താബിഉകളിൽ പ്രമുഖനും പ്രഗൽഭ പണ്ഡിതനും ഭൗതികപരിത്യാഗിയുമാണ് ഇമാം ഹസനുൽ ബസ്വരി(റ).ഹസൻ അബുസഈദ് ബ്നു അബുൽ ഹസൻ യസാർ അൽബസ്വരി എന്നാണ് പൂർണ്ണനാമം.അമീറുൽ മുഅ്മിനീൻ ഉമർ ബിൻ ഖത്താബി(റ)ൻ്റെ ഭരണകാലത്ത് ഹി.21(ക്രി.642) മദീനയിലാണ് ഇമാമവർകൾ ജനിച്ചത്.
സൗഭാഗ്യം നിറഞ്ഞ ബാല്യം
പിതാവ് യസാര്‍ പ്രമുഖ സ്വഹാബി സൈദുബ്‌നു സാബിതി(റ)ൻ്റെ അടിമയായിരുന്നു. മാതാവ് ഖൈറ ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ഉമ്മു സലമ ബീവി(റ)യുടെ അടിമയും. പ്രവാചക പത്‌നിമാരുടെ വീട്ടില്‍ വളരാനും പ്രമുഖ സ്വഹാബിമാരുടെ സഹവാസം നേടാനുമുള്ള മഹത്തായ ഭാഗ്യം ചെറുപ്പത്തില്‍ തന്നെ ഹസനുല്‍ ബസ്വരി(റ)ന് ലഭിച്ചു.പലപ്പോഴും മാതാവ് വല്ല ആവശ്യത്തിനും പുറത്തുപോകുമ്പോള്‍ കരയുന്ന കുഞ്ഞു ഹസനെ സമാധാനിപ്പിക്കാന്‍ ഉമ്മുസലമ ബീവി(റ) മുലകൊടുക്കാറുണ്ടായിരുന്നു.ഈ ബര്‍കതാണ് വൈജ്ഞാനിക രംഗത്തും ആത്മീയ മേഖലയിലും ഹസന്‍(റ) ഉന്നതസ്ഥാനത്തെത്താന്‍ കാരണമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഉമര്‍,ഉസ്മാന്‍,അലി(റ) തുടങ്ങി പ്രമുഖ സ്വഹാബിവര്യന്മാരുടെ സാമീപ്യം ചെറുപ്പത്തില്‍ തന്നെ മഹാനവര്‍കള്‍ക്ക് ലഭിച്ചിരുന്നു.ഒരിക്കല്‍ ഉമര്‍(റ) ഹസനെ നോക്കി ഇപ്രകാരം പ്രാര്‍ത്ഥിച്ചു:”അല്ലാഹുവേ, ഈ കുട്ടിയെ നീ മതത്തില്‍ വിവരസ്ഥനാക്കുകയും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കുകയും ചെയ്യേണമേ”. പ്രവാചക തിരുമേനിയുടെ ദീര്‍ഘകാല സേവകനായിരുന്ന പ്രമുഖ സ്വഹാബി അനസ് ബ്‌നു മാലിക്(റ) ആയിരുന്നു ഹസന്‍ ബസ്വരിയുടെ പ്രധാന ഗുരുവര്യര്‍.
ബസ്വറയില്‍
ഹി. 657ലെ സ്വിഫീന്‍ യുദ്ധശേഷം ഹസനുല്‍ ബസ്വരിയുടെ കുടുംബം ബസ്വറയിലേക്ക് കുടിയേറി. അന്ന് മഹാനവര്‍കള്‍ക്ക് 14 വയസ്സായിരുന്നു. വൈജ്ഞാനിക രംഗത്ത് ഏറെ കേളികേട്ട ബസ്വറയില്‍ സ്വഹാബിവര്യനായ അബ്ദുല്ലാഹി ബിനു അബ്ബാസ്(റ)ൻ്റെ ദര്‍സില്‍ ചേര്‍ന്ന് പഠിച്ചു.തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങി വിജ്ഞാന ശാഖകളിലെല്ലാം വലിയ പാണ്ഡിത്യം നേടി.ശേഷം ബസ്വറയില്‍ തന്നെ സ്ഥിരതാമസമാക്കുകയും ആത്മീയ സദസ്സുകള്‍ സംഘടിപ്പിച്ച് ജനങ്ങളെ സംസ്‌കരിക്കുകയും ചെയ്തു. വൈജ്ഞാനിക സദസ്സുകളിലൂടെ ജനങ്ങളുടെ സംശയങ്ങള്‍ക്ക് നിവാരണം നല്‍കാനും സമയം ചെലവഴിച്ചു. ധീരനായിരുന്ന ഹസന്‍(റ) ധാരാളം യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്.മുആവിയ(റ)ൻ്റെ ഭരണകാലത്ത് ഖുറാസാന്‍ ഗവര്‍ണര്‍ റബീഉബ്‌നു റബീഇൻ്റെ എഴുത്തുകാരനായും ജോലി ചെയ്തിരുന്നു.
