റമളാൻ മാസത്തിൽ പ്രത്യേകമായി സുന്നത്താക്കപ്പെടുന്ന ഇരുപത് റക്അത്ത് നിസ്കാരമാണ് തറാവീഹ്. ‘തർവിഹത്ത്’ എന്ന പദത്തിൻ്റെ ബഹുവചനമാണ് തറാവീഹ്. വിശ്രമം എന്നാണ് ഈ പദം കൊണ്ടു അർത്ഥമാക്കുന്നത്. ഓരോ നാലു റക്അത്തുകൾക്കിടയിലും നബി(സ്വ)യും അനുചരരും ഒരു ചെറിയ വിശ്രമമെടുത്തിരുന്നു.ഇതുമായി ബന്ധപ്പെട്ടാണ് ഈ നിസ്കാരത്തിന് പ്രസ്തുത പേര് ലഭ്യമായത്. ഈ നാമം പ്രവാചകനുചരരുടെ കാലത്ത് തന്നെ സുപരിചിതവുമാണ്.
നിയമ പശ്ചാത്തലം
ഹിജ്റ 2 നാണ് തറാവീഹ് നിയമമാക്കപ്പെടുന്നത്. പ്രമുഖ സ്വഹാബിവര്യൻ നുഅ്മാൻ ബിൻ ബശീർ(റ)വിൽ നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:“ഞങ്ങൾ നബി(സ്വ)യുടെ നേത്യത്വത്തിൽ റമളാനിലെ ഇരുപത്തിമൂന്നാം രാവിൽ രാത്രിയുടെ മൂന്നിലൊരു ഭാഗം വരെയും ഇരുപത്തഞ്ചാം രാവിൽ രാത്രിയുടെ പകുതി വരെയും ഇരുപത്തേഴാം രാവിൽ പുലർച്ചയോടടുക്കും വരെയും നിസ്കരിച്ചു”(നസാഈ,ദാരിമി,ഹാകിം). തുടർന്നുള്ള എട്ടു വർഷവും നബി(സ്വ) തനിച്ചാണ് തറാവിഹ് നിസ്കരിച്ചത്. ‘സംഘടിതമായി നിസ്കരിച്ച രാത്രികളിലുള്ള സ്വഹാബത്തിൻ്റെ ആവേശം കണ്ടപ്പോൾ സമുദായത്തിൻ്റെ മേൽ ഇത് നിർബന്ധമാകുമോ എന്ന ഭയംമൂലം നാലാം ദിവസം നിസ്കാരത്തിന് നേതൃത്വം നൽകാനായി നബി(സ്വ) പള്ളിയിലേക്ക് വന്നില്ല'(തുഹ്ഫ 2-240,നിഹായ 2-115).
ഉമർ (റ)വിൻ്റെ ഭരണകാലത്ത് സ്വഹാബികൾ ഒറ്റക്കും ചെറിയ ചെറിയ കൂട്ടങ്ങളായും തറാവീഹ് നിസ്കരിക്കുന്നത് അദ്ദേഹം കാണാനിടയായി. ഹിജ്റ 14ന് ഉമർ(റ) എല്ലാവരും ഒറ്റ ജമാഅത്തായി നിസ്കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.തുടർന്ന് മസ്ജിദുന്നബവിയിൽ ഉബയ്യു ബിൻ കഅ്ബ് (റ) ഇമാമായി നിന്നുകൊണ്ട് 20 റക്അത്ത് ഒറ്റ ജമാഅതയുള്ള തറാവീഹ് നിസ്കാരം ആരംഭിച്ചു.
റക്അതിന്റെ പ്രമാണികത
നബി (സ്വ)യുടെ കൂടെ മുമ്പ് വിശദീകരിച്ച രാത്രികളില്‍ തറാവീഹ് നിസ്‌കരിച്ച നിരവധി സ്വഹാബികള്‍ ഉമര്‍(റ)ന്റെ കാലത്തുണ്ട്. അവര്‍ ആരും ഖലീഫ ഉമര്‍(റ)
നടപ്പില്‍ വരുത്തിയ ഈ നല്ല ബിദ്അത്തിനെ എതിര്‍ത്തില്ല. അവരുടെ മൗനം പ്രവാചകരുടെ കാലത്ത് തന്നെ തറാവീഹ് 20 റക്അത്താണെന്നതിനുള്ള സുകൂതിയായ ഇജ്മാഅ് ഉണ്ട് എന്ന് സ്ഥിരപ്പെടുത്തുന്നു.പിന്നീട് ഗവേഷണയോഗ്യരായ പണ്ഡിതര്‍ 20 റക്അത്താണെന്നതില്‍ യോജിച്ചപ്പോള്‍ ഖുര്‍ആന്‍, സുന്നത്ത്, പ്രമാണങ്ങളെപ്പോലെ ഖണ്ഡിത പ്രമാണമായി ‘ഇജ്മാഅ് ‘ എന്ന പദവിയിലേക്ക് ഉയര്‍ന്നു.അംഗീകരിക്കപ്പെടുന്ന നാലു മദ്ഹബിലും തറാവീഹ് 20 റക്അത്ത് തന്നെയാണ്.ആകയാല്‍, തറാവീഹ് 20 റക്അത്താണെന്ന് ഇജ്മാഅ് കൊണ്ട് സ്ഥിരീകരിക്കപ്പെട്ടു. ഇജ്മാഇനെ നിഷേധിക്കുന്നവര്‍ വിശ്വാസത്തില്‍ പിഴവ് സംഭവിക്കുന്നവരിലുള്‍പ്പെടുകയും ചെയ്യും.എട്ട് റക്അത്തുകള്‍ എന്ന വാദത്തെ തെളിയിക്കുന്ന വിശ്വാസ്യ യോഗ്യമായ ഒരു തെളിവും തന്നെയില്ല.എങ്കിലും തറാവീഹ് 20 റക്അത്താണ് എന്ന വിശ്വാസപ്രകാരം ആരെങ്കിലും ഒരാള്‍ ഇരുപതില്‍ കുറവ് നിസ്‌കരിച്ചാലും പ്രതിഫലം ലഭിക്കും.
