✍️ഹാഫിസ് സഈദ് വാഫി കിളിനക്കോട്
(പ്രമുഖ എഴുത്തുകാരൻ)
ഇറാഖില്‍ വെച്ച് അബൂ ഹനീഫ ഇമാമും യുക്തിവാദികളും തമ്മില്‍ ഒരു സംവാദത്തിന് വേദിയൊരുക്കി. സംവാദം നടക്കുന്ന ദിവസം യുക്തിവാദികളുടെ ഭാഗത്ത് നിന്നുമുള്ള ആളുകള്‍ എല്ലാവരും വന്നു. കേള്‍ക്കാന്‍ വന്നവരും നേരത്തെ തന്നെയെത്തി. പക്ഷെ ഇമാം എത്തിയില്ല. യുക്തിവാദികളുടെ ഭാഗത്ത് നിന്നും പരിഹാസത്തിന്റെ സ്വരങ്ങള്‍ ഉയര്‍ന്ന് തുടങ്ങി. ഞങ്ങളോട് സംവാദം നടത്താന്‍ ഭയമുണ്ടായത് കൊണ്ടാണ് അബൂ ഹനീഫ വരാത്തതെന്ന് അവര്‍ പറഞ്ഞു. അല്‍പം കഴിഞ്ഞ് അബൂ ഹനീഫ ഇമാം ഓടിക്കിതച്ച് അങ്ങോട്ട് കടന്നു വന്നു. യുക്തിവാദികള്‍ ആദ്യം തന്നെ പരിഹാസവുമായി മുന്നോട്ട് വന്നു. ഭയം കാരണമാണ് ഇതുവരെയും വരാതിരുന്നതെന്ന് അവര്‍ പറഞ്ഞപ്പോള്‍ അദ്ധേഹം പറഞ്ഞു, ‘ എനിക്ക് യൂഫ്രട്ടീസ് കടന്നു വേണം ഇങ്ങോട്ട് വരാന്‍. അവിടെ ഒരു തോണിയുമുണ്ടായിരുന്നില്ല. പെട്ടെന്നായിരുന്നു കരയിലുണ്ടായിരുന്ന രണ്ടു വലിയ മരങ്ങള്‍ അതിന്റെ ചില്ലകളെല്ലാം വേര്‍പ്പെട്ട് തടിയായി മാറി പിന്നീട് സുന്ദരമായ ഒരു തോണിയായി അതു രൂപാന്തരപ്പെട്ടു. ആ തോണിയില്‍ കയറിയാണ് ഞാന്‍ വന്നത്, ഇതു കൊണ്ടാണ് ഞാന്‍ വൈകിപ്പോയത്. നിങ്ങളെന്നോട് ക്ഷമിക്കണം’. യുക്തിവാദികള്‍ ഒന്നടങ്കം ചാടിവീണു. ‘മരത്തില്‍ നിന്നും സ്വയം ഒരു തോണി ഉണ്ടാകുകയോ? തീര്‍ത്തും മണ്ടത്തരമാണ് താങ്കള്‍ പറയുന്നത്’. ഉടനെ അബൂ ഹനീഫ ഇമാം പറഞ്ഞു; ‘അതു തന്നെയല്ലെ നിങ്ങള്‍ എന്നും പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഈ ഭൂമിയും അതിലെ ജീവജാലങ്ങളും മറ്റു സൃഷ്ടിപ്പുകളും സ്വയം ഉണ്ടായതാണെന്ന്, അതിനു പിന്നില്‍ ഒരു ശക്തി ഇല്ലെന്ന്. ഞാന്‍ പറഞ്ഞത് മണ്ടത്തരമാണെങ്കില്‍ നിങ്ങള്‍ പറയുന്നതും മണ്ടത്തരമല്ലെ’. ചര്‍ച്ച മുന്നോട്ട് പോകാതെ പിരിഞ്ഞു.
മുസ്ലിമായ ഒരു അഅ്റാബിയോട് ദൈവവിശ്വാസമില്ലാത്ത ഒരാള്‍ ചോദിച്ചു, ‘നീ വലിയ വിശ്വാസിയല്ലെ, നീ നിന്റെ ദൈവത്തെ എന്നെങ്കിലും കണ്ടിട്ടുണ്ടോ? അഅ്റാബി പറഞ്ഞു, ‘ഈ മരുഭൂമിയില്‍ എവിടെയെങ്കിലും ഒട്ടകത്തിന്റെ കാഷ്ഠം കണ്ടാല്‍ അവിടെ ഒരു ഒട്ടകം ഉണ്ട് അല്ലെങ്കില്‍ ഉണ്ടായിരുന്നു എന്നതിനെ അനിവാര്യമാക്കുന്നില്ലെ?, ഈ മരുഭൂമിയില്‍ മനുഷ്യന്റെ കാല്‍പാടുകള്‍ എവിടെയെങ്കിലും കണ്ടാല്‍ ഒരു മനുഷ്യന്‍ നടന്നു പോയിട്ടുണ്ട് എന്നതിനെ സൂചിപ്പിക്കുന്നില്ലെ?, അങ്ങിനെയെങ്കില്‍ നിറയെ നക്ഷത്രങ്ങളും ഗ്രഹങ്ങളും മറ്റുമുള്ള ആകാശവും, നിറയെ സമുദ്രവും, പുഴയും, ആറുമുള്ള ഭൂമിയും സങ്കീര്‍ണ്ണമായ അതിലെ മറ്റു സൃഷ്ടികര്‍മ്മങ്ങളും സൂക്ഷമമായി സൃഷ്ടി കര്‍മ്മം നടത്തിയ ഒരു സ്രഷ്ടാവിനെ അനിവാര്യമാക്കുന്നില്ലെ?.
