|Sufiyan kalikav|
നബിദിനാഘോഷത്തിന്റെ ഇസ്്‌ലാമികമോ അനിസ്്‌ലാമികമോ എന്ന വിഷയം അഹ്്‌ലുസ്സുന്നയുടെയും ബിദഇകളുടെയും ഇടയില്‍ തര്‍ക്കമുള്ള വിഷയമാണ്. വിശ്രദ്ധ ഖുര്‍ആനിലോ ഹദീസുകളിലോ പ്രവാചക സ്വഹാബ ജീവിതത്തിലോ നബിദിനാഘോഷം നടത്തിയതായി കാണാനാവില്ല എന്ന് ജല്പിച്ച് അത് അനിസ്്‌ലാമികമെന്ന് മുദ്രകുത്തി ബിദഇകള്‍ വിശ്വാസികളുടെ മനസ്സില്‍ സംശയം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ഇത്തരം ജല്പനങ്ങളുടെ യഥാര്‍ത്ഥ വസ്തുതയെന്തെന്നു തുറന്നു കാട്ടുകയാണ് ലക്ഷ്യം.
ലോക മുസ്്‌ലികളുടെ ഹൃദയാന്തരങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്ത വിധം രകതസിരകളില്‍ അലിഞ്ഞു ചേര്‍ന്ന ആത്മീയ നേതാവാണ് പ്രവാചക ഗുരു മുഹമ്മദ് മുസ്ഥഫ (സ). അവിടുന്നു ജന്മം കൊണ്ടു സുദിനം പ്രത്യേകം അനുസ്മരിക്കാതിരിക്കല്‍ ഒരു യാഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. തന്റെ ജീവനെക്കാളുപരി താന്‍ സ്‌നേഹിക്കുന്ന തന്റെ വഴികാട്ടിയും മാര്‍ഗദര്‍ശിയുമായ പ്രവാചക ശ്രേഷ്ഠര്‍, തന്റെ ഐഹിക പാരത്രിക വിജയങ്ങള്‍ക്കു നിധാനമായ ലോകൈക നേതാവ്, അങ്ങനെയൊരു നേതാവിനെ സൃഷ്ടിച്ച അല്ലാഹു എത്ര വലിയ അനുഗ്രഹമാണ് ചെയ്തിരിക്കുന്നത?
ആ പ്രവാചക തിരുജന്മദിനം പ്രത്യേകം അനുസ്്മരിക്കലും അവിടുത്തെ മദ്ഹുകള്‍ വാഴ്ത്തലും ഇസ്്‌ലാമിക വിശ്വാസിക്കൊരിക്കലും ഒഴിച്ചു കൂടാനാവാത്തതുമാണെന്ന് പ്രാമാണികവും സത്യസന്ധവുമായി നമുക്ക് തെളിയിക്കാന്‍ സാധിക്കും.
നബി (സ)യുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കാമോ?
ഖുര്‍ആന്‍ പറയുന്നു : ‘നബിയേ പറയുക, അല്ലാഹുവിന്റെ റഹ്്മതുകൊണ്ടുമാണവര്‍ സന്തോഷ്‌ക്കേണ്ടത്. ഒരുമിച്ചുകൂട്ടുന്നതിനേക്കാല്‍ അതാണവര്‍ക്ക് നല്ലത്'(സൂറതു യൂനസ് 58).
അല്ലാഹുവിന്റെ കാരണമായി സന്തോഷിക്കാന്‍ നമ്മോട് കല്‍പ്പിച്ചിരിക്കുന്നു. എന്താണീ ഈ റഹ്്മത്ത്?
ബഹുമാനപ്പെട്ട റഈസുല്‍ മുഫസ്സിരീന്‍ ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഫള്‌ലുകൊണ്ടുദ്ദേശം അറിവും, റഹ്്മത്തുകൊണ്ടുള്ള ഉദ്ദേശം നബി (സ)യുമാകുന്നു. (തഫ്‌സീറുല്‍ ബഹ്‌റുല്‍ മുഹീത്വ് 5-171)(റൂഹുല്‍ മആനി 7-141)
അതുപോലെ ലോകത്തിനൊട്ടാകെ റഹ്്മതായ്യിട്ടാണ് നബി (സ)യെ അയക്കപ്പെട്ടതെന്ന് മറ്റൊരായത്തിലൂടെ അല്ലാഹു തന്നെ സൂചിപ്പിക്കുന്നതു കാണുക.
