ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ അധ്യായമാണ് 1947ലെ വിഭജനം. കേവലം ഒരു ഭൂപ്രദേശം വെട്ടിമുറിക്കപ്പെടുകയല്ല, മറിച്ച് നൂറ്റാണ്ടുകളായി ഇഴചേർന്നു കിടന്ന ഒരു ജനതയുടെ സാംസ്കാരിക ഐക്യമാണ് അന്ന് തകർക്കപ്പെട്ടത്. എന്നാൽ ഈ മഹാദുരന്തത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഹമ്മദലി ജിന്നയുടെയും മുസ്ലിം ലീഗിന്റെയും പേരിൽ കെട്ടിവെച്ച് മറ്റു ‘കറുത്ത ശക്തികളെ’ വെളുപ്പിച്ചെടുക്കുന്ന ഏകപക്ഷീയമായ ഒരു ചരിത്രവായനയാണ് വ്യാപകമായി നിലനിൽക്കുന്നത്. ഇന്ത്യൻ മുസ്ലിംകളെ അന്യവൽക്കരിക്കാൻ സംഘ്പരിവാർ കേന്ദ്രങ്ങൾ വിഭജനം ശക്തമായ ആയുധമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് 2021 മുതൽ മോദി സർക്കാർ ഓഗസ്റ്റ് 14 ‘വിഭജന ഭീതിദിനം’ ആയി ആചരിക്കാൻ തീരുമാനിച്ചത്. വിഭജനത്തിന്റെ ചോരക്കളങ്ങളും വംശീയ ഭീതികളും വർത്തമാനകാലത്തും നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ട് സാമുദായിക ധ്രുവീകരണം നടത്തുകയും ന്യൂനപക്ഷങ്ങളെ പ്രതിക്കൂട്ടിലാക്കുകയുമാണ് സംഘ്പരിവാർ ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്. യാഥാർത്ഥ്യത്തിൽ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളും സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയവും കോൺഗ്രസിന്റെ വഞ്ചനാപരമായ നിലപാടുകളും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അവിവേകവും ഒത്തുചേർന്നതിന്റെ ദുരന്തഫലമായിരുന്നു വിഭജനം. എട്ടു പതിറ്റാണ്ടിനിപ്പുറവും ഉണങ്ങാതെ, വർത്തമാനകാല ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷത്തിലും വിഷം ചീറ്റിക്കൊണ്ട് വിഭജനത്തിന്റെ മുറിപ്പാടുകൾ അവശേഷിക്കുകയാണ്.
ബ്രിട്ടീഷ് കെണി
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തോളോടുതോൾ ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയപ്പോൾ തന്നെ, ഈ ഐക്യം തകർക്കാതെ തങ്ങൾക്ക് ഇന്ത്യയിൽ ഒരു നിമിഷം പോലും വാഴാനാവില്ലെന്ന് സാമ്രാജ്യത്വ ഭരണാധികാരികൾ തിരിച്ചറിഞ്ഞിരുന്നു. തങ്ങളുടെ സാമ്രാജ്യത്വ ഭരണം നിലനിർത്താനായി അവർ ആവിഷ്കരിച്ച ഏറ്റവും മാരകമായ ആയുധമായിരുന്നു ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന നയം.
ഇതിനായി ആദ്യം വ്യാജ ചരിത്ര നിർമിതികൾ ആരംഭിച്ചു.ജെയിംസ് മില്ലിനെപ്പോലുള്ള ബ്രിട്ടീഷ് ചരിത്രകാരന്മാരെ ഉപയോഗിച്ച് ഇന്ത്യൻ ചരിത്രത്തെ ‘ഹിന്ദു കാലഘട്ടം’, ‘മുസ്ലിം കാലഘട്ടം’, ‘ബ്രിട്ടീഷ് കാലഘട്ടം’ എന്ന് മതാടിസ്ഥാനത്തിൽ മനഃപൂർവ്വം വർഗ്ഗീകരിച്ചു. ഇന്ത്യാ ചരിത്രമെന്നത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ നൂറ്റാണ്ടുകളായി നടന്ന നിരന്തര യുദ്ധങ്ങളുടെ കഥ മാത്രമാണെന്ന് വരുത്തിത്തീർത്തു. ആധുനിക ഇന്ത്യയിലെ പ്രശസ്ത ചരിത്രകാരി റോമില ഥാപ്പർ പറയുന്നു: “വർഗീയതയുടെ കണ്ണിലൂടെ ചരിത്രത്തെ വായിക്കാൻ പഠിപ്പിച്ചത് കൊളോണിയൽ ഭരണാധികാരികളാണ്. അത് നമ്മുടെ വർത്തമാനകാലത്തെയും ഭാവി ഭാരതത്തെയും അപകടത്തിലാക്കി”.