യുക്തിവാദം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന വിശ്വാസ ദൃഢീകരണത്തിനുള്ള ഒരു രീതിയാണ്. നിരന്തരമായി ഖുര്‍ആന്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലെ, നിങ്ങള്‍ ആലോചിക്കുന്നില്ലെ എന്ന് ചോദിച്ച് കൊണ്ടിരിക്കുന്നുണ്ട്. അന്വേഷണത്തിലൂടെയും നിരീക്ഷണത്തിലൂടെയും പ്രപഞ്ചത്തിലെ അത്ഭുത്തതെയും അതിന്റെ സൃഷ്ടിവൈഭവത്തെയും സൂക്ഷ്മമായി അതു സംവിധാനിച്ച അതിന്റെ പിന്നിലുള്ള ശക്തിയെയും മനസ്സിലാക്കാനും അവനു കീഴ്പ്പെടാനുമാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.
യുക്തിവാദികള്‍ ഇസ്ലാമിനകത്തും പുറത്തുമുണ്ട്. ഇസ്ലാമിലെ ഓരോ കാര്യങ്ങളും യുക്തിക്കനുസരിച്ച് മനസ്സിലാക്കി വിശ്വാസം ദൃഢപ്പെടുത്തിയ ധാരാളം പണ്ഡിതന്മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അല്ലാഹുവിന്റെ സാന്നിധ്യവും വിശ്വാസ കാര്യങ്ങളിലെ ബന്ധങ്ങളും അതിനു പിന്നിലുള്ള തത്വങ്ങളും കൃത്യമായി മനസ്സിലാക്കിയവരും അതു ലോകത്തോട് വിളിച്ചു പറഞ്ഞവരുമായിരുന്നു അവര്‍.
ഇന്ന് യുക്തിവാദികള്‍ എന്ന നാമകരണം ചിലര്‍ തങ്ങളുടെ ലേബലായി ഉപയോഗിച്ചു തുടങ്ങിയതാണ് യുക്തിവാദമെന്ന ആശയത്തെ ആശയപാപ്പരത്തത്തിന്റെ വിളനിലമാക്കിയത്. ഇസ്ലാമിനെ വിമര്‍ശിക്കാനും പ്രവാചകരുടെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ മാത്രമെടുത്ത് പരിഹസിക്കാനും ഖുര്‍ആനില്‍ തെറ്റു കണ്ടു പിടിക്കാനും കച്ചകെട്ടിയിറങ്ങിയ ഇത്തരം ആശയക്കാര്‍ ഇസ്ലാം അതിന്റെ തുടക്കം മുതല്‍ കണ്ടു പരിചയിച്ചതാണ്. വിമര്‍ശനങ്ങള്‍ കൂടുന്നതിനനുസരിച്ച് വേഗത്തില്‍ വളരുന്ന വ്യത്യസ്ഥമായ സ്വഭാവം എന്നും സൂക്ഷിക്കാന്‍ ഇസ്ലാമിന് സാധിച്ചിട്ടുണ്ട്.
അദൃശ്യ ലോകത്ത് വിധേയപ്പെട്ട് നില്‍ക്കുന്നവരാണ് യുക്തിവാദികള്‍. ആ അദൃശ്യ ലോകത്തിനു പിന്നിലുള്ള ശക്തിയാണ് അല്ലാഹു എന്നാണ് മുസ്ലിംകള്‍ വാദിക്കുന്നത്. പക്ഷെ അതിനപ്പുറം ശൂന്യമാണെന്ന് വാദിക്കാനും അതു വിശദീകരിക്കാനുമാണ് യുക്തിവാദികള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഈ ശൂന്യത എങ്ങിനെ ഉണ്ടായി, അതു ആരു നിര്‍മ്മിച്ചു, ശൂന്യതക്ക് പിന്നിലെ സത്യമെന്താണ് തുടങ്ങിയ അന്വേഷണത്തിന്റെ ഉത്തരങ്ങള്‍ മാത്രമാണ് അല്ലാഹുവിലുള്ള വിശ്വാസവും ഇസ്ലാമും.
കാര്യകാരണ സിദ്ധാന്തത്തില്‍ വിശ്വാസിക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. ഒരു കാര്യമുണ്ടാകണമെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണമുണ്ടാകണം. ആ കാരണമില്ലെങ്കില്‍ ആ കാര്യവും നിലനില്‍ക്കില്ല. ഇത്ര സങ്കീര്‍ണ്ണമായ പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ അല്ലെങ്കില്‍ ജീവജാലങ്ങളിലെ ഘടനകള്‍, മനുഷ്യ ശരീരത്തിലെ പ്രത്യേകതകള്‍, സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം പിന്നില്‍ അല്ലാഹു എന്ന കാരണമുണ്ടെന്നാണ് മുസ്ലിംകള്‍ വിശ്വസിക്കുന്നത്. ഇതിനു പിന്നിലൊന്നും ഒരു ശക്തിയുമില്ലെന്നും എല്ലാം സ്വയം ഉണ്ടായതാണെന്നും യുക്തിവാദികള്‍ വാദിക്കുന്നു.
ഇസ്ലാമും ശാസ്ത്രാന്വേഷണവും
ഇസ്ലാമിന്റെ ഓരോ കാര്യങ്ങളും ശാസ്ത്ര ഗവേഷണങ്ങളിലൂടെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതാണെന്ന വാദത്തെ അംഗീകരിക്കേണ്ടതാണ്. പരീക്ഷണങ്ങള്‍ക്കതീതമായ കാര്യങ്ങളില്‍ യുക്തിയും തെളിവുകളും നിരത്താനും അവസരങ്ങള്‍ നല്‍കപ്പെടണം. അത്തരം ഭൗതികമായ കാര്യങ്ങളെ ഭയന്ന് മാറി നില്‍ക്കേണ്ട അല്ലെങ്കില്‍ മാറ്റി നിറുത്തേണ്ട ഒന്നും വിശ്വാസത്തിലാണെങ്കിലും ആചാര അനുഷ്ഠാനങ്ങളിലാണെങ്കിലും ഇല്ല എന്നതാണ് ഇസ്ലാമിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നത്.
ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് പരിധികളും പരിമിതികളുമുണ്ട്. ഇസ്ലാമിലെ വിശ്വാസ കാര്യങ്ങള്‍ മുഴുവന്‍ അനുസരണയുടെയും കീഴ്പ്പെടലിന്റെയും അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇത്തരം വിധേയപ്പെടലില്‍ പരീക്ഷണങ്ങള്‍ക്കോ നിരീക്ഷണങ്ങള്‍ക്കോ സ്ഥാനമില്ല. വികാരങ്ങളിലും വിചാരങ്ങളിലും ഉള്‍ചേര്‍ന്ന് കിടക്കുന്നവയാണത്.
ഖുര്‍ആന്‍ വിശ്വാസികളെ പരിചയപ്പെടുത്തുന്ന സൂക്തങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഖുര്‍ആന്‍ പറയുന്നു, ‘തീര്‍ച്ചയായും ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകളുടെ വ്യത്യാസത്തിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. അങ്ങിനെ ചിന്തിക്കുന്നവര്‍ നടത്തത്തിലും ഇരുത്തത്തിലും അല്ലാഹുവിനെ ഓര്‍ക്കുന്നവരും ആകാശ ഭൂമികളെ കുറിച്ച് ചിന്തിക്കുന്നവരും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ പുകഴ്ത്തുന്നവരുമായിരിക്കും. ഇതൊന്നും വെറുതെ സൃഷ്ടിച്ചവയല്ലെന്നും അവന്‍ വിളിച്ച് പറയും. യഥാര്‍ത്ഥത്തില്‍ വിശ്വാസിയാകുന്നത് പ്രബഞ്ചത്തിലെ സൃഷ്ടികര്‍മ്മങ്ങളെ കുറിച്ച് ചിന്തിക്കുമ്പോഴാണ്. ഖുര്‍ആന്‍ നിരന്തരമായി ചിന്തിക്കാനും ആലോചിക്കാനും ആവശ്യപ്പെടുന്നത് അതിലൂടെ വിശ്വാസം ദൃഢപ്പെടാന്‍ വേണ്ടിതന്നെയാണ്. പ്രകൃതിയിലെ ഓരോ കാര്യത്തെ കുറിച്ചും അന്വേഷിച്ച് കൊണ്ടിരിക്കുന്നതിനനുസരിച്ച് വിശ്വാസം കൂടുതല്‍ ദൃഢപ്പെടുകയാണ് ചെയ്യുന്നത്.
മുകളില്‍ പരാമര്‍ശിച്ച സൂക്തത്തിന്റെ തുടര്‍ന്നു വരുന്ന ആയത്തില്‍ വിശ്വാസികള്‍ എങ്ങിനെ അവരുടെ വിശ്വാസത്തിലെത്തിച്ചേര്‍ന്നു എന്നു കൂടി വിശദീകരിക്കുന്നുണ്ട്. ‘നാഥാ, സത്യ വിശ്വാസത്തിലേക്കുള്ള പ്രവാചകന്‍മാരുടെ നിങ്ങള്‍ വിശ്വസിക്കു എന്നുള്ള ക്ഷണം ഞങ്ങള്‍ കേട്ടു, അപ്പോള്‍ തന്നെ ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്തു'(ആലു ഇംറാന്‍ 1930). പ്രബോധന ദൗത്യവുമായി ഓരോ സമൂഹത്തിലേക്കും വന്ന അല്ലാഹുവിന്റെ ധൂതന്‍മാരുടെ ക്ഷണ പ്രകാരമാണ് ഇസ്ലാം ലോകത്ത് ഇന്നു കാണുന്ന രീതിയിലേക്ക് വളര്‍ന്ന് വികസിച്ചത്. വിശ്വാസിയായതിനു ശേഷം ഖുര്‍ആനും പ്രവാചകരുടെ ഉപദേശങ്ങളും കേട്ടും സ്വീകരിച്ചും വിശ്വാസം ദൃഢപ്പെടുകയും ചെയ്തു.
പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ സമൂഹത്തെയെടുത്താല്‍ പ്രവാചകരുടെ കാലത്ത് ജീവിച്ചിരുന്ന സ്വഹാബികള്‍ പ്രവാചകരെ കണ്ടു മനസ്സിലാക്കി ഇസ്ലാം സ്വീകരിച്ചവരാണ്. പക്ഷെ ഇന്നു ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രവാചകരെ നേരിട്ട് കണ്ട് വിശ്വാസിയാകാനോ ഉപദേശങ്ങള്‍ സ്വീകരിക്കാനോ സാധിക്കില്ല. ഇതിന്റെ പരിഹാരമാണ് അന്നു തൊട്ട് ഇന്നു വരെ മാറ്റിത്തിരുത്തലുകളേതുമില്ലാതെ നിലനില്‍ക്കുന്ന പരിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആന്‍ നിലനില്‍ക്കുന്നത് പ്രവാചകരെ സത്യമാക്കാനാണ്. പ്രവാചകര്‍ വന്നിരുന്നത് അല്ലാഹുവാണ് യഥാര്‍ത്ഥം എന്നു പഠിപ്പിക്കാനുമാണ്.
