+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഹദീസിലെ ശൈഖാനി

അല്ലാഹുവിന്റെ കലാമായ വിശുദ്ധ ഖുർആനിന് ശേഷം ഇസ്ലാമിക പ്രമാണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹദീസ്. ഖുർആനും ഉലൂമുൽ ഖുർആനും പോലെ ഹദീസും ഉലൂമുൽ ഹദീസും വ്യത്യസ്തമായ വിജ്ഞാനശാഖകളായി വികസിച്ചിട്ടുണ്ട്. അന്ത്യനാൾ വരെയുള്ള മനുഷ്യരാശിക്ക് വഴികാട്ടിയായി നിയോഗിക്കപ്പെട്ട നബി ﷺയുടെയും അവിടുത്തെ സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകളും പ്രവൃത്തികളും മൗനാനുവദങ്ങളുമാണ് സാങ്കേതിക അർത്ഥത്തിൽ ഹദീസ് എന്ന് പറയുന്നത്.

ഹദീസ് ക്രോഡീകരണം

നബി ﷺ യുടെ കാലത്ത് എഴുത്തും വായനയും അറിയുന്നവർ കുറവായിരുന്നതിനാൽ വഹിയും ഖുർആനിക വചനങ്ങളും അവിടുത്തെ തിരുമൊഴികളും രേഖപ്പെടുത്തിവെക്കുന്നവർ കുറവായിരുന്നു. അബൂബക്ർ (റ) ൻ്റെ കാലത്ത് ഖുർആൻ ക്രോഡീകരിക്കപ്പെട്ടുവെങ്കിലും ‘രണ്ടാം ഉമർ’ എന്നറിയപ്പെടുന്ന ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസ് (റ) യുടെ കാലത്താണ് വലിയ രീതിയിലുള്ള ഹദീസ് രചനകൾ സമൂഹത്തിന് സംഭാവന ചെയ്യപ്പെടുന്നത്.
ഈ ഉമ്മത്തിന് കലർപ്പില്ലാതെ ഹദീസുകൾ എത്തിച്ചുതരികയും ലോക മുസ്‌ലിംകൾ മുഴുവനും ഒരുപോലെ അംഗീകരിക്കുകയും ചെയ്യുന്ന അസ്സിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന ആറ് കിതാബുകളാണ് സ്വഹീഹുൽ ബുഖാരി, സ്വഹീഹുൽ മുസ്‌ലിം, സുനനു അബൂ ദാവൂദ്, സുനനു തിർമിദി,
സുനനു നാസാഈ, ഇബ്നു മാജ എന്നിവ.

ശൈഖാനി

ഹദീസ് ശേഖരിച്ച പണ്ഡിതന്മാരിൽ ഏറ്റവും പ്രധാനികളാണ് ഇമാം ബുഖാരി(റ)വും ഇമാം മുസ്‌ലിം(റ)വും. ഈ രണ്ട് മഹാന്മാർ ഹദീസിലെ “ശൈഖാനി” എന്നും ഇവർ ഒരുമിച്ച് റിപ്പോർട്ട് ചെയ്ത ഹദീസുകളെ “മുത്തഫഖുൻ അലൈഹി” എന്നും വിളിക്കുന്നു. മുൻകാലങ്ങളിലും സമകാലിക കാലഘട്ടത്തിലും ഉണ്ടായ ഒട്ടുമിക്ക പുത്തനാശയക്കാർക്കുപോലും ഇമാം ബുഖാരി (റ) യുടെയും ഇമാം മുസ്‌ലിമി (റ) ന്റെയും സ്വഹീഹ് ഗ്രന്ഥങ്ങളുടെ പ്രാമാണികതയെക്കുറിച്ച് ഈ അടുത്ത കാലം വരെ എതിർപ്പുണ്ടായിരുന്നില്ല.

മുഹമ്മദ് ബിൻ ഇസ്മായിൽ അൽ ബുഖാരി (റ)