രൂപം
ഇശാഅ് നിസ്കാരം കഴിഞ്ഞ് സുബ്ഹി വെളിവാകുന്നതുവരെയാണ് തറാവീഹ് അനുവർത്തിക്കേണ്ട സമയം. പ്രവാചകർ (സ്വ) തങ്ങളുടെ മൂന്നുദിവസത്തെ പ്രവർത്തനമാണ് ഈ സമയത്തിനുള്ള തെളിവ്.തറാവീഹിന്റെ ആദ്യ സമയത്ത് (ഇശാഅ് നിസ്കാരം കഴിഞ്ഞ ഉടനെ)നിസ്കരിക്കലാണ് ഏറ്റവും ഉത്തമം(ഫത്ഹുൽ മുഈൻ 168). പ്രാരംഭ പ്രാർത്ഥന(ദുആഉൽ ഇഫ്തിതാഹ്) ഒഴിവാക്കൽ കറാഹത്താണ്. എല്ലാ ഈ രണ്ട് റക്അത്തുകൾ കഴിയുമ്പോഴും സലാം വീട്ടൽ നിർബന്ധമാണ്. ഇങ്ങനെ പത്ത് സലാം കൊണ്ടാണ് തറാവീഹ് നിസ്കാരം നിർവഹിക്കേണ്ടത്(ഫത്ഹുൽ മുഈൻ 168).ഓരോ അത്തഹിയാത്തിലും സലാം വീട്ടുന്നതിനാൽ തവറുകിൻ്റെ (അവസാനത്തെ അത്തഹിയാത്തിലെ) ഇരുത്തമാണ് സുന്നത്ത്. നാല് റക്അത്ത് ഒരുമിച്ച് നിസ്കരിക്കൽ അനുവദനീയമല്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും ജമാഅത്തായി തറാവീഹ് നിസ്കരിക്കൽ പ്രത്യേക സുന്നത്തുണ്ട്. സ്ത്രീകൾ വീട്ടിൽ നിന്നും പുരുഷന്മാർ പള്ളിയിൽ നിന്നുമാണ് നിസ്കരിക്കേണ്ടത്.ശാഫിഈ മദ്ഹബനുസരിച്ചും മാലികി മദ്ഹബനുസരിച്ചും 36 റക്അത് വരെ നിസ്കരിക്കാവുന്നതാണ്. ശാഫിഈ മദ്ഹബിൽ 20 റക്അത്ത് നിസ്കരിക്കലാണ് ഏറ്റവും പുണ്യകരമായത്.
ശ്രേഷ്ഠതകൾ
‘ഖിയാമു റമളാന്‍’ എന്ന പേരില്‍ പണ്ഡിതര്‍ പരിചയപ്പെടുത്തിയ തറാവീഹ്, റമളാനില്‍ മാത്രം രാത്രിയില്‍ നിര്‍വഹിക്കേണ്ട ശ്രേഷ്ഠമായ സുന്നത്ത് നമസ്‌കാരമാണ്.“വിശ്വാസത്തോടെ, പ്രതിഫലം കാംക്ഷിച്ച് റമളാനിലെ നമസ്‌കാരം നിര്‍വ്വഹിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങളത്രയും പൊറുക്കപ്പെടും”(ബുഖാരി,മുസിം,തുര്‍മുദി). തിരുമേനി(സ്വ) പറയുന്നു:“അല്ലാഹു നിങ്ങള്‍ക്ക് റമളാനിലെ വ്രതം നിര്‍ബന്ധമാക്കുകയും, നമസ്‌കാരം സുന്നത്താക്കുകയും ചെയ്തു. വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചും ആരെങ്കിലും നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയും മാതാവ് പ്രസവിച്ച ദിവസത്തേത് പോലെ അവന്‍ കുറ്റവിമുക്തനും നിര്‍മലനുമായിത്തീരുകയും ചെയ്യും”(അന്നസാഈ).ഉപര്യുക്ത ഹദീസുകളിലെ നമസ്‌കാരത്തിന്റെ വിവക്ഷ തറാവീഹാണെന്ന് ഇമാം നവവിയും അല്ലാമാ കിര്‍മാനിയും വ്യക്തമാക്കിയിട്ടുണ്ട്.ഓരോ ദിവസത്തെ തറാവീഹിനും പ്രത്യേകം മഹത്തായ പ്രതിഫലങ്ങളും മഹാന്മാര്‍ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചത് കാണാം.
Very useful in this ramadan