായിരുന്നു. 1951 ഏപ്രില്‍25ന് താനൂരില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തിലാണ് സുന്നി യുവജന സംഘം എ്ന്ന ആശയം രൂപം കൊള്ളുന്നത്. യുവജനങ്ങള്‍ക്ക് പ്രവര്‍ത്തന സന്നദ്ധതയോടെ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനെന്ന ലക്ഷ്യത്തോടെ സമസ്തയുടെ സമുന്നതരായ നേതാക്കളാണ് യുവജന സംഘത്തിന് ബീജാഭാവം നല്‍കിയത്. ഈ കാലത്ത് കെ.ടി ഉസ്താദ് മൊയ്തീന്‍ ഹാജിക്കു കീഴില്‍ കരുവാരകുണ്ട് ദര്‍സില്‍ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്ത വര്‍ഷ(1955)ത്തിലാണ് കെ.ടി ഉസ്താദ് ഉപരിപഠനാര്‍ത്ഥം വെല്ലൂരിലേക്ക് വണ്ടി കയറുന്നത്. സമസ്തയുടെ സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന മൊയ്തീന്‍ ഹാജി പ്രസ്തുത സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ ശിഷ്യര്‍ക്ക് പകര്‍ന്നിട്ടുണ്ടാവണം. 
വെല്ലൂരിലെ ഉപരിപഠന കാലത്ത് മുസ് ലിംലീഗ് യോഗത്തിന് സ്വാഗതമാശംസിക്കാന്‍ മാനു മുസ്‌ലിയാരെ കമ്പിയടിച്ചു വരുത്തിയ ഓര്‍മകള്‍ അദ്ദേഹം തന്റെ അനുഭവമായി പറഞ്ഞിട്ടുണ്ട്. ഉപരിപഠനാനന്തരം ഇരിങ്ങാട്ടിരി പള്ളിയില്‍ ഖാള്വിയും മുദരിസുമായ കെ.ടി ഉസ്താദിന്റെ പിന്നീട് മതകീയ മേഖലയില്‍ കേന്ദ്രീകരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഉറച്ച മുസ് ലിം ലീഗുകാരനായിട്ടും ഒരു ഖാള്വി രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് ഉസ്താദിന് കൃത്യമായ ബോധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സമസ്തയുടെ സംഘടനാ രംഗത്തേക്കാണ് അദ്ദേഹത്തിന്റെ കടന്നു വരവുണ്ടായത്. സുന്നി യുവജന സംഘത്തിന്റെ ഏറനാട് താലൂക്ക് കമ്മിറ്റിയില്‍ സജീവമായ ഉസ്താദ് പിന്നീട് സമസ്തയുടെ കിംഗ് മേക്കാറായാണ് ജീവിതത്തില്‍ നിന്ന് വിടപറഞ്ഞത്. നീണ്ട കാലത്തെ ഈ സംഘാടക പ്രതിഭയുടെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന നിരവധി ഘടകങ്ങള്‍ നമുക്ക് കാണാം. അതില്‍ പ്രധാനപ്പെട്ടത് ഗുരുവായ മൊയ്തീന്‍ ഹാജി തന്നെയാണ്. പിന്നീട് മൊയ്തീന്‍ ഹാജിയുടെ പ്രമുഖ ശിഷ്യരില്‍ പ്രധാനിയായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരും. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരെ കെ.ടി ഉസ്താദ് ഒരു ആത്മീയ ഗുരുവായിട്ടാണ് കണക്കാക്കുന്നത്. ജീവിതത്തില്‍ ഏതു പ്രതിസന്ധിയിലും ഉസ്താദിന് ആശ്വാസവാക്കുകള്‍ നല്‍കിയത് ബാപ്പു മുസ്‌ലിയാരായിരുന്നു. 
ചാപ്പനങ്ങാടി ബാപ്പു മുസ് ലായാരുടെ പ്രചോദനം ഉസ്താദിന് എല്ലാ കാലത്തുമുണ്ടായിരുന്നു. മുദരിസായി ഇരിങ്ങാട്ടിരിയില്‍ കഴിച്ചു കൂട്ടുന്ന കാലത്ത് ഇടക്കിടെ ബാപ്പു മുസ്‌ലിയാരെ സന്ദര്‍ശിക്കും. ഒരു മുദരിസിന്റെ പദവിയിലുരുന്ന് കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍, വിദ്യാര്‍ത്ഥികളുടെ നാനോന്മുഖമായ പുരോഗതിക്ക് വേണ്ടതെല്ലാം ഉസ്താദ് ചെയ്തിരുന്നു. ചെറുപ്പ കാലത്തേ പരന്ന വായനക്കാരനായ ഉസ്താദ് തന്റെ ശിഷ്യരും ആവഴിയിലൂടെ സഞ്ചരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിനാനശ്യമായ എന്തും സംഘടിപ്പിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ആ കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പടക്കമുള്ള മലയാളത്തിലെ പ്രമുഖമായ പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ ഉസ്താദ് തന്റെ ശിഷ്യരെ പ്രചോദിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒരു പ്രമുഖ ശിഷ്യന്‍ ഓര്‍മിക്കുന്നുണ്ട്. 


