ഇസ്ലാമിക ചരിത്രത്തിലെയും പ്രവാചക ജീവിതത്തിലെയും സുപ്രധാന അധ്യായമാണ് മക്ക ഫത്ഹ്(വിജയം). ഭൂമിയിലെ ആദ്യ ആരാധനാലയമായ കഅ്ബ ഉൾക്കൊള്ളുന്ന വിശുദ്ധ മക്ക തൗഹീദിന്റെ കേന്ദ്രമായി മാറിയതും ഇസ്ലാമിന്റെ ആഗോള വ്യാപനത്തിന് തുടക്കം കുറിച്ചതും മക്ക വിജയത്തോടെയാണ്. അന്ത്യപ്രവാചകർ തിരുദൂതർ(സ്വ)യുടെ കാരുണ്യത്തിന്റെയും ഹൃദയവിശാലതയുടെയും ഉത്തമ മാതൃക ലോകം ദർശിച്ച വേളയുമായിരുന്നു അത്.ഖുർആൻ അവതരണം,ബദ്ർ യുദ്ധം തുടങ്ങി മഹത്തായ സംഭവങ്ങൾ പോലെ മക്കാ വിജയവും നടന്നത് പരിശുദ്ധ റമളാൻ മാസത്തിലായിരുന്നു.
പശ്ചാത്തലം
ഹിജ്റ ആറാം വർഷം ഖുറൈശികളും മുസ്ലിംകളും തമ്മിൽ ഒപ്പിട്ട ഹുദൈബിയ സന്ധി ഖുറൈശികൾ ലംഘിച്ചതാണ് മക്ക വിജയത്തിന് ഹേതുവായി മാറിയത്. കരാർ പ്രകാരം ഇരുവിഭാഗവും 10 വർഷത്തേക്ക് ഒപ്പിട്ട അനാക്രമണ സന്ധി സഖ്യകക്ഷികളുടെ കാര്യത്തിലും ബാധകമായിരുന്നു. ഇത് ലംഘിച്ച് മുസ്ലിംകളുടെ സഖ്യകക്ഷിയായ ഖുസാഅ ഗോത്രത്തെ മുശ്രിക്കുകളുമായി സഖ്യമുണ്ടാക്കിയ ബനു ബക്ർ ഗോത്രം ആക്രമിച്ചു.ഈ രണ്ടു ഗോത്രങ്ങളും പൂർവ്വ കാലം മുതൽക്കേ ശത്രുതയിലായിരുന്നു. ഹിജ്റ എട്ടാം വർഷം ശഅ്ബാൻ മാസത്തിൽ അപ്രതീക്ഷിതമായുണ്ടായ ഈ ആക്രമണത്തിൽ ഖുസാഅ ഗോത്രത്തിലെ നിന്നും 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മാത്രമല്ല വ്യവസ്ഥകൾ ലംഘിച്ച് ഖുറൈശികൾ ആയുധങ്ങൾ നൽകി ബക്റിനെ സഹായിക്കുകയും ചെയ്തു. തഥവസരത്തിൽ ശത്രുക്കളുടെ വഞ്ചനയെ പറ്റി അറിയിക്കാനും സഹായം തേടിയും അംറുബ്നു സാലിമിന്റെ നേതൃത്വത്തിലുള്ള ഖുസാഅക്കാരുടെ നിവേദക സംഘം പ്രവാചകരെ സമീപിച്ചു. വാർത്തയറിഞ്ഞ പ്രവാചകൻ(സ്വ) സംരക്ഷണം ഉറപ്പു നൽകുകയും നിങ്ങൾക്ക് വിജയമുണ്ടാകുമെന്ന് അവർക്ക് വാക്ക് നൽകുകയും ചെയ്തു.
തങ്ങൾക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ ഖുറൈശികൾ മുസ്ലിംകളുടെ പ്രത്യാക്രമണത്തെ ഭയപ്പെട്ടു. നബി(സ്വ)തങ്ങളെയും മുസ്ലിംകളേയും അനുനയിപ്പിക്കാനായി അവരുടെ നേതാവായ അബൂസുഫിയാൻ മദീനയിലേക്ക് പുറപ്പെട്ടു. അദ്ദേഹം നബി(സ്വ) തങ്ങളെ നേരിട്ട് കണ്ട് കരാർ പുതുക്കാനായി ശ്രമിച്ചെങ്കിലും തങ്ങൾ അനുകൂലമായി പ്രതികരിച്ചില്ല. തുടർന്ന് അബൂബക്ർ,ഉമർ(റ) പോലെയുള്ള പ്രമുഖ സ്വഹാബിമാരെയും സമീപിച്ചെങ്കിലും അവരുടെയെല്ലാം പ്രതികരണം നിരാശജനകമായിരുന്നു. ഒടുവിൽ വെറും കയ്യോടെ അബു സുഫിയാന് മക്കയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു.
