| ശൈഖുനാ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ |
പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ഏകീകൃത സിലബസും പൊതു പരീക്ഷയുമായി സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീന്റെ കീഴിൽ കേരളത്തിലെ പള്ളി ദർസുകൾ മുന്നേറുകയാണ്. ശവ്വാൽ രണ്ടാം വാരം തുടങ്ങുന്ന അടുത്ത അധ്യയന വർഷത്തിൽ ആയിരക്കണക്കിന് പുതിയ വിദ്യാർത്ഥികൾ ദർസിൽ പഠിക്കാനെത്തും. പല ദർസുകളിലും റമാളാനിനു മുമ്പെ അഡ്മിഷൻ പൂർത്തിയായതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാൽ കൂടുതൽ വിദ്യർത്ഥികളെ സ്വീകരിക്കാൻ മഹല്ലുസാരഥികൾ അനുവദിക്കാത്ത ദർസുകളുമുണ്ട്.
ആവശ്യമായ ഭൗതിക പഠനങ്ങൾ ഉൾപെടുത്തി കാലോചിതമായ മാറ്റങ്ങളോടെയാണ് പള്ളി ദർസുകൾ പ്രവർത്തിക്കുന്നത്്. മുൻവർഷത്തെക്കാൾ ഇൗ അധ്യയന വർഷം കൂടുതൽ പഠിതാക്കൾ ദർസുകളിലെത്തിയിട്ടുണ്ട്. അടുത്ത വർഷം ഇനിയും കൂടാനാണ് സാധ്യത. ജംഇയ്യത്തുൽ മുദരിസ്സീൻ സ്റ്റേറ്റ് കമ്മറ്റി കഴിഞ്ഞ ശഅ്ബാനിൽ നടത്തിയ പൊതു പരീക്ഷയിൽ മുന്നൂറോളം ദർസുകളിൽ നിന്നായി ഏഴായിരത്തിൽപരം വിദ്യാർത്ഥികൾ പരീക്ഷയെഴുതി.
സമന്വയ സ്ഥാപനങ്ങളിൽ നൽകപ്പെടുന്ന എല്ലാ വിദ്യാഭ്യാസവും നമ്മുടെ അനേകം ദർസുകളിൽ സംവിധാനിച്ചിട്ടുണ്ട്. കാര്യക്ഷമമായ മതപഠനവും ദിശാബോധത്തോടെയുള്ള ഭൗതിക പഠനവും നൽകുന്നതോടൊപ്പം ദർസുകളിൽ ഉസ്താദുമാരുടെ പ്രത്യേക ശ്രദ്ധയും ശിക്ഷണവും ലഭിക്കുന്നതിനാൽ കൂടുതൽ ആത്മ സംസ്കരണത്തോടെ ദർസ് വിദ്യാർത്ഥി വളർന്നുവരുന്നു. ഇൗ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ മക്കളെ പള്ളി ദർസിലേക്കയച്ച് പഠിപ്പിക്കാൻ താൽപര്യപ്പെടുന്നവരാണ്. മത ബിരുദം നൽകപ്പെടുന്ന പ്രമുഖ സ്ഥാപനങ്ങളിലെ റാങ്ക് ജേതാക്കളിലധികവും പള്ളി ദർസിൽ നിന്നു വന്നവരാണ്. അവരിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരുമുണ്ട്.
ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിതമായതുമുതൽ നമ്മുടെ പളളിദർസിന്റെ ചരിത്രമാരംഭിച്ചു. പതിനാലുനൂറ്റാണ്ട് കാലമായി മതവിജ്ഞാനത്തിന്റെ വിളക്കുമാടമായി, ഇസ്ലാമിക സംസ്കാരത്തിന്റെ ഉരുക്കു കോട്ടയായി, അറബിഭാഷയുടെയും സാഹിത്യത്തിന്റെയും അഭയസ്ഥാനമായി പള്ളിദർസുകൾ അന്തസ്സോടെ ജൈത്രയാത്ര തുടരുകയാണ്. അല്ലാഹു തആല തന്റെ പ്രകാശം ഉൗതികെടുത്താൻ ശ്രമിക്കുന്നവരിൽ നിന്ന് എക്കാലവും അതിനെ സംരക്ഷിച്ചുകൊണ്ടിരിക്കും.