തുടർന്ന് 1905ൽ കഴ്സൺ പ്രഭു മതാടിസ്ഥാനത്തിൽ ബംഗാൾ വിഭജനം നടപ്പിലാക്കി. സ്വാതന്ത്ര്യസമരത്തിന്റെ നാഭീകേന്ദ്രമായിരുന്ന ബംഗാളിലെ ഹിന്ദു-മുസ്ലിം ഐക്യം തകർക്കുക എന്നതായിരുന്നു വൈസ്രോയിയുടെ യഥാർത്ഥ അജണ്ട. ബംഗാളി ജനതയുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് 1911-ൽ വിഭജനം പിൻവലിക്കേണ്ടി വന്നെങ്കിലും, സമുദായങ്ങൾക്കിടയിൽ സംശയത്തിന്റെ വിത്ത് പാകാൻ ബ്രിട്ടീഷുകാർക്ക് ഇതിലൂടെ സാധിച്ചു.
1909ലെ മോർലി-മിന്റോ പരിഷ്കാരങ്ങളിലൂടെ മുസ്‌ലിംകൾക്ക് വേറിട്ട വോട്ടവകാശം കൊണ്ടുവന്നുകൊണ്ട് വർഗ്ഗീയതക്ക് ബ്രിട്ടീഷുകാർ ഭരണഘടനാപരമായ അംഗീകാരം നൽകി. ഇതനുസരിച്ച് മുസ്ലിം സ്ഥാനാർത്ഥികളെ മുസ്‌ലിംകൾ മാത്രം വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന രീതി വന്നു. ഇതും സമുദായങ്ങൾ തമ്മിലുള്ള അകൽച്ചക്ക് കാരണമായി. 1932ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക്ഡോണാൾഡ് പ്രഖ്യാപിച്ച ‘കമ്യൂണൽ അവാർഡ്’ മറ്റൊരു ഉദാഹരണമാണ്. ഇന്ത്യൻ സമൂഹത്തെ പൂർണ്ണമായി മതാടിസ്ഥാനത്തിലും ജാത്യാടിസ്ഥാനത്തിലും തരംതിരിച്ച് രാഷ്ട്രീയമായി ചിന്നഭിന്നമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പ്രത്യക്ഷത്തിൽ ന്യൂനപക്ഷ സംരക്ഷണം എന്ന് തോന്നിപ്പിച്ച്, വോട്ടവകാശത്തെയും രാഷ്ട്രീയത്തെയും കേവലം ‘മതപരമായ വിഭാഗീയത’യായി ചുരുക്കുകയും ഉപഭൂഖണ്ഡത്തെ വിഭജനത്തിലേക്ക് തള്ളിവിടുകയും ചെയ്യാനുള്ള വലിയൊരു സാമ്രാജ്യത്വ കെണിയായിരുന്നു കമ്യൂണൽ അവാർഡ്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യയിൽ നിന്ന് പിന്മാറാൻ നിർബന്ധിതരായപ്പോഴും സമാധാനപരമായ കൈമാറ്റത്തിന് പകരം കടുത്ത അസ്ഥിരത സൃഷ്ടിക്കാനാണ് ബ്രിട്ടൻ ശ്രമിച്ചത്. ബ്രിട്ടീഷ് വൈസ്രോയിമാർ കാണിച്ച തിടുക്കവും അവിവേകവും വിഭജനത്തിന്റെ ദുരന്തവ്യാപ്തി വർദ്ധിപ്പിച്ചു. 1948 ജൂൺ വരെ അധികാരത്തിൽ തുടരാൻ സമയമുണ്ടായിരുന്നിട്ടും, 1947 ഓഗസ്റ്റിലേക്ക് തീയതി വെട്ടിച്ചുരുക്കി യാതൊരു മുൻകരുതലുമില്ലാതെ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടോടുകയായിരുന്നു. സേനാബലവും ക്രമസമാധാന സംവിധാനങ്ങളും കൃത്യമായി വിന്യസിക്കാനും അവർ തയ്യാറായില്ല. അതിർത്തി നിർണ്ണയത്തിന്റെ രേഖകൾ പോലും സ്വാതന്ത്ര്യദിനത്തിന് ശേഷം മാത്രം പുറത്തുവിട്ട ബ്രിട്ടീഷ് വൈസ്രോയി മൗണ്ട്ബാറ്റന്റെ നടപടി