കഴിവുറ്റ മുദരിസായി പേരെടുത്തിരുന്ന കെ.ടി ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രാദേശികമായി പണ്ഡിത സംഘം രൂപീകരിച്ച് അദ്ദേഹം തന്നിലെ സംഘാടന പാടവം പുറത്തെടുത്തു. 1960 ഏപ്രില്‍ 26ന് കരുവാരകുണ്ട് ജുമാമസ്ജിദില്‍ കിഴക്കനേറനാട്ടിലെ പണ്ഡിതരെ ഉള്‍പ്പെടുത്തി ഒരു വിപുല യോഗം നടന്നു. നിളാമുല്‍ ഉലമയെന്നായിരുന്നു സംഘത്തിന്റെ പേര്. ഈ സംഘത്തിന്റെ മാസ്റ്റര്‍ ബ്രൈന്‍ കെ.ടി മാനു മുസ്‌ലിയാരായിരുന്നു. മാമ്പുഴ മുദരിസ് അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, പുത്തനഴി പുത്തനഴി മുദരിസ് മാനുപ്പ മുസ്‌ലിയാര്‍, തുവ്വൂര്‍ മുദരിസ് സഈദ് മുസ്‌ലിയാര്‍, ഖാള്വി എ. അബ്ദുല്ല മുസ്‌ലിയാര്‍, മുണ്ടക്കോട് മുദരിസ് കെ. അബ്ദുല്ല ഹാജി, ഖാള്വി മുഹമ്മദ് മുസ് ലിയാര്‍, പണത്തുമ്മല്‍ ഖാള്വി കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, തരിശ് ഖാള്വി പി. മുഹമ്മദ് മുസ്‌ലിയാര്‍, പൊട്ടിയാറ മുദരിസ് കെ. മുഹമ്മദ് മുസ് ലിയാര്‍ തുടങ്ങിയവര്‍ ആ സംഘത്തിലെ പ്രധാനികളായിരുന്നു. ആ സംഘത്തിന്റെ പ്രസിഡന്റ് കെ.കെ അബ്ദുല്ല മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി കെ.ടി ഉസ്താദുമായിരുന്നു. 
1967ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ജനറല്‍ ബോഡിയില്‍ അംഗമായതോടെയാണ് കെ.ടി ഉസ്താദിലെ സംഘാടകനെ പുറംലോകമറിയുന്നത്. പങ്കെടുക്കുന്ന യോഗങ്ങളില്‍ കൃത്യമായ ആസൂത്രണ മികവോടെ കാര്യങ്ങളവതരിപ്പിക്കുകയും, പറയുന്ന കാര്യങ്ങള്‍ സ്ഫുടം ചെയ്ത വാക്കുകളില്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യുന്നതില്‍ അദ്ദേഹം സമകാലികരാല്‍ അംഗീകരിക്കപ്പെട്ടു. ശംസുല്‍ ഉലമ പോലും കെ.ടി പറയട്ടെ എന്ന് പല നയ രൂപീകരണ യോഗങ്ങളിലും അഭിപ്രായപ്പെടാറുണ്ടായിരുന്നു. 1969ല്‍ വിദ്യഭ്യാസ ബോര്‍ഡിന്റെ ആസ്ഥാനം ചേളാരിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പൗരപ്രമുഖനായ മാന്നാര്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ചേളാരിയിലുള്ള സ്ഥലം അതിനായി അദ്ദേഹം സംഭാവന നല്‍കി. കെട്ടിട നിര്‍മാണത്തിനായി കമ്മിറ്റി രൂപീകരിച്ചപ്പോള്‍ എണ്ണപ്പെട്ട ചിലരില്‍ ഒരാളായി കെ.ടി ഉസ്താദ് തെരെഞ്ഞെടുക്കപ്പെട്ടു.  അതിനായുള്ള ഫണ്ട് പിരിവിലും മറ്റും സജീവമയി പങ്കാളിയായി. അടുത്തവര്‍ഷം നടന്ന കെട്ടിടോദ്ഘാടന സംഗമത്തില്‍ സമസ്തയുടെ മുശാവറ നടന്നു. 1970 ഡിസംബര്‍ 19ന്. ആ യോഗത്തില്‍ അദ്ദേഹത്തെ സമസ്തയുടെ പരമോന്നത സഭയായ മുശാവറയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഫത് വാ കമ്മിറ്റിയിലും വന്നു.


