+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ശൈഖുൽ ജാമിഅഃ; ഒരു യുഗത്തിന്റെ പണ്ഡിതൻ

ശൈഖുൽ ജാമിഅഃ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ആമുഖങ്ങളും അനുബന്ധങ്ങളും അന്യമായ മഹാൻ. പാണ്ഡിത്യം,വിനയം, ദീർഘവീക്ഷണം, സമർപ്പണം എന്നിവയുടെ അപൂർവ സംഗമമായിരുന്നു ആ മഹാജീവിതം. വിജ്ഞാനത്തിന്റെ വെളിച്ചംകൊണ്ട് തലമുറകൾക്ക് ദിശാബോധം നൽകുകയും ഒരു പതിറ്റാണ്ട് കാലം സമസ്ത എന്ന മഹാ പ്രസ്ഥാനത്തിൻറെ അമരത്തിരിക്കുകയും ചെയ്ത പണ്ഡിത സൂര്യൻ. ഇങ്ങനെ വർണ്ണനകൾക്കതീതമായ മഹത് വ്യക്തിത്വം

ജനനവും കുടുംബവും

മലപ്പുറം ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നുത്ത് മൂസ ഹാജി-മാടമ്പി ഈയാത്തു കുട്ടി ദമ്പതികളുടെ മകനായി 1945ലാണ് ആലിക്കുട്ടി ഉസ്താദിൻറെ ജനനം. അറേബ്യയിൽ നിന്ന് കോഴിക്കോട് ചാലിയത്ത് കുടിയേറിപ്പാർത്ത പൗര പ്രമുഖനിലേക്കാണ് മഹാന്റെ തറവാട് ചെന്നെത്തുന്നത്. ചാലിയത്തു നിന്ന് തിരൂരിലേക്കും അവിടെനിന്ന് തൂതയിലേക്കും പിന്നീട് വലമ്പൂരിലേക്കും കുടിയേറി പാർത്തവരാണ് പൂർവികർ.മാതാവിൻറെ കുടുംബം മലപ്പുറത്തെ പൊടിയാട്ടിലെ മാടമ്പി തറവാട്ടിലേക്കും ചെന്നെത്തുന്നു.

പ്രാഥമിക പഠനവും ദർസീ ജീവിതവും

മഹാനവർകളുടെ പ്രാഥമിക വിദ്യാഭ്യാസം തിരൂർക്കാട് മാപ്പിള സ്കൂളിലും പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലുമായിരുന്നു.ഔപചാരികമായ കിതാബോത്ത് പഠനത്തിന് തുടക്കമാകുമ്പോൾ ശൈഖുനാക്ക് എട്ട് വയസ്സായിരുന്നു പ്രായം.ഇരുമ്പുഴി തെക്കുംമുറി ദർസിൽ പെരിന്തൽമണ്ണ സൈതാലി മുസ്ലിയാരുടെ അടുക്കലായിരുന്നു തുടക്കം.ആ ദർസിൽ നിന്നാണ് പ്രാഥമിക കിതാബുകളെല്ലാം മഹാനവർകൾ ഓതിത്തീർത്തത്. നാലുവർഷത്തെ ഇരുമ്പുഴി പഠനകാലത്തിന് ശേഷം പ്രസിദ്ധമായ പുത്തനങ്ങാടി പള്ളിയിൽ വളപുരം കെ.ടി മുഹമ്മദ് മുസ്‍ലിയാരുടെ കീഴിലായി പഠനം.
വളരെ കുറച്ച് കാലം മാത്രമാണ് അവിടെ ചിലഴിച്ചത്. പിന്നീട് പടിഞ്ഞാറ്റുമുറി ദർസിൽ ചേർന്ന ശൈഖുനാ അതിനിടയിൽ പ്രമുഖ പണ്ഡിതൻ അബ്ദുൽ ഖാദിർ എന്ന കായി മുസ്‍ലിയാരുടെ അരിപ്ര പള്ളിയിൽ പഠനം നടത്തി വീണ്ടും പടിഞ്ഞാറ്റുമുറിയിൽ തിരിച്ചെത്തി.പെരിമ്പലം ബാപ്പുട്ടി മുസലിയാരായിരുന്നു ഉസ്താദ്.അവിടെവെച്ചാണ് ഉപരിപഠനത്തിന് പോകുന്നത്.സമസ്തയ്ക്കു കീഴിലുള്ള ഉന്നതകലാലയമായ ജാമിഅ നൂരിയ അറബിയ്യയിൽ
1964-ൽ ആണ് മഹാനവർകൾ എത്തുന്നത്. താഴെക്കോട് കുഞ്ഞലവി മുസ്‍ലിയാർ, ശംസുൽ ഉലമ, കോട്ടുമല ഉസ്താദ്, കെ.സി ജമാലുദ്ദീൻ മുസ്‍ലിയാർ, വെല്ലൂർ അബൂബകർ ഹസ്രത്ത് എന്നിവരായിരുന്നു ജാമിഅയിലെ പ്രധാന ഉസ്താദുമാർ. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സയ്യിദ് അലി ബാഫഖി തങ്ങളും അക്കാലത്ത് ശൈഖുനയുടെ സഹപാഠികളായിരുന്നു.
ജാമിയ പഠനകാലയളവിലാണ് ഇംഗ്ലീഷ്,ഉർദു ഭാഷകൾ ആഴത്തിലറിയുന്നത്.വിവിധ അറബ് മാസികകൾ വായിച്ച് അറബി സാഹിത്യലും മഹാൻ ഉന്നതി നേടി.അന്ന് അറബ് – ഇസ്രയേൽ യുദ്ധം നടക്കുന്ന സമയമായിരുന്നതിനാൽ അതുമായി ബന്ധപ്പെട്ട് റേഡിയോയിൽ നിന്നും കേൾക്കുന്ന അറബി ന്യൂസ് കേട്ട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നത് ഉസ്താദായിരുന്നു.

