എണ്ണമെന്നര്‍ത്ഥമുള്ള അദദ് എന്ന പദത്തില്‍ നിന്നാണ് ഇദ്ദ എന്ന പദം ഉരുത്തിരിഞ്ഞത്.സാധാരണ ഗതിയില്‍ (ആര്‍ത്തവങ്ങള്‍ക്കിടയില്‍ വരുന്ന) ശുദ്ധികളുടെ എണ്ണത്തെയും മാസങ്ങളുടെ എണ്ണത്തെയും അടിസ്ഥാനമാക്കിയാണ് ഇദ്ദ ആചരിക്കുന്നത് എന്നതാണ് പ്രസ്തുത നാമകരണത്തിന് കാരണം. ഗര്‍ഭാശയം ഗര്‍ഭമുക്തമാണെന്ന് അറിയാനോ തഅബ്ബുദിയോ(മതശാസന) മരിച്ചു പോയ ഭര്‍ത്താവിനെ കുറിച്ചുള്ള ദുഃഖസൂചനയായോ സ്ത്രീ നിശ്ചിത കാലം കാത്തിരിക്കലാണ് ശറഇല്‍ ഇദ്ദ. പിതൃപാരമ്പര്യത്തില്‍ സമ്മിശ്രം സംഭവിക്കാതിരിക്കാനാണ് അടിസ്ഥാനപരമായി ഇദ്ദ നിയമമാക്കിയത്.ഭര്‍ത്താവിൻ്റെ ബീജം തൻ്റെ ഉദരത്തില്‍ വികസിക്കുന്നുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാനുള്ള ഭാര്യയുടെ കാത്തിരിപ്പാണ് ഇദ്ദയുടെ കാലാവധി.വിവാഹബന്ധം മുറിയുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് ഇത് നിര്‍ബന്ധമാകുന്നു.
ദാമ്പത്യബന്ധം അവസാനിക്കുന്ന സാഹചര്യങ്ങളില്‍,ഭര്‍ത്താവിൻ്റെ വസതിയിലാണ് ഭാര്യ ഇദ്ദക്കായി കഴിഞ്ഞു കൂടേണ്ടത്.കാലതാമസം കൂടാതെ ദാമ്പത്യബന്ധം ദൃഢമാക്കാന്‍ ദമ്പതികള്‍ കഴിയുന്നത്ര ശ്രമിക്കേണ്ട കാലാവധിയുമാണിത്. ബന്ധം വേര്‍പ്പെട്ട ഭാര്യ ഈ കാലാവധിക്ക് ശേഷം മാത്രമേ മറ്റു വിവാഹാലോചനകള്‍ക്കു മുതിരാവൂ എന്നാണ് ഖുര്‍ആനിക കല്‍പ്പന(ബഖറ: 235). സന്താന പരമ്പര സംശയാസ്പദമായി തീരാതെ പിതൃത്വം കാത്തുസൂക്ഷിക്കലാണ് ഇദ്ദ കൊണ്ട് ലക്ഷ്യമാക്കുന്നതെങ്കിലും നാഥൻ്റെ കല്‍പ്പനക്ക് വഴിപ്പെടലാണ് മര്‍മ്മപ്രധാനം. ഇണയും തുണയുമായി ജീവിച്ച ദമ്പതികള്‍ക്ക് ഈ വേളയില്‍ അകല്‍ച്ചയുടെ വ്യസനം ബോധ്യമായി,ദാമ്പത്യ ജീവിതത്തിലേക്ക് മടങ്ങാനും സാധ്യമാകും.
കാലയളവ്
ഇദ്ദയുടെ കാലയളവ് വിവാഹബന്ധം വേര്‍പ്പെടുന്നതിന്റെ സാഹചര്യങ്ങളനുസരിച്ച് പ്രസവകാലം, മാസമുറ, മാസക്കണക്ക് എന്നിങ്ങനെ മൂന്ന് വിധത്തിലാണ്.