1976ലാണ് ദാറുന്നജാത്ത് സ്ഥാപിക്കപ്പെടുന്നത്. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ വ്ന്ന ഒരു ചര്‍ച്ചയുടെ ഭാഗമായി കിഴക്കനേറനാട്ടില്‍ ഒരു യതീംഖാന വേണമെന്നും അത് കരുവാരകുണ്ടില്‍ തന്നെയാവണമെന്നും തീരുമാനിച്ചു. തുടക്കത്തില്‍ വര്‍ക്കിംഗ് സെക്രട്ടറിയായ കെ.ടി ഉസ്താദ് താമസിയാതെ നജാത്തിനെ ഏറെക്കുറെ ഒറ്റക്ക് വളര്‍ത്തുന്ന, വളര്‍ത്തേണ്ട അവസ്ഥയിലെത്തി. പ്രാരാബ്ധങ്ങളുടെയും പ്രതികൂല സാഹചര്യങ്ങളുടേയും കയത്തില്‍ നിന്ന് നജാത്തിനെ വലിയൊരു വൈജ്ഞാനിക സമുച്ഛയമാക്കി മാറ്റിയതില്‍ ആ വലിയ ജീവിതത്തിനു തന്നെയാണ് ഏറിയ പങ്കും. ധാര്‍മികമായും മൂല്യബോധത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും ഒരു വലിയ സംവിധാനം നടത്തിക്കൊണ്ടു പോവല്‍ എങ്ങനെയെന്ന് തിരയുന്നവര്‍ക്ക് ഉത്തരമാണ് ഉസ്താദ് ജീവിച്ചിരുന്ന കാലത്തെ നജാത്ത് സംവിധാനം. 


87ല്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ വഫാത്തോടെ ഉസ്താദ് ബോര്‍ഡിന്റെ മുഖ്യ കാര്യദര്‍ശിയായി. അന്നാണെങ്കില്‍ സമസ്തക്കുള്ളില്‍ വിഘടന വാദം ഉയര്‍ന്നു നില്‍ക്കുന്ന സന്ദര്‍ഭവും. എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സുന്നി യുവജന സംഘത്തെ രാഷ്ട്രീയ വത്ക്കരിക്കാനും സമസ്തയുടെ നയനിലപാടുകളെ വെല്ലുവിളിക്കാനും ഒരു സംഘം ഇറങ്ങിത്തിരിച്ച പ്രത്യേക സാഹചര്യം. വിഘടനവാദക്കാരുടെ കലുഷിത നീക്കത്തെ മര്‍മം നോക്കി പ്രതിരോധിക്കുന്നതില്‍ അന്ന് കെ.ടി മാനു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ അന്തസ്സിനെ നിലനിറുത്തിയത്. അന്ന് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് മര്‍ഹൂം നാട്ടിക മൂസ മുസ്‌ലിയാരായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. നാട്ടിക ഉസ്താദ് വഫാത്തായപ്പോള്‍,എന്റെ വലതു കൈ നഷ്ടപ്പെട്ടുവെന്നാണ് ഉസ്താദ് കുറിച്ചത്.