കൊലപാതകങ്ങൾക്ക് ആക്കം കൂട്ടിയ വലിയൊരു സാമ്രാജ്യത്വ കുതന്ത്രമായിരുന്നു. ശശി തരൂർ ഇതേ കുറിച്ച് ചൂണ്ടിക്കാണിക്കുന്നത് ഇപ്രകാരമാണ്: “നൂറ്റാണ്ടുകളോളം പരസ്പരസൗഹാർദ്ദത്തിൽ കഴിഞ്ഞിരുന്ന ഒരു ജനതയ്ക്കുമേൽ വർഗ്ഗീയതയുടെ വിഷവിത്തുകൾ എറിഞ്ഞുകൊടുത്ത്, ലക്ഷക്കണക്കിന് മനുഷ്യരെ കുരുതികൊടുക്കാവുന്ന വിധത്തിൽ അതിർത്തികൾ തിടുക്കപ്പെട്ട് വരച്ച് പ്ലേറ്റ് കഴുകി സ്ഥലംവിട്ട ചരിത്രപരമായ കുറ്റവാളികളാണ് ബ്രിട്ടീഷുകാർ.”
സംഘ്പരിവാർ അജണ്ട
മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുക എന്ന വിഷവിത്ത് ആദ്യമായി പാകിയതും ഇന്ത്യ വിഭജനത്തിനായി ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും സംഘ്പരിവാറാണ്. 1920 കളുടെ തുടക്കത്തിൽ തന്നെ ഹിന്ദു മഹാസഭ നേതാവായിരുന്ന വി ഡി സവർക്കർ തന്റെ പ്രസംഗങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും “ഹൈന്ദവതയും ഇസ്ലാമും വിഭിന്നങ്ങളായ രണ്ട് സംസ്കാരങ്ങളാണെന്നും ഇരുവിഭാഗങ്ങളുമടങ്ങിയ ഒരൊറ്റ രാജ്യമായി ഇന്ത്യക്ക് നിലനിൽക്കനാവില്ലെന്നും” തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് 1937ൽ അഹമ്മദാബാദിൽ വച്ച് നടന്ന ഹിന്ദു മഹാസഭയുടെ പത്തൊമ്പതാം സമ്മേളനത്തിൽ സഭയുടെ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട സവർക്കർ അതേ സമ്മേളനത്തിൽ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ മറ്റൊരു പതിപ്പായി ‘തിയറി ഓഫ് ടു നാഷൻസ്’ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു:“ഇന്ത്യയിൽ പരസ്പരം വിരുദ്ധമായി ജീവിക്കുന്ന രണ്ട് രാഷ്ട്രങ്ങളുണ്ട്. ഇന്ത്യ ഇന്ന് ഏകീകൃതമായ രാഷ്ട്രമാണെന്ന് കരുതാനാവില്ല. നേരെമറിച്ച്, പ്രധാനമായും രണ്ട് രാഷ്ട്രങ്ങളുണ്ട്;ഹിന്ദുക്കളും മുസ്‌ലിംകളും ആണവ”. 1939ലെ ഹിന്ദുമഹാസഭയുടെ കൊൽക്കത്ത സമ്മേളനത്തിലും സവർക്കർ ദ്വിരാഷ്ട്ര സിദ്ധാന്തം ആവർത്തിച്ചു. മാത്രമല്ല, വിഭജന ചർച്ചകൾ കൊടുമ്പിരി കൊണ്ടിരിക്കെ,1943 ഓഗസ്റ്റ് 15ന് നാഗ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സവർക്കർ പറയുകയുണ്ടായി: ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് എനിക്ക് എതിർപ്പൊന്നുമില്ല. നമ്മൾ ഹിന്ദുക്കൾ സ്വയം ഒരു രാഷ്ട്രമാണ്; ഹിന്ദുക്കളും മുസ്‌ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്നത് ഒരു ചരിത്ര സത്യവുമാണ്.”