മുസ്ലിം സൈന്യം മക്കയിലേക്ക്
ഖുറൈശികളുടെ വഞ്ചനക്ക് മറുപടി നൽകാനും മക്കയെ തിരിച്ചുപിടിക്കാനും നബി(സ്വ) തങ്ങൾ തീരുമാനിച്ചു. ഹിജ്റ എട്ടാം വർഷം റമളാൻ പത്തിന് പതിനായിരം പേരടങ്ങിയ വമ്പിച്ച സൈന്യവുമായി നബി(സ്വ) തങ്ങൾ മക്കയിലേക്ക് പുറപ്പെട്ടു. അതീവ രഹസ്യമായിട്ടായിരുന്നു മുസ്ലിം സൈന്യം മക്കയിലേക്ക് നീങ്ങിയത്.ശത്രുചാരമാർ വിവരമറിഞ്ഞാൽ ഖുറൈശികൾ യുദ്ധത്തിനു തയ്യാറാവുകയും അത് മുഖേന മക്കയുടെ പവിത്രതക്ക് കോട്ടം തട്ടുമെന്നും നബി(സ്വ) തങ്ങൾ ഭയപ്പെട്ടതായിരുന്നു പദ്ധതി രഹസ്യമാക്കാൻ കാരണം. വഴിയിൽവെച്ച് മദീനയിലേക്ക് ഹിജ്റ വരികയായിരുന്ന തങ്ങളുടെ പിതൃവ്യൻ അബ്ബാസ് ബ്നു അബ്ദുൽ മുത്തലിബ് മുസ്ലിം സൈന്യത്തോടൊപ്പം ചേർന്നു.
മുസ്ലിം സൈന്യം മക്കയുടെ കവാടമായ മർറുളഹ്റാനിൽ തമ്പടിച്ചു. നബി(സ്വ) തങ്ങൾ പതിനായിരം പേരോടും രാത്രിയിൽ തീപ്പന്തം കത്തിക്കാൻ കൽപ്പിച്ചു.ശത്രുക്കൾ മുസ്ലിംകളുടെ എണ്ണപ്പെരുപ്പവും ശക്തിയും കണ്ട് ഭയപ്പെടാനും അതുവഴി പോരാട്ടത്തിന് മുതിരാതെ കീഴൊതുങ്ങാനുമായിരുന്നു തങ്ങൾ ഇങ്ങനെ കൽപ്പിച്ചത്. മുസ്ലിംകളുടെ ആഗമനമറിഞ്ഞ ഖുറൈശികൾ വസ്തുതാന്വേഷണം നടത്തി സ്ഥിരീകരിക്കാനായി അബൂസുഫിയാനെയും മറ്റുചിലരെയും നിരീക്ഷകരായിഅയച്ചിരുന്നു.അവർ തീ പ്രകാശിച്ച് നിൽക്കുന്ന മുസ്ലിംകളുടെ ടെന്റുകൾ കണ്ട് അമ്പരന്നു.ഇതിനിടെ മുസ്ലിം സൈന്യം അവരെ പിടികൂടുകയും . അബൂസുഫിയാൻ പ്രവാചക സവിധത്തിൽ ഹാജരാക്കപ്പെട്ടു. “അല്ലാഹു ഒഴികെ മറ്റൊരു ആരാധ്യനില്ലെന്ന് ഇപ്പോൾ ബോധ്യമായോ?” തങ്ങൾ അബൂസുഫ്യാനോട് ചോദിച്ചു. അബു സുഫ്യാൻ:“മറ്റൊരു ദൈവമുണ്ടെങ്കിൽ അത് എനിക്ക് ഇതുവരെ ഒരു ഗുണവും ചെയ്തില്ല”. നബി(സ്വ) വീണ്ടും ചോദിച്ചു: “ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് താങ്കൾക്ക് ബോധ്യമായോ?”.എന്നാൽ ഇതിനോട് അബൂസുഫിയാൻ അനുകൂലമായി പ്രതികരിച്ചില്ല.അപ്പോൾ അബ്ബാസ്(റ) കടന്നു വരികയും അബൂസുഫ്യാനോട് ഇസ്ലാം സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അവസാനം അബൂസുഫിയാൻ പ്രവാചക സവിധത്തിൽ വെച്ച് തന്നെ ശഹാദത്ത് കലിമ ഉച്ചരിച്ചു മുസ്ലിമായി.