വിശ്വാസ പരിധിയില്‍ ശാസ്ത്രം അസ്ഥാനത്താകുന്നത് ഇത് കൊണ്ടാണ്. ഭൗതിക തെളിവുകള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനമാക്കാന്‍ സാധിക്കില്ല. വിശ്വാസം ശക്തമാകണമെങ്കില്‍ ഭൗതികമായി അവ തെളിയിക്കപ്പെടരുത്. പ്രാവാചരുടെ ഇസ്റാഅ് മി്അ്റാജ് യാത്രയെ കുറിച്ച് ആലോചിച്ച് നോക്കു. ഇന്ന് ശാസ്ത്രം ഏറെ വികസിച്ചിട്ടും ചില ഗ്രഹങ്ങളില്‍ മാത്രം പോകാനേ സാധിച്ചിട്ടുള്ളൂ. എന്നാല്‍ ഒരു രാത്രി കൊണ്ട് ആദ്യം മദീനയില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറം കിടക്കുന്ന ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും ഒരു കോടിയോളം നക്ഷത്രങ്ങള്‍ അടങ്ങുന്ന കുള്ളന്‍ ഗാലക്സികള്‍ മുതല്‍ ഒരു ലക്ഷം കോടി നക്ഷത്രങ്ങള്‍ അടങ്ങുന്ന അതിഭീമന്‍ ഗാലക്സികളുള്ള അന്തരീക്ഷത്തിലെ കോടിക്കണക്കിനു വരുന്ന ഗാലക്സിയും പിന്നിട്ട് അല്ലാഹുവിനെ കാണുകയും സംസാരിക്കുകയും കേവലം മണിക്കൂറുകള്‍ക്കുള്ളില്‍ നേരം പുലരുന്നതിനു മുമ്പ് തിരിച്ചെത്തുകയും ചെയ്തു. ഇന്നത്തെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ എല്ലാം വെച്ച് പരീക്ഷണം നടത്തിയിട്ടും ഒരുപാട് ദിവസങ്ങളെടുത്താണ് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്ര സംഘടിപ്പിക്കപ്പെടുന്നതും സംഭവിക്കുന്നതും. അത്തരം അവസരത്തില്‍ പ്രവാചകര്‍(സ)ഇങ്ങിനെ ഒരു യാത്ര നടത്തിയെന്നത് പരീക്ഷണങ്ങള്‍ക്കതീതമാണ് എന്നു മാത്രമല്ല ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ സൗകര്യങ്ങള്‍ വെച്ച് നോക്കിയാല്‍ ഒരു തരത്തിലും വിശ്വാസയോഗ്യവുമല്ല. ഇവിടെയാണ് വിശ്വാസവും ശാസ്ത്രവും വേര്‍തിരിയുന്നത്. ഈ യാത്ര കഴിഞ്ഞ് വിവരങ്ങള്‍ പരന്നു തുടങ്ങിയപ്പോള്‍ അമുസ്ലിംകളായ കുറച്ചാളുകള്‍ അബൂബക്കര്‍(റ)വിന്റെ അടുത്തെത്തി കാര്യമവതരിപ്പിച്ചു. ‘നിന്റെ മുഹമ്മദ് ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങള്‍ പറയുന്നുണ്ടല്ലോ’, അബൂബക്കര്‍(റ)ചോദിച്ചു ‘എന്താണ്’, വന്നവര്‍ കാര്യം പറഞ്ഞു, വിവരം അതു വരെ അറിയാതിരുന്ന അബൂബക്കര്‍(റ) വന്നവരോട് വീണ്ടും ചോദിച്ചു ‘പ്രവാചകര്‍(സ) അങ്ങിനെ പറഞ്ഞോ? ‘അതെ’ ഉടന്‍ അബൂബക്കര്‍(റ)പറഞ്ഞു, എന്നാല്‍ അതു സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇങ്ങിനെയാണ് അബൂബക്കര്‍(റ)സിദ്ദീഖാകുന്നത്. ഇതാണ് ഇസ്ലാമിലെ വിശ്വാസം. ഭൗതിക തെളിവുകള്‍ക്ക് കാത്തു നില്‍ക്കാതെ വിശ്വസിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം. വിധേയപ്പെടലാണതിന്റെ അന്തസത്ത.
ഭൂമിയിലെ തന്നെ അനവധി കാര്യങ്ങള്‍ നമുക്ക് ഇന്നും അറിയാത്തവയാണ്. നമ്മുടെ ശരീരത്തില്‍ തന്നെ നമുക്കറിയാത്ത രഹസ്യങ്ങള്‍ മറഞ്ഞു കിടക്കുന്നുണ്ട്. ചില കാര്യങ്ങള്‍ അല്ലാഹു അതേ പോലെ മറച്ച് വെച്ചത് തന്നെയാണ്. അല്ലാഹു അതു പഠിപ്പിച്ചു തന്നിട്ടില്ല. എല്ലാം അറിയിച്ച് തരുന്നതിലൂടെ വിശ്വാസം ബോധ്യമെന്ന തലത്തിലെത്തും. അങ്ങിനെയാകുമ്പോള്‍ ഭൂമിയിലെ ജീവിതത്തിന് അര്‍ത്ഥമില്ലാതാകുകയും ചെയ്യും.