സേവന പാതയിൽ

1968-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽനിന്ന് ബിരുദം നേടിയ ശേഷം ആദ്യമായി സേവനം നടത്തിയത് മീനാർകുഴി പള്ളിയിലായിരുന്നു.പിന്നീട് 1978-മുതൽ രണ്ട് വർഷം ചെമ്മങ്കടവും മുദാരിസായി സേവനമനുഷ്ഠിച്ചു.ശേഷം 1979-ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ മഹാനായ ശംസുൽ ഉലമ(റ)യുടെ ഒഴിവിലേക്ക് മുദരിസായി വരികയും അന്ന് മുതൽ മരണം വരെ അരനൂറ്റാണ്ടോളം അധ്യാപനം തുടരുകയും ചെയ്തു. അതിനിടയിൽ 2003-ൽ ജാമിഅയുടെ പ്രിൻസിപ്പാൾ ആയി തെരഞ്ഞെടുക്കപ്പെട്ടു. അത് മുഖേന ‘ശൈഖുൽ ജാമിഅ’എന്ന അപരനാമത്തിൽ ലോകമൊട്ടാകെ മഹാൻ അറിയപ്പെട്ടു.

ആകർഷണീയമായ നേതൃത്വപാടവം

ഒരുപാട് പദവികൾ അലങ്കരിക്കുമ്പോഴും വിനയം മുഖമുദ്രയാക്കിയ ജീവിതമായിരുന്നു മഹാൻ്റേത്. തൻറെ പഠനകാലത്ത് തന്നെ (പതിനാറാം വയസ്സിൽ) തിരൂർക്കാട് മഹല്ല് പള്ളി ഖത്തീബായും ഇരുപതാം വയസ്സിൽ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ടു.1970ൽ സമസ്ത പെരിന്തൽമണ്ണ താലൂക്ക് സെക്രട്ടറിയും, 1976ൽ സമസ്ത മലപ്പുറം ജില്ല വൈസ് പ്രസിഡണ്ടുമായി. 1978 മുതൽ ജാമിഅ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓസ്ഫോജനയുടെ ജനറൽ സെക്രട്ടറിയായി. സമസ്തയുടെ കീഴഘടകമായ എസ്.വൈ.എസ്. ജനറൽ സെക്രട്ടറിയായി 1992 മുതൽ 2016 വരെ പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതൽ സംസ്ഥാന മുസ്‌ലിം ഓർഫനേജ് കോഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡൻ്റാവുകയും ചെയ്തു.
അൽ മുഅല്ലിം,അൽ നൂർ,സുന്നി അഫ്കാർ മാസികകളുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