റമളാൻ 17ന് മുസ്ലിം സൈന്യം മർറുളഹ്റാനിൽ നിന്ന് മക്ക ലക്ഷ്യമാക്കി നീങ്ങി.നബി(സ്വ) തങ്ങൾ സൈന്യത്തെ രണ്ടായി വിഭജിച്ചു.ഒരു വിഭാഗത്തെ ഖാലിദ് ബ്നു വലീദി(റ)ന്റെ നേതൃത്വത്തിൽ മക്കയുടെ ഇടതുഭാഗത്തിലൂടെ പ്രവേശിക്കാനായി നിയോഗിക്കുകയും മറുവിഭാഗത്തെ മക്കയുടെ വലതുഭാഗത്തിലൂടെ പ്രവേശിക്കാനായി തന്റെ കൂടെ കൂട്ടുകയും ചെയ്തു. രക്തച്ചൊരിച്ചിൽ കൂടാതെ മക്ക കീഴൊതുങ്ങണമെന്ന് നിർബന്ധമുണ്ടായിരുന്ന പ്രവാചകർ(സ്വ) ഇങ്ങോട്ട് എതിർക്കുന്നവരോടല്ലാതെ ആയുധപ്രയോഗം നടത്തരുതെന്ന് ഖാലിദ്(റ)നോട് നിർദ്ദേശിച്ചിരുന്നു. കൂടാതെ അബൂസുഫ്യാനെ മക്കയിലേക്ക് പറഞ്ഞയക്കുകയും ജനങ്ങളോട് ഇപ്രകാരം വിളംബരം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു: “ആര് മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചുവോ അവൻ സുരക്ഷിതനാണ്,സ്വന്തം വീട്ടിൽ കതകടച്ചിരിക്കുന്നവനും സുരക്ഷിതനാണ്, അബൂസുഫ്യാന്റെ വീട്ടിൽ പ്രവേശിച്ചവനും സുരക്ഷിതനാണ്”.
സമാധാനപരമായ തിരിച്ചുവരവ്
നബി(സ്വ) തങ്ങൾ എതിർപ്പുകൾ ഒന്നും കൂടാതെ മക്കയിലേക്ക് പ്രവേശിച്ചു.ഏഴു വർഷങ്ങൾക്കു മുമ്പ് തങ്ങളെ ആട്ടിപ്പുറത്താക്കിയ സ്വന്തം നാട്ടിലേക്ക് പ്രവാചകരും അനുയായികളും രാജകീയമായി തന്നെ പ്രവേശിച്ചു.അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകാശിച്ചുകൊണ്ട്, വിനയാന്വിതനായി തലതാഴ്ത്തി കൊണ്ടാണ് പ്രവാചകൻ മക്കയിലൂടെ നീങ്ങിയത്. അവിടുത്തെ അധരങ്ങൾ സൂറതുൽ ഫത്ഹ് മൊഴിഞ്ഞു കൊണ്ടിരുന്നു. എന്നാൽ ഖാലിദ്(റ)ന്റെ നേതൃത്വത്തിലുള്ള സൈന്യത്തിന് ചില എതിർപ്പുകൾ നേരിടേണ്ടി വരികയും ചെറിയ സംഘട്ടനങ്ങൾ നടക്കുകയും ചെയ്തു. ശത്രുക്കളിൽ നിന്ന് 24 പേർ കൊല്ലപ്പെട്ടു.മുസ്ലിം പക്ഷത്തിന് രണ്ടുപേരും രക്തസാക്ഷികളായി. റമളാൻ 20 വെള്ളിയാഴ്ചയായിരുന്നു മക്ക ഫത്ഹ് നടന്നത്.കഅ്ബയിലെത്തിയ പ്രവാചകൻ(സ്വ)വിശുദ്ധ ഗേഹത്തെ ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്തു. കഅ്ബക്ക് ചുറ്റിലുമായി 360 വിഗ്രഹങ്ങളുണ്ടായിരുന്നു.“സത്യം വന്നിരിക്കുന്നു, അസത്യം മാഞ്ഞുപോയിരിക്കുന്നു.തീർച്ചയായും അസത്യം മാഞ്ഞു പോകാനുള്ളതാണ്” (സൂറതുൽ ഇസ്റാഅ് 81) എന്ന ഖുർആനിക വാക്യം ഉച്ചരിച്ചുകൊണ്ട് പ്രവാചകർ(സ്വ) അവയെല്ലാം തന്റെ കയ്യിലുണ്ടായിരുന്ന വില്ലുകൊണ്ട് തച്ചുടച്ചു.