മാത്രമല്ല ഗാന്ധിജിയേയും ഹിന്ദു – മുസ്ലിം ഐക്യമെന്ന അദ്ദേഹത്തിന്റെ ആശയത്തെയും പരിഹസിക്കുകയും പലപ്പോഴും നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു സവർക്കർ. മുഹമ്മദലി ജിന്നയും മുസ്ലിം ലീഗും പാക്കിസ്ഥാൻ വാദം ഉയർത്തുന്നത് 1940ൽ മാത്രമാണ്. അതിനും എത്രയോ മുമ്പ് തന്നെ സംഘപരിവാർ തങ്ങളുടെ നയം വ്യക്തമാക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു എന്നതാണ് വാസ്തവം.
‘സവർണ്ണ’ കോൺഗ്രസിന്റെ കുതന്ത്രങ്ങൾ
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ദീർഘവീക്ഷണമില്ലായ്മയും അതിനുള്ളിലെ ചില നേതാക്കളുടെ തീവ്ര ഹൈന്ദവ നിലപാടുകളും വിഭജനത്തിലേക്ക് വഴിതുറക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തെ ജനകീയമാക്കാൻ എന്ന പേരിൽ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ഉപയോഗിച്ച രീതികൾ തീർത്തും വർഗീയമായിരുന്നു. കോൺഗ്രസ് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്ഫോം ആയതുകൊണ്ടും മറ്റുബദലുകൾ ഇല്ലാത്തതുകൊണ്ടും തീവ്ര വർഗീയ ആശയങ്ങൾ വെച്ചുപുലർത്തുന്നവർ വരെ കോൺഗ്രസിനകത്തുണ്ടായിരുന്നു; നേതൃത്വത്തിലും ഉണ്ടായിരുന്നു. കോൺഗ്രസിന്റെ ആദ്യകാല മുതിർന്ന നേതാക്കളായിരുന്ന ബാലഗംഗാധര തിലകൻ, ലാലാ ലജ്പത് റായ്, അരവിന്ദ ഘോഷ്, മദൻ മോഹൻ മാളവ്യ(പിന്നീട് ഹിന്ദു മഹാസഭ സ്ഥാപിച്ചു)തുടങ്ങിയവരുടെ രാഷ്ട്രീയ നിലപാടുകളിൽ വ്യക്തമായ ‘ഹിന്ദു ദേശീയത’ കലർന്നിരുന്നു. ഹൈന്ദവ വികാരം ഇളക്കിവിട്ട് ആളുകളെ സംഘടിപ്പിക്കാൻ ഗണപതി പൂജ, ശിവജി ജയന്തി ആഘോഷങ്ങൾ, പശു സംരക്ഷണ സമിതികൾ എന്നിവ ഇന്ത്യൻ ജനതക്ക് പരിചയപ്പെടുത്തിയത് തിലകനായിരുന്നു. 1924ൽ തന്നെ ബംഗാളിനെയും പഞ്ചാബിനെയും മതാടിസ്ഥാനത്തിൽ വിഭജിക്കണമെന്ന ആശയം മുന്നോട്ടുവെച്ച വ്യക്തിയാണ് ലാലാ ലജ്പത് റായി. പ്രമുഖ ഗാന്ധിയനായ പണ്ഡിറ്റ് സുന്ദർലാൽ ഇതേക്കുറിച്ച് എഴുതിയത് “ഹിന്ദു-മുസ്ലിം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ‘ഹിന്ദു ഇന്ത്യ’, ‘മുസ്ലിം ഇന്ത്യ’ എന്ന തരത്തിൽ ഇന്ത്യയെ വിഭജിക്കുക എന്ന ആശയം ആദ്യം ലാലാ ലജ്പത് റായിയുടെ മനസ്സിലാണ് ഉദിച്ചത്” എന്നാണ്.