പള്ളിദർസ് നബി(സ്വ)യുടെയും ഖുലഫാഉറാശിദിന്റെയും ചര്യയാണ്. പള്ളിയിൽ താമസവും ചുറ്റുമുള്ള വീടുകളിൽ നിന്ന് ഭക്ഷണവും ഒരുക്കുന്ന ദർസ് സമ്പ്രദായത്തിന്റെ ആദ്യമാതൃക കാണിച്ചു തന്നത് നബി(സ്വ)യാണ്. ദർസില്ലാത്ത പള്ളികളിൽ ശ്മശാനമൂകത അനുഭവപ്പെടുമ്പോൾ ദർസുള്ളവ ഇൽമും ഇബാദത്തും കൊണ്ട് സദാസജീവമായിരിക്കും. ശ്രേഷ്ഠമായ മതവിജ്ഞാനം പഠിക്കാനും പഠിപ്പിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലം അല്ലാഹുവിന്റെ ഭവനമായ പള്ളിയാണ്. പള്ളി താമസത്തിനും ചുറ്റുമുള്ള വീടുകൾ ഭക്ഷണത്തിനും ഉപയോഗപ്പെടുത്തുമ്പോൾ വിദ്യാർത്ഥികളുടെ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള ഭാരിച്ച ചെലവുകൾ കുറഞ്ഞുകിട്ടും. പള്ളിയുടെ ആത്മീയാന്തരീക്ഷം മതപഠനത്തിന് കൂടുതൽ അനുയോജ്യമാണ്. ജനസമ്പർക്കത്തിനും പ്രായോഗിക പരിശീലനത്തിനും ദർസിൽ ധാരാളം അവസരങ്ങളുണ്ട്.
ദർസ് സുന്നത്ത് ജമാഅത്തിന്റെ ഉരുക്കുക്കോട്ടയാണ്. പുത്തൻ പ്രസ്ഥാനക്കാർ ഇൗ രൂപത്തിൽ ദർസ് നടത്തുന്നില്ലെന്ന് മാത്രമല്ല ദർസിനേയും അതിന്റെ ആളുകളെയും ലോകം തിരിയാത്തവരായി ചിത്രീകരിക്കുന്നവരും പരിഹസിക്കുന്നവരുമാണ്. പാരമ്പര്യ നടപടി ക്രമങ്ങൾ മുറപോലെ നിലനിർത്താൻ ദർസ് മുഖ്യ പങ്ക് വഹിക്കുന്നു. അക്കാരണത്താലാണ് നവീനവാദികൾ ദർസ് സമ്പ്രദായത്തെ നശിപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. കഥയറിയാതെ ചിലർ അവരുടെ ശൈലി സ്വീകരിച്ച് ദർസിനെ പരോക്ഷമായി നിരുത്സാഹപ്പെടുത്താറുണ്ട്. പള്ളിയിൽ ഒരുമിച്ച് കൂടി ഖുർആൻ പാരായണവും പഠനവും നടത്തുന്നവരെ കുറിച്ച് നബി(സ) അരുൾ ചെയ്തു. ‘അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുന്നവരായും അത് അവർക്കിടയിൽ പഠനം നടത്തുന്നവരായും പള്ളിയിൽ ഒരുമിച്ച് കൂടിയ ജനതയുടെ മേൽ സമാധാനം ഇറങ്ങുകയും കാരുണ്യം പൊതിയുകയും മലക്കുകൾ അവരെ വലയം ചെയ്യുകയും അവരെ കുറിച്ച് സമീപസ്ഥരോട് പറയുകയും ചെയ്യാതിരിക്കില്ല’. (മുസ്ലിം)
ഗാഢവും ആത്മാർത്ഥവുമായ ഗുരു ശിഷ്യ ബന്ധം, ധാർമിക ബോധം, അച്ചടക്കം, പക്വത, ജനസമ്പർക്കം എന്നിവയെല്ലാം കൂടുതൽ ലഭ്യമാക്കുന്നത് ദർസുകളിൽ നിന്നാണ്. മറ്റൊരു സംവിധാനവും ദർസിന് പകരമാവില്ല. ദർസിന് പകരം ദർസ് മാത്രം.