അല്ലാഹുവിനെ ഓര്‍ത്ത് കരഞ്ഞ ആബിദ്
വലിയ ആബിദും മുത്തഖിയുമായിരുന്നു ഹസനുല്‍ ബസ്വരി(റ). തൻ്റെ പ്രഭാഷണങ്ങളിലെല്ലാം മരണസ്മരണയും പാരത്രിക ജീവിതവുമെല്ലാം പ്രതിപാദിച്ചിരുന്ന മഹാനവര്‍കള്‍ ആത്മീയ ലോകത്ത് ഉന്നതിയിലെത്തിയവരായിരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും മറ്റും അദ്ദേഹം നന്നായി കരയുമായിരുന്നു. ഇലാഹി ചിന്തകളില്‍ കണ്ണീര്‍ വാര്‍ക്കുന്ന മഹാനവര്‍കളുടെ അനുഭവങ്ങള്‍ ധാരാളമുണ്ട്.ഒരിക്കല്‍ കരഞ്ഞ് കരഞ്ഞ് കണ്ണീര്‍തുള്ളി അടുത്തുള്ള ആളുടെ വസ്ത്രത്തിലായി.അപ്പോള്‍ അയാള്‍ ചോദിച്ചു:’‘ഈ വെള്ളം ശുദ്ധിയാണോ അതോ അശുദ്ധിയാണോ?” ഉടനെ മഹാനവര്‍കള്‍ പറഞ്ഞു:”ഒരു പാപിയുടെ കണ്ണില്‍ നിന്ന് ഉതിര്‍ന്ന കണ്ണുനീര്‍ അശുദ്ധിയാണ്.അതുകൊണ്ട് വസ്ത്രം കഴുകിയതിന് ശേഷം നിസ്‌കരിച്ചോള്ളൂ…”
ഹജ്ജാജിന് മുമ്പിലെ ഗാംഭീര്യം
ബസ്വറയില്‍ സ്ഥിരതാമസമാക്കിയതോടെ ഹസനുല്‍ ബസ്വരി എന്ന പേരില്‍ പ്രസിദ്ധനായി.ബസ്വറയുടെ മത രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു ഇമാമവര്‍കള്‍. സത്യം തുറന്നു പറയുന്നതില്‍ മഹാനവര്‍കള്‍ ആരെയും ഭയപ്പെട്ടിരുന്നില്ല.ചരിത്രത്തിലെ വിവാദനായകനായ ഹജ്ജാജ് ബ്‌നു യൂസുഫ് ഇറാഖില്‍ ഗവര്‍ണ്ണറായി അതിക്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന കാലത്ത്,അദ്ദേഹത്തിൻ്റെ ക്രൂരതകളെയും അതിക്രമങ്ങളെയും ജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ മുന്‍പന്തിയില്‍ ഹസന്‍ ബസ്വരി(റ)യുണ്ടായിരുന്നു.ഈ വിഷയം ഹജ്ജാജിൻ്റെ ചെവിയിലെത്തി. അദ്ദേഹം കോപാകുലനായി ഹസനുല്‍ ബസ്വരിയെ പിടിച്ചുകൊണ്ടുവരാന്‍ തൻ്റെ സൈന്യത്തെ വിട്ടു, മഹാനവര്‍കളുടെ തലയെടുക്കാനായിരുന്നു നീക്കം.വൈകാതെ ഹസനുല്‍ ബസ്വരി ഹജ്ജാജിൻ്റെ അടുക്കലേക്ക് വന്നു.ജനങ്ങളുടെ ഹൃദയങ്ങള്‍ പിടക്കാന്‍ തുടങ്ങി. വാളൂരി നില്‍ക്കുന്ന ഹജ്ജാജിനെയും സൈന്യത്തെയും കണ്ടപാടെ ഹസനുല്‍ ബസ്വരി(റ)യുടെ അധരങ്ങള്‍ മന്ത്രിക്കാന്‍ തുടങ്ങി. പിന്നീട് നടന്നത് അല്‍ഭുതം! ഹസന്‍ ബസ്വരിയുടെ ഈമാനികമായ ഗാംഭീര്യം കണ്ട് ഹജ്ജാജ് പേടിച്ചു വിറച്ചു.