അബു അബ്ദുല്ലാഹ് മുഹമ്മദ് ബ്നു ഇസ്മാഈൽ ബ്നു ഇബ്രാഹിം ബ്നു മുഖീരതുബ്നു ബാറുദിസുബ എന്നാണ് പൂർണ്ണനാമം. ഖുറാസാനിലെ (ഇന്നത്തെ ഉസ്ബക്കിസ്ഥാൻ) ബുഖാറ എന്ന പ്രദേശത്ത് ഹിജ്റ 194 ശവ്വാൽ 13ന് (ക്രി. 810 ജൂലൈ 21) ജുമുഅക്ക് ശേഷം മഹാനവർകൾ ജനിച്ചു. ചെറുപ്പത്തിൽ തന്നെ പിതാവ് മരണപ്പെട്ട മഹാനെ ഉമ്മയാണ് വളർത്തിയത്. ചെറുപ്പത്തിൽ കാഴ്ച നഷ്ടപ്പെട്ട മഹാനുവേണ്ടി ഉമ്മ പ്രാർത്ഥിക്കുകയും അതുമൂലം, ഒരിക്കൽ ഇബ്രാഹിംനബി(അ) സ്വപ്നത്തിൽ വന്ന് കാഴ്ച തിരിച്ചു കിട്ടി എന്ന് അറിയിക്കുകയും അത് യാഥാർത്ഥ്യമാവുകയും ചെയ്തു. ചെറുപ്പത്തിലെ നല്ല ബുദ്ധിയും ഓർമ്മശക്തിയുമുണ്ടായിരുന്നു. പത്താം വയസ്സിൽ തന്നെ ഖുർആൻ മനപ്പാഠമാക്കുകയുണ്ടായി.
ധനികനായി വളർന്ന മഹാൻ സൂക്ഷ്മതയിലും അല്ലാഹുവിനോടുള്ള അചഞ്ചലമായ തഖ്‌വയിലുമായി ഇല്മിനു വേണ്ടി ജീവിതം മാറ്റിവെച്ചു. അതുകൊണ്ടുതന്നെ ഇമാമവർകൾ ഹദീസ് പണ്ഡിതന്മാരുടെ സുൽത്താൻ, ഹദീസിലെ അമീറുൽ മുഅമിനീൻ, മുജ്തഹിദീങ്ങളുടെ ഇമാം എന്ന പേരിലെല്ലാം അറിയപ്പെടുന്നു. സ്വഹീഹുൽ ബുഖാരിക്ക് പുറമെ ഇമാമിന്റെ പ്രധാന സംഭാവനകൾ: അൽ-അദബുൽ മുഫ്റദ്, അത്താരീഖുൽ കബീർ, അത്തഫ്സീറുൽ കബീർ, അൽ-ജാമിഉൽ കബീർ തുടങ്ങിയവ. പ്രധാനപ്പെട്ട ശിഷ്യന്മാർ: ഇമാം മുസ്‌ലിം(റ), ഇമാം തിർമിദി(റ), ഇബ്നു ഖുസൈമ(റ). ബുഖാരിയിലെ ഭരണാധികാരി ഖാലിദുബ്നു മുഹമ്മദുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സ്വദേശം വെടിഞ്ഞ് സമർഖന്തിലേക്ക് പോയി. അവിടെവച്ച് ഹിജ്റ 256 (ക്രി.870) ശവ്വാൽ 16 ഈദുൽ ഫിത്തറിൻ്റെയന്ന് രാത്രി 62-ാം വയസ്സിൽ മഹാനവർകൾ വഫാത്തായി.

സ്വഹീഹുൽ ബുഖാരി

യഥാർത്ഥ പേര് അൽ-ജാമിഉൽ മുസ്നദുൽ സ്വഹീഹുൽ മുഖ്തസർ മിൻ ഉമൂരി റസൂലില്ലാഹി ﷺ വസുനനിഹി വഅയ്യാമിഹി. ഖുർആനിന് ശേഷം ലോക മുസ്‌ലിംകൾക്കിടയിൽ ഏറ്റവും സ്വീകാര്യയോഗ്യമായ ഗ്രന്ഥം. ലോകത്തിൻറെ പല ദിക്കുകളിലും പ്രസിദ്ധീകരിക്കപ്പെടുകയും ഒരുപാട് രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യപ്പെടുന്നു.
ഇമാമവർകൾ 16 വർഷം കൊണ്ട് 6 ലക്ഷം ഹദീസുകളിൽ നിന്നുമാണ് ബുഖാരിയിലെ 7225 ഹദീസുകളെ ക്രോഡീകരിച്ചത് (ആവർത്തനം ഒഴിവാക്കിയാൽ നാലായിരം). അവയിൽ 32 സുലാസിയാത്തുകൾ (ഇമാമിനും നബി ﷺ ഇടയിൽ ആകെ മൂന്ന് റാവിമാർ ഉള്ള ഹദീസുകൾ) ഉൾപ്പെടുന്നു.
ബുഖാരി രചിക്കാനുള്ള കാരണം ഇമാമവർകൾ പറയുന്നു: “ഞാൻ ഇസ്ഹാഖ് ഇബ്‌നു റാഹവൈഹ് എന്നവരുടെ കൂടെയായിരുന്നു. അപ്പോൾ നമ്മുടെ അസ്ഹാബിൽ നിന്ന് ചിലർ ഞങ്ങളോട് പറഞ്ഞു: നിങ്ങൾ നബി ﷺ യുടെ സ്വഹീഹായ ഹദീസുകളിൽ ഒരു സമഗ്രമായ ഒരു ഗ്രന്ഥത്തെ ഒരുമിച്ചു കൂട്ടിയിരുന്നെങ്കിലോ? അത് എന്റെ ഹൃദയത്തിൽ പതിച്ചു”. അപ്പോൾ ഞാൻ ഈ ഗ്രന്ഥം രചിക്കാൻ ഉദ്ദേശിച്ചു.
മുസ്‌ലിംകൾക്കിടയിൽ ഇത്രമാത്രം സ്വീകാര്യത ലഭ്യമാക്കാൻ ഒരുപാട് കാരണങ്ങളുണ്ട്: ഒരു ഹദീസ് എഴുതുന്നതിന്റെ മുമ്പ് കുളിക്കുകയും 2 റക്കഅത്ത് സുന്നത്ത് നിസ്കരിക്കുകയും ചെയ്യുമായിരുന്നു. സ്വഹീഹുൽ സിത്തയുടെ മറ്റു അഞ്ചുപേരും റിപ്പോർട്ട് ചെയ്ത പലരിൽ നിന്നും ബുഖാരി ഇമാം റിപ്പോർട്ട് ചെയ്തില്ല. ഒരു റാവിയിൽ നിന്ന് ഒരു ഹദീസ് റിപ്പോർട്ട് ചെയ്യാൻ അദ്ദേഹത്തെ നേരിട്ട് അഭിമുഖം ചെയ്യണം എന്ന നിബന്ധന ഇമാം വച്ചിരുന്നു.