മഖ്ദൂമുമാർ, കോഴിക്കോട് ഖാസിമാർ, യമൻ, ബുഖാറ എന്നിവിടങ്ങളിൽ നിന്നെത്തിയ സയ്യിദന്മാർ, ഉമർ ഖാസി, ഒൗക്കോയ മുസ്ലിയാർ, ഖുതുബി, കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ(റ) തുടങ്ങി മൺമറഞ്ഞ ആയിരക്കണക്കിന് മഹാപണ്ഡിതന്മാർ ദർസിലൂടെ വളർന്നുവന്നവരും ദർസ് പ്രസ്ഥാനത്തെ വളർത്തിയവരുമാണ്. പരമ്പരാഗതമായി ദർസ് നടത്തപ്പെട്ടിരുന്ന ചില പള്ളികളിൽ ദർസിന്റെ പ്രതാപം അസ്തമിച്ചെങ്കിലും മറ്റുചില പള്ളികളിൽ പൂർവ്വോപരി ദർസ് പ്രസ്ഥാനം ശക്തിപ്പെടുകയും പുതിയ നിരവധി ദർസുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1991 ലെ കണക്കനനുസരിച്ച് കേരളത്തിൽ 1074 ദർസുകളിലായി 1099 മുദരിസുമാരുടെ കീഴിൽ 31471 പേർ പഠനം നടത്തിയിരുന്നു (അവലംബം കേരള മുസ്ലിം ഡയറക്ടറി). എന്നാൽ 2007 ലെ കണക്ക് പ്രകാരം ദർസുകളുടെ എണ്ണം 356, മുദരിസുമാർ 371, വിദ്യാർത്ഥികൾ 12245 (ചന്ദ്രിക 2008 ആഗസ്റ്റ് 26). ഇടക്കാലത്ത് വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും ഇപ്പോൾ പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.
പ്രവാചകരുടെ അനന്തരാവകാശികളായ ആത്മീയ പണ്ഡിതന്മാരെ വാർത്തെടുക്കലാണ് പള്ളി ദർസിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം ദർസ് നടത്തപ്പെടുന്ന മഹല്ലിലെ മുഴുവനാളുകൾക്കും മുസ്ലിമായി ജീവിക്കാനാവശ്യമായ മതപഠനത്തിന് ദർസ് അവസരമൊരുക്കുന്നു. നാട്ടുകാരായ വിദ്യാർത്ഥികൾ പ്രായഭേദമന്യേ വിവിധ സമയങ്ങളിൽ ദർസിലെത്തി മതവിജ്ഞാനം കരസ്ഥമാക്കുന്നു. അതുപോലെ ഫിഖ്്ഹ്, തസ്വവ്വുഫ്, ഹദീസ്, തഫ്സീർ തുടങ്ങിയ വിഷയങ്ങളിൽ നാട്ടുകാരായ കാരണവന്മാരും മറ്റ് മുതിർന്ന വ്യക്തികളും പള്ളിയിൽ വന്ന് സബ്ഖ് ശ്രദ്ധിക്കാറുണ്ട്. തൽഫലമായി ദർസ് നടന്നുവരുന്ന പള്ളി മഹല്ലുകളിൽ ഇസ്ലാമിക ചരിത്രം, അനന്തരാവകാശ മസ്അലകൾ, മയ്യിത്ത് പരിപാലന മുറകൾ എന്നിങ്ങനെ വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളിൽ പരിജ്ഞാനം നേടിയ “ദർസി’കളായ അനേകം സാധാരണക്കാർ വളർന്നുവന്നു. ജീവിതം മുഴുവൻ മുതഅല്ലിമായി മരിക്കാനാഗ്രഹിച്ച മതവിദ്യാർത്ഥികൾ പൊന്നാനിയിലും മറ്റ് വലിയ ദർസുകളിലുമുണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം.