സമസ്തയുടെ കാര്യദർശി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ പണ്ഡിതന്മാരുമായി നേരത്തെ ബന്ധമുണ്ടെങ്കിലും 1978-ൽ മലപ്പുറത്ത് നടന്ന സുന്നി സമ്മേളനത്തോടെയാണ് സംഘടനാ പ്രവർത്തനങ്ങളിൽ മഹാനവർകൾ കൂടുതൽ സജീവമാകുന്നത്.1979-ൽ സമസ്തയുടെ ഏകീകൃത പരീക്ഷാ ബോർഡിൽ അംഗമായതോടെയാണ് ഔദ്യോഗിക രംഗത്ത് ഇടപെടൽ ശക്തമാകുന്നത്. 1987-ൽ സമസ്ത കേന്ദ്ര മുശാവറയിലെത്തിയ മഹാനവർകൾ, 1991-ൽ സുന്നി യുവജന സംഘത്തിന്റെ പുനഃസംഘടനയ്ക്കുശേഷം ജനറൽ സെക്രട്ടറിയുമായി. ഇതിനിടയിൽ സംഘടനാ തലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. പിന്നീട് 2013-ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജോയിന്റ് സെക്രട്ടറിയായും, 2016-ൽ സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദിന്റെ വഫാത്തിനെ തുടർന്ന് സമസ്തയുടെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായും ശൈഖുനായെ തിരഞ്ഞെടുക്കപ്പെട്ടു.

മഹാനവർകളുടെ നേതൃത്വകാലം സമസ്തയുടെ വളർച്ചയിൽ നിർണായകമായ ഒരു കാലഘട്ടമായിരുന്നു. സംഘടനാപരമായും വിദ്യാഭ്യാസരംഗത്തും ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് ഈ കാലഘട്ടത്തിൽ ഉണ്ടായത്. സമസ്തയ്ക്ക് കീഴിലെ മത–ഭൗതിക സമന്വയ വിദ്യാഭ്യാസ സംവിധാനങ്ങളുടെ വികസനത്തിന് ശൈഖുനായുടെ ദീർഘവീക്ഷണവും മാർഗനിർദേശങ്ങളും വലിയ പങ്കുവഹിച്ചു. പാരമ്പര്യം സംരക്ഷിച്ചുകൊണ്ട് ഈ സംവിധാനങ്ങൾ സമസ്തയുടെ ചട്ടക്കൂടിനുള്ളിൽ തന്നെ വളരണമെന്ന നിലപാടിൽ മഹാനവർകൾ അവസാനകാലം വരെയും ഉറച്ചുനിന്നു.

ആഗോള പണ്ഡിതൻ

കേരളത്തെ പരിധികൾക്കപ്പുറം ലോക തലത്തിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു ശൈഖുൽ ജാമിഅഃ.ശംസുൽ ഉലമ(റ)ഉൾപ്പെടെയുള്ള ഗുരുനാഥന്മാരിൽ നിന്ന് ആർജിച്ച വിജ്ഞാനവും സമസ്തയിലൂടെ നേടിയ സംഘടനാപരമായ അറിവുകളും മഹാനവർകളെ അന്തർദേശീയ വേദികളിലേക്ക് ഉയർത്തി.

1978-ൽ യുവത്വത്തിൽ തന്നെ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ് യൂണിവേഴ്സിറ്റിയുടെ സിലബസ് രൂപീകരണ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.പിന്നീട് കേരള, മദ്രാസ് സർവകലാശാലകൾ ഉൾപ്പെടെയുള്ള അക്കാദമിക വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തതോടെ രാജ്യ തലങ്ങളിൽ ശ്രദ്ധ നേടി.2003–2006 കാലത്ത് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായും തുടർന്ന് 2006–2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചതോടെ ലോക പണ്ഡിതനായി അറിയപ്പെട്ടു. ആ സമയത്താണ് മഹാനവർകളുടെ ഇടപെടലിലൂടെയാണ് കരിപ്പൂരിൽ നിന്ന് നേരിട്ട് മദീനയിലേക്കുള്ള ഹജ്ജ് വിമാനസർവീസ് യാഥാർഥ്യമായത്.