‘ലോകര്‍ക്കനുഗ്രമായിട്ടാല്ലാതെ നബിയെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല.'(സൂറതുല്‍ അമ്പിയാഅ് 108)
മറ്റൊരായത്തിലൂടെ അല്ലാഹു പറയുന്നു:
അവര്‍ക്ക് അവരില്‍ നിന്നു തന്നെ ഒരു പ്രവാചകനെ നിയോഗിക്കുക വഴി സത്ത്യവിശ്വാസികള്‍ക്ക് അല്ലാഹു അനുഗ്രഹം ചെയ്തു. (സുറതുല്‍ ആലുഇംറാന്‍164).
വിശ്വാസികള്‍ക്ക് അല്ലാഹു അനുഗ്രഹം ചെയ്തിട്ടുണ്ടെങ്കില്‍ ആ അനുഗ്രഹങ്ങള്‍ എടുത്തു പറയണമെന്ന് അല്ലാഹു തന്നെ നമ്മോട് കല്‍പ്പിക്കുന്നു.’ഓ സത്വ വിശ്വാസികളെ അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ സ്മരിക്കുക’. (മാഇദ-11)
‘താങ്കളുടെ രക്ഷിതാവിന്റെ അനുഗ്രഹത്തെ താങ്കള്‍ എടുത്തു പറയുക'(സൂറതുല്‍ ള്ളുഹാ-11).
അതുപോലെ നിഅ്മതുകള്‍ വര്‍ഷിച്ച ദിവസങ്ങള്‍ ആഘോഷമാക്കിയതിന് മുന്‍ഗാമികളുടെ തെളിവ് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഉദ്ദരിക്കുന്നു.
പരിശുദ്ധ പ്രവാചകന്റെ ജന്മദിനം ആഘോഷഇക്കാന്‍ പാടില്ലെന്നോ?
പില്‍കാലങ്ങളില്‍ ഉടലെടുത്ത മൗലിദാഘോഷമാണ് ചര്‍ച്ചാ വിഷയമെന്നും അത് ദീനില്‍ ഇല്ലാത്തതാണെന്നുമാണ് ചിലരുടെ വാദം.
പക്ഷെ അനുവദനീയമോ ഉദാത്തമോ ആയ കാര്യങ്ങള്‍ പുതിയ രൂപഭാവങ്ങളോടെ നടപ്പില്‍ വരുത്തുക എന്നത് നബി(സ്വ) അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതുമാണ് എന്നതാണ് വസ്തുത. ‘ ഇസ് ലാമില്‍ നല്ലൊരു ചര്യ ആരെങ്കിലും ഉണ്ടാക്കിയാല്‍, അത് പിന്നീട് അനുവര്‍ത്തിക്കുന്നവരുടെയൊക്കെ കൂലിയില്‍ നിന്ന് ഒരു വിഹിതം അയാള്‍ക്ക് നല്‍കപ്പെടും’. എന്ന ഹദീസ് (മുസ് ലിം 4:2059) പ്രസിദ്ധമാണ്.
ദിവസങ്ങളുടെ കൂട്ടത്തില്‍ വെള്ളിയാഴ്ചക്ക് അതിമഹത്തായ സ്ഥാനമാണുള്ളത്. അതിനാല്‍ തന്നെയാണ് റഈസുല്‍ അയ്യാം(ദിനങ്ങളുടെ നേതാവ്) എന്ന് അതിന് നാമകരണം ചെയ്യപ്പെട്ടതും. വെള്ളിയാഴാചക്ക് ഇത്രമാത്രം ശ്രേഷ്ഠത നല്‍കപ്പെട്ടതെന്തുകൊണ്ട്? ഹദീസ് വ്യക്തമാക്കുന്നു:
‘തീര്‍ച്ചയായും നബി(സ്വ) വെള്ളിയാഴ്ചയുടെ ശ്രേഷ്ഠതയില്‍ പറഞ്ഞു: അന്നാണ് ആദം(അ) സൃഷ്ടിക്കപ്പെട്ടത്’. (മുവത്വ 1/108),(തുര്‍മുദി 491).