ആദ്യകാലത്ത് വാമൊഴിയായിട്ടാണ് മത വിജ്ഞാനങ്ങളെല്ലാം കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. പിന്നീട് ഗ്രന്ഥരചനയാരംഭിച്ചപ്പോൾ അവ അടിസ്ഥാനപ്പെടുത്തിയുള്ള അധ്യാപനമാരംഭിച്ചു. ഫഖ്രിയ്യ, നിളാമിയ്യ സിലബസ്സുകളാണ് ഇന്ന് ദർസുകളിൽ അവലംബിക്കുന്നത്. ദീനീ വിഷയങ്ങളും അതിന്റെ സഹായക വിഷയങ്ങളും സ്വായത്തമാക്കാൻ ആവശ്യമായതെല്ലാം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻകാല പണ്ഡിതന്മാർ എല്ലാ വിഷയങ്ങളിലും കഴിവുള്ളവരായതിനാൽ ഒാരോ വിഷയങ്ങളിലും അവർ പഠിച്ച ആധികാരിക ഗ്രന്ഥങ്ങളെത്തന്നെയാണ് അവലംബിക്കേണ്ടത്. ഭാഷാപഠനം, ചരിത്രം എന്നിവയിൽ പുതിയ ഗ്രന്ഥങ്ങൾ സിലബസുകളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള മുസ്ലിംകളിൽ ഇന്ന് കാണുന്ന എല്ലാ മത സാംസ്കാരിക പുരോഗതിയുടെയും അടിസ്ഥാനം പള്ളി ദർസുകളാണ്. കേരളത്തിലെ വിവിധ ജനങ്ങൾക്കിടയിൽ സൗഹൃദവും എെക്യവും നിലനിർത്തുന്നതിലും ദിശാബോധത്തോടെ മുസ്ലിംകളെ സംഘടിപ്പിക്കുന്നതിലും നിസ്സീമമായ പങ്ക് വഹിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപിച്ചത് പ ള്ളി ദർസിലൂടെ വളർന്ന് വന്ന പണ്ഡിത മഹത്തുക്കളാണ്. കേരളത്തിൽ മതവിധി നൽകുന്നവരെല്ലാം ദർസിന്റെ സന്തതികളാണ്. മാത്രമല്ല ദർസ്, ഖുതുബ, ഖളാഅ് എന്നിവ നിർവ്വഹിക്കുന്നതിൽ ഭൂരിഭാഗവും ഇപ്പോഴും പ ള്ളിദർസിന്റെ സന്തതികളാണ്. ദർസിലൂടെ വളർന്ന് വന്നവരാണ് സമന്വയ സ്ഥാപനങ്ങളുടെ ഉപജ്ഞാതാക്കൾ ഇപ്പോഴും അവരുടെ മുഖ്യ സാരഥികൾ ദർസിന്റെ സന്തതികളാണ്. ദർസിലൂടെ വളർന്ന് വന്നവർ ദർസീ പ്രസ്ഥാനത്തെ ആക്ഷേപിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും ശരിയല്ല. ഇന്നത്തെ സംവിധാനങ്ങളെല്ലാം സ്ഥാപിക്കപ്പെടും മുമ്പ് എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും മറ്റും ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ നടത്തിയവരെല്ലാം പള്ളി ദർസിൽ പഠിച്ചവരായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ ദീനിന്റെ ശത്രുക്കളെ ആശയപരമായി പ്രതിരോധിച്ചതും മാസങ്ങൾ നീണ്ടുനിൽക്കുന്ന വയള് പരമ്പരയിലൂടെ സാധാരണക്കാർക്ക് വിജ്ഞാനം പകർന്നതും അവരായിരുന്നു.
ഭാഷാ പഠനത്തിന്റെ അഭാവത്തിൽ പഴയകാല ദർസുകളെ ആക്ഷേപിക്കരുത് ഏതാനും മാസങ്ങൾ കൊണ്ട് ഏതു ഭാഷയും സ്വായത്തമാക്കാൻ ബുദ്ധിയുള്ളവർക്ക് പ്രശ്നമില്ല. എന്നാൽ വിഷയാധിഷ്ടിതമായി പഠനം നടത്തിയിരുന്ന മുൻഗാമികൾ ഭാഷാ പഠനത്തിന് വേണ്ടി കൂടുതൽ സമയം നഷ്ടപ്പെടുത്തിയിരുന്നില്ല. കിതാബുകളിലുള്ള ആഴമേറിയ പഠനമാണവർ നേടിയത്. അതിനിടയിലും നൈസർഗികമായി ഭാഷാ നൈപുണ്യം നേടിയ നിരവധി പണ്ഡിതന്മാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്.
