| Noushad Rahmani |
മേൽമുറി ആലത്തൂർപടി ദർസ് ഫെസ്റ്റ് വിധി നിർണ്ണയത്തിലായിരുന്നു രണ്ട് ദിവസം. പാരമ്പര്യത്തിന്റെ തനിമയും മഹിമയും ഒട്ടും ചോരാതെ കാലത്തിന്റെ മാറ്റങ്ങളുൾക്കൊണ്ട് ഇരുന്നൂറിലധികം വിദ്യാർത്ഥികളുമായി മുന്നേറുന്ന കേരളത്തിലെ അപൂർവ്വം ദർസുകളിലൊന്നാണ് ആലത്തൂർപടി ദർസ്.
പ്രസ്തുത ദർസ് വിദ്യാർത്ഥികളുടെ കഴിവിനെ കുറിച്ച് പലപ്പോഴായി കേൾക്കാറുണ്ടെങ്കിലും അടുത്തറിയാൻ പറ്റിയ രണ്ട് ദിവസങ്ങൾ നന്നായി ആസ്വദിച്ചു. കേരളത്തിലെ ഉന്നത മതകലാലയങ്ങളോട് കിടപിടിക്കുന്ന മത്സരങ്ങൾ കാഴ്ച വെക്കാനിവർക്ക് സാധിക്കുന്നുവെന്നത് നിസ്സാര കാര്യമല്ല. ഒരു പള്ളിയുടെ അകമുറികളിലിരുന്ന് അവരുടെ വിദ്യാർത്ഥി സംഘടന പടുത്തുയർത്തിയ സൗകര്യങ്ങൾ വളരെയേറെയാണ്. ആ തണല് കൊണ്ടാവണം അറബിയും മലയാളവും ഉർദുവും ഇംഗ്ലീഷും കൈയ്യിലെടുത്ത് അമ്മാനമാടാനവർക്ക് പ്രാപ്തിയുണ്ടായത്. വളരെ മനോഹരമായി തയ്യാറാക്കിയ വിദ്യാർത്ഥി സംഘടനയുടെ ഒാഫീസിൽ നിറയെ മെമെന്റോകളും ട്രോഫികളുമാണ്. ആ തൂവെള്ള വസ്ത്രധാരികളുടെ കഴിവുകൾക്ക് കാലം നൽകിയ അംഗീകാരം.
കഴിഞ്ഞ വർഷം, വിദ്യാർത്ഥികൾ തയ്യാറാക്കിയ എക്സിബിഷൻ വിലയിരുത്താനുള്ള അവസരവും ലഭിച്ചിരുന്നു. സ്കൂൾ ശാസ്ത്രമേളയെ വെല്ലുന്ന ശാസ്ത്ര, വിജ്ഞാന, കൗതുക പ്രദർശനം കണ്ട് ഏറെ അത്ഭുതപ്പെട്ടു. ദർസീ കിതാബുകളിൽ നിന്ന് കണ്ണെടുക്കാൻ നേരം ലഭിക്കാത്തവർക്കെങ്ങനെ ഇത്രയും മനോഹരമായി സംഘടിപ്പിക്കാനാവുന്നുവെന്നത് കുഴക്കുന്ന ചോദ്യം തന്നെ.
പുറമെ നിന്ന് നോക്കിയാൽ മറ്റു പള്ളികളെപ്പോലെ ഒരു പള്ളി. എന്നാൽ അതിനുള്ളിൽ ബഹുമുഖ പ്രതിഭകളുടെ പരിശീലനച്ചൂടാണ്. പുറമെയുള്ള ശാന്തത ഗർഭം ധരിച്ചിരിക്കുന്നത് നിപുണതയുടെ പുണ്ണ്യങ്ങളെയാണ്.
സമുദായമേ, നിരാശപ്പെടേണ്ട. പ്രതീക്ഷയുടെ വിഹായസ്സിൽ ഇനിയും നക്ഷ്രത്രങ്ങൾ ശേഷിപ്പുണ്ട്. അതോർക്കുമ്പോൾ മനസ്സിലേക്കാരോ തണുപ്പൂതുന്നതു പോലെ… എന്തൊരാശ്വാസം….