വിശുദ്ധ ഖുര്‍ആനില്‍ നരകത്തില്‍ പ്രവേശഇക്കും എന്ന് പേരെടുത്തു പറയപ്പെട്ട അബൂലഹബ് പോലും നബി(സ്വ)യുടെ ജന്മദിനത്തില്‍ ഒരടിമയെ മോചിപ്പിച്ച് സന്തോഷം പ്രകടിപ്പിച്ചതിനാല്‍ നരക ശിക്ഷയില്‍ നിന്ന് ഇളവുള്ളതായി ബുഖാരിയില്‍ റേഖപ്പെടുത്തുന്നു.
‘ സുവൈബത്ത് അബൂലഹബിന്റെ അടിമയായിരുന്നു. അബൂലഹബ് അവളെ മോചിപ്പിക്കുകയും നബി(സ്വ)യെ അവര്‍ മുലയൂട്ടുകയും ചെയ്തു. അബൂ ലഹബ് മരിച്ചപ്പോള്‍ അയാളുടെ ചില ബന്ധുക്കള്‍ സ്വപ്‌നത്തില്‍ അയാളെ മോശമായ അവസ്ഥയില്‍ കണ്ടു. എന്താണ് നിന്റെ അവസ്ഥ എന്ന് ചോദിച്ചപ്പോള്‍ അബൂലഹബ് പറഞ്ഞു: നിങ്ങളെ പിരഞ്ഞ ശേഷം നല്ലതൊന്നും ഞാന്‍ കണ്ടിട്ടില്ല. എങ്കിലും സുവൈബത്തിനെ മോചിപ്പിച്ചതിനാല്‍ ഈ വലലുകള്‍ക്കിടയിലുടെ ഞാന്‍ കുടിക്കപ്പെടുന്നുണ്ട്.(ഫത്ഹുല്‍ ബാരി11/404)
വിശ്വാസം തൊട്ടു തീണ്ടിയട്ടില്ലാത്ത അബൂലഹബിനു പോലും പ്രവാചക ശ്രേഷ്ഠരുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിച്ചതിനാല്‍ ഗുണം ലഭിച്ചെങ്കില്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഗുണം ലഭിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ലല്ലോ.
മറ്റൊരു സംഭവം കാണുക. ‘ യഹൂദികളില്‍പ്പെട്ട ഒരാള്‍ ഉമര്‍(റ) വിനോട് പറഞ്ഞു : ഓ അമീറുല്‍ മുഅ്മിനീന്‍ നിങ്ങളുടെ ഖുര്‍ആനില്‍ നിന്നുള്ള ഒരായത്ത് ഞങ്ങള്‍ യഹൂദികളുടെ മേലിലായിരുന്നു ഇറങ്ങിയിരുന്നതെങ്കില്‍ ആ ദിവസം ഞങ്ങള്‍ ആഘോഷ ദിവസമാക്കുമായിരുന്നു. ഉമര്‍(റ) ചോദിച്ചു: ഏതു ആയതാണത്? യഹൂദി : ‘ഇന്നു നിങ്ങള്‍ക്കു നാം നിങ്ങളുടെ ദീന്‍ പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു’. എന്ന ആയത് ഒതിക്കേള്‍പ്പിച്ചു.
ഉടനെ ഉമര്‍(റ) മറുപടി പറഞ്ഞു: ആ ആയത് ഇറങ്ങിയ ദിവസവും സ്ഥലവും എനിക്കറിയാം. നബി(സ്വ) വെള്ളിയാഴ്ച അറഫയില്‍ നില്‍ക്കുമ്പോഴായിരുന്നു’.
ഇവിടെ ഇസ് ലാമിന്റെ പൂര്‍ത്തീകരണം മഹത്തായ അനുഗ്രഹമായിട്ടു നിങ്ങള്‍ എന്തുകൊണ്ട് അത് ആഘോഷ്‌ക്കുന്നില്ല എന്ന ജൂതന്റെ ചോദ്യത്തിന് ഉമര്‍(റ)ന്റെ പ്രതികരണം ശ്രദ്ധേയമാണ്. ‘അത് അറഫാ ദിവസവും വെള്ളിയാഴ്ചയുമാണ്’ ഈ രണ്ട് ദിവസവും ഞങ്ങളുടെ ആഘോഷ സുദിനങ്ങള്‍ തന്നെയാണ്. എന്ന സൂചന ഈ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. അപ്പോള്‍ ഇസ് ലാമിന്റെ പൂര്‍ത്തീകരണം സന്തോഷപൂര്‍വ്വം ആഘോഷിക്കേണ്ട ദിനമാണെങ്കില്‍ അതിന്റെ പൂര്‍ത്തീകരണത്തിനു കാരണക്കാരായ പരിശുദ്ധ പ്രവാചകന്റെ ജന്മദിനം ആഘോഷഇക്കാന്‍ പാടില്ലെന്നോ?