തുടർന്ന് 1937ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഭരണത്തിലെത്തിയ കോൺഗ്രസ് സർക്കാരുകളുടെ നടപടികൾ ന്യൂനപക്ഷങ്ങളിൽ വലിയ ഭീതി പടർത്തി. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം നിർബന്ധമാക്കിയതും, സവർണ്ണ ഹിന്ദു സംസ്കാരത്തിന് മുൻഗണന നൽകുന്ന രീതിയിൽ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ചതും വർഗ്ഗീയ ചിന്തകൾ വളരാൻ കാരണമായി. ഇത് കോൺഗ്രസിൽ നിന്ന് മുസ്‌ലിംകൾക്ക് ഒരിക്കലും നീതി ലഭിക്കില്ലെന്ന തോന്നലിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ലീഗിന് വളക്കൂറുള്ള മണ്ണൊരുക്കുകയും ചെയ്തു.
മൗലാനാ അബുൽ കലാം ആസാദ് തന്റെ ആത്മകഥയിൽ തന്റെ സഹപ്രവർത്തകരായ കോൺഗ്രസ് നേതാക്കൾ വിഭജനത്തെ സംബന്ധിച്ച് സ്വീകരിച്ച നിലപാടുകളെ പറ്റി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്.ജിന്നയേക്കാൾ മുൻപേ വിഭജനമെന്ന ആശയത്തിന് കീഴടങ്ങിയത് വല്ലഭഭായ് പട്ടേലാണെന്നും, വിഭജനത്തിന്റെ യഥാർത്ഥ കൊടിവാഹകനായി പട്ടേൽ മാറിയത് കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്നും ആസാദ് കുറിക്കുന്നുണ്ട്. വിഭജനം തന്റെ ശവത്തിന് മുകളിലൂടെ മാത്രമേ നടക്കൂ എന്ന് പ്രഖ്യാപിച്ച ഗാന്ധിജിയുടെ നിലപാടിൽ മാറ്റം വരുത്താൻ പോലും ദീർഘമായ കൂടിക്കാഴ്ചയിലൂടെ പട്ടേലിന് സാധിച്ചുവെന്ന് ആസാദ് വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ ഐക്യ ചർച്ചകൾ പരാജയപ്പെടുന്ന ഘട്ടത്തിൽ നാം വിഭജനത്തിന് സമ്മതിച്ചാൽ ചരിത്രം നമുക്കൊരിക്കലും മാപ്പു നൽകില്ലെന്ന് താൻ ജവഹർലാൽ നെഹ്റുവിന് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. മുസ്ലിം ലീഗിനെ ഒരു വശത്ത് സജീവമായി നിർത്തി പാക്കിസ്ഥാന് വേണ്ടിയുള്ള ആവശ്യം അവരെക്കൊണ്ട് തന്നെ ഉന്നയിപ്പിച്ചു വാങ്ങിപ്പിക്കുക എന്ന സമ്മർദ തന്ത്രമാണ് കോൺഗ്രസ് സ്വീകരിച്ചത്.