അദ്ദേഹം പറഞ്ഞു:”അബൂ സഈദ്…ഇങ്ങോട്ട് വരൂ, അങ്ങ് ഇവിടെ ഇരുന്നാലും”. തുടര്‍ന്ന് ഹജ്ജാജ് മഹാനവര്‍കളെ തൻ്റെ വിരിയിലിരുത്തി ഓരോരോ മത കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. മഹാനവര്‍കള്‍ ഓരോന്നിനും യുക്തവും വ്യക്തവുമായ മറുപടിയും നല്‍കി.ഹജ്ജാജ് പറഞ്ഞു:”അബൂസഈദ്…നിങ്ങള്‍ പണ്ഡിത നേതാവാണ്”. പിന്നീട് ഹജ്ജാജ് സുഗന്ധദ്രവ്യം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ഹസനുല്‍ ബസ്വരിയുടെ താടിയില്‍ പുരട്ടി അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തു.ഇതെല്ലാം കണ്ട് ആളുകള്‍ അത്ഭുതപരതന്ത്രരായി.ഹജ്ജാജിൻ്റെ വാളും പരിവാരങ്ങളും കണ്ടപ്പോള്‍ താങ്കളുടെ അധരങ്ങള്‍ എന്താണ് മന്ത്രിച്ചതെന്ന് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ മറുപടി പറഞ്ഞു:”ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു: എൻ്റെ അനുഗ്രഹങ്ങളുടെ ഉടയോനെ,പ്രതിസന്ധി ഘട്ടങ്ങളിലെ എൻ്റെ അഭയമേ, ഇബ്‌റാഹീം നബി(അ)ക്ക് തീകുണ്ഡത്തെ തണുപ്പും രക്ഷയുമാക്കിയതു പോലെ, ഹജ്ജാജിൻ്റെ ഈ കുതന്ത്രത്തെ എനിക്കും തണുപ്പും രക്ഷയുമാക്കേണമേ’‘.
സാഹിത്യകാരന്‍ തത്വജ്ഞാനി
അറബി സാഹിത്യത്തില്‍ വളരെ കഴിവുണ്ടായിരുന്നു ഹസനുല്‍ ബസ്വരി(റ)ക്ക്. മഹാനവര്‍കളുടെ വാക്കുകളധികവും തത്വജ്ഞാനങ്ങളായിരുന്നു.മഹാനായ ഉമറുബ്‌നു അബ്ദുല്‍ അസീസ്(റ) ഭരണമേറ്റപ്പോള്‍ അദ്ദേഹം ഹസന്‍(റ)വിന് എഴുതി:”ഞാന്‍ ഈ കാര്യം കൊണ്ട് പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്.എനിക്ക് കുറച്ച് സഹായികളെ താങ്കള്‍ കണ്ടുപിടിക്കണം”. ഹസന്‍(റ) മറുപ ടിയയച്ചു:”ഭൗതിക ചിന്താഗതിക്കാരെ താങ്കള്‍ ഉദ്ദേശിക്കുന്നുണ്ടാവില്ല. പാരത്രിക ചിന്താഗതിക്കാരാവട്ടെ, ആ പ്രവൃത്തി ആഗ്രഹിക്കുകയുമില്ല. അതിനാല്‍ അല്ലാഹുവിനെക്കൊണ്ട് സഹായം തേടുക… വസ്സലാം”.