മറ്റു ചിലര്‍ ചോദിക്കുന്നത്. നബി(സ്വ)യുടെ ജന്മദിനത്തില്‍ സ്വഹാബത്ത് സ്‌ന്തോഷം പ്രകടിപ്പിക്കുകയോ പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടോ? എന്നാണ്.
ഇമാം ഖസ്തല്ലാനി ഈ ചോദ്യത്തിന് മറുപടി നല്‍കുന്നതു കാണുക. ‘ നബി(സ്വ)യുടെ ജന്മദിനം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതനുസരിച്ചാണ് മക്കയിലെ മുസ് ലിംകള്‍ മുന്‍കാലത്തും ഇക്കാലത്തും പ്രവര്‍ത്തിച്ചു വരുന്നത്. നബി(സ്വ) ജനിച്ച സ്ഥലം ഈ സന്ദര്‍ഭത്തില്‍(റബീഉല്‍ അവ്വല്‍ 12ന്) അവര്‍ സന്ദര്‍ശിക്കാറുണ്ട്. (അല്‍ മവാഹിബുല്ലദുന്‍യ 1/132) ഇതില്‍ നിന്നും മക്കയിലെ മുസ് ലിംകള്‍ കാലങ്ങളായി നബി(സ്വ)യുടെ ജനന ദിനം പ്രത്യേകം പരിഗണിച്ചിരുന്നു എന്ന് വ്യക്തമാവുന്നതാണ്.
നബി(സ്വ)യുടെ ജന്മദിനം കൃത്യമായി എന്നായിരുന്നു എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. റബീഉല്‍ അവ്വല്‍ 12 ആണെന്നാണ് ഏറ്റവും പ്രബലമായ അഭിപ്രായം. അതു പോലെ നബി(സ്വ)യുടെ വഫാത്തും റബീഉല്‍ അവ്വല്‍ 12 തന്നെയായിരുന്നു.
എന്നാല്‍ എന്തുകൊണ്ട് നബി(സ്വ) ജന്മദിനം മാത്രം ആഘോഷിക്കുന്നു. നബിയുടെ വഫാത്തും ആ ദിനം തന്നെയായിരിക്കെ ഇതു ശരിയാണോ? മുഅ്മിനീങ്ങള്‍ നബിയുടെ വഫാത്തില്‍ ദുഃഖിക്കുകയല്ലേ വേണ്ടത്? എന്ന് ചോദിക്കുന്നവരുണ്ട്.
ഇവിടെ നബി(സ്വ)യുടെ ജന്മ സുദിനത്തില്‍ സന്തോഷിക്കുന്നതു സംബന്ധിച്ച് സൂചിപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഒരു വ്യക്തിയുടെ മരണത്തില്‍ മൂന്ന് ദിവസത്തിലധികം ദുഃഖിച്ചിരിക്കല്‍ ഒരാള്‍ക്കും ഇസ് ലാമില്‍ അനുവദനീയമല്ല. ഭര്‍ത്താവ് മരണപ്പെട്ട ഭാര്യക്കൊഴികെ അവള്‍ക്ക് മാത്രം ഇദ്ദയുടെ കാലാവധി തീരും വരെ ദുഃഖാചരണം നടത്താം. നടത്തല്‍ നിര്‍ബദ്ധമാണ്. ഇതാണ് പരിശുദ്ധ ദീനിന്റെ അധ്യാപനമെന്നിരിക്കെ എങ്ങിനെയാണ് പ്രവാചകരുടെ വഫാത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും മുഅ്മിനീങ്ങള്‍ ദുഃഖിച്ചിരിക്കുക!?