വിഭജനാനന്തരം മുസ്ലിം നേതാക്കൾ പാക്കിസ്ഥാനിലേക്ക് പോയാൽ ഇവിടെ തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യാൻ ആരും ഉണ്ടാകില്ല എന്ന കണക്കുകൂട്ടലാണ് കോൺഗ്രസിന്റെ സവർണ നേതൃത്വത്തെ വിഭജനത്തിന് പ്രേരിപ്പിച്ചത്. അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയും കോൺഗ്രസിന്റെ നിലപാടുകളെയും കുറിച്ച് അന്നത്തെ വൈസ്രോയി വേവൽ പ്രഭു 1946ൽ തന്റെ ഡയറിയിൽ കുറിച്ച വരികൾ കോൺഗ്രസ് നേതൃത്വത്തിന്റെ കപടയെ തുറന്നു കാട്ടുന്നതാണ്: ”എനിക്ക് മുസ്‌ലിംകളുടെ കാര്യത്തിൽ സഹതാപം തോന്നുന്നു; ഹിന്ദുക്കളെക്കാൾ കൂടുതൽ സത്യസന്ധതയും ധൈര്യവും ആത്മാഭിമാനവും ഉള്ളവരാണ് അവർ. എന്നാൽ കോൺഗ്രസിന്റെ സാമ്പത്തിക ശേഷിക്കും ഉയർന്ന വിദ്യാഭ്യാസത്തിനും കുതന്ത്രങ്ങൾക്കും മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്ക് കഴിയില്ല.” ഉപഭൂഖണ്ഡത്തിൽ വിഭജനത്തിന്റെ വിത്തുകൾ പാകുന്നതിലും, ന്യൂനപക്ഷങ്ങളിൽ ഭയമുണ്ടാക്കി അവരെ അന്യവൽക്കരിക്കുന്നതിലും കോൺഗ്രസിനുള്ളിലെ സവർണ്ണ-വർഗ്ഗീയ നേതൃത്വത്തിന് വലിയ പങ്കുണ്ടായിരുന്നു എന്നത് നിഷേധിക്കാനാവാത്ത ചരിത്രസത്യമാണ്.
ജിന്നയുടെ അവിവേകം
സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ അക്കാലത്ത് ഉയർന്നുവന്ന വിഭജന രൂപരേഖകളെയും ദ്വിരാഷ്ട്ര സങ്കൽപ്പങ്ങളെയും അക്കാലത്തെ പ്രമുഖ മുസ്ലിം നേതാക്കളും സംഘടനകളും പൂർണ്ണമായി തള്ളിക്കളയുകയും പുച്ഛിച്ചു തള്ളുകയുമാണ് ഉണ്ടായത്. 1933ൽ ചൗധരി രഹ്മത് അലി ‘പാക്കിസ്ഥാൻ’ എന്ന പേരിൽ ലഘുലേഖ ഇറക്കിയപ്പോൾ “ഒരു വിദ്യാർത്ഥിയുടെ ചിന്താശൂന്യമായ സ്വപ്നം” എന്നാണ് വിശേഷിപ്പിച്ചത്. 1930-കളുടെ അവസാനം വരെ ജിന്ന ‘ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അംബാസഡർ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
1937ൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ സഖ്യസർക്കാർ രൂപീകരിക്കുന്നതിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായ തർക്കങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയത്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതോടെ ഒരുമിച്ച് സർക്കാരുണ്ടാക്കാം എന്ന മുൻ ധാരണയിൽ നിന്ന് കോൺഗ്രസ് പിന്മാറി. മുസ്ലിം ലീഗ് നേതാക്കൾ സർക്കാരിൽ പങ്കാളികളാകണമെങ്കിൽ ലീഗ് പിരിച്ചുവിട്ട് കോൺഗ്രസിൽ ലയിക്കണമെന്ന നിബന്ധന കോൺഗ്രസ് മുന്നോട്ടുവെച്ചു. ഇത് ലീഗിന് വലിയ രാഷ്ട്രീയ അപമാനമായിരുന്നു. കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളപ്പോൾ മുസ്ലിം പ്രതിനിധികളെ അധികാരത്തിൽ പങ്കാളികളാക്കില്ലെന്നും, ബ്രിട്ടീഷുകാർ പോയാൽ മുസ്ലിങ്ങൾ രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെടുമെന്നുമുള്ള ഭയം ഈ സംഭവത്തോടെ ജിന്നയിലും ലീഗിലും ശക്തമായി. തുടർന്നുണ്ടായ രാഷ്ട്രീയ ഭിന്നതകളുടെ പശ്ചാത്തലത്തിൽ, ഇനി ഒരുമിച്ച് പോകാൻ കഴിയില്ലെന്ന നിഗമനത്തിൽ ജിന്ന എത്തിച്ചേരുകയും 1940-ൽ മുസ്ലിം ലീഗിന്റെ ലാഹോർ സമ്മേളനത്തിൽ വെച്ച് ‘പാക്കിസ്ഥാൻ പ്രമേയം’ എന്നറിയപ്പെടുന്ന ദ്വിരാഷ്ട്ര വാദം ഔദ്യോഗികമായി പാസാക്കുകയും ചെയ്തു.