ശേഷം കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനായ ഉസ്മാനുബ്നു ത്വൽഹയെ വിളിച്ച് കഅ്ബ തുറക്കാനാവശ്യപ്പെട്ടു. കഅ്ബക്കകത്തും വിഗ്രഹങ്ങളും ചിത്രങ്ങളുമുണ്ടായിരുന്നു. വിശുദ്ധ ഗേഹത്തിനകത്ത് പ്രവേശിച്ച നബി(സ്വ) അവയെല്ലാം നീക്കം ചെയ്യാനും കഅ്ബാലയത്തെ ശുദ്ധീകരിക്കാനുമാവശ്യപ്പെട്ടു.ശേഷം ബിലാൽ(റ)നെ വിളിച്ച് നബി(സ്വ) കഅ്ബക്ക് മുകളിൽ കയറി ബാങ്ക് വിളിക്കാൻ ആജ്ഞാപിച്ചു. മക്കയുടെ അന്തരീക്ഷത്തിൽ വീണ്ടും തൗഹീദിന്റെ വിളിയാളം മുഴങ്ങിക്കേട്ടു.തുടർന്ന് പ്രവാചകർ(സ്വ) ശുക്റിന്റെ നിസ്കാരം നിർവഹിച്ചു.
പ്രതികാരമില്ല; നിങ്ങൾ സ്വതന്ത്രരാണ്!
ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായിക്കൊണ്ട് മക്കക്കാർ കഅ്ബക്ക് ചുറ്റും തടിച്ചു കൂടിയിട്ടുണ്ട്. തങ്ങളുടെ ദൈവങ്ങളുടെ നിസ്സഹായാവസ്ഥ അവർക്ക് ബോധ്യപ്പെട്ടു. തങ്ങൾ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ജന്മനാട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നിരന്തരം യുദ്ധം ചെയ്യുകയും ചെയ്ത മുസ്ലിംകൾ ഇപ്പോൾ തങ്ങളെ കീഴടക്കിയിരിക്കുന്നു എന്ന ചിന്ത അവരുടെ മനസ്സിൽ ഭയപ്പാടായി മിന്നിമറിയുന്നുണ്ടായിരുന്നു. മുമ്പ് പ്രവാചകരോടും അനുയായികളോടും ചെയ്ത ക്രൂരതകൾക്ക് പ്രതികാരം ചെയ്യപ്പെടുമോയെന്ന ചിന്ത അവരെ പിടിച്ചുലക്കുന്നുണ്ടായിരുന്നു. അന്നേരം പ്രവാചകർ(സ്വ) ഖുറൈശികളെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ ചോദിച്ചു:“ഖുറൈശികളെ, ഇന്നു ഞാൻ നിങ്ങളെ എന്തു ചെയ്യുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?” അവർ പറഞ്ഞു: “ഞങ്ങൾ അങ്ങിൽനിന്നും നന്മ പ്രതീക്ഷിക്കുന്നു. നിശ്ചയം,അത്യത്തമനായ ഒരു സഹോദരനാണ് താങ്കൾ”. പ്രവാചകൻ(സ്വ) പറഞ്ഞു:“എന്നാൽ, പണ്ട് യൂസുഫ് നബി(അ) തന്റെ സഹോദരങ്ങളോട് പറഞ്ഞ അതേ വാക്കുകൾ തന്നെ ഞാനും നിങ്ങളോട് പറയുന്നു: ഇന്ന് നിങ്ങൾക്ക് പ്രതികാരമില്ല. നിങ്ങൾ സ്വതന്ത്രരായി പോയിക്കൊള്ളുക”. പ്രതികാരം ചെയ്യാൻ എല്ലാ അവസരം ഒത്തുവന്നിട്ടും നബി(സ്വ) തങ്ങൾ മക്കക്കാർക്ക് പൊതുമാപ്പ് നൽകി! സ്നേഹവും കാരുണ്യവും തുളുമ്പി നിൽക്കുന്ന ഹൃദയത്തിനുടമയായ പ്രവാചകർ(സ്വ)ക്ക് മാത്രം കഴിയുന്ന അതുല്യ മാതൃക! ലോകം മുമ്പൊരിക്കലും ദർശിച്ചിട്ടില്ലാത്ത ചരിത്രത്തിൽ എന്നും ശോഭിച്ചു നിൽക്കുന്ന പ്രവാചകരുടെ വിശാലമനസ്കതയുടെ, ഇസ്ലാമിന്റെ സഹിഷ്ണുതയുടെ ഉത്തമ പ്രതീകമായി മക്കവിജയം മാറി.ഇസ്ലാമിനെ വാളിലൂടെ പ്രചരിച്ച മതമായും പ്രവാചകനെ യുദ്ധക്കൊതിയനായും ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് മക്കാ വിജയ ചരിത്രം.