ബൂത്വിയുടെ വിശകലനങ്ങള്‍
അല്ലാഹുവിന്റെ സാന്നിധ്യവും ഇസ്ലാമിലെ വിശ്വാസത്തിന്റെ അടിസ്ഥാനവും നിരീക്ഷണങ്ങളിലൂടെയും തത്വങ്ങളിലൂടെയും വിശദീകരിക്കാന്‍ ശ്രമിച്ച സമീപകാലത്ത് വിടപറഞ്ഞ വലിയ പണ്ഡിതനാണ് സഈദ് റമളാന്‍ ബൂത്വി. അല്ലാഹുവിന്റെ അസ്തിത്വം ഉണ്ടെന്ന് തെളിയിക്കുന്നതിനു അദ്ദേഹം കൊണ്ടുവന്ന ചില സിദ്ധാന്തങ്ങള്‍ പരിചയപ്പെടാം. ശൃംഖലാ സിദ്ധാന്തമാണ് അതിലൊന്ന്. ഇതുപ്രകാരം പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങളും ഓരോ കണ്ണികള്‍ പോലെ പരസ്പരം ആശ്രയിച്ചിരിക്കുകയാണ്. ഓരോന്നും തൊട്ട് മുമ്പുള്ളതിന്റെ കാര്യവും തൊട്ട് ശേഷമുള്ളതിന്റെ കാരണവുമാണ്. ഇതിന്റെ അവസാനം ഒരു ശക്തിയിലെത്തിച്ചേരുമെന്നതില്‍ തര്‍ക്കമില്ല. ഉദാഹരണത്തിന് എണ്ണമറ്റ പൂജ്യങ്ങളടങ്ങിയ ഒരു സംഖ്യയില്‍ എല്ലാത്തിനും മുമ്പായി ഇടത്തേ അറ്റത്തുള്ള ആദ്യ സംഖ്യയിലേക്കായിരിക്കും ആദ്യം ശ്രദ്ധിക്കുക. അതില്ലെങ്കില്‍ അതിനിപ്പുറമുള്ള ഒരു പൂജ്യത്തിനും വിലയില്ലാതാകുകയും ചെയ്യും. പ്രപഞ്ചത്തിന്റെ അറ്റത്ത് അല്ലാഹു എന്ന ഒരു ശക്തിയുണ്ടെന്ന് തെളിയുകയാണിവിടെ.
മറ്റൊന്നാണ് നിരര്‍ത്ഥകമായ അന്യോന്യാശ്രയ സിദ്ധാന്തം. ഒരു വസ്ഥു ഉണ്ടാകുന്നതിനും ഒരു പ്രത്യേക രൂപം കൈവരിക്കുന്നതിനും മറ്റൊരു വസ്ഥുവിനെ ആശ്രയിച്ചിരിക്കണം. ആശ്രയിക്കപ്പെടുന്നതിന്റെ അസ്തിത്വം നിലകൊള്ളുന്നത് ഒന്നാമത്തെ വസ്ഥുവിനോടാണ്. കോഴിയുണ്ടാവണമെങ്കില്‍ കോഴിമുട്ടയുണ്ടാവണമെന്നും കോഴിമുട്ടയുണ്ടാവണമെങ്കില്‍ കോഴിയുണ്ടാവണമെന്നും പറയുന്നതാണ് അതിന്റെ ചെറിയ ഉദാഹരണം.
ഖുര്‍ആന്റെ ആധികാരികത പറയുന്നിടത്ത് അദ്ധേഹം മുന്നോട്ട് വെക്കുന്ന സിദ്ധാന്തമാണ് അനുപൂരക സിദ്ധാന്തം. ഒന്ന് മനസ്സിലാക്കിയാല്‍ മറ്റൊന്ന് മനസ്സിലാകുന്ന രീതിയില്‍ രണ്ട് വസ്ഥുക്കള്‍ക്കിടയില്‍ യോജിപ്പുണ്ടാകുമെന്ന സിദ്ധാന്തമാണിത്. സൂര്യനുദിച്ചാല്‍ വെളിച്ചമുണ്ടാകും സൂര്യനെ കാണണമെന്നില്ല. ഇരുട്ടിയാല്‍ സൂര്യന്‍ അസ്തമിച്ചിരിക്കും. അസ്തമയം കാണണമെന്നില്ല. ഒരു ശില്‍പം കണ്ടാല്‍ അതിനു പിന്നില്‍ ഒരു ശില്‍പിയുണ്ടാകും. അയാളെ കാണണമെന്നില്ല. ഇതാണ് അനുപൂരക സിദ്ധാന്തം. ഖുര്‍ആന്‍ അതുപോലുള്ള ഗ്രന്ഥം കൊണ്ടു വരാന്‍ നിരന്തരമായി വെല്ലു വിളിക്കുന്നുണ്ട്. ഒരു വെല്ലുവിളി സ്ഥാനത്താകണമെങ്കില്‍ അതിനു യോജിച്ചവരോട് വെല്ലുവിളി നടത്തണം. കായികതാരം തന്റെ കായിക ശേഷി അറിയിക്കാന്‍ വെല്ലു വിളിക്കേണ്ടത് സാഹിത്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നവനെയല്ലല്ലൊ. ഖുര്‍ആന്‍ വെല്ലുവിളിച്ചത് അറബി ഭാഷയില്‍ അഗ്രേസരരായ അറബികളെയായിരുന്നു. അവര്‍ ഏതു വിധേനയും ഖുര്‍ആനെയും പ്രവാചകരെയും ഇകഴ്ത്താനായിരുന്നു നോക്കിയിരുന്നത്. അവര്‍ക്ക് സാധിക്കുമായിരുന്നെങ്കില്‍ അവര്‍ കൊണ്ടുവരുമായിരുന്നു. പക്ഷെ അവര്‍ കൊണ്ടു വന്നിട്ടില്ല.
ശാസ്ത്രം
ശാസ്ത്രമാണ് യുക്തിവാദികളുടെ പ്രബലമായ തെളിവുകള്‍. എന്നാല്‍ ശാസ്ത്രം ധാരാളം പരിമിതികള്‍ ഉള്‍കൊള്ളുന്നതും പ്രകൃതിയിലെ മുഴുവന്‍ കാര്യങ്ങളിലും ഇടപെടാന്‍ സാധിക്കാത്തതുമാണ്. ഉദാഹരണത്തിന് ഏതു മതത്തിലായാലും ആ മതത്തിന്റെ വിശ്വാസ കാര്യത്തില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ കൊണ്ടോ ലാബുകളിലുള്ള പരിശോധനകള്‍ കൊണ്ടോ യാതൊരു പ്രയോജനവുമില്ല.