ഇമാം മുസ്‌ലിം ഇബ്നു ഹജ്ജാജ് (റ)

പൂർണ്ണനാമം അബുൽ ഹുസൈൻ മുസ്‌ലിം ഇബ്‌നുൽ ഹജ്ജാജ് ഇബ്‌നു മുസ്‌ലിം അൽ-ഖുശൈരി അൻ-നൈസാബൂരി എന്നാണ്. ഹുഫ്ഫാളിൽ പ്രധാനപ്പെട്ട വ്യക്തി. ജനനവർഷത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.ഒരഭിപ്രായപ്രകാരം ഹിജ്റ 204-ൽ ഇന്നത്തെ വടക്ക് കിഴക്ക് ഇറാനിൽ സ്ഥിതിചെയ്യുന്ന നിഷാപൂർ എന്ന പട്ടണത്തിലാണ് ജനനം. ഈജിപ്ത്, ഇറാഖ്, സിറിയ, അറേബ്യൻ ഉപദ്വീപുകൾ അടക്കം സന്ദർശിച്ച് ഹദീസ് ശേഖരിച്ചു. ഹദീസിന്റെ ഇമാമുകൾ ആയ യഹിയ ഇബ്നു യഹിയ നയ്‌സബരി, ഖത്തീബത്തബിന് സഹദ് എന്നിവരടക്കം ഒരുപാട് പേരിൽനിന്ന് ഹദീസ് സ്വീകരിച്ചു. ഇമാമവർകളിൽ നിന്നും ഇബ്രാഹിം ഇബ്നു മുഹമ്മദ് ബിൻ സുഫിയാൻ, അബു സർഅ, അബൂ ഹാത്തിം അടക്കം ഒരു കൂട്ടം പണ്ഡിതർ ഹദീസ് റിപ്പോർട്ട് ചെയ്തു.
ഇമാം അവർകൾ പറയുന്നു: “ഞാൻ ഈ ഗ്രന്ഥം രചിച്ചത് 3 ലക്ഷം ഹദീസുകളിൽ നിന്നാണ്”.
സ്വഹീഹുൽ മുസ്‌ലിമിന് പുറമേയുള്ള പ്രധാനപ്പെട്ട ചില കൃതികൾ: അത്തംയീസ്, അൽ-കുനാ വൽ അസ്മാ, അൽ-മുൻഫരിദാത്ത് വൽ വുഹ്ദാൻ തുടങ്ങിയവ.
ഇമാം തിർമിദി (റ), ഇബ്നു ഖുസൈമ (റ), ഇബ്നു അബീ ഹാതിം അർ-റാസി (റ) അടക്കം ഒരുപാട് ശിഷ്യഗണങ്ങളും ഇമാമിനുണ്ട്. ഇമാമിന് 55 വയസ്സുള്ളപ്പോൾ ഹിജ്റ 261 റജബ് ഞായറാഴ്ച ലോകത്തോട് വിട പറഞ്ഞു.

ഉപസമാഹാരം

ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മുസ്‌ലിം സമൂഹത്തിന് നൽകിയ സംഭാവനകൾ നിസ്തുല്യമാണ്. ഹദീസെന്ന അമൂല്യ പൈതൃകത്തെ അതിന്റെ വിശുദ്ധി ചോർന്നുപോകാതെ ലോകത്തിന് കൈമാറുന്നതിൽ ഇമാം ബുഖാരി (റ) യും ഇമാം മുസ്‌ലിം (റ) മും നിർവഹിച്ച സേവനങ്ങൾ ധാരാളമാണ്. ഖുർആനിന് ശേഷം ഏറ്റവും പ്രാമാണികമായ ഗ്രന്ഥങ്ങളായി അവരുടെ കൃതികൾ ഇന്നും ലോകമെമ്പാടും ആദരിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നു.

+ posts
Share this article
Shareable URL
Prev Post

സ്വാതന്ത്ര്യസമരവും ഉത്തരേന്ത്യൻ പണ്ഡിത ഇടപെടലുകളും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ഹജ്ജ്; കർമ്മം മഹത്വം

പരിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് ഹജ്ജ്.ചില പ്രത്യേക ആരാധനാകർമങ്ങൾ നിർവഹിക്കാൻ ഉദ്ദേശിച്ച് മക്കയിലെ…
0
Would love your thoughts, please comment.x
()
x