പൂർത്തീകരണം
15 ദിവസം നബി(സ്വ)യും അനുചരന്മാരും മക്കയിൽ താമസിച്ചു. ഈ സമയം മക്കക്കാരായ പുരുഷന്മാരും സ്ത്രീകളുമായ ധാരാളം പേർ നബി(സ്വ)യെ സമീപിച്ച് ഇസ്ലാം സ്വീകരിച്ചു.
ഉഹ്ദിൽ രക്തസാക്ഷിത്വം വരിച്ച പ്രവാചകരുടെ പിതൃവ്യർ ഹംസ(റ)യുടെ കരൾ മുറിച്ചെടുത്ത് ചവച്ചു തുപ്പിയ അബൂസുഫിയാന്റെ പത്നി ഹിന്ദും, ഹംസയുടെ കൊലയാളി വഹ്ശിയും നബി(സ്വ)തങ്ങൾ മാപ്പ് നൽകിയവരിൽ ഉൾപ്പെട്ടിരുന്നു.അവരെല്ലാം തങ്ങളുടെ സവിധം വന്ന് ഇസ്ലാം സ്വീകരിച്ചു. മറ്റൊരു ശത്രു പ്രമുഖനായിരുന്ന അബൂജഹലിന്റെ പുത്രൻ ഇക് രിമ മക്ക വിജയ ദിവസവും ഖുറൈശികളുടെ പ്രതിരോധങ്ങൾക്ക് നേതൃത്വം നൽകുകയും, അവസാനം പിടിക്കപ്പെടുമെന്നായപ്പോൾ യമനിലേക്ക് ഓടി രക്ഷപ്പെടാനൊരുങ്ങുകയുമായിരുന്നു. എന്നാൽ ഇസ്ലാം സ്വീകരിച്ച അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുഹക്കീം(റ)ഭർത്താവിനെ അനുനയിപ്പിച്ച് നബി(സ്വ)തങ്ങളുടെ മുമ്പിൽ ഹാജരാക്കുകയും ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.ഉടനെ ഇക്രിമയും ഇസ്ലാം സ്വീകരിച്ചു.സഫ്വാനുബ്നു ഉമയ്യ, കഅ്ബ് ബ്നു സുഹൈർ തുടങ്ങി ഖുറൈശികളുടെ മറ്റു പ്രമുഖ നേതാക്കളെല്ലാം ഇസ്ലാം സ്വീകരിച്ചു.അതുപോലെ ഇസ്ലാമിന്റെ സമ്പൂർണ്ണ ആധിപത്യത്തിൽ വന്നതോടെ മക്കയെ ബിംബങ്ങളിൽ നിന്നും പ്രവാചകർ(സ്വ)ശുദ്ധീകരിച്ചു. കഅ്ബയിലും മക്കയിലുമുള്ള മുഴുവൻ വിഗ്രഹങ്ങളും തകർക്കപ്പെട്ടു.ഖുറൈശികളുടെ പ്രധാന വിഗ്രഹങ്ങളായ ഉസ്സയെ ഖാലിദുബ്നു വലീദും സുവാഇനെ അംറുബ്നുൽ ആസും മനാത്തിനെ സഈദ് ബ്നു സൈദും തകർത്തു. ഇങ്ങനെ മക്ക ഇസ്ലാമിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാക്കിയ ശേഷം പ്രവാചകർ(സ്വ) മദീനയിലേക്ക് തന്നെ മടങ്ങി.