2008-ൽ ഈജിപ്തിലെ അൽ അസ്‌ഹർ സർവകലാശാലയിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് പകരക്കാരനായി പങ്കെടുത്ത ശൈഖുനാ, സഊദി അറേബ്യ, ഈജിപ്ത്, ലിബിയ, തുർക്കി, സെനഗൽ, ഇറാഖ്, മൊറോക്കോ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 2011-ലെ ലിബിയയിൽ പ്രസിഡൻ്റ് മുഅമ്മർ ഗദ്ദാഫിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലും 2012-ലെ മൊറോക്കോ ആഗോള സംഗമത്തിലും,സെനഗലിൽ നടന്ന കോൺഫറൻസുകളിലുമെല്ലാം ‘തസവ്വുഫ്’ വിഷയത്തിലെ ഉസ്താദിൻറെ പഠനപ്രബന്ധങ്ങൾ ശ്രദ്ധേയമായി.

അതിനപ്പുറം ആഗോളതലത്തിലറിയപ്പെടുന്നത് മക്കയിലെ റാബിത്വയിൽ നടന്ന ഫിഖ്ഹ് കൗൺസിൽ ചർച്ചയിലെ വൈജ്ഞാനിക ഇടപെടലിനെ തുടർന്നാണ്.മുസ്‌ലിം വേൾഡ് ലീഗിന്റെ ഇസ്‌ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മഹാനവർകൾ പിന്നീട് റാബിത്വയുടെയും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിന്റെയും പ്രത്യേക ക്ഷണിതാവു കൂടിയായിരുന്നു. മക്കയിലെ മുഹമ്മദ് അലവി മാലിക്കി ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ പ്രമുഖ പണ്ഡിതന്മാരുമായി മഹാനവർകൾ അടുത്ത ബന്ധം പുലർത്തിയിരുന്നു.

വിയോഗം

ഈ കഴിഞ്ഞ വ്യാഴാഴ്ച (2026 ജൂലൈ 23) വൈകുന്നേരം 3 മൂന്നു മണിയോടടുത്ത സമയത്തായിരുന്നു ആ പണ്ഡിത കുലപതിയുടെ വിയോഗം. ഏവരും കൊതിക്കുന്ന രൂപത്തിൽ മൂന്ന് തഹ്‌ലീലുകൾ ഉറക്കെ ചൊല്ലിയായിരുന്നു അവിടുന്ന് ഈ ലോകത്തോട് വിട പറഞ്ഞത്. തുടർന്ന് വീട്ടിലും അൻവർ സ്കൂൾ മുറ്റത്തും ദർശനത്തിന് വെച്ച മഹാനെ അവസാന നോക്ക് കാണാൻ ആയിരങ്ങളാണ് വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്നത്.ആ വിയോഗം ഒരു യുഗത്തിന്റെ അസ്തമയമായിരുന്നു. എങ്കിലും, മഹാനവർകൾ പകർന്ന അറിവും ആദർശങ്ങളും വളർത്തിയ സ്ഥാപനങ്ങളും ശിഷ്യസമ്പത്തും എന്നും സമൂഹത്തിന് വഴികാട്ടിയായി നിലനിൽക്കും.

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

ലോകകപ്പ്: ബഹിഷ്കരിക്കേണ്ടവർ തോളിലേറ്റുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ഇമാം ഹസനുൽ ബസ്വരി(റ)

താബിഉകളിൽ പ്രമുഖനും പ്രഗൽഭ പണ്ഡിതനും ഭൗതികപരിത്യാഗിയുമാണ് ഇമാം ഹസനുൽ ബസ്വരി(റ).ഹസൻ അബുസഈദ് ബ്നു അബുൽ ഹസൻ യസാർ…
0
Would love your thoughts, please comment.x
()
x