മറ്റൊരിക്കല്‍ നിങ്ങളെ ഒരാള്‍ കുറ്റം(പരദൂഷണം) പറഞ്ഞിരിക്കുന്നുവെന്ന് ഹസന്‍ ബസ്വരി(റ)യോട് ഒരാള്‍ പറഞ്ഞു.ഹസന്‍ ബസ്വരി(റ) കുറ്റം പറഞ്ഞ വ്യക്തിക്ക് ഒരു തളിക മധുര പലഹാരങ്ങള്‍ കൊടുത്തുവിട്ടു, ഇങ്ങനെ പറയാന്‍ പറഞ്ഞു:”നിങ്ങള്‍ നിങ്ങളുടെ നന്മകള്‍ എനിക്ക് സമ്മാനമായി നല്‍കിയിട്ടുണ്ടെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ട്.അതിനു പകരമായിതാ ഞാന്‍ നിങ്ങള്‍ക്കീ മധുരം നല്‍കുന്നു…”
വഫാത്
ഉസ്മാന്‍(റ),ഇംറാനുബ്‌നു ഹുസൈന്‍(റ),മുഗീറതുബ്‌നു ശുഅബ(റ),ഇബ്‌നു അബ്ബാസ്(റ),ഇബ്‌നു ഉമര്‍(റ),അബ്ദുറഹ്‌മാനുബ്‌നു സമുറ(റ),സമുറതു ബ്‌നു ജുന്‍ദുബ്(റ),ജുന്‍ദാബുല്‍ ബദ്‌ലി(റ) തുടങ്ങിയവരില്‍ നിന്ന് ഇമാമവര്‍കള്‍ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഹിജ്‌റ 110 (ക്രി. 728) റജബ് മാസം ബസ്വറയില്‍ വെച്ച് ഹസനുല്‍ ബസ്വരി(റ) വഫാത്തായി. വഫാത്താകുന്നതിന് മുമ്പ് ഒരാള്‍ വന്ന് മഹാനായ ഇബ്നു സിരീന്‍(റ) നോട് പറഞ്ഞു:”പള്ളിയില്‍ നിന്ന് നല്ലൊരു ചരല്‍ക്കല്ല് ഒരു പക്ഷി എടുത്തുകൊണ്ടുപോകുന്നത് ഞാന്‍ സ്വപ്നം കണ്ടു”.ഇബ്നു സിരീന്‍(റ) പറഞ്ഞു: ”സ്വപ്നം സത്യമാണെങ്കില്‍ ഹസന്‍(റ) വഫാത്തായിരിക്കുന്നു”. അധികം താമസിയാതെ ഹസനുല്‍ ബസ്വരി(റ) വഫാത്തായ വിവരം അവര്‍ക്ക് ലഭിച്ചു.വഫാത്താകുമ്പോള്‍ മഹാനവര്‍കള്‍ക്ക് 88 വയസ്സായിരുന്നു. വ്യായാഴ്ച ദിവസം വഫാത്തായ മഹാനവര്‍കളെ വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിനു ശേഷമാണ് മറമാടിയത്. ആളുകളെല്ലാം ജനാസയെ അനുഗമിച്ചതിനാല്‍ അന്ന് അസ്വറിന് ജമാഅതിന് പള്ളിയില്‍ ആരുമില്ലാത്ത അവസ്ഥയുണ്ടായി.ബസ്വറയില്‍ സുബൈര്‍ ജില്ലയിലാണ് മനോഹരമായ താഴികക്കുടങ്ങളോട് കൂടി ഹസന്‍ ബസ്വരി(റ)യുടെ മഖ്ബറ സ്ഥിതിചെയ്യുന്നത്. ഇബ്‌നു സിരീന്‍(റ)വും അടുത്തുതന്നെ അന്ത്യവിശ്രമം കൊള്ളുന്നു.
വളരെ നല്ല ലേഖനം. ഇസ്ലാം മത വിദ്യാർത്തികൾക് ഏറെ ഉപകാരപ്രദം