പ്രസവകാലം:
ഭര്‍ത്താവിൻ്റെ മരണസമയത്തോ വിവാഹബന്ധം വേര്‍പ്പെടുത്തുന്ന സമയത്തോ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഗര്‍ഭകാലമാണ് ഇദ്ദയുടെ കാലാവധി. പ്രസവിക്കല്‍ കൊണ്ടാണ് ഈ ഇദ്ദ അവസാനിക്കുക(സൂറതു ത്വലാഖ്: 04)ബന്ധം വേര്‍പെടുത്തിയ പെണ്ണിൻ്റെ പ്രസവവുമായി ബന്ധിച്ച സാമ്പത്തിക ആവശ്യങ്ങളും ഭര്‍ത്താവാണ് വഹിക്കേണ്ടത്(സൂറതുൽ ബഖറ: 233).
മാസമുറ:
ഗര്‍ഭിണി അല്ലാത്ത,സാധാരണ ഗതിയില്‍ ആര്‍ത്തവരക്തമുള്ള സ്ത്രീയെ ഭര്‍ത്താവ് ത്വലാഖ് ചൊല്ലിയാലാണ് ‘മാസമുറ’ കണക്കനുസരിച്ച് ഇദ്ദ അനുവര്‍ത്തിക്കല്‍ ബാധകമാകുന്നത്.ശുദ്ധിയും ആര്‍ത്തവവും കൂടിയ കാലയളവാണ് മാസമുറ. ഈ കാലയളവ് മൂന്നു ഖുര്‍അ്(ശുദ്ധികാലം) ആണെന്നാണ് ഖുര്‍ആനികാദ്ധ്യാപനം(സൂറതുൽ ബഖറ: 228). രണ്ട് ആര്‍ത്തവങ്ങള്‍ക്കിടയിലെ കാലമാണ് ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ ശുദ്ധികാലം കൊണ്ട് ഉദ്ദേശിക്കുന്നത്.ശുദ്ധിയുടെ കുറഞ്ഞ കാലപരിധി പതിനഞ്ച് ദിവസമാണ്.ശുദ്ധിയിലായിരിക്കെ മൊഴി ചൊല്ലപ്പട്ടെ പെണ്ണിന് രണ്ട് ആര്‍ത്തവം കഴിഞ്ഞ്, മൂന്നാമത്തെ ശുദ്ധിയിലേക്ക് പ്രവേശിക്കുന്നതോടെ ഈ കാലാവധി അവസാനിക്കുന്നു. മൊഴി ചൊല്ലിയ ശേഷം ഒരല്പനേരം ശുദ്ധിയിലായി ഭാര്യ കഴിഞ്ഞാലും അതൊരു ശുദ്ധിയായി പരിഗണിക്കപ്പെടുകയും മൂന്നാമത്തെ ശുദ്ധിയിലേക്ക് പ്രവേശിക്കുന്നതോടെ അവളുടെ ഇദ്ദ അവസാനിക്കുന്നതുമാണ്(ഫത്ഹുൽ മുഈൻ: 405).
മാസക്കണക്ക്:
ഗര്‍ഭിണിയല്ലാത്ത, ഭര്‍ത്താവ് മരണപ്പെട്ടവളോ ആര്‍ത്തവ രക്തമില്ലാത്ത വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകളോ ആണ് മാസക്കണക്കനുസരിച്ച് ഇദ്ദ പൂര്‍ത്തീകരിക്കേണ്ടത്. ഭര്‍ത്താവ് മരിച്ച,ഗര്‍ഭിണി അല്ലാത്ത സ്ത്രീകള്‍ നാലുമാസവും പത്ത് ദിവസവും ആര്‍ത്തവ രക്തം ഇല്ലാത്തവരോ നിലച്ചവരോ ആയ വിവാഹമോചിതരായ സ്ത്രീകള്‍ മൂന്നുമാസവുമാണ് ഇദ്ദയിരിക്കേണ്ടത്(സൂറതു ത്വലാഖ്: 04).