സമസതയിലുണ്ടായ അനിവാര്യമോ ദൗര്‍ഭാഗ്യകരമോ ആയ പിളര്‍പ്പ് സമയത്താണ് കെ.ടി മാനു മുസ്‌ലിയാരെന്ന സംഘാടകന്റെ വില പലരും തിരിച്ചറിയുന്നത്. സമസ്ത മുശാവറ തീരുമാനത്തിനെതിരെ എറണാകുളത്ത് സമ്മേളനം നടത്തിയവര്‍ക്കെതിരെ മുശാവറയില്‍ പ്രമേയമവതരിപ്പിച്ചത് കെ.ടി ഉസ്താദായിരുന്നു. അദ്ദേഹത്തിന്റെ പ്രമേയത്തെ അന്ന് പിന്താങ്ങിയത് സാക്ഷാല്‍ സി.എച്ച് ഹൈദ്രോസ് മുസ് ലിയാരും. പിളര്‍പ്പിനെതിരെ ഓടി നടന്ന് മസ് ലഹത്താക്കാന്‍ ശ്രമിച്ച സി.എച്ച് ഹൈദ്രോസ് മുസ് ലിയാരടക്കമുള്ള വലിയ നേതാക്കള്‍ അന്ന് സുന്നത്ത് ജമാഅത്തിന്റെ നിലനില്‍പ്പ് സമസ്തയിലൂടെയെന്ന് മനസ്സിലാക്കി സംഘശക്തിക്ക് ശക്തി പകര്‍ന്നവരാണ്. തീരുമാനമെടുക്കുന്ന മുശാവറക്കു മുമ്പ് കെ.ടി ഉസ്താദിന്റെ നേതൃത്വത്തില്‍ നടന്ന ഒപ്പു ശേഖരണം ചരിത്രത്തില്‍ അധികം കുറിക്കപ്പെട്ടിട്ടില്ല. ശൈഖുനാ ശംസുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരം കെ.ടി ഉസ്താദു സംഘവും ഒരോ മുശാവറ അംഗത്തെയും ചെന്നു കണ്ട് അടുത്ത മുശാവറയില്‍ ശംസുല്‍ ഉലമയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പു വാങ്ങി ഒപ്പു ശേഖരിച്ചു. അന്ന് സംഘത്തിലുണ്ടായിരുന്ന അടക്കാക്കുണ്ട് എ.പി ബാപ്പു ഹാജി കൊയ്യോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാരെ അന്തിപ്പാതിരക്ക് കണ്ണൂരിലെ ഏതോ കുഗ്രാമത്തില്‍ പോയ കണ്ട അനുഭവം തന്റെ അനുഭവ പുസ്തകത്തില്‍ പറയുന്നുണ്ട്. 
ഉസ്താദ് പ്രതികൂല സാഹചര്യത്തിലൂടെ വളര്‍ന്നു വന്ന ഒരു ശരാശരി കിഴക്കനേറനാടന്‍ മാപ്പിളയാണ്. മാപ്പിളപ്പാട്ടും മാപ്പിള കലകളും കളിയാടിയിരുന്ന നാട്ടില്‍ നിന്ന് വളര്‍ന്ന കെ.ടി ഉസ്താദില്‍ ഒരു മികച്ച തൂലികക്കാരനുണ്ടായിരുന്നു. സമസ്തയുടെ കീഴില്‍ പുറത്തിറങ്ങുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സംഘടിപ്പിക്കാനും പ്രസിദ്ധീകരിക്കാനും അതില്‍ തന്റെ വിലപ്പെട്ട കുറിപ്പുകള്‍ നല്‍കി സമസതയുടെ വാക്കും നാക്കുമാകാനും അദ്ദേഹത്തിനു കഴിഞ്ഞു. സുന്നി ടൈംസ്, സുന്നി വോയ്‌സ്, അല്‍-മുഅല്ലിം, ഫിര്‍ദൗസ്, സുന്നി അഫ്കാര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സബ് എഡിറ്ററായോ ചീഫ് എഡിറ്ററായോ അദ്ദേഹം തിളങ്ങി.


