✍️അൽസിഫ് ചിറ്റൂർ
ഒത്തു പിടിച്ചാൽ മലയുംപോരും’ എന്നൊരു ചൊല്ല് പണ്ടുമുതലേ കേൾക്കാറുള്ളതാണ്. ഇന്ന് വളരെയധികം യാഥാർത്ഥ്യമായികൊണ്ടിരിക്കുന്നതും ആ ഒരുമയാണ്. കൈരളിയെ വേദനിപ്പിച്ച കരിപ്പൂർ വിമാന അപകടം. സംഭവമറിഞ്ഞ് ഓടിക്കൂടിയർ അവിടെ ചിത്രം പകർത്താനോ, തൊപ്പിയാണോ,കുറിയാണോ, കുരിശാണോ എന്നൊന്നും നോക്കിയില്ല. അവർ കണ്ടത് മനുഷ്യത്വമാണ്. കോരിച്ചൊരിയുന്ന മഴയെ വകഞ്ഞുമാറ്റി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ. ഏതു വാക്കുകൊണ്ടാണ് അവരെ വിശേഷിപ്പിക്കുക.
പൈലറ്റിന്റെ മനസ്സാനിദ്ധ്യം വലിയ ദുരന്തം ഒഴിവാക്കിയെങ്കിൽ നാട്ടുകരുടെ കൃതായമായ ഇടപെടലിലൂടെ അതിലകപ്പെട്ടവരെ വളരെ വേഗത്തിൽ ആശുപത്രികളിലെത്തിക്കാനും വേണ്ട പരിചരണങ്ങൾ നൽകാനും സാധിച്ചു. ദീർഘകാലത്തെ പരിചയസമ്പത്ത് ക്യാപ്റ്റൻ വിക്രം ദീപക് സാത്തേക്ക് വൻ ദുരന്തം ഒഴിവാക്കാൻ ഊർജ്ജമായി. ജീവൻ നൽകി സംരക്ഷിക്കുകയായിരുന്നു അദ്ധേഹം. എൻജിൻ ഓഫ് ചെയ്തില്ലായിരുന്നെങ്കിൽ വലിയൊരു വിമാന ദുരന്തത്തിന് മലപ്പുറവും കേരളവും സാക്ഷ്യം വഹിച്ചേനെ.
വ്യത്യസ്തതകൾ ഏറെയുണ്ടെങ്കിലും നാം ഒന്നാണ് എന്ന ബോധം ഏറ്റവും കൂടുതൽ ദർശിക്കാൻ പറ്റുന്ന സുന്ദരമായ നാട്. അവസരവാദികളും, വക്രീകരണ തൊഴിലാളികളും, ആർ.എസ്.എസും തകർക്കാൻ ശ്രമിച്ചിട്ട് നടക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരമായിട്ട് ഈ പ്രവർത്തനങ്ങൾ തന്നെ ധാരാളം. കഴിവതും മലപ്പുറത്തിന്റെ മേൽ ചളിവാരിത്തേക്കാൻ ശ്രമിക്കുന്ന അൽപ്പന്മാർക്കു മുമ്പിൽ മനുഷ്യത്വവും മതേതരത്വവും കൊണ്ട് മാതൃക പ്രസരിപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. പാലക്കാട് ആന ചരിഞ്ഞാലും പഴി മലപ്പുറത്തിന് ഇട്ടുകൊടുത്ത പരിവാരങ്ങൾക്ക് വായടപ്പൻ മറുപടിയാണ് മലപ്പുറം നൽകി കൊണ്ടിരിക്കുന്നത്. പക്ഷെ അത് വാക്കുകളിലൂടെയല്ല പ്രവർത്തനങ്ങളിലൂടെയാണ്. അതെന്നും മലപ്പുറത്തിന്റെ പ്രത്യേകതയാണ്. മലപ്പുറത്തേയും അവിടുത്തെ ജനങ്ങളേയും മനസ്സിലാക്കിയവർ വളരെ സന്തോഷത്തോടുകൂടെ ഈ പ്രതിസന്ധി ഘട്ടത്തിലെ നാട്ടുകാരുടേയും സന്നദ്ധ സേവകരുടേയും പ്രവർത്തനങ്ങളെക്കുറിച്ച് വാചാലരാകുമ്പോൾ ഇങ്ങനെയൊരു നാടിനെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുകയാണ്.
കോവിഡ്-19 പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്കെത്തിയവരുടെ കൂട്ടമാണ് വിമാനത്തിൽ. അതിൽ പോസിറ്റീവ് ആയവരുണ്ടാകും പകരാനുള്ള സാഹചര്യങ്ങളേറെ. പക്ഷെ മലപ്പുറത്തെ മനുഷ്യർ അതൊന്നും വകവെക്കാതെ തങ്ങളുടെ കൈകുമ്പിളിൽ അവരെ കോരിയെടുക്കുമ്പോൾ അവിടെ മനുഷ്യത്ത്വത്തിന്റെ പുതിയൊരു കവാടം തുറന്നിടുകയാണ് ചെയ്തത്. റോഡുകളിലെ നിയന്ത്രണവും, ആവശ്യമുള്ളവർക്ക് ബ്ലഡ് എത്തിക്കാനുള്ള നീണ്ടവരിയും, എല്ലാം കൊണ്ടും നിറഞ്ഞ് നിൽക്കുകയായിരുന്നു മലപ്പുറത്തെ മനുഷ്യർ
പോലീസുകാർ, നാട്ടുകാർ, ആതുരസേവകർ, സന്നദ്ധ സേവകർ തുടങ്ങി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവനാളുകൾക്കും നന്ദി പ്രകിശിപ്പിക്കുകയാണ്. സാഹചര്യത്തിന്റെ സമ്മർദ്ദത്തിലും തോരാതെ പെയ്യുന്ന മഴയിലും തന്റെ സഹോദരന് തണലാകാൻ ഇവർക്ക് സാധിച്ചു. നമുക്ക് മാതൃകയാണ് ഇവർ. ഉള്ളിൽ പൂഴ്ത്തിവെച്ച വർഗ്ഗീയതയുടെ മാറാപ്പുകൾ ഇറക്കിവെച്ച് നല്ല നാളേക്കുവേണ്ടി ഒരു ചങ്ങലെ പോലെ ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതങ്ങളേയും, മതാചാരങ്ങളേയും, ഐക്യത്തോടു കൂടി സഞ്ചാരം നടത്തുന്ന നാടുകളേയും അവിടെ താമസിക്കുന്ന ജനങ്ങളെയുമൊക്കെ ഇല്ലാതാക്കാനും അടച്ചാക്ഷേപിക്കാനും സമയം കണ്ടെത്തുന്ന വ്യക്തികൾ അതിൽ നിന്ന് പിന്മാറി നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിലൂടെ മുന്നോട്ട് പോകണം. അതിന് മലപ്പുറം നമുക്കൊരു പാഠമാകട്ടെ.