എന്നാൽ, ഇന്ത്യയുടെ വിഭജനം എന്ന മഹാദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ജിന്നക്കും മുസ്ലിം ലീഗിനും ഒഴിഞ്ഞുമാറാനാകില്ല. കുറച്ചുകൂടി വിവേകത്തോടെയും രാഷ്ട്രീയ വിട്ടുവീഴ്ചകളോടെയും പെരുമാറിയിരുന്നെങ്കിൽ, ഒരുപക്ഷെ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു വിഭജനം. രാഷ്ട്രീയമായ അധികാരമോഹവും ദുർവാശിയും മാറ്റിവെച്ച്, വിഭജനത്തിന്റെ വ്യാപ്തിയും ഭവിഷ്യത്തും തിരിച്ചറിഞ്ഞ് ദീർഘദൃഷ്ടിയോടും പക്വതയോടും കൂടി ലീഗ് നേതൃത്വം പെരുമാറണമായിരുന്നു. ഏറ്റവും ചുരുങ്ങിയ പക്ഷം സമാധാനപൂർവമായ കൈമാറ്റ പ്രക്രിയകൾക്കായി സാവകാശം കാണിക്കുകയെങ്കിലും ചെയ്തിരുന്നെങ്കിൽ വിഭജനത്തിന്റെ ആഘാതം കുറയ്ക്കുകയെങ്കിലും ചെയ്യാമായിരുന്നു. അക്കാലത്ത് പാക്കിസ്ഥാൻ സ്വപ്നം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ജിന്നയുമായി മാരത്തൺ ചർച്ചയിലേർപ്പെട്ട് പുറത്തുവന്ന മഹാത്മാഗാന്ധി പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘അദ്ദേഹം പറയുന്നത് കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ സ്വന്തം ക്ഷമയെക്കുറിച്ച് എനിക്ക് തന്നെ അത്ഭുതം തോന്നി”.
വിഭജന കാലയളവിൽ ജിന്ന ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ വൈകാരികമായ പ്രതികരണങ്ങളും നിലപാടുകളും രൂക്ഷമായ സാമുദായിക കലാപങ്ങൾക്ക് വഴിമരുന്നിടുന്നവയായിരുന്നു. 1946 ഓഗസ്റ്റ് 16ന് പാക്കിസ്ഥാന് വേണ്ടി ‘ഡയറക്ട് ആക്ഷൻ ഡേ’ ആഹ്വാനം ചെയ്തുകൊണ്ട് ജിന്ന പറഞ്ഞു: “ഞങ്ങൾക്ക് ഇന്ത്യ വിഭജിക്കപ്പെടണം, അല്ലെങ്കിൽ ഇന്ത്യ തകർക്കപ്പെടണം”.കൊൽക്കത്തയിൽ പതിനായിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ട ‘ഗ്രേറ്റ് കൊൽക്കത്ത കില്ലിംഗ്സിന്’ വഴിവെച്ചത് ജിന്നയുടെ ഈ തീവ്ര നിലപാടായിരുന്നു.