ഗുരുവും ശിഷ്യന്മാരും പള്ളിയിൽ ഒരുമിച്ച് താമസിച്ച് പഠിക്കുന്നതിനാൽ പ്രാചീനകാലംമുതൽ നിലവിലുള്ള ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമാണ് ദർസ്. വിവിധ നിലവാരത്തിലുള്ള വിദ്യാർത്ഥികളെ ചേർത്ത് അവരുടെ കഴിവുകൾ പരമാവധി വളർത്തിയെടുത്ത് ഇസ്ലാമിക സേവനത്തിന് ദർസിലൂടെ സജ്ജരാക്കുകയാണ് മുദരിസ്. വ്യക്തിത്വ വികാസമാണതിന്റെ കാതൽ. വെറും മാർക്കിന്റെ അടിസ്ഥാനത്തിൽ യോഗ്യത നിർണയിക്കാതെ വിദ്യാർത്ഥിയുടെ കഴിവുകൾ വളർത്തിയെടുക്കാൻ സഹായിക്കലാണ് ദർസിലെ ശിക്ഷണം. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി ഭൗതിക കലാലയങ്ങൾ നടപ്പാക്കിയ എസ്. എസ്. എ (സർവ ശിക്ഷാ അഭിയാൻ) സംവിധാനം പോലെ. മുദരിസ് ഒരു വിദ്യാർത്ഥി ദർസിൽ ചേർന്നതുമുതൽ സദാ നിരീക്ഷിച്ച് അവന്റെ കഴിവുകൾ വളർത്തിയെടുക്കുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുന്നു. ദർസിൽ നിന്ന് പുറത്ത് വരുന്നവരിൽ ഒന്നിനും കൊള്ളാത്തവരായി ആരുമുണ്ടാവില്ല. മാത്രമല്ല ഏത് മന്ദബുദ്ധിക്കും ഗ്രഹിക്കാൻ കഴിയുന്ന വിധം വിശദീകരണങ്ങളോടെ ആവർത്തിച്ച് പഠിപ്പിക്കുന്ന രീതിയാണ് ദർസ് പാരമ്പര്യത്തിൽ അവലംബിച്ചു വരുന്നത്. ചെറിയ വിദ്യാർത്ഥികൾക്ക് ദർസ് നടത്താൻ ഏൽപിച്ചും വായിച്ചോതിക്കൊടുത്തും വലിയ വിദ്യാർത്ഥികൾക്ക് ദർസിൽ നിന്നു തന്നെ ഭാവിയിൽ ദർസു നടത്താനുള്ള പരിശീലനവും സാധ്യമാണ്. മുഇൗദ് എന്ന ഒരു തസ്തിക തന്നെ കിതാബുകളിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. അഥവാ വായിച്ചോതിക്കൊടുക്കുന്നവൻ.
അങ്ങിനെ മുദരിസ്, മുഫ്തി, ഖാസി, വാഇള്, കാതിബ്, ഖതീബ്, മുഅല്ലിം, മുഅദ്ദിൻ എന്നീ സേവനങ്ങൾക്ക്് പറ്റുന്നവരെല്ലാം ദർസിലൂടെ വളർന്നുവരേണ്ടതുണ്ട്. കാലികമായ പരിഷ്കാരങ്ങൾ നടപ്പാക്കി പള്ളിദർസിനെ കൂടുതൽ സജീവമാക്കാൻ മുദരിസുമാരും മഹല്ല് ഭാരവാഹികളും ശ്രമിക്കുന്നതോടൊപ്പം രക്ഷിതാക്കൾ മക്കളെ മതസേവകരാക്കാനുദ്ദേശിക്കുന്നുവെങ്കിൽ മതവിദ്യയും പ്രയോഗികജ്ഞാനവും ആത്മസംസ്കരണവും കൂടുതൽ സാധ്യമാകുന്ന പള്ളിദർസുകളിലെത്തിക്കണം. കേരളത്തിൽ സ്തുത്യർഹമായ നിലയിൽ നടന്നു വരുന്ന നമ്മുടെ ശരീഅത്ത് കോളേജുകളും മറ്റ് സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത് പോലെ പള്ളിദർസുകളെ പ്രോത്സാഹിപ്പിക്കാൻ നാം ബാധ്യസ്ഥരാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.
Courtesy: Suprabhaatham Daily