ഭര്‍ത്താവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത പെണ്ണാണെങ്കിലും മരണത്തോടനുബന്ധിച്ചുള്ള ഇദ്ദ ഭാര്യക്ക് നിര്‍ബന്ധമാണ്.എങ്കിലും ഇദ്ദ കാലാവധി ഗര്‍ഭധാരണം തിരിച്ചറിയാനുള്ള മാര്‍ഗ്ഗമായതിനാല്‍ ത്വലാഖ് ചൊല്ലപ്പെട്ട,ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവള്‍ക്ക് ഈ കാത്തിരിപ്പിൻ്റെ ആവശ്യമില്ല. ദാമ്പത്യ ജീവിതത്തിൻ്റെ ആനന്ദം രുചിച്ചറിയാത്ത അവള്‍ക്ക് വിവാഹമോചനാനന്തരം ഉടന്‍തന്നെ മറ്റു വരനുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാവുന്ന സൗകര്യം ഇസ്ലാം അനുവദിച്ചിട്ടുണ്ട്(സൂറതുൽ അഹ്‌സാബ്: 49).
ആര്‍ത്തവമില്ലാത്തവള്‍ വിവാഹമോചനത്തിനു ശേഷം ആര്‍ത്തവകാരിയായിത്തീര്‍ന്നാല്‍ വീണ്ടും മാസ മുറക്കണക്കനുസരിച്ചുള്ള ഇദ്ദയാണ് അനുഷ്ഠിക്കേണ്ടത്.പ്രസ്തുത വിഷയത്തില്‍ ആര്‍ത്തവമുള്ളവളാകുന്നതിനു മുമ്പുള്ള അവളുടെ സമയം ഒരു ശുദ്ധിയായി കണക്കാക്കപ്പെടുകയില്ല. ഇദ്ദയുടെ കാലയളവ് പൂര്‍ത്തീകരിച്ച ശേഷം ആര്‍ത്തവക്കാരിയായി തീര്‍ന്നവള്‍ക്ക് മാസമുറ അനുസരിച്ചോ ആര്‍ത്തവം നിലച്ചവള്‍ക്ക് മാസക്കണക്കനുസരിച്ചോ ഇദ്ദ പുതുക്കേണ്ടതില്ല(ഫത്ഹുൽ മുഈൻ: 405,406). മാസമുറയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, സ്ത്രീകളുടെ വ്യക്തിപരമായ കാര്യമായതിനാല്‍ അവരുടെ മൊഴിയാണ് അവലംബിക്കുക.മടക്കിയെടുക്കാനുള്ള ഭര്‍ത്താവിൻ്റെ അവകാശം ഹനിക്കാന്‍ വേണ്ടിയോ വേറെ വിവാഹം കഴിക്കാനുള്ള ധൃതി കാരണമോ ഭാര്യ മാസമുറ സംബന്ധിച്ചു കളവു പറഞ്ഞുകൂടാ എന്ന് ഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തുന്നു(സൂറതുൽ ബഖറ: 228). ഈ കാലയളവില്‍ മറ്റൊരു വരനുമായി അവള്‍ വിവാഹബന്ധം പുലര്‍ത്തിയാല്‍ പ്രസ്തുത വിവാഹം അസാധുവാണ്; അവരെ വേര്‍പിരിക്കേണ്ടതുമാണ്.
ഇദ്ദ കാലാവധിയില്‍ ഭാര്യയോടുള്ള സമ്പര്‍ക്കം
വിവാഹമോചനാനന്തരമുള്ള ഇദ്ദയുടെ വേളയില്‍ ഭര്‍ത്താവിനോടുള്ള ദാമ്പത്യകടപ്പാടുകളില്‍ നിന്നും ഭാര്യ സ്വതന്ത്രയായിരിക്കും. ഭര്‍ത്താവിന് ഈ കാലാവധിയില്‍ അവളുമായി ബന്ധപ്പെടാനോ സമ്പര്‍ക്കം പുലര്‍ത്താനോ പാടുള്ളതല്ല(അസ്‌നൽ മത്വാലിബ്: 5/334). എന്നിരുന്നാലും വിവാഹബന്ധത്തിലേക്ക് മടങ്ങാന്‍ സാധ്യതയുള്ളതുകൊണ്ട് ഭര്‍ത്താവിൻ്റെ സമ്മതം കൂടാതെ നിര്‍ബന്ധിത സാഹചര്യങ്ങളിലല്ലാതെ അവള്‍ക്ക് പുറത്തിറങ്ങല്‍ പോലും അനുവദനീയമല്ല.