നബി തങ്ങളോടുള്ള സ്‌നേഹം മനസില്‍ ഒതുക്കി നിര്‍ത്താനുള്ളതല്ല മറിച്ച് പ്രകടിപ്പിക്കാനുള്ളതാണ്. സ്‌നേഹം പ്രകടിപ്പിക്കല്‍ രണ്ടു തരത്തിലാണ് ഒന്ന് നബി തങ്ങളുടെ ചര്യ മുറുകെപ്പിടിച്ചു ജീവിക്കലാണ്. ആ സ്‌നേഹത്തെക്കുറിച്ചാണ് നബി(സ്വ) പറഞ്ഞത്: ‘ എന്റെ ചര്യയെ ആരെങ്കിലും സ്‌നേഹിച്ചാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. ആരെങ്കിലും എന്നെ സ്‌നേഹിച്ചാല്‍ അവന്‍ നാളെ എന്റെ കൂടെ സ്വര്‍ഗത്തിലാണ്’.
രണ്ട് നബി തങ്ങളുടെ നഫ്‌സിനെ തന്നെ സ്‌നേഹിക്കലും അതു പ്രകടിപ്പിക്കലുമാണ്. ഈ സ്‌നേഹപ്രകടനവും സ്വഹാബാക്കളുടെ ജീവിതത്തില്‍ ധാരാളം നമുക്ക് കാണാന്‍ സാധിക്കും. ചിലപ്പോഴെല്ലാം ഈ സ്‌നേഹപ്രകടനം, പ്രത്യക്ഷത്തില്‍ ശറഇന്നെതിരാണെന്നുവരെ തോന്നാവുന്ന തരത്തിലുള്ളതായിരിക്കും. ഉദാഹരണത്തിന്, നബി(സ്വ) ഒരിക്കല്‍ കൊമ്പുവെക്കുകയും കൊമ്പുവെച്ച രക്തം ഒരു സ്വഹാബിയോടു പുറത്തുകൊണ്ടുപോയി കളയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ സ്വഹാബി നബി(സ്വ) കൊമ്പുവെച്ച രക്തം പുറത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ചിന്തിച്ചു. ഇത് നബി(സ്വ)യുടെ രക്തമായിരിക്കെ എങ്ങിനെ ഞാനിതു പുറത്തേക്കു കളയും? അങ്ങനെ അദ്ദേഹം ആ രക്തം മുഴുവന്‍ കുടിച്ചു. നബി(സ്വ) ആ രക്തം എന്തു ചെയ്തു എന്നു ചോദിച്ചപ്പോള്‍ അതു ഞാന്‍ കുടിച്ചു എന്നു മറുപടി പറഞ്ഞു. നബി(സ്വ) അത് അംഗീകരിക്കുകയും ചെയ്തു.
ഇവിടെ പ്രത്യക്ഷത്തില്‍ രക്തം നജസും കുടിക്കല്‍ ഹറാമുമാണെങ്കിലും നബി തങ്ങളോടുള്ള സ്‌നേഹം കാരണമായപ്പോള്‍ അത് ആക്ഷേപരഹിതമായി മാറി.
അതിനാല്‍ ഈ രണ്ടു തരം സ്‌നേഹവും ഒരു യഥാര്‍ത്ഥ വിശ്വാസിക്കുണ്ടായിരിക്കണം.
മാത്രമല്ല ഇന്നു ലോകത്തിന്റെ വിവിധ മുക്കുമൂലകളിലും നബി ദിദാഘോഷം വിശ്വാസികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു ബിദഈ ചിന്താഗതിക്കും ലോക മുസ് ലിംകളുടെ ഹൃദയാന്തരങ്ങളില്‍ നിന്നുയരുന്ന പ്രവാചക സ്‌നേഹത്തെ തടഞ്ഞു നിര്‍ത്താന്‍ സാധ്യമല്ല.
ഇനിയും ഒട്ടേറെ പ്രാമാണിക രേഖകളും മുന്‍ഗാമികളുടെ ചര്യകളും ഈ വിഷയത്തില്‍ നമുക്ക് കാണാനാവും. മേല്‍ ഉദ്ദരിച്ച തെളിവുകളിലേക്ക് നിഷ്പക്ഷമായി ഉള്‍ക്കാഴ്ചയോടെ ഒരെത്തിനോട്ടം നടത്തുന്ന ഏതൊരാള്‍ക്കും നബിദിനാഘോഷത്തിന്റെ പ്രാമാണികത സുതരാം വ്യക്തമാവും.