+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

സ്വാതന്ത്ര്യസമരവും ഉത്തരേന്ത്യൻ പണ്ഡിത ഇടപെടലുകളും

ബ്രിട്ടീഷുകാരുടെ ദുർഭരണത്തിനെതിരെ ഉത്തരേന്ത്യൻ പണ്ഡിതന്മാർ ശക്തമായ ബൗദ്ധികവും സായുധവുമായ പോരാട്ടങ്ങൾ രൂപപ്പെടുത്തിയിരുന്നു. പ്രമുഖ പണ്ഡിതനായ ഷാ വലിയുല്ലാഹി ദഹ്‌ലവിയുടെ ചിന്താധാരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉത്തരേന്ത്യൻ പണ്ഡിതന്മാർ ബ്രിട്ടീഷുകാർക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചത്. മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ തുടക്കവും കണ്ട അദ്ദേഹം, ഭാരതത്തിന്റെ സ്വാതന്ത്ര്യം വീണ്ടെടുക്കാൻ മുസ്ലിംകളെ ആഹ്വാനം ചെയ്തു.

ദാറുൽ ഹർബ് ഫത്‌വ

            ഷാ വലിയുല്ലാഹി ദഹ്‌ലവിക്ക് ശേഷം പുത്രൻ ഷാ അബ്ദുൽ അസീസ് ദഹ്‌ലവി അധിനിവേശവിരുദ്ധ പോരാട്ടം ഏറ്റെടുത്തു.  1803ൽ മുഗളന്മാരുടെ ആസ്ഥാനമായിരുന്ന  ഡൽഹി, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണത്തിലായതോടെ അദ്ദേഹം ചരിത്രപ്രസിദ്ധമായ ‘ദാറുൽ ഹർബ്’ ഫത്‌വ പുറപ്പെടുവിച്ചു. ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രദേശം ഇനി സ്വാതന്ത്ര്യമുള്ള ഇടമല്ലെന്നും, അധിനിവേശക്കാരുടെ നിയന്ത്രണത്തിലുള്ള ‘യുദ്ധഭൂമി’യാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഈ ഫത്‌വയാണ് പിന്നീട് വന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് വലിയ ആത്മവീര്യം പകർന്നത്.

ഒന്നാം സ്വാതന്ത്ര്യസമരം

         1857ലെ പ്രഥമ സ്വാതന്ത്ര്യസമരത്തിൽ ഉത്തരേന്ത്യൻ പണ്ഡിതന്മാർ ബ്രിട്ടീഷുകാർക്കെതിരെ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. അല്ലാമാ ഫസ്ലെ ഹഖ് ഖൈറാബാദിയെപ്പോലുള്ള പ്രമുഖ പണ്ഡിതന്മാർ ബ്രിട്ടീഷുകാർക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിക്കുകയും, പോരാടാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രക്ഷോഭം അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യം ഇതിന് കടുത്ത പ്രതികാരമാണ് പണ്ഡിതന്മാരോട് വീട്ടിയത്. വിപ്ലവത്തിലും അതിനുശേഷമുള്ള അടിച്ചമർത്തലുകളിലുമായി ഡൽഹി മുതൽ ലഖ്‌നൗ വരെയുള്ള പ്രദേശങ്ങളിൽ 50,000ത്തിലധികം മുസ്‌ലിം പണ്ഡിതന്മാരെയാണ് ബ്രിട്ടീഷുകാർ വധിക്കുകയും തൂക്കിലേറ്റുകയും ചെയ്തത്. ഡൽഹിയിലെ തെരുവുകളിലെ മരങ്ങളിൽ ദിവസങ്ങളോളം ഇവരുടെ മൃതദേഹങ്ങൾ കഴുമരങ്ങളിലെന്നപോലെ കെട്ടിത്തൂക്കി ബ്രിട്ടീഷുകാർ ഭയം സൃഷ്ടിക്കാൻ ശ്രമിച്ചു. അല്ലാമാ ഖൈറാബാദിയെ കഷായവസ്ത്രം ധരിപ്പിച്ച് ആൻഡമാനിലെ (കാലാപാനി) സെല്ലുലാർ ജയിലിലേക്ക് നാടുകടത്തുകയും, അദ്ദേഹം അവിടെവെച്ച് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

രേഷ്മി റുമാൽ തെഹ്‌രീക്

         ഉത്തരേന്ത്യൻ പണ്ഡിത പോരാട്ടങ്ങളിലെ ഏറ്റവും സാഹസികമായ പദ്ധതിയായിരുന്നു ‘രേഷ്മി റുമാൽ തെഹ്‌രീക്’ (സിൽക്ക് ലെറ്റർ മൂവ്മെന്റ്). ദയൂബന്ദിലെ പ്രധാന അധ്യാപകനായിരുന്ന ശൈഖുൽ ഹിന്ദ് മൗലാനാ മഹ്മൂദ് ഹസൻ, മൗലാനാ ഉബൈദുള്ള സിന്ധി എന്നിവരായിരുന്നു ഇതിന്റെ ശില്പികൾ. ഒന്നാം ലോകമഹായുദ്ധ കാലത്ത് തുർക്കി, അഫ്ഗാനിസ്ഥാൻ, ജർമ്മനി എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ ഒരു സായുധ വിപ്ലവം നടത്താൻ അവർ പദ്ധതിയിട്ടു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഒരു ‘സ്വതന്ത്ര ഭാരത ഗവൺമെന്റ്’ അവർ രൂപീകരിച്ചു. മൗലാന മഹ്മൂദ് ഹസൻ മക്കയിലേക്ക് പോയി തുർക്കി ഭരണകൂടത്തിന്റെ പിന്തുണ തേടി.

ഈ പദ്ധതിക്കായുള്ള രഹസ്യ സന്ദേശങ്ങൾ സിൽക്ക് തുണികളിലായിരുന്നു എഴുതിയിരുന്നത്. അതിനാലാണ് ‘സിൽക്ക് ലെറ്റർ മൂവ്മെന്റ്’ എന്ന പേര് വന്നത്. എന്നാൽ 1916ൽ ഈ നീക്കം ബ്രിട്ടീഷുകാർ കണ്ടെത്തുകയും മൗലാനാ മഹ്മൂദ് ഹസൻ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് മാൾട്ടയിലെ ജയിലിലടക്കുകയും ചെയ്തു.

          അതുപോലെ ദാറുൽ ഉലൂം ദയൂബന്ദ് പോലുള്ള സ്ഥാപനങ്ങൾ ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ വാർത്തെടുക്കുന്ന പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിച്ചു. അവിടുത്തെ പണ്ഡിതന്മാർ വിദേശ നിർമ്മിത ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനും നികുതി നിഷേധിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. ബ്രിട്ടീഷ് ക്രൂരതകൾക്ക് മുന്നിൽ പതറാതെ, തങ്ങളുടെ ജീവൻ നൽകിയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നൂറുകണക്കിന് പണ്ഡിതന്മാരുടെ നിര തന്നെയുണ്ട് ഉത്തരേന്ത്യൻ ചരിത്രത്തിൽ.

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

വിഭജനം; മുറിവുകളും ഉത്തരവാദികളും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next
0
Would love your thoughts, please comment.x
()
x