ഉന്നത വിദ്യഭ്യാസ രംഗത്ത് സമുദായത്തിന്റെ ഉന്നമനം സ്വപ്‌നം കണ്ട കെ.ടി ഉസ്താദ് സമസ്‌ക്കു കീഴില്‍ ഒരുന്നത വിദ്യഭ്യാസ സ്ഥാപനം വേണമെന്ന് എന്നും ആവശ്യപ്പെട്ടിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യക്കു കീഴില്‍ എം.ഇ.എ എഞ്ചിനിംയറിം കോളേജ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിനു പിന്നിലെ വലിയ ഊര്‍ജം കെ.ടി ഉസ്താദായിരുന്നു എന്ന് പലര്‍ക്കും അറിയില്ല. കോളേജ് സ്ഥാപിക്കപ്പെട്ടപ്പോള്‍, അതിന്റെ ്പ്രഥമ കണ്‍വീനര്‍ ഉസ്താദ് തന്നെയായിരുന്നു. സമസ്തക്കു കീഴില്‍ ഒരു വിദ്യഭ്യാസ ഏജന്‍സി വേണമെന്നും അത് യാഥാര്‍ത്ഥ്യമാക്കാന്‍ അണിയറ പ്രവര്‍ത്തനം നടത്തിയതും കെ.ടി ഉസ്താദ് തന്നെയായിരുന്നു. ഇന്ന് പലര്‍ക്കും അറിയാത്ത പല അണിയറ പ്രവര്‍ത്തനങ്ങളും കെ.ടി ഉസ്താദ് അന്ന് എടുത്തു വെച്ചതിന്റെ ഫലമാണ് സമുദായം ഇന്നനുഭവിക്കുന്ന പലതും.  
സമസ്തക്ക് ഓരോ കാലത്തും ഓരോ കിംഗ് മേക്കര്‍മാരുണ്ടായിട്ടുണ്ട്. തുടക്ക കാലത്ത പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാരും ശേഷം പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ് ലിയാരും റശീദുദ്ധീന്‍ മുസ മുസ് ലിയാരും പതി അബ്ദുല്‍ ഖാദിര്‍ മുസ് ലിയാരും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാരും ആ നിരയെ ധന്യമാക്കി. ശംസുല്‍ ഉലമയുടെ വിയോഗത്തോടെ സമസ്തയെന്ന് മഹാ പ്രസ്ഥാനത്തിന്റെ വാക്കും നാക്കുമായി വര്‍ത്തിച്ചത് കെ.ടി ഉസ്താദായിരുന്നു. നിര്‍ണായമായ പല തീരുമാനങ്ങള്‍ക്കും മുമ്പ് നേതാക്കള്‍ സമുദായ നേതാക്കള്‍ കെ.ടി ഉസ്താദിലേക്ക് ചെവിയോര്‍ത്തു. പാഠ പുസ്തക വിവാദം പോലെയുള്ള ഏറെ കോളിളക്കം സൃഷ്ടിച്ച വിവാദ സമയത്ത് മുസ് ലിം സംഘടനകളെയെല്ലാം ഒരു കുടക്കു കീഴില്‍ അണിനിരത്തുന്നതില്‍ അദ്ദേഹം കാട്ടിയ നയതന്ത്ര പാടവം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശംസുല്‍ ഉലമക്കു ശേഷം സമസ്തയുടെ ഏതു യോഗങ്ങളിലും അവസാനം വരെ ഇരുന്ന് എല്ലാം തീര്‍പ്പാക്കിയ ശേഷമായിരുന്നു ഉസ്താദ് മടങ്ങിയിരുന്നത്. 
നിസ്വാര്‍ത്ഥതയും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞ സംഘാടന ജീവിതമായിരുന്നു കെ.ടി ഉസ്താദ് നയിച്ചിരുന്നത്. അതിന്റെ ജീവിക്കുന്ന തെളിവുകളും അനുഭവസ്ഥരും ഇന്നും ഒരുപാട് ജീവിച്ചിരിപ്പുണ്ട്. നജാത്ത് ഇസ്‌ലാമിക് സെന്റെറിനു വേണ്ടി നിരവധി തവണ വിദേശ സന്ദര്‍ശനം നടത്തിയിരുന്ന അദ്ദേഹം ഒരിക്കല്‍ പോലും കമ്മീഷനോ അധിക ചെലവോ എടുത്തിരുന്നില്ല. സംഘടനാ പ്രവര്‍ത്തനം ജീവിത മാര്‍ഗമായി കാണുന്ന പ്രവണത വര്‍ധിച്ചു വരുന്ന കാലത്ത് കെ.ടി ഉസ്താദ് ഒരു മാതൃകയും ചൂണ്ടു പലകയുമായിരുന്നു. ആ ജീവിതം ഇനിയും വേണ്ടപ്പെട്ട രീതിയില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിച്ചതും അതിന് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതും കെ.ടി ഉസ്താദായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാന രൂപീകരണ യോഗത്തില്‍ സംഘത്തിന്റെ നയനിലപാടുകള്‍ എന്താവണമെന്ന് വിശദീകരിക്കാന്‍ നേതാക്കള്‍ ഏല്‍പ്പിച്ചത് കെ.ടി ഉസ്താദിനെയായിരുന്നു. വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജവും ഉള്‍ക്കരുത്തുമായിരുന്നു ആ നേതാവ്…

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

കെ.ടി.മാനു മുസ്ലിയാർ സാക്ഷര നവോത്ഥാനത്തിന്റെ ദിശാമുഖം

Next Post

രോദനം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next