ശാസ്ത്രത്തെ അന്ധമായി വിശ്വസിക്കുന്നതാണ് ഇന്ന് വിശ്വാസികള്‍ക്കിടയിലും സംഭവിച്ച് കൊണ്ടിരിക്കുന്ന ഭ്രംശത്തിന്റെ പ്രധാന കാരണം. ശാസ്ത്രജ്ഞന്മാര്‍ പുതിയ കണ്ടെത്തലുകള്‍ കണ്ടെത്തിയെന്ന് പ്രഖ്യാപിക്കുമ്പോള്‍ അതു സത്യമാണൊ എന്ന് ഉറപ്പു വരുത്തുന്നതിന്റെ വഴി തേടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് അതിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ച് ചിന്തിക്കുമ്പോഴാണ്. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയതെന്നു പറയപ്പെടുന്ന നീല്‍ ആംസ്ട്രോങ്ങ് തിരിച്ചു വന്ന ശേഷം ചന്ദ്രനില്‍ വെള്ളമില്ലെന്നും അതു കൊണ്ട് ചന്ദ്രനില്‍ ജീവജാലങ്ങളില്ലെന്നും പറഞ്ഞു, അടുത്ത ദിവസങ്ങളില്‍ ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തമായി പത്രങ്ങള്‍ മുഴുവന്‍ അതു പ്രസിദ്ധീകരിച്ചു. നമ്മളും അതു വായിച്ച് അങ്ങിനെ തന്നെയാണെന്ന് വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ ഭൂമിയെ പോലെ തന്നെ വിശാലമായി കിടക്കുന്ന ചന്ദ്രനില്‍ ഏതോ ഒരു ഭാഗത്ത് മാത്രമിറങ്ങിയ അദ്ധേഹത്തിന് ചന്ദ്രനില്‍ മുഴുവന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന് എങ്ങിനെ മനസ്സിലായി. ഇനി വെള്ളമില്ലാത്തത് കാരണം ജീവജാലങ്ങളില്ല എന്നത് ഭൂമി എന്ന ഗ്രഹത്തിന്റെ പ്രത്യേകതയാണെന്നിരിക്കെ അന്തരീക്ഷ വായുവിന്റെയും ഗുരുത്വാകര്‍ഷണ ബലത്തിന്റെയും കാര്യത്തില്‍ വരെ ഭൂമിയോട് വ്യത്യാസപ്പെട്ട് കിടക്കുന്ന ചന്ദ്രനില്‍ വെള്ളമില്ലാതെ ജീവജാലങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്ന് എങ്ങിനെ അനുമാനിക്കാന്‍ സാധിക്കും.
ഇവിടെയാണ് ശാസ്ത്രത്തിന്റെ പരിമിതിയുടെ മറ്റൊരു തലം കൂടി പ്രധാനപ്പെടുന്നത്. ശാസ്ത്രം യഥാര്‍ത്ഥത്തില്‍ ഒരു അഭ്യൂഹമാണ്. ആ അഭ്യൂഹം ശരിയാണെന്ന് കണ്ടെത്താനായി ശാസ്ത്രജ്ഞന്മാര്‍ പരീക്ഷണം നടത്തുന്നു. ആ പരീക്ഷണം വിജയിച്ചാല്‍ അതാണു ശരിയെന്ന് ലോകത്തോട് പറയുന്നു. അതില്‍ വിശ്വാസിക്കുന്നവര്‍ അതു വിശ്വസിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ മറ്റൊരു ശരി കണ്ടെത്തുന്നത് വരെ അതാണ് ശരിയെന്നതിനപ്പുറം ആത്യന്തികമായി ശരിയാണെന്ന് ശാസ്ത്രത്തിന്റെ ഒരു കണ്ടുപിടുത്തത്തെയും വിശ്വസിക്കാന്‍ സാധിക്കില്ല. കൂടുതല്‍ കുശാഗ്ര ബുദ്ധിക്കാരായ ശാസ്ത്രജ്ഞരും സംവിധാനങ്ങള്‍ കൂടുതല്‍ വികസിക്കുകയും ചെയ്യുന്നതോടെ മുമ്പു കണ്ടെത്തിയ പരീക്ഷണങ്ങളില്‍ മാറ്റം വരുത്താനും പുതിയത് കണ്ടെത്താനുമുള്ള സാധ്യത കൂടുതലാണ്. ഭൂമിയുടെ ആകൃതി പരന്നതാണെന്നും അല്ല അതു വട്ടത്തിലാണെന്നും അതുമല്ല കോഴിമുട്ടയുടെ ആകൃതിയിലാണെന്നും തുടങ്ങി ഓരോ കാലത്തും ഓരോ ശാസ്ത്രജ്ഞന്‍മാരിലും കണ്ടെത്തിയ കണ്ടുപിടുത്തങ്ങളായിരുന്നു ഇവയെല്ലാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന ശാസ്ത്രത്തിന്റെ പുതിയ കാല്‍വെപ്പുകളും ധാരാളം പരിമിതികളുള്ളവയാണ്. യുവല്‍ നോഹ് ഹെരാരിയുടെ ഹോമോദിയുസ് ആര്‍ട്ടഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരുംകാല സാധ്യതകളെ കുറിച്ച് വിവരിക്കുന്നുണ്ട്. വരാനിരിക്കുന്ന കാലം റോബോട്ടുകളുടെ കാലമായിരിക്കുമെന്നും മനുഷ്യനെ അതിജീവിക്കുമെന്നുമുള്ള വാദങ്ങളാണ് അദ്ധേഹം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഉട്ടോപ്യയുടെ പരിഷ്‌കരിച്ച പതിപ്പെന്നതിനപ്പുറം അതിനെ കാണാന്‍ സാധിക്കില്ല.