ഭര്‍ത്താവിനെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതിലോ അണിഞ്ഞൊരുങ്ങുന്നതിലോ തടസ്സമില്ല(അസ്‌നൽ മത്വാലിബ്: 5/324). അവര്‍ ഇപ്പോഴും ഇണങ്ങിച്ചേരാനുള്ള അവസരം ഉള്ളതിനാല്‍ സൂചനവാചകങ്ങള്‍ കൊണ്ടുപോലും ഭാര്യ മറ്റൊരുത്തനുമായി വിവാഹാലോചന നടത്തരുത്.ഈ കാലപരിധിക്കുള്ളില്‍ ഭര്‍ത്താവ് മരിക്കുകയാണെങ്കില്‍ ഭാര്യക്കും തിരിച്ചും അനന്തരാവകാശമുണ്ടായിരിക്കും.
ദുഃഖാചരണം
ഭര്‍ത്താവ് നിര്യാതനായതിനെ തുടര്‍ന്നുള്ള ഇദ്ദ കര്‍മ്മത്തില്‍ ദുഃഖാചരണം ഇസ്ലാമിക കല്‍പ്പനയാണ്.റജഇയ്യായ(മടക്കിയെടുക്കാവുന്ന) ത്വലാഖില്‍ ദുഃഖാചരണം അനുഷ്ഠിക്കേണ്ടതില്ല.മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ടവളിലും വേണ്ടെന്ന് പ്രബലാഭിപ്രായമുണ്ടെങ്കിലും അവളില്‍ ദുഃഖാചരണം സുന്നത്താണ്. ഭംഗിക്ക് വേണ്ടി പകലില്‍ സ്വര്‍ണ്ണം,വെള്ളി എന്നിവ കൊണ്ടോ വജ്രം പോലോത്തവ കൊണ്ടോ നിര്‍മ്മിതമായ ആഭരണങ്ങള്‍ ധരിക്കല്‍(വസ്ത്രം കൊണ്ട് മറയുന്ന ആഭരണങ്ങളും ഇവയില്‍ ഉള്‍പ്പെടും), ഭംഗി പ്രകടമാക്കുന്ന തരത്തില്‍ ചായം മുക്കപ്പെട്ട വസ്ത്രം ധരിക്കല്‍, സുഗന്ധ ദ്രവ്യം ഉപയോഗിക്കല്‍, നേത്രരോഗ ശമനത്തിന് വേണ്ടിയല്ലാതെ സുറുമ ഉപയോഗിക്കല്‍, തലമുടിയില്‍ എണ്ണ തേക്കല്‍ എന്നിവ അവള്‍ പാടേ ഉപേക്ഷിക്കേണ്ടതാണ്. എന്നാല്‍ ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളില്‍ എണ്ണ തേക്കുന്നതിനോ ഭംഗിക്ക് വേണ്ടിയല്ലാതെ ചായം മുക്കപ്പെട്ട വസ്ത്രം ധരിക്കുന്നതിനോ വിരോധമില്ല(ഫത്ഹുൽ മുഈൻ: 407). മരിക്കുന്നതിനു മുമ്പ് ഭര്‍ത്താവുമൊന്നിച്ച് അവള്‍ താമസിച്ചിരുന്ന വീട്ടില്‍ കഴിയുകയും നിര്‍ബന്ധമായി രാത്രി അവിടെ കഴിച്ചുകൂട്ടുകയും വേണം.പകല്‍ സമയത്ത് അത്യാവശ്യങ്ങള്‍ക്ക് വേണ്ടി പുറത്തു പോകുന്നതില്‍ വിരോധമില്ല.ദുഃഖാചരണം പൂര്‍ത്തിയാകുന്നത് വരെ പ്രത്യക്ഷമായ വാചകങ്ങള്‍ കൊണ്ട് വിവാഹാലോചന നടത്തല്‍ അനുവദനീയമല്ല.എന്നാല്‍ സൂചന പ്രയോഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.ഇദ്ദ പൂര്‍ത്തിയാകുന്നതോടെയാണ് ദുഃഖാചരണത്തിൻ്റെ കാലയളവും അവസാനിക്കുന്നത്. അഥവാ ഗര്‍ഭിണി പ്രസവം വരെയും മറ്റുള്ളവര്‍ നാലുമാസവും പത്ത് ദിവസവും ദുഃഖം ആചരിക്കല്‍ നിര്‍ബന്ധമാണ്.
👍