തീരാ മുറിവ്
കോൺഗ്രസിൽ നിന്നുള്ള അവഗണനയും രാഷ്ട്രീയമായ ഭയവുമാണ് വിഭജനത്തിന് കാരണമായി ലീഗ് ഉന്നയിച്ചതെങ്കിലും, വിഭജനാനന്തരം സ്വതന്ത്ര ഇന്ത്യയിൽ ശേഷിച്ച വലിയൊരു വിഭാഗം മുസ്ലിം ജനവിഭാഗങ്ങൾ കൂടുതൽ പാർശ്വവൽക്കരിക്കപ്പെടുകയാണ് ഉണ്ടായത് എന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ സാമുദായിക താല്പര്യങ്ങൾക്ക് വേണ്ടി, ഇന്ത്യയിൽ ബാക്കിയായ ദശലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയാണ് ലീഗ് ചെയ്തത്. വിഭജനത്തിന്റെ ഈ ദുരന്തപൂർണ്ണമായ പ്രത്യാഘാതത്തെക്കുറിച്ചമൗലാനാ അബുൽ കലാം ആസാദ് നൽകിയ മുന്നറിയിപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്: “പാക്കിസ്ഥാൻ രൂപീകരണത്തോടെ ഇന്ത്യയിലെ മുസ്ലിങ്ങളുടെ പ്രശ്നങ്ങൾ അവസാനിക്കുകയല്ല, മറിച്ച് ആരംഭിക്കുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാനിൽ പോകുന്നവരേക്കാൾ വലിയൊരു വിഭാഗം മുസ്ലിങ്ങൾ ഇന്ത്യയിൽ ശേഷിക്കും. അവർ സ്വന്തം രാജ്യത്ത് അന്യവൽക്കരിക്കപ്പെടാനും, ഭൂരിപക്ഷ സമുദായത്തിന്റെ സംശയദൃഷ്ടിയിലാകാനും ഈ വിഭജനം കാരണമാകും.”
മൗലാനാ ആസാദ് ഭയന്നതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. സവർണ്ണ മേധാവിത്വമുള്ള ഉദ്യോഗസ്ഥ-ഭരണ മേഖലകളിൽ സ്വതന്ത്ര ഭാരതത്തിലെ മുസ്ലിങ്ങൾ അന്യവൽക്കരിക്കപ്പെടുകയും പലപ്പോഴും സംശയത്തിന്റെ മുനയിൽ നിർത്തി വിചാരണ ചെയ്യപ്പെടുകയും ചെയ്തു. പോരാട്ടങ്ങൾക്കൊടുവിൽ പാക്കിസ്ഥാൻ എന്ന പ്രദേശം നേടിയെടുത്തപ്പോൾ, ഉപഭൂഖണ്ഡത്തിൽ ശേഷിച്ച കോടിക്കണക്കിന് മുസ്ലിങ്ങളുടെ സുരക്ഷയും രാഷ്ട്രീയ ഭാവികളും ബലികഴിക്കുകയാണ് മുസ്ലിം ലീഗിന്റെ വിഭജന നയം ചെയ്തത്.
വർത്തമാന ഇന്ത്യയിൽ മുസ്ലിംകൾ നേരിടുന്ന ഓരോ വെല്ലുവിളിക്കും പിന്നിൽ എട്ടു പതിറ്റാണ്ട് പഴക്കമുള്ള ആ വിഭജനത്തിന്റെ രാഷ്ട്രീയമുണ്ട്. വിഭജനത്തിന്റെ മുറിവുകൾ ഉണങ്ങണമെങ്കിൽ വിദ്വേഷത്തിന്റെ രാഷ്ട്രീയം അവസാനിക്കുകയും, മുൻഗാമികൾ പടുത്തുയർത്തിയ, യഥാർത്ഥ ദേശീയ നേതാക്കൾ സ്വപ്നം കണ്ട ആ പഴയ സാഹോദര്യം വീണ്ടെടുക്കുകയും വേണം. “ഹിന്ദു-മുസ്ലിം വിഭജനത്തെക്കുറിച്ച് സുഭാഷ് ചന്ദ്ര ബോസ് നൽകിയ മുന്നറിയിപ്പ് ഇവിടെ പ്രസക്തമാണ്: “വർഗീയത എന്നത് ബ്രിട്ടീഷുകാർ നമ്മുടെ രക്തത്തിൽ കലർത്തിയ വിഷമാണ്. ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് പൊരുതുമ്പോൾ മാത്രമേ ഇന്ത്യയ്ക്ക് പൂർണ്ണമായ സ്വാതന്ത്ര്യം ലഭിക്കൂ”. ഭീതിദിനം ആചരിച്ച് മുറിവിൽ ഉപ്പു പുരട്ടുകയും അന്തരീക്ഷം കലുഷിതമാക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണ് രാജ്യത്തെ മതേതര വിശ്വാസികൾ ചെയ്യേണ്ടത്.