ശാസ്ത്രവും മതവും
ശാസ്ത്രം മതത്തിന് ഏതെങ്കിലും രീതിയില്‍ തടസ്സം സൃഷ്ടിക്കുന്നില്ല. ഇസ്ലാമിന്റെ കാര്യങ്ങളെ കൂടുതല്‍ സുതാര്യമാക്കുന്നതിനു മാത്രമെ ശാസ്ത്രം ഉപകാരപ്പെടൂ. ശാസ്ത്രത്തില്‍ ആഴത്തില്‍ പരീക്ഷണങ്ങള്‍ നടത്തി മതനിരാസത്തില്‍ എത്തിച്ചേരുമെന്ന് പറയുന്നത് തീര്‍ത്തും നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്.
കഴിഞ്ഞ നാലു നൂറ്റാണ്ടിനിടയില്‍ ജീവിച്ചിരുന്ന 290 ശാസ്ത്രജ്ഞന്‍മാരില്‍ നിന്നും വിശ്വാസികളായ ആളുകളെ കുറിച്ച് പഠനം നടത്തിയപ്പോള്‍ 92 ശതമാനം പേരും കൃത്യമായ വിശ്വസം സൂക്ഷിക്കുന്നവരാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇസ്ലാമേതര വിശ്വാസങ്ങളാണെങ്കിലും ശാസ്ത്രം മതത്തിനോ വിശ്വാസത്തിനോ യാതൊരു പോറലുമേല്‍പിക്കുന്നില്ല എന്നതാണ് സത്യം.
പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നവരില്‍ വിശ്വാസം നിര്‍മ്മിച്ചെടുത്ത സ്വാധീനം പുതിയകാലത്തെ പാശ്ചാത്യന്‍ ശാസ്ത്രജ്ഞന്‍മാരില്‍ ഇസ്ലാമുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരപവാദമായാണ് നിലനില്‍ക്കുന്നത്. കണ്ടെത്തലുകള്‍ നടത്തുമ്പോള്‍ അതിനു പിന്നിലുള്ള ശക്തിയെ കുറിച്ച് ചിന്തിച്ച് ഇസ്ലാമിലേക്ക് കടന്നു വന്നവരും ക്രിസ്തു മതത്തില്‍ നിന്നും മറ്റും മതമുപേക്ഷിച്ച് പോയവരും ശാസ്ത്രജ്ഞന്‍മാരുടെ കൂട്ടത്തിലുണ്ട്. മനുഷ്യരുടെ കൈകടത്തലുകള്‍ മൂലം ശാസ്ത്രീയമായ അടിത്തറ നഷ്ടപ്പെട്ട മതമായി ബോധ്യപ്പെട്ടവരായിരുന്നു മതമുപേക്ഷിക്കാന്‍ തയ്യാറായവര്‍. ഞാന്‍ എന്തു കൊണ്ട് ക്രിസ്ത്യനല്ല എന്ന ബര്‍ണാഡ് റസലിന്റെ കൃതി അതിനുദാഹരണമാണ്. എന്നാല്‍ ഇസ്ലാമിന്റെ ശാസ്ത്രീയാടിത്തറ ചികഞ്ഞവര്‍ ഇസ്ലാമിലേക്ക് കടന്നു വരുകയും ചെയ്തു. ഫറോവയുടെ ജഢം നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഒരു പോറലുമേല്‍ക്കാതെ അവശേഷിക്കുന്നതിനെ കുറിച്ചുള്ള ഖുര്‍ആന്‍ പരാമര്‍ശങ്ങളാണ് മോറിസ് ബുക്കായ് എന്ന ശാസ്ത്രജ്ഞനെ ഇസ്ലാമിലേക്ക് കൊണ്ടു വന്നത്. യാദൃശ്ചിക വാദത്തെ പല ശാസ്ത്രജ്ഞന്മാരും നിരന്തരം ചോദ്യം ചെയ്തതായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഉണ്ടായതെങ്കില്‍ ആദ്യ ഇലക്ട്രോണ്‍ എങ്ങിനെ ഉണ്ടായി എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന് എതിരായ ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങള്‍ ഒന്നുമില്ല. പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്നത് മാത്രമാണ് ശാസ്ത്രത്തിന്റെ യാഥാര്‍ത്ഥ്യമായി എണ്ണപ്പെടൂ. അനുമാനങ്ങളും അഭ്യൂഹങ്ങളും തെളിവുകളായി ശാസ്ത്രത്തിന്റെ പക്കല്‍ നിന്നും സ്വീകരിക്കാന്‍ സാധിക്കില്ല. ഇനി തെളിവുകളാണെങ്കിലും അതിലും അതിന്റെ ആഴത്തിലിറങ്ങി പരിശോധിക്കുമ്പോള്‍ അന്ധമായി വിശ്വസിക്കുന്നതില്‍ പരിമിതി വരുത്തേണ്ടതിന്റെ ആവശ്യകഥയും ബോധ്യപ്പെടും. നേരത്തെ ഉദ്ധരിച്ച ചന്ദ്രനില്‍ കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങിന്റെ കണ്ടെത്തലുകള്‍ പോലെയാണത്. എന്നാല്‍ ഭൂമിയുടെ സഞ്ചാരവും ഭ്രമണ പഥങ്ങളും, ഗ്രഹങ്ങളും തുടങ്ങി അസ്ട്രോ ഫിസിക്സിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ തന്നെ ഖുര്‍ആന്‍ കൃത്യമായി ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുക്തിവാദത്തിന്റെ പുതിയ തുള്ളലുകള്‍
കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം യുക്തിവാദികള്‍ ശക്തമായി രംഗപ്രവേശനം ചെയ്തിരിക്കയാണിന്ന്. വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ഒരു ട്രെന്റായി മാറിയിരിക്കുന്നു. പഴയ കാലത്ത് നിന്നും വ്യത്യസ്ഥമായി അഭിപ്രായ സ്വാതന്ത്ര്യം ഇന്ന് കൂടുതല്‍ വിശാലമായിരിക്കയാണ്. ആര്‍ക്കും ആരെയും എന്തും പറയാമെന്ന വ്യവസ്ഥിതിയിലേക്ക് സോഷ്യല്‍ മീഡിയ യുഗം കൊണ്ടെത്തിച്ചിരിക്കുന്നു. ധാര്‍മ്മികമായ ബോധവും അച്ചടക്കവും ദിവസേനയെന്നോണം നഷ്ടപ്പെട്ട് കൊണ്ടിരിക്കയുമാണ്. ഭൗതികമായി പഠനം നടത്തുന്നവര്‍ നേരത്തെ തന്നെ ദൈവത്തിനും വിശ്വാസത്തിനുമതീതമായ ലോകത്തെ മാത്രം പരിചയപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങളുടെ ആകെത്തുകയാണ് ഇന്ന് ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിനെതിരെയുള്ള ചോദ്യശരങ്ങളും വിമര്‍ശനങ്ങളും. യുക്തിവാദി നേതാക്കള്‍ കളമറിഞ്ഞ് ചവിട്ടുന്നതോടെ മുസ്ലിം പേരുകളിലുള്ള ധാരാളം യുവാക്കളും അല്ലാത്തവരും ഇത്തരം കെണിയില്‍ അകപ്പെടുകയും ചെയ്യുന്നു.
ലിബറലെന്നും നവലിബറലെന്നും പറഞ്ഞ് പുതിയ പേരുകളില്‍ വിളിക്കപ്പെടുന്ന ഇത്തരം സാമൂഹികത യഥാര്‍ത്ഥത്തില്‍ യുക്തിവാദികള്‍ വര്‍ഷങ്ങളായി കൊണ്ടു നടക്കുന്നതില്‍ നിന്നും യാതൊരു വ്യത്യാസവുമില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വാദിച്ചിരുന്ന പഴയ വാദങ്ങള്‍ പൊക്കിപ്പിടിച്ചാണ് ഇന്നും അവര്‍ സ്റ്റേജുകളും പേജുകളും നിറക്കുന്നത്.
ഇസ്ലാമിന്റെ പരമമായ സത്യത്തെയും വിശ്വാസത്തെയും അക്രമിക്കുന്നതിനു പകരം ഇസ്ലാമിന്റ ബലഹീനത അന്വേഷിച്ച് അതില്‍ പഴുതുകള്‍ തേടി അത്തരം കാര്യങ്ങളെ ഊതിവീര്‍പ്പിച്ച് കാണിക്കുന്ന രീതിയാണ് യുക്തിവാദികള്‍ പിന്തുടരുന്നത്. ഇലക്ട്രോണുകളില്‍ നിന്നോ ശൂന്യതയില്‍ നിന്നോ ഉണ്ടായതാണ് പ്രപഞ്ചമെന്ന് പറയുമ്പോള്‍ ആ ഇലക്ട്രോണ്‍ എവിടെ നിന്നു വന്നു എന്നതിനു ഉത്തരമില്ല. ഖുര്‍ആനില്‍ തെറ്റു കണ്ടു പിടിക്കാന്‍ തുനിയുന്നവര്‍ക്ക് പതിനാല് നൂറ്റാണ്ട് മുമ്പ് ഖുര്‍ആന്‍ വെല്ലു വിളിച്ച ഖുര്‍ആനിലുള്ള ഒരു ആയത്ത് പോലുള്ള ഒന്ന് കൊണ്ട് വരാന്‍ സാധിക്കുമോ എന്നതിനു മറുപടിയില്ല. അസാധാരണ മനുഷ്യനായ പ്രവാചകരുടെ സവിശേഷതകളെ വിമര്‍ശിക്കുമ്പോള്‍ അവര്‍ പറയുന്നതല്ല എന്റെ മുത്തുനബി, എന്റെ മുത്തുനബി സല്‍ഗുണ സമ്പന്നനും മാനുഷിക സാമൂഹ്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരുമായ സമ്പൂര്‍ണ്ണരായിരുന്നെന്ന ആശ്വാസമാണ് പരിഹാരം.
യഥാര്‍ത്ഥത്തില്‍ ഇതൊരു രോഗമാണ്. അതിനു പിറകെ നടക്കുന്നവര്‍ രോഗികളും. ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയ പഴകിപ്പുളിച്ച വാദങ്ങളുമായി നടക്കുന്ന ഇത്തരം ആളുകളെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതാണ് ഓരോ വിശ്വാസിക്കും എപ്പോഴും ആശ്രയവും അറ്റവും. ഖുര്‍ആന്‍ പറയുന്നു, ‘പറയുക, ആകാശ ഭൂമികളിലുള്ളവയെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുക, വിശ്വസിക്കാത്തവര്‍ക്ക് ദൃഷ്ടാന്തങ്ങളും മുന്നറിയിപ്പുകളും ഒരു നേട്ടവും ഉണ്ടാക്കുന്നില്ല'(യൂനുസ് 101).